പ്രതിയുടെ സഹോദരിയില്‍ നിന്ന് ലഭിച്ച എടിഎം കാര്‍ഡിലൂടെ പണം തട്ടിയെടുത്തതിന് എസ്പി പിരിച്ച്‌ വിട്ട പൊലീസുകാരനെ തിരിച്ചെടുത്ത് ഡിഐജി

keralanews d i g recalls policeman suspended by s p for stealing money through a t m card obtained from the accuseds sister

കണ്ണൂർ: പ്രതിയുടെ സഹോദരിയില്‍ നിന്ന് ലഭിച്ച എടിഎം കാര്‍ഡിലൂടെ പണം തട്ടിയെടുത്തതിന് എസ്പി പിരിച്ച്‌ വിട്ട പൊലീസുകാരനെ തിരിച്ചെടുത്ത് ഡിഐജി.തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ആയിരുന്ന ഇ.എൻ. ശ്രീകാന്തിനെയാണ് തിരിച്ചെടുത്തത്. പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡിഐജിയുടെ പുതിയ ഉത്തരവ്.ശ്രീകാന്തിന്റെ അപേക്ഷ പരിഗണിച്ച് രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. ശ്രീകാന്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി ബോധ്യമാകുന്നുണ്ടെന്നും എന്നാൽ സേനയിൽ തുടരാൻ അവസരം നൽകാവുന്നതായും കാണുന്നുണ്ട്. വരുംകാല വാർഷിക വേതന വർധനവ് മൂന്ന് വർഷത്തേക്ക് തടഞ്ഞുവെച്ചുകൊണ്ട് സേവനത്തിലേക്ക് തിരച്ചെടുക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്.2021 ഏപ്രിലില്‍ പുളിപ്പറമ്പ്  സ്വദേശിനിയായ യുവതിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് ശ്രീകാന്ത് 50000ത്തോളം രൂപ പലതവണകളായി അപഹരിച്ചതായി പരാതി ഉയര്‍ന്നത്.യുവതിയുടെ സഹോദരന്‍ ഗോകുല്‍ കവര്‍ച്ച നടത്തിയ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പിന്‍വലിച്ച പണം സഹോദരിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതാണ് ശ്രീകാന്ത് അപഹരിച്ചതായി പരാതി ഉയര്‍ന്നത്.അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് ശ്രീകാന്ത്, ഗോകുലിന്റെ സഹോദരിയിൽ നിന്ന് എടിഎം കാർഡിന്റെ പിൻ നമ്പർ വാങ്ങിയത്. ആദ്യം 9500 രൂപ പിൻവലിക്കുകയും , ബാക്കി തുക കൊണ്ട് സാധനങ്ങൾ വാങ്ങിയതായും കണ്ടെത്തുകയായിരുന്നു.പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ഗോകുലിന്റെ സഹോദരി തളിപ്പറമ്പ് ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. തുടർന്ന് ശ്രീകാന്തിനെ സസ്‌പെൻഡ് ചെയ്തു. പിന്നാലെയാണ് സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്.

ഗൂഢാലോചനക്കേസ്; ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം ഇന്നും തുടരും

keralanews conspiracy case argument on dileeps bail plea continues today

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റെ വാദം ഇന്ന്. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ ഉറച്ച്‌ നില്‍ക്കുകയാണ്. ഉച്ചയ്‌ക്ക് 1.45നാണ് പ്രോസിക്യൂഷൻ വാദം തുടരുക. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്ന് ദിലീപ് ഇന്നലെ ഹൈക്കോടതിയിൽ വാദിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ കത്ത് പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 2017 ലെ നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കാൻ സാധിക്കില്ലെന്ന് മനസിലായതോടെ അന്വേഷണം സംഘം കെട്ടിച്ചമച്ചതാണ് ഈ ഗൂഢാലോചന കേസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിലില്ലാത്ത പല കാര്യങ്ങളും എഫ്ഐആറിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. പോലീസുകാരുടെ പേരും എഫ്ഐആറിൽ കൂട്ടിച്ചേർത്തു. ബാലചന്ദ്രകുമാറിന്റെ മൊഴി കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസിന് കേസ് എടുക്കാന്‍ കഴിയില്ലേയെന്ന് കോടതി ചോദിച്ചു. 2017 ലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടതല്ല, ഇത് മറ്റൊരു കേസായി പരിഗണിക്കാവുന്നതാണെന്നുമായിരുന്നു കോടതിയുടെ മറുപടി. കേസില്‍ ഗൂഢാലോചന നടത്തിയത് ബാലചന്ദ്രകുമാറാണെന്നും ആ മൊഴി വിശ്വസിക്കരുതെന്നും പ്രതിഭാഗം പറഞ്ഞു.നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ കൊല്ലാൻ ദിലീപ് അനൂപിന് നിർദ്ദേശം നൽകുന്നതിന്റെ റെക്കോർഡ് തന്റെ കൈവശമുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ഇന്നലെ വെളിപ്പെടുത്തി. ആ ശബ്ദസന്ദേശം താൻ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ആ ശബ്ദസംഭാഷണം താൻ പുറത്തുവിടുമെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.

പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് 6 പേര്‍ മരിച്ചു;7 പേര്‍ക്ക് പരിക്ക്

keralanews six died and seven injured when building under construction collided in pune

മുംബൈ: പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് 6 പേര്‍ മരിച്ചു.7 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.പൂനെ യര്‍വാദ ശാസ്ത്രി നഗറിലാണ് സംഭവം. ഇതുവരെ 6 മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇനിയും തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. മൃതദേഹങ്ങള്‍ പൂനെയിലെ സലൂണ്‍ ആശുപത്രിയിലേക്ക് മാറ്റി.രാത്രി 11 മണിയോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിലെ വലിയ സ്ലാബ് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടത് തൊഴിലാളികള്‍ ആണ്. ഏഴുപേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി.

കോവിഡ് നിയന്ത്രണം;സംസ്ഥാനത്ത് നിർണായക അവലോകന യോഗം ഇന്ന്

keralanews covid control review meeting today in the state

തിരുവനന്തപുരം:സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്തുന്നതിനായി നിർണായക അവലോകന യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 11 മണിയ്‌ക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്.കൊറോണ വ്യാപനം കുറഞ്ഞ തിരുവനന്തപുരം അടക്കമുള്ള ജില്ലകളെ സി കാറ്റഗറിയിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. ഞായറാഴ്ചകളിലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം തുടരാൻ കഴിഞ്ഞ അവലോകന യോഗത്തിൽ തീരുമാനമായിരുന്നു. ഇതിൽ മാറ്റം ഉണ്ടാകുമോ എന്നും ഇന്ന് അറിയാം. ജില്ലകളെ കാറ്റഗറികളായി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടർന്നേക്കും.നിലവിൽ തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം എന്നീ ജില്ലകളാണ് സി കാറ്റഗറിയിലുള്ളത്. മൂന്നാം തരംഗത്തിൽ ആദ്യമായി ആക്ടീവ് രോഗികളുടെ എണ്ണം ഇന്നലെ കുറഞ്ഞിരുന്നു. അതേസമയം, കേരളത്തിലെ കൊറോണ വ്യാപന കണക്കുകളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക അറിയിച്ചിരുന്നു.

കണ്ണൂർ പാനൂരിൽ സ്വകാര്യ ബസും ക്രെയിനും കൂട്ടിയിടിച്ച് പിഞ്ചു കുട്ടിയടക്കം 6 പേർക്ക് പരിക്ക്

keralanews six persons including a small child injured when private us collided with crane in kannur panoor

കണ്ണൂർ: പാനൂർ പാലക്കൂലിൽ സ്വകാര്യ ബസും, ക്രെയിനും കൂട്ടിയിടിച്ച് പിഞ്ചു കുട്ടിയടക്കം 6 പേർക്ക് പരിക്കേറ്റു. പാലക്കൂൽ കണ്ണൻ പീടികക്കടുത്ത് ഇന്ന് ഉച്ചയ്‌ക്കാണ് അപകടം നടന്നത്. ഇടറോഡിൽ നിന്നും ക്രെയിൻ അപകടകരമായി മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്. തലശ്ശേരി മനേക്കര പൊയിലൂർ റൂട്ടിലോടുന്ന കൃഷ്ണ ബസാണ് അപകടത്തിൽ പെട്ടത്. ക്രെയിനിലിടിച്ച ബസിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ബസ് തൊട്ടടുത്ത് നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപത്തേക്ക് നീങ്ങിയാണ് നിന്നത്.ഓടി കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്. വിവരമറിഞ്ഞ് പാനൂർ പൊലീസും ഉടൻ സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെ തലശേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ഇന്ന് 42,677 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടിപിആർ 37.23 ശതമാനം;50,821 പേർക്ക് രോഗമുക്തി

keralanews 42677 corona cases confirmed in the state today 50821 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 42,677 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂർ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട് 1972, ഇടുക്കി 1710, കണ്ണൂർ 1670, വയനാട് 1504, കാസർഗോഡ് 714 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,610 സാമ്പിളുകളാണ് പരിശോധിച്ചത്. ടിപിആർ 37.23 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 124 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 441 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 56,701 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 202 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 39,118 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2913 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 444 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 50,821 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1971, കൊല്ലം 2722, പത്തനംതിട്ട 5072, ആലപ്പുഴ 2459, കോട്ടയം 4204, ഇടുക്കി 1026, എറണാകുളം 14,478, തൃശൂർ 3912, പാലക്കാട് 2643, മലപ്പുറം 2841, കോഴിക്കോട് 4921, വയനാട് 1374, കണ്ണൂർ 2152, കാസർഗോഡ് 1046 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,69,073 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

ട്രെയിനില്‍ വെച്ച്‌ ഒന്നരവയസ്സുകാരിക്ക് പാമ്പ് കടിയേറ്റു

keralanews one and a half year old girl was bitten by a snake on a train

കൊച്ചി: ട്രെയിനില്‍ വെച്ച്‌ ഒന്നരവയസ്സുകാരിക്ക് പാമ്പ് കടിയേറ്റു. ആലപ്പുഴ എഴുപുന്ന സ്വദേശി സുജിത്തിന്റെ മകള്‍ ഇഷാനിക്കാണ് പാമ്പ് കടിയേറ്റത്. കഴിഞ്ഞ ദിവസം ധന്‍ബാദ് എക്‌സ്പ്രസില്‍ വെച്ചായിരുന്നു സംഭവം. കുടുംബത്തോടൊപ്പം തലശ്ശേരിയിലേക്കുള്ള ട്രെയിന്‍ യാത്രയ്‌ക്കിടെ ആയിരുന്നു സംഭവം. ആദ്യം ഏറനാട് എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന ഇവര്‍ ആലുവയില്‍ ട്രെയില്‍ പാളം തെറ്റിയതോടെ ധന്‍ബാദ് എക്‌സ്പ്രസില്‍ കയറി യാത്ര തുടരുകയായിരുന്നു. ട്രെയിനില്‍ മകള്‍ ഇഷാനി ഓടിക്കളിക്കുകയായിരുന്നു. അതിനിടെയാണ് കുട്ടി ഉറുമ്പു കടിച്ചെന്ന് പറഞ്ഞ് ഓടിയെത്തിയത്. പരിശോധിച്ചപ്പോള്‍ നഴ്‌സായ അച്ഛന്‍ സുജിത്തിന് കുഞ്ഞിന്റെ കാലില്‍ കടിച്ചിരിക്കുന്നത് ഉറുമ്പല്ലെന്ന് ബോധ്യമായി. കുറച്ച്‌ കഴിഞ്ഞപ്പോഴേക്കും കുഞ്ഞിന്റെ കാല് നീര് വെച്ച്‌ തുടങ്ങി.തുടര്‍ന്ന് ഇവര്‍ എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ ഇറങ്ങി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. അതിനിടെ കുട്ടിക്ക് തളര്‍ച്ച അനുഭവപ്പെട്ടിരുന്നു. അണലിയോ അതുപോലുള്ള മറ്റേതെങ്കിലും പാമ്പോ ആണ് കുട്ടിയെ കടിച്ചതെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.സംഭവത്തില്‍ കുട്ടിയുടെ പിതാവ് റെയില്‍വേയ്ക്ക് പരാതി നല്‍കി.നാല് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷം തിങ്കളാഴ്ച കുട്ടി വീട്ടില്‍ തിരികെ എത്തി.

വയനാട് ജില്ലയിൽ​ 2129 മുൻഗണന കാർഡുകൾ തിരിച്ചേൽപിച്ചു

keralanews in wayanad district 2129 priority cards were returned

കൽപറ്റ: ജില്ലയിൽ ഉപഭോക്താക്കൾ അനർഹമായി കൈവശംവെച്ച 2129 മുൻഗണന റേഷൻ കാർഡുകൾ തിരിച്ചേൽപ്പിച്ചു. സർക്കാർ ജീവനക്കാർ അടക്കമുള്ള ഈ ഉപഭോക്താക്കൾ മുൻഗണനേതര കാർഡുകളിലേക്ക് മാറി.മൊത്തം 2,29,858 റേഷൻ കാർഡുടമകളുള്ള ജില്ലയിൽ ഇനിയും അനർഹമായി മുൻഗണനാ കാർഡുകൾ കൈവശംവെക്കുന്നവരുണ്ടെന്ന് സിവിൽ സപ്ലൈസ് അധികൃതർ വ്യക്തമാക്കുന്നു. സുൽത്താൻ ബത്തേരി താലൂക്കിൽനിന്നാണ് കൂടുതൽ അനർഹമായി കൈവശംവെച്ച മുൻഗണന കാർഡുകൾ തിരിച്ചേൽപിച്ചത്. 1074 കാർഡുടമകളാണ് സുൽത്താൻ ബത്തേരിയിൽ ഇതുവരെ മുൻഗണനേതര റേഷൻ കാർഡിലേക്ക് മാറിയത്.

ഞായറാഴ്ച നിയന്ത്രണം; സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ പരീക്ഷയ്ക്കു തടസമുണ്ടാകില്ല;സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി പൊതുഭരണ വകുപ്പ്

keralanews sunday control staff selection commission examination will not be hampered public administration department directs state police chief

തിരുവനന്തപുരം:കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി ആറ് ഞായറാഴ്ച സംസ്ഥാനത്തു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ രാജ്യവ്യാപകമായി നടത്തുന്ന കംബൈൻഡ് ഗ്രാഡുവേറ്റ് ലെവല്‍ പരീക്ഷയെഴുതുന്നവര്‍ക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാര്‍ക്കും യാത്രാ തടസമുണ്ടാകില്ലെന്നു പൊതുഭരണ വകുപ്പ് അറിയിച്ചു.കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുന്നത്.ഉദ്യോഗസ്ഥർക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്ര ചെയ്യുന്നതിന് തടസമാകാത്ത വിധത്തിൽ ക്രമീകരണങ്ങൾ സ്വീകരിക്കാൻ പൊതുഭരണ വകുപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. രാവിലെ 11 മുതൽ 12 വരെയാണ് പരീക്ഷ സമയം, പരീക്ഷയെഴുതുന്ന ഉദ്യോഗാർഥികളുടെ ഇ-അഡ്മിറ്റ് കാർഡ്, ഹാൾ ടിക്കറ്റ്, ജീവനക്കാരുടെ ഓഫീസ്/കോളേജ് തിരിച്ചറിയൽ രേഖ എന്നിവ ഈ ആവശ്യത്തിന് മാത്രമായി യാത്രാ രേഖയായി കണക്കാക്കണമെന്നും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്ന് മാറ്റി

keralanews vava suresh undergoing treatment at kottayam medical college for cobra bite is in good health removed from ventilator

കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി.അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും പുരോഗതി ഉണ്ടായിട്ടുണ്ട്. ഹൃദമിടിപ്പും രക്തസമ്മര്‍ദ്ദവും ഇന്നലെ തന്നെ സാധാരണ നിലയില്‍ എത്തിയിരുന്നു.ഡോക്ടര്‍മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും അദ്ദേഹം സംസാരിച്ചു തുടങ്ങി. ഇന്നും ഭക്ഷണം നല്‍കില്ല, പകരം കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ മരുന്നും ഗ്ലൂക്കോസും ട്രിപ്പായി നല്‍കുന്നത് തുടരും. വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ഇതുവരെ വാവ സുരേഷിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടായതോടെയാണ് വെന്റിലേറ്റര്‍ നീക്കിയത്.അതേസമയം ഇത്തരത്തിലുള്ള ചുരുക്കം ചില രോഗികള്‍ക്കെങ്കിലും വെന്റിലേറ്റര്‍ സഹായം വീണ്ടും ആവശ്യമായിവരാന്‍ സാധ്യത ഉള്ളതിനാല്‍ അദ്ദേഹത്തെ 24 മുതല്‍ 48 മണിക്കൂര്‍വരെ ഐ.സി.യുവില്‍ നീരീക്ഷിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.