കണ്ണൂര്‍ പുതിയതെരു നിന്നും 273 കിലോ പുകയില ഉത്‌പന്നങ്ങള്‍ പിടികൂടി

keralanews 273kg tobacco products seized from kannur puthiyatheru

കണ്ണൂര്‍: പുതിയതെരുവിലെ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്നും  273 കിലോ പുകയില ഉത്‌പന്നങ്ങള്‍ എക്സൈസ് സംഘം പിടികൂടി.ഉത്തര്‍പ്രദേശ് സ്വദേശികളായ രാകേഷ് കുമാര്‍ സഹാനി, അനുജന്‍ അരവിന്ദ് കുമാര്‍ സഹാനി എന്നിവര്‍ കണ്ണൂരില്‍ വില്‍ക്കാനായി എത്തിച്ചതായിരുന്നു ഇവ.എക്സൈസ് സംഘം എത്തിയപ്പോള്‍ രാഗേഷ് കുമാര്‍ സഹാനി ഓടിരക്ഷപ്പെട്ടു. അരവിന്ദ് കുമാര്‍ സഹാനിയെ കസ്റ്റഡിയിലെടുത്തു.പ്രിവന്റീവ് ഓഫീസര്‍ സി.വി.ദിലീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ കെ.ഷാജി, സി.സി.ആനന്ദ്‌കുമാര്‍, സുജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം;ബസ് കത്തിച്ചു;മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

keralanews again clash in new delhi over the citizenship amendment bill bus burned metro stations closed
ന്യൂഡൽഹി:പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം.കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി.സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തി. നഗരത്തിലെ പോലീസ് ബൂത്തിനും തീയിട്ടു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലീസ് ലാത്തി ചാര്‍ജ് നടത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതനുസരിച്ച്‌ പ്രതിഷേധക്കാര്‍ ഉച്ചയ്ക്ക് ഒരുമണിയോടെ ജഫറാബാദിലെത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ആദ്യ അരമണിക്കൂര്‍ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയ ഇവര്‍ പിന്നീട് അക്രമാസക്തരാവുകയായിരുന്നു.സീലംപൂര്‍ നിന്ന് ജഫറാബാദിലേക്കുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. സുരക്ഷയെ കരുതി അഞ്ച് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു.ഡ്രോണ്‍ സംവിധാനമുപയോഗിച്ച്‌ പോലീസ് സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്.

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേഷ് മുഷ്റഫിന് വധശിക്ഷ

keralanews death sentence for former pakistan president parvesh mushraf

ഇസ്ലാമാബാദ്:പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേഷ് മുഷ്റഫിന് വധശിക്ഷ.പെഷവാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഠ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.2007 ല്‍ ഭരണഘടന അട്ടിമറിച്ച്‌ ഭരണം പിടിച്ചെടുത്തതിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ്കോടതി വധശിക്ഷ വിധിച്ചത്.മുഷറഫ് കുറ്റക്കാരനാണെന്ന് 2014ല്‍ കോടതി വിധിച്ചിരുന്നു.വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഷറഫ് നല്‍കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. വിചാരണ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഷറഫ് ഹര്‍ജി നല്‍കിയിരുന്നത്.അറസ്റ്റില്‍ ഭയന്ന് പാകിസ്ഥാന്‍ വിട്ട മുഷറഫ് ഇപ്പോള്‍ ദുബായിലാണുള്ളത്. വധശിക്ഷയ്‌ക്കെതിരെ മുഷറഫ് അപ്പീല്‍ നല്‍കിയിട്ടുണ്ട്. തന്റെ സാന്നിധ്യത്തിലല്ലാതെ നടത്തിയ വിചാരണ റദ്ദാക്കണമെന്നും, ശാരീരിക അവശതകള്‍ മാറുന്നത് വരെ കേസില്‍ വിചാരണ നടത്തരുതെന്നുമാണ് മുഷറഫ് കോടതിയെ അറിയിച്ചിരിക്കുന്നത്.

ഉന്നാവ് ബലാൽസംഗക്കേസ്;മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെനഗര്‍ കുറ്റക്കാരനെന്ന് കോടതി

keralanews former bjp mla kuldeep senagar found guilty in unnao rape case

ന്യൂഡൽഹി:ഉന്നാവിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാല്സംഗത്തിനിരയാക്കിയെന്ന കേസിൽ മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെനഗര്‍ കുറ്റക്കാരനെന്ന് കോടതി.ഡല്‍ഹി തീസ് ഹസാരെ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 376, പോക്‌സോ ആക്ടിന്റെ 5,6 വകുപ്പുകള്‍ പ്രകാരമാണ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്.മാനഭംഗം , തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി വ്യക്തമാക്കിയ കോടതി , കേസിലെ കൂട്ടുപ്രതി ശശി സിംഗിനെ വെറുതെ വിട്ടു. കോടതിയില്‍ അതീവ ദുഃഖിതനായി കാണപ്പെട്ട സെന്‍ഗാര്‍, വിധി പ്രഖ്യാപനം കേട്ട് പൊട്ടിക്കര‌ഞ്ഞു.കേസിലെ കുറ്റപത്രം വൈകിയതില്‍ സി.ബി.ഐയെ വിചാരണ കോടതി വിമര്‍ശിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം ലക്‌നൗവില്‍ നിന്ന് കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റിയ ആഗസ്റ്റ് 5 മുതല്‍ ജില്ലാ ജഡ്ജി ധര്‍മേഷ് ശര്‍മ കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുകയായിരുന്നു.അടച്ചിട്ട മുറിയില്‍ രഹസ്യമായാണ് വിചാരണ നടന്നത്.

2017 ജൂണ്‍ 4ന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബി.ജെ.പി.എം.എല്‍.എയായിരുന്ന കുല്‍ദീപ് സെന്‍ഗാര്‍ പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് കേസ്.പരാതിയുമായി പൊലീസിനെ സമീപിച്ച പെണ്‍കുട്ടിയ്‌ക്കും കുടുംബത്തിനും അവഗണനയും പീ‌ഡനങ്ങളും മാത്രമാണ് നേരിടേണ്ടിവന്നത്. പെണ്‍കുട്ടിയുടെ അച്ഛനെ സെന്‍ഗറിന്റെ ആളുകള്‍ ക്രൂരമായി മര്‍ദിച്ച്‌ കള്ളക്കേസില്‍ കുടുക്കി.പിന്നീട് ഇയാൾ കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടു.എല്ലാ വഴികളും അടഞ്ഞതോടെ പെണ്‍കുട്ടി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. തുടർന്നാണ് കേസ് സി.ബി.ഐയ്‌ക്ക് വിട്ടത്.ഒടുവില്‍ സുപ്രീം കോടതിക്ക് മുന്നിലെത്തിയ കേസ്, കോടതി യു.പിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.

ജപ്തി ഭീഷണിയെ തുടർന്ന് തൃശൂരില്‍ വയോധികനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

keralanews farmer committed suicide in thrissur

തൃശൂർ:ജപ്തി ഭീഷണിയെ തുടർന്ന് തൃശൂരില്‍ വയോധികനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.വാഴ കര്‍ഷകനായിരുന്ന മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ് (86)ആണ് ആത്മഹത്യ ചെയ്തത്.ലോണെടുത്ത് ബാങ്കില്‍ നിന്ന് തിരിച്ചടവിന് സമയം ചോദിച്ചുവെങ്കിലും നല്‍കിയില്ല. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. വീട്ടില്‍ നിന്ന് വിഷം ഉള്ളിൽ ചെന്ന നിലയില്‍ വീട്ടുകാരാണ് ഔസേപ്പിനെ കണ്ടെത്തുന്നത്. ഒന്നര ലക്ഷംരൂപ അദ്ദേഹം വിവിധ ബാങ്കുകളില്‍ നിന്നായി കാര്‍ഷിക കടമെടുത്തിരുന്നു. വാഴ കൃഷി നടത്താനാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്തത്.ബാങ്കുകാര്‍ വിളിച്ചു വരുത്തി പണം എത്രയും വേഗം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടു.രണ്ട് പ്രളയ കാലത്ത് കൃഷി മുഴുവന്‍ നശിച്ചുവെന്നും തിരിച്ചടയ്ക്കാന്‍ നിലവില്‍ സാഹചര്യമില്ലെന്നും അറിയിച്ചു. എന്നാല്‍ ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു. ജപ്തി ഭയന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

തലശ്ശേരിയിൽ യുവ അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബ്ലേഡ് സംഘം നേതാവ് അറസ്റ്റില്‍

keralanews one arrested in connection with the suicide of young lawyer in thalasseri

കണ്ണൂർ:തലശ്ശേരിയിൽ യുവ അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബ്ലേഡ് സംഘ നേതാവ് അറസ്റ്റില്‍.ചക്കരക്കല്ല് ചെമ്പിലോട് സ്വദേശി ഷനോജാണ്‌ (30)അറസ്റ്റിലായത്. തലശ്ശേരി ബാറിലെ അഭിഭാഷകയായ പ്രിയ രാജീവനെ(38) ഇക്കഴിഞ്ഞ നവംബര്‍ 13 നാണു കടമ്പൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഗള്‍ഫില്‍നിന്ന് ഭര്‍ത്താവ് നാട്ടിലെത്തിയതിന്റെ പിറ്റേദിവസമായിരുന്നു ആത്മഹത്യ.ഭീമമായ കടബാധ്യതയാണു പ്രിയയുടെ ആത്മഹത്യയ്ക്കു കാരണമെന്നു തെളിഞ്ഞിരുന്നു.തുടര്‍ന്നു ബന്ധുക്കളും ലോയേര്‍സ് യൂണിയനും പ്രിയയുടെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്നു കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നിര്‍ദേശത്തില്‍ എടക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചത്. സ്ഥലത്തിന്റെ രേഖകള്‍ നല്‍കി ഷനോജില്‍ നിന്ന് പ്രിയ ആറു ലക്ഷത്തോളം രൂപയാണു വാങ്ങിയതായി പൊലീസ് പറഞ്ഞു. പലപ്പോഴായി പണം തിരികെ നല്‍കിയിരുന്നെങ്കിലും മുതലും പലിശയുമടക്കം ഭീമമായ തുക നല്‍കണമെന്നു ഷനോജിന്റെ നേതൃത്വത്തിലുള്ള ബ്ലേഡ് സംഘം പ്രിയയെ ഭീഷണിപ്പെടുത്തിയിരുന്നു. ഫോണിലൂടെയും വീട്ടിലെത്തിയും ഭീഷണികള്‍ തുടര്‍ന്നപ്പോഴാണു മനംനൊന്തു പ്രിയ ആത്മഹത്യ ചെയ്തതെന്നു പൊലീസ് പറയുന്നു. ഷനോജിന്റെ വീട്ടിലും ബ്ലേഡ് സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു.ഇവിടെ നിന്നും പ്രിയ നല്‍കിയ രേഖകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

പ്രിയ ബ്ലേഡില്‍നിന്ന് പണമെടുത്ത് വലിയ സാമ്പത്തിക കുരുക്കില്‍പ്പെട്ടതറിഞ്ഞാണ് ഭര്‍ത്താവ് രാജീവന്‍ നാട്ടിലെത്തിയത്. ബ്ലേഡുകാരില്‍നിന്നു മാത്രമല്ല മറ്റ് അഭിഭാഷകരോടും ഇവര്‍ ലക്ഷക്കണക്കിന് രൂപ കടംവാങ്ങിയിട്ടുണ്ട്. ഭര്‍ത്താവ് പ്രതിമാസം 40,000 രൂപയോളം പ്രിയക്ക് അയച്ചുകൊടുക്കുന്നുണ്ട്. അവര്‍ക്ക് സ്വന്തമായും വരുമാനമുണ്ട്.പിന്നെന്തിനാണ് ഇത്രവലിയ തുക ബ്ലേഡില്‍ നിന്നും മറ്റും പലിശയ്‌ക്കെടുത്തതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പലരില്‍നിന്നായി ഏകദേശം 16 ലക്ഷത്തോളം രൂപ പ്രിയ കടംവാങ്ങിയതായി പൊലീസ് പറയുന്നു. പ്രിയയുടെ കുടുംബത്തിന്റെ ആവശ്യത്തിനു വേണ്ടിയാണോ പണം കടംവാങ്ങിയതെന്നും അന്വേഷിക്കുന്നുണ്ട്.ഭര്‍ത്താവിന്റെ പേരിലുള്ള വീടും പറമ്പും പണയം വയ്ക്കുന്നതിന് വ്യാജ മുക്ത്യാര്‍ നിര്‍മ്മിച്ചു നല്‍കിയത് തലശേരിയിലെ നോട്ടറിയായ അഭിഭാഷകനാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അഭിഭാഷകനെയും അന്വേഷണസംഘം ചോദ്യം ചെയ്യുകയുണ്ടായി. ഇതിനിടയില്‍ പ്രിയയുടെ ഫോണ്‍ കോളുകളുടെ വിശദവിവരങ്ങള്‍ സൈബര്‍ സെല്ലില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു. നിയമപുസ്തകങ്ങള്‍ക്കിടയില്‍ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് മൂന്നുപേരെയാണ് പ്രിയ നിരന്തരം വിളിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇവരില്‍ ഒരാള്‍ തലശേരി കോടതിയില്‍ ഡ്യൂട്ടിയിലുള്ള കതിരൂര്‍ സ്റ്റേഷനിലെ പൊലീസുകാരനാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇയാളുമായി രാത്രി പതിനൊന്നിനും പുലര്‍ച്ചെ രണ്ടിനുമിടയില്‍ മണിക്കൂറുകളോളം പ്രിയ സംസാരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്

കണ്ണൂരിൽ ഹർത്താൽ അനുകൂലികൾ റോഡ് ഉപരോധിക്കുന്നു;സമരത്തിൽ വനിതകളും

keralanews hartal supporters including women blocked road in kannur

കണ്ണൂര്‍: പൗരത്വനിയമ ഭേദഗതിക്കെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ കണ്ണൂരില്‍ റോഡ് ഉപരോധിച്ച്‌ ഹര്‍ത്താല്‍ അനുകൂലികള്‍. വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരും ഉപരോധ സമരത്തിൽ പങ്കെടുത്തു. കണ്ണൂര്‍ കാര്‍ട്ടെക്‌സ് ജങ്ഷനു സമീപമാണ് ഇവര്‍ റോഡ് ഉപരോധിച്ചത്. പോലീസ് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് വനിതാ പോലീസ് ഉള്‍പ്പെടെയെത്തി പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച്‌ നീക്കം ചെയ്യുകയായിരുന്നു.അതിനിടെ രണ്ട് വനിതാ പ്രവര്‍ത്തകര്‍ റോഡില്‍ കിടന്നും പ്രതിഷേധിക്കുകയുണ്ടായി.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സം​യു​ക്ത സ​മി​തി ആഹ്വാനം ചെയ്​ത ഹർത്താൽ പുരോഗമിക്കുന്നു; വിവിധയിടങ്ങളില്‍ സംഘര്‍ഷം; നിരവധി പേര്‍ അറസ്റ്റില്‍

keralanews hartal against citizenship amendment bill continues in the state conflict in many places many arrested

തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമിതി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.ഹർത്താലിൽ വിവിധയിടങ്ങളില്‍ സംഘർഷമുണ്ടായി.പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ബസുകള്‍ തടയാനെത്തിയ സമരാനുകൂലികള്‍ക്കു നേരെ പൊലീസ് ലാത്തി വീശി. കോഴിക്കോടും ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിന്‌ നേരെ കല്ലേറുണ്ടായി.അതേസമയം ഹര്‍ത്താലിെന്‍റ മറവില്‍ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത്പൊലീസ് സുരക്ഷ ശക്തമാക്കി. മു‍ന്‍കരുതലിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലില്‍ ആക്കിയിട്ടുണ്ട്. എറണാകുളത്ത് നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹര്‍ത്താല്‍ ദിവസം പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചാല്‍ കേസെടുക്കും. സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കൃത്രിമമായി സംഘര്‍ഷം സൃഷ്ടിച്ച്‌ മറ്റുള്ളവരുടെ മുകളില്‍ കെട്ടിെവക്കുക സംഘ്പരിവാറിന്‍റെ സ്ഥിരം രീതിയാെണന്നും അങ്ങനെ സംഭവിച്ചാല്‍ പൊലീസിനും സര്‍ക്കാറിനുമായിരിക്കും അതിന്‍റെ ഉത്തരവാദിത്തമെന്നും സമര സമിതി നേതാക്കള്‍ ഇന്നലെ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ശബരിമല തീര്‍ഥാടകര്‍ക്ക് ഒരു അസൗകര്യവും ഉണ്ടാകില്ല. റാന്നി താലൂക്കിനെ പൂര്‍ണമായി ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. തദ്ദേശ ഉപതെരഞ്ഞെടുപ്പിനോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ തടസ്സമുണ്ടാകില്ലെന്നും നേതാക്കള്‍ അറിയിച്ചിരുന്നു. ആര്‍.എസ്.എസിനെ ഭയന്ന് സമരം ചെയ്യാന്‍ പാടില്ല എന്ന പൊതുബോധം വളരുന്നത് ശരിയെല്ലന്നും അവര്‍ പറഞ്ഞു.അതേസമയം ഹര്‍ത്താലിനെ തുടര്‍ന്ന് സ്‌കൂള്‍ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളിലും മാറ്റമില്ല. പിഎസ് സി പരീക്ഷകള്‍ക്കും മാറ്റമില്ല.

നാളത്തെ ഹർത്താൽ നിയമവിരുദ്ധം;നടത്തിയാല്‍ കര്‍ശന നടപടി;ഡിജിപി ലോക്നാഥ് ബെഹ്‌റ

keralanews tomorrows hartal is illegal strict action to be taken said dgp loknath behra

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകള്‍ സംസ്ഥാനത്ത് ചൊവ്വാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുൻപേ നോട്ടീസ് തരണമെന്നാണ് ഹൈക്കോടതി ഉത്തരവ്. അത്തരത്തില്‍ ഒരു സംഘടനയും പതിനേഴാം തിയതി ഹര്‍ത്താല്‍ നടത്തുമെന്ന് അറിയിപ്പ് നല്‍കിയിട്ടില്ലെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു. ഹര്‍ത്താലിനെ നേരിടാന്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഘാടകര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. നിയമവിരുദ്ധമായി നാളെ ഹര്‍ത്താല്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. കടകള്‍ അടപ്പിക്കാനോ വാഹനങ്ങള്‍ തടയാനോ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിഎസ്പി, കേരള മുസ്ലിം യുവജന ഫെഡറേഷന്‍, സോളിഡാരിറ്റി, എസ്‌ഐഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡിഎച്ച്‌ആര്‍എം, ജമാ- അത്ത് കൗണ്‍സില്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗ തീരുമാനമാണെന്നുള്ള രീതിയിലാണ് ഹര്‍ത്താല്‍ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് പ്രമുഖ മുസ്ലീം സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. തീവ്രനിലപാടുകാരുമായി യോജിച്ച്‌ സമരത്തിനില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് സമസ്തയും അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലുമായി ബന്ധമില്ലെന്നും പ്രവര്‍ത്തകരോടെ വിട്ട് നില്‍ക്കണമെന്ന് യൂത്ത് ലീഗും അറിയിച്ചിരുന്നു. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി അസോസിയേഷനും വ്യക്തമാക്കി.ആദ്യം ഹര്‍ത്താലിനോട് അനുകൂല നിലപാട് സ്വീകരിച്ച ഇകെ സുന്നി വിഭാഗവും ഹര്‍ത്താലില്‍ നിന്ന് വിട്ട് നിന്നു. യോജിച്ചുള്ള ഹര്‍ത്താലിനോട് മാത്രമേ സഹകരിക്കേണ്ടതള്ളൂ എന്ന നിലപാടിലാണ് വിട്ടുനിന്നത്. മുജാഹിദ് വിഭാഗവും ഈ ഹര്‍ത്താലിനെ പിന്തുണക്കുന്നില്ല. സിപിഎമ്മും ഹര്‍ത്താലിന് എതിരാണ്. വിഷയത്തില്‍ പ്രക്ഷുബ്ധാവസ്ഥ ഉണ്ടായാല്‍ അത് സമരത്തിന്റെ ലക്ഷ്യത്തെ തന്നെ ബാധിക്കുമെന്ന നിഗമനത്തിലാണ് മുസ്ലിം സംഘടനകള്‍ ഹര്‍ത്താലില്‍ നിന്നും പിന്മാറുന്നത്.

ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ പ്രതിയായ ഉന്നാവ് ബലാൽസംഗകേസിലെ വിധി ഇന്ന്

keralanews delhi court to deliver verdict in unnao rape case against bjp mla kuldeep sengar today

ന്യൂഡൽഹി:ബിജെപി എംഎല്‍എയായിരുന്ന കുല്‍ദീപ് സെന്‍ഗാര്‍ പ്രതിയായ ഉന്നാവ് ബലാൽസംഗകേസിലെ വിധി ഇന്ന്.തീസ് ഹസാരി കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ വിചാരണ ഡിസംബര്‍ രണ്ടിനാണ് അവസാനിച്ചത്.കുല്‍ദീപ് സെംഗര്‍ എംഎല്‍എയടക്കം ഒന്‍പത് പേരാണ് കേസില്‍ പ്രതികളായുള്ളത്. ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ വകുപ്പുകളാണ് എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.2017ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എംഎല്‍എയും സംഘവും പീഡിപ്പിച്ചത്. ഏറ്റവുമൊടുവില്‍ പെണ്‍കുട്ടിയും സംഘവും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിപ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും എംഎല്‍എ പ്രതിയായി.ഈ അപകടത്തിൽ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.ഡല്‍ഹി എയിംസില്‍ പെണ്‍കുട്ടി ചികിത്സയിലായിരിക്കെ മൊഴിയെടുക്കാന്‍ ആശുപത്രിയില്‍ പ്രത്യേക കോടതി സജ്ജീകരിച്ചിരുന്നു. പെണ്‍കുട്ടിയും കുടുംബവും ഇപ്പോള്‍ ഡല്‍ഹിയില്‍ സി.ആര്‍.പി.എഫ് സുരക്ഷയിലാണ് കഴിയുന്നത്.