തിരുവനന്തപുരം:സംസ്ഥാനത്ത് സമരത്തിലേർപ്പെട്ടിരിക്കുന്ന സർക്കാർ ഡോക്റ്റർമാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.ഡോക്റ്റർമാരുടെ സമരം അനാവശ്യമാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.സമ്മര്‍ദ്ദത്തിന് വഴങ്ങാതെ എന്‍ആര്‍എച്ച്എം ഡോക്ടര്‍മാരെ നിയോഗിച്ച് സമരത്തെ നേരിടാനാണ് ആരോഗ്യ വകുപ്പ് തീരുമാനം. സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്ന് സൂചന നല്‍കുന്നതായിരുന്നു ആരോഗ്യമന്ത്രിയുടെ വാക്കുകള്‍. ആവശ്യത്തിന് ഡോക്റ്റർമാരെയും ജീവനക്കാരെയും നിയമിക്കാതെ സർക്കാർ ആശുപത്രികളിൽ സായാഹ്‌ന ഒപി ആരംഭിച്ചതിൽ പ്രതിഷേധിച്ചാണ് ഡോക്റ്റർമാർ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ സർക്കാർ ആശുപത്രി ഡോക്റ്റർമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനതപുരം:സംസ്ഥാനത്തെ സർക്കാർ ആശുപത്രി ഡോക്റ്റർമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.ഒ.പി സമയം കൂട്ടിയതിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം.സമരത്തിന്‍റെ ഭാഗമായി അത്യാഹിത വിഭാഗങ്ങൾ ഒഴികെ ഒപികൾ പ്രവർത്തിക്കില്ലെന്നു കേരള ഗവണ്‍മെന്‍റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ അറിയിച്ചു. മെഡിക്കല്‍ കോളജ് ഒഴികെയുള്ള ആശുപത്രികളിലാണ് സമരം.ശനിയാഴ്ച മുതൽ കിടത്തി ചികിത്സ ഒഴിവാക്കാനാണ് ഡോക്റ്റർമാരുടെ തീരുമാനം.വൈകുന്നേരത്തെ ഒപിയിൽ രോഗികളെ നോക്കില്ലെന്നും ഇവർ വ്യക്തമാക്കി.നിലവിൽ രണ്ടുമണി വരെ ഉണ്ടായിരുന്ന ഒപി സമയം ആർദ്രം പദ്ധതിയുടെ ഭാഗമായി ആറുമണി വരെയാക്കി ഉയർത്തിയിരുന്നു.എന്നാൽ മിക്ക ഡോക്റ്റർമാരും തങ്ങളുടെ പ്രൈവറ്റ് പ്രാക്ടീസ് മുടങ്ങുമെന്ന് ചൂണ്ടിക്കാട്ടി ഈ തീരുമാനത്തെ എതിർക്കുകയായിരുന്നു.ഇതിനിടെ ആറുമണി വരെ ജോലി ചെയ്യാൻ വിസമ്മതിച്ച പാലക്കാട് കുമരമ്പത്തൂരിലെ ഡോക്റ്ററെ ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു.ഇതേ തുടർന്നാണ് ഡോക്റ്റർമാർ അനിശ്ചിതകാല സമരം ആരംഭിച്ചത്.
ഡൽഹിയിൽ നാലുനില കെട്ടിടത്തിൽ അഗ്നിബാധ; ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
ന്യൂഡല്‍ഹി:ഡല്‍ഹി കൊഹട്ട് എന്‍ക്ളേവിലെ നാല് നില കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു.ദമ്പതികളും ഇവരുടെ നാലും അഞ്ചും വയസുള്ള കുട്ടികളുമാണ് മരിച്ചത്. വെള്ളിയാഴ്‌ച അര്‍ദ്ധരാത്രിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിന്റെ പമ്പിങ് സ്റ്റേഷനില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചെങ്കിലും അവര്‍ എത്താന്‍ താമസിച്ചതായും അയല്‍വാസികള്‍ പറഞ്ഞു. തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്.
ശ്രീജിത്തിന്റെ കസ്റ്റഡി മരണം;വരാപ്പുഴ എസ്‌ഐ ദീപക് ഉൾപ്പെടെ നാലുപേർക്കെതിരെ നടപടിക്ക് സാധ്യത
കൊച്ചി:വാരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് മരിക്കാനിടയായ സംഭവത്തിൽ വരാപ്പുഴ എസ്‌ഐ ദീപക് അടക്കം നാല് പോലീസുകാർക്കെതിരെ നടപടിക്ക് സാധ്യത.ശ്രീജിത്തിന്‍റെ മരണത്തിൽ ദീപക്കിനും പങ്കുണ്ടെന്ന് കേസിന്‍റെ അന്വേഷണ ചുമതലയുള്ള ഐജി എസ്.ശ്രീജിത്ത് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ശ്രീജിത്തിന്‍റെ വീട് സന്ദർശിച്ച ശേഷമാണ് ഐജി റിപ്പോർട്ട് സമർപ്പിച്ചത്.ശ്രീജിത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.കേസിലെ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ പുറത്തു വന്നിരുന്നു.ശ്രീജിത്തിനെതിരെ മൊഴി നല്കാൻ സിപിഎമ്മിന്റെ ഭാഗത്തു നിന്നും സമ്മർദമുണ്ടായിരുന്നതായി ദേവസ്വംപാടം ബ്രാഞ്ച് സെക്രെട്ടറി പരമേശ്വരന്റെ മകൻ ശരത് പറഞ്ഞു. സംഭവം നടക്കുമ്പോൾ പരമേശ്വരൻ സ്ഥലത്തുണ്ടായിരുന്നില്ല.മൊഴിമാറ്റി പറഞ്ഞത് സിപിഎം ഏരിയ കമ്മിറ്റി അംഗം കൂട്ടിക്കൊണ്ടുപോയതിനു ശേഷമാണെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു.
ഇൻഷുറൻസ് തട്ടിപ്പ്;യുവതിക്കെതിരെ പരാതിയുമായി കൂടുതൽപേർ രംഗത്ത്
കണ്ണൂർ:വ്യാജ വാഹന ഇൻഷുറൻസ് പേപ്പർ ഉപയോഗിച്ച് വാഹന ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ യുവതിക്കെതിരായി പരാതിയുമായി കൂടുതൽപ്പേർ രംഗത്ത്.കഴിഞ്ഞ ദിവസം നാലുപേർ കൂടി പരാതി നൽകിയിട്ടുണ്ട്.തട്ടിപ്പ് നടത്തിയ സംഭവത്തിൽ എളയാവൂർ സൗത്ത് സ്വദേശിനിയും ഇൻഷുറൻസ് ഏജന്റുമായ ഷീബ ബാബുവിനെ കണ്ണൂർ ടൌൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കഴിഞ്ഞ പത്തുവർഷമായി യുണൈറ്റഡ് ഇൻഷുറൻസ് ഏജന്റായ ഷീബ വാഹന ഉടമകളിൽ നിന്നും പ്രീമിയം തുക കൃത്യമായി ശേഖരിക്കുകയും പിന്നീട് തുക ഹെഡ് ഓഫീസിൽ അടയ്ക്കാതെ അടച്ചതായി കൃത്രിമ രേഖയുണ്ടാക്കി ഉടമകൾക്ക് നൽകുകയുമായിരുന്നു.കഴിഞ്ഞ ദിവസം ഇരിട്ടി സ്വദേശിയായ ഷെഫീക്ക് തന്റെ വാഹനത്തിന്റെ ഇൻഷുറൻസ് തുക അടയ്ക്കാനായി ഇരിട്ടിയിലെ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്താകുന്നത്. ഇയാൾ കഴിഞ്ഞ വർഷത്തെ ഇൻഷുറൻസ് തുക അടച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.എന്നാൽ യുണൈറ്റഡ് ഇൻഷുറന്സ് ഏജന്റായ ഷീബ വഴി പ്രീമിയം തുകയായ 15260 രൂപ താൻ അടച്ചതായി ഷെഫീക്ക് പറഞ്ഞു.തുടർന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഷീബ പലരിൽ നിന്നായി ഇത്തരത്തിൽ പണം തട്ടിയെടുത്തതായി കണ്ടെത്തി.തട്ടിപ്പ് നടത്തുന്നതിനായി ഇവർക്ക് കമ്പനിയിൽ നിന്നും മറ്റാരുടെയോ സഹായം ലഭിച്ചിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂത്തുപറമ്പ് കൈതേരിയിൽ ആർഎസ്എസ്, സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്
കൂത്തുപറമ്പ്:കൂത്തുപറമ്പ് കൈതേരിയിൽ ആർഎസ്എസ്,സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്.ബുധനാഴ്ച പുലർച്ചെ ഒരുമണിയോട് കൂടിയാണ് ആർഎസ്എസ് പ്രവർത്തകൻ കൈതേരിയിലെ ഹർഷിൻ ഹരീഷിന്റെ വീടിനു നേരെ ബോംബേറുണ്ടായത്. ബോംബേറിൽ വീടിന്റെ ജനൽചില്ലുകൾ തകരുകയും ഹരീഷിന്റെ സഹോദരി ഹരിതയ്ക്ക് ജനൽചില്ല് തട്ടി പരിക്കേൽക്കുകയും ചെയ്തു.ഹർഷിന്റെ അമ്മയ്ക്കും സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ചെവിക്ക് കേൾവിക്കുറവുണ്ടാവുകയും ചെയ്തു.ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.ഇത് മൂന്നാം തവണയാണ് ഹർഷിന്റെ വീടിനു നേരെ അക്രമണമുണ്ടാകുന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോട് കൂടിയാണ് സിപിഎം കൂത്തുപറമ്പ് ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് മുൻ വൈസ് പ്രെസിഡന്റുമായ പി.അബ്ദുൽ റഷീദിന്റെ വീടിന് നേരെ ബോംബേറുണ്ടായത്.സ്‌ഫോടനത്തിൽ വീടിന്റെ ഗ്രിൽസ്, ജനൽചില്ലുകൾ,വരാന്തയിൽ ഉണ്ടായിരുന്ന കസേര എന്നിവ തകർന്നു.ആക്രമണം നടക്കുമ്പോൾ റഷീദും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.അക്രമം വ്യാപിക്കാതിരിക്കാൻ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
അൾജീരിയയിൽ സൈനിക വിമാനം തകർന്ന് 257 പേർ മരിച്ചു
അൾജിയേഴ്സ്: ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ സൈനിക വിമാനം തകർന്നുവീണ് 257 പേർ മരിച്ചു.ഇവരിൽ പത്തുപേർ വിമാന ജീവനക്കാരാണെന്ന് സർക്കാരിന്‍റെ ഒൗദ്യോഗിക റേഡിയോ റിപ്പോർട്ട് ചെയ്തു. അപകടത്തിന്‍റെ കാരണം അറിവായിട്ടില്ല.പ്രാദേശിക സമയം രാവിലെ എട്ടുമണിക്ക് അൾജീരിയയിലെ ബൗഫറിക് പ്രവിശ്യയിലെ ബ്ലിഡാ വിമാനത്താവളത്തിന് സമീപത്താണ് അപകടം നടന്നത്.അൾജീരിയയിലെ പടിഞ്ഞാറൻ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകർന്നതെന്നാണു റിപ്പോർട്ടുകൾ.യാത്രക്കാരിലധികവും സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണെന്നാണ് റിപ്പോർട്ടുകൾ.സൈനിക വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഉടൻ തന്നെ വിമാനം തകർന്നു വീഴുകയായിരുന്നുവെന്നാണ് സൂചന.രക്ഷപ്രവർത്തനങ്ങൾക്കായി 14 ആംബുലൻസുകളും പത്ത് ട്രക്കുകളും പ്രദേശത്ത് എത്തിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ സംബന്ധിച്ച് ഇതേവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
തളിപ്പറമ്പിൽ നിന്നും ഇന്നലെ കണ്ടെത്തിയ ബോംബുകൾ വ്യാജം
തളിപ്പറമ്പ്:ഇന്നലെ തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതി പരിസരത്തുനിന്ന് പോലീസ് സംഘം കണ്ടെടുത്ത രണ്ട് ബോംബുകളും വ്യാജമായിരുന്നുവെന്ന് പരിശോധനയിൽ തെളിഞ്ഞു.ബോംബ് സ്‌ക്വാഡ് എത്തി നിര്‍വീര്യമാക്കിയപ്പോഴാണ് അകത്ത് വെറും വെണ്ണീരാണെന്ന് മനസിലായത്.ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുമണിയോട് കൂടിയാണ് കോടതി കെട്ടിടത്തിനു പിറകില്‍ നിര്‍ത്തിയിട്ട കാറിനടിയില്‍ നിന്നും ചുവന്ന തുണിയില്‍ പൊതിഞ്ഞ രണ്ട് സ്റ്റീല്‍ ബോംബുകള്‍ പോലീസ് കണ്ടെടുത്തത്. തളിപ്പറമ്പ് ഡിവൈഎസ്പിക്ക് ഇന്നലെ ഉച്ചയോടെ ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്.തളിപ്പറമ്പ് പോലീസ് ഉടന്‍ തന്നെ ഇവ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. തുടര്‍ന്ന് കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്വാഡും നടത്തിയ പരിശോധനയിലാണ് ഇവ വ്യാജ ബോംബുകളാണെന്ന് തിരിച്ചറിഞ്ഞ്.സ്റ്റീല്‍ കണ്ടൈനറിനുള്ളില്‍ വെണ്ണീര്‍ നിറച്ച് പ്രത്യേക തരം പശ ഉപയോഗിച്ച് സീല്‍ ചെയ്ത നിലയിലായിരുന്നു. പോലീസിനെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരോ മനപൂർവം ചെയ്തതാണെന്നാണ് നിഗമനം.എന്നാൽ വിഷയം നിസാരമായി കാണാൻ കഴിയില്ലെന്നും അന്വേഷണം നടത്തി ഇവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും തളിപ്പറമ്പ് എസ്എച്ച്ഒ പി.കെ. സുധാകരന്‍ പറഞ്ഞു.
ഇ പോസ്സ് മെഷീനിൽ തകരാർ;ജില്ലയിൽ പലയിടങ്ങളിലും റേഷൻ വിതരണം തടസ്സപ്പെട്ടു
കണ്ണൂർ:ഇ പോസ്സ് മെഷീനിൽ തകരാർ കാരണം ജില്ലയിൽ പലയിടങ്ങളിലും റേഷൻ വിതരണം തടസ്സപ്പെട്ടു.വാതിൽപ്പടി വിതരണത്തിലെ പ്രതിസന്ധിയും റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.ഒരാഴ്ചയായി കണ്ണൂർ,തലശ്ശേരി താലൂക്കുകളിൽ കൃത്യമായി റേഷൻ വിതരണം നടക്കുന്നില്ല.നിലവിൽ റേഷൻ കടകളിലുള്ള സാധനങ്ങളാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. പ്രശ്നം രൂക്ഷമായതിനെ തുടർന്ന് റേഷൻ ഡീലേഴ്സിന്റെ ഒരു യോഗം ജില്ലാ സപ്ലൈ ഓഫീസർ വിളിച്ചുചേർത്തിരുന്നു.ജില്ലയിൽ നാല്പത്തഞ്ചോളം റേഷൻ കടകളിൽ ഇ പോസ്സ് മെഷീനുകൾ വിതരണം ചെയ്തിട്ടുണ്ടെങ്കിലും ഇവയുടെ പ്രവർത്തനം പലയിടത്തും സുഗമമായി നടക്കുന്നില്ല.മെഷീനിലെ തകരാറും ആധാർ കാർഡിലെ തകരാറും മറ്റും കാരണം വിതരണം കൃത്യമാകുന്നില്ലെന്നാണ് പരാതി.അതേസമയം ഇ പോസ്സ് മെഷീനിലെ തകരാർ സംസ്ഥാനാടിസ്ഥാനത്തിലുള്ളതാണെന്നും ഇത് ഉടൻ പരിഹരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണം;മരണകാരണം ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ആലപ്പുഴ:വാരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തിൽ പോലീസിനെ പ്രതിക്കൂട്ടിലാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.ശ്രീജിത്തിനെ ക്രൂരമായി മർദിച്ചിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.അന്തരാവയവങ്ങൾക്ക് ക്ഷതമേറ്റതായും റിപ്പോർട്ടിലുണ്ട്.ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ ശ്രീജിത്തിന്റെ ചെറുകുടലും അടിവയറും മർദ്ദനത്തെ തുടർന്ന് തകർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.സംഭവം അന്വേഷിക്കുന്നതിനായി പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്താണ് സംഘത്തിന്റെ മേധാവി.കേസിൽ നിഷ്പക്ഷവും നീതിപൂർവകവും ശാസ്ത്രീയവുമായ അന്വേഷണം ഉറപ്പാക്കുമെന്ന് ലോക്നാഥ് ബെഹ്‌റ പറഞ്ഞു.അന്തരാവയവങ്ങൾക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് ആശുപത്രി രേഖയിൽ പറയുന്നത്.ശരീരത്തിലെ പരിക്കുകൾക്ക് രണ്ടുദിവസത്തിലേറെ പഴക്കമുള്ളതായും പരിക്കുകളും ക്ഷതങ്ങളും ആയുധം കൊണ്ടുള്ളതല്ല എന്ന മെഡിക്കൽ റിപ്പോർട്ടുകളും പുറത്തുവന്നതോടെ പോലീസ് പ്രതിരോധത്തിലായിരിക്കുകയാണ്.ശനിയാഴ്ച രാവിലെയാണ് വരാപ്പുഴ സ്വദേശി വാസുദേവൻ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ശ്രീജിത്തിനെ പോലീസ് പിടികൂടുന്നത്.ഞായറാഴ്ച രാവിലെ ശ്രീജിത്തിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിനിടയിലാണ് ശ്രീജിത്തിന് മർദ്ദനമേറ്റതെന്ന സംശയം ബലപ്പെടുത്തുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.