
ന്യൂഡൽഹി:ജിഷ്ണു പ്രണോയ് കേസിൽ നിലപാട് ആവർത്തിച്ച് സിബിഐ.കേസ് ഏറ്റെടുക്കാൻ ആകില്ലെന്ന് സിബിഐ സംസ്ഥാന സർക്കാരിനെ അറിയിച്ചു. ഇക്കാര്യം സിബിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.നിലവിൽ അന്വേഷണത്തിനായി നിരവധി കേസുകൾ ഉണ്ടെന്നാണ് സിബിഐ നൽകുന്ന വിശദീകരണം.മാത്രമല്ല സിബിഐ അന്വേഷിക്കാൻ തക്ക പ്രാധാന്യം ജിഷ്ണു പ്രണോയ് കേസിനില്ലെന്നും സിബിഐ വ്യക്തമാക്കി.ജിഷ്ണുവിന്റെ അമ്മ മഹിജയാണ് കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസിലെ അന്വേഷണ പുരോഗതി വ്യക്തമാക്കിക്കൊണ്ട് ഡിജിപി ലോക്നാഥ് ബെഹ്‌റ മന്ത്രിസഭയ്ക്ക് നൽകിയ രഹസ്യ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് കേസ് ഏറ്റെടുക്കാനാകില്ലെന്ന കർശന നിലപാട് സിബിഐ സർക്കാരിനെ അറിയിച്ചിരിക്കുന്നത്.സിബിഐയുടെ ഈ നിലപാട് ദുഃഖകരമാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും സിബിഐ നിലപാട് തിരുത്താൻ തയ്യാറാകണമെന്നും മഹിജ പറഞ്ഞു.