തിരുവനന്തപുരം: പുതുവത്സരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് രാത്രികാല നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനൊരുങ്ങി പോലീസ്. പത്ത് മണിക്ക് ശേഷം പരിശോധന കർശനമാക്കും. ആൾക്കൂട്ടമോ ഒത്തു ചേരുന്ന പരിപാടികളോ അനുവദിക്കില്ല. അത്യാവശ്യമെങ്കിൽ മാത്രമേ പുറത്തിറങ്ങാവൂ. പുറത്തിറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണമെന്നും പോലീസ് നിർദ്ദേശിക്കുന്നു. നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.ഓപ്പറേഷൻ സുരക്ഷിത പുലരിയെന്ന പേരിലാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. കേരളമുൾപ്പടെ നിരവധി സംസ്ഥാനങ്ങളിൽ ഒമിക്രോൺ രോഗികൾ വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഹോട്ടലുകളും റസ്റ്റോറൻറുകളും ബാറുകളും ക്ലബ്ബുകളും പത്ത് മണിയോടെ അടക്കണം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം പ്രാബല്യത്തിൽ വന്നത്. ഇന്നലെ പിഴ അടക്കമുള്ള കടുത്ത നടപടികൾ മിക്കയിടങ്ങളിലും പൊലീസ് ഒഴിവാക്കിയിരുന്നെങ്കിലും, ഇന്ന് വിട്ടുവീഴ്ചയുണ്ടാകില്ല. ഒമിക്രോൺ കണക്കിലെടുത്ത് ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം.ഒമിക്രോണ്‍ ഭീതിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂവും ഡിജെപാർട്ടികള്‍ക്ക് ഏർപെടുത്തിയ നിയന്ത്രണവും ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഹോട്ടലുകളെയും ക്ലബ്ബുകളെയുമാണ്. പുതുവത്സരാഘോഷത്തിന് സംസ്ഥാനത്തേക്ക് വരാനിരുന്ന ടൂറിസ്റ്റുകളില്‍ പലരും ബുക്കിംഗ് ഒഴിവാക്കി. ഹോട്ടലുകളില്‍ പകുതിലേറെയും മുറികൾ ഒഴിഞ്ഞുകിടക്കുകയാണ്.വരുന്ന രണ്ട് മാസം കൊറോണ കേസുകൾ കൂടാൻ തന്നെയാണ് സാധ്യതയെന്ന് സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും കണക്കാക്കുന്നു. ജനുവരി മാസത്തിലെ വ്യാപനം നിർണായകമാകും. പുതുവത്സരാഘോഷത്തിന് നിയന്ത്രണമേർപ്പെടുത്തിയില്ലെങ്കിൽ കൊറോണ കേസുകൾ കുത്തനെ ഉയരുമെന്നത് മുന്നിൽ കണ്ടാണ് നടപടി.
കിഴക്കമ്പലം ആക്രമണ സംഭവത്തില്‍ ലേബര്‍ കമ്മീഷണര്‍ ഇന്ന് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും
കൊച്ചി:കിഴക്കമ്പലം ആക്രമണ സംഭവത്തില്‍ ലേബര്‍ കമ്മീഷണര്‍ ഇന്ന് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കിറ്റക്സിന്റെ തൊഴിലാളി ക്യാമ്പിൽ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലേബര്‍ കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു.തൊഴില്‍ മന്ത്രിയുടെ ഓഫീസിനാണ് റിപ്പോര്‍ട്ട് കൈമാറുന്നത്. ഇതിനിടെ കസ്റ്റഡിയിലുളള നാലു പ്രതികളുടെയും ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഇന്നലെ ഇവരെ താമസസ്ഥലത്ത് എത്തിച്ച് തെളിവെടുത്തിരുന്നു.കിഴക്കമ്ബലത്ത് പൊലീസിനെ ആക്രമിച്ച അതിഥി തൊഴിലാളികളില്‍ നാല് പേരെയാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. മണിപ്പൂര്‍ സ്വദേശികളായ ആദ്യ മൂന്ന് പ്രതികളെയും ജാര്‍ഖണ്ഡ് സ്വദേശിയായ പതിനാലാം പ്രതിയേയുമാണ് കസ്റ്റഡിയില്‍ വിട്ടത്.ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് സംഘര്‍ഷത്തിന് പിന്നിലെ കാരണങ്ങളെകുറിച്ച് വിശദമായി അന്വേഷിക്കാനാണ് തീരുമാനം.
പറവൂരിൽ യുവതിയെ വീടിനുള്ളിൽ തീ കൊളുത്തി കൊന്ന സംഭവത്തിൽ സഹോദരി പിടിയിൽ
കൊച്ചി: കൊല്ലം പറവൂരിൽ യുവതിയെ വീടിനുള്ളിൽ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരി ജീത്തു പിടിയിൽ. കൊച്ചിയിൽ നിന്നുമാണ് ജീത്തുവിനെ പിടികൂടിയത്. സംഭവ ശേഷം ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു ജീത്തു.സഹോദരി വിസ്മയയെ ആണ് ജീത്തു തീ കൊളുത്തി കൊന്നത്. സംഭവ ശേഷം ജില്ല വിട്ട ജീത്തു എറണാകുളത്ത് എത്തിയതായി ഉച്ചയോടെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ജീത്തുവിനെ പിടിയിലായത്.കാക്കനാട്ടെ തെരുവോരം മുരുകന്റെ അഗതിമന്ദിരത്തിൽ നിന്നാണ് പോലീസ് ജീത്തുവിനെ പിടികൂടിയത്.പോലീസ് തന്നെയായിരുന്നു ജീത്തുവിനെ അഗതിമന്ദിരത്തിൽ എത്തിച്ചത്. എറണാകുളം മേനക ജംഗ്ഷനിൽ അലഞ്ഞു നടന്ന യുവതിയെ വനിതാ പോലീസുകാരാണ് ഇന്നലെ അർദ്ധരാത്രിയോടെ അഗതിമന്ദിരത്തിലെത്തിച്ചത്.പർദ്ദയും മുകളിൽ ഷാളും മുഖത്ത് മാസ്കും ഉണ്ടായതിനാൽ വനിതാ പൊലീസുകാർ തിരിച്ചറിഞ്ഞില്ല. ലക്ഷദ്വീപ് നിവാസിയാണെന്നായിരുന്നു പോലീസിനോട് ജീത്തു പറഞ്ഞത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ജീത്തുവിന് മാനസികാസ്വാസ്ഥ്യം ഉളളതിനാൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയുകയുള്ളൂവെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.കഴിഞ്ഞ ദിവസമാണ് ജീത്തു സഹോദരി വിസ്മയയെ വീടിനുള്ളിൽ തീ കൊളുത്തി കൊന്നത്. വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം.
ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു
പനാജി: ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻദാസ്(24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു(27), വിഷ്ണുവിന്റെ സഹോദരൻ കണ്ണൻ(24) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിതിൻ ദാസ് ഗോവയിലാണ് ജോലി ചെയ്തിരുന്നത്. നിതിനെ കാണാനായി സുഹൃത്തുക്കൾ ട്രെയിൻ മാർഗ്ഗം ഗോവയിൽ എത്തുകയായിരുന്നു. ഇവിടെ കാർ വാടകയ്ക്ക് എടുത്ത് വിവിധ സ്ഥലങ്ങൾ ഇവർ സന്ദർശിക്കുകയും ചെയ്തു. യാത്രകൾക്ക് ശേഷം വിഷ്ണുവിനെ തിരികെ ജോലി സ്ഥലത്തേക്ക് വിടാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ രണ്ട് പേരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഇവരെ ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് 2423 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;15 മരണം; 2879 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2423 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂർ 192, കണ്ണൂർ 152, പത്തനംതിട്ട 150, കൊല്ലം 149, ആലപ്പുഴ 99, മലപ്പുറം 98, ഇടുക്കി 88, വയനാട് 67, പാലക്കാട് 64, കാസർകോട് 32 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,459 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 149 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,441 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2262 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 108 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2879 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 484, കൊല്ലം 420, പത്തനംതിട്ട 119, ആലപ്പുഴ 87, കോട്ടയം 183, ഇടുക്കി 87, എറണാകുളം 567, തൃശൂർ 171, പാലക്കാട് 111, മലപ്പുറം 110, കോഴിക്കോട് 258, വയനാട് 64, കണ്ണൂർ 176, കാസർകോട് 42 എന്നിങ്ങനെയാണ് രോഗമുക്തിയായത്.
ഒമിക്രോൺ നിയന്ത്രണം; ശബരിമല, ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കി
തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ നിന്നും ശബരിമല, ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കി.ഇന്ന് മുതൽ ജനുവരി രണ്ട് വരെ രാത്രി 10 മുതൽ രാവിലെ 5 മണി വരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തീർത്ഥാടകർക്ക് ബാധകമാകില്ല.പത്തനംതിട്ട, തിരുവനന്തപുരം കളക്ടർമാരുടെ ശുപാർശ പ്രകാരമാണ് ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്.സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പുതുവത്സരാഘോഷങ്ങൾ കൂടി കണക്കിലെടുത്താണ് നിയന്ത്രണം. ഇന്ന് മുതൽ അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയംസാക്ഷ്യപത്രം കരുതണം.ദേവാലയങ്ങളിലും മറ്റു പൊതു ഇടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി 10 മുതൽ രാവിലെ 5 വരെ അനുവദിക്കില്ല. അനാവശ്യ യാത്രകൾ അനുവദിക്കില്ല. വാഹനപരിശോധന ശക്തമാക്കും. ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും.
അമ്പലവയൽ ആയിരം കൊല്ലിയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം;കൊലപാതകം നടത്തിയത് പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക്;ദുരൂഹതകൾ തള്ളി പൊലീസ്
വയനാട്: അമ്പലവയൽ ആയിരം കൊല്ലിയില്‍ വയോധികനെ കൊന്ന് ചാക്കില്‍ കെട്ടിയ സംഭവത്തില്‍ ദുരൂഹതകൾ തള്ളി പൊലീസ്.നിലവില്‍ കസ്റ്റഡിയിലുള്ള പെണ്‍കുട്ടികള്‍ക്കും അമ്മയ്ക്കും അല്ലാതെ മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.പെണ്‍കുട്ടികള്‍ക്ക് മാത്രമായി കൊലപാതകം ചെയ്യാനാകില്ലെന്നും തന്റെ സഹോദരനും പെണ്‍കുട്ടികളുടെ പിതാവുമായ സുബൈറാണ് കൊലപാതകം നടത്തിയതെന്നും കഴിഞ്ഞ ദിവസം മുഹമ്മദിന്റെ ഭാര്യ സക്കീന ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും കൊലപാതകത്തിന് ശേഷം ഭയന്ന പെണ്‍കുട്ടികള്‍ പിതാവിനെ വിളിച്ചതിന്റെ ഫോണ്‍ കോള്‍ രേഖകളും ശേഖരിച്ചതായും പൊലീസ് പറയുന്നു.ഉമ്മയെ കടന്നു പിടിക്കാന്‍ ശ്രമിച്ച മുഹമ്മദിനെ കോടാലികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിക്കുന്നതിനായി കത്തി ഉപയോഗിച്ച് കാല് വെട്ടിമാറ്റുകയും സ്കൂള്‍ ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നെന്നും പെണ്‍കുട്ടികള്‍ മൊഴിയില്‍ പറയുന്നു. ബാക്കി ശരീരം പൊട്ടകിണറ്റില്‍ തള്ളിയ ശേഷം പിതാവിനെ വിവരം വിളിച്ചറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്.സംഭവ ദിവസം ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടെ മുഹമ്മദ് പെണ്‍കുട്ടികളുടെ മാതാവിനെ കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഈ മൊഴിയെ പരിഗണിച്ച് അന്വേഷണ സംഘം പറയുന്നു. സഹോദരനെ വീട്ടില്‍ നിന്ന് പുറത്താക്കിയതിലുള്ള വൈരാഗ്യവും പെണ്‍കുട്ടികള്‍ക്ക് മുഹമ്മദിനോടുണ്ടായിരുന്നു. മൃതദേഹം ഒളിപ്പിക്കാന്‍ പെണ്‍കുട്ടികളുടെ മാതാവ് സഹായിച്ചിരുന്നു.
‘ലോകം കൊവിഡ് സുനാമി’യിലേക്ക്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ:ലോകം ‘കൊവിഡ് സുനാമി’യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒമൈക്രോണ്‍-ഡെല്‍റ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവന്‍ ഡോ.ടെഡ്രോസ് ആദാനോം വ്യക്തമാക്കി.ഡെല്‍റ്റയും പുതിയ ഒമൈക്രോണ്‍ വകഭേദവും ചേരുമ്ബോള്‍ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതുവരെ വാക്സിന് സ്വീകരിക്കാത്തവരില്‍ മരണ നിരക്ക് കുതിച്ചുയരുമെന്നും ടെഡ്രോസ് പറഞ്ഞു. ഒമൈക്രോണ്‍ വകഭേദം വാക്സീന് എടുത്തവരെയും ഒരിക്കല്‍ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. അതിനിടെ അമേരിക്കയിൽ ഈ ആഴ്ചയിലെ രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഇറ്റലി, ഗ്രീസ്, ഫ്രാൻസ്, പോർച്ചുഗൽ എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. ഫ്രാൻസിൽ ഇന്നലെ മാത്രം രണ്ടു ലക്ഷം പേരാണ് രോഗബാധിതർ ആയത്.
ഒമിക്രോൺ: സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല നിയന്ത്രണം;അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കരുതണം
തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. പുതുവത്സരാഘോഷം കൂടി കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.കടകൾക്ക് രാത്രി 10 മണിക്ക് ശേഷം പ്രവർത്തനാനുമതിയില്ല. അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. നിയന്ത്രണമുള്ളതിനാൽ തീയേറ്ററുകളിൽ സെക്കന്റ് ഷോ നടത്തരുതെന്നും സർക്കാർ നിർദ്ദേശമുണ്ട്. 31ന് രാത്രി 10 മണിക്ക് ശേഷം പുതുവത്സരാഘോഷവും ഉണ്ടായിരിക്കുന്നതല്ല.പ്രവര്‍ത്തനസമയത്ത് ബാര്‍, ക്ലബ്, ഹോട്ടല്‍, റസ്റ്റോറന്റ്, ഭക്ഷണശാല എന്നിവിടങ്ങളില്‍ പകുതിപേര്‍ക്കാണ് പ്രവേശനം. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടം ഒഴിവാക്കാനായി ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ച് ആൾക്കൂട്ടം ഒഴിവാക്കാൻ അതാത് ജില്ലയിലെ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.രോഗവ്യാപന സാധ്യത നിലനില്‍ക്കെ കോവിഡ് മാനദണ്ഡപാലനം ഉറപ്പുവരുത്താന്‍ കര്‍ശന നടപടി സ്വീകരിക്കും. മാസ്ക് ധരിക്കുന്നത് ഉറപ്പാക്കും. ദേവാലയങ്ങളിലടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു കൂടിച്ചേരലും പാടില്ലെന്ന് സർക്കാർ അറിയിച്ചു.
നടി ആക്രമിക്കപ്പെട്ട കേസ്;സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു.വിചാരണ കോടതി നടപടികളില്‍ പ്രതിഷേധിച്ചാണ് രാജി.അഡ്വ വി എന്‍ അനില്‍കുമാറാണ് രാജിവച്ചത്.രാജിക്കാര്യം അറിയിച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം ബന്ധപ്പെട്ടവർക്ക് കൈമാറി. കത്തിലെ വിവരങ്ങൾ പൂർണമായി പുറത്തുവന്നിട്ടില്ല. വിചാരണ കോടതിയുടെ ഇടപെടലുകൾക്കെതിരെ നേരത്തെയും അദ്ദേഹം രംഗത്ത് വന്നിരുന്നു. ഇതോടെ കേസില്‍ അസാധാരണ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.സുപ്രധാന മൊഴികൾ രേഖപ്പെടുത്തുന്നില്ലെന്നായിരുന്നു വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ ഉയർത്തിയ പ്രധാന വിമർശനം. ഇതിന് പുറമേ കേസിൽ നിർണായകമായേക്കാവുന്ന സാക്ഷികളെ വീണ്ടും വിചാരണ ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യവും, ശബ്ദരേഖകളുടെ ഒറിജിനൽ പതിപ്പ് ശേഖരിക്കണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു. ഒപ്പം പ്രധാനപ്പെട്ട കാര്യങ്ങളിൽ പ്രോസിക്യൂഷന് വിരുദ്ധമായ നിലപാട് ആയിരുന്നു വിചാരണ കോടതി സ്വീകരിച്ചിരുന്നത്. ഇതെല്ലാമാണ് രാജിയ്ക്ക് കാരണം. ബുധനാഴ്ച നടന്ന വിചാരണയ്ക്കിടെ പ്രോസിക്യൂട്ടർ കോടതി മുറിയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു.നടിയെ ആക്രമിച്ച കേസില്‍ ഇത് രണ്ടാം തവണയാണ് പ്രോസിക്യൂട്ടര്‍ രാജിവെക്കുന്നത്. വിചാരണ കോടതി നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു നേരത്തെയും പ്രോസിക്യൂട്ടറുടെ രാജി. അന്ന് വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന് ഹൈക്കോടതിയെയും സമീപിച്ചിരുന്നു.നേരത്തെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ നടൻ ദിലീപിനെതിരെ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് വിചാരണ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ രാജി.