ന്യൂഡൽഹി:മൂന്നു മാസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ മുതിർന്ന അഭിഭാഷകയായ ഇന്ദു മൽഹോത്രയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ കേന്ദ്രം അംഗീകാരം നൽകി.വെള്ളിയാഴ്ച ഇന്ദു മൽഹോത്ര ജഡ്ജി പദവി ഏറ്റെടുക്കും. നിയമനം അംഗീകരിച്ച് കേന്ദ്ര സർക്കാർ കൈമാറിയ ശുപാർശയ്ക്ക് രാഷ്ട്രപതി അംഗീകാരം നൽകി. എന്നാൽ ഇന്ദു മല്‍ഹോത്രയ്ക്കൊപ്പം കൊളീജിയം നിര്‍ദേശിച്ച മലയാളിയായ ജസ്റ്റീസ് കെ.എം ജോസഫിനെ കേന്ദ്രം തഴഞ്ഞു.എന്തുകാരണത്താലാണ് കെ.എം ജോസഫിനെ തഴഞ്ഞതെന്ന് വ്യക്തമല്ല.അഭിഭാഷകയായിരിക്കെ സുപ്രീം കോടതി ജഡ്‌ജിയാവുന്ന രാജ്യത്തെ ആദ്യ വനിതയെന്ന പദവിയും ഇന്ദു മൽഹോത്ര ഇതോടെ സ്വന്തമാക്കി.സുപ്രീം കോടതിയിലെ സീനിയർ പദവി ലഭിക്കുന്ന രണ്ടാമത്തെ വനിതാ അഭിഭാഷകയായ ഇന്ദു സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഒ.പി മൽഹോത്രയുടെ മകളാണ്.സുപ്രീം കോടതിയിലെ 24 ജഡ്ജിമാരിൽ നിലവിൽ ഒരു വനിത മാത്രമാണ് ഉള്ളത്.ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമെ ജഡ്ജിമാരായ ജസ്റ്റിസ് ചെലമേശ്വർ,രഞ്ജൻ ഗോഗോയ്,മദൻ പി ലോക്കൂർ,കുര്യൻ ജോസഫ് എന്നിവർ ഉൾപ്പെട്ട കൊളീജിയമാണ് നിയമനങ്ങൾ ശുപാർശ ചെയ്തത്. ഉത്തരാഖണ്ഡിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നീക്കം ജസ്റ്റിസ് കെ.എം ജോസഫ് റദ്ദാക്കിയിരുന്നു.ഇതാകാം കെ.എം ജോസഫിനെ തഴഞ്ഞതിന് പിന്നിലുള്ള കാരണമെന്നാണ് വിലയിരുത്തൽ.
ഒരുലക്ഷത്തോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ
ഇരിട്ടി:ഒരുലക്ഷത്തോളം രൂപ വിലമതിക്കുന്ന എം.ഡി.എം.എ എന്നറിയപ്പെടുന്ന മയക്കുമരുന്നും എൽഎസ്‌ഡി സ്റ്റാമ്പുകളുമായി കണ്ണൂർ സ്വദേശിയായ യുവാവ് ഇരിട്ടിയിൽ പിടിയിൽ.ഇരിട്ടി ടൗണിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.പാപ്പിനിശ്ശേരി സ്വദേശി പി.വി അർഷാദിനെ ആണ് ഇരിട്ടി എക്‌സൈസ് ഇൻസ്പെക്റ്റർ സിനു കൊയലത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കർണാടകത്തിൽ നിന്നും കൊണ്ടുവന്നതാണ് മയക്കുമരുന്നെന്ന് കരുതുന്നു. നാവിനടിയിൽ വെച്ചാൽ എട്ടുമണിക്കൂറോളം ലഹരി തരുന്നവയാണ് എൽഎസ്‌ഡി സ്റ്റാമ്പുകൾ. ഉത്തേജക ലഹരി മരുന്നായ എംടിഎമ്മിന് ഗ്രാമിന് 5000 രൂപയാണ് വില.ഇത് കൈവശം വെയ്ക്കുന്നവർക്ക് പത്തുമുതൽ ഇരുപതു വർഷം വരെയാണ് ശിക്ഷ ലഭിക്കുക.രണ്ടുലക്ഷം രൂപ വരെ പിഴയും നൽകേണ്ടിവരും.പ്രിവന്റീവ് ഓഫീസർമാരായ സി.കെ വിനോദൻ,ഒ.നിസാർ, ഐ.ബി സുരേഷ് ബാബു,സിഇഒമാരായ ജോഷി ജോസഫ്,കെ.കെ ബിജു,സജേഷ് മുക്കട്ടി,കെ.എം രവീന്ദ്രൻ തുടങ്ങിയവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
കണ്ണൂർ ബൈപാസ് സ്ഥലം ഏറ്റെടുക്കലിനെതിരെ കോട്ടക്കുന്നിൽ പ്രദേശവാസികളുടെ പ്രതിഷേധം തുടരുന്നു
കണ്ണൂർ:കണ്ണൂർ ബൈപാസ് സ്ഥലം ഏറ്റെടുക്കലിനെതിരെ കോട്ടക്കുന്നിൽ പ്രദേശവാസികളുടെ പ്രതിഷേധം തുടരുന്നു.ഇന്നലെ രാവിലെ കോട്ടക്കുന്ന് മുത്തപ്പൻ ക്ഷേത്ര പരിസരത്താണ് സർവ്വേ നടപടികൾ ആരംഭിച്ചത്.പിന്നീട് അറബിക് കോളേജ് പരിസരം,പരിസരത്തെ വയൽ എന്നിവിടങ്ങളിലും സർവ്വേ നടപടികൾ പൂർത്തിയാക്കി.എന്നാൽ പലയിടത്തും സർവ്വേ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി സ്ത്രീകളടക്കമുള്ള നാട്ടുകാർ മുന്നോട്ട് വന്നു.ഇവർ തമ്മിൽ വാക്കുതർക്കവുമുണ്ടായി. എന്നാൽ സർവ്വേ ഉദോഗസ്ഥർ നടപടികളുമായി മുന്നോട്ട് പോയതോടെ ഉച്ചയോടെ പ്രതിഷേധത്തിൽ കുറവുണ്ടായി.കനത്ത പോലീസ് കാവലിലാണ് സർവ്വേ നടപടികൾ പുരോഗമിച്ചത്.ചൊവ്വാഴ്ച സർവേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികൾ തടയുകയും സർവ്വേ ഉപകരണങ്ങൾ കിണറ്റിൽ എറിഞ്ഞ് നശിപ്പിക്കുകയും ചെയ്തിരുന്നു.ബൈപാസ് നിർമാണം ബാധിക്കില്ലെന്ന് കലക്റ്റർ ഉറപ്പു നൽകിയവരുടെ വീടുകളും ഇപ്പോൾ അടയാളപ്പെടുത്തിയ കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. കോട്ടക്കുന്നിൽ നിന്നും പുഴാതി വില്ലേജിലേക്കുള്ള ദൂരത്തിലാണ് ഇപ്പോൾ സർവ്വേ നടത്തിയത്. പുഴാതി വില്ലേജിൽ സർവ്വേ നടപടികൾ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. കോട്ടക്കുന്ന് പ്രദേശത്തെ 500 മീറ്ററോളം സ്ഥലത്താണ് ഇനി സർവ്വേ പൂർത്തീകരിക്കാനുള്ളത്.ഇത് ഇന്ന് പൂർത്തിയാക്കും.
ഉത്തർപ്രദേശിൽ ട്രെയിനും സ്കൂൾ ബസും കൂട്ടിയിടിച്ച് 13 വിദ്യാർഥികൾ മരിച്ചു
ഉത്തർപ്രദേശ്:ഉത്തർപ്രദേശിൽ ട്രെയിനും സ്കൂൾ ബസും കൂട്ടിയിടിച്ച് 13 വിദ്യാർഥികൾ മരിച്ചു. ബസ്സിന്റെ ഡ്രൈവറും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. യുപിയിലെ ഗോരഖ്പുരിന് സമീപം കുഷിനഗറിലെ ലെവൽ ക്രോസ്സിലാണ് അപകടം നടന്നത്.എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.ഡിവൈൻ പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് മരിച്ചത്.ഇന്ന് രാവിലെ ആറരമണിയോട് കൂടിയാണ് അപകടം നടന്നത്.പത്തുവയസ്സിൽ താഴെയുള്ള കുട്ടികളാണ് മരിച്ചത്.ആളില്ലാത്ത ലെവൽ ക്രോസിൽ വെച്ചാണ് അപകടം.മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.സംഭവത്തിൽ അന്വേഷണം നടത്താൻ ഗോരഖ്പുർ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വയനാട്ടിൽ കബനി നദിയിൽ അച്ഛനും രണ്ടുമക്കളും മുങ്ങി മരിച്ചു
പുൽപ്പള്ളി:മരക്കടവ് മഞ്ഞാടിക്കടവിൽ കബനി നദിയിൽ അച്ഛനും രണ്ടു മക്കളും മുങ്ങി മരിച്ചു.കബനിഗിരി ചക്കാലക്കല്‍ ബേബി മക്കളായ അജിത്, ആനി എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയപ്പോള്‍ അപകടമുണ്ടായതാണെന്ന് കരുതുന്നു.കുടുംബക്കാരായ പെരിക്കല്ലൂര്‍ പുളിമൂട്ടില്‍ മത്തായിയുടെ മക്കളായ സെലിന്‍, നിഥില, ഇവരുടെ മറ്റൊരു ബന്ധുവായ ചുണ്ടേല്‍ സ്വദേശിനി അലീന എന്നിവര്‍ പുല്‍പ്പള്ളിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. വേറെയും ആളുകളുണ്ടെന്ന സംശയത്തില്‍ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. അഗ്നിശമനസേന,പൊലീസ് തുടങ്ങിയ സേനാവിഭാഗങ്ങളും നാട്ടുകാരും പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
പിണറായിയിലെ കൂട്ടക്കൊലപാതകം;സൗമ്യയെ തെളിവെടുപ്പിനായി എത്തിച്ചു;കൂകിവിളിച്ചും അസഭ്യവർഷം ചൊരിഞ്ഞും നാട്ടുകാർ
കണ്ണൂർ:പിണറായിയിൽ മാതാപിതാക്കളെയും മക്കളെയും വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സൗമ്യയെ തെളിവെടുപ്പിനായി കൊണ്ടുവന്നു.ഇവരുടെ പടന്നക്കരയിലെ വീട്ടിലാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.തെളിവെടുപ്പിന് കൊണ്ടുവന്ന സൗമ്യയെ കാണാന്‍ നിരവധി നാട്ടുകാരാണ് വീടിനു പരിസരത്ത് എത്തിയത്.നാട്ടുകാര്‍ സൗമ്യക്കെതിരെ പ്രതിഷേധിക്കുകയും ഇവരെ കൂവി വിളിക്കുകയും ചെയ്തു.കൊലപാതകങ്ങളില്‍ സൗമ്യക്കു പുറമേ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന.എന്നാല്‍ ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. മറ്റു രണ്ടുപേരെ കൂടി കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും അവരെ വിട്ടയച്ചു.സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍, കമല എന്നിവരും സൗമ്യയുടെ മൂത്തമകള്‍ ഐശ്വര്യയും കഴിഞ്ഞ നാലുമാസത്തിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ഇവരെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ സൗമ്യ സമ്മതിച്ചിരുന്നു. സൗമ്യയുടെ രണ്ടാമത്തെ മകള്‍ ആറുവര്‍ഷം മുൻപ് മരിച്ചിരുന്നു. രണ്ടാമത്തെ മകളുടെത് സ്വാഭാവിക മരണമാണെന്നാണ് സൗമ്യ പോലീസിനോട് പറഞ്ഞത്.തന്റെ അവിഹിത ബന്ധത്തിന് മാതാപിതാക്കളും മകളും തടസ്സമാകുമെന്ന് മനസ്സിലാക്കിയ സൗമ്യ ഇവരെ ഭക്ഷണത്തിൽ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ അറസ്റ്റിലായ സൗമ്യയെ നാലു ദിവസത്തേക്കു കോടതി പോലീസ് കസ്റ്റഡിയിൽവിട്ടു. ചൊവ്വാഴ്ച അറസ്റ്റിലായ സൗമ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കസ്റ്റഡി അനുവദിച്ചത്.സൗമ്യയുമായി ബന്ധമുള്ള മൂന്ന് യുവാക്കളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. മാതാപിതാക്കളും മക്കളും എലിവിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ വിഷം വാങ്ങി നൽകിയത് പ്രദേശത്തെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്. എന്നാൽ ഇയാൾക്ക് കേസുമായി ബന്ധമൊന്നുമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. എലിവിഷം സാധാരണ വസ്തുവായതിനാൽ സൗമ്യ ആവശ്യപ്പെട്ടപ്പോൾ ഇയാൾ വാങ്ങി നൽകുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
തൃശൂർ പൂരം വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നൽകി
തൃശൂർ:തൃശൂർ: പ്രതിസന്ധികൾക്ക് വിരമമിട്ട് തൃശൂർ പൂരം വെടിക്കെട്ടിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി.നേരത്തെ സാമ്പിൾ വെടിക്കെട്ട് നടത്തിയപ്പോൾ ആറുപേർക്ക് പരിക്കേറ്റതിനെ തുടർന്നാണ് പൂരം വെടിക്കെട്ട് പ്രതിസന്ധിയിലായത്.പൂരം അതിന്‍റെ അവസാന മണിക്കൂറുകളിലെത്തിയിട്ടും വെടിക്കെട്ടിന് റവന്യൂ, എക്സ്പ്ലോസിവ് വിഭാഗങ്ങളുടെ അനുമതി ലഭിക്കാത്തത് പൂരപ്രേമികൾക്കും സംഘാടകർക്കുമിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. നിരോധിത വസ്തുക്കൾ കണ്ടെത്തിയിട്ടില്ല എന്ന് ജില്ലാകളക്റ്റർ അറിയിച്ചതിനെ തുടർന്നാണ് വെടിക്കെട്ടിന് അനുമതി ലഭിച്ചത്.എന്നാൽ, പാറമേക്കാവിന്‍റെ അമിട്ടുകൾ ഒരു വട്ടം കൂടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെ പുലർച്ചെ മൂന്നു മണിക്കാണ് വെടിക്കെട്ട് നടക്കുക.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച ഈ വർഷം വെടിക്കെട്ടിന്റെ തോത് വളരെ കുറവാണ്.എന്നാൽ ഇതിനെ വർണ്ണവിസ്മയം തീർത്ത് മറികടക്കാനാണ് ദേവസ്വങ്ങളുടെ തീരുമാനം.
തിരുവനന്തപുരത്ത് വിദേശ വനിത ലിഗ മരണപ്പെട്ട സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം:തിരുവനന്തപുരത്ത് ലിത്വാനിയൻ യുവതി ലിഗയെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം.ശ്വാസം മുട്ടിയാണ് ലിഗ മരണപ്പെട്ടതെന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്റ്റർമാർ പറഞ്ഞതായാണ് സൂചന. മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടടക്കമുള്ള പരിശോധന ഫലങ്ങൾ ലഭിച്ചാൽ മാത്രമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂ.പുതിയ സാഹചര്യത്തിൽ കൊലപാതക സാധ്യത മുന്നിൽകണ്ട് പോലീസ് അന്വേഷണം തുടങ്ങി.അതിനിടെ കൂടുതൽ ദുരൂഹത ഉയർത്തി വ്യത്യസ്തമായ മൊഴികളും പോലീസിന് ലഭിക്കുന്നുണ്ട്. ലിഗ പനത്തുറക്ക് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോകുന്നത് കണ്ടുവെന്നും കണ്ടില്ലെന്നും അന്വേഷണ സംഘത്തിന് മൊഴികൾ ലഭിച്ചു. മൊഴി നൽകിയവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.ഏതാനും നാളുകൾക്ക് മുൻപ് ലിഗ പനത്തുറക്ക് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി സമീപവാസിയായ സ്ത്രീ പറഞ്ഞതായി പ്രദേശത്ത് മീൻപിടിക്കാൻ എത്തിയ മൂന്ന് യുവാക്കൾ പോലീസിന് മൊഴി നൽകിയിരുന്നു.ഇവർ പറഞ്ഞതനുസരിച്ച് പോലീസ് ഇക്കാര്യം ചോദിച്ചപ്പോൾ താൻ കണ്ടിട്ടില്ലെന്നും യുവാക്കളോട് അങ്ങനെ പറഞ്ഞിട്ടില്ലെന്നുമാണ് സ്ത്രീ മൊഴി നൽകിയത്.പരസ്പര വിരുദ്ധമായ മൊഴികളിൽ വ്യക്തത വരുത്താൻ യുവാക്കളെയും സ്ത്രീയെയും പോലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.കേസിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.സംസ്ഥാന സർക്കാരിനെയും കേരളം ടൂറിസത്തെയും പ്രതിസന്ധിയിലാക്കിയേക്കാവുന്ന സംഭവത്തിൽ പോലീസ് കരുതലോടെയാണ് നീങ്ങുന്നത്.
ബലാൽസംഗകേസിൽ ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരാണെന്ന് കോടതി
ജോധ്പൂർ:പതിനാറുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.കേസിൽ കൂട്ടുപ്രതികളായ സച്ചിത, ശരത് ചന്ദ്ര,പ്രകാശ്, ശിവ എന്നീ നാലുപേരും കുറ്റക്കാരാണെന്നു കോടതി വിധിച്ചു.2013 ഓഗസ്റ്റ് 15 നാണ് കേസിനാസ്പദമായ സംഭവം. അശാറാം ബാപ്പുവിന്‍റെ മധ്യപ്രദേശിലുള്ള ആശ്രമത്തിൽ താമസിച്ചു പഠിക്കുകയായിരുന്നു പെൺകുട്ടിയെ പഠനത്തിൽ മോശമാണെന്നും ഭൂതബാധയുണ്ടെന്നും പറഞ്ഞ് ജോധ്പൂരിലെ ആശ്രമത്തിലേക്ക് വിളിച്ചു വരുത്തി ബലാൽസംഗം ചെയ്യുകയായിരുന്നു. ആശാറാം പീഡിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി 2013 ഓഗസ്റ്റ് 20നാണ് 16 വയസുള്ള പെണ്‍കുട്ടി പരാതി നൽകിയത്.വിധി പറയുന്നതിനു മുന്നോടിയായി പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീടിനു പോലീസ് കാവലേർപ്പെടുത്തി. സിസിടിവി കാമറയും സ്ഥാപിച്ചു.രുദ്രാപുരിലെ ആശ്രമത്തിനു മുന്നിലും പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.വിധി പറയുന്നതിനു മുന്നോടിയായി ഗുജറാത്ത്, രാജസ്ഥാൻ,ഹരിയാന സംസ്ഥാനങ്ങളിൽ സുരക്ഷ കർശനമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.ഈ സംസ്ഥാനങ്ങളിലാണ് ആശാറാമിന് വൻ അനുയായികളുള്ളത്.രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദേശപ്രകാരം ആശാറാമിനെ പാർപ്പിച്ചിരിക്കുന്ന ജോധ്പുർ ജയിലിനു കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.
തൃശ്ശൂർ പൂരം ഇന്ന്;പൂരലഹരിയിൽ മുങ്ങി നഗരം
തൃശൂർ:പൂരളലഹരിയിൽ മുങ്ങി തൃശൂർ.പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്.രാവിലെ വെയിൽ മൂക്കുംമുമ്പ് കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി മടങ്ങുന്നതോടെ ചെറൂപൂരങ്ങൾ ഒന്നൊന്നായി വടക്കുന്നാഥനിലേക്കെത്തും.ഇതോടെ പൂരച്ചടങ്ങുകള്‍ക്ക് തുടക്കമാകും. കണിമംഗലം ശാസ്താവാണ് ആദ്യം എഴുന്നള്ളുക. തുടര്‍ന്ന് പ്രശസ്തമായ മഠത്തില്‍വരവ് നടക്കും. ഉച്ചക്ക് രണ്ട് മണിക്കാണ് ഇലഞ്ഞിത്തറമേളം. വൈകീട്ട് അഞ്ചിന് തെക്കോട്ടിറക്കവും തുടര്‍ന്ന കുടമാറ്റവും നടക്കും.വ്യാഴാഴ്ച പുലർച്ച വെടിക്കെട്ടും രാവിലെ ചെറുപൂരവും കഴിഞ്ഞ് ഉപചാരം ചൊല്ലിപിരിയും വരെ നഗരത്തിൽ പൂരപ്പെരുമഴ പെയ്യും.മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം,മന്ത്രിമാരായ എ.സി. മൊയ്തീൻ,വി.എസ്. സുനിൽകുമാർ, ഡിജിപി ലോക്നാഥ് ബെഹ്റ തുടങ്ങിയ പ്രമുഖർ പൂരാഘോഷങ്ങളും കുടമാറ്റവും കാണാനായി പൂരനഗരിയിൽ എത്തും.നഗരത്തില്‍ വന്‍ ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.