തളിപ്പറമ്പ് മണ്ഡലത്തിലെ 408 സ്കൂൾ ക്ലാസ് മുറികൾ ഹൈ ടെക് ആവുന്നു; ഉത്ഘാടനം നാളെ
തളിപ്പറമ്പ് : തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലേക്കുള്ള കമ്പ്യൂട്ടർ ഉപകരണങ്ങളുടെ വിതരണം നാളെ രണ്ടു മണിക് തളിപ്പറമ്പ് സർസയ്യിദ് കോളേജിൽ ജെയിംസ് മാത്യു എം ൽ എ ഉത്ഘാടനം ചെയ്യും. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ 8 മുതൽ 12 വരെ ക്ലാസുകൾ ഹൈ ടെക് ആക്കുന്നതിന്റെ ഭാഗമായാണിത്.
20 ഹൈ സ്കൂളുകൾ, 15 ഹയർ സെക്കന്ററി സ്കൂളുകൾ, 3 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾ എന്നിവിടങ്ങളിലെ 408 ക്ലാസ് മുറികളാണ് ഹൈ ടെക് ആകുന്നത്. പൈലറ്റ് പ്രൊജക്റ്റായി സംസ്ഥാനത്തു പദ്ധതി നടപ്പാക്കുന്ന നാലു മണ്ഡലങ്ങളിൽ മൂന്നാമത്തേതാണ് തളിപ്പറമ്പ്. ഡെസ്ക് ടോപ് കംപ്യൂട്ടറുകൾ, ക്ലാസ്സുകളിലേക്കുള്ള ലാപ് ടോപ്, പ്രൊജക്ടർ എന്നിവയാണ് ആദ്യഘട്ടത്തിൽ വിതരണം ചെയുന്നത്.
സൗരയൂഥത്തിന് സമാനമായി ഒരു നക്ഷത്രത്തെ വലം വെക്കുന്ന ഏഴു ഗ്രഹങ്ങളെ നാസ കണ്ടെത്തി
വാഷിംഗ്‌ടൺ : ഭൂമിയിൽ നിന്നും നാൽപതു പ്രകാശ വര്ഷം അകലെ സൗരയൂഥത്തിന് സമാനമായി ഒരു നക്ഷത്രത്തെ വലം വെക്കുന്ന ഏഴു ഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ. സൂര്യന്റെ എട്ടുശതമാനം മാത്രമാണ് ഈ നക്ഷത്രത്തിന്റെ വലുപ്പം. ഈ ഏഴു ഗ്രഹങ്ങളിൽ മൂന്നെണ്ണത്തിൽ ജലത്തിന്റെ സാന്നിധ്യവും നാസ രേഖപ്പെടുത്തുന്നു. ട്രാപ്പിസ്റ് 1 എന്നാണ് പുതിയ നക്ഷത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ നക്ഷത്രത്തിന് 500 മില്യൺ വര്ഷം പ്രായമുണ്ടെന്നാണ് കണക്കാക്കുന്നത്. ഭൂമിയെക്കാൾ അല്പം തണുത്ത കാലാവസ്ഥയാണ് ഈ ഏഴു ഗൃഹങ്ങളിലും ഉള്ളത്. നാസയുടെ തന്നെ സ്പിറ്സർ ദുരദർശിനിയാണ് ഈ നക്ഷത്രത്തെ കണ്ടെത്തിയത്.
ഓഫർ പെരുമഴ പ്രഖ്യാപിച്ച് ജിയോ
ന്യൂഡൽഹി: നിലവിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമായിരുന്ന സൗജന്യ വോയിസ് കോളുകളും ഇന്റർനെറ്റ് പാക്കേജുകളും ഏപ്രിൽ ഒന്നോടെ അവസാനിക്കാനിരിക്കെ വരിക്കാർക്ക് ഉദാര നിരക്ക് പ്രഖ്യാപിച്ച് ചെയർമാൻ മുകേഷ് അംബാനി. ഇപ്പോൾ ജിയോ നൽകുന്ന എല്ലാ ഓഫറുകളും തുടർന്നും ലഭിക്കാൻ ഒരു മാസം 303 രൂപ നൽകണം. കൂടാതെ 99 രൂപ വൺ ടൈം ജോയ്‌നിങ് ഫീ ആയും നൽകണം.
ടെലികോം മേഖലയിലെ എല്ലാ സേവന ദാതാക്കളെയും ഞെട്ടിച്ചു കൊണ്ടാണ് ജിയോ ആറു മാസം മുൻപ് രംഗത്ത് വന്നത്. ജിയോ വരിക്കാരുടെ എണ്ണം പത്തുകോടി കടന്നതായി ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. രാജ്യത്തെ മാറ്റ് ഏത് സേവന ദാതാക്കളെക്കാളും 4 ജി ബേസ് സ്റ്റേഷനുകൾ ഉള്ളത് ജിയോ യ്ക്കാണെന്നും അംബാനി പറഞ്ഞു.
പി എസ് എൽ വിയുടെ സെൽഫി
ചരിത്രം ഇന്ത്യക്ക് വഴിമാറുന്നു, ഫെബ്രുവരി 15 ന് അത് സംഭവിക്കും
ബംഗളൂരു: ഇന്ത്യക്ക് ലോകത്തിന്റ മുന്നിൽ ഇനി തലയെടുപ്പോടെ നിൽക്കാം. ചരിത്രം ഇന്ത്യക്ക് മുന്നിൽ വഴിമാറുന്നത് കാണാൻ കുറച്ച് മണിക്കൂറുകൾ കൂടി കാത്തിരുന്നാൽ മതിയാകും. 2017 ഫെബ്രുവരി 15 ലോകത്തിന്റെ ശ്രദ്ധ ഇന്ത്യയിലേക്കാണ്. ഇന്ത്യയുടെ ബഹിരാകേശ വിക്ഷേപണ നിലയമായ ഐ എസ് ആർ ഒ വമ്പൻ ദൗത്യത്തിനാണ് ചുക്കാൻ പിടിക്കാൻ പോകുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഫെബ്രുവരി 15ന് രാവിലെ 9 ന് ഒരു റോക്കറ്റിൽ നിന്ന് 104 ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിക്കാൻ പോകുന്നത്. പല മുൻ നിര ബഹിരാകാശ ഏജൻസികളും ഏറ്റെടുക്കാൻ മടിച്ച ഈ ദൗത്യം ഏറ്റെടുക്കാൻ ഇന്ത്യ സധൈര്യം മുന്നോട്ട് വരികയായിരുന്നു.
ലോക ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു റോക്കറ്റിനുള്ളിൽ 104 ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്കയക്കുന്നത്. വളരെ കുറഞ്ഞ സമയ വ്യത്യാസത്തിലായിരിക്കും ഓരോ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലേക്ക് വിന്യസിക്കപ്പെടുക. എല്ലാം നല്ല പോലെ നടക്കുകയാന്നെങ്കിൽ ഫെബ്രുവരി 15 ലോകത്തിന്റെ മുന്നിൽ ഇന്ത്യക്ക് സ്വന്തം കഴിവ് കാണിക്കാൻ കഴിയുന്ന ദിവസമായേക്കും ഒപ്പം ചരിത്രത്തിൽ ഇന്ത്യയുടെ പേര് മറ്റു മുൻ നിര രാജ്യങ്ങളേക്കാൾ മുകളിൽ രേഖപ്പെടുത്താനും ഈ ദിവസം സഹായകമാകും.
ബഹിരാക്ഷ വിപണിയിൽ ഏറ്റവും ചിലവ് കുറഞ്ഞ സേവനങ്ങൾക്ക് പേര് കേട്ട ഐ എസ് ആർ ഒ യുടെ ഈ ദൗത്യം വിജയിക്കുമോ എന്ന കാര്യത്തിൽ ഒരു പക്ഷെ ഇന്ത്യയേക്കാൾ ഉറ്റു നോക്കുന്നത് മറ്റുള്ള വൻകിട രാജ്യങ്ങളാണ്. വളരെ അസൂയയോടെ ഇന്ത്യയുടെ ശ്രമത്തെ നോക്കിക്കാണുന്ന അവർക്ക് മുന്നിൽ ഇന്ത്യ തലയെടുപ്പോടെ നിവർന്ന് നിൽക്കുന്ന ദിവസമാകും ഫെബ്രുവരി 15 എന്ന് വിദഗ്ദ്ധർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്നു റിപ്പോർട്ട് ; ഉറപ്പില്ലെന്ന് ഉദ്യോഗസ്ഥർ
ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തുവെന്ന വാര്‍ത്തയ്ക്ക് ഉറപ്പ് നല്‍കാതെ ഉദ്യോഗസ്ഥര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈറ്റ് ഹാക്ക് ചെയ്തുവെന്നും വിദഗ്ദ്ധര്‍ ക്രമക്കേടുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ചില റിപോര്‍ട്ടുകളുണ്ട്.
പിടിഐ ട്വീറ്റിലൂടെയാണിത് ആദ്യം റിപോര്‍ട്ട് ചെയ്തത്. ഹാക്കിംഗിനെ തുടര്‍ന്ന് വെബ്‌സൈറ്റ് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നായിരുന്നു ചില ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തത്.
എന്നാല്‍ വെബ്‌സൈറ്റ് തകരാറിലാണെന്നും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ ഇത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെബ്‌സൈറ്റ് ഹാക്ക് ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പില്ലെന്നും എന്‍ ഐ സി വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
വിദേശത്തുനിന്നുള്ള ഫോൺ കോളുകൾ സൂക്ഷിക്കുക
തൃശൂർ:ഫോൺ വിളിച്ച് ബാലൻസ് ചോർത്തുന്ന സംഘം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന ഫോൺ വിളികളെ ഇനി സൂക്ഷ്മമായി പരിശോധിച്ച ശേഷം വേണം എടുക്കാൻ. കാരണം ഫോണെടുത്ത് പണം നഷ്ടപ്പെട്ടവർ നിരവധിയാണ്. കാലങ്ങളായി നടന്നുവരുന്ന ഇന്റർനെറ്റ് തട്ടിപ്പുകൾ പുതിയ രീതിയിൽ ഇരകളെ പിടിക്കാനിറങ്ങിയതായി സാങ്കേതിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഫോണെടുക്കുന്നതോടെ മൊബൈലിലെ ഡാറ്റകൾ എ ടി എം പിൻ നമ്പറുകൾ, അക്കൗണ്ട് നമ്പറുകൾ തുടങ്ങി എല്ലാ രഹസ്യങ്ങളും നിമിഷ നേരം കൊണ്ട് മറുതലക്കൽ എത്തുന്ന ‘മായാജാലമാണ്’ ഇവർ പയറ്റുന്നത്. ഫോൺ എടുക്കുന്ന ആളിന്റെ അശ്രദ്ധയും സാങ്കേതിക വിദ്യയും ഒപ്പം ചേർത്താണ് തട്ടിപ്പ് നടത്തുന്നത്. ഇങ്ങനെ വിളിക്കുന്ന കോൾ എടുത്ത് സംസാരിച്ചാൽ പിന്നെ കാശ് പോയ വിവരമാണ് കിട്ടുക. മിസ് കോൾ കണ്ടാൽ തിരിച്ചുവിളിക്കുന്നവർക്കും ഭീമമായ സംഖ്യയാണ് നഷ്ടമാകുന്നത്
ഫോണെടുക്കാതിരുന്നാൽ പണം നഷ്ടമാകില്ലെന്ന് കരുതേണ്ട, ഫോണെടുക്കാതെ ബെല്ലടിച്ചത് കൊണ്ടും ചിലർക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് അനുഭവസ്ഥർ വ്യക്തമാക്കുന്നത്. ഇതെങ്ങനെ സംഭവിക്കുന്നു എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. സേവന ദാതാക്കൾ ഇല്ലാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബാലൻസ് ചോർത്തുന്നതായുള്ള ആരോപണങ്ങൾ പലപ്പോഴും ഉയർന്നുവരാറുണ്ട്. അങ്ങനെ സംഭവിക്കുന്നതാണോ എന്ന കാര്യവും പരിശോധിക്കേണ്ടതായിട്ടുണ്ട്. മറ്റ് ചിലർക്ക് തിരിച്ച് അതേ നമ്പറിലേക്ക് വിളിക്കുമ്പോൾ മാത്രമാണ് പണം നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ടവർ മാനഹാനി കാരണം മിണ്ടാതിരിക്കുന്നതിനാൽ തന്നെ എത്ര പേർക്ക് പണം നഷ്ടമായെന്ന് ഇത് വരെ തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഗൾഫിൽ നിന്നുള്ള ബന്ധുവിന്റെ കോൾ ആയിരിക്കും എന്ന നിഗമനത്തിലാണ് തട്ടിപ്പിനിരയായ ഒരാൾ സംസാരിച്ചു തുടങ്ങിയത്. പിന്നീടാണ് ഫോൺ ബാലൻസ് ചോർന്നു പോയ വിവരം മനസ്സിലായത്.
ഏറ്റവും ഒടുവിൽ വ്യാഴാച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരേയാണ് ഇത്തരം ഫോണുകൾ പലർക്കും കോളുകൾ വന്ന് തുടങ്ങിയത്. എന്നാൽ എല്ലാ നെറ്റ് വർക്കിലേക്കും കോളുകൾ വന്നിട്ടില്ല. പ്രീ പെയ്ഡ് വരിക്കാരായ ബി എസ് എൻ എൽ ഉപഭോക്താക്കൾക്കാണ് കോളുകൾ വന്നത്.
പരിചയമില്ലാത്ത സ്ത്രീ ശബ്ദമായിരിക്കും മറുവശത്തുണ്ടാകുക. പ്രാദേശിക ഭാഷ മുതൽ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സംസാരിക്കും. കസ്റ്റമറെ വശീകരിക്കാൻ വേണ്ടിയാണ് സ്ത്രീ ശബ്ദത്തിൽ വിളിക്കുന്നതെന്ന് പോലീസ് പറയുന്നു. വോയിസ് ഓവർ ഇന്റർനെറ്റ് കോൾ ആയത് കൊണ്ട് തന്നെ ഇത്തരം കോളുകൾ ട്രെയിസ് ചെയ്യാനോ കണ്ട് പിടിക്കാനോ പറ്റില്ലെന്ന് പോലീസ് പറയുന്നു. അതിനാൽ ഇത്തരം കോളുകൾ എടുക്കാതിരിക്കുന്നതാണ് ഉചിതമെന്ന് സൈബർ പോലീസും ബി എസ് എൻ എൽഉം ഒരുപോലെ വ്യക്തമാക്കുന്നു. മുമ്പും ഇത്തരത്തിൽ തട്ടിപ്പ് കോളുകൾ ബി എസ് എൻ എൽ ഉൾപ്പെടെ മറ്റു നെറ്റ് വർക്കുകളിലേക്കും വന്നിട്ടുണ്ട്.
ഈ നമ്പറിൽ നിന്നുള്ള ഫോണുകളാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക
+447, +381, +255 ഈ നമ്പറിൽ തുടങ്ങുന്ന നമ്പറുകളിൽ നിന്നാണ് കൂടുതലും ഫോണുകൾ വരുന്നത്. ഈ നമ്പറുകളോ ഇതിന് സമാനമായ നമ്പറുകളോ ആണെങ്കിൽ കോളുകൾ എടുക്കാതിരിക്കാൻ ശ്രമിക്കണം. വിളി വരുമ്പോൾ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് യു കെ, സെർബിയ, ടാൻസാനിയ എന്നീ രാജ്യങ്ങളുടെ പേരുകളാണ് തെളിഞ്ഞ് വരുന്നത്. അത് കൊണ്ട് തന്നെ ഇത്തരം കോളുകൾ പെട്ടെന്ന് തന്നെ മനസ്സിലാക്കി ഫോൺ എടുക്കാതിരിക്കുകയോ ഓഫ് ചെയ്ത് വെക്കുകയോ ചെയ്യാവുന്നതാണ്. ആ രാജ്യങ്ങളിൽ ബന്ധുക്കളോ മറ്റോ ഉണ്ടെങ്കിൽ അവരുടെ നമ്പർ ഫോണിൽ സേവ് ചെയ്തിട്ടാൽ തിരിച്ചറിയാൻ എളുപ്പമാകും. പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എ ടി എം പിൻ നമ്പറുകൾ ഫോണിൽ സേവ് ചെയ്ത് വെക്കരുത്. പിന്നെ മൊബൈലിൽ വരുന്ന മെസേജുകൾക്ക് ഒരിക്കലും മറുപടി കൊടുക്കരുത് . പ്രത്യേകിച്ച് വൺ ടൈം പാസ്‌വേഡ് (OTP) ചോദിച്ചുള്ള സന്ദേശമാണെങ്കിൽ.
അതേസമയം തട്ടിപ്പിനിരയായവരുടെ എണ്ണം വർദ്ധിച്ചതോടെ വിദേശങ്ങളിൽ നിന്നുള്ള മിസ് കോളുകൾക്ക് മറുപടി നൽകരുതെന്ന മുന്നറിയിപ്പുമായി ബി എസ് എൻ എൽ വരിക്കാർക്ക് മെസ്സേജ് അയക്കുന്നുണ്ട്
കീശയിലെ പേഴ്സിൽ ഇനി കമ്പ്യൂട്ടറും
ഇനി കീശയിലെ പേഴ്സിൽ ക്രെഡിറ്റ് കാർഡിനും ATM കാർഡിനുമൊപ്പം കമ്പ്യൂട്ടറും ഇടം പിടിച്ചാൽ അത്ഭുതപ്പെടാനില്ല. ക്രെഡിറ്റ് കാർഡ് വലുപ്പത്തിലുള്ള കമ്പ്യൂട്ടർ കാർഡാണ് കംപ്യൂട്ടിങ്ങിൽ വിപ്ലവം സൃഷ്ടിക്കാൻ ഇന്റൽ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ വര്ഷം പുറത്തിറക്കിയ നെക്‌സ്‌ഡോകിന്റെ രൂപാന്തരമാണ് കമ്പ്യൂട്ടർ കാർഡ് അഥവാ കാർഡ് കമ്പ്യൂട്ടർ ഈ വര്ഷം പകുതിയോടെ ഇന്റൽ വിപണിയിലെത്തിക്കുന്ന കാർഡിനൊപ്പം തന്നെയാകും പുതിയ നെക്‌സ് ടോക്കും വിപണിയിലെത്തുക
ഈ ഡോക്കിന്റെ പ്രതീക്ഷിക്കുന്ന വില 9000 രൂപയാണ് .ഇതിൽ ഉപയോഗിക്കുന്ന കാർഡിന് അതിന്റെ ശേഷിക്കനുസരിച് വില നൽകേണ്ടി വരും. ഇനി അങ്ങോട്ട് പോക്കറ്റിൽ കമ്പ്യൂട്ടർ കൊണ്ടുനടക്കുന്ന യുഗമാവും വരാനിരിക്കുന്നതെന്നാണ് ഈ ടോക്കും കാർഡും സൂചിപ്പിക്കുന്നത്
2000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട് ഫോണുകൾ നിർമിക്കാൻ സർക്കാർ നിർദേശം
ന്യൂഡൽഹി: കറൻസി രഹിത ഇടപാടുകൾ വർധിപ്പിക്കുന്നതിനായി 2000-ത്തിൽ താഴെ വില വരുന്ന സ്മാർട്ട് ഫോണുകൾ നിർമിക്കാൻ സർക്കാർ കമ്പനികൾക്ക് നിർദേശം നൽകി. ഗ്രാമീണർക്ക് കൂടി കറൻസി രഹിത ഇടപാടുകൾ നടത്താൻ വേണ്ടിയാണ് ചെറിയ തുകയിൽ സ്മാർട്ട് ഫോണുകൾ ലഭ്യമാക്കാൻ സർക്കാർ നീക്കം.
മൊബൈൽ കമ്പനി ഉടമകളുമായി സർക്കാർ കാര്യങ്ങൾ ചർച്ച ചെയ്തു. നീതി അയോഗ് വിളിച്ച് ചേർത്ത യോഗത്തിൽ മൈക്രോമാക്സ്, ഇന്ഡക്സ്, ലാവ, കാർബൺ തുടങ്ങിയ കമ്പനികൾ പങ്കെടുത്തു.
രണ്ടരക്കോടിയോളം സ്മാർട്ട് ഫോണുകൾ വിപണിയിലെത്തിക്കാൻ ആണ് സർക്കാർ നിർദേശം. ഡിജിറ്റൽ ഇടപാട് നടത്താൻ ശേഷിയുള്ള ഫോണുകളായിരിക്കും.