കണ്ണൂർ മാട്ടൂലിൽ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു

keralanews youth stabbed to death in kannur mattool

കണ്ണൂർ: മാട്ടൂലിൽ യുവാവ് കുത്തേറ്റു മരിച്ചു.മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ.ഇ. ഹിഷാം (28) ആണ് മരിച്ചത്. ആക്രമണത്തില്‍ ഹിഷാമിന്‍റെ സുഹൃത്തിനു പരിക്കേറ്റു.ബുധനാഴ്ച രാത്രി എട്ടോടെ മാട്ടൂല്‍ സൗത്ത് ഫിഷര്‍മെന്‍ കോളനിക്ക് സമീപത്ത് വച്ചാണ് ഹിഷാമിനും സുഹൃത്തുക്കള്‍ക്കും കുത്തേറ്റത്. സാജിദ് എന്നയാളാണ് ആക്രമിച്ചത്.മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾക്കിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിയത്.പരിക്കേറ്റ ഷക്കീബ് ചെറുകുന്ന് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ഹിഷാമിന്‍റെ സഹോദരന്‍ ഇര്‍ഫാന് മാട്ടൂല്‍ സൗത്തില്‍വച്ച്‌ മര്‍ദനമേറ്റിരുന്നു. സംഭവം നടന്ന പ്രദേശത്ത് പഴയങ്ങാടി പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പി.ടി.തോമസിന് ജന്മനാടിന്റെ വിട; മൃതദേഹവുമായി വിലാപയാത്ര തുടങ്ങി; സംസ്‌കാരം വൈകിട്ട് രവിപുരം ശ്മശാനത്തില്‍

keralanews farewell to p t thomas mourning procession began burial at ravipuram cemetery in the evening

കൊച്ചി: കെപിസിസി വർക്കിങ് പ്രസിഡന്റും തൃക്കാക്കര എംഎൽഎയുമായ പി.ടി തോമസിന് ജന്മനാടിന്റെ വിട.മൃതദേഹം രാവിലെ നാരലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചശേഷം വിലാപയാത്രയായി കൊച്ചിയിലേക്ക് കൊണ്ടുപോകുന്നു.വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നും പുലർച്ചയോടെയാണ് ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിൽ മൃതദേഹം എത്തിച്ചത്. ജില്ലാ കളക്ടറും ഇടുക്കി എംപി ഡീൻ കുര്യാക്കോസും ചേർന്നാണ് വെല്ലൂരിലെ ആശുപത്രിയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പി.ടി.തോമസിന്റെ മൃതദേഹം സംസ്ഥാന അതിര്‍ത്തിയില്‍ ഏറ്റുവാങ്ങിയത്.പാലാ, ഇടുക്കി ബിഷപ്പുമാർ പി.ടിയുടെ ഉപ്പുതോട്ടിലെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.തൊടുപുഴയില്‍ രാജീവ് ഭവനില്‍ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും. തുടര്‍ന്ന് എറണാകുളം ഡിസിസി ഓഫീസിലെത്തിച്ചശേഷം എറണാകുളം ടൗണ്‍ ഹാളിലെത്തിക്കുന്ന മൃതദേഹത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമോപചാരം അര്‍പ്പിക്കും.ഉച്ചയ്‌ക്ക് 1.30 മുതൽ വൈകിട്ട് 4 വരെ കാക്കനാട് കമ്മ്യൂണിറ്റി ഹാളിലും പൊതുദർശനത്തിന് വയ്‌ക്കും. പിടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി 5.30ന് എറണാകുളം രവിപുരം ശ്മശാനത്തില്‍ ആണ് സംസ്‌കാരചടങ്ങുകള്‍ നടത്തുക.നട്ടെല്ലിനെ ബാധിച്ച അര്‍ബുദത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് പി.ടി. തോമസ് വെല്ലൂരിലെ ആശുപത്രിയില്‍ എത്തിയത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ പി.ടി. തോമസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. 71 വയസ്സായിരുന്നു.ഭാര്യ: ഉമ തോമസ്, മക്കള്‍: വിഷ്ണു തോമസ്, വിവേക് തോമസ്.

കണ്ണൂർ പാനൂരിൽ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

keralanews husband beheads wife in panoor kannur

കണ്ണൂർ:പാനൂർ പുല്ലക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി.വിഷ്ണു വിലാസം യുപി സ്ക്കൂളിന് സമീപം കല്ലുമ്മല്‍ പീടിക പടിക്കല്‍ കൂലോത്ത് രതി (57) യെയാണ് ഭര്‍ത്താവ് മോഹനന്‍ കത്തി കൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തിയത്. ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീടിന്റെ വാതില്‍ അടച്ചു കുറ്റിയിട്ട ശേഷമാണ് കൊല നടത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളും, നാട്ടുകാരും വാതില്‍ ചവിട്ടി പൊളിച്ച്‌ അകത്തു കയറുകയായിരുന്നു. കൊലപാതകത്തിലെക്ക് നയിച്ച കാരണം വ്യക്തമല്ല. മക്കള്‍: ധനുഷ് ,ധനിഷ.മോഹനനെ ചൊക്ലി പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂരിൽ സ്വത്ത് കൈക്കലാക്കാൻ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒന്നാം പ്രതിയായ മകൻ അറസ്റ്റിൽ

keralanews first accused in the case of mother brutally beaten by her children to seize property in kannur

കണ്ണൂർ:മാതമംഗലത്ത് സ്വത്ത് കൈക്കലാക്കാൻ വൃദ്ധമാതാവിനെ മക്കൾ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒന്നാം പ്രതിയായ മകൻ അറസ്റ്റിൽ.രവീന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്.മറ്റ് മക്കൾ ഒളിവിലാണ്.വധശ്രമം,കയ്യേറ്റ ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. ഈ മാസം പതിനഞ്ചാം തീയതി മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം.മരിച്ച മകളുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് നൽകണമെന്ന് പറഞ്ഞ് നാല് മക്കൾ ചേർന്നാണ് മീനാക്ഷിയമ്മയെ മർദിച്ചത്. മർദനത്തിൽ മീനാക്ഷിയമ്മയ്‌ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റിരുന്നു. തൊണ്ണൂറ്റിമൂന്ന് വയസ്സുള്ള അമ്മയെക്കൊണ്ട് ബലപ്രയോഗിച്ച് സ്വത്ത് കൈക്കലാക്കാൻ ശ്രമിക്കുന്ന മക്കളുടെ സംഭാഷണം മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് റെക്കോഡ് ചെയ്തത്.മക്കൾ നാലുപേരും ചേർന്ന് അമ്മയുടെ കൈ പിടിച്ച് തിരിച്ചു. കാലിൽ ചവിട്ടി പിടിച്ചു. ശേഷം നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റി. എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വർഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പു വെപ്പിച്ചു.പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കൾ നേരത്തെ മരിച്ചിരുന്നു. അസുഖ ബാധിതയായി മരിച്ച മകൾ ഓമനയ്‌ക്ക് മറ്റ് അവകാശികൾ ആരുമില്ല. അതിനാൽ ഓമനയുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു നാല് മക്കൾ ചേർന്ന് മർദിച്ചത്. രവീന്ദ്രൻ, അമ്മിണി, സൗദാമിനി, പത്മിനി എന്നിവർക്കെതിരെയാണ് കേസ്.

ശബരിമല തീര്‍ഥാടകർ സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ടു;16 പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

keralanews 16 injured when sabarimala pilgrims vehicle accident

കൊച്ചി:ശബരിമല തീര്‍ഥാടകർ സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ട് 16 പേർക്ക് പരിക്കേറ്റു. ഇടപ്പള്ളി – വൈറ്റില ബൈപ്പാസിലെ ചക്കരപ്പറമ്പ് ജംങ്ഷന് സമീപം ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് അപകടം നടന്നത്. റിവേഴ്‌സ് എടുക്കുകയായിരുന്ന ഒരു ലോറിയിലേക്ക് വാന്‍ ഇടിച്ച്‌ കയറുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ നില ഗുരുതരമാണ്.തമിഴ്‌നാട്ടിലെ സേലത്ത് നിന്നുള്ള 15 അംഗ അയ്യപ്പഭക്ത സംഘവും ആന്ധ്ര രജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ ഡ്രൈവറുമാണ് വാനിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ ഡ്രൈവറുടേയും മറ്റ് രണ്ടുപേരുടെയും നില ഗുരുതരമാണ്.

മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി തോമസ് എംഎൽഎ അന്തരിച്ചു

keralanews senior congress leader p t thomas m l a passes away

കോട്ടയം: കെ പിസി സി വര്‍ക്കിംഗ് പ്രസിഡന്റും കോണ്‍ഗ്രസ് എംഎല്‍എയുമായി പി ടി തോമസ് അന്തരിച്ചു.അര്‍ബുദരോഗ ബാധിതനായി ചികിത്സയിലായിരുന്നു.വെല്ലൂര്‍ ക്രസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ വെച്ചയിരുന്നു അന്ത്യം.കെ പി സി സി യുടെ വർക്കിങ് പ്രസിഡന്റും, 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും 2009-2014 ലോക്സഭയിൽ അംഗവുമായിരുന്നു പി.ടി തോമസ്.കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പി ടി തോമസ് പൊതുരംഗത്ത് എത്തുന്നത്. കെ.എസ്.യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡൻറ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡൻറ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.1980 മുതൽ കെ.പി.സി.സി, എ.ഐ.സി.സി അംഗമാണ്. 1991, 2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്നും 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി. 1996-ലും 2006-ലും തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു.2007ൽ ഇടുക്കി ഡി.സി.സിയുടെ പ്രസിഡൻറായി. 2009-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറിയാണ്. ഭാര്യ ഉമാ തോമസ്. മക്കൾ വിഷ്ണു, വിവേക്.

ഒമിക്രോണ്‍ നിയന്ത്രണം;സംസ്ഥാനങ്ങൾക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം

keralanews omicron restrctions centre with new guidelines to states

ന്യൂഡൽഹി:രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഒമിക്രോണ്‍ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. രോഗവ്യാപന നിരക്ക് ഉയര്‍ന്ന ജില്ലകളില്‍ നൈറ്റ് കര്‍ഫ്യൂ, ആളുകള്‍ ഒത്തുകൂടുന്നതിന് നിയന്ത്രണം എന്നിവ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം.കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗവ്യാപന നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങള്‍, 40 ശതമാനത്തിലധികം കൊവിഡ് രോഗികള്‍ ഓക്സിജന്‍ ബെഡുകളുടെ സഹായത്തോടെ ചികില്‍സയില്‍ കഴിയുന്ന ജില്ലകള്‍ എന്നിവയുണ്ടെങ്കില്‍ രോഗവ്യാപനം നിയന്ത്രിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.10 ശതമാനത്തില്‍ താഴെ രോഗവ്യാപന നിരക്ക് റിപോര്‍ട്ട് ചെയ്താലും ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ്.നിലവിലെ വിവരമനുസരിച്ച്‌ ഡെല്‍റ്റ വകഭേദത്തേക്കാള്‍ മൂന്ന് മടങ്ങ് വ്യാപന ശേഷിയാണ് ഒമിക്രോണിനുള്ളത്. അതുകൊണ്ട് തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത് വളരെ വേഗത്തിലും ശ്രദ്ധയോടെയും ആയിരിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.രാത്രി കര്‍ഫ്യു, ആളുകള്‍ കൂട്ടം കൂടാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക, വിവാഹം മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം ചുരുക്കുക, ഓഫീസില്‍ ഉദ്യോഗസ്ഥരുടെ എണ്ണം പരിമിതപ്പെടുത്തുക, പൊതുഗതാഗതം, വ്യവസായം എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നിവയാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍.കേസുകള്‍ വര്‍ധിക്കുന്നതനുസരിച്ച്‌ കണ്ടെയിന്‍മെന്റ്, ബഫര്‍ സോണുകള്‍ തരംതിരിക്കണം.

നിയമസഭാ കയ്യാങ്കളിക്കേസ് കോടതി ഇന്ന് പരിഗണിക്കും;ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ഹാജരായേക്കും

keralanews court consider assembly ruckus case today accused including sivankutty may appear

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസ് കോടതി ഇന്ന് പരിഗണിക്കും.മന്ത്രി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരായേക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.കേസിലെ ആറ് പ്രതികളുടേയും വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു.കേസിലെ പ്രതികൾ ഇന്ന് ഹാജരായാൽ കുറ്റപത്രം കോടതി വായിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ അജിത്ത്, കെ. കുഞ്ഞഹമ്മദ്, സികെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പോലീസ് കേസ്.

സംസ്ഥാനത്ത് ഇന്ന് 2748 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;33 മരണം;3202 പേർക്ക് രോഗമുക്തി

keralanews 2748 corona cases confirmed in the state today 33 deaths 3202 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2748 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 500, കോഴിക്കോട് 339, എറണാകുളം 333, കോട്ടയം 310, തൃശൂർ 244, കണ്ണൂർ 176, കൊല്ലം 167, പത്തനംതിട്ട 166, വയനാട് 107, ആലപ്പുഴ 106, മലപ്പുറം 97, പാലക്കാട് 86, ഇടുക്കി 61, കാസർഗോഡ് 56 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 56,808 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യൂഐപിആർ) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 200 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 45,155 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 19 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2531 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 166 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 32 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3202 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 343, കൊല്ലം 185, പത്തനംതിട്ട 339, ആലപ്പുഴ 55, കോട്ടയം 193, ഇടുക്കി 126, എറണാകുളം 601, തൃശൂർ 363, പാലക്കാട് 62, മലപ്പുറം 107, കോഴിക്കോട് 427, വയനാട് 110, കണ്ണൂർ 249, കാസർഗോഡ് 42 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

കണ്ണൂരിൽ മൊബൈല്‍ കട കത്തിനശിച്ചു; 40 ലക്ഷത്തിന്റെ നാശനഷ്ടം

keralanews mobile shop got fire damage of 40 lakh rupees

കണ്ണൂർ: കണ്ണൂരിൽ മൊബൈല്‍ കട കത്തിനശിച്ചു.പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കിങ്സ് മൊബൈല്‍ സിറ്റിയെന്ന ആക്സസറീസ് ഹോള്‍ സെയില്‍ ഷോപ്പിനാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 3.30 തോടെയായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നുള്ള അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റെത്തിയാണ് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഷോപ്പില്‍ നിന്നും പുകയുയരുന്നത് സമീപത്ത് സാധനമിറക്കാന്‍ വന്ന ലോറി ഡ്രൈവര്‍മാരാണ് കണ്ടത്.തുടര്‍ന്ന് പഴയബസ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ റിഷാലിനെ അറിയിക്കുകയായിരുന്നു. റിഷാല്‍ കടയുടെ അടുത്തെത്തി നോക്കുമ്പോൾ കടയില്‍ നിന്നും വലിയ ശബ്ദത്തില്‍ എന്തോ പൊട്ടിതെറിക്കുന്നത് കേള്‍ക്കുകയും തുടര്‍ന്ന് അഗ്നിശമനസേനയെ വിവരമറിയുക്കുകയുമായിരുന്നു. അഗ്നി ശമന സേന സ്ഥലത്തെത്തുമ്ബോഴേക്ക് തീ ആളികത്തിയിരുന്നു.ഷോപ്പിനകത്തുനിന്നു തന്നെയാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഏകദേശം 40 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കടഉടമ കോഴിക്കോട് സ്വദേശി സഹീര്‍ പറഞ്ഞു.