ചാലാട്:ചക്കാട്ടേപീടികയിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുവിഭാഗത്തിലുംപെട്ട മൂന്നുപേർക്ക് പരിക്കേറ്റു.സിപിഎം പ്രവർത്തകരായ ദീപക്(27),ശരത്ത്(27),ബിജെപി പള്ളിക്കുന്ന് ഡിവിഷൻ സെക്രെട്ടറി പ്രവീൺ(28),എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സിപിഎം പ്രവർത്തകരെ കണ്ണൂർ എ കെ ജി ആശുപത്രിയിലും ബിജെപി പ്രവർത്തകനെ കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി പത്തുമണിയോടുകൂടിയാണ് സംഭവം.കണ്ണൂർ എസ്‌ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ സംസാരിച്ച ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
കണ്ണൂർ:ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ സംസാരിച്ച ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു.മോട്ടോർ വാഹന വകുപ്പാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ഇയാളിൽ നിന്നും 1000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ മൊബൈലിൽ സംസാരിക്കുന്നത് കണ്ട യാത്രക്കാർ ഇത് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ സംസാരം തുടരുകയായിരുന്നു. പിന്നീട് കണ്ടക്റ്ററോട് ഇതേ കുറിച്ച് പരാതിപ്പെട്ടെങ്കിലും ചിരിച്ചുതള്ളുകയായിരുന്നു.തുടർന്ന് ഇയാൾ ഫോണിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ യാത്രക്കാർ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു.ദൃശ്യങ്ങൾ വൈറലായതോടെ ട്രാൻസ്‌പോർട് കമ്മീഷണർ,കലക്റ്റർ,ആർടിഒ എന്നിവർ ഇടപെട്ടു. തുടർന്നാണ് ജോയിന്റ് ആർടിഒ എ.കെ രാധാകൃഷ്‌ണൻ നടപടി സ്വീകരിച്ചത്.
ചെങ്ങളായിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു
ശ്രീകണ്ഠപുരം:ചെങ്ങളായി മാവിലംപാറയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. കുളത്തൂര്‍ മാവിലം പാറയിലെ പരേതനായ കുട്ടപ്പന്റെ ഭാര്യ ഇടത്തൊട്ടിയില്‍ തങ്കമ്മ (72) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ണൂരിലെ മലയോര മേഖലകളിൽ കനത്ത മഴയും കാറ്റും ഇടിമിന്നലുമാണ് അനുഭവപ്പെടുന്നത്.മഴ പെയ്യുന്നതു കണ്ട് വീട്ടിനകത്തു നിന്നും വരാന്തയിലേക്ക് വന്നപ്പോഴാണ് തങ്കമ്മയ്ക്ക് മിന്നലേറ്റത്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.മിന്നലേറ്റ ഉടനെ തങ്കമ്മയെ തളിപ്പറമ്പിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്:പരേതനായ കുട്ടപ്പൻ,മക്കള്‍: മോഹനന്‍, സുശീല, ലീന, മധു. മരുമക്കള്‍: രാധാമണി, ബാലകൃഷ്ണന്‍, സത്യന്‍, ഷീജ.
സ്കൂളുകളിലും കോളേജുകളിലും ഇനി മുതൽ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്
കൊച്ചി:സ്കൂളുകളിലും കോളേജുകളിലും ഇനി മുതൽ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്.പാഠ്യപദ്ധതികളിൽ നിന്നും തന്റെ രചനകളെ ഒഴിവാക്കണമെന്നും തന്റെ കവിതകളിൽ ഗവേഷണം അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പട്ടു.ഭാഷയും സാഹിത്യവും പഠിപ്പിക്കാൻ അറിവില്ലാത്തവർ അദ്ധ്യാപകരാകുന്ന സാഹചര്യത്തിലാണ് ഈ ആവശ്യമുന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വിദ്യാർത്ഥികൾക്ക് വാരിക്കോരി മാർക്ക് നൽകുന്നതിലും അറിവും കഴിവും ഇല്ലാത്ത അദ്ധ്യാപകരെ കോഴ വാങ്ങി കോഴ വാങ്ങി നിയമിക്കുന്നതിലും പ്രതിഷേധിച്ചാണ് ചുള്ളിക്കാടിന്‍റെ ഈ നിലപാട്.
കാലിത്തീറ്റ കുംഭകോണം;നാലാമത്തെ കേസിലും ലാലു കുറ്റക്കാരനെന്ന് കോടതി
ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി. കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലാണ് വിധി. അതേസമയം, കേസില്‍ പ്രതികളായിരുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം അഞ്ചു പേരെ കോടതി കുറ്റവിമുക്തരാക്കി. ദുംക ട്രഷറിയില്‍ നിന്നും 1995 നും 96 നും ഇടയില്‍ 3.13 കോടി രൂപ വ്യാജ ബില്ലുകളും വൗച്ചറുകളും നല്‍കി അനധികൃതമായി പിന്‍വലിച്ച കേസിലാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ഉത്തരവ്. കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യ കേസില്‍ അഞ്ച് വര്‍ഷവും രണ്ടാമത്തെ കേസില്‍ മൂന്നര വര്‍ഷവും മൂന്നാമത്തെ കേസില്‍ അഞ്ച് വര്‍ഷവും ലാലുവിന് കോടതി ശിക്ഷ വിധിച്ചിരുന്നു.കുംഭകോണവുമായി ബന്ധപെട്ട് ഇനി രണ്ട് കേസുകള്‍ കൂടി കോടതിയുടെ പരിഗണനയിലുണ്ട്.അസുഖബാധിതനായ ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍ നിന്നാണ് ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയിലെത്തിയത്.ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ കഴിയവെയാണ് അസുഖബാധിതനായി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
കണ്ണൂരിൽ വയോധികയ്ക്ക് ചെറുമകളുടെ ക്രൂരമർദനം;ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ;പോലീസ് സ്വമേധയാ കേസെടുത്തു
കണ്ണൂര്‍: ആയിക്കരയില്‍ തൊണ്ണൂറുകാരിയായ വയോധികക്ക് ചെറുമകളുടെ ക്രൂരമര്‍ദ്ദനം. മുത്തശ്ശിയെ ചെറുമകള്‍ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുത്തു. ആയിക്കരയിലെ കല്യാണിയമ്മ എന്ന വയോധികയ്ക്കാണ് പേരമകളുടെ ക്രൂര മര്‍ദ്ദനം നിരന്തരമായി ഏല്‍ക്കേണ്ടി വന്നത്.സംഭവം അറിഞ്ഞ കണ്ണൂര്‍ പൊലീസ് വീട്ടിലെത്തി വയോധികയുടെ മൊഴിയെടുക്കുകയും പേരമകള്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. വയോധികയെ സ്ഥിരമായി മർദിക്കാറുണ്ടെന്നും തടയാന്‍ പോയാല്‍ തങ്ങള്‍ക്ക് നേരെയും ആക്രമണത്തിന് വരുമെന്നും അസഭ്യവര്‍ഷം നടത്തുമെന്നും അയല്‍ക്കാര്‍ പറഞ്ഞു.കണ്ണൂര്‍ സിറ്റി പൊലീസാണ് തുടര്‍ നടപടി സ്വീകരിച്ചത്.ഇതിന് പിന്നാലെ പൊതുപ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് വയോധികയെ ആശുപത്രിയിലേക്ക് മാറ്റി. ദീപ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീയാണ്. അവരും മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്നു എന്നാണ് അറിയുന്നത്. ഈ നിലയില്‍ വയോധികയെ ഉപദ്രവിക്കുകയായിരുന്നു എന്ന സംശയമുണ്ട്.ഭര്‍ത്താവ് വിട്ടുപോയതോടെ സാമ്ബത്തിക നില മോശമായതോടെയാണ് ഇവര്‍ വലിയ പ്രതിസന്ധിയിലും മാനസിക സംഘര്‍ഷത്തിലുമാണെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. വയോധികയെ സുരക്ഷിതമായ മറ്റൊരു അഭയകേന്ദ്രത്തിലേക്ക് മാറ്റാനും ദീപയ്ക്ക് ജീവിത സാഹചര്യം ഒരുക്കാനും ആണ് ആലോചിക്കുന്നതെന്ന് പൊതുപ്രവര്‍ത്തകര്‍ പറയുന്നു. ദീപയുടെ കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും ഇടപെടല്‍ ഉണ്ടാവുമെന്നും അവര്‍ അറിയിച്ചു.
കൊച്ചിയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
കൊച്ചി:എറണാകുളം പുത്തൻവേലിക്കരയിൽ 60 വയസുകാരിയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻവേലിക്കരയിൽ ഡേവിസിന്‍റെ ഭാര്യ മോളിയാണ് മരിച്ചത്.വീട്ടിൽ മോളിയും ഭിന്നശേഷിക്കാരനായ മകനുമാണ് താമസം.ഇന്ന് രാവിലെ മകനാണ് അമ്മ മരിച്ചു കിടക്കുന്ന കാര്യം അയല്പക്കത്തെ വീട്ടുകാരെ അറിയിച്ചത്.തുടർന്ന് അയൽവാസികൾ എത്തി നോക്കിയപ്പോഴാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്.ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ചെന്നൈയിൽ വാഹനാപകടത്തിൽ മലയാളി യുവതിയടക്കം നാല് ഐടി ജീവനക്കാർ മരിച്ചു
ചെന്നൈ:ചെന്നൈയിൽ വാഹനാപകടത്തിൽ മലയാളി യുവതിയടക്കം നാല് ഐടി ജീവനക്കാർ മരിച്ചു.ചെന്നൈക്കടുത്ത് ചെങ്കൽപേട്ടിലാണ് അപകടം നടന്നത്.അപകടത്തിൽ ഒറ്റപ്പാലം കല്ലുവഴി മേലേവടക്കേമഠത്തിൽ എം.വി മുരളീധരൻ നായരുടെയും ദീപയുടെയും മകൾ ഐശ്വര്യ(22),ആന്ധ്രാ സ്വദേശിനി മേഘ(23),തിരുപ്പൂർ സ്വദേശി ദീപൻ ചക്രവർത്തി(22),നാമക്കൽ സ്വദേശി പ്രശാന്ത് കുമാർ(23) എന്നിവരാണ് മരിച്ചത്.തിരുവനന്തപുരം സ്വദേശിനി അഖില, ചെന്നൈ സ്വദേശി ശരത്ത് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ സോണി എറിക്സണിൽ ജോലിചെയ്തിരുന്ന ഇവർ ആറുപേരും പുതുച്ചേരിയിൽ പോയി മടങ്ങുബോൾ ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്.ഇന്തോനേഷ്യയില്‍ ബിസിനസ് നടത്തുന്ന ഒറ്റപ്പാലം കല്ലുവഴി മേലെ വടക്കേമഠത്തില്‍ എംവി മുരളീധരന്‍ നായരുടെയും ദീപയുടെയും മകളായ ഐശ്വര്യ നായര്‍ എട്ട് മാസം മുന്‍പാണ് എറിക്സണില്‍ സോഫ്‌റ്റ്‌വെയർ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചത്. ബെംഗളൂരുവില്‍ ഡോക്ടറായ അഞ്ജലി ഏക സഹോദരിയാണ്. അപകടവിവരമറിഞ്ഞ് ഐശ്വര്യയുടെ മാതാപിതാക്കള്‍ ഇന്തോനേഷ്യയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
കൂട്ടുപുഴയിൽ സ്വകാര്യ ബസ്സിൽ നിന്നും വെടിയുണ്ടകൾ പിടികൂടി
ഇരിട്ടി:കൂട്ടുപുഴയിൽ സ്വകാര്യ ബസ്സിൽ നിന്നും വെടിയുണ്ടകൾ പിടികൂടി.ബസ്സിന്റെ ബെർത്തിൽ സൂക്ഷിച്ച നിലയിലാണ് പത്തു വെട്ടിയുണ്ടകൾ കണ്ടെടുത്തത്.കർണാടകയിൽ നിന്നും വരികയായിരുന്ന സ്വകാര്യ ബസ്സിൽ കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്റ്റർ സച്ചിതാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകൾ പിടികൂടിയത്.ഉടമസ്ഥരില്ലാത്ത നിലയിലായിരുന്നു ഇവ.വിൽപ്പന നികുതി ചെക്ക് പോസ്റ്റ് നിർത്തലാക്കിയതോടെ അതിർത്തി കടന്ന് വൻതോതിൽ കുഴൽപ്പണവും നിരോധിത ഉൽപ്പനങ്ങളും എത്തുന്നുണ്ട്.കഴിഞ്ഞ ദിവസം ഇരിട്ടി എസ്ഐയുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ ബെഗളൂരുവിൽ നിന്നും വരികയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്സിൽ നിന്നും ഒരു കോടി രൂപയുടെ കുഴൽപ്പണം പിടികൂടിയിരുന്നു.
ഉറങ്ങിക്കിടന്ന അന്യസംസ്ഥാന തൊഴിലാളികൾ ബസ് കയറി മരിച്ചു
പാലക്കാട്:മണ്ണാർക്കാട് ഉറങ്ങിക്കിടക്കുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ബസ് കയറി മരിച്ചു.ജാർഖണ്ഡ് സ്വദേശികളാണ് മരിച്ചത്.ബസിനടിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവർ.ഇതറിയാതെ ഡ്രൈവർ ബസ് എടുത്തപ്പോഴാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു. മണ്ണാർക്കാട് കുന്തിപ്പുഴയിലെ മൈതാനത്ത് സ്വകാര്യ ബസ്സുകൾ നിർത്തിയിടുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.കുഴൽക്കിണർ ജോലിക്കായി എത്തിയതാണ് ഇവർ.രാവിലെ ബസ് എടുത്തപ്പോൾ ഇവരുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.എന്നാൽ ഏറെ വൈകിയാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇവരെ നാട്ടുകാർ കണ്ടത്.ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ ഒരാളെ മണ്ണാർക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അതേസമയം അപകട വിവരം ബസ് ജീവനക്കാർ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന.ബസിന്റെ വിവരങ്ങളെല്ലാം പോലീസ് ശേഖരിച്ചു വരികയാണ്.സമീപത്തെ പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.