ശ്രീകണ്ഠപുരം: കണിയാർവയലിൽ സൂപ്പര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് വന്‍തോതില്‍ പാന്‍മസാല ഉല്‍പന്നങ്ങള്‍ വിൽപ്പന നടത്തിയ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു.സി.എച്ച് നഗറിലെ ഞാറ്റുവയല്‍ പുതിയപുരയില്‍ അബൂബക്കറിനെയാണ് (42) ശ്രീകണ്ഠപുരം എസ്.ഐ. സുബീഷ്‌മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കണിയാര്‍വയല്‍ -മലപ്പട്ടം റോഡരികിലെ മലബാര്‍ സൂപ്പര്‍ മാർക്കറ്റ് നടത്തിപ്പുകാരനാണ് ഇയാൾ.റിപ്പബ്ലിക് ദിനത്തിൽ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചുവെച്ച 607 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടിച്ചെടുത്തത്.എ.എസ്.ഐ സജിമോന്‍, സി.പി.ഒ ശിവപ്രസാദ്, ഡ്രൈവര്‍ നവാസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. വ്യാപകമായി പാൻമസാലകൾ എത്തിച്ച് പലർക്കും വില്ക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ്:ഫോണ്‍ കൈമാറാൻ ആശങ്ക എന്തിനെന്ന് ദിലീപിനോട് ഹൈക്കോടതി; ഹരജിയില്‍ നാളെ വീണ്ടും വാദം
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് എന്തുകൊണ്ടാണ് അന്വേഷണ സംഘത്തിന് ഫോൺ കൈമാറാത്തതെന്തെന്ന് ഹൈക്കോടതി.കേസില്‍ ഗൂഢാലോചന നടത്തിയ സമയത്തെ ഫോണ്‍ ദിലീപ് അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.കേസ് അന്വേഷണത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാക്കണമെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.ഫോൺ ഹാജരാക്കാതിരിക്കുന്നത് ശരിയായ നടപടിയല്ലെന്നും നടനെതിരായ ആരോപണം ഗൗരവതരമാണെന്നും കോടതി പറഞ്ഞു. നിജസ്ഥിതി കണ്ടെത്തേണ്ടത് അന്വേഷണ സംഘത്തിന്റെ ചുമതലയാണ്. അതിനാലാണ് അവർ ഫോൺ ചോദിക്കുന്നതെന്നും അന്വേഷിക്കരുതെന്ന് പറയാൻ പ്രതിഭാഗത്തിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.അതേസമയം ഗൂഢാലോചന നടന്നുവെന്ന് പറയുന്ന സമയത്തെ ഫോണുകൾ സമർപ്പിച്ചിട്ടുണ്ടെന്നും ഇപ്പോൾ പുതിയ ഫോണാണ് ഉപയോഗിക്കുന്നതെന്നും ദിലീപ് കോടതിയിൽ വിശദീകരിച്ചു.ഫോണ്‍ കൈമാറണമെന്നത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്ന് ദിലീപിനു വേണ്ടി അഭിഭാഷകന്‍ വാദിച്ചു.തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫോണില്‍ ഉണ്ട്.കേസില്‍ തന്റെ നിരപരധിത്വം തെളിയിക്കാന്‍ പറ്റുന്ന വിധത്തിലുള്ള വിവരങ്ങള്‍ ഫോണില്‍ ഉണ്ട്.ഫോണ്‍ കൈമാറിയാല്‍ ഇത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും ദിലീപിനു വേണ്ടി അഭിഭാഷകന്‍ വാദിച്ചു. മൂന്ന് ദിവസം താൻ ചോദ്യം ചെയ്യലിന് ഹാജരായെന്നും ദിലീപ് കോടതിയെ അറിയിച്ചു.ഇരു വിഭാഗത്തിന്റെയും വാദത്തിനൊടുവില്‍കേസിന്റെ വാദം തുടരുന്നത് നാള രാവിലെ 11 മണിയിലേക്ക് കോടതി മാറ്റുകയായിരുന്നു.
ദിലീപ് കേസുമായി സഹകരിക്കുന്നില്ല;അറസ്റ്റിൽ നിന്നുള്ള സംരക്ഷണം പിൻവലിക്കണമെന്ന് പ്രോസിക്യൂഷൻ, ജാമ്യഹർജി ഹൈക്കോടതി ഇന്ന് ഉച്ചയ്‌ക്ക് 1.30 ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ ഇന്ന് ഉച്ചയ്‌ക്ക് പരിഗണിക്കും. ദിലീപ് കേസുമായി സഹകരിക്കുന്നില്ലെന്നും പ്രധാന തെളിവായ മൊബൈൽ ഫോൺ കോടതിയിൽ ഹാജരാക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.കേസുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയിലാണ് അടിയന്തരമായി കേസ് പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.കഴിഞ്ഞ ദിവസം പരിഗണിക്കാനെടുത്ത കേസ് പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരമാണ് അടുത്ത ബുധനാഴ്ചത്തേക്ക് കോടതി മാറ്റിയത്. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, വളരെ നാടകീയമായിട്ടാണ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ദിലീപിനെതിരെ പുതിയ തെളിവുകള്‍ കിട്ടിയ സാഹചര്യത്തിലാണ് കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയിലെത്തിയത്. പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടും. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഫോണുകൾ മാറ്റി. പുതിയ ഫോണുകളിൽ അന്വേഷണത്തിന് സഹായകമാവുന്ന തെളിവുകളില്ല. പ്രതികൾ തെളിവ് നശിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇവർക്ക് നൽകിയിരിക്കുന്ന അറസ്റ്റിൽ നിന്നുള്ള സംരക്ഷണം പിൻവലിക്കണം എന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടുന്നു.
തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ആരാധനാലയങ്ങള്‍ക്ക് ഏര്‍പെടുത്തിയിരുന്ന നിയന്ത്രണം നീക്കി; രാത്രി കര്‍ഫ്യൂ-ഞായറാഴ്ച ലോക് ഡൗണ്‍ ഒഴിവാക്കി
ചെന്നൈ:കോവിഡ് കേസുകള്‍ കുറഞ്ഞു തുടങ്ങിയ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു.ആരാധനാലയങ്ങള്‍ക്ക് ഏര്‍പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കി. നിലവില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ക്ഷേത്രങ്ങളിലും പള്ളികളിലും പ്രവേശനം അനുവദിച്ചിരുന്നില്ല. വെള്ളിയാഴ്ച മുതല്‍ ഈ നിയന്ത്രണവും നീക്കി.രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക് ഡൗണും ഒഴിവാക്കിയിട്ടുണ്ട്.ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം പൊതുയോഗങ്ങള്‍ക്കും ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ തുടരും. ഹോട്ടലുകളിലും തീയേറ്ററുകളിലും ഒരു സമയം 50 ശതമാനം പേരെന്ന നിയന്ത്രണവും തുടരും. തുടര്‍ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതോടെയാണ് തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത്. 10, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുള്ള പൊതുപരീക്ഷ ഇത്തവണ ഒഴിവാക്കില്ലെന്നു സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ട്രാക്ക് മാറുന്നതിനിടെ ആലുവയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി;നാല് ട്രെയിനുകൾ റദ്ദാക്കി
കൊച്ചി: ട്രാക്ക് മാറുന്നതിനിടെ ആലുവയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി.സിമന്റുമായെത്തിയ ട്രെയിനാണ് പാളം തെറ്റിയത്.മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ ആളപായമില്ല.അവസാനത്തെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. പെരിയാറിന് കുറുകെയുള്ള പാലം പിന്നിട്ട് പ്രധാന ട്രാക്കിൽ നിന്ന് ഗുഡ്സ് ഷെഡ് ട്രാക്കിലേക്ക് മാറുകയായിരുന്നു. തൃശൂർ ഭാഗത്ത് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്.സംഭവത്തെ തുടർന്ന് എറണാകുളം-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. വിവിധ സ്‌റ്റേഷനുകളിലായി ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു. നിലവിൽ നാല് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. കണ്ണൂർ ഇൻറർസിറ്റി, ഗുരുവായൂർ-തിരുവനന്തരം, പുനലൂർ-ഗുരുവായൂർ, നിലമ്പൂർ-കോട്ടയം തീവണ്ടികളാണ് റദ്ദാക്കിയത്.
കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളെ ബംഗളൂരുവിൽ കണ്ടെത്തി;കൂടെ രണ്ട് ആൺകുട്ടികളും
ബംഗളൂരു : കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളെ ബംഗളൂരുവിൽ കണ്ടെത്തി. ബംഗളൂരു മടിവാളയിലെ ഹോട്ടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ കൂടെ രണ്ട് ആൺകുട്ടികളും ഉണ്ടായിരുന്നു. ഒരാളെ പോലീസിൽ ഏൽപ്പിച്ചു. ബാക്കി അഞ്ച് പെൺകുട്ടികളും പോലീസ് എത്തുമ്പോഴേക്കും രക്ഷപ്പെട്ടുവെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു.ബുധനാഴ്ച വൈകീട്ട് നാല് മണി മുതലാണ് പെൺകുട്ടികളെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ ബംഗളൂരുവിൽ എത്തിയതായി കണ്ടെത്തി. മടിവാളയിൽ മലയാളികൾ നടത്തുന്ന സീപേൾ എന്ന ഹോട്ടലിലാണ് പെൺകുട്ടികൾ മുറിയെടുക്കാൻ എത്തിയത്.ഇവരുടെ കൂടെ രണ്ട് ആൺകുട്ടികളും ഉണ്ടായിരുന്നതായി ഹോട്ടൽ ജീവനക്കാർ പറയുന്നു. മാദ്ധ്യമ വാർത്തകൾ കണ്ട ഹോട്ടൽ ജീവനക്കാർ പെൺകുട്ടികളോട് തിരിച്ചറിയൽ കാർഡ് ചോദിച്ചു. എന്നാൽ ഇതില്ലെന്ന് കണ്ടെത്തിയതോടെയാണ് ഇവർക്ക് സംശയം തോന്നിയത്. തുടർന്ന് പെൺകുട്ടികളെ അവിടെ തടഞ്ഞ് വെച്ചു. എന്നാൽ പോലീസിൽ എത്തിയപ്പോഴേക്കും അഞ്ച് പെൺകുട്ടികൾ രക്ഷപ്പെട്ടുവെന്നാണ് വിവരം. ഒരാളെ പോലീസിൽ ഏൽപ്പിച്ചു. മടിവാള പോലീസും ഇത് സ്ഥിരീകരിച്ചു.പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള ആറ് കുട്ടികളെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്നാണ് കാണാതായത്. റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തതിന് ശേഷം കുട്ടികൾ അടുക്കളഭാഗം വഴി പുറത്തേക്ക് കടന്നതായാണ് നിഗമനം. അടുക്കളക്കെട്ടിടത്തിന് മുകളിൽ കോണിവെച്ചാണ് താഴേക്ക് ഇറങ്ങിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ചേവായൂർ പോലീസിൽ പരാതി ലഭിച്ചത്.പെൺകുട്ടികളുടെ കൂടെ ഉണ്ടായിരുന്ന രണ്ട് ആൺകുട്ടികളേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ട്രെയിനിൽവെച്ച് പരിചയപ്പെട്ട യുവാക്കളാണെന്നാണ് പെൺകുട്ടികൾ മൊഴി നൽകിയിരിക്കുന്നത്.
വയനാട്ടിൽ ഒന്നരക്കോടി രൂപയുടെ കുഴൽപ്പണവേട്ട; കോഴിക്കോട് സ്വദേശികളായ രണ്ടുപേർ പിടിയിൽ
വയനാട്: സുൽത്താൻ ബത്തേരിയിൽ വൻ കുഴൽപ്പണവേട്ട. ബെംഗളൂരുവിൽ നിന്നെത്തിയ പച്ചക്കറി വാഹനത്തിൽ ഒന്നരക്കോടിയിലേറെ രൂപ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് പിടികൂടി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ആറ്റകോയ, മുസ്തഫ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലായത്. സുൽത്താൻ ബത്തേരി പൊൻകുഴിയിൽ സംസ്ഥാനാതിർത്തിക്ക് സമീപത്തായിരുന്നു സംഭവം. ബെംഗളൂരു ഭാഗത്ത് നിന്ന് പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനിൽ, ഡ്രൈവറുടെ സീറ്റിനടുത്തെ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. പണത്തിന്റെ ഉറവിടം, ആർക്കൊക്കെ നൽകാനാണ് പണം കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്ന് പോലീസ് അറിയിച്ചു.മതിയായ രേഖകളില്ലാതെ കൈവശം വെച്ച 1 കോടി 73 ലക്ഷം രൂപയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും സുൽത്താൻ ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
മതവിദ്വേഷ പ്രസംഗം നടത്തി;കണ്ണൂരിൽ വൈദികനെതിരെ കേസ്
കണ്ണൂർ: മണിക്കല്ലിൽ വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ പൊലീസ് കേസ് എടുത്തു. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദർ ആന്റണി തറെക്കടവിലിനെതിരെയാണ് കേസ്. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ്. സംഭവത്തിൽ ഉളിക്കൽ പോലീസാണ് കേസെടുത്തത്. മണിക്കടവ് സെന്റ് തോമസ് ചർച്ചിലെ പെരുന്നാൾ പ്രഭാഷണത്തിനിടെ ആയിരുന്നു വിദ്വേഷ പ്രസംഗം.ഹലാൽ ഭക്ഷണത്തിനും മതപരിവർത്തനത്തിനുമെതിരെ ഫാ. ആന്റണി തറെക്കടവിൽ സംസാരിച്ചത് വിവാദമാകുകയായിരുന്നു. മണിക്കടവ് സെന്റ് തോമസ് പള്ളിയിൽ കുട്ടികൾക്ക് മതപഠനം നടത്തുന്നയാളാണ് ഫാദർ.
പരിശോധിക്കുന്നവയിൽ 94 ശതമാനവും ഒമിക്രോൺ; സംസ്ഥാനത്ത് മൂന്നാം തരംഗം ഒമിക്രോൺ തരംഗമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓമിക്രോണ്‍ തരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.പരിശോധിക്കുന്ന സാമ്പിളുകളിൽ 94 ശതമാനവും ഒമിക്രോൺ ആണെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ കൊറോണ മൂന്നാം തരംഗം ഒമിക്രോൺ തരംഗമാണെന്ന ആശങ്ക മന്ത്രി ചൂണ്ടിക്കാട്ടി. സാമ്പിളുകളിൽ 6 ശതമാനം മാത്രമാണ് ഡെൽറ്റ വകഭേദം സ്ഥിരീകരിക്കുന്നത്.3.6 ശതമാനം രോഗികള്‍ മാത്രമാണ് ആശുപത്രികളില്‍ എത്തുന്നത്. കോവിഡ് രോഗികളുടെ ഐസിയു ഉപയോഗം രണ്ടുശതമാനം കുറഞ്ഞതായും മന്ത്രി പറഞ്ഞു.വെന്റിലേറ്റര്‍ ഉപയോഗത്തിലും കുറവ് വന്നു. ഗൃഹപരിചരണത്തിലുള്ള രോഗികളെ മൂന്നായി തിരിക്കും. സാധാരണ ലക്ഷണമുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. മൂന്നുദിവസത്തിനുള്ളില്‍ ലക്ഷണങ്ങളില്‍ കുറവില്ലെങ്കില്‍ ആശുപത്രി ചികിത്സ തേടണം. ഗുരുതര രോഗമുള്ളവരും ആശുപത്രി സേവനം തേടണം.വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം കൂടും. രോഗികള്‍ കൂടുന്നതനുസരിച്ച് ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങളും കൂട്ടും. അതിന് ആരോഗ്യവകുപ്പ് സജ്ജമാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിങ് സെല്‍ ആരംഭിച്ചിട്ടുണ്ട്. മോണിറ്ററിങ് സെല്‍ നമ്പർ: 0471-2518584
കൊറോണ; സംസ്ഥാനത്ത് ഇന്ന് അരലക്ഷത്തിന് മുകളിൽ രോഗികൾ; 42,653 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 51,739 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂർ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂർ 2152, പത്തനംതിട്ട 2063, ഇടുക്കി 1986, വയനാട് 1344, കാസർകോട് 1029 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,003 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 57 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 85 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,434 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 237 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 47,490 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3548 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 464 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 42,653 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 5814, കൊല്ലം 2940, പത്തനംതിട്ട 548, ആലപ്പുഴ 1264, കോട്ടയം 3275, ഇടുക്കി 616, എറണാകുളം 12,102, തൃശൂർ 4989, പാലക്കാട് 1895, മലപ്പുറം 1897, കോഴിക്കോട് 4012, വയനാട് 810, കണ്ണൂർ 1973, കാസർകോട് 517 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 3,09,489 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.