Kerala, News

അരിയിൽ ഷുക്കൂർ വധക്കേസ്;പി.ജയരാജനെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി

keralanews cbi books murder charges against p jayarajan in ariyil shukkoor murder case

കണ്ണൂർ:കണ്ണൂരിലെ എം.എസ്.എഫ് പ്രവര്‍ത്തകന്‍‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എക്കുമെതിരെ കൊലക്കുറ്റം ചുമത്തി. തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കൊപ്പം കൊലക്കുറ്റവും ചുമത്തിയിരിക്കുന്നത്.നേരത്തെ ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന കുറ്റം മാത്രമായിരുന്നു ഉണ്ടായിരുന്നത്.ഐ.പി.സി 302, 120 ബി വകുപ്പുകളാണ് പി.ജയരാജനെതിരെയും ടി.വി രാജേഷിനെതിരെയും സി.ബി.ഐ ചുമത്തിയത്. കേസില്‍ പി.ജയരാജന്‍ 32 ആം പ്രതിയും ടി.വി രാജേഷ് 33ആം പ്രതിയുമാണ്.

2012 ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ്‌ പട്ടുവത്തെ അരിയിൽ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അരിയിൽ അബ്ദുൽ ഷുക്കൂർ (24) എന്ന യുവാവിനെ വള്ളുവൻ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തുകയായിരുന്നു.സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച്‌ തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.വാഹനം ആക്രമിക്കപ്പെട്ട ശേഷം പി ജയരാജനെയും ടി വി രാജേഷിനെയും തളിപ്പറമ്പ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും ആശുപത്രിയിലെ 415 ആം നമ്പര്‍ മുറിയില്‍ വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.കേസില്‍ സി.പി.എം അരിയില്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന യു.വി വേണു ഉള്‍പ്പടെ 33 പ്രതികളാണുളളത്. രണ്ടുമാസത്തിനുളളില്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നേരത്തെ സുപ്രീം കോടതി സി.ബി.ഐയോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം എറണാകുളം സി.ജെ.എം കോടതിയില്‍ സി.ബി.ഐ കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍ കുറ്റപത്രം തലശേരി സെക്ഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കാന്‍ സി.ജെ.എം നിര്‍ദേശിക്കുകയായിരുന്നു.

Previous ArticleNext Article