ന്യൂഡൽഹി:ഡല്‍ഹിയില്‍ ഫാക്റ്ററി കെട്ടിടത്തിന് തീപിടിച്ച് 32 പേര്‍ മരിച്ചു.റാണി ഝാന്‍സി റോഡില്‍ അനാജ് മന്‍ഡിയിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്.പൊള്ളലേറ്റവരെ ലോക് നായക്,ഹിന്ദു റാവു ആശുപത്രികളിലേക്ക് മാറ്റി.27 അഗ്‌നിശമന യൂണിറ്റുകളാണ് തീയണയ്ക്കാൻ പരിശ്രമിക്കുന്നത്.ഒൻപത് മണിയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്.50 ലധികം പേരെ രക്ഷപെടുത്തി. പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.സ്‌കൂള്‍ ബാഗുകളും, ബോട്ടിലുകളും മറ്റ് വസ്തുക്കളും നിര്‍മ്മിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി ഫയര്‍ ചീഫ് ഓഫീസര്‍ സുനില്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. അപകടസമയത്ത് ഫാക്ടറിയലുണ്ടായിരുന്നവര്‍ ഉറക്കത്തിലായിരുന്നതാണ് മരണസംഖ്യ ഇത്രയും കൂടാന്‍ കാരണമായത്.
ലോക്‌സഭയില്‍ സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി;കോണ്‍ഗ്രസ് എംപിമാരായ ടിഎന്‍ പ്രതാപനേയും ഡീന്‍ കുര്യക്കോസിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം
ന്യൂഡൽഹി:ലോക്‌സഭയില്‍ സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് എംപിമാരായ ടിഎന്‍ പ്രതാപനേയും ഡീന്‍ കുര്യക്കോസിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം.ഇതിനായുള്ള പ്രമേയം തിങ്കളാഴ്ച അവതരിപ്പിക്കും. അതേസമയം എംപിമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയത്തെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. തിങ്കളാഴ്ച സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും എംപിമാര്‍ക്ക് വിപ്പു നല്കി. ലോക്‌സഭയില്‍ സ്ത്രീസുരക്ഷ ഉന്നയിച്ചുള്ള ചര്‍ച്ചയ്ക്കിടെ സ്മൃതി ഇറാനിയും കേരള എംപിമാരും തമ്മില്‍ വാഗ്വാദമുണ്ടായിരുന്നു. ടിഎന്‍ പ്രതാപനും ഡീന്‍ കുര്യക്കോസും തന്നെ ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചെന്നും സ്മൃതി ഇറാനി ആരോപിച്ചത് സഭയെ പ്രക്ഷുബ്ധമാക്കി.തുടര്‍ന്ന് ഇരുവരെയും പുറത്താക്കണമെന്ന് ബിജെപി എംപിമാര്‍ ആവശ്യപ്പെട്ടു. മന്തികൂടിയായ വനിത അംഗത്തോടുള്ള പെരുമാറ്റവും സഭയോടും സ്പീക്കറോടുമുള്ള അനാദരവും കാരണം സസ്പെന്‍ഡ് ചെയ്യാന്‍ ചട്ടം 374 പ്രകാരമുള്ള പ്രമേയം എന്നാണ് അജണ്ടയില്‍ വ്യക്തമാക്കുന്നത്. ബിജെപിക്ക് ഭൂരിപക്ഷം ഉള്ള സാഹചര്യത്തില്‍ പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി അവതരിപ്പിക്കുന്ന പ്രമേയം പാസാകും.ശീതകാല സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച വരേക്കാകും സസ്പെന്‍ഷന്‍. സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു സ്മൃതി ഇറാനിക്കെതിരേ ആക്രോശവുമായി ടി എന്‍. പ്രതാപനും ഡീന്‍ കുര്യാക്കോസും നടുത്തളത്തില്‍ ഇറങ്ങിയത്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ആഭ്യന്തര മന്ത്രി സഭയിലില്ലായെന്നും പകരം മന്ത്രി സമൃതി ഇറാനിയോ താനോ മറുപടി നല്‍കാമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേകര്‍ സഭയില്‍ വ്യക്തമാക്കായിരുന്നു. തുടര്‍ന്ന് സ്മൃതി ഇറാനി മറുപടി നല്‍കാന്‍ എഴുന്നേറ്റപ്പോള്‍ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തി. ഇതിനിടെയാണ് ടി എന്‍. പ്രതാപനും ഡീന്‍ കുര്യാക്കോസും മന്ത്രിക്കെതിരേ ആക്രോശവും ഭീഷണിയുമായി സഭയുടെ നടുത്തളത്തിലിറങ്ങിയത്. ഭീഷണി വേണ്ടെന്നും സ്ത്രീ ആയതു കൊണ്ടാണോ തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതെന്ന് സ്മൃതി ചോദിച്ചു. പിന്നാലെ എംപിമാര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി എംപിമാരും രംഗത്ത് വന്നു. സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തുകയാണ് എംപിമാര്‍ ചെയ്തതെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു.
കണ്ണൂർ പാനൂരിൽ നിന്നും ഉഗ്രശേഷിയുള്ള ബോംബുകൾ കണ്ടെടുത്തു
കണ്ണൂർ:പാനൂരിനടുത്തുള്ള മുത്താറി പീടികയില്‍ നിന്നും ഉഗ്രശേഷിയുള്ള ബോംബുകൾ കണ്ടെടുത്തു.ഉഗ്രസ്ഫോടന ശേഷിയുള്ള നാല് നാടന്‍ ബോംബുകളാണ് പൊലീസ് സംഘം പരിശോധനയില്‍ കണ്ടെത്തിയത്.പുതുതായി നിര്‍മ്മിച്ച ബോംബുകളെന്നാണ് പ്രാഥമിക വിലയിരുത്തല്‍.ആളൊഴിഞ്ഞ പറമ്പിലെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍.പാനൂര്‍ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തിയത്.
ഹൈദരാബാദ് ബലാൽസംഗ കേസ്;കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹങ്ങൾ സംസ്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി
ഹൈദരാബാദ്:ഹൈദരാബാദ് ബലാൽസംഗ കേസിൽ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹങ്ങൾ സംസ്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി.തിങ്കളാഴ്ച രാത്രി എട്ടുവരെ മൃതദേഹങ്ങള്‍ സൂക്ഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ചിത്രീകരിച്ച് സിഡിയോ പെന്‍ഡ്രൈവോ മഹബൂബ് നഗര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിക്ക് കൈമാറണമെന്നും നിര്‍ദേശമുണ്ട്.ജില്ലാ ജഡ്ജി ഇത് നാളെ വൈകുന്നേരത്തോടെ ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിന് കൈമാറണം.വ്യാഴാഴ്ച രാത്രിയിലാണ് വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചത്.അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലായിരുന്നു സംഭവം.റിമാന്‍ഡിലായിരുന്ന പ്രതികളെ സംഭവം നടന്നതെങ്ങനെ എന്നു മനസ്സിലാക്കാന്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പ്രതികള്‍ നാലുപേരും കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാത്രി സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം.ഷംഷാബാദിലെ ടോള്‍ പ്ലാസയില്‍ നിന്ന് 100 മീറ്റര്‍ അകലെ വൈകിട്ട് ആറരയോടെ സ്കൂട്ടര്‍ നിര്‍ത്തിയ ഇവര്‍ ഗച്ചിബൗളയിലേയ്ക്കു പോയി.ഈ സമയം പ്രതികള്‍ സമീപത്തിരുന്നു മദ്യപിക്കുകയായിരുന്നു. തങ്ങളുടെ ലോറിയ്ക്ക് സമീപത്തായി യുവതി സ്കൂട്ടര്‍ നിര്‍ത്തിയിടുന്നത് കണ്ട ഇവര്‍ മടങ്ങി വരുമ്പോൾ യുവതിയെ പീഡിപ്പിക്കാന്‍ പദ്ധതിയിട്ടു.തുടർന്ന് യുവതിയുടെ സ്കൂട്ടറിന്‍റെ ടയര്‍ പ്രതികളിലൊരാള്‍ പഞ്ചറാക്കി. മടങ്ങിവന്ന യുവതിയ്ക്ക് അവര്‍ സഹായ വാഗ്ദാനം നല്‍കി.സ്കൂട്ടര്‍ ശരിയാക്കികൊണ്ടുവരാമെന്നും പറഞ്ഞ് പ്രതികളിലൊരാള്‍ വണ്ടി തള്ളികൊണ്ടുപോയി. ഇതിനിടയില്‍ സംശയം തോന്നിയ യുവതി തന്‍റെ സഹോദരിയെ വിവരമറിയിക്കുകയും സഹായിക്കാനെത്തിയവരെ സംശയമുണ്ടെന്ന് പറയുകയും ചെയ്തു.അവിടെനിന്നും പെട്ടെന്ന് തിരികെയെത്താന്‍ നിര്‍ദ്ദേശിച്ച സഹോദരി പിന്നീട് ഡോക്ടറെ വിളിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നു.ഫോണ്‍ വിളിച്ചതിനു പിന്നാലെ മറ്റുമൂന്നുപേരും ചേർന്ന് യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ബോധം വീണ്ടുകിട്ടിയ യുവതി ബഹളം വച്ചപ്പോള്‍ പ്രതികള്‍ ചേര്‍ന്ന് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് സംഭവ സ്ഥലത്തു നിന്നും 20 കിലോമീറ്റര്‍ അകലെ മൃതദേഹം എത്തിച്ച് പെട്രോളും ഡീസലും ഉപയോഗിച്ച് കത്തിക്കുകയുമായിരുന്നു.
ഉന്നാവോയിൽ ബലാൽസംഗകേസ് പ്രതികൾ തീകൊളുത്തിയ പെൺകുട്ടി മരണത്തിനു കീഴടങ്ങി
ന്യൂഡൽഹി:ഉന്നാവിൽ ബലാൽസംഗകേസ് പ്രതികൾ തീകൊളുത്തിയ പെൺകുട്ടി മരണത്തിനു കീഴടങ്ങി.ഡല്‍ഹിയിലെ സഫ്ദാര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.11.10ന് യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായത് തുടര്‍ന്ന് പരമാവധി ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് സഫ്ദാര്‍ജങ് ആശുപത്രി അധികതര്‍ അറിയിച്ചു. പ്രാഥമിക ചികിത്സ വൈകിയതും 90 ശതമാനം പൊള്ളലേറ്റതുമാണ് നില അപകടത്തിലാക്കിയതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അബോധാവസ്ഥയില്‍ അശുപത്രിയിലെത്തിച്ച യുവതി വെന്റിലേറ്ററിലായിരുന്നു.വിവാഹ വാഗ്ദാനം നല്‍കിയ ആള്‍ കൂട്ടുകാരനുമൊത്തു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി നല്‍കിയ പെണ്‍കുട്ടിയെയാണ് പ്രതികളടക്കം അഞ്ചു പേര്‍ ചേര്‍ന്നു തീ കൊളുത്തി പരിക്കേല്‍പ്പിച്ചത്. ഉന്നാവ് ഗ്രാമത്തില്‍ നിന്നു റായ്ബറേലിയിലെ കോടതിയിലേക്കു പോകാന്‍ തുടങ്ങവേ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അതീവ ഗുരുതരവസ്ഥയിലായ പെണ്‍കുട്ടിയെ ലക്നൗവിലെ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികില്‍സയ്ക്കായി ഡല്‍ഹിയിലേക്കു മാറ്റുകയായിരുന്നു.തന്നെ ബലാത്സംഗം ചെയ്ത പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തനിക്ക് മരിക്കാന്‍ ആഗ്രഹമില്ലെന്നും പെണ്‍കുട്ടി പറഞ്ഞതായി കുടുംബം അറിയിച്ചു. ”എനിക്ക് മരിക്കണ്ട, എന്നെ രക്ഷിക്കണം. എന്നോട് ഇത് ചെയ്തവര്‍ക്ക് വധശിക്ഷ ലഭിക്കുന്നത് എനിക്ക് കാണണം” പെണ്‍കുട്ടി സഹോദരനോട് പറഞ്ഞതിങ്ങനെ.ആക്രമിക്കപ്പെട്ട ദിവസം ദേഹത്ത് പടര്‍ന്നുപിടിച്ച തീയുമായി പെണ്‍കുട്ടി ഒരു കിലോമീറ്ററോളം ഓടിയെന്ന് ദൃസാക്ഷികള്‍ പറഞ്ഞിരുന്നു. ഒരുകിലോമീറ്ററോളം ഓടിയതിന് ശേഷമാണ് പെണ്‍കുട്ടിയെ ദൃസാക്ഷികള്‍ കാണുന്നത്. ഇവരാണ് പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയിലെത്തിച്ചത്. വിജനമായ റോഡില്‍വെച്ചായിരുന്നു ആക്രമണം. തീ ആളി പടരുന്നതിനിടെ ഇവര്‍ ആംബുലന്‍സ് നമ്പറിലേക്ക് ഫോണ്‍ വിളിച്ചിരുന്നു.
‘തെളിവെടുപ്പിനിടെ പ്രതികൾ തോക്കുകൾ തട്ടിയെടുത്ത് ആക്രമിച്ചു,ഇതോടെ വെടിവയ്ക്കാൻ നിർബന്ധിതരായി’:പ്രതികളെ വെടിവെച്ച് കൊന്ന സംഭവത്തിൽ വിശദീകരണവുമായി കമ്മീഷണർ
ഹൈദരാബാദ്: ഹൈദരാബാദില്‍ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് തീയിട്ടുകൊന്ന കേസിലെ നാലു പ്രതികളെ വെടിവച്ച് കൊന്ന നടപടിയില്‍ പ്രതികരണവുമായി സൈബറാബാദ് കമ്മീഷണര്‍ വി.സി.സജ്ജനാര്‍. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് കമ്മീഷണർ പറഞ്ഞു.തെളിവെടുപ്പിനി- പോലീസുകാരുടെ കൈവശമുണ്ടായിരുന്ന രണ്ട‌് തോക്കുകള്‍ തട്ടിയെടുത്ത് പ്രതികള്‍ വെടിയുതിര്‍ത്തു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും പ്രതികള്‍ തയാറായില്ല.ഇതോടെ വെടിവയ്ക്കാന്‍ നിര്‍ബന്ധിതരായി. പ്രതികള്‍ കുറ്റസമ്മതം നടത്തിയിരുന്നെന്നും വാര്‍ത്താ സമ്മേളനത്തില്‍ കമ്മീഷണര്‍ പറഞ്ഞു.രണ്ടു പോലീസുകാര്‍ക്ക് വെടിവയ്പിനിടെ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വി.സി.സജ്ജനാര്‍ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനും ആറിനും ഇടയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.നവംബര്‍ 28 ന് രാവിലെയാണ് ഹൈദരാബാദ്-ബെംഗളൂരു ഹൈവേയ്ക്ക് സമീപം വെറ്റിനറി ഡോക്ടറായ പ്രിയങ്ക റെഡ്ഡിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെടുത്തത്. ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് പ്രതികള്‍ യുവതിയെ ആക്രമിച്ചത്. ലൈംഗികാക്രമണത്തിന് ഇരയാക്കിയ ശേഷം അക്രമികള്‍ 27 കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.പിന്നീട് മൃതദേഹം കത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഹൈദരാബാദ് ഏറ്റുമുട്ടലില്‍ ആഭ്യന്തരമന്ത്രാലയം തെലുങ്കാനയോട് വിശദീകരണം തേടി
ദില്ലി:ഹൈദരാബാദ് ഏറ്റുമുട്ടലില്‍ ആഭ്യന്തരമന്ത്രാലയം തെലുങ്കാനയോട് വിശദീകരണം തേടി.അതേസമയം സംഭവത്തില്‍ കേന്ദ്രത്തിന്‍റെ നിലപാട് അറിയിക്കണമെന്ന് പ്രതിപക്ഷം ലോക്സഭയില്‍ ആവശ്യപ്പെട്ടു. തെലുങ്കാന സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും എന്ത് തുടര്‍നടപടികള്‍ വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കുക.സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമത്തിനോട് യോജിപ്പില്ല. പക്ഷേ തെലുങ്കാനയില്‍ ഇപ്പോള്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടലിലും പ്രതികളെ കൊലപ്പെടുത്തിയ സംഭവത്തിലും കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പ്രതിപക്ഷത്തിനെതിരെ ലോക്സഭയില്‍ സ്‍മൃതി ഇറാനി പൊട്ടിത്തെറിച്ചു. ബംഗാളില്‍ രാഷ്ട്രീയ വിരോധം തീര്‍ക്കുന്നത് സ്‍ത്രീകളെ ആക്രമിച്ചാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. അതേസമയം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 30 മിനിറ്റ് നേരത്തേക്ക് സഭ നിര്‍ത്തിവച്ചു.വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലില്‍ പൊലീസ് കൊല്ലപ്പെടുത്തിയത്. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്നാണ് പൊലീസ് ഭാഷ്യം. നാലുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഷട്ടില്‍ ബസ് സർവീസ് തുടങ്ങുന്നു;വിമാനത്താവളത്തിന്റെ ഒന്നാം വാർഷികം ആഘോഷമാക്കാനും തീരുമാനം
ഉന്നാവിൽ ബലാൽസംഗ കേസ് പ്രതികൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതരം
ഉത്തർപ്രദേശ്:ഉന്നാവിൽ ബലാൽസംഗ കേസ് പ്രതികൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.പെണ്‍കുട്ടി വെന്റിലേറ്ററിലാണെന്നും, രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. പെണ്‍കുട്ടിയെ ചികില്‍സിക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ഇന്നലെ ലക്‌നൗവില്‍ നിന്നും ഡല്‍ഹിയിലെ സഫ്ദര്‍ജങ്ങ് ആശുപത്രിയിലെത്തിച്ചിരുന്നു. തൊണ്ണൂറ് ശതമാനം പൊളളലേറ്റ പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. കുട്ടിയുടെ ചികില്‍സാച്ചെലവ് യുപി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.കഴിഞ്ഞ മാര്‍ച്ചില്‍ താൻ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് ആരോപിച്ച് യുവതി പരാതി നല്‍കിയിരുന്നു കേസില്‍ ഒരാള്‍ അറസ്റ്റിലായി എങ്കിലും ജാമ്യത്തില്‍ ഇറങ്ങി. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനായിരുന്നില്ല. ഇവര്‍ എല്ലാവരും ചേര്‍ന്നാണ് കേസിന്റെ തുടര്‍ നടപടികള്‍ക്കായി പോകവെ യുവതിയെ തട്ടികൊണ്ട് പോയി തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ഷഹല ഷെറിന്റെയും നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭ യോഗത്തിൽ തീരുമാനം
തിരുവനന്തപുരം:ക്ലാസ് റൂമിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ച ഷെഹ്ല ഷെറിന്റെയും ബാറ്റ് കൊണ്ടുളള അടിയേറ്റ് മരിച്ച നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭ യോഗത്തിൽ തീരുമാനം.വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വച്ച് പാമ്പു കടിയേറ്റാണ് ഷഹല ഷെറിന്‍ മരിക്കുന്നത്. അധ്യാപകരുടെയും താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെയും അനാസ്ഥ മൂലം സമയത്ത് ചികിത്സ ലഭിക്കാതെയാണ് പെണ്‍കുട്ടി മരിച്ചത്.സ്‌കൂളില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കളിക്കുന്നതിനിടെ ബാറ്റായി ഉപയോഗിച്ച പട്ടിക കഷ്ണം അബദ്ധത്തില്‍ തലയില്‍ കൊണ്ടാണ് നവനീത് മരിച്ചത്. തലയ്ക്കുള്ളിലുണ്ടായ രക്ത സ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.തലയ്ക്ക് പിന്നില്‍ ചതവും പാടുകളും കണ്ടെത്തിയിരുന്നു. മാവേലിക്കര ചുനക്കര ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു നവനീത്.