പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം; ഇന്നും നാളെയും ബാങ്ക് പണിമുടക്ക്

keralanews privatization of public sector banks bank strike today and tomorrow

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.10 ലക്ഷം ജീവനക്കാരാണു പണിമുടക്കുന്നത്. എസ്ബിഐ സേവനങ്ങളെയും പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ ബാങ്ക് എന്നിവയുടെ പ്രവര്‍ത്തനത്തെയും രണ്ട് ദിവസത്തെ പണിമുടക്ക് ബാധിക്കും.പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കേണ്ട ആവശ്യമില്ലെന്നും ഈ നീക്കത്തിനെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.കൃഷ്ണ പറഞ്ഞു.2021-22 ബജറ്റില്‍ 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതി ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബാങ്കിംഗ് നിയമ (ഭേദഗതി) ബില്‍ 2021 അവതരിപ്പിക്കുമെന്ന് കേന്ദ്രം നേരത്തെ സൂചിപ്പിച്ചിരുന്നു. 1970ലെ ബാങ്കിംഗ് കമ്പനികളുടെ നിയമത്തിലെ വ്യവസ്ഥ ഭേദഗതി ചെയ്യാനാണ് ബില്‍ ലക്ഷ്യമിടുന്നത്. പൊതുമേഖല ബാങ്കുകളില്‍ എല്ലായ്‌പ്പോഴും സര്‍ക്കാരിന് 51 ശതമാനം ഓഹരി നിര്‍ബന്ധിതമാക്കുന്ന വ്യവസ്ഥയായിരുന്നു ഇത്. പുതിയ ബില്‍ സര്‍ക്കാരിന്റെ ഏറ്റവും കുറഞ്ഞ ഓഹരി പങ്കാളിത്തം 26 ശതമാനമായി കുറയ്ക്കും. പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ സമരം ബാധിക്കും. ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയായതിനാല്‍ തുടര്‍ച്ചയായ നാല് ദിവസം ബാങ്ക് ശാഖകള്‍ വഴിയുള്ള ഇടപാടുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്തും;നിയമഭേദഗതി തീരുമാനം കേന്ദ്രമന്ത്രി സഭ അംഗീകരിച്ചു

keralanews raise the age of marriage for girls to 21 union cabinet approves amendment

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്തുന്നത് സംബന്ധിച്ച നിയമഭേദഗതി ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ നടത്തുമെന്ന് സൂചന.ഇന്നലെ ചേർന്ന കേന്ദ്രമന്ത്രി സഭ നിയമഭേദഗതി തീരുമാനം അംഗീകരിച്ചിരുന്നു.സ്ത്രീകളുടെ വിവാഹം പ്രായം ഉയര്‍ത്തുമെന്ന് കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഒരു സമിതിയെ വിഷയം പഠിക്കാന്‍ നിയോഗിക്കുകയും ചെയ്തു.ജയ ജയ്റ്റിലി അദ്ധ്യക്ഷയായ കർമ സമിതി വിവാഹ പ്രായം 21 ആക്കി ഉയർത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നു. സമിതിയുടെ നിര്‍ദേശത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.ശൈശവ വിവാഹ നിരോധന നിയമത്തിലും സ്‌പെഷ്യൽ മാര്യേജ് ആക്ടിലും ഹിന്ദു വിവാഹ നിയമത്തിലുമാണ് ഭേദഗതികൾ കൊണ്ടുവരുന്നത്. പതിനാല് വയസായിരുന്നു മുൻപ് പെൺകുട്ടികളുടെ വിവാഹ പ്രായം പിന്നീട് അത് പതിനെട്ടാക്കി.ഇതാണ് ഇരുപത്തിയൊന്നായി ഉയർത്തുന്നത്.മാതൃമരണ നിരക്ക് കുറയ്‌ക്കുക, ഗർഭകാലത്തെ ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കുക,വിളർച്ചയും പോക്ഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ് വിവാഹ പ്രായം ഉയർത്തുന്നതിന്റെ ലക്ഷ്യങ്ങളായി സർക്കാർ ഉയർത്തിക്കാട്ടുന്നത്.

18 വയസ് തികയുന്നവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേർക്കാൻ കൂടുതല്‍ അവസരങ്ങള്‍; ആധാര്‍ കാര്‍ഡ് വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കും; സുപ്രധാന ഭേദഗതികളുമായി കേന്ദ്രസര്‍ക്കാര്‍

keralanews more opportunities for 18 year olds to register in voters list aadhaar card linked to voter id central government with important amendments

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കുന്നതിന് സുപ്രധാന ഭേദഗതികള്‍ ആവിഷ്‌ക്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.വോട്ടര്‍ പട്ടിക ശക്തിപ്പെടുത്തുക, തിരഞ്ഞെടുപ്പ് കമ്മിഷന്‌ കൂടുതല്‍ അധികാരം നല്‍കുക, ഡ്യൂപ്ലിക്കേറ്റുകള്‍ നീക്കം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്കായി നാല് പ്രധാന പരിഷ്കാരങ്ങള്‍ അവതരിപ്പിക്കും.പാന്‍-ആധാര്‍ ലിങ്ക് ചെയ്യുന്നത് പോലെ, ഒരാളുടെ വോട്ടര്‍ ഐഡിയോ ഇലക്ടറല്‍ കാര്‍ഡോ ഉപയോഗിച്ച്‌ ആധാര്‍ കാര്‍ഡ് സീഡിംഗ് ഇപ്പോള്‍ അനുവദിക്കും.വോട്ടര്‍പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൂടുതല്‍ ശ്രമങ്ങള്‍ അനുവദിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. അടുത്ത വര്‍ഷം ജനുവരി 1 മുതല്‍, 18 വയസ്സ് തികയുന്ന ആദ്യ തവണ വോട്ടര്‍മാര്‍ക്ക് നാല് വ്യത്യസ്ത ‘കട്ട്-ഓഫ്’ തീയതികളോടെ വര്‍ഷത്തില്‍ നാല് തവണ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ലഭിക്കും. നിലവിലെ ചട്ടമനുസരിച്ച്‌, ജനുവരി ഒന്നിനുശേഷം 18 വയസ്സു പൂര്‍ത്തിയാകുന്ന ഒരാള്‍ അടുത്തകൊല്ലംവരെ കാത്തിരിക്കണം. ഇനി മുതല്‍ അതുവേണ്ട. ഏപ്രില്‍ ഒന്ന്, ജൂലായ് ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ തീയതികള്‍കൂടി അടിസ്ഥാനമാക്കി പട്ടിക പരിഷ്‌കരിക്കും.സര്‍വീസ് ഓഫീസര്‍മാരുടെ ഭര്‍ത്താവിനും വോട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍വീസ് ഓഫീസര്‍മാര്‍ക്ക് ലിംഗഭേദമില്ലാതെ നിയമം കൊണ്ടുവരാനും തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള നിയമപ്രകാരം പുരുഷ സര്‍വീസ് വോട്ടറുടെ ഭാര്യക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ, വനിതാ സര്‍വീസ് വോട്ടറുടെ ഭര്‍ത്താവിന് ഈ സൗകര്യം ലഭ്യമല്ല.

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു;ജാഗ്രതാ നിർദേശം

keralanews omicron confirmed to four more in the state alert issued

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു.ഇതോടെ ആകെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം അഞ്ചായി.നാല് പേരിൽ രണ്ട് പേർ സമ്പർക്ക രോഗികളാണ്. ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യയ്‌ക്കും, ഭാര്യാ മാതാവിനുമാണ് രോഗം കണ്ടെത്തിയത്. ഇതിന് പുറമേ യുകെ, കോംഗോ എന്നിവിടങ്ങളിൽ നിന്നു വന്നവർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ യുകെയിൽ നിന്നെത്തിയ ആൾ തിരുവനന്തപുരം സ്വദേശിയും, കോംഗോയിൽ നിന്നെത്തിയ ആൾ എറണാകുളം സ്വദേശിയുമാണ്.എറണാകുളം സ്വദേശിയ്‌ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ ഭാര്യയ്‌ക്കും ഭാര്യമാതാവിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജനിതക പരിശോധനയ്‌ക്കായി അയച്ച ഫലത്തിലാണ് ഒമിക്രോൺ കണ്ടെത്തിയത്. കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച വിവരം ആരോഗ്യമന്ത്രി വീണാ ജോർജാണ് അറിയിച്ചത്. രോഗം കണ്ടെത്തിയവരിൽ എല്ലാവരും വാക്‌സിൻ സ്വീകരിച്ചവരാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.നിലവിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ കോണ്‍ടാക്റ്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവരെ അടക്കം തിരിച്ചറിഞ്ഞ് ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് വീണാ ജോര്‍ജ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 4006 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;125 മരണം; 3898 പേർക്ക് രോഗമുക്തി

keralanews 4006 corona cases confirmed in the state today 125deaths 3898 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4006 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂർ 342, കൊല്ലം 260, കണ്ണൂർ 237, ഇടുക്കി 222, ആലപ്പുഴ 174, പത്തനംതിട്ട 158, മലപ്പുറം 132, വയനാട് 132, പാലക്കാട് 115, കാസർഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 65,704 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 157 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 43,626 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3750 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 207 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3898 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 738, കൊല്ലം 633, പത്തനംതിട്ട 139, ആലപ്പുഴ 136, കോട്ടയം 180, ഇടുക്കി 184, എറണാകുളം 508, തൃശൂർ 222, പാലക്കാട് 50, മലപ്പുറം 218, കോഴിക്കോട് 419, വയനാട് 125, കണ്ണൂർ 267, കാസർഗോഡ് 79 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

കണ്ണൂർ വി.സിയുടെ പുനർനിയമനം;സർക്കാരിന് താൽക്കാലിക ആശ്വാസം; ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി

keralanews re appointment of kannur vc temporary relief to government the high court held that the petition was not legally exist

കൊച്ചി: കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സെനറ്റംഗം അടക്കമുള്ളവർ നൽകിയ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച്. ജസ്റ്റിസ് അമിത് റാവൽ ആണ് ഹർജിയിൽ വാദം കേട്ടത്. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.വി.സി നിയമനത്തിൽ രൂക്ഷ വിമർശനങ്ങൾ നേരിട്ട പിണറായി സർക്കാരിന് താൽക്കാലിക ആശ്വാസം നൽകുന്ന വിധിയാണ് ഇത്. ഹർജിയിൽ പ്രാഥമിക വാദം നേരത്തെ പൂർത്തിയായിരുന്നു. കണ്ണൂർ യൂണിവേഴ്‌സിറ്റി നിയമവും യു.ജി.സി ചട്ടങ്ങളും മറികടന്നാണ് ഗോപിനാഥ് രവീന്ദ്രനെ വി.സി യായി വീണ്ടും നിയമിച്ചതെന്നാണ് ഹർജിക്കാരുടെ വാദം.ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വാദത്തിന് അവസരം നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ജസ്റ്റിസ് അമിത് റാവല്‍ കഴിഞ്ഞ ദിവസം തളളിയിരുന്നു. ഗവര്‍ണര്‍ കൂടി അറിഞ്ഞ് നിയമപരമായ അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയല്ലേ പുനര്‍നിയമനം നല്‍കിയതെന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു.വിസിയുടെ കാലാവധി അവസാനിച്ചതിനു തൊട്ടടുത്ത ദിവസമായിരുന്നു പുനർനിയമനം നല്‍കിക്കൊണ്ട് ചാന്‍സലർ ഉത്തരവ് പുറപ്പെടുവിച്ചത്.നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ വിസിക്ക് അതേ പദവിയില്‍ ഗവര്‍ണര്‍ നാല് വര്‍ഷത്തേക്കു കൂടി പുനര്‍നിയമനം നല്‍കുന്നതു സംസ്ഥാനത്ത് ആദ്യമായിരുന്നു. പുതിയ വി.സിയെ തിരഞ്ഞെടുക്കാനായി രൂപീകരിച്ച കമ്മിറ്റിയും ഇതിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു. പിന്നീടാണ് രാഷ്ട്രീയ സമ്മർദം മൂലമാണ് വിസി നിയമന ഉത്തരവില്‍ ഒപ്പിട്ടതെന്ന് ഗവർണർ തുറന്നടിച്ചത്. തുടർന്ന്, വിസി നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നും സമ്മർദങ്ങള്‍ക്ക് വിധേയനായി ചാന്‍‌സിലർ ചാന്‍‌സിലർ സ്ഥാനത്ത് തുടരാനാവില്ലെന്നും കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. പിന്നാലെ ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി. വി.സിയുടെ നിയമനത്തിനായി ഗവർണർക്ക് ശുപാർശക്കത്ത് നൽകിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ പ്രവർത്തിയും വിവാദമുണ്ടാക്കിയിരുന്നു. നിയമനത്തിൽ ചട്ടവിരുദ്ധതയില്ലെന്നും പുതിയ നിയമനമല്ല, മറിച്ച് പുനർനിയമനമാണ് നടന്നതെന്നായിരുന്നു സർക്കാർ വാദം. അതേസമയം സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹർജിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.

കുനൂർ ഹെലികോപ്​ടര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നല്കാൻ സർക്കാർ തീരുമാനം;ഭാര്യയ്‌ക്ക് സർക്കാർ ജോലി

keralanews govt decides to give 5 lakh rupees to family of malayalee soldier pradeep killed in coonoor helicopter crash govt job for wife

തിരുവനന്തപുരം: കുനൂർ ഹെലികോപ്ടര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നല്കാൻ സംസ്ഥാന സർക്കാർ തീരുമാനം. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയ്‌ക്ക് ജോലി നൽകും. അച്ഛന്‍റെ ചികിത്സാ സഹായമായി മൂന്നുലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.കഴിഞ്ഞ ബുധനാഴ്ച ഊട്ടിക്ക് സമീപം കൂനൂരില്‍ 14 പേര്‍ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്ടര്‍ തകര്‍ന്നാണ് പ്രദീപ് മരിച്ചത്. പ്രദീപും സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും അടക്കം 13 പേര്‍ അപകട ദിവസം തന്നെ മരിച്ചിരുന്നു.അവധി കഴിഞ്ഞ് ജോലി സ്ഥലത്ത് തിരിച്ചെത്തിയിട്ട് വെറും നാല് ദിവസം മാത്രം പിന്നിടുമ്പോഴാണ് പ്രദീപ് അപകടത്തില്‍പ്പെട്ടത്.2018ൽ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേന താവളത്തിൽ നിന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ പ്രദീപ് എയർ ക്രൂ ആയി സ്വമേധയാ സേവനം നടത്തിയിരുന്നു.

കുനൂർ ഹെലികോപ്​ടര്‍ അപകടം;ചികിത്സയിലിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്​ അന്തരിച്ചു

keralanews coonoor helicopter crash group captain varun singh who was under treatment dies

ബെംഗളൂരു: രാജ്യത്തെ നടുക്കിയ കുനൂർ ഹെലികോപ്ടർ അപകടത്തിൽ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുകയായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മരണത്തിന് കീഴടങ്ങി. വ്യോമ സേനയാണ് മരണം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ കമാൻഡ് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുളള 13 പേർ  കൊല്ലപ്പെട്ട അപകടത്തിൽ രക്ഷപെട്ട ഏക വ്യക്തിയായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ്. ആദ്യം വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായിട്ടാണ് ബംഗളൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ രാജ്യം കാത്തിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ.അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വരുണ്‍സിങിന് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. വരുണ്‍ സിങ്ങിന് ചര്‍മം വെച്ചുപിടിപ്പിക്കാനുള്ള ചികിത്സ ആരംഭിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനായുള്ള ചര്‍മം ബംഗളുരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചര്‍മ ബാങ്ക് കമാന്‍ഡ് ആശുപത്രിക്ക് കൈമാറിയിരുന്നു.കഴിഞ്ഞ ബുധനാഴ്ചയാണ് കൂനൂരില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അപകടമുണ്ടായത്.  ധീരതയ്‌ക്കുള്ള അംഗീകാരമായി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ശൗര് ചക്ര പുരസ്‌കാരം ഏറ്റുവാങ്ങിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ്. വ്യോമ സേനയിൽ വിങ് കമാൻഡറായ വരുൺ സിംഗ് 2020 ഒക്ടോബർ 12 തേജസ് യുദ്ധ വിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തെ ധീരതയോടെയും മനസാന്നിധ്യത്തോടെയും നേരിട്ട് പരാജയപ്പെടുത്തിയതിനാണ് അദ്ദേഹം ശൗര്യചക്രയ്‌ക്ക് അർഹനായത്.

കണ്ണൂർ സർവകലാശാല വി.സി നിയമന വിവാദം; ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

keralanews kannur university vc appointment controversy high court verdict on petition today

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.ഗവ‍ര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വാദത്തിന് അവസരം നല്‍കണമെന്ന ഹരജിക്കാരുടെ ആവശ്യം ജസ്റ്റിസ് അമിത് റാവല്‍ കഴിഞ്ഞ ദിവസം തളളിയിരുന്നു. ഗവര്‍ണര്‍ കൂടി അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങള്‍ പൂ‍ര്‍ത്തിയാക്കിയല്ലേ പുനര്‍ നിയമനം നല്‍കിയതെന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു. വിധി പ്രതികൂലമാണെങ്കിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ നിലപാട്.വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ. പി. ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയില്‍ ഉളളത്.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അയച്ച കത്തുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ ഇന്നത്തെ വിധി മന്ത്രിയ്‌ക്കും, സർക്കാരിനും നിർണ്ണായകമാണ്.യൂണിവേഴ്‌സിറ്റി നേട്ടങ്ങൾ സ്വന്തമാക്കിയത് ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിലാണ്. പുതിയ റിസർച്ച് ഡയറക്ട്രേറ്റ് തുടങ്ങാൻ അദ്ദേഹം മുൻകൈ എടുത്തു. ഗോപിനാഥിന്റെ കാലാവധി നീട്ടി നൽകുന്നത് സർവ്വകലാശാലയ്‌ക്ക് ഗുണകരമാകും. കണ്ണൂർ സർവ്വകലാശാലയെ സംബന്ധിച്ച് പ്രായം ഒരും നിയന്ത്രണമല്ലെന്നും കത്തിൽ പറയുന്നു. ഗവർണർക്ക് കത്തയച്ചതിന്റെ പേരിൽ മന്ത്രി രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. ഉത്തരവിൽ ഒപ്പുവച്ച ഗവർണർക്കാണ് ഇതിന്റെ ഉത്തരവാദിത്തമെന്നാണ് സിപിഎം നിലപാട്.

സംസ്ഥാനത്തെ പിജി ഡോക്ടർമാരുടെ സമരം ആറാം ദിവസത്തിലേക്ക്; ചർച്ചയ്ക്ക് തയ്യാറാണെന്ന് ആരോഗ്യവകുപ്പ്

keralanews strike of p g doctors in the state entered to sixth day health department ready for talk

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നടക്കുന്ന പിജി ഡോക്ടർമാരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നു. എമർജൻസി ഡ്യൂട്ടി അടക്കം ബഹിഷ്‌കരിച്ചാണ് സമരം.സമരം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ പിജി ഡോക്ടർമാരുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മന്ത്രി വീണാ ജോർജ്ജ് സമരക്കാരുമായി ഇന്ന് ചർച്ച നടത്തിയേക്കും.ഇന്നലെയും ആരോഗ്യമന്ത്രിയുമായി പിജി വിദ്യാർത്ഥികൾ ചർച്ച നടത്തിയിരുന്നു. അനൗദ്യോഗിക ചർച്ചയാണ് ഇന്നലെയുണ്ടായതെന്നും ഔദ്യോഗിക ചർച്ച വൈകാതെ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പിജി ഡോക്ടർമാർ പറഞ്ഞു. തങ്ങളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രയാസങ്ങളും മന്ത്രിയെ ധരിപ്പിച്ചതായും പിജി ഡോക്ടർമാർ അറിയിച്ചു.സര്‍ക്കാര്‍ ഇന്നലെ ഉന്നതതല ഔദ്യോഗിക ചര്‍ച്ച നടത്താമെന്ന് സമ്മതിച്ചിരുന്നെങ്കിലും ഇതുവരെ സമയമോ തീയതിയോ അറിയിച്ചിട്ടില്ല. ഔദ്യോഗിക അറിയിപ്പ് കിട്ടിയാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്നാണ് സമരക്കാരുടെ നിലപാട്.അതേസമയം ഡോക്ടർമാർ സമരത്തിലായതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ എത്തുന്ന രോഗികൾ കടുത്ത ദുരിതത്തിലായി. ശസ്ത്രക്രിയകൾ മുടങ്ങി. ഒപി മുടങ്ങാതിരിക്കാൻ ആരോഗ്യവകുപ്പ് ബദൽ സംവിധാനം ഒരുക്കിയെങ്കിലും പൂർണമായും ഫലംകണ്ടില്ല. സ്റ്റൈപ്പന്റ് വർദ്ധിപ്പിക്കണം, പി.ജി. പ്രവേശനം വേഗം നടത്തുകയോ, പകരം ഡോക്ടർമാരെ നിയമിക്കുകയോ ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ട് വെയ്‌ക്കുന്നത്.