ബെംഗളൂരു:ബെംഗളൂരുവിൽ മലയാളി യുവാവിനെ ആക്രമിച്ച് പണവും മൊബൈലും തട്ടിയെടുത്തു.തലശ്ശേരി കതിരൂർ സ്വദേശി സിദ്ദിക്കാണ് കവർച്ചയ്ക്കിരയായത്.വെള്ളിയാഴ്ച രാവിലെ അഞ്ചര മണിയോടെ ബെംഗളൂരു കലാസിപാളയത്തിൽ ബസ്സിറങ്ങിയ സിദ്ദിക്ക് കമ്മനഹള്ളിയിലേക്കുള്ള ബസ്സിൽ കയറാനായി സിറ്റി മാർക്കറ്റിലേക്ക് നടക്കുന്നതിനിടെ മൂന്നംഗ സംഘം തടഞ്ഞു നിർത്തി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സിദ്ദിഖിന്റെ കൈവശമുണ്ടായിരുന്ന 20000 രൂപയും 15000 രൂപയുടെ മൊബൈൽ ഫോണും അക്രമികൾ കവർന്നു.അക്രമത്തിൽ വലതു കൈക്ക് സാരമായി പരിക്കേറ്റ സിദ്ദിക്ക് വിക്റ്റോറിയ ആശുപത്രിയിൽ ചികിത്സ തേടി.കൈക്ക് ആറു തുന്നിക്കെട്ടുകളുണ്ട്. കമ്മനഹള്ളിയിലെ മഹാബസാർ സൂപ്പർ മാർക്കറ്റ് ജീവനക്കാരാണ് സിദ്ദിക്ക്.സംഭവത്തിൽ കലാസിപാളയത്തെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
തില്ലങ്കേരിയിൽ സ്‌ഫോടനത്തിൽ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു
ഇരിട്ടി:തില്ലങ്കേരി പള്ള്യാത്ത് വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പത്തരമണിയോടെ പള്ള്യാത്ത് മടപ്പുരയ്ക്ക് സമീപം അശ്വിൻ നിവാസിൽ സുരേഷിന്റെ വീടിനു പിറകിലാണ് സ്‌ഫോടനമുണ്ടായത്.സുരേഷിന്റെ മകൻ അശ്വിൻ(23),സുഹൃത്തും അയൽവാസിയുമായ രഞ്ജിത്ത് എന്ന കുട്ടൻ(25) എന്നിവർക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്.ഇവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുമ്പോഴാണ് ഇരുവർക്കും പരിക്കേറ്റതെന്ന് മുഴക്കുന്ന് പോലീസ് പറഞ്ഞു.സംഭവ സ്ഥലത്ത് മുഴക്കുന്ന് എസ്‌ഐ സി.രാജേഷിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ വീടിനു പിറകിൽ നിന്നും സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടം,പൊട്ടക്കിണറ്റിൽ നിന്നും വസ്ത്രങ്ങൾ,സ്‌ഫോടക വസ്തു നിർമാണ സാമഗ്രികൾ, പടക്കങ്ങൾ എന്നിവ കണ്ടെടുത്തു.പരിക്കേറ്റവർ സിപിഎം പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു.എന്നാൽ സംഭവവുമായി യാതൊരു ബന്ധവും സിപിഎമ്മിനില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി.അതേസമയം സംഭവത്തെ കുറിച്ച് ഗൗരവപരമായ അന്വേഷണം നടത്തണമെന്ന് ബിജെപി മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് രാജൻ പുതുക്കുടി ആവശ്യപ്പെട്ടു.
സ്വകാര്യ ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തി ട്രാൻസ്പോർട്ട് അതോറിറ്റി ഇറക്കിയ ഉത്തരവ് ഹൈക്കോടതി ശരിവച്ചു
കൊച്ചി:സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തി സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി ഇറക്കിയ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.തൃശൂരിലെ സ്വകാര്യ ബസുടമകളുടെ സംഘടനാ പ്രതിനിധി പി.എൽ. ജോണ്‍സണ്‍ നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചത്.സ്വകാര്യ ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തി ജനുവരി നാലിനാണ് സർക്കാർ ഉത്തരവിറക്കിയത്.സിറ്റി-ടൗണ്‍ സർവീസ് ബസുകൾക്ക് ലൈം ഗ്രീൻ നിറവും ഓർഡിനറി-മൊഫ്യൂസൽ സർവീസ് ബസുകൾക്ക് ആകാശനീല നിറവും ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകൾക്ക് മെറൂണ്‍ നിറവുമാണ് നിഷ്കർഷിച്ചിട്ടുള്ളത്.ഫെബ്രുവരി ഒന്നു മുതൽ ഇതു നടപ്പാക്കുമെന്നും പാലിക്കാത്ത ബസുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി നൽകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണു ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
സർക്കാർ ഡോക്റ്റർമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക്;ചികിത്സ കിട്ടാതെ രോഗികൾ വലയുന്നു
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിലെ ഡോക്റ്റർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ആവശ്യത്തിന് ജീവനക്കാരെയും ഡോക്റ്റർമാരും നിയമിക്കാതെ ആശുപത്രികളിലെ ഓ.പി സമയം ദീർഘിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. സമരം സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും രോഗികളെ വലച്ചു.പലയിടത്തും രോഗികളും ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തി. പണിമുടക്കുന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുക്കുമെന്ന് സർക്കാറും നടപടിയെടുത്താൽ നേരിടുമെന്ന് കെജിഎംഒഎയും മുന്നറിയിപ്പ് നൽകി.അതേസമയം സമരത്തെ ശക്തമായി നേരിടുമെന്ന് സർക്കാർ വ്യക്തമാക്കി.മുന്‍കൂട്ടി അവധിയെടുക്കാതെ ജോലിക്ക് ഹാജരാകാതിരിക്കുന്നത് അനധികൃതമായ അവധിയായി കണക്കാക്കി ആ ദിവസത്തെ ശമ്പളം നല്‍കില്ലെന്നാണ് സർക്കാർ മുന്നറിയിപ്പ്. പണിമുടക്കിനെ തുടർന്ന് ആരോഗ്യ വകുപ്പ് ബദൽ മാർഗങ്ങൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും മിക്കയിടങ്ങളിലും ഒ പികളുടെ പ്രവർത്തനം സ്തംഭിച്ച നിലയിലാണ്.എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരുമെന്ന നിലപാടിലാണ് കെജിഎംഒഎ.ഈ മാസം 18 മുതല്‍ കിടത്തി ചികിത്സ നിര്‍ത്തുമെന്നുമെന്നും സംഘടനാനേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം:അംബേദ്‌കർ ജയന്തി പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മദിനമാണ് അംബേദ്കര്‍ ജയന്തിയായി ആഘോഷിക്കുന്നത്.അംബേദ്കര്‍ ജയന്തിക്ക് മുന്നോടിയായി സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അംബേദ്കറിന്റെ പ്രതിമ തകര്‍ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം.
കത്തുവ പീഡനം;കേസ് സ്വയം ഏറ്റെടുക്കുമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:കശ്മീരിലെ കത്തുവായിൽ എട്ടുവയസ്സുകാരി കൂരമായി ബലാല്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കേസ് സ്വയം ഏറ്റെടുക്കുമെന്ന് സുപ്രീം കോടതി.കത്തുവ,ജമ്മു കശ്മീർ എന്നിവിടങ്ങളിലെ അഭിഭാഷകർ കുറ്റവാളികൾക്കെതിരെ ചാർജ് ഷീറ്റ് ഫയൽ ചെയ്യുന്നതിന് പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ പരാമർശം.പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ അഭിഭാഷകയ്ക്കുനേരെ ഭീഷണിയുള്ളതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജമ്മുവിലെ കഠുവയില്‍ കൂട്ട ബലാത്സംഗത്തിനിരയാവുകയും ക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് പ്രതികള്‍ക്കനുകൂലമായി ഒരു സംഘം അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം അഭിഭാഷകരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കഠുവയിലെയും ജമ്മുവിലെയും ഒരു വിഭാഗം അഭിഭാഷകര്‍ പ്രതികള്‍ക്കനുകൂലമായി നിയമ നടപടികളില്‍ ഇടപെടല്‍ നടത്തുന്നതായി കാണിച്ച് അഭിഭാഷകനായ പി.വി ദിനേശ് ആണ് ഹര്‍ജി നല്‍കിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ അന്വേഷണോദ്യോഗസ്ഥര്‍ കഠുവ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രവേശിക്കുന്നത് തടയുന്നതിനായി ഒരു വിഭാഗം അഭിഭാഷകര്‍ തടസ്സം സൃഷ്ടിക്കുന്ന വിധത്തില്‍ സമരം സംഘടിപ്പിച്ചിരുന്നു. കൂടാതെ, ക്രൈം ബ്രാഞ്ച് അന്വേഷണത്തിനെതിരെ കഠുവ ബാര്‍ അസോസിയേഷന്റെ പിന്തുണയോടെ ഹിന്ദു ഏക്താ മഞ്ച് എന്ന സംഘടന രംഗത്തെത്തിയിരുന്നു. അന്വേഷണം പക്ഷപാതപരമാണെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.ഇതേ തുടർന്നാണ് കേസ് സ്വയം ഏറ്റെടുക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്.
ദേശീയ ചലച്ചിത്ര പുരസ്ക്കാരം;ശ്രീദേവി മികച്ച നടി;റിധി സെന്‍ മികച്ച നടൻ;മികച്ച ചിത്രം വില്ലേജ് റോക്ക് സ്റ്റാർ
ന്യൂഡൽഹി:അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.മോം എന്ന ചിത്രത്തിലെ അഭിനയത്തിന് അന്തരിച്ച നടി ശ്രീദേവി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ബംഗാളി താരം റിധി സെൻ മികച്ച നടനായി.റിമ ദാസ് സംവിധാനം ചെയ്ത ആസാമീസ് ചിത്രം വില്ലജ് റോക്ക് സ്റ്റാർ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തിൽ ഇത്തവണ മലയാളത്തിനും ഏറെ അഭിമാനിക്കാം.ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനായും മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി. തൊണ്ടിമുതലിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരവും പ്രത്യേക ജൂറി പരാമര്‍ശവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും സ്വന്തമാക്കി. ഇതേ ചിത്രത്തിന്റെ തിരക്കഥയിലൂടെ മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂരിനെ തെരഞ്ഞെടുത്തു. നടി പാര്‍വതിക്ക് ടേക് ഓഫിലെ മികച്ച പ്രകടനത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ഗാനഗന്ധര്‍വന്‍ യേശുദാസാണ് മികച്ച ഗായകന്‍. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്‌കാരം. മികച്ച സ്‌പെഷ്യല്‍ എഫക്ടിനുള്ള അവാര്‍ഡ് ബാഹുബലി2 സ്വന്തമാക്കി. കാട്ര് വെളിയിടൈ എന്ന മണിരത്‌നം ചിത്രത്തിലെ സംഗീത സംവിധാനത്തിനും ഇതേ ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിനുമായി എ.ആര്‍ റഹ്മാന്‍ രണ്ട് ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കി.പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ടേക് ഓഫ്, ഭയാനകം, എസ് ദുര്‍ഗ, ആളൊരുക്കം, ഒറ്റമുറി വെളിച്ചം, അങ്കമാലി ഡയറീസ്, പെയിന്റിങ് ലൈഫ് തുടങ്ങിയ മലയാള ചിത്രങ്ങള്‍ മത്സരത്തിനുണ്ടായിരുന്നു.
ദേശീയ ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം പുരോഗമിക്കുന്നു;തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രം;ഫഹദ് ഫാസിൽ മികച്ച സഹനടൻ;പാർവതിക്ക് പ്രത്യേക ജൂറി പരാമർശം
ന്യൂഡൽഹി:അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിക്കുന്നു.പ്രമുഖ സംവിധായകൻ ശേഖർ കപൂറിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡ് പ്രഖ്യാപനം നടത്തുന്നത്.ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം മികച്ച മലയാള സിനിമയായി തിരഞ്ഞെടുത്തു.ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാർവതി പ്രത്യേക ജൂറി പരാമർശം നേടി.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസിലിനെ മികച്ച സഹനടനായും തിരഞ്ഞെടുത്തു.മലയാള ചിത്രമായ ഭയാനകം മൂന്ന് പുരസ്കാരങ്ങള്‍ നേടി. മികച്ച സംവിധായകനും അവലംബിത തിരക്കഥയ്ക്കുമുള്ള പുരസ്കാരം ഭയാനകത്തിലൂടെ ജയരാജ് സ്വന്തമാക്കി. ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും ഭയാനകത്തിനാണ്.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയ സജീവ് പാഴൂരാണ് മികച്ച തിരക്കഥാകൃത്ത്. കെ ജെ യേശുദാസാണ് മികച്ച ഗായകന്‍. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്കാരം സന്തോഷ് രാജന്‍ (ടേക്ക് ഓഫ്) സ്വന്തമാക്കി.
ശ്രീജിത്തിന്റെ കസ്റ്റഡി മരണം;മൂന്നു പോലീസുകാർ കസ്റ്റഡിയിൽ
കൊച്ചി: വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാര്‍ കസ്റ്റഡിയില്‍. ആര്‍ടിഎഫ് അംഗങ്ങളായ ജിതിന്‍, സന്തോഷ്, സുമേഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത്.ഇവരെ ഉടനെ ചോദ്യം ചെയ്യുമെന്നും ഇന്ന് തന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.സ്പെഷ്യൽ ടാസ്ക് ഫോസിലുള്ളവരാണ് ഇവർ മൂന്നുപേരും.സംഭവത്തില്‍ പറവൂര്‍ എസ് ഐ അടക്കം നാല് പേരെ ഇന്നലെ സസ്പെഷന്‍ഡ് ചെയ്തിരുന്നു. സി.ഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്.ഐ ജി.എസ്.ദീപക്ക്, ഗ്രേഡ് എ.എസ്.ഐ സുധീര്‍, സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.കളമശ്ശേരി എ ആർ ക്യാമ്പിലെ മൂന്നു പൊലീസുകാരെ നേരത്തെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. മോശം പെരുമാറ്റം,കൃത്യനിർവഹണത്തിലെ വീഴ്ച എന്നിവ ചൂണ്ടിക്കാട്ടിയാണ് ഡിജിപി യുടെ നിർദേശ പ്രകാരം ഇവരെ സസ്‌പെൻഡ് ചെയ്തത്. ശ്രീജിത്തിന്റെ വീട് സന്ദർശിച്ച മനുഷ്യാവകാശ കമ്മീഷ ആക്ടിങ് ചെയർമാൻ പി.മോഹൻദാസും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നവർക്ക് ശ്രീജിത്തിന്റെ മരണത്തിൽ പങ്കില്ലെന്നും ശ്രീജിത്തിനെ ഇവർ കസ്റ്റഡിയിൽ എടുത്ത ശേഷം മറ്റൊരു പോലീസ് സംഘത്തിന് കൈമാറുകയാണ് ചെയ്തതെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.
കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാർ ഡ്രൈവർ ചെർപ്പുളശേരി സ്വദേശി മുഹമ്മദ് ഫാസിൽ (26) ആണ് മരിച്ചത്. അപകടത്തിൽ രണ്ടു പേർക്കു പരിക്കേറ്റിട്ടുണ്ട്.കാര്‍ യാത്രക്കാരായ ചെര്‍പ്പുളശ്ശേരി കിഴിശ്ശേരി രായന്റെ ഭാര്യ മുംതാസ്(40) മകള്‍ നുജു(16)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ നാലുമണിയോട് കൂടി രാമപുരം സ്കൂൾ പടിയിൽ വച്ചായിരുന്നു അപകടം.അപകടത്തെ തുടര്‍ന്ന് റോഡരികിലെ ഓടയിലേക്കു തെറിച്ച് വീണ നുജുവിനെ നീണ്ട നേരത്തെ തിരച്ചിലിനൊടുവിലാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിലിടിച്ച് വീട് തകര്‍ന്നു.