ഇരിട്ടി: ഉളിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കണ്ടക്ടർ മരിച്ചു.കർണാടക ആർടിസി ബസ് കണ്ടക്ടർ പി പ്രകാശാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസ് യാത്രക്കാർക്ക് ചായ കുടിക്കാൻ വേണ്ടി വഴിയരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ബസ് നിർത്തിയ ഉടനെ ആദ്യം പുറത്തിറങ്ങിയ കണ്ടക്ടറുടെ മേൽ നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ വന്നിടിക്കുകയായിരുന്നു. ബസിനും കാറിനുമിടയിൽ പെട്ട പ്രകാശ് തൽക്ഷണം മരിച്ചു. മാഹി സ്വദേശി മുഹമ്മദാണ് വാഹനം ഓടിച്ചിരുന്നത്. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. മുഹമ്മദിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർക്കാർക്കും പരിക്കുകളില്ല.
പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2022 മാര്‍ച്ച് 31 വരെ നീട്ടി;ഏപ്രില്‍ 1 മുതല്‍ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമായി പ്രഖ്യാപിക്കും
ന്യൂഡൽഹി: പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2022 മാര്‍ച്ച് 31 വരെ നീട്ടി.ഏപ്രില്‍ 1 മുതല്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്ത പെര്‍മനന്റ് അക്കൗണ്ട് നമ്പർ (പാന്‍) കാര്‍ഡ് പ്രവര്‍ത്തന രഹിതമായി പ്രഖ്യാപിക്കും.ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139AA AA അനുസരിച്ച്, 2017 ജൂലൈ 1-ന് പാന്‍ ഉള്ള, ആധാര്‍ ലഭിക്കാന്‍ യോഗ്യതയുള്ള ഓരോ വ്യക്തിയും പാന്‍ ആധാറുമായി ലിങ്ക് ചെയ്യണം.ഓരോ തവണയും വ്യക്തി പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്കുന്നതില് വീഴ്ച വരുത്തിയാല്‍ 10,000 രൂപ പിഴ ഈടാക്കാം. ഇത് ഐ-ടി നിയമത്തിലെ സെക്ഷന്‍ 272 ബി പ്രകാരമാണ്.അതേസമയം ഒരാള്‍ക്ക് ഒരു പാന്‍ മാത്രമേ ഉണ്ടാകൂ. ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ നേടുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണ് കൂടാതെ 10,000 രൂപ വരെ പിഴ ഈടാക്കാം.
കണ്ണൂര്‍ ധര്‍മ്മടത്ത് വിദ്യാര്‍ത്ഥി വിഷം കഴിച്ച് ജീവനൊടുക്കി;ഓണ്‍ലൈന്‍ ഗെയിമിന്റെ ഇരയെന്ന് സൂചന
തലശ്ശേരി: ധര്‍മ്മടത്ത് വിദ്യാര്‍ത്ഥി വിഷം കഴിച്ച് ജീവനൊടുക്കി.കിഴക്കെ പാലയാട് റിവര്‍വ്യൂവില്‍ റാഫി – സുനീറ ദമ്പതികളുടെ മകന് അദിനാന് (16)ണ് കഴിഞ്ഞ ദിവസം വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്. വിഷം കഴിച്ചതിനു ശേഷം പരിഭ്രാന്തിയിലായ വിദ്യാര്‍ത്ഥി വിഷം കഴിച്ച കാര്യം ഉമ്മയോട് പറയുകയായിരുന്നു. ഉടന്‍ ബന്ധുക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.മരിക്കുന്നതിന് മുന്‍പ് അദിനാന് പൊട്ടിച്ചെറിഞ്ഞ ഫോണ്‍ ധര്‍മടം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണ്‍ അന്വേഷണ വിധേയമായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.ആത്മഹത്യയ്ക്ക് കാരണം ഓണ്‍ലൈന്‍ ഗെയിമാണെന്നാണ് പൊലിസ് സംശയിക്കുന്നത്. അദിനാന് വിഷം വാങ്ങിയത് ഓണ്‍ലൈനിലൂടെയാണെന്നാണ് സൂചന.ഓണ്‍ലൈന്‍ പഠനാവശ്യത്തിനാണ് വിദ്യാര്‍ത്ഥിക്ക് സ്മാര്‍ട്ട് ഫോണ്‍ രക്ഷിതാക്കള്‍ വാങ്ങി കൊടുത്തത്.എന്നാല്‍ ഇതുപയോഗിച്ചു ഓണ്‍ലൈനിലെ ചില അപകടകരമായ ഗെയിമുകള്‍ കളിച്ചിരുന്നതായാണ് പൊലിസ് നല്കുന്ന സൂചന.വീട്ടിലുള്ള സമയങ്ങളില്‍ അദിനാന് മുഴുവന്‍ സമയവും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് ബന്ധുക്കള്‍ പൊലിസിന് നല്കിയ മൊഴി. ആരുമറിയാതെ ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമില്‍ വിദ്യാര്‍ത്ഥി വിഷം വാങ്ങിയത് ഡെവിള്‍ ഗെയിമിന്റെ ഭാഗമാണോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. എസ്.എന്‍ ട്രസ്റ്റ് സ്കുളിലെ പ്ളസ് ടു വിദ്യാര്‍ത്ഥിയാണ് അദിനാന്. സഹോദരങ്ങള്‍: അബിയാന്‍. ആലിയ.
നടി ആക്രമിക്കപ്പെട്ട കേസ്;സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്താന്‍ കോടതി അനുമതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി അനുമതി.രഹസ്യമൊഴി എടുക്കുന്നതിനായി അന്വേഷണ സംഘം നല്കിയ അപേക്ഷ എറണാകുളം സി.ജെ.എം കോടതി സ്വീകരിച്ചു.സംവിധായകന്റെ വെളിപ്പെടുത്തൽ കേസിന്റെ നിർണായക വഴിത്തിരിവായതോടെയാണ് രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി പോലീസ് കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി ആവശ്യം അംഗീകരിക്കുകയായിരുന്നു.പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണ കോടതി ഈ മാസം 20 വരെയാണ് അന്വേഷണ സംഘത്തിന് സമയം അനുവദിച്ചിട്ടുള്ളത്. കേസിലെ പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ഉപദ്രവിച്ചതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്നുമടക്കമുള്ള സുപ്രധാന വിവരങ്ങളാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുക. ബാലചന്ദ്രകുമാറിന്റെ കൈവശമുള്ള പ്രാഥമിക തെളിവുകള്‍ വിചാരണ കോടതിക്ക് അന്വേഷണ സംഘം കൈമാറിയിട്ടുണ്ട്. ദിലീപിന്റെ ഫോണ്‍ റെക്കോഡ് ചെയ്ത ഫോണ്‍ അടക്കം കൈമാറിയ രേഖകളില്‍ ഉള്‍പ്പെടുന്നു.അതേസമയം സർക്കാരും രണ്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതിയുടെ ചില നടപടികളെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി നാളെ പരിഗണിക്കും.
സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയം:നിലവിൽ സ്കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്നും നിലവിൽ സ്കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രായം തേടി നടപടി സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.ഒമിക്രോണ്‍ സാഹചര്യം വിലയിരുത്തിയ ശേഷം സ്കൂളുകളില്‍ പൂര്‍ണതോതില്‍ ക്ലാസുകള്‍ നടത്തിയാല്‍ മതിയെന്ന തീരുമാനം സര്‍ക്കാര്‍ നേരത്തെ എടുത്തിരുന്നു. ക്രിസ്തുമസ് അവധി കഴിഞ്ഞ് സ്കൂള്‍ തുറക്കാൻ പൂര്‍ണസമയ ക്ലാസുകള്‍ തുടങ്ങാന്‍ നേരത്തേ ആലോചനകളുണ്ടായിരുന്നു.എന്നാൽ നിലവിലെ സാഹചര്യത്തിൽ നേരത്തെയുള്ള സമയക്രമം തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേര്‍ കണ്ണൂരിൽ പിടിയില്‍
കണ്ണൂര്‍: മാരക മയക്കുമരുന്നായ എംഡി എംഎയുമായി രണ്ടുപേര്‍ കണ്ണൂര്‍ നഗരത്തിലെ ലോഡ്ജില്‍ നിന്നും പിടിയിലായി. കണ്ണൂര്‍ തയ്യില്‍ സ്വദേശി ചെറിയ ചിന്നപ്പന്റവിട സിസി അന്‍സാരി (33), കണ്ണൂര്‍ മരക്കാര്‍ക്കണ്ടി ആദര്‍ശ് നിവാസില്‍ കെ.ആദര്‍ശ് (21) എന്നിവരാണ് പിടിയിലായത്.18.38 ഗ്രാം എംഡി എംഎ യാണ് ഇവരിൽ നിന്നും പിടികൂടിയത്.ണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദും സംഘവും കണ്ണൂര്‍ മുനീശ്വരന്‍ കോവിലിനു സമീപത്തുള്ള സാജ് റെസ്റ്റ് ഇന്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.പ്രിവന്റീവ് ഓഫിസര്‍ വി.പി ഉണ്ണികൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ച് മയക്കയുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് ഇവര്‍. കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ സാന്നിദ്ധ്യത്തിലാണ് പ്രതികളുടെ ദേഹപരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ കഴിഞ്ഞ കുറേ മാസങ്ങളായി എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ഇവര്‍ ഈ ഹോട്ടലില്‍ താമസിച്ചു വരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.ഇവർ ഹോട്ടലില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി പി ഉണ്ണികൃഷ്ണന്, ഷജിത്ത് കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റിഷാദ് സി എച്, സതീഷ് വി, ഗണേഷ് ബാബു പി വി, ശ്യാം രാജ് എം വി, എക്സ്സൈസ് ഡ്രൈവര്‍ എം പ്രകാശന് എന്നിവര്‍ അടങ്ങിയ സംഘം പരിശോധന നടത്തിയത്. വിപണിയില്‍ 20000 മുതല്‍ 30000 രൂപ വരെ മൂല്യമുള്ള മയക്കുമരുന്നാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.ചോദ്യം ചെയ്തതില്‍ നിന്നും ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുത്ത കണ്ണൂര്‍ സ്വദേശിയായ വ്യക്തിയെ കുറിച്ചും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്ത പ്രതികളെ തുടര്‍നടപടികള്‍ക്കായി കണ്ണൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ മുൻപാകെ ഹാജരാക്കി.
രാജ്യത്ത് കോവിഡ് മൂന്നാംതരംഗമെത്തിയെന്ന് ആരോഗ്യ വിദഗ്ധര്‍;വൈറസ് വ്യാപനം അതിതീവ്രം; സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാംതരംഗമെത്തിയെന്ന് ആരോഗ്യ വിദഗ്ധര്‍.ഒമിക്രോണ്‍ കൂടി എത്തിയതോടെ രാജ്യത്ത് വൈറസ് വ്യാപനം അതിതീവ്രമായിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനയില്‍ 90,928 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 325 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം 50,000 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നാണ് ഒറ്റദിവസം കൊണ്ട് 90,000ത്തിലേക്ക് എത്തിയിരിക്കുന്നത്. 24 മണിക്കൂറില്‍ ഇരട്ടിയിലധികം കേസുകള്‍ എന്നത് അതീവ ഗുരുതരമാണ്. അതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്.ഡൽഹിയിൽ പ്രതിദിന കേസുകൾ 10,000 കടന്നു. ഇതേതുടർന്ന് ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വർധിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ലീവ് ഒഴികെയുള്ള എല്ലാ അവധികളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് വാരാന്ത്യ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരുന്നു. ഡൽഹിക്ക് പുറമെ മഹാരാഷ്ട്ര, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലും കോവിഡ്- ഒമിക്രോൺ കേസുകൾ വർധിക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ആറിരട്ടി വർധനയാണ് കോവിഡ് കേസുകളിൽ രേഖപ്പെടുത്തിയത്.
ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം;ബേപ്പൂര്‍ സ്വദേശി പിടിയില്‍
കോഴിക്കോട്:ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ബേപ്പൂര്‍ സ്വദേശി പിടിയില്‍.വെള്ളയില്‍ മോഹൻദാസാണ് പിടിയിലായത്. അക്രമ കാരണം വ്യക്തമല്ല.ആക്രമിച്ച സമയത്ത് പ്രതി മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. ബിന്ദു അമ്മിണിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ബുധനാഴ്ചയായിരുന്നു ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചില്‍ വെച്ച് മദ്യ ലഹരിയിലെത്തിയ ഒരാള്‍ ആക്രമിച്ചത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. പ്രതിക്കെതിരെ അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.തന്നെ ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്.അതേസമയം തനിക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് ബിന്ദു അമ്മിണി ആരോപിച്ചു. മദ്യപിച്ചയാള്‍ വെറുതെ നടത്തിയ ആക്രമണമല്ല. പിന്നില്‍ രാഷ്ട്രീയകാരണങ്ങളുണ്ട്. തന്നെ എവിടെക്കണ്ടാലും ആക്രമിക്കുകയെന്നത് സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനമാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. ബീച്ചില്‍ വെച്ച് തന്നെ ആക്രമിച്ചയാള്‍ ആര്‍എസ്എസുകാരനാണെന്നാണ് തനിക്കറിയാന്‍ കഴിഞ്ഞതെന്നും ബിന്ദു അമ്മിണി പറഞ്ഞു. പൊലീസില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും ഇവര്‍ പറയുന്നു.
പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു
തിരൂർ: പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു.വട്ടത്താണി വലിയപാടത്താണ് സംഭവം.തലക്കടത്തൂര്‍ സ്വദേശി കണ്ടം പുലാക്കല്‍ അസീസ് (46), മകള്‍ അജ്വ മര്‍വ (10) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടില്‍ വന്നതായിരുന്നു ഇരുവരും. അവിടെ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച് കടയിലേക്ക് പോകയാതായിരുന്നു അസീസ്. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ തട്ടിയാണ് അപകടം സംഭവിച്ചത്.സീസ് സംഭവ സ്ഥലത്തുവച്ചും, മകള്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്.
കോവാക്സിന് സ്വീകരിച്ച കുട്ടികള്‍ക്ക് വേദനസംഹാരികള്‍ നൽകേണ്ടതില്ലെന്ന് ഭാരത് ബയോടെക്
മുംബൈ:കൊവാക്സിന് സ്വീകരിച്ചതിനു ശേഷം കുട്ടികള്‍ക്ക് വേദന സംഹാരികള്‍ നല്‍കേണ്ടെന്ന് വാക്സിന് നിര്‍മാതാക്കളായ ഭാരത് ബയോടെക്.രാജ്യത്ത് കുട്ടികൾക്ക് വാക്സിനേഷൻ തുടങ്ങിയ വേളയിലാണ് കുത്തിവെയ്പ്പിന് പിന്നാലെ പാരസെറ്റമോൾ കഴിക്കുന്ന പ്രവണതയെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് ഭാരത് ബയോടെക്ക് അധികൃതർ പ്രതികരിച്ചു. കുട്ടികൾക്ക് കൊവാക്സിൻ നൽകിയതിന് ശേഷം പാരസെറ്റമോളിന്റെ 500 മില്ലി ഗ്രാം ടാബ്ലെറ്റ് മൂന്നെണ്ണം കഴിക്കാൻ പല വാക്സിനേഷൻ കേന്ദ്രങ്ങളും നിർദേശിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം.. എന്നാൽ കൊവാക്സിൻ എടുത്തതിന് ശേഷം പാരസെറ്റമോളോ ഏതെങ്കിലും വേദനസംഹാരികളോ കഴിക്കുന്ന രീതി ഭാരത് ബയോടെക്ക് ശുപാർശ ചെയ്യുകയില്ലെന്ന് അധികൃതർ അറിയിച്ചു.30,000 പേരിലാണ് കൊവാക്സിന്റെ ക്ലിനിക്കൽ പരിശോധന നടത്തിയത്. ഇതിൽ 10-20 ശതമാനം വ്യക്തികൾക്ക് മാത്രമായിരുന്നു പാർശ്വഫലങ്ങൾ. അവയിൽ ഭൂരിഭാഗവും തീവ്രമല്ലാത്ത പാർശ്വഫലങ്ങളാണ്. പരമാവധി രണ്ട് ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുന്ന തരത്തിലുള്ളവ. ഇത്തരം പാർശ്വഫലങ്ങൾക്ക് മരുന്ന് കഴിക്കേണ്ടതില്ല. അഥവാ കൊവാക്സിനെടുത്തതിന് ശേഷം കാര്യമായ ശാരീരിക പ്രശ്നങ്ങൾ തോന്നുകയും പ്രതിവിധി ആവശ്യമാണെന്ന് വരികയുമാണെങ്കിൽ ഡോക്ടറെ കണ്ടതിന് ശേഷം അവർ നിർദേശിക്കുന്ന മരുന്ന് കഴിക്കാവുന്നതാണെന്നും ഭാരത് ബയോടെക്ക് വ്യക്തമാക്കി.