മലപ്പുറം:കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ ടാങ്കർ ലോറി മറിഞ്ഞ് പാചകവാതകം ചോരുന്നു.മലപ്പുറം അരിപ്രയ്ക്കടുത്താണ് സംഭവം.അപകടത്തെ തുടർന്ന് ഇതിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.സമീപവാസികളോടെ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. രാവിലെ എട്ടുമണിയോട് കൂടി പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും എത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നുണ്ട്.
പുതുക്കിയ മദ്യനയം;പൂട്ടിയ ത്രീ സ്റ്റാർ ബാറുകളും ബിയർ-വൈൻ പാർലറുകളും തുറക്കും
തിരുവനന്തപുരം:ദേശീയ-സംസ്ഥാന പാതകളിൽ നിന്നും നിശ്ചിത ദൂരം പാലിക്കാത്തതിനാൽ പൂട്ടിയ ത്രീ സ്റ്റാർ ബാറുകളും ബിയർ-വൈൻ പാർലറുകളും ഉടൻ തുറക്കും.2018-19 വര്‍ഷത്തെ മദ്യ നയത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലാണ് ത്രീ സ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള നിര്‍ദ്ദേശവും അടങ്ങിയിരിക്കുന്നത്. നിര്‍ദ്ദിഷ്ട നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 10000ത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തിനെ പട്ടണമായി കണക്കാക്കും. സംസ്ഥാനത്തെ ഭൂരിഭാഗം ഗ്രാമങ്ങൾക്കും അതിനുമേൽ ജനസംഖ്യയുണ്ട്.കൂടാതെ ടൂറിസം മേഖലകളെയും നഗരപ്രദേശങ്ങളായി പരിഗണിച്ച് അടച്ചിട്ട എല്ലാ ബാറുകളും തുറക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ വഴിയൊരുക്കുന്നത്.കള്ളുഷാപ്പുകൾക്കും പുതിയ ഭേതഗതിയുടെ പ്രയോജനം ലഭ്യമാകും.പട്ടണത്തിന്റെ സ്വഭാവമുള്ള പഞ്ചായത്തുകളിലും ദേശീയ സംസ്ഥാന പാതകളിൽ നിന്നുള്ള ദൂരപരിധി പാലിക്കാത്ത മദ്യശാലകൾ തുടങ്ങാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.ഇത്തരം പട്ടണങ്ങൾ ഏതൊക്കെയാണെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. ദൂരപരിധി നിയമം നിലവിൽ വന്നതോടെ പൂട്ടിയ 40 ബാറുകൾക്ക് ത്രീ സ്റ്റാർ പദവി നഷ്ടമായിരുന്നു.പുതുക്കിയ മദ്യനയ പ്രകാരം ഇവയ്ക്ക് ബാർ ലൈസൻസിന് അപേക്ഷിക്കാം.
കടയുടമയെ ആക്രമിച്ച് പണവും ഫോണും കവർന്നതായി പരാതി
മട്ടന്നൂർ:കടയുടമയെ ആക്രമിച്ച് പണവും ഫോണും കവർന്നതായി പരാതി.വ്യാഴാഴ്ച രാത്രിയാണ് സംഭവം.മട്ടന്നൂർ-ഇരിട്ടി റോഡിൽ ആക്രിക്കട നടത്തുന്ന ഇല്ലംഭാഗത്തെ ആർ.കൃഷ്ണനെയാണ് കടയിലെ തൊഴിലാളിയായ ആസാം സ്വദേശി കാർത്തിക് ആക്രമിച്ചത്. രാത്രി കൂലി ചോദിച്ച് കടയിലെത്തിയ കാർത്തിക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന കൃഷ്ണനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.തുടർന്ന് ബാഗിലെ പണവും ഫോണും എടുത്ത് രക്ഷപ്പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പട്ടുവത്ത് തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്
തളിപ്പറമ്പ്:പട്ടുവത്ത് തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്.വെള്ളിയാഴ്ച രാവിലെയാണ് സംഭവം.പശു,ആട് എന്നിവയേയും നായ ആക്രമിച്ചു.സാരമായി പരിക്കേറ്റ കെ.ദേവി(59),രഞ്ജിത്ത് കിഷോർ(9)എന്നിവരെ കണ്ണൂർ ജില്ലാ ആശുപത്രിയിലും ഷിബിൻ ചന്ദ്രൻ(31),വി,സാരംഗ്(13),എം.തങ്ക(60) എന്നിവരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഭിന്ന ശേഷിക്കാരനായ ഷിബിൻ ചന്ദ്രനെ രാവിലെ എട്ടുമണിയോട് കൂടിയാണ് നായ ആക്രമിച്ചത്.പിന്നീട് ഓടി രക്ഷപ്പെട്ട നായ ഉച്ചയോടെയാണ് വീട്ടുകളിലും പറമ്പുകളിലും നിൽക്കുകയായിരുന്ന മറ്റുള്ളവരെ ആക്രമിച്ചത്.പി.മധുസൂദനൻ എന്നയാളിന്റെ പശുവിനും വാഴവളപ്പിൽ മുസ്തഫ എന്നയാളുടെ ആടിനും നായയുടെ കടിയേറ്റു.നായയെ വൈകുന്നേരത്തോടെ നാട്ടുകാർ തല്ലിക്കൊന്നു.
പ്രമുഖ മലയാള സാഹിത്യകാരൻ എം.സുകുമാരൻ അന്തരിച്ചു
തിരുവനന്തപുരം:പ്രമുഖ മലയാള സാഹിത്യകാരൻ എം.സുകുമാരൻ(74) അന്തരിച്ചു. രോഗബാധയെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിട്യൂട്ടിലായിരുന്നു അന്ത്യം.1943 ഇൽ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂരിലായിരുന്നു ജനനം.1976 ഇൽ ‘മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു.2006 ഇൽ കേന്ദ്ര സഹിഹ്യ അക്കാദമി പുരസ്‌ക്കാരവും അദ്ദേഹത്തെ തേടിയെത്തി. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയായതോടെ പഠനം അവസാനിച്ചു.പിന്നീട് കുറച്ചുകാലം ഒരു ഷുഗർ ഫാക്റ്ററിയിലും ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തിൽ പ്രൈമറി വിഭാഗം ടീച്ചറായും പ്രവർത്തിച്ചു.1963 ഇൽ തിരുവനന്തപുരത്ത് അക്കൗണ്ട് ജനറൽ ഓഫീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു.പിന്നീട് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ 1974 ഇൽ അദ്ദേഹം സർവീസിൽ നിന്നും ഡിസ്മിസ് ചെയ്യപ്പെട്ടു.മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് 1981-ൽ ശേഷക്രിയക്കും 95-ൽ കഴകത്തിനും ലഭിച്ചു. പിതൃതർപ്പണം 1992 ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം നേടി.2004 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.പാറ, ശേഷക്രിയ, ജനിതകം, അഴിമുഖം, ചുവന്ന ചിഹ്നങ്ങൾ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകം, തൂക്കുമരങ്ങൾ ഞങ്ങൾക്ക്, ചരിത്ര ഗാഥ, പിതൃതർപ്പണം, ശുദ്ധവായു, വഞ്ചിക്കുന്നം പതി, അസുരസങ്കീർത്തനം തുടങ്ങിയവയാണ് പ്രധാന കൃതികൾ.
ഫാറൂഖ് കോളേജിൽ വിദ്യാർത്ഥികളെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് അധ്യാപകർക്കെതിരെ കേസെടുത്തു
കോഴിക്കോട്:ഫാറൂക്ക് കോളേജിലെ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ മൂന്നു അധ്യാപകർക്കെതിരെ കേസെടുത്തു.അധ്യാപകരായ നിഷാദ്, സാജിർ, യൂനുസ് എന്നിവർക്കെതിരേയാണ് കേസെടുത്തത്. ലാബ് അസിസ്റ്റന്‍റിനെ കാർ ഇടിച്ച് പരിക്കേൽപ്പിച്ചതിന് വിദ്യാർഥിക്കെതിരേയും കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.കോളേജിലെ ഹോളി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അഞ്ചു വിദ്യാർത്ഥികൾക്കും ഒരു ജീവനക്കാരനും പരിക്കേറ്റിരുന്നു. വിദ്യാർഥികളുടെ കാറിടിച്ച് പരിക്കേറ്റ ലബോറട്ടറി അസിസ്റ്റന്‍റ് എ.പി. ഇബ്രാഹിം കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വേളാങ്കണ്ണിയിൽ വാഹനാപകടത്തിൽ മൂന്നുമലയാളികൾ മരിച്ചു
ചെന്നൈ:വേളാങ്കണ്ണിയിൽ വാഹനാപകടത്തിൽ മൂന്നുമലയാളികൾ മരിച്ചു.പാലക്കാട് ചിറ്റൂർ സ്വദേശികളായ കൃഷ്ണവേണി, ദിലീപ്, അറുമുഖ സ്വാമി എന്നിവരാണ് മരിച്ചത്.രണ്ടുപേർക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.കാറിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്.പരിക്കേറ്റ ഭഗവത്,തരണി എന്നിവരെ നാഗപട്ടണത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വേളാങ്കണ്ണിയിലെ ക്ഷേത്ര ദർശനത്തിനു ശേഷം കാരക്കലിലെ ഒരു ക്ഷേത്രത്തിലേക്ക് പോകവെയായിരുന്നു അപകടം.
കൊല്ലം ചാത്തന്നൂരിൽ കെഎസ്ആർടിസി ബസ് സ്‌കൂട്ടറിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു
കൊല്ലം:കൊല്ലം ചാത്തന്നൂരിൽ കെഎസ്ആർടിസി ബസ് സ്‌കൂട്ടറിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു.ചാത്തന്നൂര്‍ എറു കൊല്ലന്റഴി വീട്ടില്‍ ഷിബു ശിവാന്ദന്‍ (40) ഭാര്യ ഷിജി ശിവാനാന്ദന്‍ (35) മകന്‍ ആദിത്യന്‍ എന്ന അനന്തു (10) എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു മകന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കാറിടിച്ച് സ്കൂട്ടറിൽ നിന്നും വീണ ഇവരുടെ ദേഹത്ത് അമിത വേഗതയിൽ വന്ന കെഎസ്ആർടിസി ബസ് കയറിയിറങ്ങുകയായിരുന്നു.അപകടം നടന്ന ഉടന്‍ മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിജിയും അനന്ദുവും കൊട്ടിയം കിംസ് ആശുപത്രിയിലും ഷിബു പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും വെച്ച് മരിച്ചു. മൃതദേഹങ്ങള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തേനിയിലെ കാട്ടുതീ;മരിച്ചവരുടെ എണ്ണം 15 ആയി
തേനി:തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. കാട്ടുതീയില്‍ അകപ്പെട്ട് തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ് മധുരയിലെ കെന്നറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശക്തികല (40)ആണ് ഇന്ന് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് തേനി ബോഡിനായ്ക്കന്നൂരിന് സമീപം കൊരങ്ങിണി വനമേഖലയില്‍ ദുരന്തമുണ്ടായത്. ചെന്നെയിലെ ഐ.ടി. കമ്ബനി ജീവനക്കാരുള്‍പ്പെടെ 37 അംഗം ട്രക്കിംഗ് സംഘം മൂന്നാറിലെ മീശപ്പുലിമലയില്‍ നിന്ന് കൊളുക്കുമല വഴി ബോഡിനായ്ക്കന്നൂരിലേക്ക് വരുമ്ബോള്‍ ചെങ്കുത്തായ മലഞ്ചെരുവിലെ കാട്ടുതീയില്‍ അകപ്പെടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് ഒന്‍പത് പേരും തൊട്ടടുത്തദിവസം മധുരയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ച് പേരും മരിച്ചിരുന്നു.
ബോംബ് ഭീഷണി;ചെന്നൈ വിമാനത്താവളത്തിൽ അതീവ ജാഗ്രത നിർദേശം
ചെന്നൈ:ബോംബ് ഭീഷണിയെ തുടർന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതീവ ജാഗ്രത നിർദേശം.ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും പ്രതിരോധ മന്ത്രി നിർമല സീതാരാമനും ചെന്നൈയിൽ എത്തുന്നതിന് മണിക്കൂറുകൾ മുമ്പാണ് ഭീഷണി സന്ദേശമെത്തിയത്.ഹൈദരാബാദിനും ചെന്നൈയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ഒരു വിമാനക്കമ്പനിയുടെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്യുകയായിരുന്നു.