പത്തനംതിട്ട: അടൂർ ദേശീയപാതയിൽ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചതെന്നാണ് വിവരം. കായംകുളത്ത് വിവാഹ വസ്ത്രം എടുക്കാനായി പോയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.നാല് പേരെ രക്ഷപ്പെടുത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 1.15-ഓടെ കരുവാറ്റ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കനാലിലേക്ക് മറിഞ്ഞെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഡ്രൈവർ മദ്യലഹരിയിലായിരുന്നതായി സംശയമുണ്ട്.കനാലില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാല്‍ കാര്‍ വെള്ളത്തിലൂടെ ഒഴുകി കനാലിലെ പാലത്തിനടിയില്‍ കുടുങ്ങികിടക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലുപേരെ ആദ്യമിനിറ്റുകളില്‍ തന്നെ നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ അപകടനില തരണം ചെയ്തതായാണ് വിവരം.കാറിനുള്ളില്‍ നിന്ന് അവസാനം പുറത്തെടുത്ത മൂന്നു പേരാണ് മരിച്ചത്.
സംസ്ഥാനത്ത് കൊറോണ പരിശോധനകൾക്കും സുരക്ഷാ സാമഗ്രികളുടെയും നിരക്ക് കുറച്ചു; ആർടിപിസിആറിന് 300, ആന്റിജന് 100 രൂപ;അമിത ചാര്‍ജ് ഈടാക്കിയാല്‍ കര്‍ശന നടപടി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് കുറച്ചു.ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്.ഇതോടൊപ്പം പിപിഇ കിറ്റ്, എന്‍95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രഹികള്‍ക്കും വില കുറച്ചു. പി പി ഇ കിറ്റ് ഒരു യൂണിറ്റിന് എക്‌സ് എല്‍ സൈസിന് 154 രൂപയാണ് ഏറ്റവും കുറഞ്ഞ വില. ഡബിള്‍ എക്‌സ് എല്‍ സൈസിന് 156 രൂപയും. മേല്‍പ്പറഞ്ഞ അളവിലെ ഏറ്റവും ഉയര്‍ന്ന തുക 175 രൂപയാണ്. എന്‍95 മാസ്‌കിന് ഏറ്റവും കുറഞ്ഞ നിരക്ക് 5.50 രൂപയും ഉയര്‍ന്ന നിരക്ക് 15 രൂപയുമാണ്. അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് വ്യക്തമാക്കി.ആര്‍ടിപിസിആര്‍ 500 രൂപ, ആന്റിജന്‍ 300 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആര്‍ടി ലാമ്പ് 1150 രൂപ എന്നിങ്ങനെയാണ് മുമ്പ് നിശ്ചയിച്ച നിരക്ക്.
കളമശ്ശേരിയിൽ കിൻഫ്ര പാർക്കിനു സമീപം വൻ തീപിടുത്തം
എറണാകുളം: കളമശ്ശേരിയിൽ വൻ തീപിടുത്തം. കളമശ്ശേരിയിലെ ഗ്രീൻ ലീഫ് എന്ന കമ്പനിയിലാണ് രാവിലെ 6.30ഓടെ തീപിടുത്തമുണ്ടായത്. കിൻഫ്ര പാർക്കിനകത്ത് പ്രവർത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ഗ്രീൻ ലീഫ്. അഗ്നിശമന സേന പ്രദേശത്തെത്തി തീയണക്കാൻ ശ്രമിക്കുകയാണ്. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.തീപിടുത്തം ഉണ്ടാവുമ്പോൾ ഇവിടെ ജോലിക്കാരുണ്ടായിരുന്നവെങ്കിലും ഇവരെയൊക്കെ സുരക്ഷിതമായി മാറ്റി. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. സുഗന്ധദ്രവ്യങ്ങൾ ഉണ്ടാകുന്നതിനുള്ള രാസവസ്തുക്കൾ കമ്പനിയിൽ വൻ തോതിൽ സൂക്ഷിച്ചിരുന്നു. അതിനാൽ പൊട്ടിത്തെറിയുണ്ടാവാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.അദാനി ഗ്യാസിന്‍റെ പൈപ്പ് നിയന്ത്രണ കേന്ദ്രം സമീപത്തുള്ളതിനാല്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഏലൂര്‍, തൃക്കാക്കക്കര ഫയര്‍ സ്റ്റേഷനുകളിലെ അഗ്‌നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. കിന്‍ഫ്രയുടെ ഇതേ വളപ്പില്‍തന്നെ നിരവധി കമ്പനികൾ പ്രവര്‍ത്തിക്കുന്നുണ്ട്. അപകട കാരണം വ്യക്തമല്ല.
മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി;ബാബുവുമായി ദൗത്യസംഘാംഗം മുകളിലെത്തി
പാലക്കാട്: മലമ്പുഴ ചെറാട് കുമ്പച്ചിമലയിലെ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി.ബാബുവിന്‍റെ അടുത്തേക്ക് എത്തിയ ദൗത്യസംഘാംഗം അദ്ദേഹവുമായി മലയിടുക്കില്‍ നിന്ന് മുകളിലേക്ക് എത്തി.ദീര്‍ഘമായ 48 മണിക്കൂറിനു ശേഷമാണ് ആശാവഹമായ വാര്‍ത്ത എത്തുന്നത്. ബാബുവിന് അടുത്തേക്ക് എത്തിയ കരസേനയുടെ ദൗത്യസംഘാംഗം ആദ്യം അദ്ദേഹത്തിന് വെള്ളവും ഭക്ഷണവും മരുന്നും നല്‍കി. അതിനു ശേഷം തന്‍റെ ശരീരത്തോട് ബാബുവിനെ ബെല്‍റ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചു. പിന്നീട് ഇരുവരും വടത്തില്‍ മുകളിലേക്ക് കയക്കുകയായിരുന്നു.മലയുടെ മുകളില്‍ നിലയുറപ്പിച്ച ദൗത്യസംഘം ഇരുവരെയും മുകളിലേക്ക് വലിച്ച് ഉയര്‍ത്തുകയാണ് ചെയ്തത്.മലയ്ക്ക് മുകളിൽ എത്തിയ ബാബുവിന് പ്രാഥമിക വൈദ്യസഹായം നല്‍കും. ചികില്‍സയ്ക്ക് ശേഷം ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റും.ബാബുവിനെ ഹെലികോപ്ടറില്‍ താഴെ എത്തിക്കാനാണ് നീക്കം. രക്ഷാദൗത്യത്തിന് 30 അംഗ സംഘമാണ് രംഗത്തുള്ളത്. രണ്ട് സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ഡോക്ടര്‍മാരും ഫോറസ്റ്റ് വാച്ചര്‍മാരും സംഘത്തിലുണ്ട്.ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് മലമ്പുഴ സ്വദേശിയായ ബാബു കുടുങ്ങിയത്. ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ബാബുവും സുഹൃത്തുക്കളായ മൂന്ന് പേരും ചേർന്ന് തിങ്കളാഴ്‌ച്ച ഉച്ചയ്‌ക്കാണ് മലകയറിയത്. മല ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടികളും ഇട്ടു നൽകിയെങ്കിലും ബാബുവിന് മുകളിലേക്ക് കയറാനായില്ല. സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരേയും പോലീസിനേയും വിവരം അറിയിച്ചു.കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് അഗ്‌നിരക്ഷാ സേനയും പോലീസും എത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം രക്ഷാപ്രവർത്തനം നടത്താനായില്ല. വീഴ്‌ച്ചയിൽ ബാബുവിന്റെ കാൽ മുറിഞ്ഞിട്ടുണ്ട്. കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു തന്നെ താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് സുഹൃത്തുക്കൾക്ക് അയച്ചിരുന്നു.ചെറാട് നിന്നും ആറ് കിലോമീറ്റോളം അകലെയാണ് കൂർമ്പാച്ചി മല.
സംസ്ഥാനത്ത് ഇന്ന് 29,471 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;കൂടുതൽ രോഗികൾ എറണാകുളത്ത്; 46,393 പേർ രോഗമുക്തി നേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 29,471 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂർ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂർ 1061, വയനാട് 512, കാസർകോട് 340 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 28 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 205 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 591 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 59,939 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 92 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,963 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2184 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 232 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 46,393 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 4555, കൊല്ലം 3361, പത്തനംതിട്ട 1744, ആലപ്പുഴ 2182, കോട്ടയം 2697, ഇടുക്കി 1937, എറണാകുളം 9692, തൃശൂർ 6993, പാലക്കാട് 2673, മലപ്പുറം 2417, കോഴിക്കോട് 4160, വയനാട് 1060, കണ്ണൂർ 2081, കാസർകോട് 841 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 2,83,676 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ്;ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു; സ്‌കൂളുകൾ സാധാരണനിലയിലേക്ക്
തിരുവനനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേർന്ന കൊറോണ അവലോകന യോഗത്തിലാണ് തീരുമാനം.സ്‌കൂളുകളിൽ ഒൻപത് വരെയുള്ള ക്ലാസുകൾ തിങ്കളാഴ്‌ച്ച മുതൽ പുനരാരംഭിക്കും. ഈ മാസം 28 മുതൽ ക്ലാസുകൾ സാധാരണ നിലയിൽ വൈകുന്നേരം വരെയാക്കും. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ സ്കൂളുകളില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. പരീക്ഷയ്‌ക്ക് മുൻപായി പാഠഭാഗങ്ങൾ എടുത്ത് തീർക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.ഉത്സവങ്ങളിൽ കൂടുതൽ പേരെ പങ്കെടുക്കാൻ അനുവദിക്കുന്നതും ആലോചനയിലുണ്ട്. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി എന്നിവയ്‌ക്കായി പ്രത്യേക മാനദണ്ഡം ഇറക്കാനാണ് തീരുമാനം. വടക്കേ മലബാറില്‍ ഉത്സവങ്ങള്‍ നടക്കുന്ന മാസമാണ് ഫെബ്രുവരി. ഇവിടങ്ങളിലും ക്രമീകരണങ്ങള്‍ വരുത്തി കൂടുതല്‍പേരെ പങ്കെടുക്കാന്‍ അനുവദിക്കും.
കോടതി വിധി മാനിക്കുന്നു;മീഡിയവൺ ചാനൽ സംപ്രേഷണം നിർത്തി
തിരുവനന്തപുരം: മലയാളത്തിലെ സ്വകാര്യ വാർത്താ ചാനലായ മീഡിയവൺ സംപ്രേഷണം നിർത്തി. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേക്ഷണ വിലക്കിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിന് പിന്നാലെയാണ് മീഡിയവൺ സംപ്രേക്ഷണം അവസാനിപ്പിച്ചത്. എഡിറ്റർ പ്രമോദ് രാമൻ ചാനലിൽ കൂടിയാണ് ഇക്കാര്യം അറിയിച്ചത്. കോടതി വിധി മാനിക്കുന്നുവെന്നും നിയമപോരാട്ടം തുടരുമെന്നും പ്രമോദ് രാമൻ പറഞ്ഞു.‘മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്‌മെന്റ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ബഹുമാനപ്പെട്ട കോടതി വിധി മാനിച്ച് സംപ്രേഷണം തൽക്കാലം നിർത്തുകയാണ്. കേന്ദ്ര സർക്കാരിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടം തുടരും. ഉടൻ തന്നെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. നീതി പുലരും എന്ന വിശ്വാസം ആവർത്തിക്കട്ടെ. പ്രേക്ഷകർ നൽകുന്ന പിന്തുണയ്‌ക്ക് അകമഴിഞ്ഞ നന്ദി’ പ്രമോദ് രാമൻ പറഞ്ഞു.
വധശ്രമ ഗൂഢാലോചന കേസ്;ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ശബ്ദ സാംപിളുകൾ ശേഖരിച്ചു; ഫോറൻസിക് പരിശോധനയ്ക്കയക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ശബ്ദ സാംപിളുകൾ ശേഖരിച്ചു. സാംപിളുകൾ ഫോറെൻസിക് പരിശോധനയ്‌ക്ക് അയക്കും. ഒരാഴ്‌ച്ചയ്‌ക്കകം പരിശോധനാ ഫലം ലഭിക്കുമെന്നാണ് വിവരം. ആലുവയിലെ ദിലീപിന്റെ വീട്ടിൽ വെച്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ച് ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പുകൾ കേസിലെ നിർണ്ണായ തെളിവാണ്. ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഉൾപ്പെടുന്ന സംഭാഷണങ്ങളാണിവ. ഈ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്ത്രീയമായ തെളിയിക്കുകയാണ് ലക്ഷ്യം.നോട്ടീസ് നൽകിയ പ്രകാരം ദിലീപും അനൂപും സുരാജും 11 മണിയോടെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി. സ്റ്റുഡിയോയിൽ ശബ്ദം റെക്കോർഡ് ചെയ്യുകയും ഇത് തിരുവനന്തപുരത്തെ ഫോറെൻസിക് ലാബിലേക്ക് അയക്കുകയും ചെയ്യും. ക്ലിപ്പിലുള്ള ശബ്ദം തന്റേത് തന്നെയാണെന്ന് ദിലീപ് സമ്മതിച്ചിരുന്നു. എല്ലാം ശാപവാക്കുകളാണെന്നായിരുന്നു ദിലീപ് അറിയിച്ചത്.
തലശേരിയില്‍ റെഡിമെയ്ഡ് കട കത്തിനശിച്ചു; 15 ലക്ഷം രൂപയുടെ നാശനഷ്ടം
കണ്ണൂർ: തലശേരിയില്‍ റെഡിമെയ്ഡ് കട കത്തിനശിച്ചു.ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. 15 ലക്ഷം രൂപയുടെ തുണിത്തരങ്ങളുടെ സ്റ്റോക്കാണ് കത്തിനശിച്ചത്. തലശേരി നഗരത്തിലെ ടെലിടവറിലെ അപ്‌ഡേറ്റ്‌സ് ജെന്‍സ് ഷോപ്പിലാണ് തീപ്പിടിച്ചത്. ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കടയിലുണ്ടായിരുന്ന സ്റ്റോക്ക് പൂര്‍ണമായും കത്തിനശിച്ചു.ചൊവ്വാഴ്ച രാവിലെ കട തുറക്കുമ്പോഴാണ് കടയ്ക്കുള്ളില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. കടയുടമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തലശ്ശേരിയില്‍ നിന്നും ഫയര്‍ ഫോഴ്‌സെത്തി തീ അണച്ചു. എ സി യും ഇന്റിരിയറും കത്തി നശിച്ചെന്നും കടയുടമ മുഹമ്മദ് സമീര്‍ പറഞ്ഞു.ഉടമയുടെ പരാതിയില്‍ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തലശേരി – മാഹി ദേശീയ പാതയിലെ പുന്നേല്‍ കുറിച്ചിയില്‍ പച്ചക്കറി – പഴവര്‍ഗ കട കത്തി നശിച്ചിരുന്നു.
കണ്ണൂർ ചിറക്കലില്‍ കെ. റെയില്‍ സര്‍വ്വേ കല്ലിടല്‍ പ്രതിഷേധക്കാർ തടഞ്ഞു
കണ്ണൂർ: ചിറക്കലില്‍ കെ. റെയില്‍ സര്‍വ്വേ കല്ലിടല്‍ പ്രതിഷേധക്കാർ തടഞ്ഞു. കുറ്റിയിടാനെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികളും, കെ- റയില്‍സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകരും ചേർന്നാണ് തടഞ്ഞത്.ഇന്നു രാവിലെ ചിറക്കല്‍ റയില്‍വേ ഗേറ്റിനു സമീപമായിരുന്നു പ്രതിഷേധം നടന്നത്.വിവരം അറിഞ്ഞ് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. കെ- റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കണ്‍വീനര്‍ അഡ്വ. പി. സി.വിവേകിനെയും ജില്ലാ നേതാവ് അഡ്വ. ആര്‍.അപര്‍ണയെയും വളപട്ടണം പൊലീസ് അറസ്റ്റുചെയ്ത് വലിച്ചിഴച്ചാണ് സ്റ്റേഷനില്‍ കൊണ്ട് പോയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. തുടര്‍ന്ന് കല്ലിടല്‍ തുടരുകയും ചെയ്തു. ഉണ്ണികൃഷ്ണന്‍, രാജേന്ദ്രന്‍, പ്രമോദ്, ബിനീഷ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. പൊലീസ് നടപടിക്കെതിരേ ഇന്നു വൈകിട്ട് ചിറക്കല്‍ ഗേറ്റില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് അഡ്വ. പി.സി. വിവേക് അറിയിച്ചു.