വിമാനത്തിന് വരെ കരുത്ത് പകരുന്ന ബാറ്ററിയുടെ വിപ്ലവകരമായ കണ്ടുപിടുത്തവുമായി ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍ ട്രെവര്‍ ജാക്സണ്‍. ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍ ട്രെവര്‍ ജാക്സണ്‍. നേവി ഓഫിസറായ ട്രെവര്‍ ജാക്സണ്‍ ഒരു ചാര്‍ജില്‍ 1500 മൈല്‍ (2414 കിലോമീറ്റര്‍) വരെ ഓടുന്ന ബാറ്ററിയാണ് കണ്ടുപിടിച്ചത്. അലുമിനിയം എയര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഈ ബാറ്ററി ഉപയോഗിച്ച് കാര്‍ 2414 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഒരു ദശാബ്ദം മുൻപ് തന്നെ ഈ കണ്ടുപിടിത്തം നടത്തിയെന്നും ഇതുമായി നിരവധി വാഹന നിര്‍മാതാക്കളെ സമീപിച്ചെന്നും അവര്‍ക്ക് താല്‍പര്യമില്ലാത്തതുകൊണ്ടാണ് പുറംലോകം അറിയാതിരുന്നതെന്നുമാണ് ട്രെവര്‍ പറയുന്നത്. വ്യാവസായിക ഉത്പാദനത്തിനായി ബ്രിട്ടനിലെ എസെക്സ് ആസ്ഥാനമായ ഓസ്റ്റിന്‍ ഇലക്‌ട്രിക് എന്ന കമ്ബനിയുമായി നടത്തിയ ശതകോടികളുടെ ഉടമ്ബടിയാണ് ഈ ബാറ്ററിയെ വീണ്ടും ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നത്.ലോകത്തിന്റെ വാഹന സമവാക്യം തന്നെ മാറ്റിമറിക്കാന്‍ കഴിവുള്ള ബാറ്ററിയാണ് ഇതെന്നും കാറുകള്‍ മാത്രമല്ല വലിയ ലോറികള്‍ മുതല്‍ വിമാനം വരെ ഈ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.എന്നാല്‍ ഈ കണ്ടുപിടുത്തത്തെ സംശയത്തോടെയാണ് ശാസ്ത്രലോകം നോക്കുന്നത്.1960 കള്‍ മുതലേ അലുമിനിയം എയര്‍ ബാറ്ററി ടെക്നോളജി നിലവിലുണ്ട്. എന്നാല്‍ അലുമിനിയം ഓക്സിഡൈസേഷനിലുടെ ഊര്‍ജം സൃഷ്ടിക്കുന്ന ഈ ബാറ്ററികള്‍ റീ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കില്ല. കൂടാതെ ബാറ്ററിയിലെ ഇലക്‌ട്രോലൈറ്റ് ലായിനി വിഷമയവുമാണ്.എന്നാല്‍ ഈ ബാറ്ററി റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുമെന്നും വിഷമയമല്ലാത്ത ഇലക്‌ട്രോലൈറ്റുകളാണ് ഉപയോഗിക്കുന്നതെന്നുമാണ് ട്രെവര്‍ ജാക്സണ്‍ പറയുന്നത്.ലിഥിയം അയണ്‍ ബാറ്ററിയുമായി താരതമ്യം ചെയ്യുമ്പോൾ ഭാരക്കുറവും ചെലവു കുറവുമാണ് ഈ ബാറ്ററിക്ക്. എന്നാല്‍ വാഹനങ്ങളിലേക്കു വരുമ്പോൾ എങ്ങനെയായിരിക്കും ഇതിന്റെ പ്രവര്‍ത്തനമെന്നു വ്യക്തമല്ല. ഓരോ 2400 കിലോമീറ്ററിലും ബാറ്ററി റീ ഫ്യൂവല്‍ ചെയ്യേണ്ടി വരുമെങ്കിലും അത് എങ്ങനെയായിരിക്കുമെന്നും കമ്ബനി വ്യക്തമാക്കിയിട്ടില്ല. എന്തൊക്കെയായാലും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നതുപോലെയാണ് ഈ ബാറ്ററിയെങ്കില്‍ ലോകത്തിന്റെ ഊര്‍ജ സമവാക്യങ്ങളെത്തന്നെ മാറ്റിമറിക്കാന്‍ അതിനാവും.
ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്കൂട്ടർ ‘ബജാജ് ചേതക് ചിക് ‘ റെജിസ്റ്റർ ചെയ്തു
മുംബൈ:വാഹന നിര്‍മ്മാതാക്കളായ ബജാജ്, അവരുടെ ആദ്യ ഇലക്‌ട്രിക്ക് സ്‌കൂട്ടറിനെ നിരത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ്. ഒക്ടോബര്‍ 16-ന് ഇലക്‌ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ബജാജ് ചേതക് ചിക് ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ എന്നായിരിക്കും പുതിയ ഇലക്‌ട്രിക്ക് സ്‌കൂട്ടറിന്റെ പേര്. അര്‍ബനൈറ്റ് എന്ന ബ്രാന്റിലായിരിക്കും ബജാജ് ഇലക്‌ട്രിക്ക് ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കുക.ജര്‍മന്‍ ഇലക്‌ട്രിക്ക് ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായ ബോഷുമായി സഹകരിച്ചാണ് ബജാജ് അര്‍ബനൈറ്റ് എന്ന ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം ഉള്‍പ്പെടെ ഉന്നത സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെയായിരിക്കും സ്‌കൂട്ടര്‍ എത്തുകയെന്ന് മുൻപുതന്നെ അറിയിച്ചിരുന്നു. ഇതിനൊപ്പം ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി സംവിധാനങ്ങളും മറ്റും ഈ വാഹനത്തിലുണ്ട്.ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്ബ്, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്ബ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉയര്‍ന്ന് സ്റ്റോറേജ് എന്നിവയാണ് ഇലക്‌ട്രിക്ക് സ്‌കൂട്ടറിന്റെ സവിശേഷതകള്‍.ക്ലാസിക്ക് ഡിസൈന്‍ ശൈലിയായിരിക്കും സ്‌കൂട്ടര്‍ പിന്തുടരുകയെന്നാണ് ഇതികം പുറത്തുവന്ന ചിത്രങ്ങള്‍ നല്‍കുന്ന സൂചന. പെന്റഗണ്‍ ആകൃതിയിലാണ് ഹെഡ്‌ലാംപ് യൂണിറ്റുള്ളത്. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്കും ഹെഡ്‌ലാമ്പിനും എല്‍ഇഡി ലൈറ്റിങ് ലഭിക്കാന്‍ സാധ്യതയുണ്ട്.എന്നാല്‍ സ്‌കൂട്ടറിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. കമ്മ്യൂട്ടര്‍ ബൈക്കുകളും പെര്‍ഫോമന്‍സ് ബൈക്കുകളും കരുത്തേറിയ സ്‌കൂട്ടറുകളും ബജാജിന്റെ ഇലക്‌ട്രിക്ക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയില്‍ അണിനിരത്തുമെന്നാണ് വിവരം. 2020-ഓടെ ഇലക്‌ട്രിക്ക് ബൈക്കുകളുടെ നിര കൂടുതല്‍ വിപുലമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്.ഏഥര്‍ 450 തന്നെയാണ് വിപണിയില്‍ ചേതക് ചിക് സ്‌കൂട്ടറിന്റെ എതിരാളി. ബജാജ് നിരയില്‍ ഏറെ പ്രശസ്തി നേടിയ സ്‌കൂട്ടറുകളിലൊന്നാണ് ചേതക് സ്‌കൂട്ടറുകള്‍.
വാഹന പുനർരജിസ്ട്രേഷൻ ഫീസ് 10 മുതൽ 40 ഇരട്ടി വരെ കൂട്ടാൻ തീരുമാനം
ന്യൂഡല്‍ഹി: പഴയ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനായി വാഹനങ്ങളുടെ പുനര്‍ രജിസ്ട്രേഷനുള്ള ഫീസ് പത്തിരട്ടി മുതല്‍ 40 ഇരട്ടി വരെ ഉയര്‍ത്തുന്ന പുതിയ കേന്ദ്ര സര്‍ക്കാര്‍ നയം അടുത്ത ജൂലായില്‍ പ്രാബല്യത്തില്‍ വരും. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കാകും ഇത് ബാധകമാവുക.കാറുകളും മറ്റു നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളും 5 വര്‍ഷത്തേക്കു പുതുക്കി റജിസ്റ്റര്‍ ചെയ്യാന്‍ 15,000 രൂപ അടയ്ക്കണം. പഴയ വാഹനങ്ങളുടെ റോഡ് നികുതിയിലും മാറ്റം വന്നേക്കും. ഉരുക്കു വ്യവസായത്തിന് കൂടുതല്‍ ആക്രി സാധനങ്ങള്‍ കിട്ടാനുതകുന്ന ‘സ്ക്രാപ് നയം’ അടുത്തമാസം നടപ്പാക്കുന്നുണ്ട്. ഇതിന്റെ അനുബന്ധമായാണ് പഴയ വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്നതു പ്രോത്സാഹിപ്പിക്കുന്ന നയവും കൊണ്ടുവരുന്നത്. ഇതിന്റെ കരട് എല്ലാ വകുപ്പുകള്‍ക്കും കൈമാറി. കാബിനറ്റ് നോട്ട് തയ്യാറായി. വൈകാതെ മന്ത്രിസഭയുടെ അംഗീകാരത്തിന് വയ്ക്കും.വാഹനവില്‍പനയിലെ ഭീമമായ കുറവിന് പുതിയ നയം പരിഹാരമാകുമെന്നു കേന്ദ്രം പ്രതീക്ഷിക്കുന്നു.പൊളിക്കല്‍ കേന്ദ്രങ്ങള്‍ക്ക് ആനുകൂല്യം നല്‍കും. വാഹനഭാഗങ്ങള്‍ പുനരുപയോഗിക്കാവുന്ന തരത്തില്‍ വിവിധ വാഹന നിര്‍മാതാക്കള്‍ സംയുക്ത സ്ഥാപനങ്ങളും തുടങ്ങുന്നുണ്ട്. മഹീന്ദ്ര ആക്‌സെലോ എന്ന പേരില്‍ ഇത്തരമൊരു കേന്ദ്രം ആരംഭിച്ചു. പഴയ വാഹനം പൊളിച്ചു വിറ്റ രേഖ ഹാജരാക്കുന്നവര്‍ക്ക് പുതിയ വാഹന റജിസ്‌ട്രേഷന്‍ സൗജന്യമാക്കുമെന്ന് മോട്ടര്‍ വാഹന നയത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
3.1 കോടിയുടെ ആഡംബര എസ്‌യുവി സ്വന്തമാക്കി കണ്ണൂര്‍ കുറ്റ്യാട്ടൂർ സ്വദേശി
കണ്ണൂർ:മൂന്നുകോടി പത്തുലക്ഷം രൂപയുടെ ആഡംബര കാര്‍ സ്വന്തമാക്കി കുറ്റിയാട്ടൂര്‍ സ്വദേശി.മെഴ്‌സിഡസ് ബെന്‍സില്‍നിന്ന് പ്രത്യേകം ഓര്‍ഡര്‍ ചെയ്ത് നിര്‍മിക്കുന്ന ഈ വാഹനം കേരളത്തിലെ രണ്ടാമത്തേതാണ്. കുറ്റിയാട്ടൂര്‍ പള്ളിമുക്കിലെ അംജത് സിത്താരയാണ് കോഴിക്കോട്ടെ ഡീലറായ ബ്രിഡ്ജ് വേ മോട്ടോര്‍സില്‍നിന്ന് കഴിഞ്ഞദിവസം വാഹനം കുറ്റിയാട്ടൂരിലെത്തിച്ചത്. രണ്ടുകോടി പത്തുലക്ഷം രൂപയാണിതിന്റെ ഷോറൂം വില. കൂടാതെ ചില ഘടകങ്ങളുടെ പ്രത്യേക നിര്‍മിതിക്കായി 40 ലക്ഷം രൂപകൂടി ചെലവാക്കിയാണ് വാഹനം നിരത്തിലിറക്കിയിട്ടുള്ളത്.റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സില്‍നിന്ന് എഴുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും റോഡ് നികുതിയിനത്തില്‍ 48 ലക്ഷം രൂപയും ഇതിന് അംജദ് സിത്താര ചെലവഴിച്ചു. കണ്ണൂര്‍ റോഡ് ട്രോന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്നാണ് വാഹന രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക.
നാലുകിലോമീറ്റര്‍ മാത്രം മൈലേജുള്ള ഈ വാഹനത്തില്‍ പെട്രോളാണ് ഇന്ധനം. 20 ദിവസം വരെ തുടര്‍ച്ചയായി ഓടിയാലും വണ്ടി ചൂടാകില്ല. മാക്‌സിമം സ്പീഡ് 220 കിലോമീറ്ററുള്ള വാഹനത്തില്‍ അഞ്ചുപേര്‍ക്ക് യാത്രചെയ്യാം.ബിരുദധാരിയായ അംജദ് സിത്താര യ.എ.ഇ.യിലെ ബി.സി.സി. എന്ന നിർമ്മാണക്കമ്പനിയിൽ സി.ഇ.ഒ. ആയി ജോലി ചെയ്യുകയാണ്.അവിടെ ഓഫീസില്‍ ഉപയോഗിക്കുന്ന വാഹനം സ്വന്തമാക്കാനുള്ള ആഗ്രഹമാണ് കാര്‍ വാങ്ങുന്നതിനുപിന്നിലെന്ന് അംജദ് പറഞ്ഞു.
കെടിഎമ്മിന്റെ ഇലക്‌ട്രിക് സ്കൂട്ടർ 2022-ഓടെ ഇന്ത്യന്‍ നിരത്തുകളിൽ
2022-ഓടെ കെടിഎമ്മിന്റെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ പ്രമുഖരായ ബജാജുമായി സഹകരിച്ചായിരിക്കും കെടിഎമ്മിന്റെ ഇലക്‌ട്രിക് സ്‌കൂട്ടറും നിരത്തിലെത്തുകയെന്നാണ് വിവരം. ഓസ്ട്രേലിയന്‍ വാഹന നിര്‍മാതാക്കളായ കെടിഎമ്മിന്റെ 48 ശതമാനം ഓഹരി ബജാജിന്റെ കൈവശമാണെന്നാണ് റിപ്പോര്‍ട്ട്.ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത് ആഗോള നിരത്തുകളില്‍ കെടിഎം അവതരിപ്പിച്ചിട്ടുള്ള ഇ-സ്പീഡ് എന്ന ഇലക്‌ട്രിക് സ്‌കൂട്ടറായിരിക്കും. കെടിഎം ബൈക്കുകളെ പോലെ തന്നെ സ്പോര്‍ട്ടി ലുക്കും ഡ്യുവല്‍ ടോണ്‍ നിറവുമായിരിക്കും ഈ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെയും പ്രധാന ആകര്‍ഷണം.എന്നാല്‍, ഈ സ്‌കൂട്ടറിന്റെ കരുത്തും വിലയും മറ്റ് ഫീച്ചറുകളും സംബന്ധിച്ച വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. ബജാജിന്റെ മേധാവി രാഗേഷ് ശര്‍മ മണികണ്‍ട്രോള്‍ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
അഭിനന്ദൻ 151 പ്ലാനുമായി ബിഎസ്എൻഎൽ;ഡാറ്റ അലോട്ട്മെന്റ് പ്രതിദിനം 1.5 ജി.ബി ഡാറ്റയായി ഉയര്‍ത്തി
ന്യൂഡൽഹി:ഉപഭോക്താക്കൾക്കായി കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ വീണ്ടും രംഗത്ത്.കൂടുതല്‍ ഉപഭോക്താക്കളെ തങ്ങളിലോട്ട് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ബിഎസ്എൻഎൽ അഭിനന്ദൻ 151 എന്ന പ്ലാൻ ആവിഷ്‌ക്കരിച്ചിരുന്നു.എന്നാൽ ഇപ്പോൾ ഇത് കൂടുതല്‍ മത്സരാത്മകമാക്കുന്നതിന്, ബി.എസ്.എന്‍.എല്‍ ഉപഭോക്താവിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി ഇത് പരിഷ്കരിച്ചിരിക്കുകയാണ്. നേരത്തെ ഈ പാക്കിൽ ദിവസേന 1gb ഡാറ്റയാണ് ബിഎസ്എൻഎൽ നൽകിയിരുന്നത്.എന്നാൽ ഇപ്പോൾ ഇത് 1.5 GB ആയി ഉയർത്തിയിരിക്കുകയാണ്.ഈ പ്ലാനിൽ അൺലിമിറ്റഡ് കോളുകൾ, ദിനവും 1.5 ജി.ബി ഡാറ്റ, 100 എസ്.എം.എസ് എന്നിവയാണ് ലഭിക്കുക. ഡൽഹി, മുംബൈ അടക്കം ബി.എസ്.എൻ.എല്ലിൻറെ എല്ലാ മേഘലകളിലുമുളള ഉപയോക്താക്കൾക്കും ഈ പ്ലാൻ ലഭ്യമാകും. ബി.എസ്.എൻ.എൽ 151 രൂപ പ്ലാനിൻറെ സമയപരിധി 180 ദിവസമാണ്. പക്ഷേ ഡാറ്റയിൽ ലഭിക്കുന്ന കോളിങ് സൗകര്യവും സൗജന്യ ഡാറ്റയും എസ്.എം.എസും 24 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുക. നിലവിൽ കണക്ഷൻ ഉള്ളവർക്കും പുതുതായി കണക്ഷൻ എടുക്കുന്നവർക്കും ഈ പ്ലാൻ ഉപയോഗപ്പെടുത്താം.345 ദിവസ്സം വരെ ലഭ്യമാകുന്ന ഓഫറുകളും BSNL പുറത്തിറക്കിയിരുന്നു.1,188 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്ന മാതുറാം പ്രീ പെയ്ഡ് ഓഫറുകളാണിത് .1188 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോക്താക്കൾക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ 5 ജിബിയുടെ ഡാറ്റയും ലഭിക്കുന്നു.കൂടാതെ 1,200 SMS മുഴുവനായി ഇതില്‍ ലഭ്യമാകുന്നതാണ്.345 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭ്യമാകുന്നത് .
കുതിപ്പിനൊരുങ്ങി ഇലക്ട്രിക്ക് കാർ വിപണി;5 ബ്രാൻഡുകളിലുള്ള പുതിയ ഇലക്ട്രിക്ക് കാറുകൾ ഇന്ത്യൻ നിരത്തിലേക്ക്
അടുത്തിടെ ഹ്യുണ്ടായി തങ്ങളുടെ ഇലക്ട്രിക്ക് കാറായ കോന ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കുകയുണ്ടായി.ഏകദേശം 25.30 ലക്ഷം രൂപ വിലവരുന്ന ഈ കാറിന് ഉപഭോക്താക്കളിൽ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചത്.വെറും 10 ദിവസത്തിനുള്ളിൽ 120 കറുകൾക്കുള്ള ബുക്കിംഗ് നേടിയെടുക്കാൻ കമ്പനിക്ക് സാധിച്ചു.ഹ്യുണ്ടായി മാത്രമല്ല മറ്റ് പ്രമുഖ കാർനിർമാണ കമ്പനികളും തങ്ങളുടെ ഇലക്ട്രിക്ക് വേർഷൻ കാറുകൾ വിപണിയിലെത്തിക്കാനുള്ള പദ്ധതിയിലാണ്.ഇത്തരത്തിൽ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക്ക് കാറുകൾ അവതരിപ്പിക്കാനൊരുങ്ങുന്ന അഞ്ച് ഇലക്ട്രിക്ക് കാറുകളുടെ ലിസ്റ്റാണ് ഇവിടെ നൽകുന്നത്.
മഹീന്ദ്ര eKUV100:
മഹീന്ദ്രയുടെ ഇലക്ട്രിക്ക് വേർഷൻ കാറായ KUV 100 2018 ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു.ഈ പുതിയ മോഡൽ ഇപ്പോൾ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറായിരിക്കുകയാണ്.അടുത്തിടെ വിപണിയിൽ നിന്നും നിർത്തലാക്കിയ മഹീന്ദ്ര e20 പകരമായാണ് പുതിയ KUV 100 വിപണിയിലെത്തുന്നത്. 2020 ന്റെ ആദ്യ പകുതിയിലായിരിക്കും eKUV 100 വിപണിയിലിറക്കുക.നിലവിലുണ്ടായിരുന്ന e2O ഇലക്ട്രിക്ക് കാറിനെ അപേക്ഷിച്ച് പരിഷ്‌കരിച്ച, കൂടുതല്‍ മെച്ചപ്പെട്ട ഇലക്ട്രിക്ക് മോട്ടറുകളും ഘടകങ്ങളുമായിരിക്കും വാഹനത്തില്‍ വരുന്നത്. 120 Nm torque ഉം 40 kWh കരുത്തും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് e-KUV -ക്ക് മഹീന്ദ്ര നൽകിയിരിക്കുന്നത്.15.9 kWh ബാറ്ററികളാവും വാഹനത്തില്‍ വരുന്നത്.പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള കഴിവാണ് ഈ ബാറ്ററിക്കുള്ളത്.
മഹീന്ദ്ര XUV 300 ഇലക്ട്രിക്ക്:
മഹീന്ദ്ര തങ്ങളുടെ XUV 300 അടിസ്ഥാനമാക്കിയുള്ള All Electric Compact SUV പുറത്തിറക്കാനായുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു.2020 ലെ ഡൽഹി ഓട്ടോ എക്സ്പോയിൽ ഈ SUV അവതരിപ്പിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.2020 ന്റെ പകുതിയോടെ കാർ വിപണിയിൽ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കാറിന്റെ പ്രത്യേകതകൾ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും 250kmph ദൂരം XUV300 ഇലക്ട്രിക്ക് വേർഷൻ വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മാത്രമല്ല 11 സെക്കന്റിനുള്ളിൽ പൂജ്യത്തിൽ നിന്നും 100 kmph വേഗത ആർജ്ജിക്കുകയും പരമാവധി 150 kmph വേഗത കൈവരിക്കാനാകുമെന്നുള്ളതും XUV 300 ഇലക്ട്രിക്ക് കാറുകളുടെ പ്രത്യേകതകളാണ്.
എംജി EZS:
ചൈനീസ് വാഹന നിർമ്മാതാക്കളായ SAIC (ഷാങ്ഹായി ഓട്ടോമോട്ടീവ് ഇന്ഡസ്ട്രി കോർപറേഷൻ) ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് ബ്രാന്ഡായ എംജി ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മോഡലാണ് eZS ഇലക്‌ട്രിക് എസ്യുവി. ആദ്യ മോഡലായ ഹെക്റ്റർ മികച്ച ജനപ്രീതി നേടിയതിന് പിന്നാലെ പുതിയ ചെറു ഇലക്‌ട്രിക് എസ്.യു.വി കൂടി എത്തുന്നതോടെ ഇന്ത്യൻ വിപണിയിൽ അടിത്തറ ശക്തമാക്കാമെന്ന പ്രതീക്ഷയിലാണ് എംജി.ഈ വർഷം അവസാനത്തോടെ eZS ഇലക്‌ട്രിക് ഇന്ത്യയിലെത്തുമെന്നാണ് സൂചന. ഒറ്റ ചാർജിൽ 262 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ ചെറു ഇലക്‌ട്രിക് എസ്.യു.വിക്ക് സാധിക്കും. എംജി നിരയിലെ ഏറ്റവും സാങ്കേതിക തികവേറിയ മോഡലാണിതെന്ന് കമ്പനി പറയുന്നു. ഇലക്‌ട്രിക് മോട്ടോറും 44.5 kWh ലിഥിയം അയേൺ ബാറ്ററിയും ചേർന്ന് 143 പിഎസ് പവറും 353 എൻ എം ടോർക്കും വാഹനത്തിൽ ലഭിക്കും.സ്റ്റാൻഡേർഡ് 7kW ഹോം ചാർജർ ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളില് ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാം.റെഗുലർ പെട്രോൾ ZS മോഡലിന്റെ അതേ രൂപമാണ് ഇതിന്റെ ഇലക്‌ട്രിക്കിനും. കോനയുടെ എക്സ്ഷോറൂം വില 25 ലക്ഷം രൂപയാണ്. അതേസമയം eZSന് ഇതിനും താഴെയായിരിക്കും വിലയെന്നാണ് റിപ്പോർട്ടുകൾ. സെപ്തംബറോടെ ബ്രിട്ടീഷ് വിപണിയിലെത്തുന്ന eZSന് 21,495-23,495 പൗണ്ട് (18.36-20.07 ലക്ഷം രൂപ) വരെയാണ് വിലയെന്നും എംജി വ്യക്തമാക്കിയിട്ടുണ്ട്.
ടാറ്റ അൾട്രോസ് EV:
2019 ജനീവ മോട്ടോർ ഷോയിൽ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ആൾട്രോസ് ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പ് പ്രദർശിപ്പിച്ചിരുന്നു. 2020 ൽ ഇവി ഇന്ത്യൻ വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിതീകരിച്ചിട്ടുണ്ട്.60 മിനിറ്റിനുള്ളില് 80 ശതമാനം ചാർജ് ചെയ്യാൻ സാധിക്കുന്ന പെർമനന്റ് മാഗ്നറ്റ് എസി മോട്ടോറാണ് അൾട്രോസ് ഇ വിയിൽ സജ്ജീകരിച്ചിരിക്കുന്നത്.ഒരൊറ്റ ചാർജിൽ 250-300 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിന് ഒരു പടി മേലെ നില്‍ക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ആള്‍ട്രോസിനുള്ളത്. താഴ്വശം പരന്ന തരത്തിലുള്ള സ്റ്റിയറിങ് വാഹനത്തിന് കൂടുതല്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു.ഡാഷ് ബോര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക്ക്, മികച്ച ഓഡിയോ സിസ്റ്റം, പിന്‍ ഏസി വെന്റുകള്‍ എന്നിവ ആള്‍ട്രോസിന്റെ അകത്തളത്തെ ശ്രേണിയില്‍ ഏറ്റവും ആഢംബരം നിറഞ്ഞതാക്കുന്നു.ടാറ്റയുടെ ഏറ്റവും പുതിയ ഇമ്പാക്ട് 2.0 ഡിസൈനാണ് ആട്രോസിനുള്ളത്.
മാരുതി വാഗൺ ആർ ഇ വി:
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി 2020 ൽ ഓൾ-ഇലക്ട്രിക് വാഗൺ ആർ ഹാച്ച്ബാക്ക് വിപണിയിലെത്തിക്കും.വാഗണ്‍ ആര്‍ ഹാച്ച്‌ബാക്കിന്റെ ഏറ്റവും പുതിയ പതിപ്പായിരിക്കുമിത്. ഇതിന് ഏകദേശം 10 ലക്ഷം രൂപ വിലവരും. ആദ്യ ഘട്ടത്തില്‍ സിറ്റി കാറായി പുറത്തിറക്കുന്ന വാഗണ്‍ ആര്‍ ഇലക്‌ട്രിക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും
വാഹന നിര്‍മ്മാതാക്കളോട് വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നതിനുള്ള പ്ലാന്‍ രണ്ടാഴ്ചയ്ക്കുള്ളിൽ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നീതി ആയോഗ്
ന്യൂഡൽഹി:ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളോട് വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നതിനുള്ള പ്ലാന്‍ രണ്ടാഴ്ചയ്ക്കുള്ളിൽ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നീതി ആയോഗ്.രാഷ്ട്രം നേരിടുന്ന മാലിന്യ പ്രശ്‌നത്തിന്റെ പരിഹാരത്തിനായി വാഹന വ്യവസായ രംഗം പരിശ്രമിച്ചില്ലായെങ്കില്‍ കോടതി ഇടപെടൽ ഉണ്ടാകുമെന്നും ജൂൺ 21 ന് നീതി ആയോഗ് വിളിച്ച് ചേര്‍ത്ത പരമ്പരാഗത വാഹന നിര്‍മ്മാതാക്കളുടെയും പുതു വാഹന സംരംഭകരുടേയും യോഗത്തില്‍ നീതി ആയോഗ് മുന്നറിയിപ്പ് നൽകുകയും ചെയ്തു.യോഗത്തില്‍ ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ്, ടിവിഎസ് മോട്ടോര്‍ കൊ. ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റ് മിണോരു കാതോ, സിയാം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മതുര്‍, ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ചറേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസിഎംഎ) ഡയറക്ടര്‍ ജനറല്‍ വിന്നി മെഹ്ത, നീതി ആയോഗ് ചെയര്‍മാന്‍ രാജീവ് കുമാര്‍, സിഇഒ അമിതാബ് കാന്ത് എന്നീ പ്രമുഖ വാഹന നിര്‍മ്മാതാക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
വ്യക്തമായ പ്ലാനുകളും ധാരണയുമില്ലാതെ വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം സാധ്യമല്ല.ഏറ്റവും മലിനമായ 15 നഗരങ്ങളില്‍ 14 എണ്ണവും ഇന്ത്യയിലാണ്, അതിനാല്‍ തന്നെ സര്‍ക്കാരും വാഹന രംഗവും ചേര്‍ന്ന് എത്രയും പെട്ടന്ന് ഒരു പോംവഴി നല്‍കിയില്ലെങ്കില്‍ വിഷയത്തിൽ കോടതി ഇടപെടൽ ഉണ്ടാകുമെന്ന് യോഗത്തിൽ ഒരു മുതിന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.2023 ഓടെ ത്രീ വീലറുകളും 2025 ഓടെ 150 സിസിയിൽ താഴെ എഞ്ചിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങളും പൂർണ്ണ ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റാൻ നിതി അയോഗ് പദ്ധതിയിട്ടിട്ടുണ്ട്.ഇലക്ട്രോണിക്ക് വിപ്ലവവും, സെമി-കണ്ടക്ടര്‍ വിപ്ലവവും ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ വൈദ്യുത മൊബിലിറ്റി വിപ്ലവം നഷ്ടപ്പെടുത്താന്‍ രാഷ്ട്രം ഉദ്ദേശിക്കുന്നില്ല. നിലവില്‍ വിപണിയിലെ വമ്പന്മാരും പരിചയ സമ്പന്നരും മുന്നിട്ട് വരുന്നില്ല എങ്കില്‍ ചൈനയില്‍ സംഭവിച്ചത് പോലെ പ്രാരംഭ സംരംഭകര്‍ രംഗം കയ്യടക്കുമെന്നും ഒഫീഷ്യൽസ് മുന്നറിയിപ്പ് നൽകി.പരമ്പരാഗത വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ, ഹീറോ മോട്ടോ കോപ്പ്, ഹോണ്ട, ടിവിഎസ് എന്നിവയും പ്രാരംഭ സംരംഭകരായ റിവോള്‍ട്ട്, ഏഥര്‍ എനര്‍ജി, കൈനറ്റിക്ക് ഗ്രീന്‍ എനര്‍ജി ആന്റ് പവര്‍ സൊലൂഷന്‍സ്, ടോര്‍ക്ക് മോട്ടോര്‍സ്എന്നിവയും തമ്മിൽ വിപണിയിൽ വ്യക്തമായ ഒരു ചേരിതിരിവ് നിലനിൽക്കുന്നുണ്ട്.
മാലിന്യ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി 2023 ഓടെ വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം തങ്ങള്‍ക്ക് എത്രയും പെട്ടെന്ന് വേണമെന്ന് റിവോള്‍ട്ട് ഇന്റെലികോര്‍പ്പ് സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മ ആവശ്യപ്പെട്ടു.എന്നാല്‍ ബജാജ് ഈ ആവശ്യത്തെ എതിര്‍ത്തു.ഇരുചക്ര മുച്ചക്ര വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്റേണല്‍ കംബസ്റ്റണ്‍ എഞ്ചിന്‍ നിരോധിച്ച് പകരം വൈദ്യുതി എഞ്ചിന്‍ ഘടിപ്പിക്കാനുള്ള പദ്ധതി 2025 -ഓടെ സാധ്യമാവില്ലെന്നും രാജ്യത്തെ വാഹനോല്‍പ്പാദനത്തെ തന്നെ ഇവ ബാധിക്കുമെന്നും ടിവിഎസും ബജാജും വ്യക്തമാക്കി.നിര്‍മ്മാതാക്കള്‍ എല്ലാം ബിഎസ് VI നിലവാരത്തിലേക്ക് നിലവിലുള്ള തങ്ങളുടെ എഞ്ചിനുകളെ ഉയര്‍ത്തി വിപണിയില്‍ വലിയൊരു മാറ്റത്തിനായി പരിശ്രമിക്കുമ്പോള്‍ ഇത്തരമൊരു മാറ്റം പെട്ടെന്ന് സാധ്യമല്ലെന്ന് ഹീറോയും ചൂണ്ടിക്കാട്ടുന്നു.പൂർണ്ണമായും ഇലക്ട്രോണിക് വാഹനത്തിലേക്ക് മാറുന്നതിന് മുൻപായി സർക്കാർ കൃത്യമായ പ്ലാനുകൾ തയ്യാറാക്കണമെന്ന് വാഹന വ്യവസായ സംഘടനകളായ SIAM,ACMA എന്നിവർ ഗവണ്മെന്റിന് നിർദേശം നൽകി.
വൈദ്യുത വാഹനങ്ങൾക്ക് ബാറ്ററി ലഭ്യമാക്കാനൊരുങ്ങി വോൾവോ
ന്യൂഡൽഹി:വൈദ്യുത വാഹനങ്ങൾക്ക് ബാറ്ററി ലഭ്യമാക്കാനൊരുങ്ങി വോൾവോ. വോവയുടെയും പോൾസ്റ്റാറിന്റെയും പുതുതലമുറ മോഡലുകൾക്ക് അടുത്ത പത്തു വർഷത്തേക്ക് ലിത്തിയം അയേൺ ബാറ്ററികൾ ലഭ്യമാക്കുന്നതിന് വോൾവോ ഗ്രൂപ് മുൻനിര ബാറ്ററി നിർമ്മാതാക്കളായ എൽ.ജി ചെം,സി.എ.ടി.എൽ എന്നിവരുമായി കരാറിൽ ഒപ്പിട്ടു.നിലവിലുള്ള സി എം എ മോഡുലാർ വാഹനങ്ങൾക്കും പുതുതായി വരാനിരിക്കുന്ന എസ്.പി.എ ടു വാഹനങ്ങൾക്കും ആഗോളതലത്തിൽ ബാറ്ററി മൊഡ്യൂളുകൾ ലഭ്യമാക്കുന്നതാണ് കരാറുകൾ.2025 ഓടെ ആഗോളതലത്തിലെ കാർ വിൽപ്പനയുടെ പകുതിയും പൂർണ്ണമായും വൈദ്യുതീകരിച്ച കാറുകളാകണം എന്ന ലക്ഷ്യത്തോടെയാണ് ഈ കരാർ എന്ന് വോൾവോ കാർസ് സി.ഇ.ഓ യും പ്രസിഡന്റുമായ ഹാക്കൻ സാമുവേൽസൺ പറഞ്ഞു.
ഇലക്ട്രിക് കാറുകൾക്ക് 1.5 ലക്ഷം രൂപ വരെ ഇളവ് – ഫെയിം രണ്ടാംഘട്ടത്തിൽ
ന്യൂഡല്‍ഹി:വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച ഫെയിം പദ്ധതിയുടെ(ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഇലക്‌ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ) രണ്ടാം ഘട്ടത്തില്‍ 15 ലക്ഷം രൂപയുടെ ഇലക്ട്രിക് കാറുകൾക്ക് 1.5 ലക്ഷം രൂപയുടെ ഇൻസെന്റീവ് നൽകുന്നു.ഫെയിം രണ്ടാം ഘട്ടത്തിൽ ഇലക്ട്രിക് കാറുകൾ, ഹൈബ്രിഡ് കാറുകൾ, ഇലക്ട്രിക് ബസ്സുകൾ, ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ, ഇ-റിക്ഷകൾ തുടങ്ങിയ വാഹനങ്ങള്‍ക്കു സബ്സിഡി അനുവദിക്കുന്നതിനു മാത്രം 8596 കോടിയാണു മാറ്റിവച്ചിരിക്കുന്നത്. 15 ലക്ഷത്തിലേറെ വാഹനങ്ങള്‍ക്കു 3 വര്‍ഷം നീളുന്ന രണ്ടാം ഘട്ടത്തില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. വാഹനങ്ങള്‍ വാങ്ങാന്‍ സബ്സിഡി നല്‍കുന്നതിനൊപ്പം റജിസ്ട്രേഷന്‍ നിരക്ക്, പാര്‍ക്കിങ് ഫീസ് എന്നിവയില്‍ ഇളവ്, കുറഞ്ഞ ടോള്‍ നിരക്ക് എന്നിവയും ഇ- വാഹനങ്ങള്‍ക്കായി പരിഗണിക്കുന്നുണ്ട്.മോട്ടര്‍വാഹന ആക്‌ട് അനുസരിച്ചു റജിസ്റ്റര്‍ ചെയ്ത ഇലക്‌ട്രോണിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കും ബസുകള്‍ക്കും മാത്രമാണു സബ് സിഡി അനുവദിക്കുക.
സബ്‌സിഡി ആനുകൂല്യങ്ങൾ ഇങ്ങനെ:
*ഇരുചക്ര വാഹനങ്ങള്‍:
സബ്സിഡി ആനുകൂല്യം ലഭിക്കുക 10 ലക്ഷം വാഹനങ്ങള്‍ക്ക്
ബാറ്ററി വലുപ്പം- 2 കിലോവാട്ട്
സബ്സിഡി -20,000 രൂപ
വാഹനത്തിന്റെ പരമാവധി വില-1.5 ലക്ഷം
*ഇ-റിക്ഷകള്‍(മുച്ചക്ര വാഹനങ്ങള്‍):
സബ്സിഡി ആനുകൂല്യം ലഭിക്കുക 5 ലക്ഷം വാഹനങ്ങള്‍ക്ക്
ബാറ്ററി വലുപ്പം- 5 കിലോവാട്ട്
സബ്സിഡി -50,000 രൂപ
വാഹനത്തിന്റെ പരമാവധി വില-5 ലക്ഷം
*ഫോര്‍ വീല്‍ വാഹനങ്ങള്‍:
സബ്സിഡി ആനുകൂല്യം ലഭിക്കുക 35,000 വാഹനങ്ങള്‍ക്ക്
ബാറ്ററി വലുപ്പം- 15 കിലോവാട്ട്
സബ്സിഡി – 1.5 ലക്ഷം രൂപ
വാഹനത്തിന്റെ പരമാവധി വില-15 ലക്ഷം
*ഫോര്‍ വീല്‍ ഹൈബ്രിഡ് വാഹനങ്ങള്‍:
സബ്സിഡി ആനുകൂല്യം ലഭിക്കുക 20,000 വാഹനങ്ങള്‍ക്ക്
ബാറ്ററി വലുപ്പം- 1.3 കിലോവാട്ട്
സബ്സിഡി -13,000 രൂപ
വാഹനത്തിന്റെ പരമാവധി വില -15 ലക്ഷം
*ഇ-ബസ്
സബ്സിഡി ആനുകൂല്യം ലഭിക്കുക 7090 എണ്ണത്തിന്
ബാറ്ററി വലുപ്പം- 250 കിലോവാട്ട്
സബ്സിഡി -50 ലക്ഷം രൂപ
വാഹനത്തിന്റെ പരമാവധി വില- 2 കോടി രൂപ