പയ്യാമ്പലം ബീച്ചിന് സമീപം വാടകയ്‌ക്കെടുത്ത വീട്ടില്‍ അനാശാസ്യ പ്രവർത്തനം;രണ്ടുപേർ അറസ്റ്റിൽ

Hands in Handcuffs
Hands in Handcuffs

 

കണ്ണൂര്‍: പയ്യാമ്പലം ബീച്ചിന് സമീപം വാടകയ്‌ക്കെടുത്ത വീട്ടില്‍ അനാശാസ്യ പ്രവ‌ര്‍ത്തനങ്ങള്‍ നടത്താന്‍ സൗകര്യം ചെയ്‌തുകൊടുത്ത രണ്ടുപേര്‍ അറസ്‌റ്റില്‍.തോട്ടട സ്വദേശി പ്രശാന്ത് കുമാര്‍(48) ഇയാളുടെ സഹായിയായ ബംഗാള്‍ സ്വദേശി ദേവനാഥ് ബോസ്(29) എന്നിവരാണ് കണ്ണൂ‌ര്‍ ടൗണ്‍ പൊലീസിന്റെ പിടിയിലായത്.’ലവ്‌ഷോ‌ര്‍’ എന്ന് പേരുള‌ള വീടിന്റെ എട്ട് മുറികളില്‍ അഞ്ചിലും പൊലീസ് എത്തുമ്പോൾ ഇടപാടുകാര്‍ ഉണ്ടായിരുന്നു. ടൗണ്‍ ഇന്‍സ്‌പെക്‌ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ വനിതാ പൊലീസ് അടക്കം എത്തി ഇവരെയെല്ലാം കസ്‌റ്റഡിയിലെടുത്തു. ഇവര്‍ പ്രായപൂ‌ര്‍ത്തിയായവരും പരസ്‌പര സമ്മതത്തോടെയും എത്തിയതാണെന്ന് വ്യക്തമായതോടെ ഇവരെ വിട്ടയച്ചു.പിടിയിലായ ഇരുവരില്‍ നിന്നും പണം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് കോളേജ് വിദ്യാര്‍ത്ഥിനികളും ഒരു ഫിസിയോ തെറാപ്പിസ്‌റ്റുമാണ് സ്ത്രീകളായി ഉണ്ടായിരുന്നത്. പാനൂര്‍, മയ്യില്‍, തളിപ്പറമ്പ, കൂത്തുപറമ്പ് സ്വദേശിനികളാണ് ഇവര്‍. ബംഗളൂരുവില്‍ മകളോടൊപ്പം താമസിക്കുന്ന വയോധികയുടെ ഉടമസ്ഥതയിലുള‌ളതാണ് വീട്.

കൊറോണ;വിദേശത്ത് നിന്ന് വരുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍

keralanews corona the central government has changed the guidelines for foreigners

ന്യൂഡല്‍ഹി: വിദേശത്ത് നിന്നും രാജ്യത്ത് എത്തുന്നവർക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍.ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി. എട്ടാം ദിവസം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നതും പുതിയ മാര്‍ഗരേഖയില്‍ മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരും.ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍, എട്ടാം ദിവസം ടെസ്റ്റ്, നെഗറ്റിവ് ആണെങ്കിലും ഏഴു ദിവസം കൂടി സ്വയം നിരീക്ഷണം എന്നിങ്ങനെയാണ് നിലവിലെ മാര്‍ഗരേഖയില്‍ പറയുന്നത്. ഇത് ഒഴിവാക്കി 14 ദിവസം സ്വയം നിരീക്ഷണം എന്നതു മാത്രമായി ചുരുക്കി. എയര്‍പോര്‍ട്ടില്‍ എത്തുന്ന ഓരോ വിമാനത്തിലെയും രണ്ടു ശതമാനം യാത്രക്കാരെ റാന്‍ഡം ചെക്കിങ്ങിനു വിധേയമാക്കും. ഇവര്‍ക്കു സാംപിള്‍ കൊടുത്തു വീടുകളിലേക്കു പോവാം.യാത്ര പുറപ്പടുന്നതിന് 72 മണിക്കൂര്‍ മുൻപ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റിവ് ഫലം അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ തുടരും. എന്നാല്‍ ഇതിനു പകരം വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്താലും മതിയാവുമെന്ന് പുതിയ മാര്‍ഗരേഖ പുറത്തിറക്കിക്കൊണ്ട് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്നതില്‍ ഇന്ത്യയുമായി പരസ്പര ധാരണയിലെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകള്‍ നല്‍കുന്ന രാജ്യങ്ങള്‍ക്കും ഇന്ത്യക്കാര്‍ക്ക് ക്വാറന്റൈന്‍ ഇല്ലാതെ പ്രവേശനം അനുവദിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുമാണ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് റിസള്‍ട്ടിന് പകരം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ യാത്രചെയ്യാന്‍ അനുവാദമുള്ളത്. 82 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ ഫലം ഇനി നിര്‍ബന്ധമല്ലാത്തത്. എന്നാല്‍, യു.എ.ഇയും ചൈനയും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇവിടെനിന്നുള്ളവര്‍ 72 മണിക്കൂറിനിടയിലുള്ള ആര്‍ടിപി.സി.ആര്‍ നെഗറ്റീവ് ഫലം അപ്ലോഡ് ചെയ്യേണ്ടിവരും.വിദേശത്തുനിന്നെത്തുന്നവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ ലഭ്യമായ സത്യവാങ്മൂലം ഓണ്‍ലൈനായി പൂരിപ്പിച്ച്‌ നല്‍കണം. രണ്ടാഴ്ചത്തെ യാത്രാവിവരങ്ങളും വ്യക്തമാക്കണം.എയര്‍പോര്‍ട്ടില്‍ എത്തുമ്പോൾ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ആശുപത്രിയിലേക്കു മാറ്റും.അഞ്ചു വയസ്സില്‍ താഴെയുള്ളവരെ യാത്രയ്ക്കു മുൻപും ശേഷവുമുള്ള പരിശോധനയില്‍ നിന്ന ഒഴിവാക്കി. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഇവരും പരിശോധനയ്ക്കു വിധേയമാവണം.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്;പോളിംഗ് പുരോഗമിക്കുന്നു

keralanews uttar pradesh assembly polls polling in progress

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതലാണ് പോളിങ് ആരംഭിച്ചത്.ഉച്ചയ്ക്ക് 1 മണി വരെ 35.03 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ 623 സ്ഥാനാര്‍ത്ഥികളാണ് മല്‍സരിക്കുന്നത്. 11 ജില്ലകളിലായി 58 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ജാട്ട് വിഭാഗത്തിന് ആധിപത്യമുള്ള സ്ഥലങ്ങളാണ് ഇതില്‍ കൂടുതലും. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. സമാജ്‌വാദി പാര്‍ട്ടി (എസ്പി), രാഷ്ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി) എന്നീ പാര്‍ട്ടികള്‍ ഭരണകക്ഷിയായ ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍.യോഗി ആദിത്യനാഥ് സര്‍ക്കാരിലുണ്ടായിരുന്ന ഒൻപത് മന്ത്രിമാരാണ് ആദ്യ ഘട്ടത്തില്‍ മല്‍സരിക്കുന്നത്.ഷംലി, ഹാപൂര്‍, ഗൗതം ബുദ്ധ നഗര്‍, മുസാഫര്‍നഗര്‍, മീററ്റ്, ബാഗ്പത്, ഗാസിയാബാദ്, ബുലന്ദ്ഷഹര്‍, അലിഗഡ്, മഥുര, ആഗ്ര എന്നീ ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ലെ തെരഞ്ഞെടുപ്പില്‍ ഈ 58 സീറ്റുകളില്‍ 53 എണ്ണവും ബിജെപിയെ പിന്തുണച്ചു. എസ് പിയ്ക്കും ബഹുജന്‍ സമാജ് പാര്‍ട്ടിക്കും രണ്ട് സീറ്റുകള്‍ വീതമാണ് ലഭിച്ചത്. ഒരു സീറ്റ് ആര്‍എല്‍ഡിക്ക്.403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക. അവസാന ഘട്ട വോട്ടെടുപ്പ് മാര്‍ച്ച്‌ ഏഴിനാണ്. തിരഞ്ഞെടുപ്പ് ഫലം മാര്‍ച്ച്‌ 10 ന് പ്രഖ്യാപിക്കും.

വയനാട് ജില്ലയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു

keralanews monkey pox confirmed in wayanad dstrict

മാനന്തവാടി: വയനാട് ജില്ലയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു.തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പനവല്ലി സ്വദേശിയായ 24കാരനാണ് രോഗബാധ കണ്ടെത്തിയത്. ഈ വർഷം ആദ്യമായാണ് കുരങ്ങുപനി റിപ്പോർട്ട് ചെയ്യുന്നത്. രോഗിയുടെ പരിസരവാസികളുടെ രക്തസാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചു.പനിയും ചുമയുമുള്ളവർ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വനവുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ട യുവാവിന് പനിയും 7 ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അപ്പപ്പാറ സി.എച്ച്.സിയില്‍ ചികിത്സ തേടുകയും തുടര്‍ന്ന് കുരങ്ങുപനി സംശയിക്കുകയും വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടത്തിയ സാമ്പിൾ പരിശോധനയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 21 പേരുടെ സാമ്പിൾ പരിശോധിച്ചതില്‍ ആര്‍ക്കും കുരങ്ങുപനി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരു മാസം മുമ്പ് കര്‍ണാടകയില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത് മുതല്‍തന്നെ ജില്ലയില്‍ മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സഹായത്തോടെ ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് നടത്തിയ പരിശോധനയില്‍ അപ്പപ്പാറ, ബേഗൂര്‍ ഭാഗങ്ങളില്‍ കുരങ്ങുപനിയുടെ ചെള്ളിന്‍റെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.വനത്തിന് പുറത്തുനിന്ന് ശേഖരിച്ച ചെള്ളുകളില്‍ കുരങ്ങുപനിയുടെ വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.ശക്തമായ പനി അല്ലെങ്കില്‍ വിറയലോടുകൂടിയ പനി,ശരീരവേദന അല്ലെങ്കില്‍ പേശിവേദന,തലവേദന, ഛർദി, കടുത്ത ക്ഷീണം,രോമകൂപങ്ങളില്‍നിന്ന് രക്തസ്രാവം,അപസ്മാരത്തോടുകൂടിയോ അല്ലാതെയോ ഉള്ള തലകറക്കം, സ്ഥലകാല ബോധമില്ലായ്മ തുടങ്ങിയവയാണ് കുരങ്ങുപനിയുടെ പ്രധാന ലക്ഷണങ്ങൾ.

ബാബുവിനെതിരെ കേസെടുക്കരുത്; വനംവകുപ്പിനോട് നിർദ്ദേശിച്ച് മന്ത്രി ശശീന്ദ്രൻ

keralanews do not file a case against babu minister shashindran directed the forest department

പാലക്കാട്: ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. നടപടി പാടില്ലെന്ന് മുഖ്യവനപാലകന് മന്ത്രി എ.കെ ശശീന്ദ്രൻ നിർദ്ദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പൊതുസമൂഹത്തിനൊപ്പമാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കി.വനമേഖലയിൽ അതിക്രമിച്ച് കയറിയതിന് ഒരുകൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് വനംവകുപ്പ് ചുമത്താനിരുന്നത്. പ്ലസ് ടൂ വിദ്യാർത്ഥിയും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമാണ് ബാബുവിനൊപ്പം മലകയറിയത്. കേസെടുക്കുന്നതിന് മുൻപായി വാളയാർ സെഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കാൻ തീരുമാനിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കെതിരെ കേസെടുക്കുന്നതിൽ മൊഴിയെടുത്ത ശേഷം തീരുമാനം എടുക്കുമെന്നും വനംവകുപ്പ് അറിയിച്ചു. പിന്നാലെയാണ് കേസെടുക്കരുതെന്ന് മന്ത്രി നിർദ്ദേശിച്ചത്.വനംവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി, വനംവകുപ്പ് മേധാവി, വന്യജീവി ചീഫ് വാര്‍ഡന്‍ എന്നിവരുമായി ചര്‍ച്ച നടത്തി സാഹചര്യങ്ങള്‍ വിലയിരുത്തും. വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടല്ല അവര്‍ വനത്തിലേക്ക് പോയതെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. എങ്കിലും കേസ് വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.

പോലീസിൻ്റെ നാക്ക് കേട്ടാൽ അറപ്പ് ഉളവാക്കുന്നതാകരുത്, മാറ്റം വരണം; പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

keralanews listening to the tongue of the police should not be disgusting change must come chief minister pinarayi vijayan criticizes police

തിരുവനന്തപുരം:പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിന്റെ നാക്ക് കേട്ടാൽ അറപ്പ് ഉളവാക്കുന്നതാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവേ സേനയ്‌ക്ക് അത് കളങ്കമുണ്ടാക്കുന്നു. ആധുനിക പരീശീലനം ലഭിച്ചിട്ടും പഴയ തികട്ടലുകൾ ഇപ്പോഴും ചിലരിലുണ്ട്. പുതിയ എസ് ഐമാരുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കാലം മാറിയെങ്കിലും പോലീസ് സേനയിൽ വലിയ മാറ്റം ഉണ്ടായില്ല. ഇത് ഓരോരുത്തരും വ്യക്തിപരമായി തിരിച്ചറിയണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നത് കൊണ്ടാണ് തുടക്കത്തിലേ ഓർമ്മിപ്പിക്കുന്നത്. നാടിന്റെ സാംസ്‌കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള സേനയാണ് ആവശ്യം.പോലീസ് ഒരു പ്രൊഫഷണൽ സംവിധാനമായി മാറണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.പാസിംഗ് ഔട്ട് പരേഡിലെ മാറ്റം പരിശോധിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. പരിശീലനം ശരിയായ നിലയിലല്ലെങ്കിൽ സമൂഹത്തിന് വിനയാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. പഴയകാലത്ത് പോലീസിനെ ഉപയോഗിച്ചിരുന്നത് അടിച്ചമർത്താൻ ആയിരുന്നു ആ കാലം മാറിയെങ്കിലും പോലീസ് സേനയിൽ വലിയ മാറ്റം ഉണ്ടായില്ലെന്ന് അദ്ദേഹം വിമർശിച്ചു.ജനങ്ങളെ ആപത് ഘട്ടത്തിൽ രക്ഷിക്കുന്നവരായി പോലീസ് മാറി.പ്രളയം, കൊറോണ തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പോലീസിന്റെ ജനാഭിമുഖ്യമായ മുഖം കണ്ടു. ഇതിന് ഉതകുന്ന മാറ്റങ്ങൾ പരിശീലനത്തിലും ഉണ്ടാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാബുവിന്റെ ആരോഗ്യനില തൃപ്തികരം; വനമേഖലയിൽ അതിക്രമിച്ച് കടന്നതിന് ബാബുവിനെതിരേ വനം വകുപ്പ് കേസെടുക്കും

keralanews babus health condition is satisfactory forest department will file case against babu for trespassing in the forest area

പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങി രക്ഷപ്പെട്ട ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് വാർഡിലേക്ക് മാറ്റുമെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു.രാവിലെ നടത്തുന്ന പരിശോധനകൾക്ക് ശേഷമാണ് വാർഡിലേക്ക് മാറ്റുക. ഉമ്മ റഷീദയും സഹോദരനും ബാബുവിനെ സന്ദർശിച്ചു. നാൽപത്തിയെട്ടു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്.അതേസമയം ബാബുവിനെതിരെ കേസെടുക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.വനമേഖലയില്‍ അതിക്രമിച്ചു കടന്നതിനാണ് കേരളാ ഫോറസ്റ്റ് ആക്‌ട് സെക്ഷന്‍ 27 പ്രകാരം ബാബുവിനും സുഹൃത്തുക്കള്‍ക്കുമെതിരേ വനംവകുപ്പ് കേസെടുക്കുക.ഒരു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.കേസെടുക്കുന്നതിന് മുന്നോടിയായി വാളയാര്‍ സെക്ഷന്‍ ഓഫിസര്‍ ബാബുവിനെ കണ്ട് മൊഴിയെടുക്കും.ബാബുവും സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെയാണ് മലകയറിയത്. കുത്തനെയുള്ള മല കയറാന്‍ കഴിയാത്തതിനാല്‍ സുഹൃത്തുക്കള്‍ പാതിയില്‍ തിരിച്ചിറങ്ങി.ബാബു മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചയോടെ തിരിച്ചിറങ്ങവേയാണ് കാല്‍വഴുതി മലയിടുക്കിലേക്ക് വീണത്.ഫോണ്‍ ചെയ്ത് പറഞ്ഞതനുസരിച്ച്‌ സുഹൃത്തുക്കള്‍ എത്തി വള്ളിയും മരക്കൊമ്പും ഇട്ടുകൊടുത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവര്‍ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ആശങ്കകള്‍ക്കൊടുവില്‍ ഇന്നലെ രാവിലെയാണ് ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയത്.

സംസ്ഥാനത്ത് ഇന്ന് 23,253 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;29 മരണം;47,882 പേർക്ക് രോഗമുക്തി

keralanews 23253 corona cases confirmed in the state today 29 deaths 47882 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 23,253 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂർ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, കണ്ണൂർ 966, പാലക്കാട് 866, വയനാട് 803, കാസർകോട് 379 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 84,919 സാമ്പിളുകളാണ് പരിശോധിച്ചത്.നിലവിൽ 2,58,188 കൊറോണ കേസുകളിൽ, 3.3 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 198 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 627 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 60,793 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,366 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1627 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 207 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 47,882 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 5437, കൊല്ലം 2592, പത്തനംതിട്ട 1350, ആലപ്പുഴ 2861, കോട്ടയം 3002, ഇടുക്കി 1548, എറണാകുളം 9781, തൃശൂർ 7307, പാലക്കാട് 3005, മലപ്പുറം 2696, കോഴിക്കോട് 4450, വയനാട് 959, കണ്ണൂർ 2295, കാസർകോട് 599 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 2,58,188 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

ചേറാട് മലയിൽ നിന്നും രക്ഷപ്പെടുത്തിയ ബാബുവിനെ ആശുപത്രിയിലെത്തിച്ചു;രക്തം ഛർദ്ദിച്ചതായി രക്ഷാപ്രവർത്തകർ;24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും

keralanews babu rescued from cherad hill admitted in hospital he vomited blood and will remain under observation for 24 hours

പാലക്കാട്:മലമ്പുഴ ചേറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തി എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ബാബു ആശുപത്രിയിലെത്തുന്നതിന് മുൻപ് രക്തം ഛർദ്ദിച്ചതായി രക്ഷാപ്രവർത്തകർ പറഞ്ഞു.24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുമെന്നും ഈ മണിക്കൂറുകൾ നിർണ്ണായകമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷമാകും ബാബുവിനെ ആശുപത്രിയിൽ നിന്ന് മാറ്റുക.ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ഇസിജി ഉൾപ്പടെയുള്ള പരിശോധനാ ഫലം നോർമലെന്നും ഡോക്ടർ പറഞ്ഞു.45 മിനിറ്റ് നീണ്ട കരസേനയുടെ രക്ഷാദൗത്യം പൂർത്തിയായി 1.30 മണിക്കൂർ കഴിഞ്ഞാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്. ബാബുവിന് ആവശ്യമായ എല്ലാ ചികിത്സയും നൽകുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കണ്ണൂർ തളിപ്പറമ്പിൽ കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

keralanews youth caught when trying to smuggle cannabis in car at taliparamba kannur

കണ്ണൂർ: തളിപ്പറമ്പിൽ കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ.പരിയാരം സ്വദേശി അശ്വിൻ രാജ് (23) ആണ് പിടിയിലായത്. പഴയങ്ങാടിയിൽ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കടത്താനുപയോഗിച്ച മാരുതി ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം പിപി രജിരാഗിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പഴയങ്ങാടി പോലീസ് സ്‌റ്റേഷനു സമീപത്ത് വെച്ചാണ് യുവാവിനെ പിടികൂടിയത്.കണ്ണൂരിലെ വിവിധയിടങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായ പ്രതി കഞ്ചാവ് ചെറിയ പൊതികളിലാക്കി സ്‌കൂൾ- കോളേജ് വിദ്യാർത്ഥികൾക്ക് ഉൾപ്പടെ വിൽപ്പന നടത്തുകയും വിദ്യാർത്ഥികളെ ഉപയോഗപ്പെടുത്തി കഞ്ചാവ് വിൽപ്പന നടത്തുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നും കഞ്ചാവ് അന്വേഷിച്ച് വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധിപേർ അശ്വിനെ സമീപിച്ചതായി കണ്ടെത്തി.