ഇടുക്കി:മുല്ലപ്പെരിയാറില്‍ നിന്ന് രാത്രി മുന്നറിയിപ്പില്ലാതെ വീണ്ടും വെള്ളം ഒഴുക്കി തമിഴ്‌നാട്.നേരത്തെ തുറന്നിരിക്കുന്ന ഒമ്പത് ഷട്ടറുകൾ 120 സെന്റീമീറ്റർ വീതമാണ് അധികമായി ഉയർത്തിയത്. ഷട്ടർ കൂടുതൽ ഉയർത്തിയതിന് പിന്നാലെ പെരിയാർ തീരത്തെ പല വീടുകളിലും വെള്ളം കയറി തുടങ്ങി. മഴ മാറി നിന്ന പകൽസമയത്ത് വെളളം തുറന്നുവിടാതെ രാത്രിയിൽ പതിവായി ഷട്ടർ തുറക്കുന്നതിൽ നാട്ടുകാർ രോഷാകുലരാണ്. പലരുടെയും വീടുകളിൽ വെളളം കയറി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഇത്രയും അധികം വെള്ളം പെരിയാറിലേക്ക് ഒഴുക്കിയത്. അണക്കെട്ടില്‍നിന്ന് 12,654 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഒഴുക്കിയതോടെ വള്ളക്കടവ് ചപ്പാത്ത് പാലത്തില്‍ വെള്ളം കയറി. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ചപ്പാത്ത് പാലത്തിന്റെ കൈവരികള്‍ക്കിടയിലൂടെ വെള്ളം ഒഴുകിയത്. പെരിയാര്‍ തീരത്തെ വള്ളക്കടവ്, വികാസ്നഗര്‍, മഞ്ചുമല മേഖലകളിലെ പത്തിലധികം വീടുകളില്‍ വെള്ളം കയറി.എന്നാല്‍, രാത്രി പത്തോടെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ തമിഴ്നാട് അടച്ചു. തുടര്‍ന്നും ആറ് ഷട്ടറുകളിലൂടെ 8380 ഘനയടി വെള്ളം ഒഴുകി.രാത്രി ഒന്‍പതേമുക്കാലോടെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥലത്തെത്തി സ്ഥതിഗതികള്‍ വിലയിരുത്തി.രാവിലെയോടെ ഒന്ന് ഒഴികെ മറ്റെല്ലാ ഷട്ടറുകളും തമിഴ്‌നാട് അടച്ചു. പിന്നാലെ വീടുകളില്‍നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി.അതേസമയം രാത്രി വൻതോതിൽ വെള്ളം തുറന്നുവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പകല്‍ തുറന്നുവിടാന്‍ സൗകര്യമുണ്ടായിട്ടും രാത്രിയില്‍ വന്‍തോതില്‍ വെള്ളം തുറന്നുവിടുകയാണ്. ഇത് ജനാധിപത്യ നടപടികള്‍ക്ക് വിരുദ്ധമാണ്.എല്ലായിടത്തും അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും പറഞ്ഞു. രാത്രി മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്‌നാട് തുറക്കുന്നത് സംബന്ധിച്ച് കേരളത്തിന്റെ പ്രതിഷേധം മേല്‍നോട്ടസമിതിയെ അറിയിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയെ വിവരം അറിയിക്കുമെന്നും ജലവിഭവവകുപ്പ് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 3277 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;30 മരണം;5833 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3277 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂർ 267, തൃശൂർ 262, കൊല്ലം 200, ഇടുക്കി 142, മലപ്പുറം 135, ആലപ്പുഴ 123, പാലക്കാട് 99, പത്തനംതിട്ട 95, വയനാട് 62, കാസർഗോഡ് 53 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 45,412 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 138 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,768 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3056 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 187 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5833 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 938, കൊല്ലം 524, പത്തനംതിട്ട 323, ആലപ്പുഴ 174, കോട്ടയം 461, ഇടുക്കി 146, എറണാകുളം 724, തൃശൂർ 598, പാലക്കാട് 187, മലപ്പുറം 397, കോഴിക്കോട് 741, വയനാട് 266, കണ്ണൂർ 287, കാസർഗോഡ് 67 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
ഓമിക്രോണ്‍ ആശങ്ക;ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഐഎംഎ
ന്യൂഡല്‍ഹി: ഓമിക്രോണ്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍ എന്നിവര്‍ക്ക് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഐഎംഎ ദേശീയ അധ്യക്ഷന്‍ ജയലാല്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകാനും പുതിയ വകഭേദത്തെ പ്രതിരോധിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.പുതിയ വകഭേദത്തിന്റെ വ്യാപനശേഷി സംബന്ധിച്ച് വ്യക്തതയില്ല. അതുകൊണ്ടുതന്നെ കൃത്യമായ മുന്നൊരുക്കം ആവശ്യമാണെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു.
സംസ്ഥാനത്ത് പച്ചക്കറിവില വീണ്ടും ഉയര്‍ന്നു; തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും സെഞ്ച്വറിയടിച്ച് തക്കാളി വില
തിരുവനന്തപുരം:വില കുറയ്‌ക്കാനുള്ള ചർച്ചകൾ ഉദ്യോഗസ്ഥർക്കിടയിൽ പുരോഗമിക്കുമ്പോഴും സംസ്ഥാനത്ത് വീണ്ടും കുതിച്ച് ഉയർന്ന് പച്ചക്കറി വില. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില നൂറുരൂപയ്ക്ക് മുകളിലെത്തിയിരിക്കുകയാണ്.മറ്റ് പച്ചക്കറികൾക്കും ആഴ്ചകളായി ഉയർന്ന വില തുടരുകയാണ്. മുരിങ്ങക്കായ ആണ് നിലവിൽ തീ വിലയുള്ള പച്ചക്കറി ഇനം. 300 രൂപയാണ് ഇന്നത്തെ വില. വെണ്ടയ്‌ക്ക് കിലോയ്‌ക്ക് എഴുപത് രൂപയും, ചേന, ബീൻസ്, ക്യാരറ്റ് എന്നിവയ്‌ക്ക് അറുപത് രൂപയുമാണ് വില. ഇതര സംസ്ഥാനങ്ങളിലെ മഴക്കെടുതി കാരണം ഉൽപ്പാദനം കുറഞ്ഞതാണ് പച്ചക്കറിയ്‌ക്ക് വിലകൂടാൻ കാരണം. അതേസമയം, ഹോർട്ടികോർപ്പ് കുറഞ്ഞ വിലയ്‌ക്ക് വിൽപ്പന തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ 80 ടൺ പച്ചക്കറി തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഹോർട്ടികോർപ്പ് കേരളത്തിലെത്തിക്കുന്നുണ്ട്. തെങ്കാശിയിൽ നിന്നും നേരിട്ട് പച്ചക്കറി എത്തിക്കുന്നതിനായി ബുധനാഴ്ച കരാറൊപ്പിടുമെന്നാണ് ഹോർട്ടികോർപ്പ് അറിയിച്ചത്.
പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംസ്ഥാനത്ത് സമരം ചെയ്യുന്ന മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന കേരളത്തിലെ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നു. ബുധനാഴ്ച മുതല്‍ അത്യാഹിത വിഭാഗങ്ങള്‍ കൂടി ബഹിഷ്കരിക്കാനാണ് തീരുമാനം.ആറു മാസം വൈകിയ മെഡിക്കല്‍ പിജി അലോട്ട്മെന്‍റ് സുപ്രീം കോടതി വീണ്ടും നാല് ആഴ്ചകൂടി നീട്ടിയതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.മറ്റ് സംസ്ഥാനങ്ങളില്‍ ആരോഗ്യവകുപ്പ് സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും കേരളത്തില്‍ ഒരു നടപടിയുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപണം ഉയര്‍ത്തുന്നു.മെഡിക്കല്‍ പി ജി ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒ പി ബഹിഷ്കരണ സമരം തുടരുകയാണ്. ഡിസംബര്‍ 2 ന് സൂചന ഒപി ബഹിഷ്കരണം നടത്തിയതിന് ശേഷമാണ് 3 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങിയത്.
കൊച്ചിയിൽ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് ചൂതാട്ടം; പങ്കെടുത്തത് കൊച്ചിയിലെ പ്രമുഖർ
കൊച്ചി: ചെലവന്നൂരിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് നടന്ന ചൂതാട്ടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ലക്ഷങ്ങളുടെ ഇടാപാടാണെന്ന് ഓരോ കളിയിലും നടന്നതെന്ന് പോലീസ് കണ്ടെത്തി. ആഴ്ചയിൽ രണ്ട് ദിവസമാണ് ഇവിടെ ചൂതാട്ടം നടന്നിരുന്നത്. കൊച്ചി വാഹനാപകടത്തിൽ മോഡലുകൾ മരിച്ച കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചന്റെ ലഹരിപാർട്ടികളുമായി ബന്ധപ്പെട്ട പരിശോധനയിലാണ് പോലീസ് ഫ്‌ലാറ്റിൽ റെയ്ഡ് നടത്തിയത്. കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട നിരവധി വ്യക്തികൾ ചൂതാട്ടത്തിൽ പങ്കെടുത്തിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ ഇടപാടാണ് നടന്നത്. പോക്കർ കോയിനുകൾ ഉപയോഗിച്ചുളള ചൂതാട്ടമാണ് നടന്നിരുന്നത്.ചെലവന്നൂരിലെ ഹീര ഫ്‌ലാറ്റ് സമുച്ചയത്തിലെ പതിനെട്ടാം നിലയിലുള്ള ഡ്യൂപ്ലെ ഫ്‌ലാറ്റിലാണ് ചൂതാട്ടകേന്ദ്രം. അറുപതിനായിരം രൂപ കൊടുത്ത് വാടകയ്‌ക്ക് എടുത്ത ഫ്‌ലാറ്റിന്റെ മുകൾ ഭാഗത്തുള്ള മുറിയാണ് ചൂതാട്ട കേന്ദ്രമായി സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി ഇത് സജീവമായി പ്രവർത്തിക്കുകയായിരുന്നു. മാഞ്ഞാലി സ്വദേശി ടിപ്‌സന്റെ ഫോണിൽ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സൈജു തങ്കച്ചൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ വിവിധ ഫ്‌ലാറ്റുകളിൽ പോലീസ് സംഘവും നർകോട്ടിക്ക്‌സ് സംയുക്തമായി പരിശോധന നടത്തിയത്. ഇവിടെ നിന്നും ലഹരി ഉപയോഗിക്കുന്ന പേപ്പറുകളും മറ്റ് വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
എറണാകുളം നായരമ്പലത്ത് വീട്ടിനുള്ളില്‍ അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ നിലയില്‍ കണ്ട മകനും മരിച്ചു
കൊച്ചി: എറണാകുളം നായരമ്പലത്ത് വീട്ടിനുള്ളില്‍ അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ നിലയില്‍ കണ്ട മകനും മരിച്ചു.സിന്ധുവിന്‍റെ മകന്‍ അതുലാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്നലെ രാത്രി മരിച്ചത്.70 ശതമാനത്തോളം അതുലിന് പൊള്ളലേറ്റിരുന്നു. അതുലിന്റെ അമ്മയായ സിന്ധു ഇന്നലെ മരിച്ചിരുന്നു.ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. വീട്ടിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ടെത്തിയ സമീപവാസികളും ബന്ധുക്കളും ചേര്‍ന്ന് വാതില്‍ തല്ലിപ്പൊളിച്ച് അകത്തു കടന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പരാതി നല്‍കിയിട്ടുണ്ട്.മരിച്ച സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് തെളിയിക്കാന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഇതിന് പിന്നില്‍ ആരാണെന്ന ചോദ്യത്തിന് സിന്ധു യുവാവിന്റെ പേരു പറയുന്ന ശബ്ദരേഖയും കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്.നേരത്തെ ഇയാള്‍ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് സിന്ധു പോലീസില്‍ പരാതി നല്‍കുകയും ഇയാള്‍ക്കെതിരെ കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. സിന്ധുവിന്റെ പരാതിയിന്മേല്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയും ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.
കാസർകോട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
കാസർകോട്: കാസർകോട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പെർളടകത്ത് ഉഷ(48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.ഉഷയുടെ ശരീരത്തിൽ നിരവധി വെട്ടുകളേറ്റ പാടുകളുണ്ട്. കൊലപാതകത്തിന് ശേഷം ഭർത്താവ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. കാസർകോട് റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതി മാനസിക പ്രശ്‌നങ്ങൾ ഉള്ളയാളാണെന്ന് നാട്ടുകാർ പറയുന്നു.നേരത്തെ ഇരുവരും തമ്മിൽ സ്ഥിരം വഴക്കുണ്ടാകുമായിരുന്നു. തുടർന്ന് രണ്ട് പേരും മാറി താമസിച്ചു. അടുത്തിടെയാണ് ഇവർ ഒന്നിച്ച് താമസിക്കാൻ ആരംഭിച്ചത് എന്നും ഇടയ്‌ക്കിടെ തർക്കങ്ങൾ ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. പ്രതിയെ ചോദ്യം ചെയ്തതാൽ മാത്രമേ വിശദമായി വിവരങ്ങൾ ലഭിക്കൂ.
കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്.സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം.കഴിഞ്ഞ നവംബറിലാണ് സ്ഥാനം ഒഴിഞ്ഞത്.ആരോഗ്യകാരണങ്ങളും മകന്‍ ബിനീഷ് കോടിയേരിയേരിയുടെ അറസ്റ്റുമായിരുന്നു കാരണങ്ങള്‍. മാറിനിൽക്കാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അറിയിച്ച കോടിയേരി, അവധി അപേക്ഷ നൽകുകയായിരുന്നു.തുടർന്ന് താൽക്കാലിക ചുമതല എ.വിജയരാഘവന് നൽകുകയായിരുന്നു.പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന വേളയിൽ സംസ്ഥാന സമ്മേളനത്തിന് മുൻപ് തന്നെ കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തണം എന്ന നിലപാടാണ് മടക്കം വേഗത്തിലാക്കിയത്. മുതിർന്ന നേതാവ് എംഎം മണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുന്നത്. പാര്‍ട്ടിസമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ സ്ഥിരം സെക്രട്ടറി എന്ന നിലയില്‍ കോടിയേരി ചുമതല ഏറ്റെടുക്കണമെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
ആന്ധ്ര മുന്‍മുഖ്യമന്ത്രി കെ റോസയ്യ അന്തരിച്ചു
ഹൈദരാബാദ്: ആന്ധ്ര മുന്‍മുഖ്യമന്ത്രിയും കര്‍ണാടക, തമിഴ്നാട് ഗവര്‍ണറുമായിരുന്ന കെ റോസയ്യ (88) അന്തരിച്ചു.ഹൈദരാബാദില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. 16 തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ച ധനമന്ത്രിയാണ് അദ്ദേഹം.വൈഎസ്‌ആര്‍ രാജശേഖര റെഡ്ഡിയുടെ മരണശേഷം 2009 സെപ്തംബര്‍ മുതല്‍ 2010 നവംബര്‍ വരെ അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു റോസയ്യ. 1998ല്‍ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.