പഴയങ്ങാടി:പഴയങ്ങാടി അൽ ഫത്തീബി ജ്വല്ലറിയിൽ നിന്നും 3.4 കിലോ സ്വർണ്ണവും രണ്ടു ലക്ഷം രൂപയും കവർന്ന കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ പോലീസ് പിടിയിൽ.മാടായി പഞ്ചായത്ത് സ്വദേശികളായ രണ്ടുപേരാണ് പോലീസ് പിടിയിലുള്ളത്.ജൂൺ എട്ടിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ജ്വല്ലറി ജീവനക്കാർ പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നത്.മോഷണത്തിന്റെ ആദ്യ ദിവസങ്ങളിൽ പൊലീസിന് പ്രതികളെ കുറിച്ച് യാതൊരു തുമ്പും ലഭിച്ചിരുന്നില്ല.പിന്നീട് മോഷ്ട്ടാക്കളെന്ന് സംശയിക്കുന്നവർ സഞ്ചരിച്ച ബൈക്കിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടതോടെയാണ് പലരും സംശയങ്ങളുമായി മുന്നോട്ട് വന്നത്.ഇവർ സഞ്ചരിച്ച ബൈക്കിനു പിന്നാലെ പോയ കാറിനെ പറ്റിയുള്ള അന്വേഷണവും നിർണായകമായി. ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചും പിന്നീട് വിട്ടയച്ചും അധികം വൈകാതെ വീണ്ടും ചോദ്യം ചെയ്തതുമുൾപ്പെടെയുള്ള തന്ത്രം പോലീസ് പ്രയോഗിച്ചതോടെ പ്രതികൾക്ക് പിടിച്ചു നിൽക്കാനായില്ല.ചോദ്യം ചെയ്യലുകളിലെ മൊഴികളിലെ പരസ്പ്പര വൈരുധ്യം കണ്ടെത്തിയതോടെ ഇവരെ രഹസ്യാന്വേഷണ കേന്ദ്രത്തിൽവെച്ച് അന്വേഷണ ഉദ്യോഗസ്ഥർ മാറിമാറി ചോദ്യം ചെയ്തു.ഇതോടെ ഇവർ കുറ്റം സമ്മതിച്ചതായാണ് സൂചന.മോഷ്ടിച്ച സ്വർണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ.
ഗുജറാത്തിലെ സ്കൂൾ ശുചിമുറിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സീനിയർ വിദ്യാർത്ഥി പിടിയിൽ
വഡോദര:ഗുജറാത്തിലെ സ്കൂൾ ശുചിമുറിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അതെ സ്കൂളിലെ തന്നെ സീനിയർ വിദ്യാർത്ഥി പിടിയിൽ.വെള്ളിയാഴ്ചയാണ് ഗുജറാത്തിലെ ബാരണ്‍പോരയിലുള്ള സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദേവ് തദ്വിയെ ശുചിമുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ 10ലധികം കുത്തേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു.ഇതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ദക്ഷിണഗുജറാത്തിലെ വസതിയില്‍ നിന്നും കൃത്യം നടത്തിയ 17കാരനെ പോലീസ് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തതായി പോലീസ് കമ്മീഷണര്‍ മനോജ് ശശിധര്‍ മാധ്യമങ്ങളോട് പറഞ്ഞു.കൊല്ലപ്പെട്ട പതിനാലുകാരനൊപ്പം ഈ വിദ്യാര്‍ഥി ശുചിമുറിയിലേക്കു കയറിപ്പോകുന്നത് സ്‌കൂളിലെ സിസിടിവിയില്‍ പതിഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് നടപടി. പതിനേഴുകാരനായ കുട്ടിക്കെതിരെ ജുവനൈല്‍ ജസ്റ്റീസ് ആക്‌ട് പ്രകാരം കേസെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
അർജന്റീനയുടെ തോൽവിയിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം:ലോക കപ്പ് ഫുട്‍ബോളിൽ അർജന്റീന പരാജയപ്പെട്ടതിൽ മനംനൊന്ത് പുഴയിൽ ചാടിയ അര്‍ജന്റീന ആരാധകന്‍ അമയന്നൂര്‍ കൊറ്റത്തില്‍ ചാണ്ടിയുടെ മകന്‍ ഡിനുവിന്റെ(30) മൃതദേഹം മീനച്ചിലാറ്റില്‍ ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്നും കണ്ടെത്തി.ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരത്തില്‍ അര്ജന്റീന ക്രൊയേഷ്യയോട് തോറ്റതിനെ തുടര്‍ന്നാണ് അര്‍ജന്റീന ആരാധകനായ ഡിനുവിനെ കാണാതായത്. അര്‍ജന്റീന പരാജയപ്പെട്ട വിഷമത്തില്‍ വീട്ടില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷം ഡിനുവിനെ കാണാതെയാകുകയയിരുന്നു. കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടർന്ന് പോലീസ് എത്തി പരിശോധനകൾ നടത്തി.പോലീസ് നായ മണംപിടിച്ച് കുളിക്കടവിലേക്ക് പോയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ആറ്റില്‍ ചാടിയെന്ന നിഗമനത്തില്‍ പോലീസ് എത്തുകയായിരുന്നു. അയര്‍കുന്നം പോലീസ് ഇന്ന് രാവിലെ എത്തി പരിശോധനകള്‍ നടത്തി.’എനിക്ക് ഈ ലോകത്ത് കാണാന്‍ ഒന്നും ബാക്കിയില്ല. മരണത്തിന്റെ ആഴങ്ങളിലേക്കു പോവുകയാണ്. എന്റെ മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്വം ഉണ്ടായിരിക്കുകയില്ല’ എന്നു വെള്ളക്കടലാസില്‍ കുറിപ്പെഴുതിയശേഷമാണു ഡിനു പോയത്. മീനച്ചിലാറ്റില്‍ ചാടിയെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
ഓപ്പറേഷൻ ‘സാഗർറാണി’;വാളയാറിൽ നിന്നും ഫോർമാലിൻ കലർത്തിയ നാല് ടൺ ചെമ്മീൻ പിടികൂടി
പാലക്കാട്:ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷൻ ‘സാഗർറാണി’ എന്ന പേരിലുള്ള പരിശോധനയിലൂടെ വാളയാറിൽ നിന്നും ഫോർമാലിൻ കലർന്ന നാല് ടൺ ചെമ്മീൻ പിടികൂടി.ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന മീനാണ് ചെക്പോസ്റ്റിലെ പരിശോധനയില്‍ പിടികൂടിയത്. മീനുകളെ പരിശോധനയ്ക്കായി കൊച്ചി കാക്കനാട്ടെ ലാബിലേക്ക് അയച്ചു.വ്യാഴാഴ്ചയും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗ ശൂന്യവുമായ 12,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.രണ്ടാഴ്ച്ചയ്ക്കിടെ സംസ്ഥാനത്തു നിന്നും 20000 ടണ്‍ വിഷം കലര്‍ത്തിയ മീനാണ് പിടികൂടിയത്.
പുരുഷന്മാർക്ക് നിയമപരിരക്ഷയും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ പ്രവർത്തനം ആരംഭിച്ചു
തൃശ്ശൂര്‍: പീഡനമനുഭവിക്കുന്ന പുരുഷന്മാര്‍ക്ക് സൗജന്യമായി നിയമസഹായം നല്‍കാന്‍ ഒരു ആഗോള ഹെല്‍പ്പലൈന്‍.ഇരയായ പുരുഷന്മാരുടെ കൂട്ടായ്മ സേവ് ഇന്ത്യന്‍ ഫാമിലിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഇതിന്റെ സഹായത്തിനായി പ്രവര്‍ത്തിക്കുന്നത് പുരുഷാവകാശ സംരക്ഷണ സമിതി എന്ന സംഘടനയാണ്. മലയാളമടക്കം രാജ്യത്തെ ഒന്‍പത് ഭാഷകളിലായി പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ഹെല്‍പ്പ്‌ലൈനിലൂടെ നിയമോപദേശവും സാന്ത്വനവും ലഭിക്കും.എല്ലാ ദിവസവും 24 മണിക്കൂറും ഈ ഹെല്‍പ്പ്‌ലൈന്റെ സേവനം ലഭിക്കും. ഹെല്‍പ്ലൈന്‍ നമ്പറിൽ വിളിച്ച് 9 എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ മലയാളത്തില്‍ മറുപടി ലഭിക്കും.ഏഴുപേരാണ് ഇതിനായി സംസ്ഥാനത്തുള്ളത്. ഇതിലൂടെ നല്‍കുന്ന പരാതിയും പ്രശ്‌നങ്ങളും വോയ്‌സ് മെയില്‍വഴി റെക്കോഡാകുന്ന സംവിധാവനവും ഏര്‍പ്പെടുത്തിയിട്ടുണ്.പുരുഷന്മാര്‍ക്ക് അര്‍ഹമായ നിയമപരിരക്ഷയും സാന്ത്വനവും നല്‍കുകയാണ് ഹെല്‍പ്പ്‌ലൈനിന്റെ ലക്ഷ്യം.എന്നാല്‍ പരാതികളില്‍ പുരുഷന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് കണ്ടാല്‍ മാത്രമാണ് സഹായം അനുവദിക്കുക. ഇത്തരത്തില്‍ ഇതിനോടകം ഒന്നരലക്ഷത്തോളം ആളുകളുടെ ഫോണ്‍ കോളുകള്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതിന്റെ പ്രവര്‍ത്തനത്തിനായി രാജ്യവ്യാപകമായി 50ലേറെ പുരുഷസന്നദ്ധ സംഘടനകളുണ്ട്.ഹെല്‍പ്‌ലൈന്റെ നമ്പർ: 8882498498.
രാജ്യത്തെ എയർ കണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി ആയി നിജപ്പെടുത്താൻ തീരുമാനം
ന്യൂഡല്‍ഹി: രാജ്യത്തെ എയര്‍കണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെല്‍ഷ്യസാക്കി നിജപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഡിഫാള്‍ട്ട് സെറ്റിങ്ങ് 24 ഡിഗ്രി സെല്‍ഷ്യസാക്കുന്നത് പരിഗണിക്കുമെന്ന് ഊര്‍ജ മന്ത്രി ആര്‍കെ സിങ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. എസി ഉപയോഗിക്കുന്നത് കൊണ്ടുള്ള ഊര്‍ജ്ജത്തിന്‍റെ അളവ് കുറയ്ക്കാനാണ് ഈ പദ്ധതി കൊണ്ടുവരുന്നത്.പുതിയ നിബന്ധന നടപ്പിലായാൽ പരിസ്ഥിതിക്ക് ദോഷമായ ഹരിതഗൃഹ വാതകം പുറന്തള്ളപ്പെടുന്നത് കുറയ്ക്കാൻ സാധിക്കും.ഇപ്പോൾ പലയിടത്തും എ സികൾ പ്രവർത്തിക്കുന്നത് 18 മുതൽ 21 ഡിഗ്രി സെൽഷ്യസിലാണ്. ഇത് മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നതിന് കാരണമാകും.പൊതുജനങ്ങളിൽ അഭിപ്രായ സർവ്വേ നടത്തിയതിനു ശേഷം നിബന്ധന പ്രവർത്തികമാക്കാനാണ് തീരുമാനം.
റെയിൽവേ സ്റ്റേഷനിൽ വെച്ച് സെൽഫിയെടുത്താൽ ഇനി മുതൽ 2000 രൂപ പിഴ ഈടാക്കും
ചെന്നൈ: റെയില്‍വേ സ്റ്റേഷനുകളിലും പരിസരത്തും റെയില്‍പാളങ്ങള്‍ക്ക് സമീപവും െമാബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി റെയില്‍വേ ബോര്‍ഡ് ഉത്തരവിട്ടു.നിയമം ലംഘിക്കുന്നവരില്‍നിന്ന് 2,000 രൂപ പിഴ ഈടാക്കാനുള്ള ഉത്തരവ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തിൽ വന്നു.സെല്‍ഫിയെടുക്കുന്നതിനിടെ നിരവധി പേര്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യത്തിലാണ് നടപടി.സ്റ്റേഷനുകള്‍ വൃത്തികേടാക്കുന്നവരില്‍നിന്ന് 500 രൂപ പിഴ ഈടാക്കാനും തീരുമാനമായി.സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്നും റെയില്‍വേ കേന്ദ്രങ്ങള്‍ അറിയിച്ചു.
സോഷ്യൽ മീഡിയയിലെ അപവാദപ്രചരണം യുവാവ് പരസ്യ ക്ഷമാപണം നടത്തി
കൊല്ലം: പെട്രോൾ പമ്പിനെതിരെ അപവാദ പ്രചരണം നടത്താൻ വീഡിയോ റെക്കോർഡ് ചെയത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് നിയമ നടപടികളിൽ പെടുമെന്ന് ഉറപ്പായതോടെ ക്ഷമാപണ വീഡയോയുമായി വീണ്ടും രംഗത്തെത്തി. വ്യക്തി വൈരാഗ്യം തീർക്കുന്നതിനായി പെട്രോൾ പമ്പിൽ മായം കലർന്നിരിക്കുന്നു എന്ന് വരുത്തി തീർക്കാൻ രണ്ട് വ്യത്യസ്ത പമ്പുകളിൽ നിന്നും വാങ്ങിയത് എന്ന് അവകാശപ്പെട്ട ഡീസലിന്റെ നിറവ്യത്യാസം കാണിച്ചായിരുന്നു യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടത്. പെട്രോൾ, ഡീസൽ എന്നിവയുടെ നിറവ്യത്യാസം തികച്ചും സ്വാഭാവികമാണെന്നും സാന്ദ്രതയാണ് അടിസ്ഥാന ഗുണ പരിശോധനയായി കണക്കാകേണ്ടത് എന്ന വിദഗ്ദ്ധ അഭിപ്രായം വന്നതോടെ യുവാവ് വെട്ടിലായി. ഇതോടെ നിയമ നടപടികൾ സ്വീകരിക്കാൻ പമ്പുടമ തീരുമാനിച്ചതറിഞ്ഞ് യുവാവ് പരസ്യമായി മാപ്പ് പറഞ്ഞ് കൊണ്ട് വീണ്ടും രംഗത്തെത്തി.
സമൂഹമാദ്ധ്യമങ്ങളിൽ കൂടി പമ്പുകൾക്ക് എതിരെ അപവാദപ്രചരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട പമ്പുടമകൾ നിയമ നടപടികൾ സ്വീകരിക്കാൻ മുന്നോട്ട് വന്നതോടെ ഈ ആഴ്ചയിൽ തന്നെ രണ്ടാമത്തെ ക്ഷമാപണമാണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്.
പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ ഇളവുകൾ നിലവിൽ വന്നു
പരിയാരം:പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ ഇളവുകൾ നിലവിൽ വന്നു. സ്പെഷ്യലിറ്റി ഒ.പി ചാർജുകൾ ഉൾപ്പെടെ ജനറൽ വാർഡുകളിൽ അഡ്‌മിറ്റാകുന്ന രോഗികളുടെ ബെഡ് ചാർജും സൗജന്യമാക്കി.മരുന്നുകൾക്ക് പരമാവധി അമ്പതു ശതമാനം വരെ ഇളവ് ഏർപ്പെടുത്തി.പ്രൊസീജിയർ ചാർജുകൾ പകുതിയാക്കുകയും ലാബ് ചാർജുകളിൽ 20 ശതമാനം കുറവുവരുത്തുകയും ചെയ്തിട്ടുണ്ട്.സ്വാതന്ത്ര സമരസേനാനികൾക്കും ആശ്രിതർക്കും ഇപ്പോൾ നൽകിവരുന്ന ഇളവ് തുടരും.എന്നാൽ വിവിധ ചികിത്സാപദ്ധതികൾ പ്രകാരം പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്ക് ഈ ഇളവുകൾ ബാധകമല്ല.തീരുമാനം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സുധാകരൻ പറഞ്ഞു.
32 കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശികളായ രണ്ടു യുവാക്കൾ വയനാട്ടിൽ പിടിയിലായി
മാനന്തവാടി:കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 32 കിലോഗ്രാം കഞ്ചാവുമായി രണ്ടു കണ്ണൂർ സ്വദേശികൾ പിടിയിലായി.പുഴാതി കൊറ്റാളിക്കാവിനു സമീപത്തെ നാരങ്ങോളി വീട്ടിൽ നീരജ്(21),പുഴാതി കുഞ്ഞിപ്പള്ളി ചെറുവത്തുവീട്ടിൽ യാഷിർ അറഫാത്ത്(23)എന്നിവരാണ് പിടിയിലായത്.മാനന്തവാടി എക്‌സൈസ് റേഞ്ച് ഇൻസ്പെക്റ്റർ എം.കെ സുനിലിന്റെ നേതൃത്വത്തിൽ തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.ഒറ്റ നോട്ടത്തിൽ ആർക്കും കണ്ടെത്താൻ പറ്റാത്ത രീതിയിൽ കാറിന്റെ നാല് ഡോറുകളിലും ഡിക്കിയിലും ബോണറ്റിലും ഉള്ള രഹസ്യ അറകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.അര കിലോഗ്രാമിന്റെ 64 പൊതികളാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്.ഇരുവരെയും അടുത്ത ദിവസം മാനന്തവാടി കോടതിയിൽ ഹാജരാക്കിയ ശേഷം വടകര എൻ.ഡി.പി.എസ് കോടതിക്ക് കൈമാറും.