കൊച്ചി:കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റുചെയ്ത താഹാ ഫസലിനും, അലന്‍ ഷുഹൈബിനും ജാമ്യമില്ല. ഇരുവരുടെയും ജാമ്യാപേക്ഷ കോടതി തള്ളി.കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.ഇരുവര്‍ക്കും ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്ത സാഹചര്യത്തിലാണ് നടപടി.കേസില്‍ അന്വേഷണം പുരോഗിക്കുന്ന ഈ ഘട്ടത്തില്‍ പ്രതികള്‍ക്കു ജാമ്യം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയും മറ്റു തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു. പ്രതികള്‍ക്കു മാവോയിസ്റ്റു ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി. യുഎഎപിഎ ചുമത്തിയതിന്റെ കാരണവും അറിയിച്ചു.പ്രതികളില്‍നിന്ന് പിടിച്ചെടുത്ത കുറിപ്പുകളില്‍ ചിലത് കോഡ് ഭാഷയിലാണ്. ഇതിന്റെ ഉള്ളടക്കവും മറ്റും കണ്ടെത്താന്‍ വിശദമായ പരിശോധന വേണം. മാത്രമല്ല കേസിലെ മറ്റൊരു പ്രതിയായ ഉസ്മാനെ പിടികൂടാനുണ്ടെന്നും ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലും നാല് യുഎപിഎ കേസുകളിലും പ്രതിയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതിനാല്‍ കേസില്‍ ഇനിയും അന്വേഷണം ആവശ്യമാണെന്നും ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് പറഞ്ഞു.
പെരുമ്പാവൂരിൽ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി;ആസാം സ്വദേശി പിടിയിൽ
കൊച്ചി:പെരുമ്പാവൂർ കടമുറിക്ക് മുന്നില്‍ മലയാളി യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.കുറുപ്പംപടി സ്വദേശി ദീപയാണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രിയോടെയാണ് പ്രദേശവാസികളെ ഞെട്ടിച്ച കൊലപാതകം നടന്നത്.പ്രതിയെന്ന് സംശയിക്കുന്ന ആസാം സ്വദേശിയായ ഉമര്‍ അലിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ദീപയും ഉമര്‍ അലിയും പെരുമ്പാവൂർ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ അടുത്തുള്ള ഹോട്ടലിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയിരുന്നു.തൂമ്പ ഉപയോഗിച്ച് ദീപയെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ശ്രദ്ധയില്‍പ്പെട്ട പ്രതി ഇത് തല്ലിതകര്‍ക്കുകയും ചെയ്തു. എന്നാല്‍ സമീപത്തുള്ള ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുകയും പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.ദീപയുടെ മുഖം തിരിച്ചറിയാനാവാത്ത വിധം തകര്‍ന്നിട്ടുണ്ട്. പരിസരമാകെ രക്തം തളം കെട്ടി കിടക്കുകയാണ്.പുലര്‍ച്ചെ 1.30 നോട് അടുത്താണ് യുവതിക്കുനേരെ ആക്രമണമുണ്ടായതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കൊല നടത്തിയ യുവാവിനൊപ്പം യുവതി അടുത്ത ദിവസങ്ങളില്‍ നഗരത്തില്‍ കറങ്ങി നടന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കനകമല തീവ്രവാദ കേസില്‍ വിധി ഇന്ന്
കണ്ണൂര്‍:കനകമല തീവ്രവാദ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ കോടതി ഇന്ന് വിധിക്കും.ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തില്‍ ആറാം പ്രതി എന്‍ കെ ജാസ്മിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. രാജ്യദ്രോഹക്കുറ്റം, ഗൂഡാലോചന, യുഎപിഎയിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല രഹസ്യയോഗം കനകമലയില്‍ സംഘടിപ്പിച്ച കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി രണ്ടുകുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചിരുന്നത്. കോഴിക്കോട് സ്വദേശി മന്‍സീദ് എന്ന ഒമര്‍ അല്‍ ഹിന്ദി, ചേലക്കര സ്വദേശി യൂസഫ് ബിലാല്‍ എന്ന ടി സ്വാലിഹ് മുഹമ്മദ്, കോയമ്ബത്തൂര്‍ സ്വദേശി റാഷിദ് എന്ന അബു ബഷീര്‍, കുറ്റ്യാടി സ്വദേശി ആമുവെന്ന റംഷാദ് നങ്കീലന്‍, തിരൂര്‍ സ്വദേശി സഫ്വാന്‍, കുറ്റ്യാടി സ്വദേശി എന്‍ കെ ജാസീം, കോഴിക്കോട് സ്വദേശി സജീര്‍, തിരുനല്‍വേലി സ്വദേശി സുബഹാനി ഹാജ മൊയ്തീന്‍, കാഞ്ഞങ്ങാട് സ്വദേശി പി കെ മൊയ്നുദ്ദീന്‍ എന്നിവരാണ് പ്രതികള്‍.ഇതില്‍ ഷജീര്‍ ഒളിവിലും, സുബ്ഹാനിയുടെ വിചാരണ പൂര്‍ത്തിയായിട്ടുമില്ല.അതേസമയം ഒളിവിലായ ഷജീര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. ഇവരൊഴികെയുള്ള എഴു പ്രതികള്‍ക്കുള്ള ശിക്ഷയാണ് എന്‍ഐഎ കോടതി വിധിക്കുക.2016 ഒക്ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ ഐഎസ് അനുകൂല രഹസ്യയോഗം ചേര്‍ന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തെന്നാണ് കേസ്.കലാപ ലക്ഷ്യത്തോടെ കേരളത്തില്‍ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ പ്രതികള്‍ ആസൂത്രണം നടത്തിയതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. സ്ഫോടനങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകളും നടത്തി. ഹൈക്കോടതി ജഡ്ജിമാര്‍, രാഷ്ട്രീയ നേതാക്കള്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയതും കുറ്റപത്രത്തിലുണ്ട്.
മഹാരാഷ്ട്ര നിയമസഭയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ തുടങ്ങി;ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ നാളെ നടക്കും
മുംബൈ: പുതിയ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി. പ്രോടേം സ്പീക്കര്‍ കാളിദാസ് കൊളാംബ്കറെക്ക് മുൻപാകെയാണ് 288 എം.എല്‍.എമാര്‍ സത്യവാചകം ചൊല്ലുന്നത്. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ബുധനാഴ്ച വൈകീട്ട് അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടർന്നാണ് എം.എല്‍.എമാരുടെ സത്യപ്രതിജ്ഞക്കായി നിയമസഭയുടെ പ്രത്യേക സമ്മേളനം ഗവര്‍ണര്‍ വിളിച്ചത്.മുതിര്‍ന്ന എം.എല്‍.എ കാളിദാസ് കൊളാംബ്കറയെ നിയമസഭാ പ്രോടേം സ്പീക്കറായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ നേതാവായി കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തിരുന്നു.പിന്നാലെ സഖ്യനേതാക്കള്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ട് ഉദ്ദവ് താക്കറെ തെരഞ്ഞെടുത്ത കത്ത് കൈമാറി. ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം ലഭിക്കുമെന്നതില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. അതേസമയം അതെ സമയം തനിക്ക് കൈ വന്ന സൗഭാഗ്യത്തില്‍ കൂട്ടുകക്ഷികള്‍ക്ക് ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ നന്ദി രേഖപ്പെടുത്തി.’മഹാരാഷ്ട്രയെ നയിക്കാന്‍ കഴിയുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല. ഇതിന് സഹായിച്ച സോണിയാ ഗാന്ധിക്കും ശരത് പവാറിനും മറ്റുള്ളവര്‍ക്കും നന്ദി പറയുന്നു’- അദ്ദേഹം പ്രതികരിച്ചു.ശരത് പവാറിനെ കാണാന്‍ അജിത് പവാര്‍ വീട്ടിലെത്തി പരസ്പരം വിശ്വാസം നിലനിര്‍ത്തിക്കൊണ്ട് രാജ്യത്തിന് ഒരു പുതിയ നേതൃത്വത്തെ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ സര്‍ക്കാര്‍ ആരോടും പ്രതികാരം ചെയ്യില്ല. സത്യപ്രതിജ്ഞക്കു ശേഷം ഞാന്‍ എന്റെ മൂത്ത സഹോദരനെ ഡല്‍ഹിയില്‍ പോയി കാണും- മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന അര്‍ത്ഥത്തില്‍ അദ്ദേഹം വ്യക്തമാക്കി. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബര്‍ ഒന്നാം തിയ്യതി മുംബൈ ശിവജി പാര്‍ക്കില്‍ നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ശബരിമല സന്ദര്‍ശനത്തിന് എത്തുന്ന വിവരം മുഖ്യമന്ത്രിയെ മുന്‍കൂട്ടി അറിയിച്ചിരുന്നതായി തൃപ്തി ദേശായി
കൊച്ചി:തങ്ങൾ ശബരിമല സന്ദര്‍ശനത്തിന് എത്തുന്ന വിവരം മുഖ്യമന്ത്രിയെ മുന്‍കൂട്ടി അറിയിച്ചിരുന്നതായി തൃപ്തി ദേശായി.സഹകരിക്കണമെന്ന പോലീസ് അഭ്യര്‍ഥനയോട്, തങ്ങള്‍ സഹകരിക്കുന്നുണ്ടല്ലോ എന്നായിരുന്നു തൃപ്തിയുടെ മറുപടി.ചൊവ്വാഴ്ച രാവിലെയാണ് തൃപ്തിയും സംഘവും ശബരിമല ദര്‍ശനത്തിന് എത്തിയത്. എന്നാല്‍ ദര്‍ശനത്തിന് സംരക്ഷണം നല്‍കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന്, സംരക്ഷണം നല്‍കാനാകില്ലെന്നത് രേഖാമൂലം എഴുതി നല്‍കിയാല്‍ മടങ്ങിപ്പോകാമെന്ന് തൃപ്തി പോലീസിനെ അറിയിക്കുകയായിരുന്നു.ഇന്ന് രാവിലെയാണ് തൃപ്തിയും സംഘവും ശബരിമല ദര്‍ശനത്തിന് എത്തിയത്. എന്നാല്‍ ദര്‍ശനത്തിന് സംരക്ഷണം നല്‍കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന്,സംരക്ഷണംനല്‍കാനാകില്ലെന്നത് രേഖാമൂലം എഴുതി നല്‍കിയാല്‍ മടങ്ങിപ്പോകാമെന്ന് തൃപ്തി പോലീസിനെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് സംരക്ഷണം നല്‍കാനാകില്ലെന്ന കാര്യം എഴുതിനല്‍കാമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി പോലീസിനെ അറിയിച്ചു. ഇനി സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് ലഭിച്ചാല്‍ കൊച്ചി സിറ്റി പോലീസ് രേഖാമൂലമുള്ള മറുപടി തൃപ്തിദേശായിക്ക് നല്‍കും. പോലീസിന്റെ മറുപടി ഔദ്യോഗികമായി ലഭിച്ചാല്‍ ഇതുമായി തൃപ്തി ദേശായി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കേണ്ടതില്ലെന്ന് നേരത്തെ തന്നെ പോലീസിന് നിയമോപദേശം ലഭിച്ചിരുന്ന.ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികളിലെ കോടതി വിധിയില്‍ അവ്യക്തതയുണ്ട്, അത് പരിഹരിച്ച് മതി യുവതീ പ്രവേശന നടപടികളെന്ന് സര്‍ക്കാരും നിലപാട് എടുത്തിട്ടുണ്ട്.
‘മഹാനാടകത്തിന്’ തിരശീല വീഴുന്നു;ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു
ന്യൂ ഡല്‍ഹി:മഹാരാഷ്ട്രയിൽ മണിക്കൂറുകള്‍ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ നാളെ അഞ്ച് മണിക്ക് മുന്‍പായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍സിപി നേതാവ് അജിത് പവാര്‍ പദവിയില്‍ നിന്ന് നേരത്തെ രാജിവെച്ചിരുന്നു.വിശ്വാസ വോട്ടെടുപ്പിന് 14 ദിവസത്തെ സമയം ബിജെപി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും നാളെ വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി വോട്ടെടുപ്പ് നടത്തണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. മഹാരാഷ്ട്രയില്‍ ഏറെ നാളായി നീണ്ടുനിന്ന നാടകീയതകള്‍ക്കും, അനിശ്ചിതത്വത്തിനുമിടയിലാണ് ശനിയാഴ്ച രാവിലെ ഫഡ്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.സര്‍ക്കാര്‍ രൂപവത്ക്കരണത്തിനെതിരെ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും സംയുക്തമായി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് രേഖകള്‍ ആവശ്യപ്പെട്ട കോടതി വിശ്വാസ വോട്ടെടുപ്പിന് ഉത്തരവിടുകയായിരുന്നു. 288 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 145 വേണം. ഈ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന് ബോധ്യമായ ബിജെപി നാണംകെട്ട് പടിയിറങ്ങുകയായിരുന്നു.
പോലീസ് സംരക്ഷണം നൽകില്ല;തൃപ്തി ദേശായിയും സംഘവും മടങ്ങുന്നു
കൊച്ചി: ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും മടങ്ങും. സംരക്ഷണം നല്‍കില്ലെന്ന് പോലിസ് നിലപാട് വ്യക്തമാക്കിയതോടെയാണ് ഇവര്‍ മടങ്ങാന്‍ തീരുമാനിച്ചത്. രാത്രി 12.20നുള്ള വിമാനത്തില്‍ ഇവര്‍ തിരിച്ച് പൂനെയ്ക്ക് പോകും. വിമാനത്താവളം വരെ സംരക്ഷണമൊരുക്കാമെന്ന് പോലിസ് വ്യക്തമാക്കി.തൃപ്തിയും സംഘവും മടങ്ങുമെന്ന് വ്യക്തമാക്കിയതോടെ ശബരിമല കര്‍മസമിതി കമ്മീഷണര്‍ ഓഫിസിനു മുൻപിൽ ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ചു.ശബരിമല ദര്‍ശനം നടത്താന്‍ നാലംഗ സംഘത്തിനൊപ്പം ഇന്ന് പുലര്‍ച്ചെയാണ് തൃപ്തി ദേശായി കേരളത്തിലെത്തിയത്. കഴിഞ്ഞ മണ്ഡലകാലത്തില്‍ മല കയറിയ ബിന്ദു അമ്മിണിയും സംഘത്തോടൊപ്പം ചേരുകയായിരുന്നു.ഇവരുള്‍പ്പെടെ അഞ്ചുപേരാണ് ശബരിമലയ്ക്ക് പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ട് പോലിസിനെ സമീപിച്ചത്. കമ്മീഷണര്‍ ഓഫീസിലെത്തിയ ഇവരോട്, സംരക്ഷണം നല്‍കാന്‍ സാധ്യമല്ലെന്നും യുവതീ പ്രവേശന വിധിക്ക് സ്‌റ്റേയുണ്ടെന്നാണ് നിയമോപദേശം എന്നും പോലിസ് ധരിപ്പിച്ചു.യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വിധിയില്‍ അവ്യക്ത ഉള്ളതിനാല്‍ ശബരിമല കയറാന്‍ സുരക്ഷ നല്‍കാനാകില്ലെന്ന നിലപാടിലാണ് ഇത്തവണ പോലീസ്.
തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകാനാവില്ലെന്ന് പോലീസ്
കൊച്ചി: ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കാനാകില്ലെന്ന് പോലീസ്. ഇക്കാര്യം കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ തൃപ്തിയെ അറിയിച്ചു.എന്നാല്‍ പോലീസ് സംരക്ഷണം നല്‍കിയില്ലെങ്കിലും ശബരിമലയില്‍ പോകുമെന്നാണ് തൃപ്തിയുടെ നിലപാട്.പോലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്. തിരികെ പൂണെയിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിക്കാന്‍ സംരക്ഷണം നല്‍കാമെന്നും പോലീസ് തൃപ്തിയെ അറിയിച്ചുണ്ട്. അതേസമയം ശബരിമലയില്‍ പോകാനായി കേരളത്തില്‍ എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കില്ലെന്ന് പോലീസില്‍ നിന്നും ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ ഓഫീസിലെ പ്രതിഷേധം കര്‍മ്മസമിതി അവസാനിപ്പിച്ചു.ശബരിമല ദര്‍ശനം നടത്താന്‍ നാലംഗ സംഘത്തിനൊപ്പം ഇന്ന് പുലര്‍ച്ചെയാണ് തൃപ്തി എത്തിയത്.തുടര്‍ന്ന് മുന്‍പ് ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും സംഘത്തിനൊപ്പം ചേരുകയായിരുന്നു.
മഹാരാഷ്ട്ര;വിശ്വാസ വോട്ടെടുപ്പ് നാളെ തന്നെ നടത്തണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി. നിയമസഭയില്‍ മാദ്ധ്യമങ്ങളുടെ മുന്നില്‍ വച്ച് നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. രഹസ്യ ബാലറ്റ് പാടില്ലെന്നും നടപടികള്‍ തത്സമയം മദ്ധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.വിശ്വാസ വോട്ടെടുപ്പിനായി രണ്ടാഴ്ചത്തെ സമയം വേണമെന്നായിരുന്നു ഫഡ്‌നാവിസ് ഇന്നലെ കോടതിയില്‍ അറിയിച്ചിരുന്നത്.ജസ്റ്റിസുമാരായ എന്‍.വി. രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കൊട്ടിയൂരില്‍ വന്‍ തീ പിടുത്തം; വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു
കണ്ണൂര്‍:കൊട്ടിയൂരില്‍ വന്‍ തീ പിടുത്തം. മൂന്ന് കടകള്‍ കത്തി നശിച്ചു. സംഭവത്തില്‍ ആളപായമില്ല. പുലര്‍ച്ചെ മൂന്ന് മണിയോടെ ആണ് തീ പിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും രണ്ട് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.തീ പിടുത്തത്തില്‍ ഒരു പലചരക്ക് കടയും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയും പച്ചക്കറിക്കടയുമാണ് നശിച്ചത്.പലചരക്ക് കടയിലാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് സമീപത്തുള്ള മറ്റു കടകളിലേക്ക് വ്യാപിക്കുകയായിരുന്നു.വന്‍ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പേരാവൂരില്‍ നിന്നും മാനന്തവാടിയില്‍ നിന്നും നാല് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.