തിരുവനന്തപുരം:ദേശീയ പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചു.മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം ഭരണപ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നുണ്ട്.രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സംയുക്തസത്യാഗ്രഹം. ഭരണഘടനാവിരുദ്ധ പൗരത്വനിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍ എല്‍.ഡി.എഫ്., യു.ഡി.എഫ് കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കും. ഈ സര്‍ക്കാരിന്റെ കാലത്ത് ആദ്യമായാണ് കേന്ദ്ര നയത്തിനെതിരേ ഇടതു-ഐക്യമുന്നണി നേതാക്കള്‍ സംയുക്ത സമരം നടത്തുന്നത്.രണഘടന ഉറപ്പുനല്‍കുന്ന തുല്യത അട്ടിമറിക്കുന്നതാണ് പൗരത്വഭേദഗതിയെന്നും മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് അനുവദിക്കാനാകില്ലെന്നുമുള്ള നിലപാടാണ് കേരളം ഒറ്റക്കെട്ടായി ഉയര്‍ത്തുന്നത്.കലാ, സാഹിത്യ, സാസ്‌കാരിക മേഖലകളിലെ പ്രമുഖര്‍, ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും സംഘടനകളിലുമുള്ളവര്‍, നവോത്ഥാനസമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരും സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്ത് അര്‍ധരാത്രി വിദ്യാര്‍ത്ഥി പ്രതിഷേധം; രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം; ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരേ കേരളത്തിലും വിദ്യാര്‍ത്ഥി പ്രതിഷേധം. ഡിവൈഎഫ് ഐ, കെഎസ് യു പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രി രാജ്ഭവനിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.ആദ്യം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. രാത്രി 11.30-ഓടെയായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. രാജ്ഭവന് മുന്നില്‍ ബാരിക്കേഡുകള്‍ വെച്ച് പോലീസ് പ്രതിഷേധ മാര്‍ച്ച് തടഞ്ഞു. എന്നാല്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തുകടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനു ശേഷവും പ്രതിഷേധക്കാര്‍ ബാരിക്കേഡിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ഇതിന് പിന്നാലെയാണ് കെ.എസ്.യു. പ്രവര്‍ത്തകരും രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ചുമായി എത്തിയത്.സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാര്‍ച്ചിന് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഞായറാഴ്ച അര്‍ധരാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വിദ്യാര്‍ഥി, യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം നടത്തിയതിനാണ് ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതച്ചത്.
പൗരത്വ ബിൽ;ജാമിയ മിലിയ സർവകലാശാലയിലെ പോലീസ് നടപടിക്കെതിരെ കേരളത്തിലും പ്രതിഷേധം ശക്തം;വിവിധയിടങ്ങളിൽ തീവണ്ടികൾ തടഞ്ഞു
കോഴിക്കോട്: ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധം ശക്തം.വിവിധ സ്റ്റേഷനുകളിൽ പ്രതിഷേധക്കാർ തീവണ്ടികൾ തടഞ്ഞു.ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ യുവജന സംഘടനകളാണ് അര്‍ധരാത്രി തീവണ്ടി തടയല്‍ സമരം നടത്തിയത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രാത്രിയെത്തിയ മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്തടഞ്ഞുകൊണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് തീവണ്ടി തടയല്‍സമരത്തിന് തുടക്കമിട്ടത്.യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും ട്രെയിന്‍ തടഞ്ഞു.പാലക്കാട് ഷാഫി പറമ്പിൽ എം.എല്‍.എയുടെ നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തെജനങ്ങളുടെ ഉറക്കമില്ലാതാക്കി അധികാരത്തിലുള്ളവര്‍ ഉറങ്ങാമെന്ന് വിചാരിക്കേണ്ടെന്നും ഈ നാട്ടിലെ പൗരനാണെന്ന് തെളിയിക്കാന്‍ അമിത് ഷായുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ഷാഫി പറമ്പിൽ എം.എല്‍.എ. പറഞ്ഞു. ഭരണകൂടത്തിന്റെ തെമ്മാടിത്തരം ഇനി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യം റെയില്‍വേ സ്റ്റേഷനിലും പിന്നീട് ദേശീയപാതയിലേക്കും പ്രതിഷേധം നീണ്ടു.എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീവണ്ടി തടഞ്ഞു. തുടര്‍ന്ന് അല്പസമയം ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് കനത്ത പ്രതിഷേധം;യുദ്ധക്കളമായി തലസ്ഥാനം
ന്യൂഡൽഹി:പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. പ്രക്ഷോഭം രാജ്യതലസ്ഥാനമായ ഡൽഹിയിൽ അക്രമാസക്തമായി. പ്രക്ഷോഭവുമായി തെരുവിലിറങ്ങിയ വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെ ജാമിയ നഗറില്‍ മൂന്നു ബസുകള്‍ക്ക് തീയിട്ടു. ജാമിയ മിലിയ സര്‍വ്വകലാശാലയിലേക്ക് പൊലീസ് റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകും നടത്തിവരുന്ന സമരമാണ് വലിയ സംഘര്‍ഷമായി വ്യാപിച്ചത്. അതേസമയം, അക്രമങ്ങളില്‍ പങ്കില്ലെന്നും പുറത്തു നിന്നുള്ളവരാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്നും ജാമിയ മിലിയയിലെ വിദ്യാര്‍ഥികള്‍ പറഞ്ഞു.ഇന്നലെ വൈകുന്നേരം നാലു മണിയോടെ ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും ‘ഗാന്ധി പീസ് മാര്‍ച്ച്’ എന്ന പേരില്‍ ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു. എന്നാല്‍ ഈ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.സര്‍വകലാശാല അടച്ചിട്ടും വിദ്യാര്‍ഥികള്‍ പ്രക്ഷോഭം തുടരുകയാണ്. പ്രക്ഷോഭത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ അഞ്ച് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. സുഖ്ദേവ് വിഹാര്‍, ജാമിയ മിലിയ ഇസ്ലാമിയ, ഓഖ്‌ല വിഹാര്‍, ജസോള വിഹാര്‍, ആശ്രം മെട്രോ സ്റ്റഷനുകളാണ് അടച്ചത്.അതേസമയം അതേസമയം, ആക്രമണങ്ങള്‍ക്ക് പിന്നില്‍ പൊലീസ് ആണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ രംഗത്തെത്തി. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും അദ്ദേഹം പുറത്തു വിട്ടു. ബസ് കത്തിക്കാന്‍ കൂട്ടു നിന്നത് പൊലീസെന്നത് ഉള്‍പ്പെടെ പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉന്നയിച്ചിരിക്കുന്നത്.പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിരവധി തെളിവുകളാണ് മനീഷ് സിസോദിയ പുറത്തു വിട്ടിരിക്കുന്നത്. പെട്രോള്‍ ക്യാനുമായി പൊലീസ് നില്‍ക്കുന്ന ചിത്രങ്ങളും വിദ്യാര്‍ഥിനികളെ പൊലീസ് മര്‍ദ്ദിക്കുന്ന ചിത്രങ്ങളും മനീഷ് സിസോദിയ പുറത്തുവിട്ടു. പ്രതിഷേധക്കാരോട് സംഘര്‍ഷം ഒഴിവാക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ആഹ്വാനം ചെയ്തു.
ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് നടപ്പാക്കുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടി
ന്യൂഡൽഹി:രാജ്യത്തെ ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് നടപ്പാക്കുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടി.യാത്രക്കാരുടെ അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.മുന്നൊരുക്കമില്ലാതെ ഫാസ്ടാഗ് നടപ്പാക്കുന്നതിനെതിരേ വിവിധ കോണുകളില്‍ നിന്നും കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഒരു മാസം കൂടി സമയം നീട്ടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.ഡിസംബര്‍ 15 മുതല്‍ ടോള്‍ ബുത്തുകളില്‍ ഫാസ്ടാഗ് നടപ്പാക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ 75 ശതമാനം വാഹന ഉടമകളും ഫാസ്ടാഗിലേക്ക് മാറാതിരുന്നതോടെ ജനുവരി 15 മുതല്‍ നടപ്പിലാക്കിയാല്‍ മതിയെന്ന് ദേശീയപാത അതോറിറ്റി തീരുമാനിക്കുകയായിരുന്നു.ഫാസ്ടാഗ് നടപ്പാക്കുന്നതിന് മുന്നോടിയായി പാലിയേക്കരയിലും കുണ്ടന്നൂരിലും നടത്തിയ പരീക്ഷണം രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാക്കി.ഇതോടെ ടോള്‍പ്ലാസകളില്‍ യാത്രക്കാര്‍ മണിക്കൂറുകള്‍ കുടുങ്ങി.പലരും ഫാസ്ടാഗ് കാര്‍ഡിന് ഓള്‍ലൈനില്‍ അപേക്ഷിച്ചെങ്കിലും ലഭിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നു. ഇതോടെയാണ് ഡിസംബര്‍ 15ന് തുടങ്ങാന്‍ നിശ്ചയിച്ച പരിഷ്കാരം ഒരുമാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചത്.
വാഹനപരിശോധനയ്ക്കിടെ പൊലീസുമായി തര്‍ക്കവും വാക്കേറ്റവും;കണ്ണൂർ വളപട്ടണത്ത് നാല് യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍:വാഹനപരിശോധനയ്ക്കിടെ പൊലീസുമായി തര്‍ക്കവും വാക്കേറ്റവും നടത്തിയതിന് നാല് യുവാക്കള്‍ അറസ്റ്റില്‍.നിഷാദ്, ഇര്‍ഷാദ്, മിന്‍ഹാജ്, നവാബ് എന്നിവരാണ് അറസ്റ്റിലായത്. പൊതുസ്ഥലത്ത് പുകവലിച്ചതിന് ഒരാള്‍ക്ക് പിഴയിട്ടതിനെ ചോദ്യം ചെയ്തതാണ് പിടിവലിയില്‍ കലാശിച്ചത്.കണ്ണൂര്‍ അലവില്‍ പണ്ണേരിമുക്കിലാണു സംഭവം.കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, പരിക്കേല്‍പ്പിക്കല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.അതേസമയം ഗതാഗതം തടസപ്പെടുത്തി പൊലീസ് വാഹനം പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ പോലീസുകാർ മർദിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.നിയമം പഠിപ്പിക്കാന്‍ നീയാരാണെന്നു ചോദിച്ച എസ്‌ഐ യുവാവിനോടു ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടു.എന്തു തെറ്റു ചെയ്തിട്ടാണെന്നു ചോദിച്ചതോടെ വലിച്ചിഴച്ചു ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചു.നാട്ടുകാര്‍ എതിര്‍ത്തു. ഇതോടെ സ്ട്രൈക്കര്‍ ഫോഴ്സിനെ വിളിച്ചു വരുത്തി.ഉന്തിലും തള്ളിലും എസ്‌ഐ നിലത്തുവീണു.ഏറെ നേരം നടന്ന വാഗ്വാദത്തിനൊടുവില്‍ നാട്ടുകാര്‍ ഓട്ടോറിക്ഷയില്‍ യുവാവിനെ സ്റ്റേഷനിലെത്തിച്ചു.യുവാവ് പൊലീസിനോടു മോശമായി സംസാരിച്ചുവെന്നും കേസെടുക്കുമെന്നും വളപട്ടണം സിഐ പറഞ്ഞു.എന്തു വകുപ്പു പ്രകാരമാണു കേസെന്ന ചോദ്യത്തിന്, വകുപ്പു തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി. സ്റ്റേഷനിലെത്തിയ നാട്ടുകാരില്‍ രണ്ടു പേരുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചുവച്ചു. എസ്‌ഐ ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്.
കാസർകോട്ട് രണ്ടു തലയുമായി പെൺകുഞ്ഞ് ജനിച്ചു
കാസർകോഡ്:ജനറൽ ആശുപത്രിയിൽ ബെള്ളൂർ സ്വദേശിനിയായ സ്ത്രീക്ക് രണ്ടു തലയുമായി പെൺകുഞ്ഞ് ജനിച്ചു.ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. മൂന്നു ദിവസം മുൻപാണ് ബെള്ളൂർ കിന്നിംഗാറിലെ ലോകനാഥ ആചാര്യയുടെ ഭാര്യ ചന്ദ്രകലയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സ്കാനിങ്ങിൽ ഗർഭസ്ഥ ശിശുവിന്റെ തലയ്ക്ക് വലിപ്പക്കൂടുതൽ ഉള്ളതായി കണ്ടെത്തിയിരുന്നു.രണ്ടുതലയുടെ സാദൃശ്യമുള്ള മാംസം കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ചന്ദ്രകലയുടെ രണ്ടാമത്തെ കുട്ടിയാണിത്.ആദ്യത്തെ കുട്ടിക്ക് രണ്ടരവയസ്സ് പ്രായമുണ്ട്. എൻഡോസൾഫാൻ ദുരിതബാധിത പ്രദേശമാണ് ബെള്ളൂർ.ചന്ദ്രകലയുടെ ഭർതൃമാതാവ് എൻഡോസൾഫാൻ ദുരിതബാധിതയായിരുന്നു.നാലുവർഷം മുൻപ് ഇവർ മരണപ്പെട്ടു.
മെഡിക്കൽ സ്റ്റോറിൽ നിന്നും നൽകിയ തെറ്റായ മരുന്ന് കഴിച്ചു;രക്തം ഛര്‍ദ്ദിച്ച് രണ്ട് വയസുകാരി മരിച്ചു
ന്യൂഡൽഹി:മെഡിക്കൽ സ്റ്റോറിൽ നിന്നും നൽകിയ തെറ്റായ മരുന്ന് കഴിച്ചതിനെ തുടർന്ന് രക്തം ഛര്‍ദ്ദിച്ച് രണ്ട് വയസുകാരി മരിച്ചു.ന്യൂഡല്‍ഹി ഷാദരയിലെ ജിടിബി പ്രദേശത്താണ് സംഭവം. പ്രദേശത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്നുമാണ് കുട്ടിക്ക് അമ്മ മരുന്ന വാങ്ങി നല്‍കിയതെന്ന് പോലീസ് പറഞ്ഞു.സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.കടുത്ത പനിയും ചുമയും മൂലം ബുധനാഴ്ചയാണ് മരുന്ന് വാങ്ങുന്നതിന് വേണ്ടി കുട്ടിയേയും കൊണ്ട് അമ്മ മെഡിക്കല്‍ സ്റ്റോറിലെത്തിയത്.എന്നാല്‍ മരുന്ന് കഴിച്ചിട്ടും കുട്ടിയുടെ രോഗത്തിന് ശമനമാകാത്തതിനെ തുടര്‍ന്ന് അമ്മ വീണ്ടും കുട്ടിയേയും കൊണ്ട് മെഡിക്കല്‍ സ്റ്റോറില്‍ എത്തി. തുടര്‍ന്ന്, സ്റ്റോര്‍ ജീവനക്കാര്‍ കുഞ്ഞിന് ഇഞ്ചക്ഷന്‍ നല്‍കി.പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ കുട്ടി രക്തം ഛര്‍ദ്ദിക്കുകയായിരുന്നു. ഉടന്‍ തന്നെ അമ്മ കുട്ടിയെ ജിടിബി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോഴിക്കോട് മുക്കത്ത് ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകന്‍ കസ്റ്റഡിയില്‍
കോഴിക്കോട്: മുക്കത്ത് ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകന്‍ കസ്റ്റഡിയില്‍.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.മുക്കത്തെ ഒരു ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അനുപ്രിയയെ ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.സ്കൂള്‍ യൂണിഫോമിലാണ് അനുപ്രിയയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്.പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.ഇതര മതസ്ഥനായ യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നെന്നും ഇയാളുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്‍തതെന്നുമായിരുന്നു കുടുംബത്തിന്‍റെ ആരോപണം. പെണ്‍കുട്ടിക്ക് ഒരു യുവാവുമായുണ്ടായിരുന്ന ബന്ധമാണ് അവളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആത്മഹത്യ ചെയ്യുന്നതിന്റെ തലേന്നും പ്ലസ് ടുകാരിയായ പെണ്‍കുട്ടി യുവാവുമായി പുറത്ത് പോയിരുന്നുവെന്നും സഹപാഠികള്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.ആത്മഹത്യ ചെയ്ത ദിവസം ബാഗില്‍ മറ്റൊരു വസ്ത്രവുമായാണ് പെണ്‍കുട്ടി സ്‌കൂളിലേക്ക് എത്തിയതെന്നും സഹപാഠികള്‍ ചൂണ്ടിക്കാട്ടുന്നു.ഇനി ഈ യുവാവുമായൊരു ബന്ധത്തിനില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതായും പെണ്‍കുട്ടിയെ യുവാവിന്റെ വീട്ടുകാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും സഹപാഠികള്‍ വെളിപ്പെടുത്തി. പെണ്‍കുട്ടി തന്റെ ഡയറിയായി ഉപയോഗിച്ചിരുന്ന പുസ്തകം മുക്കം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്; ഇന്ന് തലസ്ഥാനത്ത് ‘ഭാരത് ബചാവോ’ മഹാറാലി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ്സിന്‍റെ ‘ഭാരത് ബചാവോ’ റാലി ഇന്ന്.പൗരത്വ ഭേദഗതി നിയമം, സ്ത്രീ സുരക്ഷ, തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷക പ്രശ്നങ്ങള്‍ എന്നിവയടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് റാലി.പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ കടന്നതോടെ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാണ്.അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, എ.കെ. ആന്റണി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാല്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും. ഒരു ലക്ഷം പേരെയാണ് റാലിയില്‍ പ്രതീക്ഷിക്കുന്നത്.ഡൽഹിയിൽ ഇത് വരെ സംഘടിപ്പിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ റാലിയായിരിക്കുമെന്നാണ് അവകാശവാദം. റാലിക്കുള്ള ഒരുക്കങ്ങൾ രാംലീലാ മൈതാനത്ത് പൂർത്തിയായി.കേരളം അടക്കം എല്ലാ പി.സി.സികളില്‍ നിന്നുമുള്ള പ്രതിനിധികള്‍ റാലിക്കായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.