Kerala, News

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കും; ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കി

keralanews cbi will investigate the peria double murder case court canceled the chargesheet submitted by crimebranch

കാസർകോഡ്:പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കും.കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.അന്വേഷണ സംഘത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കേസ് സിബിഐക്കു വിട്ടുകൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി നടത്തിയത്.പൊലീസ് നല്‍കിയ അന്വേഷണത്തില്‍ രാഷ്ട്രീയ ചായ്‌വ് പ്രകടമാണെന്ന് കോടതി കുറ്റപ്പെടുത്തി.മാത്രമല്ല കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം സിംഗിള്‍ ബെഞ്ച് റദ്ദാക്കുകയും ചെയ്തു.പ്രതികളെ മാത്രം വിശ്വാസത്തിലെടുത്തു കൊണ്ടുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. പ്രതികളുടെ വാക്കുകള്‍ സുവിശേഷം പോലെയാണ് അന്വേഷണ സംഘം കണ്ടത്. സാക്ഷികള്‍ പറഞ്ഞ കാര്യങ്ങള്‍ക്കു വേണ്ടത്ര പ്രാധാന്യം പൊലീസ് കല്‍പ്പിച്ചിട്ടില്ല. ഫൊറന്‍സിക് സര്‍ജന്റെ മൊഴി പൊലീസ് യഥാസമയം രേഖപ്പെടുത്തിയിട്ടില്ല. ഈ കുറ്റപത്രം വച്ചുകൊണ്ടു വിചാരണ നടത്തിയാല്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെടില്ലെന്ന കോടതി നിരീക്ഷിച്ചു. കേസില്‍ സി.പി.ഐ.എം പ്രാദേശിക നേതാവ് പീതാംബരന്‍ അടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയിതിരുന്നു.എന്നാല്‍ കേസില്‍ സി.പി.എം ഉന്നത നേതാക്കളുടെ പങ്കിനു തെളിവില്ലെന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു.കാസര്‍കോട്ടെ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കില്‍ വീട്ടില്‍ പോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു.

Previous ArticleNext Article