തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഉടൻ ഏർപ്പെടുത്തില്ല. രാത്രികാല കർഫ്യൂ ഏർപ്പെടുത്തില്ലെന്നും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ആവശ്യകത ഇപ്പോൾ ഇല്ലെന്നും അവലോകന യോഗത്തിൽ തീരുമാനമായി. ഏവരും വളരെ അധികം ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.അതേ സമയം ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.വിവാഹം, മരണം പോലെയുള്ള പൊതുചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. യോഗങ്ങള്‍ ഓണ്‍ലൈനായി നടത്താനും അവലോകനയോഗം നിര്‍ദേശിച്ചിട്ടുണ്ട്.സ്കൂളുകള്‍ ഉടന്‍ അടയ്ക്കില്ല. പൊതു-സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കണം എന്ന നിര്‍ദേശം നല്‍കും. അടുത്ത അവലോകന യോഗത്തില്‍ മാത്രമാവും കൂടുതല്‍ നിയന്ത്രണം വേണോ എന്ന കാര്യം തീരുമാനിക്കുക.ഇന്ന് രാവിലെ 11 മണിക്കാണ് യോഗം ചേർന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ വിദ്യാഭ്യാസമന്ത്രി അടക്കമുള്ളവർ പങ്കെടുത്തു. മൂന്നാം ഘട്ട വാക്സിനേഷൻ ആരംഭിച്ചത് കൊണ്ട് തന്നെ വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാൻ സാധിക്കുമെന്ന് സർക്കാർ പറഞ്ഞു.
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ സംഘർഷം; എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് കണ്ണൂർ സ്വദേശി ധീരജ്
ഇടുക്കി: ഇടുക്കി പൈനാവ് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ സംഘർഷം. എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു.എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും കണ്ണൂർ സ്വദേശിയുമായ ധീരജാണ് കൊല്ലപ്പെട്ടത്. കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്എഫ്ഐ ആരോപിച്ചു. മറ്റൊരു വിദ്യാർത്ഥിക്കും കുത്തേറ്റിട്ടുണ്ട്. ഇയാളെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരു വിദ്യാർത്ഥിയുടെ തോളെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കോളേജിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-കെഎസ്യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഈ സമയം പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിദ്യാർത്ഥിയെ കുത്തിയത് എന്നാണ് ആരോപണം. ധീരജിന്റെ കഴുത്തിലാണ് കുത്തേറ്റത്. നാട്ടുകാരും വിദ്യാർത്ഥികളും ചേർന്ന് തൊട്ടടുത്തുള്ള ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചുവെന്നാണ് വിവരം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആളുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കേസ് അട്ടിമറിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചു;നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ പുതിയ കേസ്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന സംഭവത്തിൽ നടൻ ദിലീപിനെതിരെ പുതിയ കേസ്.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ദിലീപ്അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതായി സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇത് ഗുരുതര കുറ്റകൃത്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.അപായപ്പെടുത്താൻ ശ്രമം, ഗൂഢാലോചന എന്നിവയാണ് ദീലിപിന് മേൽ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റങ്ങൾ.ദിലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ക്രൈബ്രാഞ്ച് എസ്പി സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസ് അന്വേഷിക്കുക.
മാടായിപ്പാറയില്‍ പിഴുതുമാറ്റിയ കെ റെയില്‍ സര്‍വ്വേ കല്ലിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചു; യുവാവിനെതിരെ കേസ്
മാടായിപ്പാറയില്‍ പിഴുതുമാറ്റിയ കെ റെയില്‍ സര്‍വ്വേ കല്ലിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു.സിപിഎം പ്രവര്ത്തകന് ജനാര്‍ദ്ധന്‍ നല്കിയ പരാതിയിലാണ് ചെറുകുന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പുത്തന്‍പുരയില്‍ രാഹുലിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തത്.അതേസമയം തനിക്കെതിരെ മാത്രം കലാപാഹ്വാനത്തിന് കേസെടുത്തത് മനപൂര്‍വമാണെന്ന് രാഹുൽ പറഞ്ഞു. പൊലീസ് നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും പരാതി കൊടുത്ത ആള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. എത്ര കേസെടുത്താലും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.
ഏച്ചൂര്‍ പെട്രോള്‍ പമ്പിൽ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നു പേർ അറസ്റ്റിൽ
കണ്ണൂർ:ഏച്ചൂരിൽ പെട്രോള്‍ പമ്പിൽ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നു പേർ അറസ്റ്റിൽ.കണ്ണൂര്‍ ഭദ്രനെന്നു അറിയപ്പെടുന്ന മഹേഷ്, ഇയാളുടെ കൂടെയുണ്ടായിരുന്ന ഗിരീശന്, സിബിന്, എന്നിവരെയാണ് ചക്കരക്കല്‍ പൊലിസ് ഇന്‍സ്പെക്ടര്‍ സത്യനാഥന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം അറസ്റ്റു ചെയ്തത്. പെട്രോള്‍ പമ്പ് ജീവനക്കാരന് പ്രദീപനാണ് മര്‍ദ്ദനമേറ്റത്. സ്വത്തുവില്‍പനയുമായി ബന്ധപ്പെട്ട് പ്രദീപന് കമ്മിഷന് തുകയില്‍ കൊടുക്കാനുണ്ടായിരുന്ന 25000 രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ശനിയാഴ്ച്ച രാത്രി പത്തു മണിയോടെ ചക്കരക്കല്‍ സി.ആര് പമ്പിലാണ് സംഭവം.സ്വത്തു വില്പനയുമായിബന്ധപ്പെട്ടു 25,000 രൂപ നല്‍കാനുള്ള വിഷയത്തില്‍ ഏച്ചൂര്‍ സ്വദേശിയുടെ ക്വട്ടേഷനേറ്റെടുത്ത കണ്ണൂര്‍ ഭദ്രനെന്ന മഹേഷാണ് അക്രമമഴിച്ചുവിട്ടത്.ഇയാള്‍ ഓഫിസില്‍ കയറി പണം കൊടുക്കാനുള്ള ജീവനക്കാരനായ പ്രദീപനെ മര്‍ദ്ദിക്കുകയും ഇതു തടയാന്‍ ചെന്ന മറ്റു തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.അതിക്രമത്തിനിടെ ഇയാള്‍ പൊലിസിനെ വെല്ലുവിളിക്കുകയും ചെയ്തു.സംഭവത്തില്‍ പെട്രോള്‍ പമ്പ് മാനേജര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ചക്കരക്കല്‍ പൊലിസ് കേസെടുത്തത്.പമ്പിലെത്തിയ യാത്രക്കാരിലൊരാളാണ് മൊബൈലില്‍ അക്രമ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പൊലിസ് വന്നാല്‍ തനിക്കു ഒരു പ്രശ്നവുമില്ലെന്നും ആരെ വേണമെങ്കിലും വിളിച്ചോളൂവെന്നും കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ പേര് പറഞ്ഞു ഇയാള്‍ പലതവണ വെല്ലുവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പണം കിട്ടാനുള്ള ഏച്ചൂര്‍ സ്വദേശിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഭദ്രന് ഓഫിസില്‍ കയറി ജീവനക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
സംസ്ഥാനത്തെ കരുതൽ ഡോസ് വാക്സിനേഷൻ ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കരുതൽ ഡോസ് വാക്സിനേഷൻ ഇന്ന് ആരംഭിക്കും.ആരോഗ്യ പ്രവർത്തകർ, കൊറോണ മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് വാക്സിൻ നൽകുന്നത്. 5.55 ലക്ഷം ആരോഗ്യ പ്രവർത്തകർ, 5.71 ലക്ഷം കൊറോണ മുന്നണി പോരാളികൾ എന്നിവരാണുള്ളത്. 18 വയസിന് മുകളിൽ പ്രായമായവരുടെ വാക്സിനേഷൻ കേന്ദ്രത്തിലാണ് കരുതൽ ഡോസ് വാക്സിനെടുക്കുന്നത്. രണ്ടാം ഡോസ് വാക്സിൻ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് എടുക്കാൻ സാധിക്കുക. 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ ഡോക്ടറുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം കരുതൽ ഡോസ് വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മുതിർന്നവർക്കുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ നീല നിറത്തിലുള്ള ബോർഡാണ് ഉണ്ടാകുക. ഈ ബോർഡുകൾ വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷൻ സ്ഥലം, വാക്സിനേഷൻ സ്ഥലം എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കും. നേരത്തെ രണ്ട് ഡോസ് എടുത്ത അതേ വാക്സിൻ തന്നെ സ്വീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നേരിട്ടും ഓൺലൈൻ ബുക്കിംഗ് വഴിയും കരുതൽ ഡോസ് വാക്സിൻ എടുക്കാം. ഓൺലൈൻ വഴി ബുക്ക് ചെയ്ത് വരുന്നതായിരിക്കും നല്ലത് എന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
കാറിന് പുറത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാചകങ്ങൾ;വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ
തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാചകങ്ങളെഴുതിയ കാർ പിടികൂടിയ സംഭവത്തിൽ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞ ആൾ പിടിയിൽ.ഉത്തര്‍പ്രദേശ് സ്വദേശിയായ രാം ചരൺ സിംഗാണ് പിടിയിലായത്.കഴക്കൂട്ടത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഉപേക്ഷിച്ചുപോയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം പട്ടത്തെ ഒരു ബാര്‍ ഹോട്ടലിനു മുന്നില്‍ നിന്നാണ് മ്യൂസിയം പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 3.30നായിരുന്നു സംഭവം.ഹോട്ടലില്‍ ബഹളമുണ്ടാക്കിയ ശേഷം കടന്നുകളയുകയായിരുന്നു ഇയാള്‍. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശങ്ങളാണ് വാഹനത്തിന്റെ എല്ലാ ഭാഗങ്ങളിലും എഴുതിയിട്ടുള്ളത്. വാഹനത്തില്‍ വസ്ത്രങ്ങളും കാറിന്റെ സ്പെയര്‍ പാര്‍ട്സും അടങ്ങിയ പത്തോളം ബാഗുകളുണ്ടായിരുന്നു. പിടിയിലായത് മാനസിക പ്രശ്നങ്ങളുള്ള ആളാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ ഏതെല്ലാം വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് പോലീസ് തീരുമാനിച്ചിട്ടില്ല.പഞ്ചാബ് സ്വദേശി ഓംങ്കാർ സിംഗിന്റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിടിയിലായ പ്രതി വാഹനം മോഷ്ടിച്ച് കടന്ന് കളഞ്ഞതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.കർഷക സമരം, പുൽവാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആർഎസ്എസിനും എതിരായ വാചകങ്ങൾ കാറിന് പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു. ഹോട്ടലിലെ ബാറിൽ നിന്നും ഇയാൾ വലിയ തുകയ്ക്ക് മദ്യം ആവശ്യപ്പെട്ടു. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ ദുരൂഹത തോന്നിയ ജീവനക്കാർ ഇയാൾക്ക് മദ്യം നൽകിയില്ല. ഇതിൽ കുപിതനായ പ്രതി പിന്നീട് ഹോട്ടലിൽ ബഹളം വെച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി.ഹോട്ടൽ അധികൃതർ പോലീസിനെ വിവരമറിയിച്ചതോടെ ഇയാൾ കാർ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.
കൊറോണ വ്യാപനം; സംസ്ഥാനത്ത് ഇന്ന് നിർണായക അവലോകന യോഗം
തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിർണായക അവലോകന യോഗം ഇന്ന്.11 മണിക്കാണ് യോഗം ചേരുക.മുഴുവൻ ജില്ലകളിലെയും കൊറോണ സാഹചര്യം യോഗത്തിൽ വിലയിരുത്തും.സംസ്ഥാനത്ത് കൊറോണയും ഒമിക്രോണും പടരുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം ചേരുന്നത്. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് സംബന്ധിച്ചും, പ്രതിരോധ മാർഗങ്ങളിലും വിദഗ്ദസമിതിയുടെ നിർദ്ദേശങ്ങൾ തേടും എന്ന് മന്ത്രാലയം വ്യക്തമാക്കി.കൊവിഡ്, ഒമിക്രോണ്‍ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വിവാഹം മരണം മറ്റ് പരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നേരത്തെ നിയന്ത്രണം ഏൽപ്പെടുത്തിയിരുന്നു. ഇന്ന് ചേരുന്ന യോഗത്തിൽ കൂടുതൽ നിയന്ത്രണം ഉണ്ടാകുമെങ്കിലും നിയന്ത്രണം കടുപ്പിക്കില്ലെന്നാണ് വിവരമെന്ന് ഉദ്ദ്യോഗസ്ഥർ അറിയിച്ചു. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യത്തെ എല്ലാ ആരോഗ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ അടിയന്തര യോഗത്തിൽ ഇത് സംബന്ധിച്ച് അറിയിപ്പുകൾ നൽകിയിരുന്നു. കൂടാതെ, എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഓൺലൈൻ വഴി കൂടിക്കാഴ്ച നടത്തും.
ജനങ്ങൾ ജാഗ്രത പാലിക്കണം;സംസ്ഥാനത്ത് സമ്പൂർണ്ണ അടച്ചിടൽ ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ്
തിരുവനന്തപുരം:ജനജീവിതത്തെ ബാധിക്കുമെന്നതിനാൽ സംസ്ഥാനത്ത് സമ്പൂർണ്ണ അടച്ചിടൽ ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് നിന്നു വരുന്നവര്‍ക്കുള്ള ക്വാറന്റൈന് മാനദണ്ഡം കേന്ദ്ര നിര്‍ദേശമനുസരിച്ചാണെന്നും മന്ത്രി വ്യക്തമാക്കി.വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ ഹോം ക്വാറന്റൈന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഏഴ് ദിവസമാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. എട്ടാം ദിവസം ആര്.ടി.പി.സി.ആര് പരിശോധന നടത്തും. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് കൂടുതലായി ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിബന്ധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. എട്ടാം ദിവസം വീണ്ടും നെഗറ്റീവായാല്‍ ഇവരും വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം.
ബെംഗളൂരുവിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലു പേര് മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലു പേര് മരിച്ചു.കൊച്ചി തമ്മനം ചന്ദ്രമതി ലെയിന്‍ ചോലയില്‍ വീട്ടില്‍ സ്വദേശിനി കെ.ശില്പ, കോഴിക്കോട് സ്വദേശികളായ ആദര്‍ശ്, ഫാസില്‍ എന്നിവരാണ് മരിച്ചത്. ഒരു യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.ഇവർ സഞ്ചരിച്ച കാറിനു പിന്നിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഒറ്റപ്പാലം അനങ്ങനടി സ്വദേശിനി അപര്‍ണ അരവിന്ദിന്റെ പേരിലുള്ളതാണ് അപകടത്തിൽപ്പെട്ട കാർ. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഇലക്ട്രോണിക് സിറ്റിക്ക് സമീപമാണ് സംഭവം.ബൊമ്മനഹള്ളിയില്‍ താമസിക്കുന്ന ഇവര്‍ കെംഗേരിയിലേക്കു പോകുന്ന വഴി തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി കാറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച കാര്‍ മറ്റു വാഹനങ്ങളിലും ചെന്നിടിച്ചു. മൂന്ന് ലോറികളും അഞ്ച് കാറുകളും അപകടത്തില്‍ പെട്ടു. ആറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.