ഇരിട്ടി:ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.ഇരിട്ടി മാടത്തിൽ സ്വദേശി കെ.സേതു(27)ആണ് മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടെ ഇരിട്ടി-കൂട്ടുപുഴ റോഡിൽ മാടത്തിൽ ടൗണിൽ വെച്ചായിരുന്നു അപകടം.സേതു സഞ്ചരിച്ച ബൈക്ക് ടെമ്പോ ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. സേതു സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. ഇരിട്ടി പോലീസ് എത്തി മൃതദേഹം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.തുടർന്ന് പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.എറണാകുളത്തു വീഡിയോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു സേതു.അവിവാഹിതനാണ്. അച്ഛൻ:മധു,അമ്മ:പദ്മിനി.
മധ്യപ്രദേശിൽ വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 22 പേർ മരിച്ചു
ഭോപ്പാൽ:മധ്യപ്രദേശിൽ വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 22 പേർ മരിച്ചു. ഭോപ്പാലിൽ നിന്നും 680 കിലോമീറ്റർ അകലെ സിധി ജില്ലയിലെ അമേലിയയിൽ സോണെ നദിയിലേക്ക് വിവാഹം സംഘം സഞ്ചരിച്ച ബസ് മറിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10 ന് ആയിരുന്നു സംഭവം. സിവഹയിലെ പാംറിയ ഗ്രാമത്തിൽ നിന്നും വരന്റെ ആൾക്കാരുമായി പോയ ബസ് സിദ്ധി ജില്ലയിലെ ജോഗ്‌ദഗഹ പാലത്തിൽ വെച്ച് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകർത്ത് നൂറടി താഴ്ചയിലുള്ള സോൺ നദിയിലേക്ക് പതിക്കുകയായിരുന്നു.ബസ്സിനുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഘ്യ ഇനിയും ഉയരാനാണ് സാധ്യത.സംഭവത്തിൽ 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസിൽ 45 പേരാണ് ഉണ്ടായിരുന്നത്. പോലീസും അഗ്നിരക്ഷാസേനയും ചേർന്ന രക്ഷാപ്രവർത്തനം തുടരുകയാണ്.
കോഴിക്കോട്ട് വീടുകൾക്കും ഹോട്ടലിനും നേരെ ബോംബേറ്
കോഴിക്കോട്:കോഴിക്കോട് പേരാബ്രയിൽ സിപിഎം,ശിവാജിസേന പ്രവർത്തകരുടെ വീടിനു നേരെയും ഹോട്ടലിനു നേരെയും ബോംബേറ്.രണ്ടു സിപിഎം പ്രവർത്തകരുടെയും രണ്ടു ശിവജിസേനാ പ്രവർത്തകരുടെയും വീടിന് നേരെയാണ് ചൊവ്വാഴ്ച രാത്രിയിൽ ആക്രമണമുണ്ടായത്. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല.വീടുകൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്.വിഷു ദിനത്തിൽ പേരാമ്പ്രയിൽ വെച്ചുണ്ടായ തർക്കമാണ് ബോംബേറിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
സോഷ്യൽ മീഡിയ വഴി വ്യാജ ഹർത്താൽ ആഹ്വാനം; കണ്ണൂരും കാസർകോട്ടുമായി നൂറിലേറെപ്പേർ അറസ്റ്റിൽ
കണ്ണൂർ:വാട്സ് ആപ്പ് വഴി വ്യാജ ഹർത്താൽ ആഹ്വാനം ചെയ്തവരും പ്രചരിപ്പിച്ചവരുമായി നൂറോളം പേർ കണ്ണൂരും കാസർകോട്ടുമായി പിടിയിലായി. സമൂഹമാധ്യമങ്ങളിൽ ആരോ തുടങ്ങിവെച്ച ഹർത്താൽ ആഹ്വാനം വ്യാപകമായി പ്രചരിക്കുകയായിരുന്നു.ഞായറാഴ്ച്ച രാത്രി പന്ത്രണ്ടു മണിമുതൽ തിങ്കളാഴ്ച രാത്രി പന്ത്രണ്ടു മണി വരെ ഹർത്താൽ എന്നായിരുന്നു വ്യാജ പ്രചാരണം. കണ്ണൂർ ടൌൺ സ്റ്റേഷനിൽ കേസ് രെജിസ്റ്റർ ചെയ്ത 25 പേരും പോലീസിനെ കയ്യേറ്റം ചെയ്ത കേസിൽ ഇരിട്ടിയിൽ മൂന്നുപേരുമാണ് റിമാന്റിലായത്. ഹർത്താൽ അനുകൂലികളുടെ അക്രമത്തിൽ ഇരിട്ടി എസ്‌ഐക്ക് പരിക്കേറ്റിരുന്നു. കണ്ണൂരിൽ ഒരു വനിതാ സിവിൽ പോലീസ് ഓഫീസർ ഉൾപ്പെടെ ആറു പോലീസുകാർക്ക് പരിക്കേറ്റു.അപ്രഖ്യാപിത ഹർത്താൽ പ്രചാരണം നടത്തി കടയടപ്പിച്ചതിനും റോഡ് തടസ്സപെടുത്തിയതിനും സംഘം ചേർന്ന് പ്രകടനം നടത്തിയതിനും കാസർകോഡ് ടൌൺ പോലീസ് സ്റ്റേഷനിൽ 23 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി വ്യാജ ഹർത്താൽ ആഹ്വാനം നല്കിയവരെയും ഈ മെസ്സേജുകൾ പ്രചരിപ്പിച്ചവരെയും കണ്ടെത്താൻ പോലീസ് ഊർജിത ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.നിരവധി ഫോണുകൾ ഇന്നലെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.ഇത് വിശദമായ പരിശോധനകൾക്ക് വിധേയമാക്കും.
മക്ക മസ്ജിദ് കേസിൽ വിധിപറഞ്ഞ ജഡ്ജി മണിക്കൂറുകൾക്കുള്ളിൽ രാജിവെച്ചു
ഹൈദരാബാദ്:2007 ഇൽ ഹൈദരാബാദിലുണ്ടായ മക്ക മസ്ജിദ് സ്‌ഫോടനക്കേസിൽ വിധിപറഞ്ഞ എൻഐഎ കോടതി ജഡ്ജി ജസ്റ്റിസ് രവീന്ദർ റെഡ്ഢി രാജിവെച്ചു.കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടു വിധി പറഞ്ഞു മണിക്കൂറുകൾക്കുള്ളിലാണ് അദ്ദേഹം രാജി വെച്ചത്.വിധി പറഞ്ഞതിനു പിന്നാലെ ജഡ്ജി അവധിക്ക് അപേക്ഷ നൽകുകയും പിന്നീട് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനു രാജി സമർപ്പിക്കുകയുമായിരുന്നു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിവെയ്ക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.എന്നാൽ രാജിക്ക് പിന്നിൽ മറ്റു കാരണങ്ങളുണ്ടോ എന്ന് സംശയം ഉയർന്നിട്ടുണ്ട്.പതിനൊന്ന് വർഷങ്ങൾക്കു മുൻപ് ഹൈദരാബാദിലെ ചാർമിനാറിനടുത്തു മക്ക മസ്ജിദിൽ വെള്ളിയാഴ്ച നമസ്ക്കാരത്തിനിടെയാണു കേസിനാസ്പദമായ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഒൻപതു പേർ മരിക്കുകയും 58 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസ് ലോക്കൽ പോലീസാണ് ആദ്യം അന്വേഷിച്ചത്. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു. കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ഹൈദരാബാദ് എൻഐഎ കോടതിയാണു വിധി പുറപ്പെടുവിച്ചത്. കേസിൽ പ്രതിപ്പട്ടികയിലുണ്ടായ സ്വാമി അസീമാനന്ദ ഉൾപ്പടെ അഞ്ച് പ്രതികളാണ് കുറ്റവിമുക്തരായത്. തെളിവില്ലെന്നും പ്രതികൾക്കെതിരേ എൻഐഎ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
അപ്രഖ്യാപിത ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു
കണ്ണൂർ:സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ അപ്രഖ്യാപിത ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു. പലയിടത്തും കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകൾ നിരത്തിലിറങ്ങിയില്ല.പലയിടങ്ങളിലും കെഎസ്ആർടിസി ബസുകൾ രാവിലെ സർവീസ് നടത്തിയെങ്കിലും കല്ലേറും റോഡ് തടസ്സപ്പെടുത്തലും കാരണം പിന്നീട് ഓട്ടം നിർത്തിവെച്ചു. മലബാറിലെ ജില്ലകളിലാണ് ഹർത്താൽ കാര്യമായി ബാധിച്ചത്.പലയിടത്തും അക്രമങ്ങളുണ്ടായി. ആറ് കെഎസ്ആർടിസി ബസുകൾ ആക്രമിക്കപ്പെട്ടു.കണ്ണൂരിൽ ടൌൺ സ്റ്റേഷനിലേക്ക് പ്രകടനമായി എത്തുകയും സ്റ്റേഷനിലേക്ക് തള്ളി കയറുകയും പൊലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത 20 ഓളം വരുന്ന ആളുകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.നേരത്തെ ഹർത്താലിന്റെ മറവിൽ വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്ത 15 ഓളം പേരെ കണ്ണൂർ ടൌൺ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ മോചിപ്പിക്കാൻ ടൌൺ സ്റ്റേഷനിലെത്തിയ ഇരുപതോളം പേർക്കെതിരെയാണ് കേസെടുത്തത്. മലപ്പുറം ജില്ലയിലെ താനൂരിൽ ഹർത്താൽ അക്രമാസക്തമായി. ഹർത്താൽ അനുകൂലികൾ നടത്തിയ ആക്രമണത്തിൽ ഇരുപതോളം പോലീസുകാർക്ക് പരിക്കേറ്റു.താനൂർ ഉൾപ്പെടെയുള്ള മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.തിങ്കളാഴ്ച്ച മുതൽ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ.
ഡോക്റ്റർമാരുടെ സമരം നാലാം ദിവസത്തിലേക്ക്; ശക്തമായി നേരിടുമെന്ന് സർക്കാർ
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ഡോക്റ്റർമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക്.സമരം പരിഹരിക്കാനോ നേരിടാനോ സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തില്ലെന്നാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും ലഭിക്കുന്ന വിവരം. സമരക്കാരുമായി ചര്‍ച്ച നടത്തില്ല.സമരം നിർത്തി വന്നാൽ മാത്രം ചർച്ച നടത്താണെന്നുമാണ് ധാരണയായത്. തത്ക്കാലം എസ്മ പോലെയുള്ള നടപടികളും സ്വീകരിക്കില്ല. എന്നാല്‍ സ്ഥലംമാറ്റം അടക്കമുള്ള നടപടികള്‍ വന്നേക്കും. സമരം കര്‍ശനമായി നേരിടാന്‍ നിയമാനുസൃതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ആരോഗ്യമന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.സമരം ജനകീയ പ്രതിഷേധത്തിലൂടെ നേരിടാനാണ് നീക്കം. യുവജന സംഘടനകളെയും ഇടതുപക്ഷ പ്രവര്‍ത്തകരെയും ഇതിനായി രംഗത്തിറക്കിയേക്കും. വേണ്ടിവന്നാല്‍ പോലീസിനെ ഇറക്കാനും സര്‍ക്കാര്‍ മടിക്കില്ല.സമരം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. തൊഴിലാളി സംഘടനകള്‍ പോലും പതിനഞ്ച് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷമാണ് സമരം നടത്തുന്നത്. അതിനു പോലും മുതിരാതെയാണ് കെ.ജി.എം.ഒ.എ സമരം നടത്തുന്നതെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.എന്നാൽ തങ്ങളിൽ ആർക്കെതിരെയെങ്കിലും നടപടി സ്വീകരിച്ചാൽ കൂട്ട രാജിവെയ്ക്കുമെന്നാണ് കെ.ജി.എം.ഒയുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ആര്‍ദ്രം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്.സമരം നാലാം ദിവസത്തേക്ക് കടന്നതോടെ രോഗികള്‍ ഏറെ ദുരിതത്തിലാണ്.
ജനകീയ ഹർത്താലെന്ന് വ്യാജ പ്രചാരണം; പലയിടത്തും ബസ്സുകൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്യുന്നു
കോഴിക്കോട്:സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താലെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന വ്യാജ പ്രചാരണം പലയിടങ്ങളിലും ഫലത്തില്‍ ഹര്‍ത്താലായി മാറി.വിവിധ ഇടങ്ങളില്‍ ആളുകള്‍ വഴി തടയുകയും കടകള്‍ അടപ്പിക്കുകയും വാഹനയാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വടക്കന്‍ ജില്ലകളിലാണ് പ്രശ്നം രൂക്ഷമായത്. ദേശീയപാതയിലടക്കം വാഹനങ്ങള്‍ തടഞ്ഞു. ഏതെങ്കിലും സംഘടനയുടെ പേരിലല്ല ഹര്‍ത്താലനുകൂലികള്‍ സംഘടിച്ചിരിക്കുന്നത്. രാവിലെ മുതല്‍ സംഘം ചേര്‍ന്ന് ആളുകള്‍ വഴിതടയുകയും പ്രധാന റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കുകയുമായിരുന്നു.കോഴിക്കോട് താമരശ്ശേരി-കൊയിലാണ്ടി റൂട്ടിലും വാഹനങ്ങള്‍ തടഞ്ഞു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും കോഴിക്കോട്, ബേപ്പൂര്‍, വടകര മേഖലയിലും ബസുകള്‍ തടഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ പലയിടങ്ങളിലും കടകള്‍ അടപ്പിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ കടകള്‍ തുറന്നവരെ ഭീഷണിപ്പെടുത്തി അടപ്പിച്ചു. പരപ്പനങ്ങാടിയില്‍ ഹര്‍ത്താലനുകൂലികള്‍ ടയറുകള്‍ റോഡിലിട്ട് കത്തിച്ച് വാഹനഗതാഗതം തടസ്സപ്പെടുത്തി.കണ്ണൂര്‍ ജില്ലയിലെ കരുവഞ്ചാലിലും കോഴിക്കോട് മുക്കത്തും ഭീഷണിപ്പെടുത്തി കടകള്‍ അടപ്പിച്ചു. മൂവാറ്റുപുഴയിലും കണ്ണൂരും തിരൂരും ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തി.വാഹനങ്ങള്‍ തടയുന്നവര്‍ക്കെതിരേയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കഠുവയില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താലാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു.തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ ഹര്‍ത്താലാണെന്നുമാണ് സൂമൂഹ മാധ്യമങ്ങളില്‍ സന്ദേശം പ്രചരിച്ചത്.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മാതാവ് അന്തരിച്ചു
കണ്ണൂർ:തുറമുഖ വകുപ്പ് മന്ത്രിയും കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റുമായ രാമചന്ദ്രൻ കണ്ണപ്പള്ളിയുടെ മാതാവും അന്തരിച്ച പ്രശസ്ത സംസ്‌കൃത പണ്ഡിതനും ജ്യോതിഷിയുമായ പി.വി കൃഷ്ണൻ ഗുരുക്കളുടെ ഭാര്യയുമായ തോട്ടട ജവഹർ നഗർ ഹൗസിങ് കോളനിയിലെ മാണിക്യയിൽ ടി.കെ പാർവ്വതിയമ്മ(98) അന്തരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ മാസം അവസാനത്തോടെയാണ് മന്ത്രിയുടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ക്കാരം നാളെ രാവിലെ പത്തുമണിക്ക് പയ്യാമ്പലത്ത് നടക്കും. മറ്റുമക്കൾ:പി.വി രവീന്ദ്രൻ(റിട്ട.കെൽട്രോൺ ജീവനക്കാരൻ),പരേതനായ പി.വി ബാലകൃഷ്ണൻ,പി.വി ശിവരാമൻ.
കെഎസ്ഇബി ജീവനക്കാരൻ ജോലിക്കിടെ മിന്നലേറ്റ് മരിച്ചു
തിരുവനന്തപുരം:കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ മിന്നലേറ്റ് മരിച്ചു. ബാലരാമപുരം വലിയവിളാകം സ്വദേശി അയ്യപ്പനാണ്(55) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു കരാർ ജീവനക്കാരനായ മേലാംകോട് സ്വദേശി ഹരീന്ദ്ര കുമാറിന് പരിക്കേറ്റു.ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നു ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പതിനൊന്നുമണിയോട് കൂടി പാമാംകോടിന് സമീപം വില്ലംകോട്ടയിലാണ് അപകടം നടന്നത്.വ്യാഴാഴ്ച രാത്രി ഉണ്ടായ മഴയിലും കാറ്റിലും ഇവിടെ വൈദ്യുതി തൂൺ ഒടിഞ്ഞിരുന്നു.ഇത് മാറ്റാൻ എത്തിയതാണ് ഇവർ.ഇവർ ജോലി ആരംഭിച്ചപ്പോഴേക്കും മഴ പെയ്തതിനെ തുടർന്ന് തൊട്ടടുത്ത മരത്തിനു ചുവട്ടിലേക്ക് മാറി നിന്നപ്പോഴാണ് മിന്നലേറ്റത്.പരിക്കേറ്റ അയ്യപ്പനെയും ഹരീന്ദ്രനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അയ്യപ്പൻറെ ജീവൻ രക്ഷിക്കാനായില്ല.