വടകരയിൽ നിന്നും വീണ്ടും ഫോർമാലിൻ കലർത്തിയ മൽസ്യം പിടികൂടി

keralanews formalin mixed fish seized from vatakara again

പയ്യോളി:വടകരയിൽ നിന്നും വീണ്ടും ഫോർമാലിൻ കലർത്തിയ മൽസ്യം പിടികൂടി. കന്യാകുമാരിയിൽ നിന്നും മംഗലാപുരത്തേക്ക് കൂന്തൽ കയറ്റിക്കൊണ്ടുപോവുകയായിരുന്ന ലോറി ദേശീയപാതയില്‍ മൂരാട് പാലത്തിന് സമീപം നാട്ടുകാര്‍ തടഞ്ഞു വെയ്ക്കുകയായിരുന്നു. പാലത്തില്‍ വണ്‍വേ ആയതിനാല്‍ ലോറി ഇവിടെ നിര്‍ത്തിയിരുന്നു. ആ സമയത്ത് ലോറിയില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസും നാട്ടുകാരും ചേര്‍ന്ന് ലോറി തടയുകയായിരുന്നു.  ഫോര്‍മലിന്‍ കലര്‍ന്നതാണെന്ന സംശയത്തിലാണ് തടഞ്ഞത്. തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി നടത്തിയ പരിശോധനയില്‍ കൂന്തളില്‍ ചെറിയ അളവില്‍ ഫോര്‍മലിന്‍ കലര്‍ത്തിയിട്ടുണ്ടെന്ന് തെളിഞ്ഞു.ഫോര്‍മാലിന്‍ കലര്‍ന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൂന്തള്‍ സംസ്ഥാനത്ത് വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി ലോറി അതിര്‍ത്തി കടക്കുന്നതുവരെ നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ആറ് ടണ്‍ കൂന്തളാണ് ഇതില്‍ ഉണ്ടായിരുന്നത്. മംഗളൂരുവിലെ സ്വകാര്യ എക്‌സ്പോര്‍ട്ടിങ് കമ്പനിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇതെന്ന് ലോറി ജീവനക്കാര്‍ പറഞ്ഞു. ലോറി സ്റ്റേഷനിലേക്ക് മാറ്റാനുള്ള പോലീസിന്റെ നീക്കത്തില്‍ നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്നാണ് കോഴിക്കോടു നിന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയത്.

ഡബിൾ ഹോഴ്സ് മട്ടയരിയിൽ മായം കണ്ടെത്തി

keralanews chemicals found in double horse matta rice

തിരുവനന്തപുരം:ഡബിൾ ഹോഴ്‌സിന്റെ അരിയിൽ മായം കലർന്നതായി സർക്കാരിന്റെ പരിശോധന റിപ്പോർട്ട്.പച്ചരിയിൽ തവിടും തവിടെണ്ണയും ചേർത്താണ് അരിക്ക് കളർ നൽകിയതെന്ന് പരിശോധനയിൽ കണ്ടെത്തി.ഇതോടെ മായം കണ്ടെത്തിയ ബാച്ചിലുള്ള അരി വിപണിയിൽ നിന്നും പിൻവലിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർ എം.ജി രാജമാണിക്യം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.ഡബിൾ ഹോഴ്സിന്‍റെ 15343 എന്ന ബാച്ചിലാണ് മായം കണ്ടെത്തിയത്.  കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഡബിൾ ഹോഴ്‌സിന്റെ മട്ട ഉണക്കലരി കഴുകുമ്പോൾ ബ്രൗൺ നിറം മാറി വെള്ളനിറമാകുന്നതായി കാണിച്ച് തിരുവനന്തപുരം സ്വദേശിനി ജെസി നാരായണൻ എന്ന സാമൂഹ്യപ്രവർത്തക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് നടപടിക്ക് കാരണമായത്.ആദ്യ തവണ കഴുകുമ്പോൾ തന്നെ നിറം മാറുന്ന  അരി മൂന്നാം തവണ കഴുകുമ്പോഴേക്കും വെള്ള നിറത്തിലാകുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ രാജമാണിക്യത്തിന്റെ നിർദേശപ്രകാരം അരിയുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക് അയക്കുകയായിരുന്നു.

വ്യാജപേരിൽ വായ്പ്പയെടുത്ത് സ്വന്തം സ്ഥാപനത്തിൽ നിന്നും പണം തട്ടിയ സഹകരണ സംഘം സെക്രെട്ടറി അറസ്റ്റിൽ

keralanews the co operative society secrettari who take loan from co operative society in fake name were arrested

കണ്ണൂർ:വ്യാജപേരിൽ വായ്പ്പയെടുത്ത് സ്വന്തം സ്ഥാപനത്തിൽ നിന്നും പണം തട്ടിയ സഹകരണ സംഘം സെക്രെട്ടറി അറസ്റ്റിൽ.കണ്ണൂർ ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രെട്ടറി കുടുക്കിമൊട്ട സ്വദേശി സനൂപ്(35)ആണ് അറസ്റ്റിലായത്.അതുൽ കൃഷ്‌ണൻ എന്നയാളുടെ പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വായ്‌പ്പാ കുടിശ്ശികയായതായി നോട്ടീസ് ലഭിച്ചപ്പോഴാണ് അതുൽ കൃഷ്ണൻ സംഭവമറിയുന്നത്.2017 ഓഗസ്റ്റിലാണ് അതുൽകൃഷ്ണന്റെ പേരിലുള്ള വായ്പ അപേക്ഷ സംഘത്തിന് മുൻപാകെ സമർപ്പിക്കപ്പെട്ടത്.വ്യക്തിഗത വായ്പ്പയ്ക്കാണ് അപേക്ഷ നൽകിയത്.സംഘം ഈ അപേക്ഷ അംഗീകരിച്ചു.തുടർന്നാണ് സെക്രെട്ടറി സനൂപ് 50000 എന്നത് ഒരു പൂജ്യവും കൂടി ചേർത്ത് 5 ലക്ഷം രൂപയാക്കുകയും ഈ തുക സംഘത്തിൽ നിന്നും പിൻവലിക്കുകയും ചെയ്തു.എന്നാൽ വായ്പ അപേക്ഷ നൽകിയതും തുക പിൻവലിച്ചതുമൊന്നും അതുൽ അറിഞ്ഞിരുന്നില്ല.നേരത്തെ അതുലിന് സംഘത്തിൽ വായ്പ ഉണ്ടായിരുന്നു.എന്നാൽ 2017 മേയിൽ ഈ ഇടപാടുകളൊക്കെ അതുൽ തീർത്തിരുന്നു.എന്നാൽ ഓഡിറ്റ് പരിശോധനയിൽ വായ്പാകുടിശ്ശിക കണ്ടെത്തിയതോടെ അതുലിന് സംഘം നോട്ടീസ് അയക്കുകയായിരുന്നു. അഞ്ചുലക്ഷം രൂപ കുടിശ്ശികയുണ്ടെന്നാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരുന്നത്.എന്നാൽ സെക്രെട്ടറി ഇത് തിരുത്തി 50000 രൂപ എന്നാക്കിയാണ് അതുലിന് അയച്ചത്.നോട്ടീസ് ലഭിച്ച അതുൽ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അത് കാര്യമാക്കേണ്ടെന്നും വായ്‌പ്പാ എടുത്തത് താനാണെന്നും അതിൽ 30000 രൂപ അടച്ചിട്ടുണ്ടെന്നും ബാക്കി തുക ഉടൻ അടയ്ക്കുമെന്നും സനൂപ് പറഞ്ഞു.എന്നാൽ സംഭവം പുറത്തറിഞ്ഞതോടെ ടൌൺ സ്റ്റേഷനിൽ പരാതി ലഭിക്കുകയും തുടർന്ന് എസ്‌ഐ ശ്രീജിത്ത് കോടേരി നടത്തിയ അന്വേഷണത്തിൽ രേഖകൾ തിരുത്തി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തായും കണ്ടെത്തിയതിനെ തുടർന്ന് സെക്രെട്ടറിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ആശുപത്രികളില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മോഷ്ടിച്ചു കടത്തുന്ന കാസര്‍കോട് സ്വദേശിയുള്‍പെട്ട രണ്ടംഗ സംഘം തലശ്ശേരി പോലീസിന്റെ പിടിയിലായി

keralanews the thalassery police arrested two persons from kasargod who steal oxygen cylinders from hospitals

തലശ്ശേരി:ആശുപത്രികളില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മോഷ്ടിച്ചു കടത്തുന്ന കാസര്‍കോട് സ്വദേശിയുള്‍പെട്ട രണ്ടംഗ സംഘം തലശ്ശേരി പോലീസിന്റെ പിടിയിലായി. കാസര്‍കോട് അണങ്കൂര്‍ സ്വദേശി പി. ദാമോദര്‍ ഭട്ട് (48), പാപ്പിനിശ്ശേരി സ്വദേശി ടി.പി രാജേഷ്(24) എന്നിവരെയാണ് സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, മിഷന്‍ ആശുപത്രി, ജോസ്ഗിരി ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും ഓക്സിജന്‍ സിലിണ്ടറുകള്‍ വ്യാപകമായി മോഷണം പോയിരുന്നു. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഇന്ദിരാഗാന്ധി ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. സിലിണ്ടറുകള്‍ കടത്താന്‍ ഉപയോഗിച്ച ഗുഡ്സ് ഓട്ടോറിക്ഷയുടെ ഡ്രൈവറെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ വിവിധ ദിവസങ്ങളില്‍ മോഷണം നടത്തിയ ഏഴോളം ഓക്സിജന്‍ സിലിണ്ടറുകള്‍ പോലീസ് കണ്ടെടുത്തു.  തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ആശുപത്രികളിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്യുന്ന മധു മേനോന്‍ എന്നയാളുടെ ഏജന്‍സിയില്‍ രാജേഷ് നേരത്തെ ജോലി ചെയ്തിരുന്നു. ജോലിയില്‍ കൃത്യനിഷ്ട പാലിക്കാത്തതിനാല്‍ രാജേഷിനെ ജോലിയില്‍നിന്നു ഒഴിവാക്കുകയായിരുന്നു. ഇതിന്റെ വിരോധം തീര്‍ക്കുന്നതിനാണ് ആശുപത്രികളില്‍നിന്നു കാലിയായ ഓക്സിജന്‍ സിലിണ്ടറിനൊപ്പം പൂര്‍ണമായി നിറച്ച സിലിണ്ടറുകളും തന്ത്രപരമായി ഇവര്‍ മോഷ്ടിച്ചതെന്നാണ് പ്രതികള്‍ പോലീസിനോട് വ്യക്തമാക്കിയത്.

മൊബൈലിൽ സംസാരിച്ചു കൊണ്ട് ബസ്സോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

keralanews the license of the ksrtc driver has been suspended who drive bus talking on mobile

ഗുരുവായൂര്‍: മൊബൈലില്‍ സംസാരിച്ച്‌ ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.കോഴിക്കോട്ടുനിന്ന്‌ ഗുരുവായൂര്‍ വഴി നെടുമ്ബാശ്ശേരിയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി. ലോ ഫ്ളോര്‍ ബസിന്റെ ഡ്രൈവര്‍ കൊടുവള്ളി സ്വദേശി അജയകുമാര്‍ (44) ആണ് പിടിയിലായത്.  തിരക്കുള്ള റോഡിലൂടെ ഇയാൾ  മൊബൈലില്‍ സംസാരിച്ച്‌ ബസ് ഓടിക്കുന്നതും മുന്നിലെ വാഹനങ്ങളെ മറികടക്കുന്നതും യാത്രക്കാരന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ആര്‍.ടി.ഒ.യ്ക്ക് അയച്ചുകൊടുത്തതിനെത്തുടര്‍ന്നാണ് നടപടി.കഴിഞ്ഞ ദിവസം കൂനംമൂച്ചിയില്‍ വെച്ചായിരുന്നു സംഭവം.ഗുരുവായൂരിലെ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കാണ് യാത്രക്കാരന്‍ സംഭവം വാട്‌സ് ആപ്പ് ചെയ്തുകൊടുത്തത്. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ.എസ്. സമീഷ്, ജെയിംസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണസംഘം ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റേഷനിലെത്തി ഡ്രൈവറെ വിളിച്ചുവരുത്തി. താന്‍ മൊബൈലില്‍ സംസാരിച്ചിട്ടില്ലെന്ന് ഡ്രൈവര്‍ പറഞ്ഞെങ്കിലും വീഡിയോ തെളിവായിരുന്നു. ഗുരുവായൂര്‍ ആര്‍.ടി.ഒ. ഷാജിയാണ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. റോഡിലെ നിയമങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുന്നത് ചിത്രമെടുത്ത് പൊതുജനങ്ങള്‍ക്ക് വാട്‌സ്‌ ആപ്പ് അയയ്ക്കാമെന്ന് ആര്‍.ടി.ഒ. അറിയിച്ചു. വാട്‌സ് ആപ്പ് നമ്പർ: 8547639185

വയനാട് മേപ്പാടി എസ്റ്റേറ്റിൽ മാവോയിസ്റ്റുകൾ ബന്ദികളാക്കിയ മൂന്നു തൊഴിലാളികളും രക്ഷപ്പെട്ടു

keralanews three workers who were detained by maoists in waynad meppadi estate were rescued

കൽപ്പറ്റ:വയനാട് മേപ്പാടി എസ്റ്റേറ്റിൽ മാവോയിസ്റ്റുകൾ ബന്ദികളാക്കിയ മൂന്നു തൊഴിലാളികളും രക്ഷപ്പെട്ടു.ഇന്നലെയാണ് മേപ്പാടിക്കടുത്ത കള്ളാടിയിലെ എമറാള്‍ഡ് എസ്റ്റേറ്റിലെ ഇതര സംസ്ഥാന തൊഴിലാളികളായ മൂന്നുപേരെയാണ് സായുധരായ മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയത്. ഒരു സ്ത്രീ ഉള്‍പ്പെട്ട നാല് അംഗ സംഘമാണ് എസ്റ്റേറ്റിലെത്തി തൊഴിലാളികളെ ബന്ദിയാക്കിയത്. ഒരു തൊഴിലാളി അപ്പോള്‍ തന്നെ ഓടി രക്ഷപ്പെട്ടിരുന്നു. മറ്റൊരാള്‍ വെള്ളിയാഴ്ച രാത്രി 10 മണിയോടെ രക്ഷപ്പെട്ടു. പശ്ചിമബംഗാള്‍ സ്വദേശിയായ അലാവുദ്ദീന്‍ അര്‍ധരാത്രിക്ക് ശേഷമാണ് രക്ഷപ്പെട്ട് എത്തിയത്.അലാവുദ്ദീന്‍ ഫോണില്‍ എസ്റ്റേറ്റ് അധികൃതരെ വിളിച്ച്‌ മാവോവാദികള്‍ പണം ആവശ്യപ്പെടുന്നതായി അറിയിച്ചു. പിന്നീട് മാനേജ്മെന്റ് പ്രതിനിധികളോട് സംഭവസ്ഥലത്തെത്താനും ആവശ്യപ്പെട്ടു. നാലുപേരാണ് ആദ്യം തടഞ്ഞുവെച്ചതെന്നും പിന്നീട് മാവോവാദികള്‍ കൂടുതലായെത്തിയതായും അലാവുദ്ദീന്‍ പറഞ്ഞു.നിലമ്പൂർ വനമേഖലയില്‍ നിന്നാണ് മാവോയിസ്റ്റ് സംഘം എത്തിയതെന്നാണ് വിവരം. സംഭവം അറിഞ്ഞയുടന്‍ തന്നെ ജില്ലാ പൊലീസ് ചീഫ് കറുപ്പ് സ്വാമി, ഡി.വൈ. എസ്‌പി പ്രിന്‍സ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. കള്ളാടിയും പരിസര പ്രദേശത്തും മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്.

യുവമോര്‍ച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം,ആറുപേർക്ക് പരിക്ക്

keralanews conflict in yuvamorcha workers march to chief ministers residence

തിരുവനന്തപുരം:എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം എന്‍ ഐ എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവർത്തകർ  മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജിലും, ഗ്രനേഡ് പ്രയോഗത്തിലും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ പ്രകാശ് ബാബു അടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ് അമല്‍ എന്ന പ്രവര്‍ത്തകനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊല്ലം ജില്ലാ സെക്രട്ടറി വിശാഖ്, ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് വിമേഷ്, ശ്രീകാര്യം ഏരിയ പ്രസിഡന്റ് സായ് പ്രശാന്ത്, പ്രവര്‍ത്തകരായ അമല്‍, ശ്രീലാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗ്രനേഡ് പൊട്ടിത്തെറിച്ച്‌ വിമേഷിന് കണ്ണിന് പരുക്കേറ്റു. . പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ പ്രകാശ് ബാബുവിന് പരിക്കേറ്റത്.എ ബി വി പി പ്രവര്‍ത്തകരായ സച്ചിന്റെയും വിശാലിന്റെയും ശ്യാമപ്രസാദിന്റെയും കൊലപാതകവും എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവും എന്‍ ഐ എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആയിരുന്നു സംഘര്‍ഷം.

ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതെങ്ങനെയെന്ന് അറിയാം

keralanews know how to renew driving license

ഒരു വാഹനം ഓടിക്കണമെങ്കിൽ നിർബന്ധമായും നമുക്ക് ഒരു ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്.എന്നാല്‍ പലപ്പോഴും കാലാവധി കഴിഞ്ഞാണ് ലൈസൻസ് പുതുക്കുന്ന കാര്യത്തെപ്പറ്റി പലരും ഓർക്കുക. ലൈസൻസ് പുതുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും അറിയാനുമിടയില്ല. ലൈസന്‍സുകള്‍ ഏതൊക്കെയെന്നും അവയുടെ കാലാവധി എത്രയെന്നും പുതുക്കുന്നതെങ്ങനെയെന്നുമൊക്കെ നോക്കാം.നോൺ ട്രാൻസ്പോർട്ട്, ട്രാൻസ്പോർട്ട് എന്നിങ്ങനെ രണ്ട് വിധത്തിലാണ് സാധാരണ ഡ്രൈവിംഗ് ലൈസന്‍സ്. ഈ രണ്ടുതരം വാഹനങ്ങളുടെയും ലൈസൻസ് കാലാവധി പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. ലൈസൻസിന്റെ കാലാവധി കഴിഞ്ഞാൽ തീർച്ചയായും ഇത് പുതുക്കണം.നോൺ ട്രാൻസ്പോർട്ടു വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് കാലാവധി 50 വയസ് കഴിഞ്ഞവർക്ക്  5 വർഷവും അല്ലാത്തവർക്ക് 20 വർഷം അല്ലെങ്കിൽ 50 വയസുവരെ ആണ്.അപേക്ഷ നല്കുന്നതിനാവശ്യമായ ഫോം RTO വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുകയോ RTO ഓഫീസിൽ നിന്നും വാങ്ങുകയോ  ചെയ്യാം.ഇത് പൂരിപ്പിച്ച് ആവശ്യമായ രേഖകളോടൊപ്പം RTO ഓഫീസിൽ നൽകണം.മെഡിക്കൽ സർട്ടിഫിക്കറ്റ് (ഫോറം-1-A), നേത്രരോഗവിദഗ്ധന്റെ സർട്ടിഫിക്കറ്റ്, ലൈസൻസ്,പാസ്‍പോര്‍ട്ട് സൈസ് ഫോട്ടോ രണ്ടെണ്ണം,തപാലില്‍ ലൈസന്‍സ് ലഭിക്കാന്‍ നിശ്ചിത രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറും അപേക്ഷയുടെ ഒപ്പം നല്‍കുക.

500 രൂപയാണ് ഫീസ്. ലൈസൻസിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപുതന്നെ പുതുക്കുവാനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.ലൈസൻസ് കാലാവധിക്കു ശേഷം 30 ദിവസത്തിനുള്ളിലാണ് പുതുക്കുവാൻ അപേക്ഷിക്കുന്നതെങ്കിൽ ലൈസൻസിന് സാധുത ഉള്ളതായി കണക്കാക്കി കാലാവധി അവസാനിക്കുന്ന ദിവസം മുതൽ പുതുക്കി ലഭിക്കും.30 ദിവസത്തിനു ശേഷമാണ് അപേക്ഷിക്കുന്നതെങ്കിൽ അപേക്ഷിച്ച തീയതി മുതലായിരിക്കും പുതുക്കലിന് പ്രാബല്യം ലഭിക്കുക.കാലാവധിക്കുശേഷം 5 വർഷവും 30 ദിവസവും കഴിഞ്ഞാൽ വീണ്ടും ഡ്രൈവിങ് ടെസ്റ്റിനു ഹാജരായി വിജയിച്ചാൽ മാത്രമേ പുതുക്കി ലഭിക്കുകയുള്ളൂ.

ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി സുപ്രീം കോർട്ട് കോളേജിയം നിർദേശിച്ച ജഡ്ജിയുടെ പേര് മോഡി ഗവണ്മെന്റ് തള്ളി

keralanews modi govt rejects judges name recommended by sc collegium as delhi high court chief justice

ന്യൂഡൽഹി:ഡൽഹി ഹൈകോർട്ട് ചീഫ് ജസ്റ്റിസായി സുപ്രീം കോർട്ട് കോളേജിയം നിർദേശിച്ച ജഡ്ജിയുടെ പേര് മോഡി ഗവണ്മെന്റ് തള്ളി.2004 മുതൽ കൊൽക്കത്ത ഹൈക്കോടതി ജഡ്ജായിരുന്ന അനിരുദ്ധ ബോസിന്റെ പേരാണ് സുപ്രീംകോർട്ട് കോളേജിയം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിർദേശിച്ചത്. ജസ്റ്റിസ് അനിരുദ്ധ ബോസ് 2004 മുതൽ കൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്നെങ്കിലും ഡെൽഹിപോലെ പ്രാധാന്യമുള്ള ഒരു ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് പദവി വഹിക്കാനുള്ള പരിചയം അദ്ദേഹത്തിനില്ല എന്നതാണ് ജസ്റ്റിസ് അനിരുദ്ധിന്റെ പേര് തള്ളിക്കളയാൻ ഗവന്മെന്റ് വ്യക്തമാക്കുന്ന കാരണം.ജസ്റ്റിസ് അനിരുദ്ധിന്റെ പേരിനു പകരമായി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് മറ്റൊരു പേര് നിർദ്ദേശിക്കാനും ഗവണ്മെന്റ് സുപ്രീം കോർട്ട് കോളീജിയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഒരു വർഷത്തിലേറെയായി ഡൽഹി ഹൈക്കോടതിയിൽ ഒരു മുഴുവൻ സമയ ചീഫ് ജസ്റ്റിസ് ഇല്ല എന്നതും ശ്രദ്ധേയമാണ്.അതേസമയം പരിചയക്കുറവുണ്ടെന്ന കാരണത്താൽ ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ പേര് നിരസിച്ച സർക്കാർ ഡൽഹി ഹൈകോർട്ട് ചീഫ് ജസ്റ്റിസായിരുന്ന പലരും നേരത്തെ മറ്റു കോടതികളിൽ മുതിർന്ന ജഡ്ജസായിരുന്നെന്ന കാര്യം സൗകര്യപൂർവം മറക്കുകയാണ്.ഡൽഹി ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ട ജസ്റ്റിസ് ജി.രോഹിണി നേരത്തെ ആന്ധ്രാപ്രദേശ് ഹൈകോർട്ട് ജഡ്ജായിരുന്നു.അതുപോലെ തന്നെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായിരുന്ന ജസ്റ്റിസ് എൻ.വി രാമണ്ണയും മുൻപ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജായിരുന്നു.അതേസമയം ഗവണ്മെന്റിന്റെ എതിർപ്പ് പരിഗണിച്ച് ജസ്റ്റിസ് അനിരുദ്ധ ബോസിനെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള നിർദേശം സുപ്രീം കോടതി കൊളീജിയം പിൻവലിക്കുമെന്നാണ് സൂചന. ഇക്കാര്യം കൊളീജിയം ഉടൻ ചർച്ച ചെയ്യുകയും ഇത് സംബന്ധിച്ച്  തീരുമാനമെടുക്കുകയും ചെയ്യും.

ഉപയോഗം കഴിഞ്ഞ ഫ്ലെക്സുകൾ തിരിച്ചെത്തിച്ചാൽ കിലോയ്ക്ക് അഞ്ചുരൂപ നിരക്കിൽ തിരിച്ചെടുക്കും

keralanews used flex will take back with rs5 per kilogram

കണ്ണൂർ:ഉപയോഗം കഴിഞ്ഞ ഫ്ലെക്സുകൾ തിരികെയെത്തിച്ചാൽ കിലോക്ക് അഞ്ചുരൂപ നിരക്കിൽ തിരിച്ചെടുക്കുമെന്ന് ഫ്ലെക്സ് പ്രിന്റുചെയ്യുന്നവർ അറിയിച്ചു.റീസൈക്ലിങ് ചെയ്ത ഫ്ളക്സുകൾ റോഡുകളുടെ നിർമാണത്തിന് ഉപയോഗിക്കാവുന്ന ഗ്രാനൂളുകളാക്കി മാറ്റാനാകുമെന്ന് സൈൻ പ്രിന്റേഴ്‌സ് ഇൻഡസ്ട്രിയൽ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.ഫ്ലെക്സുകൾ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നതിലൂടെ ഇവ മാലിന്യങ്ങളായി മണ്ണിലിടുന്ന സ്ഥിതി ഉണ്ടാകില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.മൈസൂരുവിലെ മാണ്ട്യയിൽ ഫ്ലെക്സ് സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.നിറവ് വേങ്ങേരി എന്ന സംഘടനയുമായി സഹകരിച്ച് ശേഖരിച്ച ഫ്ളക്സുകൾ കഴുകി വൃത്തിയാക്കി ഇവിടെ എത്തിക്കും.കണ്ണൂർ കോർപറേഷന്റെ സീറോ വേസ്റ്റ് പദ്ധതിക്ക് പിന്തുണയുമായാണ് സൈൻ പ്രിന്റേഴ്‌സ് അസോസിയേഷനും റീസൈക്ലിങ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.ഇതിനായി പ്രത്യേക സ്ക്വാർഡുകളെയും രൂപീകരിക്കും.ഇവർ മാസത്തിലൊരിക്കൽ എല്ലാ ഫ്ലെക്സ് മാലിന്യങ്ങളും തിരിച്ചെടുക്കും. ഇത്തരത്തിൽ ഫ്ലെക്സ് ഏറ്റെടുക്കാൻ വിളിക്കേണ്ട നമ്പർ:9447020921,9847284537,9349108995.