കോഴിക്കോട്:മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്ടോപ്പിൽ നിന്നും മാവോവാദി ബന്ധം സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്തിയതായി പോലീസ്.മാവോവാദി ഭരണഘടന,മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോ തുടങ്ങിയ തെളിവുകളാണ് പൊലീസിന് ലഭിച്ചത്.പ്രതികളുടെ മാവോവാദി ബന്ധത്തിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചതോടെ കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം അന്വേഷണ സംഘം ഈ തെളിവുകളും ഹാജരാക്കും.രണ്ടുപ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.റിമാന്റിലുള്ള അലൻ ഷുഹൈബ്,താഹ ഫസൽ എന്നിവരോടൊപ്പമുണ്ടായിരുന്ന രക്ഷപ്പെട്ട മൂന്നാമനെ കുറിച്ച് അന്വേഷിക്കണമെന്നും കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെടും.കേസിൽ അറസ്റ്റിലായ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.
മഞ്ചിക്കണ്ടിയില്‍ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റ് ദീപക് ആനക്കട്ടിയില്‍ പിടിയില്‍;ദീപക് മാവോയിസ്റ്റുകള്‍ക്ക് ആയുധപരിശീലനം നല്‍കുന്നതില്‍ പ്രധാനിയെന്ന് പൊലീസ്
പാലക്കാട്: അട്ടപ്പാടിക്ക് അടുത്ത മേലെ മഞ്ചിക്കണ്ടിയിലുണ്ടായ പൊലീസ് വെടിവെപ്പിനിടെ കാട്ടിലേക്ക് രക്ഷപ്പെട്ട മാവോയിസ്റ്റ് പൊലീസ് പിടിയില്‍. മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ദീപക് എന്ന ചന്ദുവിനെയാണ് തമിഴ്‌നാട് ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത് എന്നാണ് വിവരം. ആനക്കട്ടിക്ക് അടുത്ത് വച്ച് ഇയാളെ ടാസ്‌ക് ഫോഴ്‌സ് പിടികൂടുമ്പോൾ കൂടെ മറ്റൊരാളും ഉണ്ടായിരുന്നുവെന്നും ഇയാളും കസ്റ്റഡിയിലാണെന്നാണ് വിവരം.തമിഴ്‌നാട് വഴി രക്ഷപെടാനായിരുന്നു നീക്കം.ദീപക്കിനെ കോയമ്ബത്തൂരിലെ രഹസ്യ കേന്ദ്രത്തിലേക്ക് നീക്കിയെന്നാണ് വിവരം.പാലക്കാട് മഞ്ചക്കണ്ടിയില്‍ പൊലീസ് നടത്തിയ ഓപ്പറേഷനില്‍ നാലു മാവോയിസ്റ്റുകളെയാണ് വെടിവെച്ചുകൊന്നത്. മാവോയിസ്റ്റ് നേതാവ് മണിവാസകം അടക്കം മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ദീപക് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. ഛത്തീസ് ഗഡ് സ്വദേശിയായ ദീപക് മാവോയിസ്റ്റുകള്‍ക്ക് ആയുധപരിശീലനം നല്‍കുന്നതില്‍ പ്രധാനിയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മാവോയിസ്റ്റ് നേതാവ് ദീപക് എകെ-47 തോക്കുപയോഗിച്ച് വനത്തിനുള്ളില്‍ പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടിരുന്നു.മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്ത പെന്‍ഡ്രൈവിലാണ് ദീപക്കിന്റെ തോക്ക് പരിശീലന ദൃശ്യങ്ങളുണ്ടായിരുന്നത്.
അയോധ്യയിൽ ചരിത്ര വിധി;തർക്കഭൂമി ഹിന്ദുക്കൾക്ക്;മുസ്ലിങ്ങൾക്ക് പകരം ഭൂമി നൽകും
ന്യൂഡൽഹി:അയോദ്ധ്യ കേസിൽ നിർണായക വിധി വന്നു.നാല്‍പ്പത് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷമാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് നിര്‍ണ്ണായക വിധി പറഞ്ഞിരിക്കുന്നത്.അയോധ്യയിലെ തർക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാനും മുസ്ലീങ്ങൾക്ക് പകരം ഭൂമി നല്‍കാമെന്നുമാണ് സുപ്രധാന വിധി.പ്രധാനപ്പെട്ട സ്ഥലത്ത് അഞ്ച് ഏക്കര്‍ ഭൂമി മുസ്ലീംങ്ങള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു.മുസ്ലീംങ്ങള്‍ക്ക് ആരാധനയ്ക്ക് തര്‍ക്ക ഭൂമിയ്ക്ക് പുറത്ത് സ്ഥലം കൊടുക്കണം.ക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് ഉണ്ടാക്കണം. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ഉടമാവകാശം സ്ഥാപിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ലെന്ന് കോടതി വിലയിരുത്തി. അതേസമയം ബാബരി പള്ളി തകര്‍ത്തത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. പള്ളി പണിയാന്‍ മുസ്ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ പകരം ഭൂമി നല്‍കണം. ഇതിനായി മൂന്നു മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ഭൂമിക്കടിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റിപ്പോർട്ട് തള്ളാനാവില്ലെന്ന് കോടതി പറഞ്ഞു. ബാബരി മസ്ജിദ് പണിതത് ഒഴിഞ്ഞുകിടന്ന ഭൂമിയില്‍ അല്ല. ആ കെട്ടിടത്തിന്റെ അടിയിലുണ്ടായിരുന്ന അവഷിഷ്ടങ്ങള്‍ ഇസ്ലാമികമല്ല എന്നതിനു തെളിവുണ്ട്. എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ കണ്ടെത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തര്‍ക്ക സ്ഥലത്തു തന്നെയാണ് ശ്രീരാമന്‍ ജനിച്ചത് എന്നു ഹിന്ദുക്കള്‍ വിശ്വസിച്ചുവരുന്നതിന് തെളിവുണ്ട്. രാം ചബൂത്ര, സീതാ രസോയി എന്നിവയില്‍ ബ്രിട്ടിഷ് കാലത്തിനു മുമ്ബുതന്നെ ഹിന്ദുക്കള്‍ ആരാധാന നടത്തിയിരുന്നതിനും തെളിവുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസില്‍ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
രാമജന്മ ഭൂമിയെ നിയമ വ്യക്തിത്വമായി അംഗീകരിക്കണമെന്ന നിര്‍മോഹി അഖാഡയുടെ വാദം കോടതി അംഗീകരിച്ചില്ല. നിര്‍മോഹി അഖാഡ നല്‍കിയ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് ഷിയ വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 1946ലെ ഫൈസാബാദ് കോടതി വിധിയെ ചോദ്യം ചെയ്താണ് ഷിയാ വഖഫ് ബോര്‍ഡ് ഹര്‍ജി നല്‍കിയിരുന്നത്.40 ദിവസം നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍, ഡി വൈ ചന്ദ്രചൂഡ്, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച്് കേസില്‍ വിധി പറഞ്ഞത്.അയോധ്യ വിധിയുമായി ബന്ധപ്പെട്ടു കനത്ത സുരക്ഷയാണ് രാജ്യമെമ്പാടും ഒരുക്കിയിരിക്കുന്നത്.
അയോധ്യ കേസിലെ വിധി പ്രസ്താവം ആരംഭിച്ചു;കേസിൽ ഒരൊറ്റ വിധിയെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: അയോധ്യ കേസിലെ വിധി പ്രസ്താവം ആരംഭിച്ചു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. 30 മിനിറ്റിനുള്ളില്‍ വിധി പൂര്‍ണമായും പ്രസ്താവിക്കുമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഏകകണ്ഠമായ വിധിയായിരിക്കും ഇതെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു.രാവിലെ 10.30 വിധി പ്രസ്താവം നടത്താന്‍ ആരംഭിച്ചു.കേസില്‍ 40 ദിവസം നീണ്ട തുടര്‍ വാദത്തിന് ശേഷമാണ് വിധി പറയുന്നത്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ കേസിലെ മൂന്ന് കക്ഷികളും നല്‍കിയ അപ്പീലുകളിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായഭരണഘടനാ ബെഞ്ച് വാദം കേട്ടത്. 134 വര്‍ഷം മുന്‍പുണ്ടായ തര്‍ക്കത്തിനാണ് ഇന്ന് പരിഹാരം ഉണ്ടാവുന്നത്.ശനിയാഴ്ച കോടതി അവധിദിനമായിരുന്നിട്ടുകൂടി അയോധ്യ കേസില്‍ വിധി പറയാന്‍ ഭരണഘടനാ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.
അയോധ്യ വിധി;കാസര്‍കോട് ജില്ലയില്‍ സുരക്ഷ ഇരട്ടിയാക്കി; ജില്ലയിലെ എല്ലാ മദ്യശാലകളും പടക്ക വില്പന ശാലകളും പൂട്ടാന്‍ നിര്‍ദ്ദേശം
കാസര്‍കോട്: അയോധ്യ കേസിലെ വിധി വരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കാസര്‍കോട് ജില്ലയില്‍ സുരക്ഷ ഇരട്ടിയാക്കി. ഇന്നലെ അഞ്ച് പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് നാല് കമ്പനി പോലീസ് സേനയെ ജില്ലയില്‍ അധികമായി വിന്യസിച്ചിട്ടുണ്ട്. സുരക്ഷാചുമതല വിവിധ ഡിവൈഎസ്പിമാര്‍ക്കായി വിഭജിച്ചു നല്‍കി. കൂടാതെ, ജില്ലയിലെ എല്ലാ മദ്യശാലകളും പടക്കം വില്‍ക്കുന്ന കടകളും പൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരേയും നിയമിച്ചു.നിലവില്‍ കേരളത്തില്‍ കാസര്‍കോട് ജില്ലയില്‍ മാത്രമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍കോട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ നിലവിലുള്ളത്. അതേസമയം, ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവ പരിപാടികള്‍ക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും പരിപാടികള്‍ക്ക് ശക്തമായ പോലീസ് സുരക്ഷ ഒരുക്കുമെന്നും ജില്ലാ കളക്ടര്‍ ഡി സജിത്ത് ബാബു അറിയിച്ചു.
അയോധ്യ വിധി;കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം:കൊച്ചി: അയോധ്യ കേസിന്റെ വിധി ഇന്ന് വരുന്ന പശ്ചാത്തലത്തില്‍ കേരളത്തിലും കനത്ത ജാഗ്രത നിർദേശം.ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട മുഖ്യമന്ത്രി പിണറായി വിജയനും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും സംസ്ഥാനത്തെ സ്ഥിതിഗതികളും അയോധ്യ വിധി മുന്‍നിര്‍ത്തി സ്വീകരിച്ച സുരക്ഷാനടപടികളും ഗവര്‍ണറെ ധരിപ്പിച്ചു. നിലവില്‍ കേരളത്തില്‍ കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, ചന്ദേര സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. നവംബര്‍ പതിനൊന്നാം തീയതി വരെ ഈ സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ തുടരും. ഇവിടങ്ങളില്‍ നാലില്‍ കൂടുതല്‍ പേര്‍ കൂടി നില്‍ക്കാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. കൊച്ചി നഗരത്തിലും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് കൊച്ചി ഡിസിപി ജി പൂങ്കുഴലി പറഞ്ഞു.
അതേസമയം, അയോധ്യ വിധി ഇന്ന് വരുന്ന പശ്ചാത്തലത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് നേതാക്കള്‍ രംഗത്ത് എത്തി. അയോധ്യ കേസിലെ വിധി എന്തു തന്നെയായാലും അതിനെ സമാധാനപൂര്‍വം സ്വാഗതം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പതിറ്റാണ്ടുകളായി തുടരുന്ന ബാബരി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് മുസ്ലിം സംഘടനാ നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊഫ കെ ആലിക്കുട്ടി മുസലിയാര്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, ടിപി അബ്ദുള്ളക്കോയ മദനി, എംഐ അബ്ദുല്‍അസീസ്, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഡോ.ഇകെ അഹമ്മദ്കുട്ടി, എ നജീബ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, അബുല്‍ഹൈര്‍ മൗലവി, ഡോ.പിഎ ഫസല്‍ഗഫൂര്‍, സിപി കുഞ്ഞിമുഹമ്മദ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
അയോദ്ധ്യാ കേസിൽ വിധി 10.30 ന്;രാജ്യമെങ്ങും കനത്ത ജാഗ്രത
ന്യൂഡൽഹി: ഏഴ് പതിറ്റാണ്ട് നീണ്ട ബാബരി ഭൂമി കേസിലെ അന്തിമവിധി ഇന്ന്.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊേഗായി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്ന് രാവിലെ 10.30 ന് കേസിൽ വിധി പറയും.വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്.വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ഇക്കാര്യം സുപ്രീംകോടതിയുടെ നോട്ടീസായി ഇറങ്ങിയത്. ശനിയാഴ്ച രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ച് വിധി പറയുമെന്ന് സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കി.വിധി പ്രസ്താവിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്കാണ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി രാേജന്ദ്ര കുമാര്‍ തിവാരി, പൊലീസ് മേധാവി ഓം പ്രകാശ് സിങ് എന്നിവരെ ചീഫ് ജസ്റ്റിസ് സ്വന്തം ചേംബറിലേക്ക് വിളിച്ചുവരുത്തിയത്. ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചക്കു ശേഷം വിവരമറിയാന്‍ കാത്തുനിന്ന മാധ്യമങ്ങളെ കാണാതെ തന്നെ രണ്ട് ഉദ്യോഗസ്ഥരും സുപ്രീംകോടതിയില്‍നിന്ന് മടങ്ങി.ചീഫ് ജസ്റ്റിസിന്റെ കൂടിക്കാഴ്ചക്കെതിരെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധങ്ങളുയരുന്നതിനിടയിലാണ് ശനിയാഴ്ച വിധിപറയാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്.1949 ഡിസംബര്‍ 22ന് രാത്രി ഫൈസാബാദിലെ ബാബരി മസ്ജിദിനകത്ത് അതിക്രമിച്ചുകയറിയ ഒരുസംഘം രാമവിഗ്രഹം കൊണ്ടുവെച്ചതോടെ തുടങ്ങിയ നിയമയുദ്ധത്തിനാണ്, ഏഴ് പതിറ്റാണ്ടിനുശേഷം പരമോന്നത കോടതി അന്ത്യം കുറിക്കാനൊരുങ്ങുന്നത്. അതിക്രമിച്ചു കയറി വിഗ്രഹം വെച്ചവരെ ശിക്ഷിച്ചെങ്കിലും വിഗ്രഹം നീക്കം ചെയ്യാതെ ജില്ല ഭരണകൂടം പള്ളി അടച്ചുപൂട്ടി.രാമജന്മഭൂമിയില്‍ വിഗ്രഹം സ്വയംഭൂവായതാണെന്ന് വാദിച്ച് ഹിന്ദുവിഭാഗം രംഗത്തുവന്നേതാടെ സുന്നിവഖഫ് ബോര്‍ഡ് പള്ളി തിരികെ കിട്ടാന്‍ കോടതിയെ സമീപിക്കുകയായിരുന്നു. 1992 ഡിസംബര്‍ ആറിന് രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ ഭാഗമായി കര്‍സേവകരെ അയോധ്യയിലെത്തിച്ച് സംഘ്പരിവാര്‍ പള്ളി തകര്‍ത്ത് അവിടെ താല്‍ക്കാലിക ക്ഷേത്രം കെട്ടിയുണ്ടാക്കി രാമവിഗ്രഹം സ്ഥാപിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 2010ല്‍ അലഹാബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ രാം ലല്ല, നിര്‍മോഹി അഖാഡ എന്നീ ഹിന്ദുപക്ഷത്തെ രണ്ട് കക്ഷികള്‍ക്കും സുന്നി വഖഫ് ബോര്‍ഡ് എന്ന മുസ്ലിം പക്ഷത്തെ ഏക കക്ഷിക്കും തര്‍ക്കത്തിലുള്ള 2.77 ഭൂമി തുല്യമായി വീതിക്കാന്‍ ഉത്തരവിട്ടു. അതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതി വാദം അവസാനിപ്പിച്ച് വിധിപറയാനായി മാറ്റിയത്
കായികമേളയ്‌ക്കിടെ വീണ്ടും അപകടം;ഹാമറിന്‍റെ കമ്പി പൊട്ടി വിദ്യാര്‍ഥിക്ക് പരിക്കേറ്റു
കോഴിക്കോട്:കായികമേളയ്‌ക്കിടെ വീണ്ടും ഹാമർ അപകടം.റവന്യൂ ജില്ലാ സ്‌കൂള്‍ കായികളമേളയ്ക്കിടെ ഹാമറിന്‍റെ കമ്പി പൊട്ടി വിദ്യാര്‍ഥിക്ക് പരിക്കേറ്റു.മീഞ്ചന്ത ആര്‍.കെ മിഷന്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി മുഹമ്മദ് നിഷാനാണ് റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയ്ക്കിടെ കൈവിരലുകൾക്ക് പരിക്കേറ്റത്.എറിയുന്നതിനിടെ ഹാമറിന്റെ ചങ്ങല പൊട്ടി ബാലന്‍സ്‌തെറ്റി വീഴുകയായിരുന്നുവെന്ന് നിഷാന്‍ പറഞ്ഞു.വീഴ്ചയ്ക്കിടെ നിലത്തേക്ക് കൈകുത്തി വീണതിനാല്‍ വിരലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. നിഷാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.അഞ്ച് കിലോ വിഭാഗത്തിലായിരുന്നു താന്‍ മത്സരിച്ചതെന്നും പക്ഷെ ആറര കിലോയുടെ ഹാമറാണ് അധികൃതര്‍ മത്സരത്തിനായി എത്തിച്ചതെന്നും നിഷാൻ പറഞ്ഞു.എന്നാല്‍ ഹാമറിന്‍റെ ഭാരത്തില്‍ വ്യത്യാസമുണ്ടെന്ന വാര്‍ത്ത ശരിയല്ലെന്ന് റവന്യു ജില്ലാ സ്പോര്‍ട്സ് അസോസിയേഷന്‍ സെക്രട്ടറി ജോസഫ് പറഞ്ഞു.സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുഎപിഎ കേസ്:പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 14 ലേക്ക് മാറ്റി
കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 14 ലേക്ക് മാറ്റി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷ മാറ്റിയത്. കേസില്‍ സര്‍ക്കാരിനോട് കോടതി റിപ്പോര്‍ട്ട് തേടി.സിപിഎം പ്രവര്‍ത്തകരായ ഒളവണ്ണ മൂര്‍ക്കനാട് താഹ ഫസല്‍ (24), തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ അലന്‍ ഷുഹൈബ് (20) എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി മാറ്റിയത്. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷ യുഎപിഎ പ്രത്യേക കോടതി കൂടിയായ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തള്ളിയിരുന്നു.
മാവോവാദ ബന്ധം തെളിയിക്കുന്ന ഒരു രേഖയും പോലീസിന്റെ പക്കലില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു. നിയമ വിദ്യാര്‍ഥിയാണെന്നും തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അലന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. തന്റെ വീട്ടില്‍ നിന്ന് ഒരു ഫോണ്‍ മാത്രമാണ് പോലീസ് കണ്ടെടുത്തത്. അത് മാവോവാദി ബന്ധം തെളിയിക്കാനുള്ള ഒരു രേഖയല്ലെന്നും അലന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.പിടിയിലാകുമ്ബോള്‍ തന്നെക്കൊണ്ട് പോലീസ് മുദ്രാവാക്യം വിളിപ്പിച്ചുവെന്ന കാര്യമാണ് താഹയുടെ ജാമ്യാപേക്ഷയില്‍ പറയുന്നത്. മുദ്രാവാക്യം വിളിക്കുന്നത് ഏതെങ്കിലും തരത്തില്‍ ഒരു ക്രിമിനല്‍ കുറ്റമല്ലെന്നും അപേക്ഷയില്‍ പറയുന്നു. മാത്രമല്ല കീഴ്ക്കോടതി തങ്ങള്‍ക്കെതിരെ എന്തെങ്കിലും കുറ്റമുണ്ടെന്ന് പറഞ്ഞിട്ടില്ല. ജേര്‍ണലിസം വിദ്യാര്‍ഥിയാണ്. ഏതെങ്കിലും തരത്തിലുള്ള പുസ്തകങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും അത് സിപിഐ ( മാവോയിസ്റ്റ്) സംഘടനയില്‍ അംഗമാണെന്ന് പറയാന്‍ കഴിയില്ല തുടങ്ങിയ കാര്യങ്ങളാണ് താഹയുടെ ജാമ്യഹര്‍ജിയില്‍ പറയുന്നത്.
അയോധ്യാ വിധി;സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു
ന്യൂഡല്‍ഹി: അയോധ്യാ കേസിൽ വിധി പ്രസ്താവിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ അയോധ്യയിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചീഫ് ജസ്റ്റിസിന്റെ ഓഫീസിലെത്താനാണ് നിര്‍ദേശം. അടുത്തയാഴ്ചയാണ് കേസില്‍ വിധി പറയുക.വിധി പറയുന്നതിന് മുന്നോടിയായി ഉത്തര്‍പ്രദേശിലേക്ക് മാത്രം നാലായിരത്തോളം അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയിലെങ്ങും ഡിസംബര്‍ 28 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.വന്‍ സജ്ജീകരണങ്ങളാണ് ക്ഷേത്രനഗരിയില്‍ എത്തുന്നവരെ നിരീക്ഷിക്കുന്നതിനായി പൊലീസും സുരക്ഷാസേനയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ഡ്രോണ്‍ ക്യാമറകള്‍ ഉള്‍പ്പെടെയുള്ളവയും തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസ്, കേന്ദ്ര സേന, ഭീകര വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളെല്ലാം ചേര്‍ന്ന് 17,000ത്തോളം സുരക്ഷാ സേനാംഗങ്ങള്‍ അയോധ്യയിലുണ്ട്. സാമൂഹികമാധ്യമങ്ങളിലും അത്രയും പേര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ട്.നാല് ഘട്ട പരിശോധനയാണ് തര്‍ക്ക സ്ഥലത്ത് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മതവിദ്വേഷമുണ്ടാക്കുന്ന പോസ്റ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ ഇടുന്നതു വിലക്കി ജില്ലാ മജിസ്‌ട്രേറ്റ് അനൂജ് കുമാര്‍ ഝാ ഉത്തരവിട്ടിട്ടുണ്ട്. അതിനാല്‍ പോസ്റ്റുകളെല്ലാം പൊലീസ് കര്‍ശനമായി നിരീക്ഷിച്ച് വരികയാണ്.വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രശ്നബാധിത മേഖലകളില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അയോധ്യയിലെ തര്‍ക്കഭൂമി രാം ലല്ല, നിര്‍മോഹി അഖാഢ, സുന്നി വഖഫ് ബോര്‍ഡ് എന്നിവയ്ക്ക് തുല്യമായി വീതിച്ചുനല്‍കിയ അലഹബാദ് ഹൈക്കോടതിയുടെ 2010-ലെ വിധിക്കെതിരായ അപ്പീലുകളിലാണ് സുപ്രീംകോടതി വാദംകേട്ടത്.