തിരുവനന്തപുരം:സംസ്ഥാനത്തെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചും സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിദഗ്ധസംഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.എല്ലാ അന്താരാഷ്ട്ര യാത്രക്കാരും അവരുടെ സ്വന്തം സുരക്ഷയ്ക്കും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കുമായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.കേരളത്തില്‍ വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും കേരളത്തില്‍ താമസിക്കുന്ന കാലയളവ് പരിഗണിക്കാതെ സ്വയം രോഗ നിരീക്ഷണം നടത്തുകയും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതുമാണ്. കൊവിഡ് പരിശോധനാ ഫലത്തിന്റെയടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്.വിമാനത്തിലെ അന്താരാഷ്ട്ര യാത്രക്കാരില്‍ രണ്ട് ശതമാനം പേര്‍ക്ക് റാന്‍ഡം പരിശോധന നടത്തുന്നതാണ്. എയര്‍ലൈന്‍ ജീവനക്കാരാണ് ഇവരെ കണ്ടെത്തി നല്‍കേണ്ടത്. പരിശോധനയുടെ ചെലവ് സംസ്ഥാനം വഹിക്കുന്നതാണ്.കൊവിഡ് പോസിറ്റീവായ എല്ലാ അന്താരാഷ്ട്ര യാത്രക്കാരുടെയും സാമ്ബിളുകള്‍ ജനിതക പരിശോധനയ്ക്കായി അയയ്ക്കും. കൊവിഡ് പോസിറ്റീവായ യാത്രക്കാരുടെ ചികിത്സ നിലവിലുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചെയ്യുന്നതാണ്. എത്തിച്ചേരുന്ന എട്ടാം ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഉപയോഗിച്ച് കോവിഡ് പരിശോധന നടത്തുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉചിതമാണ്.
സ്വര്‍ണക്കടത്ത് കേസിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ശിവശങ്കര്‍;താൻ ഒരു പുസ്തകം എഴുതിയാൽ പലരും ഇവിടെ ഒളിവിൽ പോകേണ്ടി വരും; വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ്.സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എന്‍ഐഎ എത്തിയതിന് പിന്നില്‍ എം ശിവശങ്കറിന്റെ മാസ്റ്റര്‍ ബ്രെയിന്‍ ആണെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് താന്‍ അറിഞ്ഞതായി സ്വപ്ന സുരേഷ് പറഞ്ഞു.ശിവശങ്കറിന്റെ ആത്മകഥയിലൂടെ സ്വപ്നയെ സംബന്ധിച്ചുള്ള പരാമർശങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ശിവശങ്കറിന്റെ ആരോപണങ്ങൾ നിഷേധിച്ച് സ്വപ്‌ന സുരേഷ് രംഗത്തെത്തിയത്. തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ശിവശങ്കറിന് അറിയാമെന്ന് സ്വപ്‌ന പറഞ്ഞു. ഐഫോൺ സംബന്ധിച്ച് ശിവശങ്കർ പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണ്. യൂണിടാക്കിന്റെ നിർദ്ദേശം അനുസരിച്ചാണ് ഫോൺ നൽകിയത്. യൂണിടാക്കിന്റെ എല്ലാ ക്രമക്കേടുകളും ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്‌ന കൂട്ടിച്ചേർത്തു. നയതന്ത്ര ബാഗ് വിട്ടു കിട്ടാന്‍ ഇടപെട്ടില്ലെന്ന ശിവ ശങ്കറിന്റെ പുസ്തകത്തിലെ വാദം തെറ്റാണ്. ബാഗില്‍ എന്തായിരുന്നുവെന്ന് ശിവ ശങ്കറിന് അറിയാമായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ തനിക്ക് അറിയാവുന്നതെല്ലാം ശിവശങ്കറിനും അറിയാമായിരുന്നു. നയതന്ത്ര ബാഗേജില്‍ എന്തെന്ന് അറിയില്ലെന്നും അത് വിട്ടുകിട്ടാന്‍ ഇടപെട്ടില്ലെന്നുമുള്ള ശിവശങ്കറിന്റെ വാദങ്ങള്‍ പച്ചക്കള്ളമാണ്. ലോക്കറില്‍ ഉണ്ടായിരുന്നതെല്ലാം കമ്മീഷന്‍ പണമായിരുന്നു. ലോക്കര്‍ ആരുടേതെന്ന് ലോകം മനസിലാക്കട്ടെ.താൻ മുൻപ് നൽകിയ സമ്മാനങ്ങളെക്കുറിച്ച് ശിവശങ്കരൻ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് സ്വപ്ന ചോദിച്ചു. ഒരുമിച്ച് ചെലവഴിച്ച സമയങ്ങളെ പറ്റിയും യാത്രകളെ പറ്റിയും ചിന്തകളെപറ്റിയും ചർച്ചകളെപറ്റിയും ഒന്നും വെളിപ്പെടുത്താതെ കുറച്ച് കാര്യങ്ങൾ മാത്രം പുസ്തകത്തിലൂടെ വെളിപ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ലെന്ന് സ്വപ്‌ന പറഞ്ഞു. ജയിലിൽ കിടന്നതിനേക്കാൾ വേദന ശിവശങ്കർ തന്നെ തള്ളിപറഞ്ഞപ്പോഴാണെന്ന് അവർ കൂട്ടിച്ചേർത്തു.ശിവശങ്കറിന്റെ ആത്മകഥ തന്റെ പക്കലുണ്ടെന്നും അത് വായിച്ചതിന് ശേഷം കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സ്വപ്‌ന പറഞ്ഞു. തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ അദ്ദേഹം പുസ്തകം എഴുതിയെങ്കിൽ മോശമാണ്. താൻ ഒരു പുസ്തകം എഴുതിയാൽ പലരും ഇവിടെ ഒളിവിൽ പോകേണ്ടി വരുമെന്ന് സ്വപ്‌ന പറഞ്ഞു. എല്ലാം ശിവശങ്കറിന് അറിയാമായിരുന്നു. അദ്ദേഹത്തെ ചതിച്ചുവെന്ന് പറഞ്ഞതിനാലാണ് സത്യം പുറത്ത് കൊണ്ട് വരാൻ മുന്നിട്ടിറങ്ങിയതെന്ന് സ്വപ്‌ന കൂട്ടിച്ചേർത്തു.വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും സത്യം പുറത്ത് വരുമെന്നും ആര് ആരെയാണ് ചതിച്ചതെന്ന് അപ്പോൾ ലോകത്തിന് മനസിലാവുമെന്നും സ്വപ്‌ന പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനത്തോത് കുറയുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്;കൊവിഡ് ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനത്തോത് കുറയുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ നാലാം ആഴ്ചയില്‍ 71 ശതമാനമായി കുറഞ്ഞിരുന്നു. ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്ന് വരെയുള്ള കണക്കനുസരിച്ച് 10 ശതമാനമായി കുറഞ്ഞുവെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഐസിയു, വെന്റിലേറ്റര്‍ ഉപയോഗവും കുറഞ്ഞിട്ടുണ്ട്. നിലവില്‍ 3,66,120 കോവിഡ് കേസുകളില്‍ 2.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ചികിത്സയിലുണ്ടായിരുന്നതില്‍ 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നതെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം സംസ്ഥാനത്ത് കൊവിഡ് ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. തിരുവനന്തപുരം, പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ ഇളവുകള്‍.സി കാറ്റഗറിയിലുള്ള കൊല്ലം ജില്ലയില്‍ കര്‍ശന നിയന്ത്രണം തുടരും. നാളെ സംസ്ഥാന വ്യാപകമായി ലോക്ഡൗണിന് സമാനമായ നിയന്ത്രണവും ഉണ്ടാകും.സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് ഇളവുകള്‍ നല്‍കിയത്. 10, 11, 12 ക്ലാസുകളും കോളേജുകളും തിങ്കളാഴ്ച മുതല്‍ തുറക്കും. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകാര്‍ക്ക് സ്‌കൂള്‍ തുറക്കുന്നത് ഈ മാസം 14 നാണ്. അതിന് മുന്നോടിയായി മുന്നോരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശം വിദ്യാഭ്യാസമന്ത്രി സ്‌കൂളുകള്‍ക്ക് നല്‍കി.ഞാറാഴ്ചത്തെ ലോക്ഡൗണിന് സമാനമായ നിയന്ത്രണം നാളെയും തുടരും. അടുത്ത അവലോകന യോഗത്തില്‍ മാത്രമാകും ഞാറാഴ്ചത്തെ നിയന്ത്രണം മാറ്റുന്നതില്‍ തീരുമാനമുണ്ടാകുക. അതേസമയം നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളും അന്താരാഷ്ട്ര യാത്രികരും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്ന് സര്‍കാര്‍ നിര്‍ദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
തലശേരി രണ്ടാം ഗേറ്റില്‍ ഗ്യാസ് പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; വാതക ചോര്‍ച്ച ഇല്ലെന്ന് പ്രാഥമിക നിഗമനം
തലശേരി: തലശേരി നഗരത്തിലെ രണ്ടാം ഗേറ്റില്‍ പാചകവാതകം കയറ്റി കൊണ്ടുപോവുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു.ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അപകടം നടന്നത്.മംഗ്‌ളൂരില്‍ നിന്നും പാചകവാതകം കയറ്റി ചോളാരിയിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ വാതകചോര്‍ച്ചയുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.തലശേരി പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി’ ഇതുവഴിയുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു.ചോളാരിയില്‍ നിന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വിദഗ്ദ്ധരെത്തി ടാങ്കറില്‍ നിന്നും ഗ്യാസ് മറ്റൊന്നിലെക്ക് മാറ്റും. മംഗ്‌ളൂരില്‍ നിന്ന് ഖലാസികളെത്തിയാണ് ഗ്യാസ് ടാങ്കര്‍ മാറ്റുക.
കണ്ണൂർ നഗരത്തിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
കണ്ണൂർ: നഗരത്തിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ശ്രീകണ്ഠാപുരം കൂട്ടുമുഖം സ്വദേശി മനേഷ് മോഹൻ, തളിപ്പറമ്പ് ചുഴലി സ്വദേശി സി ജാഫർ എന്നിവരാണ് പിടിയിലായത്. തളാപ്പ് സ്‌കൂളിന് സമീപത്തുവെച്ചാണ് ഇവർ പോലീസിന്റെ വലയിലാകുന്നത്.ഒരു ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. എസ്‌ഐമാരായ ഇബ്രാഹിം, യോഗേഷ്, സിവിൽ പോലീസ് ഓഫീസർമാരായ നാസർ, രാജേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.എംഡിഎംഎ കൈമാറുന്നതിനിടെയാണ് ഇരുവരും പോലീസ് പിടിയിലായത്. ടൗണിൽ നിന്നും ലഹരിമരുന്ന് ശേഖരിച്ചു മറ്റു പ്രദേശങ്ങളിൽ വില്പന നടത്തുന്നവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 38,684 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടിപിആർ 32.1 ശതമാനം;41,037 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 38,684 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂർ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട 2069, കണ്ണൂർ 1814, പാലക്കാട് 1792, ഇടുക്കി 1442, വയനാട് 1202, കാസർഗോഡ് 731 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,496 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 28 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 197 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 370 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 57,296 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 189 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,878 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2304 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 313 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 41,037 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 8954, കൊല്ലം 2373, പത്തനംതിട്ട 2472, ആലപ്പുഴ 2205, കോട്ടയം 4115, ഇടുക്കി 1713, എറണാകുളം 2676, തൃശൂർ 1034, പാലക്കാട് 3314, മലപ്പുറം 2719, കോഴിക്കോട് 4915, വയനാട് 1346, കണ്ണൂർ 2314, കാസർഗോഡ് 887 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,66,120 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 57,86,949 പേർ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.
രണ്ടാഴ്ചത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനം
തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ട സ്‌കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഓൺലൈനായാണ് യോഗം ചേർന്നത്. സ്‌കൂളുകൾ ഈ മാസം 14 മുതലാണ് തുറക്കുക. കൊറോണ വ്യാപനത്തെ തുടർന്ന് ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്. കോളേജുകൾ ഏഴാം തീയതി മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.കൊറോണ വ്യാപനം അതിതീവ്രമായതിനെ തുടർന്ന് ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേയ്‌ക്ക് സ്‌കൂളുകൾ അടക്കാൻ തീരുമാനിച്ചത്. വൈറസ് വ്യാപനം കുറയാതിരുന്ന സാഹചര്യത്തിൽ അടച്ചിടൽ കുറച്ച് കൂടി നീട്ടുകയായിരുന്നു. നിലവിൽ വ്യാപനം കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് സ്‌കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായത്.
തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ നിന്ന് ഒഴിവാക്കി; ആറ്റുകാൽ പൊങ്കാല വീടുകൾ കേന്ദ്രീകരിച്ച്;ഞായറാഴ്ച ലോക്ഡൗൺ തുടരാനും അവലോകന യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: കൊറോണ വ്യാപനം കുറഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ നിന്നും ഒഴിവാക്കി. സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്താൻ ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഇതോടെ കൊല്ലം ജില്ല മാത്രമായിരിക്കും സി കാറ്റഗറിയിൽ ഉണ്ടാകുക.മലപ്പുറവും, കോഴിക്കോടും എ കാറ്റഗറിയിലാണ്. കാസർകോട് ജില്ല മാത്രമാണ് ഒരു കാറ്റഗറിയിലും ഉൾപ്പെടാത്തത്. മറ്റ് ജില്ലകൾ എല്ലാം ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കാസർകോട് ജില്ലയിൽ പൊതുവിലുള്ള കൊറോണ പ്രോട്ടോക്കോൾ മാത്രമേ ഉണ്ടാകുകയുള്ളൂ.അതേസമയം, കൊറോണ വ്യാപനത്തെ തുടർന്ന് ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരും. എന്നാൽ ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് നൽകും. പ്രാർത്ഥനയ്‌ക്കായി ആരാധനാലയങ്ങളിൽ 20 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകി. ഞായറാഴ്ച നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും അവലോകന യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തെ കൊറോണ കണക്കുകൾ കൂടുതൽ കുറയുന്ന മുറയ്‌ക്ക് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ കൊണ്ട് വരുമെന്നും സർക്കാർ നിലപാട് വ്യക്തമാക്കി. ആറ്റുകാൽ പൊങ്കാല ഇത്തവണയും വീടുകൾ കേന്ദ്രീകരിച്ച് നടത്താനാണ് തീരുമാനം. ക്ഷേത്ര പരിസരത്ത് 200 പേരെ വരെ അനുവദിച്ചേക്കും. ആരേയും റോഡിൽ പൊങ്കാലയിടാൻ അനുവദിക്കില്ലെന്നും അവലോകന യോഗത്തിൽ തീരുമാനമായി.
പോലീസ് ഉദ്യോഗസ്ഥർക്ക് വീട്ടിലെ വിശേഷ ദിവസങ്ങളിൽ ഇനി അവധി
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്ക് വീട്ടിലെ വിശേഷ ദിവസങ്ങളിൽ ഇനി അവധി ഉറപ്പാക്കും.ഇതിനായി ആ ദിവസങ്ങൾ ഏതൊക്കെ എന്നതിന്റെ രജിസ്റ്റർ സ്റ്റേഷനിൽ സൂക്ഷിക്കും.കണ്ണൂർ റെയ്ഞ്ചിൽ പെടുന്ന ജില്ലകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുക.റേഞ്ച് ഡിഐജി രാഹുൽ ആർ നായർ ഇത് സംബന്ധിച്ച സർക്കുലർ എല്ലാ സ്റ്റേഷനുകൾക്കും കൈമാറി.സംസ്ഥാനത്താകെ തുടർന്ന് നടപ്പാക്കാനാണ് പദ്ധതി.പോലീസുദ്യോഗസ്ഥരുടെ ജന്മദിനം, കുട്ടികളുടെ ജന്മദിനം, ഭർത്താവ്/ ഭാര്യയുടെ ജന്മദിനം, വിവാഹവാർഷികം എന്നീ ദിവസങ്ങളിൽ അവധി ആവശ്യപ്പെടുമ്പോൾ ഒഴിച്ചുകൂടാനാകാത്ത സംഭവങ്ങളില്ലെങ്കിൽ അവധി നിർബന്ധമായും നല്കണമെന്നാണ് നിർദേശം.പോലീസ് ഉദ്യോഗസ്ഥർ അവരുടെ വീട്ടിലെ ഇത്രയും വിശേഷ ദിനങ്ങൾ പ്രത്യേക ഫോമിൽ പൂരിപ്പിച്ച് സ്റ്റേഷൻ ചുമതലയുള്ള ഓഫീസർക്ക് കൈമാറണം.സ്റ്റേഷൻ ഹൌസ് ഓഫീസർമാരുടെ ഈ രജിസ്റ്റർ ഡിഎസ്പി സൂക്ഷിക്കണം.എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇത് നടപ്പാക്കിയെന്ന് ഉറപ്പ് വരുത്താൻ എസ്പിയും ഡിഎസ്പിയും പരിശോധിക്കുകയും വേണം.
പോലീസ് ഉദ്യോഗസ്ഥരുടെ മികച്ച പ്രവർത്തനങ്ങളെ ഉടൻതന്നെ രേഖാമൂലം അഭിനന്ദിക്കുകയും വേണമെന്നും നിർദേശിച്ചിട്ടുണ്ട്.പോലീസ് ഉദ്യോഗസ്ഥർക്കോ ആശ്രിതരായ കുടുംബാംഗങ്ങൾക്കോ വൈദ്യ സഹായം ആവശ്യമുണ്ടെങ്കിൽ മേലുദ്യോഗസ്ഥർ മാനുഷിക പരിഗണനയോടെ ഇത് ലഭ്യമാക്കണം.അർഹിക്കുന്ന പരിഗണന ലഭിക്കേണ്ട ഇത്തരം അഭ്യർത്ഥനകൾ പോലീസ് ആസ്ഥാനത്തും ജില്ലാ പോലീസ് ആസ്ഥാനത്തെ വെൽഫെയർ ബ്യുറോകൾക്കും ലഭ്യമാക്കി താമസം കൂടാതെ സഹായം വാങ്ങി നൽകണം.പോലീസ് ഉദ്യോഗസ്ഥരുടെ കാര്യശേഷി വർധിപ്പിക്കണമെങ്കിൽ അവരുടെ മാനസികനില കൂടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അതിനു മേലുദ്യോഗസ്ഥർ പിന്തുണ നൽകണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
വയനാട് ജില്ലയിൽ ഡിജിറ്റൽ ഡ്രോൺ സർവേക്ക് തുടക്കമായി
മാനന്തവാടി: ഭൂരേഖകൾക്ക് ക്യത്യത ഉറപ്പാക്കാനുള്ള ഡിജിറ്റൽ സർവേക്ക് മാനന്തവാടിയിൽ തുടക്കമായി.നാലു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലേയും സർവേ നടപടികൾ പൂർത്തിയാക്കി റവന്യൂ വകുപ്പിന് രേഖകൾ കൈമാറാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ ഏഴാമത്തെ ജില്ലയുടെയും ഡ്രോൺ സർവേക്കാണ് മാനന്തവാടിയിൽ തുടക്കം കുറിച്ചത്.ഡിജിറ്റൽ സർവേ രേഖകൾ യാഥാർഥ്യമാകുന്നതോടെ നിലവിലുള്ള ഭൂമിയുടെ സർവേ, സബ് ഡിവിഷൻ, തണ്ടപ്പേർ നമ്പറുകൾ കാലഹരണപ്പെടും. നിലവിലെ നിയമങ്ങൾക്ക് അനുസൃതമായി പുതിയ നമ്പർ നൽകും. ഇതോടെ റവന്യൂ,രജിസ്ട്രേഷൻ, പഞ്ചായത്ത്, ബാങ്ക് തുടങ്ങിയ ഡിപ്പാർട്ട്മെൻറുകളിൽ നിന്നുള്ള സേവനങ്ങൾ എളുപ്പത്തിലാക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. രാജ്യമാകെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡിജിറ്റൽ സർവേ പദ്ധതി പ്രകാരം രാജ്യത്തെ ഏഴു ലക്ഷം വില്ലേജുകളിൽ പദ്ധതിക്ക് തുടക്കംകുറിച്ചിട്ടുണ്ട്. കേരളത്തിൽ ഇതിനകം വയനാട് കൂടാതെ ആറ് ജില്ലകളിൽ നിലവിൽ സർവേ നടന്നുവരുന്നു.കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം,സംസ്ഥാന റവന്യൂ, സർവേ, പഞ്ചായത്ത് വകുപ്പുകൾ,സർവേ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് സർവേ നടത്തുന്നത്.അനുയോജ്യമായ ഭൂപ്രദേശങ്ങൾ പ്രത്യേകം കണ്ടെത്തിയാണ് ഡ്രോൺ സർവേ. സ്ഥലമുടമകൾ അടയാളപ്പെടുത്തിയ അതിരുകൾ മാത്രമേ ഡ്രോൺ കാമറകൾക്ക് തിരിച്ചറിയാൻ കഴിയൂ.