തിരുവനന്തപുരം:അടുത്ത 48 മണിക്കൂറിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഡെൽഹിയടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാല് ദിവസം ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കാലവർഷത്തിന് തൊട്ടുമുൻപായി മഴയുണ്ടാകാറുണ്ടെങ്കിലും ഇത്തവണ മഴയ്ക്ക് ശക്തി കൂടുതലാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി
കൊച്ചി: മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി. കാക്കനാട് സ്വദേശി എം.ജെ. സന്തോഷ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് നിരോധിച്ചുള്ള വ്യവസ്ഥ പോലീസ് ആക്ടിൽ ഇല്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.നിലവിൽ പോലീസ് ആക്ടിലെ 118(ഇ) വകുപ്പ് പ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കാറുള്ളത്. അറിഞ്ഞുകൊണ്ട് ഒരാൾ പൊതുജനങ്ങളെയും പൊതുസുരക്ഷയെയും അപകടപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുന്നത് കുറ്റകരമാണെന്നത് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കുന്നത്. ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുന്ന ഒരാളെ പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാൻ കഴിയില്ലെന്നും കേസെടുക്കാൻ സാധിക്കില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ സസ്‌പെൻഷൻ പിൻവലിച്ചു
കണ്ണൂർ:കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ സസ്‌പെൻഷൻ പിൻവലിച്ചു.കശാപ്പ് നിയന്ത്രണ നിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ പരസ്യമായി കന്നുകുട്ടിയെ അറുത്ത സംഭവവുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് ദേശീയ നേതൃത്വം റിജിൽ മാക്കുറ്റിയെ സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ പിൻവലിച്ചതോടെ യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് റിജിൽ വീണ്ടുമെത്തും.ഇതേ വിഷയവുമായി ബന്ധപ്പെട്ട് റിജിൽ മക്കുട്ടിയോടൊപ്പം സസ്പെൻഷനിലായിരുന്ന ലോക്സഭാ മണ്ഡലം സെക്രെട്ടറി ജസ്റ്റിസൻ ചാണ്ടിക്കൊല്ലി,അഴീക്കോട് നിയോജകമണ്ഡലം പ്രസിഡന്റ് ഷറഫുദ്ധീൻ കാട്ടാമ്പള്ളി എന്നിവരുടെ സസ്‌പെൻഷനും പിൻവലിച്ചിട്ടുണ്ട്. റിജിൽ സസ്പെൻഷനിലായതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രെട്ടറി ജോഷി കണ്ടത്തിലിനായിരുന്നു ചുമതല.
മാഹിയിലെ ആർഎസ്എസ് പ്രവർത്തകൻ ഷമേജിന്റെ കൊലപാതകം;രണ്ടു സിപിഎം പ്രവർത്തകർ കസ്റ്റഡിയിൽ
കണ്ണൂർ:ന്യൂ മാഹിയിൽ ആർഎസ്എസ് പ്രവർത്തകൻ ഷമേജ് കൊല്ലപ്പെട്ട കേസിൽ രണ്ട് സിപിഎം പ്രവർത്തകർ കസ്റ്റഡിയിൽ.ബെംഗളൂരുവിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് ഉറപ്പില്ലെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.കൊലപാതകം സംബന്ധിച്ച സൂചന കസ്റ്റഡിയിലായവരിൽ നിന്നും പൊലീസിന് ലഭിച്ചതായും സൂചനയുണ്ട്.കൊലപാതകത്തിന് ശേഷം ബംഗളൂരുവിലേക്ക് കടന്ന ഇവരെ കർണാടക പോലീസിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്.കേസുമായി ബന്ധപ്പെട്ട ഇതിനോടകം 36 പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.രാഷ്ട്രീയ വൈരാഗ്യം മൂലം ആറ് സിപിഎം പ്രവർത്തകർ ചേർന്ന് ഷമേജിനെ കൊലപ്പെടുത്തി എന്നതാണ് കേസ്.തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കഞ്ചാവുമായി യുവാവ് പിടിയിൽ
കണ്ണൂർ:ബൈക്കിൽ കടത്തുകയായിരുന്ന ഒരുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊളച്ചേരി പന്ന്യങ്കണ്ടി പീത്തിയിൽ ഹൗസിൽ പി.വി റംഷാദാണ്(25) പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ ടൌൺ എസ്‌ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് റംഷാദ് പിടിയിലായത്. കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവക്കാരനായ റംഷാദിനെ തിങ്കളാഴ്ച രാത്രി ഒൻപതരയോടെ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്ര പരിസരത്തുവെച്ചാണ് പിടികൂടിയത്.കഞ്ചാവ് ചെറിയ പായ്‌ക്കറ്റുകളിലാക്കി ബൈക്കിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു. മംഗലാപുരത്തുനിന്നും ട്രെയിൻ മാർഗമാണ് കഞ്ചാവ് കണ്ണൂരിലെത്തിക്കുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ വില്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. സ്കൂൾ തുറക്കുന്നതോടെ കഞ്ചാവ് വിൽപ്പന സജീവമാകുമെന്ന വിവരത്തെ തുടർന്ന് പോലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.
കേരളത്തിലും ഗൾഫിലും റംസാൻ വ്രതാരംഭം വ്യാഴാഴ്ച
കോഴിക്കോട്:കേരളത്തിലും ഗൾഫിലും റംസാൻ വ്രതാരംഭം വ്യാഴാഴ്ച.മാസപ്പിറവി കാണാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റംസാൻ വ്രതം ആരംഭിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ,സമസ്ത ജനറൽ സെക്രെട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാർ,കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ,സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ,കെ.വി ഇമ്പിച്ചമ്മദ് ഹാജി,ഹിലാൽ കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് മദനി എന്നിവർ അറിയിച്ചു. യുഎഇ,സൗദി,ഖത്തർ,ഒമാൻ, കുവൈറ്റ്,ബഹ്‌റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലും വ്യാഴാഴ്ച റംസാൻ വ്രതം ആരംഭിക്കും.
ഉത്തർപ്രദേശിലെ വാരാണസിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നു വീണ് 19 പേർ മരിച്ചു
വാരാണസി:ഉത്തർപ്രദേശിലെ വാരണാസിയിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നു വീണ് 19 പേർ മരിച്ചു.അപകടത്തിൽ പാലത്തിനടിയിൽ കുടുങ്ങിയവരെ പൂർണ്ണമായും പുറത്തെത്തിക്കാൻ സാധിച്ചിട്ടില്ല.അതുകൊണ്ടു തന്നെ മരണസംഘ്യ ഇനിയും ഉയരാനാണ് സാധ്യത.വാരാണസിയിലെ കാണ്ഡിലായിരുന്നു സംഭവം. പാലത്തിന്‍റെ രണ്ടു തൂണുകളാണ് തകർന്നു വീണത്. നാലു കാറുകളും ഓട്ടോറിക്ഷയും മിനിബസും കോൺക്രീറ്റ് തൂണിനടിയിൽപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.പാലത്തിന്‍റെ പണിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടവരിലേറെയും. തകർന്നു വീഴുന്ന സമയത്ത് 50 തൊഴിലാളികളെങ്കിലും ഈ പരിസരത്തുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സംഭവസ്ഥലത്തെത്തി.സംസ്ഥാന ബ്രിഡ്ജ് കോർപറേഷനാണ് പാലത്തിന്‍റെ നിർമാണ ചുമതല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 48 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
കർണാടകയിൽ അനിശ്ചിതത്വം തുടരുന്നു; കരുനീക്കങ്ങളുമായി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ
ബെംഗളൂരു:കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു.ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയും കോൺഗ്രസ്-ജെഡിഎസ് നേതാക്കളും മന്ത്രിസഭാ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഗവർണറെ കണ്ടു.രണ്ടു ദിവസത്തെ സാവകാശമാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.ജെഡിഎസുമായി ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്.സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുവദിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സർക്കാർ രൂപീകരണത്തിന് സാധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം അറിയിച്ചു. എച് ഡി ദേവഗൗഡയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കും എന്ന് ദേവഗൗഡയെ കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് ആവശ്യം.ഇത്രയും സീറ്റുകൾ ബിജെപിക്ക് കിട്ടില്ലെന്ന് വ്യക്തമായതോടെയാണ് കോൺഗ്രസ് ജെഡിഎസുമായി ചേർന്ന് സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചത്.കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ഗവർണ്ണർ വാജുഭായ് വാലയുടെ തീരുമാനം നിർണായകമാണ്.മോദിക്ക് നിയമസഭയിലെത്താൻ തന്റെ മണ്ഡലം ഒഴിഞ്ഞു കൊടുത്തയാളാണ് വാജുഭായ് വാല.മോദിയുടെ വിശ്വസ്തനായ ഗവർണ്ണർ സ്വീകരിക്കുന്ന നിലപാടിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്.
കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം; കുമാരസ്വാമി മുഖ്യമന്ത്രിയായേക്കും
ബെംഗളൂരു:കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി അധികാരത്തില്‍ എത്തുന്നത് തടയുന്നതിന് വേണ്ടി കോണ്‍ഗ്രസ് ജനതാദള്‍ എസുമായി സഖ്യത്തിന്.ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ 39 സീറ്റുള്ള ജനതാദള്‍ എസിനെ കൂട്ടുപിടിച്ച് ഭരണം നേടിയെടുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജെ.ഡി.എസ് അദ്ധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയെ അറിയിച്ചു. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് ആയിരിക്കും.ഇന്ന് വൈകിട്ട് തന്നെ കോണ്‍ഗ്രസ് ജെ.ഡി.എസുമൊത്ത് ഗവര്‍ണര്‍ വജുഭായ് വാലയെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചേക്കും. അതേസമയം, ഗുജറാത്തിലെ മുന്‍ സ്‌പീക്കറും മുന്‍ മന്ത്രിയുമായ വജുഭായ് വാല ഏത് കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമെന്നതാണ് നിര്‍ണായകം. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സാധാരണ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയാണ് പതിവ്. ഇവിടെ ഗവർണ്ണർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.എന്നാല്‍, കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുന്നതിനെ ചെറുക്കാന്‍ ബി.ജെ.പിയും രംഗത്തുണ്ട്. ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.
കർണാടകയിലും താമര വിരിഞ്ഞു;കോൺഗ്രസിന് തകർച്ച
ബെംഗളൂരു:കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നിലയിൽ കേവലഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി.നിലവിൽ ബിജെപി 109 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.കോൺഗ്രസ് 70 സീറ്റുകളിലും ലീഡ് ചെയ്യുന്നു.ജെഡിഎസ് 39 സീറ്റുകളിലും മറ്റുള്ളവർ 3 സീറ്റുകളിലും ലീഡ് ചെയ്യുന്നു.ശിക്കാരിപുര മണ്ഡലത്തിൽ നിന്നും ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥി യെദ്യൂരപ്പ വിജയിച്ചു.അത്സമയം മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിൽ മണ്ഡലത്തിൽ തോറ്റു.12000 വോട്ടുകൾക്കാണ് തോൽവി.ജെഡിഎസ് സ്ഥാനാർഥി ജി.ടി. ദേവഗൗഡയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്.പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. ആദ്യഫലസൂചനകൾ പുറത്തുവന്നപ്പോൾ കോൺഗ്രെസ്സിനായിരുന്നു ലീഡ്.എന്നാൽ പിന്നീട് ലീഡ് നില മാറിമറിയുകയായിരുന്നു.