പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടു. പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 8 മണിയോടെ മേപ്രാലിൽ വച്ചാണ് സംഭവം.നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരക്കിലോമീറ്റർ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗസംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.കഴുത്തിലും നെഞ്ചിലും കുത്തേറ്റ സന്ദീപ് സമീപത്തുള്ള വയലിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമി സംഘം പുറകേ ചെന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യക്തി വൈരാഗ്യമാവാം കൊലപാതകത്തിന് കാരണമെന്നാണ് സൂചന.സന്ദീപിന്റെ നാട്ടുകാരനായ ജിഷ്ണു എന്ന യുവാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത് എന്നാണ് വിവരം.ജയിലിൽ കഴിയുകയായിരുന്ന ജിഷ്ണു ദിവസങ്ങൾക്ക് മുൻപാണ് പുറത്തിറങ്ങിയത്. ജിഷ്ണുവിന്റെ അച്ഛൻ തിരുവല്ലയിലെ സിഐടിയു പ്രവർത്തകനാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഒമിക്രോൺ; പ്രത്യേക വാക്സിനേഷൻ യജ്ഞവുമായി സംസ്ഥാന സർക്കാർ; വാക്സിനെടുക്കാത്തവർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി സംസ്ഥാന സർക്കാർ.ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കൊറോണ വാക്സിനേഷൻ യജ്ഞം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഡിസംബർ ഒന്ന് മുതൽ പതിനഞ്ച് വരെ പ്രത്യേക വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കാൻ തീരുമാനിച്ചത്.വാക്സിൻ 84 ദിവസം കഴിഞ്ഞും കോവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. നിശ്ചിത ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി ഫീൽഡ് തലത്തിലെ ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ വീട്ടിലെത്തി വാക്സിനെടുക്കാനായി അവബോധം നൽകും.അതേസമയം വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിന് ശേഷം സംസ്ഥാനത്തെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള നാല് ദിവസങ്ങളിൽ ഒന്നും രണ്ടും ഡോസും ഉൾപ്പെടെ 4.4 ലക്ഷം പേർ വാക്സിനെടുത്തപ്പോൾ ശനിയാഴ്ച മുതലുള്ള നാല് ദിവസങ്ങളിൽ 6.25 ലക്ഷം പേർ വാക്സിനെടുത്തിട്ടുണ്ട്. ആദ്യ ഡോസ് വാക്സിനേഷൻ 36,428 പേരിൽ നിന്നും 57,991 ആയും രണ്ടാം ഡോസ് 4.03 ലക്ഷം ഡോസിൽ നിന്നും 5.67 ലക്ഷം ഡോസായും വർധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 8 ലക്ഷത്തോളം ഡോസ് വാക്സിന്‍ സ്റ്റോക്കുണ്ട്. വാക്സിനേഷന്‍ യജ്ഞത്തിനായി കൂടുതല്‍ ഡോസ് വാക്സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.കോവിഡ് വാക്സിന്‍ കോവിഡ് അണുബാധയില്‍ നിന്നും ഗുരുതരാവസ്ഥയില്‍ നിന്നും സംരക്ഷിക്കുമെന്ന് തെളിയിച്ചതാണ്. അനാവശ്യ കാരണം പറഞ്ഞ് വാക്സിനെടുക്കാത്തവര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ ഏറെ ജാഗ്രത പുലര്‍ത്തണം. ഇനിയും വാക്സിന്‍ എടുക്കാനുള്ളവരും വിദേശത്ത് നിന്നും വരുന്നവരില്‍ വാക്സിന്‍ എടുക്കാനുള്ളവരും ഉടന്‍ വാക്സിന്‍ സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ജവാദ് ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് തീരം തൊടും; ഒഡീഷ തീരത്ത് ജാഗ്രതാ നിര്‍ദേശം
ഭുവനേശ്വർ:ജവാദ് ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് തീരം തൊടും.ചുഴലിക്കാറ്റിന്‍റെ സാധ്യത കണക്കിലെടുത്ത് ഒഡീഷ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.ഒഡീഷയില്‍ ഡിസംബര്‍ മൂന്നു മുതല്‍ കനത്ത മഴക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഡിസംബര്‍ നാലിന് ജവാദ് ചുഴലിക്കാറ്റ് ഒഡീഷ-ആന്ധ്ര തീരത്ത് കൂടി കരയില്‍ തൊടുമെന്നാണ് നിഗമനം. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ മണിക്കൂറില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. ആന്തമാനിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശക്തിയേറിയ ന്യൂനമര്‍ദം നിലനില്‍ക്കുന്നുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളില്‍ അത് തീവ്ര ന്യൂനമര്‍മായി മാറും. മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍വെച്ച് ജവാദ് വീണ്ടും ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി രൂപമാറുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.ജാഗ്രതാ നിര്‍ദേശത്തിന് പിന്നാലെ ഒഡീഷ സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്താനും ക്രമീകരണങ്ങള്‍ ചെയ്യാനും ജില്ല കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 13 ജില്ലകളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ദേശീയ ദുരന്ത പ്രതിരോധ സേനക്കും ഒഡീഷ ദുരന്ത പ്രതികരണ സേനക്കും അഗ്നിശമനസേനക്കും ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂരില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും
കണ്ണൂർ: കണ്ണൂരില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും.വിലക്കയറ്റം നിയന്ത്രിക്കുന്നതിനു വേണ്ടിയും ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി എല്ലാ താലൂക്കുകളിലുമാണ് വണ്ടി സഞ്ചരിക്കുക .കണ്ണൂര്‍ താലൂക്ക്തല ഉദ്ഘാടനം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്ത് നിര്‍വ്വഹിക്കും.പയ്യന്നൂര്‍ താലൂക്കിന്റെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ടി.ഐ മധുസൂദനന്‍ എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്യും.
പെരിയ ഇരട്ടക്കൊലപാതകം; അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എറണാകുളം സിജെഎം കോടതിയിലാണ് പ്രതികളെ ഹാജരാക്കുന്നത്. സുരേന്ദ്രന്‍, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ്, രാജു എന്നിവരെയാണ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്ത ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തി, ആയുധങ്ങള്‍ എത്തിച്ചു, കൊല്ലപ്പെട്ടവരുടെ യാത്രവിവരങ്ങള്‍ കൃത്യം നടത്തിയവർക്ക് കൈമാറി തുടങ്ങിയവയാണ് ഇവര്‍ക്കെതിരായ കണ്ടെത്തലുകള്‍.അറസ്റ്റിലായ രാജു കാസര്‍കോട് ഏച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറിയാണ്. നേരത്തേ കേസുമായി ബന്ധപ്പെട്ട് 14 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തിരുന്നത്. ഇത് വരെ കേസുമായി ബന്ധപ്പെട്ട് 19 പേരാണ് അറസ്റ്റിലായത്. ഇതില്‍ രണ്ടുപേര്‍ ജാമ്യത്തിലാണ്. 2019 ഫെബ്രുവരി 17ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കാസര്‍കോട് കല്യോട്ട് വച്ച് ബൈക്കില്‍ പോകുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഡിസംബര്‍ 16,17 തീയതികളിൽ അഖിലേന്ത്യ ബാങ്ക് പണിമുടക്ക്
ന്യൂഡല്‍ഹി: ഡിസംബര്‍ 16,17 തീയതികളിൽ അഖിലേന്ത്യ ബാങ്ക് പണിമുടക്ക്.രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ശിപാര്‍ശയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഒന്‍പത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യു.എഫ്.ബി.യു ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.പണിമുടക്കിന് മുന്നോടിയായി എം.പിമാര്‍ക്ക് നിവേദനം നല്‍കാനും സംസ്ഥാന ഭരണസിരാകേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും യു.എഫ്.ബി.യു തീരുമാനിച്ചിട്ടുണ്ട്. ഐ.ഡി.ബി.ഐ ബാങ്കിനെ സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചു. ബാങ്കിങ് നിയമ ഭേദഗതികള്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ കൊണ്ടുവരാന്‍ പോകുന്നു എന്നതും ബാങ്ക് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. ബില്ലുകള്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്ന ദിവസം പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധ പരിപാടികള്‍ നടത്താനും യു.എഫ്.ബി.യു തീരുമാനമെടുത്തിട്ടുണ്ട്.
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന് തമിഴ്നാട്; വീടുകളില്‍ വെള്ളം കയറി
ഇടുക്കി:മുല്ലപ്പെരിയാറിന്‍റെ ഷട്ടറുകള്‍ രാത്രി മുന്നറിയിപ്പില്ലാതെ തുറന്ന് തമിഴ്നാട്.ജലനിരപ്പ് 142 അടിയില്‍ എത്തിയതോടെയാണ് മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകൾ രാത്രിയിൽ മുന്നറിയിപ്പില്ലാതെ വീണ്ടും തുറന്നത്. പുലർച്ചെ രണ്ടരയ്ക്കും മൂന്നരക്കുമായാണ് 8 ഷട്ടറുകൾ തുറന്നത്. അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ 60 സെന്‍റീമീറ്ററും ബാക്കിയുള്ളവ 30 സെന്‍റീമീറ്ററുമാണ് ഉയര്‍ത്തിയത്. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ കടത്തിക്കാട്, മഞ്ചുമല മേഖലകളിൽ വീടുകളിൽ വെള്ളം കയറി. കൃത്യമായ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന പരാതിയുമായി നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ഒരു മുന്നറിയിപ്പ് പോലും ലഭിച്ചില്ലെന്നും ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്നത് ഇതാദ്യമല്ലെന്നും പ്രദേശവാസികൾ പ്രതികരിച്ചു. മുന്നറിയിപ്പില്ലാതെ രാത്രി ഷട്ടർ തുറക്കരുതെന്ന് ചൊവ്വാഴ്ച മന്ത്രി റോഷി അഗസ്റ്റിൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും രാത്രി ഷട്ടറുകള്‍ തുറക്കുകയായിരുന്നു.
കണ്‍സഷന്‍ നിരക്ക് വര്‍ധന;വിദ്യാര്‍ഥി സംഘടനകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും
തിരുവനന്തപുരം:കണ്‍സഷന്‍ നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും.വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്താണ് ചര്‍ച്ച. ഗതാഗത മന്ത്രി ആന്‍റണി രാജുവും പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയും ചര്‍ച്ചയില്‍ പങ്കെടുക്കും. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്ന് ആറ് രൂപയാക്കി ഉയര്‍ത്തണം എന്ന് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരക്ക് വര്‍ധന അംഗീകരിക്കില്ലെന്നാണ് വിദ്യാര്‍ഥി സംഘടനകകള്‍ പറയുന്നത്. കണ്‍സഷന്‍ നിരക്ക് ഒന്നര രൂപയാക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ ഇന്ധന സബ്‌സിഡി നല്‍കണമെന്നും ആവശ്യപ്പെട്ട് ബസ് ഉടമകള്‍ നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് സമരം പിന്‍വലിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് 5405 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;96 മരണം;4538 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5405 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822, കോഴിക്കോട് 587, തൃശൂർ 526, കോട്ടയം 518, കൊല്ലം 351, മലപ്പുറം 282, പത്തനംതിട്ട 253, കണ്ണൂർ 236, വയനാട് 220, ഇടുക്കി 193, പാലക്കാട് 180, ആലപ്പുഴ 162, കാസർഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 64,191 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 96 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 307 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 40,535 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5093 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 260 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 38 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4538 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 541, കൊല്ലം 336, പത്തനംതിട്ട 203, ആലപ്പുഴ 155, കോട്ടയം 262, ഇടുക്കി 279, എറണാകുളം 676, തൃശൂർ 390, പാലക്കാട് 193, മലപ്പുറം 212, കോഴിക്കോട് 843, വയനാട് 199, കണ്ണൂർ 200, കാസർഗോഡ് 49 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
പെരിയ ഇരട്ടക്കൊലപാതക കേസിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് സിപിഎം നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു
കാസർക്കോട്: പെരിയ ഇരട്ടക്കൊലക്കേസിൽ അഞ്ചു സിപിഎം നേതാക്കൾ അറസ്റ്റിൽ. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെയുള്ള അഞ്ചു പേരാണ് അറസ്റ്റിലായത്. ഇവരെ നാളെ എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കും. ബ്രാഞ്ച് സെക്രട്ടറി രാജു സുരേന്ദ്രൻ, ശാസ്താ മധു, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവരാണ് അറസ്റ്റിലായവര്‍.സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരെ നേരത്തെ കേസിൽ സിബിഐ ചോദ്യം ചെയ്തിരുന്നു. മണികണ്ഠൻ കേസിൽ പ്രതിയാണ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.2019 ഫെബ്രുവരി 17 നായിരുന്നു പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്(21), ശരത് ലാൽ(24) എന്നിവർ കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ 14 പേരാണ് കേസിലെ പ്രതികൾ. ഇന്ന് ഉച്ചയോടെയാണ് സിപിഎമ്മിന്റെ മുതിർന്ന നേതാക്കളെ സിബിഐ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. കാസർകോഡ് ഗസ്റ്റ് ഹൗസിലെ സിബിഐ ക്യാമ്പ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ അവസാനിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.