വയനാട്: സമൂഹമാദ്ധ്യമങ്ങളിലൂടെ പോലീസിനെ വെല്ലുവിളിച്ച് പോസ്റ്റിട്ട ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പിടിയിൽ. വയനാട്ടിലെ ഒരു റിസോർട്ടിൽ നിന്നുമാണ് കോട്ടക്കൽ പോലീസ് ഷൈജുവിനെ പിടികൂടിയത്. നിരവധി കൊലപാതക, ഹൈവേ കവർച്ചാകേസുകളിലെ പ്രതിയാണ് ഇയാൾ.കാപ്പ ചുമത്തി നാടു കടത്തപ്പെട്ട പല്ലന്‍ ഷൈജു അടുത്തിടെ പോലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കുകയായിരുന്നു. കൊടകര സ്വദേശിയായ ഷൈജുവിനെ തൃശൂര്‍ റൂറല്‍ പോലീസാണ് കാപ്പ ചുമത്തി നാടുകടത്തിയത്.ഒരു വർഷത്തേയ്‌ക്ക് തൃശ്ശൂർ ജില്ലയിൽ കാൽകുത്തുന്നതിൽ നിന്നും ഇയാളെ വിലക്കിയിരുന്നു. ജില്ലയിൽ പ്രവേശിച്ചെന്ന് തെളിഞ്ഞാൽ, മൂന്ന് വർഷം വരെ വിചാരണ കൂടാതെ തടവിൽ പാർപ്പിക്കുമെന്നാണ് പോലീസ് അറിയിച്ചത്.ഇയാള്‍ കൊലപാതകം, കവര്‍ച്ച, കുഴല്‍പ്പണം, കഞ്ചാവ് കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. ഇന്ന് പുലർച്ചെയാണ് ഷൈജു വയനാട്ടിലെ റിസോർട്ടിൽ നിന്നും പിടിയിലായത്. മലപ്പുറം എസ്പിയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ പിടികൂടാൻ വലവിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പോലീസിനെ വെല്ലുവിളിച്ചും പരിഹസിച്ചും ഷൈജു സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചത്. അതിർത്തിയിലും, കടലിലും താൻ ഉണ്ടെന്ന് പറഞ്ഞാണ് പോലീസിനെ ഇയാൾ വെല്ലുവിളിച്ചത്.പോലീസ് നാടുകടത്തിയതിന്റെ പ്രകോപനത്തിലാണ് ഇയാൾ പോലീസിനെ വെല്ലുവിളിച്ച് ഒരു വീഡിയോ സന്ദേശമിട്ടത്.
വധഗൂഢാലോചന കേസ്; ദിലീപടക്കം ആറ് പ്രതികള്‍ക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപടക്കം ആറ് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയത്. പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.ജസ്റ്റിസ് പി ഗോപിനാഥിന്റേതാണ് വിധി.ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്തായ ശരത് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.കഴിഞ്ഞ ദിവസങ്ങളില്‍ കോടതി ഇരുപക്ഷത്തിന്‍റെയും വാദം കേട്ടിരുന്നു. ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടര്‍ന്നു ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോടു ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. കൂടാതെ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കാനും പ്രോസിക്യൂഷനു നിര്‍ദേശം നല്‍കിയിരുന്നു.
കണ്ണൂരില്‍ അനധികൃതമായി വില്‍പ്പനയ്ക്ക് ശ്രമിച്ച വിദേശമദ്യം പിടികൂടി
കണ്ണൂര്‍: കണ്ണൂരില്‍ അനധികൃതമായി വില്‍പ്പനയ്ക്ക് ശ്രമിച്ച 18 ലിറ്ററോളം വിദേശ മദ്യവും 15 കുപ്പി ബിയറും പിടികൂടി.മാഹിയില്‍ നിന്നും വാങ്ങി കണ്ണൂരിലെത്തിച്ച് വില്‍ക്കാനായിരുന്നു ശ്രമം. മദ്യം കടത്താന്‍ ശ്രമിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.സംഭവത്തില്‍ കൂത്തുപറമ്പ് ചെണ്ടയാട് സ്വദേശി ജിന്‍സില്‍ ലാലിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെണ്ടയാട് ചെങ്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ് മദ്യം കൊണ്ടുവന്നതെന്ന് ജിന്‍സിന്‍ മൊഴി നല്‍കി.
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു;പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു.പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായി.കഴിഞ്ഞ 24 മണിക്കൂറിനിടെ 83,876 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.മൂന്നാം തരംഗം ആരംഭിച്ച് ഒരു മാസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. രണ്ട് ലക്ഷത്തിനടുത്താണ് രോഗ മുക്തരുടെ എണ്ണം. 24 മണിക്കൂറിനിടെ 1,99,054 പേര്‍ക്കാണ് രോഗമുക്തി. 96.19 ശതമാനമാണ് രോഗമുക്തി നിരക്ക്.നിലവിൽ 11,08,938 പേരാണ് വൈറസ് ബാധിച്ച് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. 7.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കഴിഞ്ഞ 24 മണിക്കൂറിൽ 895 പേരാണ് കൊറോണ മൂലം മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 5,02,874 ആയി
വധഗൂഢാലോചന കേസ്; ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും മറ്റ് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. രാവിലെ 10.15ന് ഹൈക്കോടതി ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.ജാമ്യാപേക്ഷ തള്ളിയാൽ ദിലീപ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം.മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം പൂർത്തിയായിരുന്നു. സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ മൊഴികളിൽ യാതൊരു സംശയവും വേണ്ടെന്നും തന്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.എന്നാല്‍ വ്യവസ്ഥകളോടെയുളള ജാമ്യമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതികള്‍.തന്നെ മൂന്ന് ദിവസം സമ്മർദ്ദം ചെലുത്തിയാണ് ചോദ്യം ചെയ്തതെന്ന് ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. 33 മണിക്കൂർ ചോദ്യം ചെയ്തിട്ടും കിട്ടാത്ത എന്തു വിവരമാണ് ഇനി കിട്ടുക എന്നും അഭിഭാഷകൻ വാദിച്ചു. നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെടുന്നുവെന്ന് മനസ്സിലായതോടെ പ്രോസിക്യൂഷൻ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാർ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാൻ സി.ഐ ബൈജു പൗലോസും ബാലചന്ദ്രകുമാറും എഡിജിപി മുതലുള്ള ഉദ്യോഗസ്ഥരും ചേർന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ചാല്‍ പ്രോസിക്യൂഷന് തിരിച്ചടിയാകും. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും.
ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറന്നു;ഇന്ന് മുതൽ ക്ലാസുകൾ വൈകുന്നേരം വരെ
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറന്നു. കോവിഡിന്റെ അതിതീവ്ര വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സ്കൂളുകൾ വീണ്ടും തുറക്കുന്നത്.10,11,12 ക്ലാസുകളും ബിരുദ, പിജി ക്ലാസുകളുമാണ് ഇന്ന് തുടങ്ങുക.10,11,12 ക്ലാസുകള്‍ മുഴുവന്‍ സമയ ടൈംടേബിളില്‍ രാവിലെ മുതല്‍ വൈകിട്ടു വരെയാണ്. പൊതുപരീക്ഷ വരുന്നതു കണക്കിലെടുത്താണിതെന്നു മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുക, റിവിഷൻ പൂർത്തിയാക്കുക, കഴിയുന്നത്ര പ്രാക്ടിക്കലുകൾ നൽകുക, മോഡൽ പരീക്ഷയ്‌ക്ക് കുട്ടികളെ തയ്യാറാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്രവർത്തന സമയം രാവിലെ മുകൽ വൈകിട്ടുവരെ ക്രമീകരിക്കുന്നത്. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകള്‍, ക്രഷ്, കിന്‍ഡര്‍ഗാര്‍ട്ടന്‍ തുടങ്ങിയവ അടുത്ത തിങ്കളാഴ്ചയേ ആരംഭിക്കൂ. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളുടെ പ്രവര്‍ത്തനത്തിനു പ്രത്യേക മാര്‍ഗരേഖ ഇന്നു പുറത്തിറക്കും. കര്‍ശന കോവിഡ് മാനദണ്ഡം പാലിച്ചാണു സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കി. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ശനിയാഴ്ച വരെ തുടരും.
സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതിയുമായി കണ്ണൂർ സദേശിനി;പോലീസ് കേസെടുത്തു
കൊച്ചി:ജോലി വാഗ്ദാനം ചെയ്ത് സംവിധായകൻ ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്.കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്രകുമാറിനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്.പരാതിയിൽ സംവിധായകനെതിരേ പോലീസ് കേസെടുത്തു. കൊച്ചി എളമക്കര പോലീസാണ് കേസെടുത്തത്. 2011ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പത്ത് വർഷം മുമ്പ് കൊച്ചിയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം.ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് ബലമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. പീഡന ദൃശ്യങ്ങൾ പകർത്തി ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.വർഷങ്ങൾക്ക് ശേഷം ബാലചന്ദ്രകുമാറിനെ കാണുന്നത് ദിലീപിന് എതിരെ ആരോപണവുമായി എത്തിയപ്പോഴാണ്. ബാലചന്ദ്രകുമാർ തെറ്റിന്റെ കൂമ്പാരമാണെന്നും നടിയ്‌ക്ക് നീതി കിട്ടണം എന്നല്ല അയാളുടെ ആവശ്യമെന്നും യുവതി കൂട്ടിച്ചേർത്തു. സംവിധായകന്റെ കൈവശം പെൻക്യാമറ അടക്കമുള്ള സാധനങ്ങൾ എപ്പോഴും കാണുമെന്നും യുവതി പറഞ്ഞു.പീഡിപ്പിച്ച വിവരം പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്‌തെന്നും പരാതി നൽകിയാൽ വീഡിയോ പുറത്തുവിടുമെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ ഭീഷണി.സംഭവത്തിന് ശേഷം ചാനൽ ചർച്ചകളിലാണ് സംവിധായകനെ കണ്ടത്. ഓരോ ചർച്ച കഴിയുമ്പോഴും താൻ അയാൾക്ക് മെസേജ് അയക്കുന്നുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു.
ലത മങ്കേഷ്‌കർ അന്തരിച്ചു
മുംബൈ: ഗായിക ലത മങ്കേഷ്‌കർ അന്തരിച്ചു.92 വയസായിരുന്നു. രാവിലെ 9.45ഓടെയാണ് അന്ത്യം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു ലത മങ്കേഷ്‌കർ. ഇന്നലെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.കൊറോണ ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ഗായികയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രിയ ഗായികയെ കാണാനായി ആശുപത്രിയിലേക്ക് നിരവധി പ്രമുഖരാണ് എത്തിയത്.ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളായ മങ്കേഷ്‌കർ വിവിധ ഭാഷകളിലായി 30,000 ലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്.1929 സെപ്റ്റംബർ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇന്ഡോറിലാണ് ലത ജനിച്ചത്. സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ , ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികർ, ഗായിക ഉഷാ മങ്കേഷ്കർ, ഗായിക ആഷാ ഭോസ്ലേ എന്നിവരാണ് സഹോദരങ്ങൾ. 1942 ൽ തന്റെ 13-ാം വയസിലാണ് മങ്കേഷ്‌കർ ഗായകലോകത്ത് തന്റെ സാന്നിധ്യമറിയിച്ചത്. നൈറ്റിംഗേൾ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ ഹിന്ദിക്ക് പുറമെ, മറാഠി, ബംഗാളി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലും പാടിയിട്ടുണ്ട്. മലയാളത്തിൽ നെല്ല് എന്ന ചിത്രത്തിൽ വയലാർ എഴുതി സലിൽ ചൗധരി ഈണം പകർന്ന ‘കദളി കൺകദളി ചെങ്കദളി പൂ വേണോ…’ എന്ന ഗാനം ലതാ മങ്കേഷ്‌കർ ആലപിച്ചതാണ്. 1969ൽ പത്മഭൂഷണും 1989ൽ ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരവും, 1999ൽ പത്മവിഭൂഷണും, 2001ൽ ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമായ ഭാരതരത്‌നം തുടങ്ങിയ നിരവധി പുസ്‌കാരങ്ങൾ നൽകി രാജ്യം ലതാ മങ്കേഷ്‌ക്കറിനെ ആദരിച്ചു. കൂടാതെ മികച്ച ഗായികയ്‌ക്കുള്ള ദേശീയ, സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരങ്ങളും നിരവധി തവണ ലതാമങ്കേഷ്‌കറിനെ തേടി എത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൌൺ സമാന നിയന്ത്രണം; സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷയ്‌ക്ക് മാറ്റമില്ല
തിരുവനന്തപുരം: കൊറോണ വ്യപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഞായറാഴ്ച നിയന്ത്രണം ഇന്ന് കൂടി തുടരും. അവശ്യസർവീസുകൾ അനുവദിക്കും. അനാവശ്യയാത്ര അനുവദനീയമല്ല. ഇത്തരത്തിൽ യാത്ര ചെയ്യുന്നവരുടെ വാഹനം പിടിച്ചെടുത്ത് നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. വിവാഹ, മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം. കഴിഞ്ഞ അവലോകന യോഗത്തിൽ ആരാധനാലയങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയിരുന്നു.അവശ്യസർവീസുകളിലെ ജീവനക്കാർ തിരിച്ചറിയൽ കാർഡ് കരുതണം. ആശുപത്രി, വാക്‌സിൻ കേന്ദ്രം, ബസ് ടെർമിനൽ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവടങ്ങളിലേയ്‌ക്ക് രേഖകളുമായി യാത്ര ചെയ്യാം. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ പ്രവർത്തിക്കാം. റസ്റ്റോറന്റുകളിലും, ബേക്കറികളിലും പാഴ്‌സൽ സർവീസ് മാത്രം. കള്ളുഷാപ്പ് ഒഴികെയുള്ള മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല.അതേസമയം, സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയെഴുതുന്നവർക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്രാ തടസമുണ്ടാകില്ലെന്നു പൊതുഭരണ വകുപ്പ് അറിയിച്ചു. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. രാവിലെ 11 മുതൽ 12 വരെയാണ് പരീക്ഷാ സമയം. പരീക്ഷയെഴുതുന്ന ഉദ്യോഗാർഥികളുടെ ഇ-അഡ്മിറ്റ് കാർഡ്, ഹാൾ ടിക്കറ്റ്, ജീവനക്കാരുടെ ഓഫീസ്/കോളജ് തിരിച്ചറിയൽ രേഖ എന്നിവ ഈ ആവശ്യത്തിനു മാത്രമായി യാത്രാ രേഖയായി കണക്കാക്കണമെന്നും പോലീസിനു നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 33,538 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;22 മരണം; 46,813 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 33,538 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 5577, തിരുവനന്തപുരം 3912, കോട്ടയം 3569, കൊല്ലം 3321, തൃശൂർ 2729, കോഴിക്കോട് 2471, മലപ്പുറം 2086, ആലപ്പുഴ 2023, പത്തനംതിട്ട 1833, കണ്ണൂർ 1807, പാലക്കാട് 1577, ഇടുക്കി 1207, വയനാട് 923, കാസർഗോഡ് 503 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,778 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 22 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 225 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 197 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 57,740 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 147 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,500 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.651 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 240 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 46,813 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 5911, കൊല്ലം 5613, പത്തനംതിട്ട 2968, ആലപ്പുഴ 2287, കോട്ടയം 996, ഇടുക്കി 2235, എറണാകുളം 9135, തൃശൂർ 2704, പാലക്കാട് 3206, മലപ്പുറം 2927, കോഴിക്കോട് 4466, വയനാട് 1416, കണ്ണൂർ 2252, കാസർഗോഡ് 697 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,52,399 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.