പത്തനംതിട്ട:പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡിമരണം സിബിഐക്ക് വിട്ടു. സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പുവെച്ചു. ശുപാര്‍ശ കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന് കൈമാറും. മത്തായിയുടെ ഭാര്യ ഷീബ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. വനംവകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചു എന്നാരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്ത മത്തായിയെ പിറ്റേന്ന് വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെട്ട മത്തായി കിണറ്റില്‍ ചാടിയതാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ കുടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പൊലീസ് കേസെടുക്കുകയായിരുന്നു.ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.അതിനിടെ മത്തായിയുടെ കസ്റ്റഡി മരണത്തില്‍ ജില്ലാ പൊലീസ് മേധാവി ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍, ചുമത്തിയിരിക്കുന്ന വകുപ്പുകള്‍, മരണ കാരണം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, നിയമോപദേശം എന്നിവ അടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ്‍ തയ്യാറാക്കിയിരിക്കുന്നത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.