Kerala, News

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കും

keralanews cbi will investigate the death of violinist balabhaskar

തിരുവനന്തപുരം:പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സി.ബി.ഐ അന്വേഷിക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി.ബാലഭാസ്കറിന്‍റെ പിതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി.കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് ഉടന്‍ കത്തയക്കും. തിരുവനന്തപുരത്തെ സിബിഐ സ്പെഷ്യൽ ക്രൈം യൂണിറ്റാകും കേസ് അന്വേഷണം ഏറ്റെടുക്കുക എന്നാണ് സൂചന.2018 സെപ്തംബര്‍ 25 നാണ് വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിച്ചത്. ബാലഭാസ്‌കറിന്റെ മരണം സാധാരണ അപകടമാണെന്നായിരുന്നു ലോക്കല്‍ പൊലീസിന്റെ നിഗമനം. ഇതില്‍ അതൃപ്തി രേഖപ്പെടുത്തി ബാലഭാസ്‌കറിന്റെ പിതാവ് അടക്കം രംഗത്തെത്തിയതോടെ കേസന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.എന്നാല്‍ ലോക്കല്‍ പൊലീസിന്റെ നിഗമനം ശരിവെക്കുന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘവും എത്തിയത്. വാഹനാപകടത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. എന്നാല്‍ അപകടം ആസൂത്രിതമാണെന്നായിരുന്നു പിതാവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ പരാതി. സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ പങ്ക് ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്.ഒരാഴ്ചയ്ക്കുള്ളില്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറും. ബാലഭാസ്‌കറിന്റെ പരിചയക്കാരനായ പ്രകാശ് തമ്പി തിരുവനന്തപുരത്ത് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതാണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തി.2018 സെപ്റ്റംബര്‍ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച്‌ കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തു തന്നെ മരിച്ചു. ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Previous ArticleNext Article