തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില മുകളിലേക്ക് തന്നെ

keralanews the fuel prices increased for the 11th consecutive day

തിരുവനന്തപുരം:തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില മുകളിലേക്ക് കുതിക്കുന്നു. പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസലിന് 20 പൈസയുമാണ് വർധിച്ചത്. 81.62 രൂപയാണ് തിരുവനന്തപുരത്തെ പെട്രോൾ വില. ഡീസൽ വില 74.36 രൂപയുമായി.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് വിലവർധനയ്ക്ക് കാരണമെന്നാണ് എണ്ണക്കമ്പനികൾ നൽകുന്ന വിശദീകരണം.ദിവസേന കൂടുന്ന ഇന്ധന വില സാധാരണക്കാരുടെ ജീവിതത്തെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.ഇന്ധന വിലവർദ്ധനവ് ഓട്ടോ,ടാക്സി സർവീസുകളെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.2014 ലാണ് അവസാനമായി ഓട്ടോ ചാർജ് വർധിപ്പിച്ചത്. അതിനു ശേഷം ഒരുപാടു തവണ ഇന്ധന വില വർധിപ്പിച്ചുവെങ്കിലും ചാർജ് വർധിപ്പിക്കാത്തത്  തങ്ങളുടെ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണെന്ന് ഓട്ടോ ജീവനക്കാർ പറഞ്ഞു.ഇന്ധന വില വർദ്ധനവിന് നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ ബസ് സർവീസ് തുടരാനാകില്ലെന്ന് സ്വകാര്യ ബസ്സുടമകളും വ്യക്തമാക്കി.ഇന്ധന വിലയിലുണ്ടാകുന്ന വർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിനും കാരണമാകുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും വിലയും വൻതോതിൽ കൂടിയിട്ടുണ്ട്.

നിപ്പ വൈറസ്;കണ്ണൂരിലും ജാഗ്രത നിർദേശം

keralanews nipah virus alert in kannur district also

കണ്ണൂർ:അയൽജില്ലയായ കോഴിക്കോട് നിപ്പ വൈറസ് ബാധ സ്ഥിതീകരിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലയിലും രോഗവുമായി ബന്ധപ്പെട്ട് ആവശ്യമായ മുൻകരുതലുകളെടുക്കാൻ ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങൾക്ക് നിർദേശം നൽകി.ജില്ലാ കളക്റ്ററുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗമാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.കണ്ണൂർ ജില്ലാ ആശുപത്രി,തലശ്ശേരി ജനറല്‍ ആശുപത്രി,പരിയാരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകള്‍,ചികിത്സാ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.ജില്ലാ ആശുപത്രിയില്‍ ഡോ. എന്‍.അഭിലാഷ് (9961730233), തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡോ. അനീഷ്.കെ.സി (9447804603) എന്നിവരെ നിപ്പാ വൈറസ് രോഗവുമായി ബന്ധപ്പെട്ട് നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു. സര്‍ക്കാര്‍,സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് വൈറസ് ബാധയെ കുറിച്ചുള്ള പ്രത്യേകം ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നല്‍കും. എല്ലാ ആശുപത്രികളിലും വ്യക്തിഗത സുരക്ഷയ്ക്കായുള്ള ഉപകരണം ലഭ്യമാക്കാനും തീരുമാനിച്ചു. നിപ്പാ വൈറസ് രോഗത്തിന്റെ റഫറല്‍ കേന്ദ്രമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയെ തെരഞ്ഞെടുത്തു.കണ്ണൂരിലെ കൊയിലി ആശ്രുപത്രി,എ.കെ.ജി ആശുപത്രി, ധനലക്ഷ്മി ആശുപത്രി എന്നിവിടങ്ങളില്‍ക്കൂടി ഐസൊലേഷന്‍ വാര്‍ഡ്, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ ഒരുക്കണമന്ന് കലക്ടര്‍ ഐ.എം.എക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.വൈറസ് ബാധ സംശയിക്കുന്ന രോഗികളുടെ രക്തം, തൊണ്ടയിലെ സ്രവം, മൂത്രം എന്നിവ കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ വെച്ച്‌ ശേഖരിക്കുമെന്നും അവിടെ നിന്നും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയക്കുമെന്നും ഡി.എം.ഒ അറിയിച്ചു. വൈറസ് ബാധയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന തെറ്റായ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നോഡല്‍ ഓഫീസര്‍മാരെ അറിയിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

നിപ വൈറസ് പേടി;ഫ്രൂട്ട്സ്,കള്ള്,അടയ്ക്ക വ്യാപാരം പ്രതിസന്ധിയിൽ

keralanews nipah virus scares friuts toddy areca nut trade in crisis

കോഴിക്കോട്:നിപ വൈറസ് ഭീതിയെ തുടർന്ന് അടയ്ക്ക,കള്ള്,ഫ്രൂട്ട്സ്,വാഴയില,ജ്യൂസ് വ്യാപാരം പ്രതിസന്ധിയിൽ.നിപ വൈറസ് പടരുന്നത് വവ്വാലുകളിലൂടെയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്.വവ്വാലുകളുടെ ഇഷ്ടഭക്ഷണമാണ് അടയ്ക്ക. മുറുക്കുന്നതിനു ഉപയോഗിക്കുന്ന അടയ്ക്കയുടെ തോടുകൾ വവ്വാൽ തിന്നുന്നത് മുറുക്കുന്നവരെ ഭീതിയിലാക്കിയിരിക്കുകയാണ്.ഇതോടെ ഇതോടെ മുറുക്കാന്‍ കടയിലെ കച്ചവടം പകുതിയായിക്കുറഞ്ഞെന്ന്‌ കച്ചവടക്കാര്‍ പറയുന്നു.കൂടാതെ നിപ വൈറസ്‌ കള്ളു വ്യാപരെത്തെയും പഴങ്ങളുടെയും, ഫ്രഷ്‌ജൂസ്‌ വ്യാപാരത്തെയും  സാരമായി ബാധിച്ചിരിക്കുകയാണ്‌. കള്ളു കച്ചവടം പകുതിയായി കുറഞ്ഞു.പനയുടെ കള്ളു കുടിക്കുവാനാണു വവ്വാലുകള്‍ കൂടുതലും എത്തുന്നത്‌.പനങ്കുലയില്‍ തൂങ്ങിക്കിടന്ന്‌ കള്ളു കുടിക്കുമ്ബോള്‍ വവ്വാലുകളുടെ കാഷ്‌ടവും ഉമിനീരും, മൂത്രവും കള്ളില്‍ വീഴാന്‍ സാധ്യതയേറയാണ്‌.പേരയ്‌ക്ക,ചക്ക,മാങ്ങ,വാഴപ്പഴം തുടങ്ങിയവയും  വവ്വാലുകളുടെ പ്രിയ ഭക്ഷണമാണ്.ഫ്രഷ്‌ ജൂസ്‌ ഉണ്ടാക്കാന്‍ പലയിടങ്ങളിലും കേടായതും പക്ഷികള്‍ കടിച്ചതുമായതുമായ പഴങ്ങള്‍ ഉപയോഗിക്കാറുണ്ട്‌.ഇതില്‍ വവ്വാലുകള്‍ തിന്നതാണോ എന്ന്‌ അറിയാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ജൂസ്‌ കുടിക്കാനും ആളുകള്‍ മടിക്കുകയാണ്‌.നിപ വൈറസിന്റെ പശ്‌ചാത്തലത്തില്‍ തുറന്നുവച്ച പാത്രങ്ങളില്‍ ശേഖരിക്കുന്ന കള്ളു കുടിക്കുന്നത്‌ ഒഴിവാക്കുക. വവ്വാലുകള്‍ ഭക്ഷിച്ച ഫലവര്‍ഗങ്ങള്‍ കഴിക്കരുത്‌, വവ്വാലുകളുടെ കാഷ്‌ഠം പുരളാന്‍ സാധ്യതയുള്ള കാടുകളിലും വൃക്ഷങ്ങളുടെ ചുവട്ടിലും പോകരുത്‌, മരത്തില്‍ കയറരുത്‌ തുടങ്ങിയ നിര്‍ദേശങ്ങളാണ്‌ ആരോഗ്യവകുപ്പ്‌ നല്‍കുന്നത്‌.

നിപ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു;മരിച്ചത് വൈറസ് ബാധയെ തുടർന്ന് നേരത്തെ മരിച്ച സഹോദരങ്ങളുടെ പിതാവ്

keralanews one more person dies after being infected with nipah virus

കോഴിക്കോട്:നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു.ചങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്.വൈറസ് ബാധയെ തുടർന്ന് നേരത്തെ മരിച്ച സഹോദരങ്ങളുടെ പിതാവാണ് ഇയാൾ. അബോധാവസ്ഥയിലായിരുന്ന ഇയാൾ ഇന്ന് പുലർച്ചെയാണ് മരണത്തിനു കീഴടങ്ങിയത്.മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്,മുഹമ്മദ് സാബിത്ത്,ബന്ധു മറിയം എന്നിവരാണ് വൈറസ് ബാധയെ തുടർന്ന് ആദ്യം മരണപ്പെട്ടത്‌.വൈറസ് ബാധയെ തുടർന്ന് ഞായറാഴ്ച മരണമടഞ്ഞ ഷിജിതയുടെ ഭർത്താവ് ഉബീഷിനും വൈറസ് ബാധ സ്ഥിതീകരിച്ചു. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അബീഷിനെ പരിചരിക്കുന്നതിനായി ഷിജിതയും ഒരാഴ്ച ആശുപത്രിയിൽ ഉണ്ടായിരുന്നു.ഇവിടെവെച്ചാണ് രണ്ടുപേർക്കും വൈറസ് ബാധയേറ്റതെന്നു സംശയിക്കുന്നു.അയൽജില്ലയായ കോഴിക്കോട് നിപ വൈറസ് സ്ഥിതീകരിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും കലക്റ്റർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.കണ്ണൂർ ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലും പ്രത്യേക വാർഡുകൾ തുറക്കും.നിപ വൈറസ് ബാധിച്ചു മരിച്ച നാദാപുരം സ്വദേശി അശോകനെ പരിചരിച്ച തലശ്ശേരി സ്വദേശിനിയായ നഴ്സിനെയും ഇവരെ ആശുപത്രിയിലെത്തിച്ച ഡ്രൈവറെയും നിരീക്ഷണ വാർഡിലേക്ക് മാറ്റി.

നിപ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ‘റിബ വൈറിൻ’ കോഴിക്കോട് എത്തിച്ചു

keralanews riba virin was brought to kozhikkode to protect nipah virus

കോഴിക്കോട്:നിപ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ‘റിബ വൈറിൻ’ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു.2000 ഗുളികകളാണ് കൊണ്ടുവന്നത്. ബാക്കി ഗുളികകൾ വരും ദിവസങ്ങളിൽ എത്തിക്കും. പ്രതിപ്രവർത്തനത്തിന് സാധ്യതയുള്ള മരുന്നാണ് റിബ വൈറിൻ. പരിശോധനയ്ക്ക് ശേഷമേ മരുന്ന് നൽകി തുടങ്ങൂവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിപ വൈറസ് ബാധയെ തുടർന്ന് രണ്ടുപേരെ കൂടി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്നലെ രോഗം സ്ഥിതീകരിച്ച പാലാഴി സ്വദേശികളുടെ ബന്ധുക്കളാണിവർ. നിപ്പാ വൈറസ് രോഗലക്ഷണങ്ങളുള്ള പതിനഞ്ചിലധികം പേരാണ് ചികിത്സയിലുള്ളത്. രോഗം ആദ്യം സ്ഥിരീകരിച്ച പേരാമ്പ്ര സൂപ്പികടയിലെ സഹോദരങ്ങള്‍ ചികിത്സയിലുണ്ടായിരുന്ന പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലെ മൂന്നു നഴ്‌സുമാരും ഇതിലുള്‍പ്പെടും.കോഴിക്കോട് ജില്ലയിൽ കേന്ദ്രത്തിൽ നിന്നുള്ള മൂന്നു സംഘങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്.അതേസമയം കോഴിക്കോട് കൂരാച്ചുണ്ടിലും ചക്കിട്ടപ്പാറയിലുമായി അൻപതിലധികം കുടുംബങ്ങൾ വീടൊഴിഞ്ഞു. കുടുംബങ്ങളുടെ പലായനം തടയുന്നതിന് കൃത്യമായ ബോധവൽക്കരണവുമായി ആരോഗ്യവകുപ്പ് അധികൃതരും പഞ്ചായത്ത് നേതൃത്വവും രംഗത്തുണ്ട്.

തമിഴ്നാട് തൂത്തുക്കുടിയിൽ വീണ്ടും പോലീസ് വെടിവെയ്പ്പ്;ഒരാൾ കൂടി മരിച്ചു

keralanews one died in police firing in thuthukkudi tamilnadu

തൂത്തുക്കുടി: തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ സമരക്കാർക്ക് നേരെ വീണ്ടും പോലീസ് വെടിവയ്പ്. അണ്ണാ നഗറിലുണ്ടായ പോലീസ് വെടിവയ്പിൽ ഒരാൾ കൂടി മരിച്ചു.അണ്ണാനഗര്‍ സ്വദേശി കാളിയപ്പന്‍ (24)ആണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തൂത്തുക്കുടി എസ്.പി മഹേന്ദ്രന്‍ അടക്കം മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം നടന്നത്.ചൊവ്വാഴ്ചയുണ്ടായ വെടിവയ്പിൽ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന സർക്കാർ ആശുപത്രിക്ക് പുറത്ത് പ്രതിഷേധവുമായി ഇറങ്ങിയവർക്ക് നേരെയാണു പോലീസ് വെടിവച്ചത്. സ്റ്റെർലൈറ്റ് പ്ലാന്‍റിനെതിരെയും പോലീസിനെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് വെടിവയ്ക്കുകയായിരുന്നു. അക്രമാസക്തരായ ജനങ്ങൾ ബസിനും തീവെച്ചു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രണ്ടില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, നിരോധനാജ്ഞ ലംഘിച്ച്‌ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുകയായിരുന്നു. പലയിടത്തും സമരക്കാര്‍ പോലീസുമായി ഏറ്റുമുട്ടി.രൂക്ഷമായ മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്ന സ്‌റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണ ശാല പൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. നൂറ് ദിവസത്തോളമായി ഇവിടെ നാട്ടുകാര്‍ പ്രതിഷേധ പരിപാടികള്‍ നടത്തിവരികെയായിരുന്നു ഇതിനിടെയാണ് വെടിവെപ്പുണ്ടായത്.

കർണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു

keralanews kumaraswami take oath as karnataka chief minister

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ജെഡിഎസ് അധ്യക്ഷന്‍ എച്ച്‌.ഡി.കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കര്‍ണാടക പിസിസി അധ്യക്ഷന്‍ കൂടിയായ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു.വിധാന്‍ സൗധക്കുമുന്നില്‍ പ്രത്യേകമായി ഒരുക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. മറ്റന്നാളാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന്‍റെ വിശ്വാസ വോട്ടെടുപ്പ് നടക്കുക..കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി,ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി,തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബി.എസ്.പി. നേതാവ് മായാവതി, എന്നിവര്‍ ചടങ്ങിനു സാക്ഷ്യം വഹിച്ചു.ഇത് രണ്ടാം തവണയാണ് കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയാകുന്നത്.ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന തെരഞ്ഞെടുപ്പിൽ 104 സീറ്റുകൾ നേടിയ ബിജെപി ആദ്യം അധികാരം പിടിക്കാൻ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയായ ബി.എസ്.യെദിയൂരപ്പ ആദ്യം സത്യപ്രതിജ്ഞ ചെയ്തെങ്കിലും പിന്നീടുണ്ടായ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ രാജിവച്ച് പുറത്തുപോവുകയായിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്‍റെ സർക്കാർ അധികാരമേറ്റത്.

നിപ വൈറസ്;മരിച്ച നേഴ്സ് ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി;മക്കൾക്ക് പത്തുലക്ഷം രൂപ വീതവും നൽകും

keralanews nipah virus govt job for nurse linis husband and ten lakh rupees each to her children

കോഴിക്കോട്:നിപ വൈറസ് ബാധിച്ചവരെ പരിചരിച്ചതിലൂടെ വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്സ് ലിനിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.ബഹ്‌റനില്‍ ജോലി ചെയ്യുന്ന ലിനിയുടെ ഭര്‍ത്താവ് സജീഷിന് നാട്ടില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലി നല്‍കാമെന്നും ലിനിയുടെ രണ്ട് മക്കള്‍ക്കും പത്ത് ലക്ഷം രൂപ വീതം സഹായധനം നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.ലിനിയുടെ മക്കൾക്ക് അനുവദിക്കുന്ന തുകയിൽ അഞ്ചുലക്ഷം വീതം ഓരോ കുട്ടിയുടെയും പേരിൽ ബാങ്കിൽ നിക്ഷേപിക്കും.കുട്ടികൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയാകുമ്പോൾ തുകയും പലിശയും കുട്ടികൾക്ക് ലഭിക്കുന്ന വിധത്തിലാണ് നിക്ഷേപിക്കുക.ബാക്കി തുകയിൽ അഞ്ചുലക്ഷം രൂപ വീതം കുട്ടികളുടെ ആവശ്യങ്ങൾക്ക് പലിശ രക്ഷിതാവിന് പിൻവലിക്കാനാകുന്ന തരത്തിൽ നിക്ഷേപിക്കും.കൂടാതെ നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം സര്‍ക്കാര്‍ സഹായധനം നല്‍കും. വൈറസ് ബാധ പടരുന്നത് തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആവശ്യമായ ജീവനക്കാരെ കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും നിയോഗിച്ചുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിപ്പാ വൈറസ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തപാൽ ജീവനക്കാരുടെ ദേശീയ പണിമുടക്ക് ആരംഭിച്ചു

keralanews the national strike of postal workers has started

കണ്ണൂർ:കമലേഷ് ചന്ദ്ര റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് തപാൽ,ആർഎംഎസ് ജീവനക്കാരുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു.എൻ എഫ് പി ഇ,എഫ്.എൻ.പി.ഓ,എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. പണിമുടക്ക് കണ്ണൂർ പോസ്റ്റൽ ഡിവിഷനിലെ പയ്യന്നൂർ,തളിപ്പറമ്പ്,കണ്ണൂർ എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസിൽ പ്രവർത്തനങ്ങളെ ബാധിച്ചു.പണിമുടക്കുന്ന തപാൽ ജീവനക്കാർ കണ്ണൂർ മുഖ്യ തപാലാപ്പീസിനു മുൻപിൽ ധർണ നടത്തി.നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് അസിസ്റ്റന്റ് ജനറൽ സെക്രെട്ടറി എം.വി ജനാർദനൻ ധർണ ഉൽഘാടനം ചെയ്തു.

ബ്ലൂ ഇൻഡസ്ട്രീസിന്റെ കുപ്പിവെള്ളത്തിന് ജില്ലയിൽ നിരോധനം ഏർപ്പെടുത്തി

keralanews the bottled water of blue industries banned in kannur district

കണ്ണൂർ:ബ്ലൂ ഇൻഡസ്ട്രീസിന്റെ എം.എഫ്.ജി 9/4/18/എസ് ആര്‍,ബി. നം.1575/ബി.എസ്/3, എക്‌സ്പ് ,19/10/18 എന്ന ബാച്ച് നമ്പറിലുള്ള കുപ്പിവെള്ളം കണ്ണൂർ ജില്ലയിൽ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തെത്തി.ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണറാണ് ഉത്തരവിറക്കിയിരിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായ തോതിലുള്ള നൈട്രൈറ്റ്, പി.എച്ച് മൂല്യം കുറവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.ഉപഭോക്താക്കള്‍ കുപ്പിവെള്ളം വാങ്ങുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പ്രസ്തുത ഉത്പന്നം മാര്‍ക്കറ്റില്‍ വിതരണത്തിന് വെച്ചിരിക്കുന്നതായി കണ്ടാല്‍ കണ്ണൂര്‍ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറെ 8943346193 എന്ന നമ്പറില്‍ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു