സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണം ആരംഭിച്ചു

keralanews free uniform distribution to schools in the state started

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണം ആരംഭിച്ചു.മന്ത്രി ഇ പി ജയരാജന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഹാന്‍വീവും ഹാന്‍ടെക്സുമാണ് യൂണിഫോമിനാവശ്യമായ തുണികള്‍ വിതരണം ചെയ്യുന്നത്.ഡിപിഐ കണക്ക് പ്രകാരം സംസ്ഥാനത്ത് ആകെ 37,32,578.2 മീറ്റര്‍ തുണിയാണ് സൗജന്യ യൂണിഫോം വിതരണത്തിനായി ആവശ്യമുള്ളത്.കേരളത്തിലെ കൈത്തറി സഹകരണ സംഘങ്ങള്‍ ഉല്‍പാദിപ്പിച്ച തുണികള്‍ മുഴുവനും ശേഖരിച്ച്‌ ഈ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യും. മെയ് പകുതിയോടെ യൂണിഫോം വിതരണം പൂര്‍ത്തിയാക്കാനാണ് സ്ഥാപനങ്ങള്‍ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളില്‍ ഹാന്‍ടെക്സും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ ഹാന്‍വീവുമാണ് യൂണിഫോം തുണികള്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം മികച്ചതാക്കുന്നതോടൊപ്പം പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിച്ച്‌ തൊഴിലാളികള്‍ക്ക് മികച്ച ജീവിത സാഹചര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സൗജന്യ യൂണിഫോം പദ്ധതി ഒരുക്കിയത്.

കുറ്റം ചുമത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കോടതി;നടി അക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

keralanews high court criticism against govt in actress attack case

കൊച്ചി:നടി അക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പ്രതിക്കെതിരെ കുറ്റം ചുമത്തില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. കുറ്റം ചുമത്തണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കുന്നത് കോടതിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.കേസില്‍ സര്‍ക്കാരും പ്രതി ഭാഗവും തമ്മില്‍ ധാരനയിലായതായും സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ തീരുമാനമാകും വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ല എന്നും കഴിഞ്ഞ ദിവസം സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കേസില്‍ തനിക്കെതിരെ വിജാരണ കോടതി കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.വിചാരണ കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് കുറ്റം ചുമത്തുന്ന നടപടികള്‍ തടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും സുപ്രീം കോടതിയിലെത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനമെടുക്കും വരെ കുറ്റം ചുമത്തരുതെന്നാണ് ദിലീപിന്റെ വാദം. അതിനെ സഹായിക്കും വിധമുള്ള വാദമാണ് സര്‍ക്കാരും സുപ്രീംകോടതിയില്‍ ഉന്നയിച്ചതെന്നാണ് ആക്ഷപം.ദൃശ്യങ്ങള്‍ നടന് കൈമാറിയാല്‍ ആക്രമിക്കപ്പെട്ട നടിക്ക് സ്വതന്ത്രമായി കോടതിയില്‍ മൊഴി നല്‍കാന്‍ സാധിക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. മെമ്മറികാര്‍ഡ് സുപ്രധാന രേഖയാണെന്നും പ്രതിയെന്ന നിലയില്‍ അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം.

എം പാനൽ ഡ്രൈവർമാരുടെ പിരിച്ചുവിടൽ; കെഎസ്ആർടിസി സുപ്രീം കോടതിയിൽ അപ്പീൽ നൽകും

keralanews dismissal of m panal drivers ksrtc will approach supreme court

തിരുവനന്തപുരം: താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്‌ആര്‍ടിസി അപ്പീല്‍ നല്‍കും.ഉത്തരവിനെതിരെ സുപ്രീംകോടതി സമീപിക്കാനാണ് തീരുമാനം. അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച്‌ നടപടി സ്വീകരിക്കാന്‍ കെഎസ്‌ആര്‍ടിസി എം ഡി യെ ചുമതലപ്പെടുത്തി.1565 താല്‍ക്കാലിക ഡ്രൈവര്‍മാരെ  പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഈ മാസം 30 നകം ഉത്തരവ് നടപ്പാക്കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.എം പാനല്‍ ഡ്രൈവർമാരെ ഒഴിവാക്കുന്നതിനെ തുടര്‍ന്നുള്ള ഒഴിവിലേക്ക്, നിലവിലെ പി എസ് സി പട്ടികയില്‍ നിന്നും നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു. 2455 പേര്‍ നിലവില്‍ പിഎസ് സി പട്ടികയിലുണ്ട്. ഇവര്‍ക്ക് അഡ്വൈസ് മെമ്മോ അയക്കാനും കോടതി നിര്‍ദേശിച്ചു. ഇത്രയും ഡ്രൈവര്‍മാരെ ഒന്നിച്ച പരിച്ചുവിടുന്നത് വലിയ പ്രതിസനിധിയുണ്ടാക്കുമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ വിലയിരുത്തല്‍.

അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു

keralanews km manis dead body will kept for public vision in kottayam

കോട്ടയം:അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയുടെ മൃതദേഹം കോട്ടയത്ത് പൊതുദര്‍ശനത്തിന് വെച്ചു.ബുധനാഴ്ച്ച രാവിലെ കെഎം മാണിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര എറണാകുളത്തുനിന്നും കോട്ടയത്തേക്ക് തിരിക്കും. ഉച്ചയ്ക്ക് 12ന് കോട്ടയത്തെ കേരള കോണ്‍ഗ്രസ് സംസ്ഥാന ഓഫിസിലും 12.30ന് തിരുനക്കര മൈതാനിയിലും 4.30ന് പാലാ ടൗണ്‍ ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.വൈകിട്ട് ആറു മണിയോടെ മൃതദേഹം പാലായിലെ വസതിയില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയിലാണു സംസ്‌കാരം. ചൊവ്വാഴ്ച്ച വൈകിട്ട് അ‍ഞ്ചോടെയാണ്‌ മാണി അന്തരിച്ചത്‌.ശ്വാസകോശരോഗത്തെ തുടര്‍ന്ന്‌ ചികില്‍ത്സയിലായിരുന്നു കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മാണി.

ലോക്സഭാ തിരഞ്ഞെടുപ്പ്;ആദ്യഘട്ട വോട്ടെടുപ്പ് നാളെ

keralanews loksabha election first phase of polling begins tomorrow

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കും.ആന്ധ്രാപ്രദേശ്, തെലുങ്കാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളും ആദ്യഘട്ടത്തില്‍ വിധയെഴുതും. അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറം, സിക്കിം, നാഗാലന്‍ഡ് തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ആദ്യ ഘട്ടത്തിലാണ് പോളിംഗ്.മഹാരാഷ്ട്രയിലെ ഏഴും ഉത്തര്‍പ്രദേശിലെ എട്ടും ബിഹാറിലെയും ഒഡീഷയിലെയും നാലും പശ്ചിമ ബംഗാളിലെ രണ്ടു മണ്ഡലങ്ങളിലും ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും നാളെ തന്നെയാണ്.

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എയും അഞ്ച് പൊലീസുകാരും കൊല്ലപ്പെട്ടു

keralanews bjp mla and five policemen killed in maoist attack in chhatisgarh

ന്യൂഡൽഹി:ഛത്തീസ്ഗഡിൽ  മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എയും അഞ്ച് പൊലീസുകാരും കൊല്ലപ്പെട്ടു.ദണ്ഡേവാഡയില്‍ ബിജെപി വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ആക്രമണമുണ്ടായത്.കിരണ്‍ദുലില്‍ നടന്ന ബിജെപി മഹിള മോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു എംഎല്‍എ ഉള്‍പ്പെടുന്ന സംഘം.വഴിമധ്യേ സ്ഥാപിച്ച കുഴിബോംബ് ഉപയോഗിച്ച് സ്ഫോടനം നടത്തി വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു മാവോയിസറ്റ് സംഘം. ദന്തേവാഡയില്‍ സി.ആര്‍.പി.എഫും മാവോയിസറ്റുകളും തമ്മിലുള്ള ആക്രമണം രൂക്ഷമായി തുടരുകയാണ്.ദണ്ഡേവാഡ ഉൾപ്പെട്ട ബസ്തർ ലോക്സഭാമണ്ഡലത്തിൽ നാളെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.2013 മേയിൽ ബസ്തറിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് മഹേന്ദ്ര കർമ്മ,മുൻ കേന്ദ്രമന്ത്രി വി.സി ശുക്ല എന്നിവരുൾപ്പെടെ 27 പേർ കൊല്ലപ്പെട്ടിരുന്നു.

വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ അതികായൻ

keralanews mani the strogest personality in kerala politics

കൊച്ചി:കേരളാ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാൻ ശേഷിയുള്ള നേതാക്കളിലൊരാളാണ് വിടവാങ്ങിയ കെ.എം മാണി.1965 മുതൽ കേരളാ നിയമസഭയിൽ സാന്നിധ്യമായിരുന്ന കെ.എം മാണി കേരളത്തിലെ 10 മന്ത്രിസഭകളിൽ അംഗമായിരുന്നു. പ്രവര്‍ത്തിച്ച മേഖലയിലെല്ലാം അപ്രമാദിത്തം പുലര്‍ത്താന്‍ കഴിഞ്ഞ നേതാവായിരുന്നു അദ്ദേഹം. കോട്ടയം മീനച്ചല്‍ താലൂക്കില്‍ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ച കരിങ്ങോഴക്കല്‍ മാണിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത് മരങ്ങാട്ടുപള്ളി പഞ്ചായത്തില്‍ നിന്നാണ്. പാലായിലെ കോളജില്‍ നിന്ന് ബിരുദമെടുത്ത ശേഷം മദ്രാസില്‍ നിന്ന് നിയമ പഠനം പൂര്‍ത്തിയാക്കി കോഴിക്കോട്ട് അഭിഭാഷകനായി ജോലി നോക്കി.1959 ല്‍ കെ.പി.സി.സി യില്‍ അംഗമായി.1964 മുതല്‍ കേരള കോണ്‍ഗ്രസിലെത്തി.1975 ലെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആദ്യമായി മന്ത്രിയായി. ഏറ്റവുമധികം തവണ (13പ്രാവശ്യം) ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോഡ് മാണിയുടെ പേരിലാണ്. ഏറ്റവുമധികം കാലം മന്ത്രിയായിരുന്നതിന്റെ റെക്കോഡും അദ്ദേഹത്തിനാണ്.

ഇന്ന് കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ ഒന്‍പത് മണിയോടെ കൊച്ചിയില്‍ നിന്നും കോട്ടയത്തേക്ക് കൊണ്ടു വരും. പതിനൊന്ന് മണി മുതല്‍ കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയക്കുന്ന മൃതദേഹം അവിടെ നിന്നും വിലാപയാത്രയായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടു വരും. വൈകുന്നേരം വരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം അവിടെ നിന്നും അയ്യര്‍കുന്ന് വഴി പാലായില്‍ എത്തിക്കും. വ്യാഴാഴ്ച്ച വൈകിട്ട് രണ്ട് മണിവരെ മാണിയുടെ പാലായിലെ കരിങ്ങോഴക്കല്‍ വീട്ടില്‍ ഭൗതിക മൃതദേഹം പൊതുദര്‍ശനത്തിനായി വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്ന് മണിക്ക് പാലാ കത്തീഡ്രല്‍ ചര്‍ച്ചിലാവും മാണിയുടെ സംസ്കാരചടങ്ങുകള്‍ നടക്കുക.

കെ.എം മാണി അന്തരിച്ചു

keralanews km mani passes away

കൊച്ചി:മുൻ മന്ത്രിയും കേരളാ കോൺഗ്രസ് എം നേതാവുമായ കെ.എം മാണി(86) അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായെങ്കിലും പിന്നീട് നില വഷളാവുകയായിരുന്നു. അസുഖത്തെ തുടർന്ന് കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകിട്ട് അഞ്ചു മണിയോട് കൂടിയാണ് മരണം സംഭവിച്ചത്.മൃതദേഹം ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റും. നാളെ കോട്ടയത്ത് പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം പാലായിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രലില്‍ കെഎം മാണിയുടെ സംസ്‌ക്കാരം നടക്കും.ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് മുന്‍പും അദ്ദേഹത്തെ ഒരു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് രോഗം വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയിലെത്തിച്ചത്. രണ്ട് വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രിയില്‍ നിന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വൈകിട്ട് മൂന്ന് മണിയോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില വീണ്ടും വഷളാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.മരണ സമയത്ത് ഭാര്യ കുട്ടിയമ്മ, മകന്‍ ജോസ് കെ മാണി, പേരക്കുട്ടികള്‍ എന്നിവര്‍ മാണിയുടെ സമീപത്തുണ്ടായിരുന്നു. ജോസ് കെ മാണിയെ കൂടാതെ എല്‍സമ്മ, ആനി, സ്മിത, ടെസ്സി, സാലി എന്നിവരും കെഎം മാണിയുടെ മക്കളാണ്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരായുള്ള കുറ്റപത്രം നാളെ സമർപ്പിക്കും

keralanews nun rape case chargesheet against franco mulakkal will be submitted tomorrow

കോട്ടയം:കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം നല്‍കും.നാളെ പാല കോടതിയിലാണ് ‍ കുറ്റപത്രം സമര്‍പ്പിക്കുക. ബലാത്സംഗത്തിന് പുറമേ ഭീഷണിപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകളും ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുണ്ട്. ഫ്രാങ്കോ മുളക്കല്‍ മാത്രം പ്രതിയായ കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കം 83 സാക്ഷികളാണുള്ളത്.10 പേരുടെ രഹസ്യമൊഴിയും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. രഹസ്യമൊഴിയെടുത്ത 7 ജഡ്ജിമാരെയും സാക്ഷികളാക്കിയിട്ടുണ്ട്. കുറ്റം തെളിയിക്കുന്ന 101 രേഖകളും കുറ്റപത്രത്തോടൊപ്പം ഉണ്ട്.നാളെ പാല കോടതിയിലാണ് ‍ കുറ്റപത്രം സമര്‍പ്പിക്കുക.അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, മേലധികാരം ഉപയോഗിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, അന്യായമായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്ന വകുപ്പുകളാണ് ഫ്രാങ്കോ മുളക്കലിന് മേല്‍ പൊലീസ് ചുമത്തിയിരിക്കുന്നത്. ജീവിതകാലം മുഴുവനോ 10 വര്‍ഷത്തിലധികമോ ജയില്‍വാസം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവയെല്ലാം.ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് അഞ്ച് മാസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. ഒരു മാസം മുന്‍പ് കുറ്റപത്രം തയ്യാറായിരുന്നുവെങ്കിലും ചില തിരുത്തുകള്‍ പ്രോസിക്യൂട്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ഡി.ജി.പിയുടെ പരിഗണനയ്ക്ക് വിട്ട കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മുന്‍പാണ് ഡി.ജി.പി അനുമതി നല്‍കിയത്.

കെഎസ്ആർടിസിയിലെ കൂട്ടപ്പിരിച്ചുവിടൽ;തുടർ നടപടികൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം നാളെ ചേരും

keralanews group dismissal in ksrtc high level meeting will be convened to discuss further steps

കൊച്ചി:കെഎസ്ആർടിസി എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം നാളെ ചേരും.വിഷയത്തിൽ നിയമോപദേശം തേടാൻ എംഡിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അതിനു ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ എന്നും ഗതാഗതമന്ത്രി പറഞ്ഞു.ഇത്രയധികം ഡ്രൈവർമാരെ ഒരുമിച്ച് പിരിച്ചുവിടുന്നത് കെഎസ്ആർടിസിയിൽ പ്രതിസന്ധി ഉണ്ടാക്കുമെന്നും സർവീസ് മുടങ്ങുന്നത് ജനങ്ങളുടെ അതൃപ്തിക്ക് ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു.ഇപ്പോള്‍ സര്‍വീസിലുള്ള എല്ലാ എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്നാണ് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടത്. പിഎസ്‍സി ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്. ഡിവിഷന്‍ ബഞ്ചിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കെഎസ്‌ആര്‍ടിസിയിലെ 1565 എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണ്ടി വരും. ഈ മാസം 30-നകം പിരിച്ചുവിടല്‍ നടപടി പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു. 2455 ഒഴിവുകളില്‍ പിഎസ്‍സി റാങ്ക് ലിസ്റ്റില്‍ ഉള്ളവരെ നിയമിക്കണം. ഇവരെ നിയമിക്കാനുള്ള അഡ്വൈസ് മെമ്മോ എത്രയും പെട്ടെന്ന് നല്‍കണമെന്നും  ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.