സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വർധനയ്ക്ക് ശുപാർശ

keralanews recommendation for auto taxi fare increase in the state

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ശിപാര്‍ശ. ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷനാണ് നിരക്ക് വര്‍ധനവ് സംബന്ധിച്ചു സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയത്.ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 20 രൂപയില്‍നിന്ന് 30 രൂപയാക്കണമെന്നും ടാക്‌സി നിരക്ക് 150 രൂപയില്‍നിന്ന് 200 ആക്കണമെന്നുമാണ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കിലോമീറ്റര്‍ ചാര്‍ജിലും വര്‍ധനവ് നിര്‍ദേശിക്കുന്നുണ്ട്.റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കുമെന്നാണു സൂചന.

മൺവിളയിൽ പ്ലാസ്റ്റിക് ഫാക്റ്ററിക്ക് തീയിട്ടത് തങ്ങൾ തന്നെയെന്ന് പിടിയിലായ ജീവനക്കാരുടെ കുറ്റസമ്മതം

keralanews the arrested employees confess that they set fire in plastic factory in manvila

തിരുവനന്തപുരം:മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്റ്ററിക്ക് തീയിട്ടത് തങ്ങൾ തന്നെയെന്ന് പിടിയിലായ ജീവനക്കാരുടെ കുറ്റസമ്മതം.ചിറയിന്‍കീഴ് സ്വദേശി ബിമല്‍ കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് തങ്ങള്‍ തന്നെയാണ് ഫാക്‌ടറിയ്‌ക്ക് തീവച്ചത് എന്ന് കുറ്റസമ്മതം നടത്തിയത്.ഇവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് ഫാക്‌ടറിക്ക് തീയിട്ടത്.വിമലിന്‍റെയും ബിനുവിന്‍റെയും ശമ്പളം ഏതാനും മാസങ്ങള്‍ക്ക് മുൻപ് വെട്ടിക്കുറച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഹെല്‍പ്പറായിരുന്ന വിമലാണ് ഡ്യൂട്ടിക്ക് ശേഷം ലൈറ്റര്‍ ഉപയോഗിച്ച്‌ തീകൊളുത്തിയത്. സംഭവദിവസം വൈകിട്ട് ഏഴുമണിയ്‌ക്ക് ശേഷം അവസാന ഷിഫ‌റ്റ് കഴിഞ്ഞാണ് ഇരുവരും കൃത്യം നടത്തിയത്. പ്രതികളിലൊരാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പൊലീസ് അറിയിച്ചു.സിസിടിവി ദൃശ്യങ്ങളും തൊഴിലാളികളുടെ മൊഴിയുമാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്. പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. തീപിടുത്തത്തില്‍ അസ്വഭാവികതയുണ്ടെന്ന് ഫയർഫോഴ്‌സ് ജീവനക്കാരും വ്യക്തമാക്കിയിരുന്നു. വിവരമറിഞ്ഞ് 10 മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും തീ ആളിപടര്‍ന്നിരുന്നു.എന്നാൽ ഫാക്ടറിയില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് ഇത്രവേഗം തീ പടര്‍ത്താനാകില്ലെന്നും ഫയര്‍ഫോഴ്സ് ചൂണ്ടിക്കാട്ടിയിരുന്നു.

നവംബർ 17 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല ഓട്ടോ-ടാക്സി പണിമുടക്ക്

keralanews an indefinite auto taxi strike in the state from november 17

തിരുവനന്തപുരം:ഇന്ധന വില വർധനവിന്റെ പശ്ചാത്തലത്തിൽ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഈ മാസം 17 മുതല്‍ സംസ്ഥാനത്ത് ഓട്ടോ- ടാക്‌സി ജീവനക്കാര്‍ അനശ്ചിത കാല പണിമുടക്ക് നടത്തും. സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്‌എംഎസ്, എസ്ടിയുസി, യുടിയു, ടിയുസിഐ, കെടിയുസി, ജെഡിയു തുടങ്ങി ഒൻപത് ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

നെയ്യാറ്റിൻകര കൊലപാതകം;ഡിവൈഎസ്പി മധുരയിൽ നിന്നും രക്ഷപ്പെട്ടതായി സൂചന

keralanews neyyattinkara murder case hint that dysp escaped from madhurai

തിരുവനന്തപുരം:നെയ്യാറ്റിൻകര സനൽ കൊലപാതകക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ മധുരയിൽ നിന്നും രക്ഷപ്പെട്ടതായി സൂചന. ഹരികുമാറിനൊപ്പം സുഹൃത്ത് ബിനുവും ഉണ്ട് എന്നാണ് പോലീസ് പറയുന്നത്.സംഭവ ശേഷം ക്വാറി മാഫിയയുടെ സംരക്ഷണയിൽ ഹരികുമാർ മധുരയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു.ഇതനുസരിച്ച് രണ്ടു സംഘങ്ങളായി തിരിഞ്ഞ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മധുരയിൽ തിരച്ചിൽ നടത്തിവരികയായിരുന്നു.ഇതിനിടെയിലാണ് ഇയാൾ ഇവിടെ നിന്നും മുങ്ങിയതായി സൂചന ലഭിച്ചിരിക്കുന്നത്.എന്നാല്‍ സംഭവം നടന്ന് 6 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതില്‍ ബന്ധുക്കള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.നേരത്തെ വീട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. അതേസമയം ഹരികുമാര്‍ പോലീസില്‍ കീഴടങ്ങുമെന്ന സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇതിന് സാധ്യതയില്ലെന്നാണ് അറിയുന്നത്. ഹരികുമാറിന്റെ സഹോദരനോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ടിപ്പു ജയന്തി ആഘോഷങ്ങൾക്കിടെ കർണാടകയിൽ പ്രതിഷേധം;പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു

keralanews protest in karnataka in relation with tippu jayanthi and prohibitory order issued

ബെംഗളൂരു:ടിപ്പു ജയന്തി ആഘോഷങ്ങൾക്കിടെ കർണാടകയിൽ പ്രതിഷേധം.ബിജെപിയും സംഘപരിവാർ സംഘടനകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് സുരക്ഷയുടെ ഭാഗമായി കുടക്,ശ്രീരംഗപട്ടണം,ചിത്രദുർഗ എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കുടകിൽ ടിപ്പു ജയന്തി പോരാട്ട സമിതി ബന്ദിന് ആഹ്വനം ചെയ്തിട്ടുണ്ട്.ഇതേ തുടർന്ന് ദ്രുതകർമ സേനയടക്കം വൻ പോലീസ് സന്നാഹത്തെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.കേരളത്തിന്റെ അതിർത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.അതേസമയം മൂന്നു ദിവസത്തേക്ക് ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിരിക്കുന്നതിനാൽ കർണാടക മുഖ്യമന്ത്രി കുമാരസ്വാമി ആഘോഷങ്ങളിൽ പങ്കെടുക്കില്ല.

നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

keralanews nehru trophy boat race today

ആലപ്പുഴ:ആലപ്പുഴയുടെ അഭിമാനമായ നെഹ്റു ട്രോഫി ജലമേള ഇന്ന്. പുന്നമടക്കായലില്‍ രാവിലെ 11ന് തുടങ്ങുന്ന അറുപത്തിയാറാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ 20 ചുണ്ടന്മാരടക്കം 81 വള്ളങ്ങളാണ് അണിനിരക്കുക.ആദ്യം ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളാണ് നടക്കുക.ഉച്ചയ്ക്ക് ശേഷം ചുണ്ടന്‍വള്ളങ്ങളുടെ മത്സരം. നടുഭാഗം, വെള്ളംകുളങ്ങര, ശ്രീഗണേശന്‍, ഗബ്രിയേല്‍, കരുവാറ്റ, സെന്റ് പയസ് ടെന്‍ത്, ചമ്ബക്കുളം, ചെറുതന, ആയാപറമ്ബ്, മഹാദേവന്‍, കാരിച്ചാല്‍, ജവഹര്‍ തായങ്കരി, ആയാപറമ്ബ് വലിയ ദിവാന്‍ജി, പായിപ്പാടന്‍, പുളിങ്കുന്ന് ആലപ്പാടന്‍ തുടങ്ങിയവയാണ് പ്രധാന ചുണ്ടന്‍വള്ളങ്ങള്‍. വൈകിട്ട് 3.45ന് വനിതകളുടെ മത്സരം. അഞ്ചിന് ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ നടക്കും. അവസാന റൗണ്ടിലെത്തുന്ന നാല് വള്ളങ്ങളാണ് ഫൈനലില്‍ മത്സരിക്കുക. ആറ് പേരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റി ഫലം നിര്‍ണയിക്കും.ഗവര്‍ണര്‍ പി. സദാശിവം ജലമേള ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുഖ്യാതിഥിയും തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍ വിശിഷ്ടാതിഥിയുമാകും. കേരള ബ്‌ളാസ്റ്റേഴ്‌സ് ഫുട്ബാള്‍ ടീം കാണികളെ അഭിവാദ്യം ചെയ്യും. നെഹ്രു ട്രോഫിയും രണ്ടര ലക്ഷം രൂപയുമാണ് സമ്മാനം. 25,000 പേര്‍ക്കിരിക്കാവുന്ന താത്കാലിക പവലിയനും 2000 പേര്‍ക്കിരിക്കാവുന്ന വി.ഐ.പി പവലിയനുമാണ് ഒരുക്കിയിരിക്കുന്നത്.ആഗസ്റ്റില്‍ നടക്കേണ്ടിയിരുന്ന മത്സരം പ്രളയംമൂലം മാറ്റിവയ്ക്കുകയായിരുന്നു.

വയനാട് ചുരത്തിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം;ഗതാഗതം സ്തംഭിച്ചു

keralanews accident in waynad churam and traffic interrupted

വയനാട്: വയനാട് ചുരത്തില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു. ആളപായമില്ലെന്നാണ് വിവരം. ചുരത്തില്‍ ആറാം വളവില്‍ വെച്ചാണ് അപകടമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ചുരത്തിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. നിരവധി വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.രാവിലെ എട്ടരയോടുകൂടിയാണ് അപകടം ഉണ്ടായത്. അരമണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

കൊട്ടാരക്കരയിൽ എൻഎസ്എസ് കരയോഗമന്ദിരത്തിന് നേരെ ആക്രമണം

keralanews attack against nss karayogamandiram at kottarakkara

കൊല്ലം:കൊട്ടാരക്കരയിൽ എൻഎസ്എസ് കരയോഗമന്ദിരത്തിന് നേരെ ആക്രമണം. പൊലീക്കോട് ശ്രീമഹാദേവര് വിലാസം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെയാണ് അജ്ഞാതസംഘത്തിന്റെ ആക്രമണമുണ്ടായത്.ശനിയാഴ്‌ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്ന് കരുതുന്നു. ആക്രമണത്തില്‍ കരയോഗ മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കൊടിമരം തകര്‍ന്ന നിലയിലാണ്.വെള്ളിയാഴ്‌ച രാത്രി വൈകിയും ഇവിടെ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതായി പറയുന്നു. ഇവര്‍ മന്ദിരത്തില്‍ നിന്നും മടങ്ങിയ ശേഷമാണ് അ‌ജ്ഞാത സംഘത്തിന്റെ ആക്രമണം അരങ്ങേറിയത്. ഇന്ന് രാവിലെ നാട്ടുകാരാണ് വിവരം പൊലീസിലും കരയോഗം ഭാരവാഹികളെയും അറിയിച്ചത്. സംഭവത്തില്‍ കേസെടുത്ത കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഒരാഴ്‌ചയ്‌ക്കിടെ കൊല്ലം ജില്ലയില്‍ രണ്ടാമത്തെ തവണയാണ് എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണമുണ്ടാകുന്നത്.

മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടുത്തം ആസൂത്രിതമെന്ന് സൂചന;രണ്ടുപേർ കസ്റ്റഡിയിൽ

keralanews fire in family plastic godown is planned and two under custody

തിരുവനന്തപുരം:മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടുത്തം ആസൂത്രിതമെന്ന് സൂചന.സംഭവത്തിന് പിന്നില്‍ രണ്ട് ജീവനക്കാരാണെന്നാണ് പൊലീസിന് സൂചന ലഭിച്ചിരിക്കുന്നത്. തുടര്‍ന്ന് ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളായ രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ശമ്പളം വെട്ടിക്കുറച്ചതിന്റെ പേരിൽ ഇവർക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ ലൈറ്റര്‍ വാങ്ങിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലൈറ്റര്‍ ഉപയോഗിച്ച്‌ പാക്കിങ്ങിനുള്ള പ്ലാസ്റ്റിക് തീകൊളുത്തിയെന്നാണ് സൂചന.ഫാക്ടറിയില്‍നിന്നു പിരിച്ചുവിട്ട മൂന്ന് പേരെയും അന്നേദിവസം ഫാക്ടറിക്കു സമീപം കണ്ടിരുന്നു. പോലീസ് സമീപത്തെ സിസിടിവി പരിശോധിച്ചതില്‍നിന്നുമാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇവരെകുറിച്ച്‌ വിശദമായി അന്വേഷിച്ചുവരികയാണ്.ഇലക്‌ട്രിക് വിഭാഗത്തിന്റെ സ്ഥിരീകരണത്തിന് ശേഷമേ ഇവരെ അറസ്റ്റ് ചെയ്യൂ എന്ന് പൊലീസ് അറിയിച്ചു.തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍.ആദിത്യയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് എന്നിവരാണ് അന്വേഷണത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്നത്.ഒക്ടോബര്‍ 31ന് രാത്രിയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്.തീപിടിത്തത്തില്‍ 500 കോടി രൂപയുടെ നഷ്ടമാണു പ്രാഥമിക കണക്ക്. ആളപായമില്ലെങ്കിലും രണ്ടും നാലും നിലകള്‍ വീതമുള്ള രണ്ടു കെട്ടിടങ്ങളും ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും നിര്‍മാണം പൂര്‍ത്തിയാക്കിയ ഉത്പന്നങ്ങളും പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു.

കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു

keralanews high court temporarily stayed the veridct that disqualified k m shaji

കൊച്ചി:മുസ്ലിം ലീഗ് എംഎൽഎ കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.രണ്ടാഴ്ചയാണ് വിധിക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്.ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കിയ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എം.ഷാജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി തീരുമാനമെടുക്കാന്‍ കാലതാമസം വന്നേയ്ക്കാം. അത്രയും കാലം അഴീക്കോട് മണ്ഡലത്തില്‍ എം.എല്‍.എയുണ്ടാകില്ല. ഈ സാഹചര്യത്തില്‍ തല്‍ക്കാലത്തേയ്ക്ക് വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, നികേഷ് കുമാറിന്റെ കോടതി ചിലവായ 50,000 രൂപ ഒരാഴ്ചയ്ക്കകം കെട്ടിവയക്കാനും നിര്‍ദേശമുണ്ട്. ജസ്റ്റിസ് പി.ഡി.രാജനാണ് ഷാജിയെ അയോഗ്യനാക്കി വിധി പറഞ്ഞത്. ഇതേ ബെഞ്ചിന് മുമ്ബാകെയാണ് സ്‌റ്റേ ആവശ്യപ്പെട്ട് ഷാജി ഹര്‍ജി നല്‍കിയത്. 2016 ഇൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് കെ.എം ഷാജി വര്‍ഗീയ ധ്രുവീകരണം നടത്തിയെന്ന എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാറിന്റെ പരാതിയിലാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവിട്ടത്.ആറ് വര്‍ഷത്തേക്ക് കെ.എം ഷാജിയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും കോടതി ഉത്തരവിലുണ്ട്.