ഹൈദരാബാദ്:ആന്ധ്രായിലെ ചിറ്റൂരിൽ വാഹനാപകടത്തിൽ നാല് കാസർകോഡ് സ്വദേശികൾ മരിച്ചു.നാലുപേർക്ക് പരിക്കേറ്റു. കാസർകോഡ് കുമ്പള സ്വദേശികളായ ബാദ്വീർ ഗെട്ടി,മഞ്ചപ്പ ഗെട്ടി,സദാശിവം,ഗിരിജ എന്നിവരാണ് മരിച്ചത്.പരിക്കേറ്റ നാലുപേരിൽ ഒരാളുടെ നില ഗുരുതരമാണ്.
മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം:തെക്കൻ തമിഴ്‌നാടിനും ശ്രീലങ്കയ്‌ക്കുമിടയിൽ ന്യൂനമർദ മേഖല രൂപപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.2.6 മീറ്റർ മുതൽ 3.2 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പിലുണ്ട്.കന്യാകുമാരി മേഖലയിലേക്ക് അടുത്ത 36 മണിക്കൂർ മത്സ്യബന്ധനത്തിനായി പോകരുതെന്നാണ് നിർദേശം. കടലിൽ 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിക്കാൻ സാധ്യയുള്ളതിനാലാണിത്. അടുത്ത 36 മണിക്കൂർ നേരത്തേക്ക് കന്യാകുമാരി,ശ്രീലങ്ക, ലക്ഷദ്വീപ്,തിരുവനന്തപുരം ഉൾക്കടലിൽ മൽസ്യബന്ധനം നടത്തരുതെന്ന് ജില്ലാ കലക്റ്റർ വാസുകി അറിയിച്ചു.തീരദേശമേഖലയിൽ ജാഗ്രത പുലർത്താൻ റെവന്യൂ,ഫിഷറീസ് വകുപ്പുകൾക്കും കോസ്റ്റൽ പോലീസിനും നിർദേശം നൽകിയിട്ടുണ്ട്.
തളിപ്പറമ്പിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു
കണ്ണൂർ:തളിപ്പറമ്പിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു.എസ്എഫ്ഐ നേതാവ് ഞാറ്റുവയൽ സ്വദേശി എൻ.വി കിരണിനാണ്(19) കുത്തേറ്റത്.ഇന്ന് പുലർച്ചെ നാലുമണിയോട് കൂടി തൃച്ചംബരം ഡ്രീം പാലസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചാണ് കുത്തേറ്റത്.നെഞ്ചിനും കാലിനും പരിക്കേറ്റ ഇയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കോ-ഓപ്പറേറ്റീവ് കോളേജ് എസ്എഫ്ഐ കോളജ് യുണിറ്റ് ജോയിന്റ് സെക്രെട്ടറിയും യൂണിയൻ ജനറൽ സെക്രെട്ടറിയുമാണ് കിരൺ.അക്രമത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് എസ്എഫ്ഐ പ്രാദേശിക നേതൃത്വം ആരോപിച്ചു.സംഭവവുമായി ബന്ധപ്പെട്ട നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.അക്രമത്തിനു പിന്നിൽ പതിനഞ്ചംഗ സംഘമാണെന്നാണ് വിവരം.
ഷുഹൈബ് വധക്കേസ് പ്രതികളെ സിപിഎമ്മിൽ നിന്നും പുറത്താക്കി
കണ്ണൂർ:യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എടയന്നൂരിലെ ശുഹൈബിന്റെ കൊലപാതകത്തിൽ പ്രതികളായ പ്രവർത്തകരെ സിപിഎമ്മിൽ നിന്നും പുറത്താക്കി. ഇന്ന് കണ്ണൂരിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് കേസിലെ പ്രതികളായ നാല് പ്രവർത്തകരെ പുറത്താക്കിയത്. എം.വി. ആകാശ്, ടി.കെ. അസ്കർ, കെ. അഖിൽ, സി.എസ്. ദീപ്ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടി.മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.ശുഹൈബ് വധവുമായി സിപിഎമ്മിനു ബന്ധമില്ലെന്ന് കോടിയേരി ബാലകൃഷ്ണനും കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാൽ പാർട്ടി പ്രവർത്തകരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നതെന്നും ഇവർക്കെതിരേ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞിരുന്നു.
കണ്ണൂരിൽ സ്ഥാപിച്ച കൊലപാതക ദൃശ്യങ്ങൾ അടങ്ങിയ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാൻ ജില്ലാ പോലീസ് മേധാവി നിർദേശം നൽകി
കണ്ണൂർ:കണ്ണൂരിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കൊലപാതക ദൃശ്യങ്ങൾ അടങ്ങിയ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാൻ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം പോലീസ് സ്റ്റേഷനുകൾക്ക് നിർദേശം നൽകി.വഴിയരികിലെ ഇത്തരം ദൃശ്യങ്ങൾ കുട്ടികളിലും സ്ത്രീകളിലും ഗുരുതര മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായുള്ള പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.ഇതേ തുടർന്ന് ജില്ലാ ഭരണകൂടവുമായി ആലോചിച്ച ശേഷമാണ് ഫ്ലെക്സുകൾ നീക്കാൻ ധാരണയായത്.അതേസമയം പരിപാടികളുടെ ഭാഗമായി സ്ഥാപിച്ച ഫ്‌ളെക്‌സുകളോ ബോർഡുകളോ നീക്കം ചെയ്യില്ലെന്നും മേധാവി വ്യക്തമാക്കി.ഏറ്റവും കൂടുതൽ ഫ്ലെക്സുകൾ സ്ഥാപിച്ച കണ്ണൂർ ജില്ലാ ആസ്ഥാനത്തെ ഫ്ളക്സുകൾ രണ്ടു ദിവസത്തിനകം നീക്കം ചെയ്യുമെന്ന് കണ്ണൂർ ടൌൺ പോലീസ് അറിയിച്ചു.
സിപിഎം കണ്ണൂർ ജില്ലാ സെക്രെട്ടറിയേറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു
കണ്ണൂർ:സിപിഎം കണ്ണൂർ ജില്ലാ സെക്രെട്ടറിയേറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു.യുവനിരയ്ക്ക് പ്രാതിനിധ്യം നൽകി 11 അംഗ സെക്രട്ടറിയേറ്റിനെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.പി. ജയരാജന്‍, എം. പ്രകാശന്‍, എം. സുരേന്ദ്രന്‍, വത്സന്‍ പനോളി, എന്‍. ചന്ദ്രന്‍, കാരായി രാജന്‍ എന്നിവർ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായി തുടരും. ടി.ഐ. മധുസൂദനന്‍, പി. ഹരീന്ദ്രന്‍, ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍, പി. പുരുഷോത്തമന്‍, പി.വി. ഗോപിനാഥ് എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയേറ്റ് അംഗങ്ങള്‍.നിലവിലെ അംഗങ്ങളായ സി. കൃഷ്ണൻ, വി. നാരായണൻ, ഒ.വി. നാരായണൻ, കെ.എം. ജോസഫ്, കെ.കെ. നാരായണൻ എന്നിവരെ ഒഴിവാക്കി. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി. കൃഷ്ണനെ നേരത്തെ ഒഴിവാക്കിയിരുന്നു.ഇന്നു രാവിലെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം എം.വി. ജയരാജന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. യോഗത്തില്‍ സിപിഎം പിബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, കെ.കെ. ശൈലജ , സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു
പാലക്കാട്:അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതി നിർദേശപ്രകാരമുള്ള ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു. മണ്ണാർക്കാട് ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം.രമേശാണ് അട്ടപ്പാടിയിലെത്തി അന്വേഷണം ആരംഭിച്ചത്.നാട്ടുകാർ മധുവിനെ പിടികൂടിയ മുക്കാലി വനമേഖലയും കൊണ്ടുനടന്ന് മർദിച്ച മറ്റു സ്ഥലങ്ങളുമെല്ലാം മജിസ്‌ട്രേറ്റ് സന്ദർശിച്ച് തെളിവെടുപ്പ് നടത്തും. മധുവിന്റെ അമ്മ മല്ലി,സഹോദരിമാർ എന്നിവരിൽ നിന്നും മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം പോലീസ് പ്രതികളെ അട്ടപ്പാടിയിലെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തിയിരുന്നു.മധുവിന്റെ മരണം ആൾക്കൂട്ട മർദ്ദനമേറ്റാണെന്നാണ് പോലീസ് വാദം. ആൾകൂട്ടം മധുവിനെ തല്ലിച്ചതച്ച് പൊലീസിന് കൈമാറുകയായിരുന്നു.പോലീസ് സ്റ്റേഷനിലേക്ക് ജീപ്പിൽ കൊണ്ടുപോകും വഴിയാണ് മധുവിന്റെ മരണം സംഭവിച്ചത്. ഇക്കാര്യത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.ഇതേകുറിച്ചും ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം നടത്തും.ക്രൂരമർദ്ദനമേറ്റാണ് മധു കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.മധുവിന്റെ ശരീരത്തിൽ അൻപതോളം മുറിവുകൾ ഉണ്ടെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ.മർദനത്തിനിടയിൽ തലയ്‌ക്കേറ്റ അടിയും മുറിവിലൂടെയുള്ള രക്തസ്രാവവുമാണ് മധുവിന്റെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തൽ.
തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തും
തിരുവനന്തപുരം:തിങ്കളാഴ്ച സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ കടകളടച്ചിട്ട് സമരം നടത്തും. വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് സമരം.സംസ്ഥാനത്ത് വാതിൽപ്പടി വിതരണം തുടങ്ങി എട്ടുമാസം കഴിഞ്ഞിട്ടും തൂക്കം ഉറപ്പുവരുത്തി റേഷൻ സാധനങ്ങൾ എത്തിച്ചു നല്കാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്ന് ഓൾ കേരള റീറ്റെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോണി നെല്ലൂർ പറഞ്ഞു.ബാങ്കിൽ നിന്നും കടമെടുത്ത പല വ്യാപാരികളും ജപ്തി ഭീഷണിയിലാണ്.ഇവയ്ക്കൊക്കെ പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.തിങ്കളാഴ്ചയിലെ ഇ-പോസ് മെഷീൻ പരിശീലന പരിപാടികളും ബഹിഷ്‌ക്കരിക്കുമെന്നും ജോണി നെല്ലൂർ വ്യക്തമാക്കി.
താവക്കരയിൽ സ്ത്രീ ഉൾപ്പെടെയുള്ള പിടിച്ചുപറി സംഘം പിടിയിൽ
കണ്ണൂർ:നഗരത്തിൽ റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ച് പിടിച്ചുപറി നടത്തുകയായിരുന്ന സംഘം പിടിയിൽ.ചെറുകുന്നിലെ കെ. രജിത(29), മണ്ണാര്‍ക്കാട്ടെ പുറമ്പോക്കില്‍ ശിവകുമാര്‍ (39), പാപ്പിനിശ്ശേരിയിലെ പണ്ണേരി സുനില്‍ (55), എളയാവൂരിലെ എം.വി.അജിത് (53) എന്നിവരെയാണ്
ടൗൺ പോലീസ് എസ്.ഐ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റ് ചെയ്തത്. മാതമംഗലം കക്കറ കിഴക്കോട്ട് ഹൗസിൽ രാജേഷിന്റെ പരാതിയിലാണ് അറസ്റ്റ്.കണ്ണൂരിൽ ട്രെയിൻ ഇറങ്ങി നടന്നു പോകുകയായിരുന്ന രാജേഷിനെ അക്രമിസംഘം തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി കീശയിൽ നിന്നും പണവും മൊബൈൽ ഫോണും തട്ടിപ്പറിക്കുകയായിരുന്നു.ഓടി രക്ഷപ്പെട്ട രാജേഷ് മറ്റൊരാളോട് കാര്യം പറയുകയും ഇയാൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് എസ്‌ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇവരെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
മതിയായ സുരക്ഷാ സംവിധാനങ്ങളും ലൈസൻസുമില്ലാതെ അനധികൃത മീൻപിടുത്തം നടത്തിയ ബോട്ടിന് 90000 രൂപ പിഴയീടാക്കി
കണ്ണൂർ:മതിയായ സുരക്ഷാ സംവിധാനങ്ങളും ലൈസൻസുമില്ലാതെ അനധികൃത മീൻപിടുത്തം നടത്തിയ ബോട്ടിന് 90000 രൂപ പിഴയീടാക്കി.16 തൊഴിലാളികളുമായി മീൻപിടുത്തം നടത്തിയ കോഴിക്കോട് സ്വദേശി ബീരാൻ കോയയുടെ ഉടമസ്ഥതയിലുള്ള വോയേജർ എന്ന ബോട്ടിനാണ് കണ്ണൂർ ഡെപ്യൂട്ടി ഡയറക്റ്റർ ഓഫ് ഫിഷറീസ് ബീന സുകുമാർ പിഴയിട്ടത്.കഴിഞ്ഞ ദിവസം കടലിൽ മൽസ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് യന്ത്രത്തകരാർ മൂലം കടലിൽ കുടുങ്ങിയിരുന്നു.ബോട്ടിനെയും ഇതിലെ ജീവനക്കാരെയും മറൈൻ എൻഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി അഴീക്കൽ തുറമുഖത്തെത്തിച്ചു.തുടർന്ന് കണ്ണൂർ ഫിഷറീസ് അസി.ഡയറക്റ്റർ കെ.അജിതയുടെ നേതൃത്വത്തിൽ ബോട്ടിൽ നടത്തിയ പരിശോധനയിൽ ജീവൻ രക്ഷ ഉപകരണങ്ങളും ലൈസന്സുമില്ലാതെയാണ് ബോട്ട് മീൻപിടുത്തം നടത്തിയതെന്ന് കണ്ടെത്തി.ഇതോടെ ബോട്ടിനു പിഴയിടുകയായിരുന്നു.പിഴ അടച്ചതിനെത്തുടർന്ന് ബോട്ട് ഉടമസ്ഥന് വിട്ടുനൽകി. ബോട്ടിലുണ്ടായിരുന്ന മൽസ്യം ലേലം ചെയ്ത് 50000 രൂപ സർക്കാരിലേക്ക് അടയ്ക്കുകയും ചെയ്തു.