കൊച്ചി: സംസ്ഥാനത്ത് ഒമിക്രോൺ സംശയിക്കുന്ന കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ മാതാവിനും ഭാര്യക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് ഒമിക്രോൺ വകഭേദം ആണോ എന്ന് കണ്ടെത്തുന്നതിനായി സാംപിളുകൾ ജീനോം പരിശോധനയ്‌ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലവും ഇന്ന് ലഭിച്ചേക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.റിസ്‌ക് പട്ടികയിലുള്ള 12 രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ 28ന് ശേഷം കേരളത്തിലെത്തിയത് 4,407 യാത്രക്കാരാണ്. ഇതില്‍ 10 പേര്‍ക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേരുടെ ജിനോം പരിശോധന ഫലം വന്നു. ഒരാള്‍ ഒമിക്രോണ്‍ പൊസിറ്റീവായപ്പോള്‍ രണ്ടാമത്തെയാള്‍ക്ക് നെഗറ്റീവായത് ആശ്വാസമായി.രോഗം സ്ഥിരീകരിച്ചതില്‍ എട്ട് പേരുടെ ജിനോം ഫലം വരാനുണ്ട്. ഒമിക്രോണാണോ എന്ന് സ്ഥിരികീരിക്കുന്നത് ജിനോം പരിശോധനയിലൂടെയാണ്. നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന് നിലവില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.കൊച്ചിയിൽ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നിരുന്നു. സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാനത്താവളങ്ങളിലും, തുറമുഖങ്ങളിലും കൊറോണ പരിശോധന കർശമാക്കി. യാത്രാക്കപ്പലുകൾ അധികം എത്തുന്നില്ലെങ്കിലും, ചരക്ക് കപ്പലിൽ എത്തുന്നവർക്ക് ഒമിക്രോൺ ബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് തുറമുഖങ്ങളിലും പരിശോധന കർശനമാക്കിയത്.
സംസ്ഥാനത്ത് ഇന്ന് 2434 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;38 മരണം;4308 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2434 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂർ 224, കൊല്ലം 163, കോട്ടയം 147, തൃശൂർ 136, ആലപ്പുഴ 83, മലപ്പുറം 83, പത്തനംതിട്ട 76, പാലക്കാട് 68, ഇടുക്കി 63, കാസർഗോഡ് 54, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 50,446 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 165 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 43,170 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2266 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 145 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 17 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4308 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 712, കൊല്ലം 230, പത്തനംതിട്ട 192, ആലപ്പുഴ 171, കോട്ടയം 456, ഇടുക്കി 146, എറണാകുളം 704, തൃശൂർ 242, പാലക്കാട് 60, മലപ്പുറം 101, കോഴിക്കോട് 824, വയനാട് 153, കണ്ണൂർ 276, കാസർഗോഡ് 41 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
കണ്ണൂർ സെന്റ് മൈക്കിള്‍സ് സ്കൂളിലേക്കുള്ള വഴി കന്റോണ്‍മെന്റ് അധികൃതര്‍ വീണ്ടും അടച്ചു
കണ്ണൂർ:സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്കുള്ള വഴി കന്റോണ്‍മെന്റ് അധികൃതര്‍ വീണ്ടും അടച്ചു.സ്കൂളിനു മുന്‍പില്‍ ഡിഎസ്‌സി ഉടമസ്ഥതയിലുള്ള മൈതാനം പൂര്‍ണമായും കമ്പിവേലി കൊണ്ട് പട്ടാളം അടച്ചിരുന്നു. മൈതാനത്തിന് കിഴക്കു ഭാഗത്ത് നിന്ന് മാത്രം വാഹനങ്ങള്‍ക്ക് സ്കൂളിനു മുന്നിലേക്ക് വരാന്‍ സ്കൂള്‍ മതിലിനോട് ചേര്‍ന്ന് വഴി അനുവദിച്ചിരുന്നു.ഈ വഴിയാണ് ഇന്നലെ രാവിലെ അടച്ച നിലയില്‍ കണ്ടത്. രണ്ട് കോണ്‍ക്രീറ്റ് തൂണുകള്‍, ഇവയ്ക്ക് മധ്യത്തിലായി മൈതാനത്തിലേക്ക് പ്രവേശിക്കരുത് എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് പട്ടാളം വഴി അടച്ചിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലേക്ക് നടന്നു പോകാന്‍ മാത്രമുള്ള വഴിയാണ് നിലവില്‍ ഉള്ളത്. ഇനി സ്കൂള്‍ വാഹനങ്ങള്‍ റോഡില്‍ തന്നെ നിര്‍ത്തി കുട്ടികളെ ഇറക്കുകയും കയറ്റുകയും ചെയ്യണം.ഇത് തിരക്കേറിയ പ്രഭാത് ജംക്‌ഷന്‍-പയ്യാമ്പലം റോഡില്‍ ഗതാഗതക്കുരുക്കും അപകട ഭീഷണിയും ഉണ്ടാക്കും.
ഡോക്ടര്‍മാരുടെ സമരം; ഹൗസ് സര്‍ജന്മാരുമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തും
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ചര്‍ച്ചയ്ക്ക് വിളിച്ചതായി ഹൗസ് സര്‍ജന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.പിജി ഡോക്ടര്‍മാരുടെ സമരത്തില്‍ ഇന്ന് ഹൗസ് സര്‍ജന്‍മാരും അധ്യാപക സംഘടനകളും പങ്കെടുത്തിരുന്നു ഇതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജുകളിലെ പ്രവര്‍ത്തനം അവതാളത്തിലാകുകയും ചെയ്തിരുന്നു. ഒപിയും മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയയും ഉള്‍പ്പെടെ ബഹിഷ്കരിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തിയത്. എന്നാല്‍ കോവിഡ് ഡ്യൂട്ടിക്ക് മുടക്കം വരില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച ജൂനിയര്‍ ഡോക്ടര്‍മാകരുടെ എണ്ണം ആവശ്യത്തിനില്ല എന്നാണ് സമരം ചെയ്യുന്നവര്‍ പറയുന്നത്. സമരത്തിലെ പ്രധാന ആവശ്യമായ ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടികള്‍ ഇപ്പോഴും തുടരുകയാണ്.രാവിലെ എട്ട് മണിയോടെ പണിമുടക്ക് ആരംഭിച്ച് ഹൗസ് സർജന്മാർ 24 മണിക്കൂർ സമരം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സൂചനാ പണിമുടക്ക് തുടങ്ങിയതിന് പിന്നാലെ ഹൗസ് സർജന്മാരെ ചർച്ചയ്‌ക്ക് വിളിക്കാൻ ആരോഗ്യവകുപ്പ് തയ്യാറായി. അതേസമയം കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ജോലിഭാരം കുറയ്‌ക്കുക, സ്റ്റൈപൻഡ് പരിഷ്‌കരണം തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് പിജി ഡോക്ടർമാരുടെ സമരം. എന്നാൽ ആവശ്യങ്ങൾ അംഗീകരിച്ചതാണെന്നും ചർച്ചയ്‌ക്കില്ലെന്നുമാണ് സർക്കാർ നിലപാട്. പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും പണിമുടക്കിലായതോടെ പകുതിയിൽ താഴെ ഡോക്ടർമാർ മാത്രമാണ് ഇപ്പോൾ മെഡിക്കൽ കോളേജുകളിലുള്ളത്. ശസ്ത്രക്രിയകൾ പലതും മാറ്റിവെക്കുകയും അത്യാവശ്യ ചികിത്സ മുടങ്ങുകയും ചെയ്യുന്ന അവസ്ഥയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.
മുഖ്യമന്ത്രിക്കെതിരെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം
കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം.കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനത്തിൽ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.തലശേരി റോഡിലെ മമ്പറത്ത് വെച്ചാണ് കരിങ്കൊടി കാണിച്ചത്.മുഖ്യമന്ത്രി പിണറായിയിലെ വീട്ടില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുമോഴായിരുന്നു പ്രതിഷേധം.മുഖ്യമന്ത്രിക്ക് അകമ്പടിയായി പൊലിസുണ്ടായിരുന്നെങ്കിലും വാഹനം നിര്‍ത്തുകയോ അരെയെങ്കിലും കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല.സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മൂന്ന് ദിവസമായി മുഖ്യമന്ത്രി കണ്ണൂരിലുണ്ടായിരുന്നു.
ഹർനാസ് സന്ധു വിശ്വസുന്ദരി; രണ്ട് പതിറ്റാണ്ടിനുശേഷം ഇന്ത്യയിലേക്ക് വിശ്വസുന്ദരിപ്പട്ടം
എയ്‌ലാറ്റ്: 2021ലെ വിശ്വസുന്ദരി കിരീടം ഇന്ത്യക്കാരിയായ ഹർനാസ് സന്ധുവിന്.21 വർഷങ്ങൾക്ക് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത്.പഞ്ചാബ് സ്വദേശിനിയാണ് 21 കാരിയായ ഹർനാസ് സന്ധു.ഇസ്രയേലിലെ എയ്‌ലെറ്റിലായിരുന്നു 70ാമത് വിശ്വസുന്ദരി മത്സരം നടന്നത്.ഫൈനലിൽ പരാഗ്വയുടേയും ദക്ഷിണാഫ്രിക്കയുടേയും സുന്ദരികളെ പിന്തള്ളിയാണ് ഹർനാസിന്റെ കിരീടനേട്ടം. 2020തിലെ മുൻ വിശ്വസുന്ദരിയായ ആൻഡ്രിയ മെസ ഹർനാസിനെ കിരീടം ചൂടിച്ചു. 2000ത്തിൽ ലാറ ദത്തയാണ് ഈ നേട്ടം അവസാനമായി സ്വന്തമാക്കിയത്. 1994ൽ സുസ്മിത സെന്നിനാണ് ഇന്ത്യയിൽ നിന്നും വിശ്വസുന്ദരി പട്ടം ആദ്യമായി ലഭിക്കുന്നത്. 80 രാജ്യങ്ങളിൽ നിന്നുള്ളവർ മത്സരത്തിൽ പങ്കെടുത്തിരുന്നു.2017-ലാണ് ഹർനാസ് മോഡലിങ് രംഗത്തേക്ക് കടന്നു വരുന്നത്. പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് ഹർനാസ്. 2019ലെ മിസ് ഇന്ത്യ വിജയിയാണ്. രണ്ട് പഞ്ചാബ് ചിത്രങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.
രണ്ട് ചോദ്യങ്ങളാണ് മത്സരത്തിൽ ഹർനാസിന് നേരിടേണ്ടി വന്നത്.സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ഇന്നത്തെ സ്ത്രീകൾക്ക് നൽകുന്ന സന്ദേശമെന്താണെന്നതായിരുന്നു ആദ്യത്തെ ചോദ്യം. ‘അവനവനിൽ തന്നെ വിശ്വസിക്കാനാണ് ഓരോ സ്ത്രീയും പഠിക്കേണ്ടത്. ഓരോ വ്യക്തിയും പ്രത്യേകതകൾ ഉള്ളവരാണ്.അതുകൊണ്ട് മറ്റുള്ളവരുമായി താരതമ്യം ഒഴിവാക്കുക.നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും.ലോകത്തിൽ നടക്കുന്ന കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം.നമുക്ക് വേണ്ടി ശബ്ദിക്കാൻ നാം മാത്രമാണ് ഉള്ളതെന്ന് മനസിലാക്കണം. നിങ്ങളുടെ ശബ്ദം നിങ്ങൾ മാത്രമാവുക.ഞാൻ എന്നിൽ വിശ്വസിച്ചു. അതുകൊണ്ടാണ് ഇന്ന് ഈ വേദിയിൽ നിൽക്കുന്നത്’ എന്നായിരുന്നു ഹർനാസിന്റെ ഉത്തരം.കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം. കാലാവസ്ഥാ വ്യതിയാനം എന്നത് ഒരു വ്യാജവാദമാണെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്താണ് നിങ്ങളുടെ പ്രതികരണം എന്നതായിരുന്നു ചോദ്യം. വാചകമടിയെക്കാൾ പ്രകൃതിക്ക് വേണ്ടി പ്രവർത്തിക്കണമെന്നും, തനിക്കാവുന്നതെല്ലാം താൻ ചെയ്യുമെന്നുമായിരുന്നു ഹർനാസിന്റെ മറുപടി.
സംസ്ഥാനത്ത് പിജി ഡോക്ടർമാരുടെ സമരം തുടരുന്നു;ഹൗസ് സര്‍ജന്‍മാരും പണിമുടക്കും; സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് പിജി ഡോക്ടർമാരുടെ സമരം തുടരുന്നു.ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജന്മാരും സമരത്തിലേക്ക് നീങ്ങിയതോടെ ആശുപത്രി പ്രവർത്തനങ്ങൾ സ്‌തംഭിച്ചിരിക്കുകയാണ്.രാവിലെ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്നും പിജി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 8 മണി മുതൽ 24 മണിക്കൂർ പണിമുടക്കുമെന്ന് കഴിഞ്ഞ ദിവസം ഹൗസ് സർജന്മാർ പ്രഖ്യാപിച്ചിരുന്നു.4 ശതമാനം സ്‌റ്റൈപൻഡ് വർധന, പി.ജി ഡോക്ടർമാരുടെ സമരംമൂലം ജോലിഭാരം കൂടുന്നു എന്നിവയാരോപിച്ചാണ് മെഡിക്കൽ കോളേജുകളിലെ ഒ.പി.യിലും വാർഡുകളിലും ഡ്യൂട്ടിയിലുള്ള ഹൗസ് സർജന്മാർ പ്രതിഷേധിക്കുന്നത്. ആലപ്പുഴയിൽ ഹൗസ് സർജനെ ആക്രമിക്കുകയും അസിസ്റ്റന്റ് പ്രൊഫസറെ അധിക്ഷേപിക്കുകയും ചെയ്ത സംഭവം, ഒരാഴ്ച 60ലധികം മണിക്കൂർ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന അവസ്ഥ എന്നിവയിൽ പ്രതിഷേധിച്ച് കേരള ഗവ. പി.ജി. മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷനും സംസ്ഥാന വ്യാപകമായി ഒ.പി. ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുതൽ 11 മണി വരെയാണ് ഒപി ബഹിഷ്‌കരണം. ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജുകളില്‍ എത്തിയ രോഗികള്‍ വലഞ്ഞു. ഒ.പികളില്‍ വന്‍തിരക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് രോഗികളെ തിരിച്ചയച്ചു. പി.ജി ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്‍മാരും പണിമുടക്കുന്നതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ പ്രതിസന്ധിയിലാകുമെന്നുറപ്പാണ്. കൊവിഡ് ഡ്യൂട്ടിയൊഴികെ മറ്റെല്ലാ ഡ്യൂട്ടികളും ബഹിഷ്കരിച്ചാണ് ഹൗസ് സര്‍ജന്‍മാരും സൂചനാപണിമുടക്ക് നടത്തുന്നത്. ഒ.പിയിലും, എമര്‍ജന്‍സി വിഭാഗത്തിലും, വാര്‍ഡ് ഡ്യൂട്ടിയിലുമടക്കം നിരവധി പി.ജി ഡോക്ടര്‍മാരാണ് ജോലി ചെയ്യുന്നത്.അത്യാഹിത വിഭാഗം കൂടി ബഹിഷ്കരിച്ചതോടെ രോഗികള്‍ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്.അത്യാഹിത വിഭാഗം ഉള്‍പ്പെടുന്ന ഐസിയു, കാഷ്വാലിറ്റി, ലേബര്‍ റൂം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഇടങ്ങളിലെ ജോലികളില്‍ നിന്നാണ് ഡോക്ടര്‍മാര്‍ മാറി നില്‍ക്കുന്നത്.അതേസമയം വിഷയത്തിൽ രണ്ട് തവണ ചർച്ച നടത്തിയതായും ആവശ്യങ്ങൾ അംഗീകരിച്ചതായുമാണ് ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ നിലപാട്. എന്നാൽ ആവശ്യങ്ങളിൽ ചില കാര്യങ്ങൾ മാത്രമാണ് അംഗീകരിച്ചതെന്നും മറ്റുള്ളവ സംബന്ധിച്ച് ഒരു മറുപടിയും വ്യക്തതയുമില്ലെന്നാണ് സമരക്കാർ പറയുന്നത്.
സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് യുകെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്;ഹൈ റിസ്‌ക് പട്ടികയിൽപ്പെടുന്നവരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കും
കൊച്ചി: സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു.യുകെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.ആരോഗ്യമന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇയാളുടെ ഭാര്യയും മാതാവും കൊറോണ പോസിറ്റീവ് ആയി.യുകെയിൽ നിന്ന് അബുദാബിയിൽ എത്തിയ ശേഷം ആറാം തീയ്യതിയാണ് ഇയാൾ കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ എത്തിയ ശേഷം നടത്തിയ പരിശോധയിൽ ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടേയും, ഭാര്യയുടേയും കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ ഒരാഴ്ചയ്‌ക്ക് ശേഷം കൊറോണ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് അദ്ദേഹം പരിശോധ നടത്തുകയായിരുന്നു. ഇതിലാണ് കൊറോണ സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ ജനിതക പരിശോധനയിൽ ഒമിക്രോണും സ്ഥിരീകരിക്കുകയായിരുന്നു. ഇയാളെ പ്രത്യേക നിരീക്ഷണ വാർഡിലേക്ക് മാറ്റി.എത്തിഹാത്ത് ഇ.വൈ 280 വിമാനത്തിലാണ് ഇയാൾ സംസ്ഥാനത്ത് എത്തിയത്.വിമാനത്തിൽ ഉണ്ടായിരുന്ന 149 പേരെയും ഇക്കാര്യം അറിയിച്ചതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇതോടെ രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 38 ആയി വർദ്ധിച്ചു.അതേസമയം ഇയാൾക്കൊപ്പം യാത്ര ചെയ്തവരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കും. ഹൈ റിസ്‌ക് പട്ടികയിൽ ഉൾപ്പെടുന്ന ആറ് പേരുടെ സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കുക. വിമാനത്തിൽ 26 മുതൽ 32 വരെ സീറ്റുകളിൽ യാത്ര ചെയ്തവരാണ് ഇവർ.നിലവിൽ ഇവർ നിരീക്ഷണത്തിൽ കഴിയുകയാണ്. നിരീക്ഷണ കാലാവധി ഇന്നോടെ ഒരാഴ്ച പിന്നിടും. ഈ സാഹചര്യത്തിലാണ് ഇവരെ പരിശോധനയ്‌ക്ക് വിധേയരാക്കുന്നത്.
മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ മൂന്നര വയസുള്ള കുഞ്ഞും; മുംബൈയിൽ കൂട്ടംകൂടലുകൾ നിരോധിച്ചു
മുംബൈ: മഹാരാഷ്‌ട്രയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത ഒമിക്രോൺ കേസുകളിൽ മൂന്നര വയസുള്ള കുഞ്ഞും ഉൾപ്പെട്ടതായി വിവരം. കഴിഞ്ഞ ദിവസം ഏഴ് പുതിയ ഒമിക്രോൺ രോഗികളായിരുന്നു സംസ്ഥാനത്ത് പുതിയതായി സ്ഥിരീകരിച്ചിരുന്നത്. ഇതിൽ മൂന്നും മുംബൈയിലാണ്. രോഗം ബാധിച്ച കുഞ്ഞുള്ളതും ഇവിടെയാണ്. ആകെ 17 രോഗികളാണ് മഹാരാഷ്‌ട്രയിൽ മാത്രം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 32 ആയി. വളരെ ചെറിയ തോതിൽ മാത്രം രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നവർക്കും ഒട്ടുമേ ലക്ഷണങ്ങൾ കാണിക്കാതിരുന്നവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ രണ്ട് ദിവസത്തേക്ക് ജനങ്ങൾ കൂട്ടം കൂടുന്നതും വലിയ ഒത്തുകൂടലുകളും നിരോധിച്ചിട്ടുണ്ട്. ടാൻസാനിയ, യുകെ, നെയ്‌റോബി എന്നിവിടങ്ങളിൽ നിന്ന് എത്തിയവർക്കാണ് സംസ്ഥാനത്ത് പുതിയതായി രോഗം ബാധിച്ചത്. അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ പടർന്ന് തുടങ്ങിയ സാഹചര്യത്തിൽ മാസ്‌ക് ധാരണത്തിൽ ജനങ്ങൾ അശ്രദ്ധ ചെലുത്തുന്നത് ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അപകടകരമായ ഘട്ടത്തിലൂടെയാണ് ഇപ്പോൾ ലോകം കടന്നുപോകുന്നതെന്നും ചെറിയ പിഴവ് വലിയ ആഘാതം സൃഷ്ടിക്കാമെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി.
ഹെലികോപ്റ്റര്‍ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികന്‍ പ്രദീപ് കുമാറിന്റെ സംസ്‌കാരം ഇന്ന്;യാത്രാമൊഴി നല്‍കാന്‍ ഒരുങ്ങി ജന്മനാട്; ഉച്ചയോടെ മൃതദേഹം കേരളത്തിലെത്തിക്കും
തൃശ്ശൂർ: കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളിയായ ജൂനിയർ വാറൻഡ് ഓഫീസർ പ്രദീപിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ ജന്മനാട്ടിലെത്തിക്കും.ഡൽഹിയിൽ നിന്ന് വിമാനം രാവിലെ ഏഴ് മണിയോടെ പുറപ്പെട്ടു.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ മൃതദേഹത്തെ അനുഗമിക്കും. 11 മണിയോടെ സൂലൂർ വ്യോമതാവളത്തിൽ എത്തുന്ന മൃതദേഹം റോഡ് മാർഗമാണ് തൃശ്ശൂരിലെത്തിക്കുക.പ്രദീപ് പഠിച്ച പുത്തൂർ ഹൈസ്‌കൂളിൽ ഭൗതിക ദേഹം പൊതുദർശനത്തിന് വെയ്ക്കും. വൈകീട്ട് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടത്തും.ഇന്നലെയാണ് വിദഗ്ധ പരിശോധനകൾക്ക് ശേഷം പ്രദീപിന്റെ മൃതദേഹം തിരിച്ചറിഞ്ഞ്. പിന്നാലെ ബന്ധുക്കൾക്ക് വിട്ട് നൽകുകയും ചെയ്തിരുന്നു.അതേസമയം തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004 ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുത്തു.രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും പ്രദീപ് പങ്കെടുത്തു. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട കൂനൂർ ഹെലികോപ്ടർ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്ടറിന്റെ ഫ്ളൈറ്റ് ഗണ്ണർ ആയിരുന്നു പ്രദീപ്.