തിരുവനന്തപുരം:ചരിത്രം കുറിച്ച് കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ വിവാഹം ഇന്ന് തലസ്ഥാന നഗരിയിൽ നടന്നു.ഹിന്ദുവായ സൂര്യയും ഇസ്ലാമായ ഇഷാനും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായപ്പോൾ സാക്ഷികളായത് ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും.തിരുവനന്തപുരം മന്നം നാഷണല്‍ ക്ലബ്ബില്‍ നടന്ന വിവാഹം, ആദ്യത്തെ നിയമവിധേയമായ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളാണ് ഇരുവരും. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലുള്ളവര്‍ ആട്ടവും പാട്ടവുമായാണ് വധൂ-വരന്മാരെ വിവാഹ വേദിയിലേക്ക് ആനയിച്ചത്.വേദിയിലെത്തിയ ഇരുവരും പരസ്പ്പരം ഹാരമണിഞ്ഞ് സ്വീകരിച്ചു.ഏറെ വര്‍ഷങ്ങളായുള്ള ഇവരുടെ സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു. 32കാരനായ ഇഷാന്‍ മൂന്നു വര്‍ഷം മുൻപാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. 2014ലാണ് സൂര്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. സോഷ്യല്‍ ആക്ടിവിസ്റ്റും ഭിന്ന-ലൈംഗിക പ്രവര്‍ത്തകയുമായ സൂര്യ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിക്കുന്നുണ്ട്.
തലശ്ശേരി പാറാലിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീടിനു നേരെ ബോംബേറ്
തലശ്ശേരി:തലശ്ശേരി:സംഘര്‍ഷം നിലനിൽക്കുന്ന ന്യൂ മാഹി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാറാലില്‍ സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബാക്രമണം.സി.പി.എം.ലോക്കല്‍ കമ്മിറ്റിയംഗം അരവിന്ദൻ കരിയാടന്റെ വീടിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം.മുകള്‍ നിലയിലെ ചുമരില്‍ തട്ടിയുണ്ടായ സ്പോടനത്തില്‍ ചുമര്‍വിണ്ടു കീറി.തൊട്ടുള്ള ജനല്‍ പാളികള്‍ പൊട്ടിത്തെറിച്ചു. അരവിന്ദാക്ഷന്റെ സഹോദരനും ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകനുമായ വിജേഷും അമ്മയും സഹോദരങ്ങളുമാണ് തത്സമയം വീട്ടിലുണ്ടായത്. ഇവര്‍ക്കാര്‍ക്കും പരിക്കില്ല. വിവരമറിഞ്ഞ് ന്യൂ മാഹി പോലീസെത്തി അന്വേഷണം ആരംഭിച്ചു.സി.പി.എം.സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണന്‍, അഡ്വ.എ.എന്‍.ഷംസീര്‍ എം.എല്‍.എ, പാര്‍ട്ടി തലശ്ശേരി ഏരിയ സെക്രെട്ടറി എം.സി.പവിത്രന്‍ തുടങ്ങിയ നേതാക്കള്‍ ഇന്ന് രാവിലെ വീട് സന്ദര്‍ശിച്ചു.കഴിഞ്ഞ ദിവസം ഇതിനടുത്തുള്ള ഒരു ബി.ജെ.പി.പ്രവര്‍ത്തകന്റെ വീടിന് നേരെയും ആക്രമം നടന്നിരുന്നു.
മഴയിലും മഞ്ഞിലും വിമാനം കൃത്യമായി ഇറക്കാനുള്ള ഐഎൽഎസ് സംവിധാനം കണ്ണൂർ വിമാനത്താവളത്തിലും
കണ്ണൂർ:മഴയിലും മഞ്ഞിലും വിമാനം കൃത്യമായി ഇറക്കാനുള്ള ഐഎൽഎസ് സംവിധാനം കണ്ണൂർ വിമാനത്താവളത്തിലും എത്തി.വിദേശത്തുനിന്നുമാണ് ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം വ്യോമഗതാഗത വകുപ്പ് കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചത്.മഞ്ഞിലും മഴയിലും പൈലറ്റിന് റൺവെ പൂർണ്ണമായും ദൃശ്യമാകാത്ത സാഹചര്യത്തിൽ വിമാനം കൃത്യമായി യഥാസ്ഥാനത്ത് ഇറക്കാൻ കഴിയുന്ന സംവിധാനമാണിത്.നിലവിൽ രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ മാത്രമേ ഈ സംവിധാനം നിലവിലുള്ളൂ.വിമാനത്തിലും വിമാനത്താവളത്തിലും ഈ സംവിധാനം ഉണ്ടാകും.ഈ സംവിധാനം കണ്ണൂർ വിമാനത്താവളത്തിൽ സ്ഥാപിക്കുന്നതിനായി ഈ മാസം അവസാനം ഡൽഹിയിൽ നിന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ എൻജിനീയർമാർ കണ്ണൂർ വിമാനത്താവളത്തിലെത്തും.
പാപ്പിനിശ്ശേരി തുരുത്തി കോളനിയിൽ കുടിൽകെട്ടി സമരം ചെയ്തവരെ അറസ്റ്റ് ചെയ്തു നീക്കി
കണ്ണൂർ:ദേശീയപാത വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കതിനെതിരെ പാപ്പിനിശ്ശേരി തുരുത്തി കോളനിയിൽ കുടിൽകെട്ടി സമരം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.ഇന്നലെ രാവിലെ പത്തരയോടെയാണ് വളപട്ടണം എഎസ്പി അരവിന്ദ് സുകുമാരന്‍റെ നേതൃത്വത്തിൽ സമരം നടത്തിയ സ്ത്രീകൾ ഉൾപ്പെടെ പതിനെട്ട് പേരെ അറസ്റ്റ് ചെയ്തു നീക്കിയത്. സമരപ്പന്തലിലെത്തിയ പോലീസ് ആദ്യം കർമസമിതി കൺവീനർ കെ.നിഷിൽ കുമാർ, കെ.ലീല,എ.സന്തോഷ് കുമാർ,കുഞ്ഞമ്പു കല്യാശ്ശേരി എന്നിവരെ അറസ്റ്റ് ചെയ്തു നീക്കി.തുടർന്ന് സർവ്വേ നടപടികൾ ആരംഭിച്ചു.തഹസിൽദാർ അടക്കമുള്ള സർവ്വേ ഉദ്യോഗസ്ഥർ വൻ പോലീസ് അകമ്പടിയോടെയാണ് സർവേക്കായി എത്തിയത്.പിന്നീട് സമരപ്പന്തലിലുണ്ടായിരുന്ന കോളനിനിവാസികളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.അറസ്റ്റ് ചെയ്യുന്നതിനിടയിൽ അല്പ സമയം വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.പതിനൊന്നരയോടെ സമരക്കാരെ മുഴുവൻ അറസ്റ്റ് ചെയ്തു നീക്കിയ പോലീസ് സമരപന്തൽ കയ്യടക്കുകയും ചെയ്തു.വൈകുന്നേരം സർവ്വേ നടപടികൾ പൂർത്തിയാകുന്നത് വരെ പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചു.വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്ത് കുട്ടികളെയും സ്ത്രീകളെയും സമരസമിതി പ്രവർത്തകരെയും പോലീസ് വിട്ടയച്ചു. ദേശീയപാത വികസനത്തിനായി അലൈൻമെന്റിൽ മാറ്റം വരുത്തിയതോടെ വീടുകൾ നഷ്ടപ്പെടുന്ന തുരുത്തി പട്ടികജാതി കോളനിവാസികൾ നടത്തുന്ന സമരം പന്ത്രണ്ടാം ദിവസത്തിലെത്തിയപ്പോഴാണ് അറസ്റ്റ്.
കണ്ണൂർ നഗരത്തിൽ പട്ടാപ്പകൽ കാട്ടുപന്നിയിറങ്ങി; എടിഎം കൗണ്ടറിനു കേടുവരുത്തി
കണ്ണൂർ:നഗരത്തിൽ പട്ടാപകൽ കാട്ടുപന്നിയിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കി.ഇന്നലെ രാവിലെ 10.30 ഓടെയാണ് പ്രഭാത് ജംഗ്ഷന് സമീപം കാട്ടുപന്നിയെ കണ്ടത്. നഗരത്തിരക്കിൽപ്പെട്ട് വെകിളി പിടിച്ച കാട്ടുപന്നി ഇവിടെയുള്ള സിറ്റി യൂണിയൻ ബാങ്കിന്‍റെ എടിഎം കൗണ്ടറിന്‍റെ ചില്ല് വാതിൽ കുത്തിത്തകർത്തു. ഈസമയം കൗണ്ടറിൽ ആളില്ലാത്തതിനാൽ അപകടം ഒഴിവായി. സമീപത്തുള്ള മറ്റു കടകളുടെ ചില്ലുകളിൽ തലകൊണ്ടിടിച്ചെങ്കിലും കട്ടികൂടിയ ഗ്ലാസുകളായതിനാൽ തകർന്നില്ല. ജനങ്ങൾ ഒച്ചവെച്ചതോടെ പന്നി ഓടിരക്ഷപ്പെടുകയായിരുന്നു. സമീപത്തെ കുറ്റിക്കാടുകളിൽ നിന്നാകാം പന്നിയെത്തിയതെന്ന് സംശയിക്കുന്നു.
ഇരിട്ടി പാലത്തിന്റെ ഇരുമ്പ് ഗർഡർ ബസ്സിന് മുകളിലേക്ക് തകർന്നു വീണു
ഇരിട്ടി:ഇരിട്ടി പാലത്തിന്റെ മുകൾ വശത്തെ ഇരുമ്പ് ഗർഡർ ബസ്സിന് മുകളിലേക്ക് തകർന്നു വീണു.പാലത്തെ താങ്ങി നിർത്തുന്ന ഇരുമ്പ് ദണ്ഡാണ് ബസിനു മുകളിലേക്ക് പൊട്ടി വീണത്. ഇരിട്ടിയിൽ നിന്നും മണിക്കടവിലേക്ക് പോവുകയായിരുന്ന നിർമാല്യം ബസിനുമുകളിലാണ് ഗർഡർ പൊട്ടിവീണത്.1933 ഇൽ ബ്രിട്ടീഷുകാർ നിർമിച്ച പാലമാണിത്.കരിങ്കൽ തൂണുകളിൽ ഉരുക്ക് ബീമുകൾ കൊണ്ട് നിർമിച്ച പാലത്തിന്റെ ഭാരം മുഴുവൻ ലഘൂകരിച്ച് താങ്ങി നിർത്തുന്നത് ബീമുകളെ പരസ്പ്പരം ബന്ധിപ്പിച്ച് മുകൾത്തട്ടിൽ നിൽക്കുന്ന ഗാർഡറുകളാണ്. ഇവയുടെ ബലക്ഷയം പാലത്തിനെ മുഴുവനായും ബാധിക്കും.ഇരിട്ടി പഴയപാലത്തിനു സമാന്തരമായി പുതിയ പാലത്തിന്റെ പൈലിങ് ജോലികൾ ആരംഭിച്ചിട്ടുണ്ട്.പുതിയ പാലം വരുന്നതിനാൽ കുറെ വർഷങ്ങളായി പഴയപാലത്തിനു വർഷാവർഷം നടത്തുന്ന അറ്റകുറ്റപ്പണികൾ നടത്താറില്ല.അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റും ചരക്കുകയറ്റി വരുന്ന വാഹങ്ങൾ തട്ടി പാലത്തിന്റെ ഇരുമ്പു ദണ്ഡുകൾ പലതും അപകടാവസ്ഥയിലായിരിക്കുകയാണ്. അപകടത്തെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.ഇരിട്ടി അഗ്നിരക്ഷാസേന ഓഫീസർ ജോൺസൺ പീറ്ററുടെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാപ്രവർത്തകർ ഗ്യാസ് വെൽഡർമാരെ വരുത്തി ഇരുമ്പു ഗർഡർ മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു;83.75 ശതമാനം വിജയം
തിരുവനന്തപുരം:ഹയർസെക്കണ്ടറി,വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു.വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്.83.75 ശതമാനമാണ് വിജയം.4,42,434 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 3,09,065 വിദ്യാർഥികൾ വിജയിച്ചു.14,735 പേര്‍ എല്ലാ വിഷയത്തിനു എ പ്ലസ് നേടി.കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം (86.75 ശതമാനം).എറ്റവും കുറവ് വിജയശതമാനം പത്തനംതിട്ടയില്‍ ,77.16 ശതമാനം. പുനർമൂല്യ നിർണ്ണയം നടത്താനുള്ള അവസാന തീയതി മെയ് 15 ആണ്.ജൂൺ അഞ്ചു മുതൽ പന്ത്രണ്ട് വരെ സെ പരീക്ഷ നടക്കും.സെ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാനതീയതി മെയ് 16. പരീക്ഷാഫലം പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിൽ ലഭിക്കും.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും prdlive ആപ്പ് ഡൌൺലോഡ് ചെയ്യാം.www.prd.kerala.gov.in, www.results.kerala.inc.in, www.itmission.kerala.gov.in, www.results.itschool.gov.in, www.results.kerala.gov.in, www.vhse.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴിയും പരീക്ഷാഫലം ലഭിക്കും.
ഫ്ളിപ്പ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്തു
മുംബൈ:ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്ലിപ്പ്കാർട്ടിനെ ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വിൽപ്പന കമ്പനിയായ വാൾമാർട്ട് ഏറ്റെടുത്തു.ഫ്‌ളിപ്കാർട്ടിലെ 77 ശതമാനം ഓഹരികളും വാൾമാർട്ട് വാങ്ങി.1600 കോടി ഡോളറിനാണ്(ഏകദേശം 1.08 ലക്ഷം കോടി രൂപ) ഓഹരി വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇത്രയും വലിയ തുകയ്ക്കു ഇന്ത്യയിലെ ഒരു കമ്പനിയെ ഏറ്റെടുക്കുന്നത് ആദ്യമാണ്. ഫ്‌ളിപ്കാർട്ടിനെ ഏറ്റെടുത്ത വിവരം വാൾമാർട്ട് സിഇഒ ഡൗഗ് മാക് മില്യനും ഫ്ലിപ്പ്കാർട്ട് സഹസ്ഥാപകനും സിഇഒയുമായ ബിന്നി ബെൻസാലും പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.ഫ്‌ളിപ്കാർട്ടിലെ വലിയ നിക്ഷേപകരായ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് അടക്കമുള്ള വിവിധ മുൻനിര കമ്പനികളുടെ കൈവശമുള്ള ഓഹരികളാണ് വാൾമാർട്ടിന് കൈമാറുക.നിലവില്‍ സോഫ്റ്റ് ബാങ്കിനായിരുന്നു ഫ്‌ളിപ്കാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഓഹരികളുണ്ടായിരുന്നത്. ബാംഗ്ലൂര്‍ അടിസ്ഥാനമായുള്ള കമ്പനിയില്‍ 23 ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു സോഫ്റ്റ് ബാങ്കിനുണ്ടായിരുന്നത്. ഫ്ലിപ്പ്കാർട്ടിൽ 60 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ലക്ഷ്യമിട്ടെത്തിയ ആമസോണിനെ പിന്തള്ളിയാണ് വാൾമാർട്ട് ഫ്ളിപ്പ്കാർട്ടിനെ ഏറ്റെടുത്തത്. ബെംഗളൂരു കേന്ദ്രീകരിച്ച് 2007 ലാണ് ബിന്നി ബെൻസാലും സച്ചിൻ ബെൻസാലും ഫ്ലിപ്പ്കാർട്ട് ആരംഭിച്ചത്.ആമസോണിൽ നിന്നും പിരിഞ്ഞ ശേഷമാണ് ഇവർ ഫ്ലിപ്പ്കാർട്ടിന് തുടക്കമിട്ടത്. വൻതോതിൽ വിദേശമൂലധനമെത്തിയതോടെ ഇന്ത്യയിലെ മുൻനിര ഓൺലൈൻ കമ്പനിയായി ഫ്ലിപ്പ്കാർട്ട് മാറി.ഏറ്റെടുക്കൽ പൂർത്തിയായതോടെ സച്ചിൻ ബൻസാൽ കമ്പനിയിൽ നിന്നും പിന്മാറും.വാൾമാർട്ടിന്‍റെ നിക്ഷേപത്തിലൂടെ ഇരു കമ്പനികൾക്കും നേട്ടങ്ങളുണ്ടാകും. ഫ്ളിപ്കാർട്ടിന് കൂടുതൽ മൂലധനം സമാഹരിക്കുന്നതിനൊപ്പം കമ്പനിയുടെ വിപുലീകരണത്തിനും ഉപകരിക്കും. വാൾമാർട്ടിന് ഇന്ത്യൻ വിപണിയിൽ സജീവമാകാനും ഇന്ത്യയിലും യുഎസിലും ആമസോണിനെ പ്രതിരോധിക്കാനും സാധിക്കും.
കർണാടക തിരഞ്ഞെടുപ്പ്;ഇന്ന് കൊട്ടിക്കലാശം
ബെംഗളൂരു:കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്.തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണങ്ങൾ ഇന്ന് അവസാനിക്കും.ശനിയാഴ്ചയാണ് കർണാടകത്തിലെ 223 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക.ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പ്രചാരണത്തിനാണ് കർണാടക ഇത്തവണ സാക്ഷ്യം വഹിച്ചത്.ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണത്തിനൊടുവിൽ നിലവിലെ ഭരണ കക്ഷിയായ കോൺഗ്രസ്സും പ്രതിപക്ഷത്തുള്ള ബിജെപിയും ഒപ്പത്തിനൊപ്പം നിൽക്കുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങി നിരവധി രാഷ്ട്രീയ പ്രമുഖരാണ് മാസങ്ങള്‍ നീണ്ടുനിന്ന പ്രചാരണത്തിനു കർണാടകയിൽ നേതൃത്വം നൽകിയത്. കോൺഗ്രസിൽനിന്നു അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. 21 റാലികളെയാണ് കർണാടകയിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥി തുടങ്ങി നിരവധി പ്രമുഖർ ബിജെപിക്കായി പ്രചാരണത്തിന് കർണാടകയിൽ എത്തിയിരുന്നു.ശക്തമായ പ്രചാരണ പരിപാടികളാണ് കോൺഗ്രസ്സും കർണാടകയിൽ സംഘടിപ്പിച്ചത്.രാഹുല്‍ഗാന്ധി 30 ദിവസമാണ് കർണാടകയിൽ പ്രചാരണത്തിനായി ചെലവിട്ടത്. രണ്ടുവര്‍ഷത്തിനുശേഷം സോണിയാഗാന്ധിയും കര്‍ണാടകയിലെത്തി പ്രചാരണറാലിയില്‍ പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള പല പ്രമുഖ കോൺഗ്രസ് നേതാക്കളും പ്രചാരണങ്ങൾക്കായി കർണാടകയിൽ എത്തി.
ഇരട്ടക്കൊലപാതകം;കണ്ണൂരിൽ ഇന്ന് സിപിഎം-ബിജെപി സമാധാന ചർച്ച
കണ്ണൂർ:കണ്ണൂരിലും മാഹിയിലുമായി നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ ഇന്ന് സിപിഎം-ബിജെപി സമാധാന യോഗം നടക്കും.ജില്ലാ കളക്റ്ററാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.വൈകുന്നേരം നാലുമണിക്ക് കണ്ണൂർ കളക്റ്ററേറ്റിലാണ് യോഗം നടക്കുക.ഇരുപാർട്ടികളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. തിങ്കളാഴ്ച രാത്രിയാണ് പള്ളൂരില്‍ രണ്ടു കൊലപാതകങ്ങളും നടന്നത്. സിപിഎം നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു (47), ഓട്ടോറിക്ഷാ ഡ്രൈവറും ആര്‍.എസ്.എസ്. പ്രവര്‍ത്തകനുമായ ന്യൂമാഹി പെരിങ്ങാടി പറമ്പത്ത് വീട്ടില്‍ യു.സി. ഷമേജ് (36) എന്നിവരാണ് മരിച്ചത്. കൊലപാതകങ്ങളിൽ മുഖ്യമന്ത്രിയോട് ഗവർണ്ണർ വിശദീകരണവും തേടിയിരുന്നു. അന്വേഷണം നടക്കുന്നതിനോടൊപ്പം കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സമാധാന യോഗം നടത്തുന്നത്.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.