കോഴിക്കോട്:ദേശീയ പണിമുടക്കില്‍ വ്യാപാരികള്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍.കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. വ്യാപാരികളുമായി ബന്ധമില്ലാത്തതാണ് പണിമുടക്ക്. വ്യാപാരികളുടെ സംരക്ഷണം പണിമുടക്കില്‍ ഉള്‍പ്പെടുത്തണമായിരുന്നു. തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്നു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടി.നസറുദ്ദീന്‍ പറഞ്ഞു.ഹര്‍ത്താലുകളില്‍ കടകള്‍ അടച്ചിടില്ലെന്ന് 2018 ല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനമെടുത്തതാണ്.ഇന്ന് അര്‍ദ്ധരാത്രി മുതലാണ് സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക് നടക്കുന്നത്. 25 യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ അപകടം;തിക്കിലും തിരക്കിലും പെട്ട് 35 പേര്‍ മരിച്ചു
ടെഹ്റാന്‍: ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ നഗരമായ കെര്‍മനില്‍ സംസ്കാര ചടങ്ങുകള്‍ ആരംഭിക്കാനിരിക്കെയാണ് ദുരന്തമുണ്ടാകുന്നത്.35 പേര്‍ മരിച്ചെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. 48 പേര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുള്ളതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ദുരന്തമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ അടിയന്തര വൈദ്യ സേവന വിഭാഗം മേധാവി സ്ഥിരീകരിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് സുലൈമാനിക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ കെര്‍നനില്‍ ഒത്തുകൂടിയിട്ടുള്ളത്.കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്‍ റെവലൂഷനറി ഗാര്‍ഡ്സിലെ ഉന്നതസേനാ വിഭാഗമായ ഖുദ്സ് ഫോഴ്സ് തലവനായ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇറാന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഷഹേദ് അല്‍ ഷാബി സേനയുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ അല്‍ മുഹാന്ദിസ് അടക്കമുള്ളവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കണ്ണൂർ പള്ളിച്ചാലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കന്യാസ്ത്രീ മരിച്ചു;മൂന്നുപേർക്ക് പരിക്കേറ്റു
കണ്ണൂർ:പള്ളിച്ചാലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കന്യാസ്ത്രീ മരിച്ചു.അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.മുംബൈ മദര്‍തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സഭാംഗം കോട്ടയം പള്ളിക്കത്തോട് ആനിക്കാട് ചാമല പുരയിടത്തിലെ സിസ്റ്റര്‍ സുഭാഷി എംസി (72)യാണ് മരിച്ചത്.സിസ്റ്ററിന്‍റെ സഹോദരി ലീലാമ്മയുടെ മകന്‍ ഡല്‍ഹി പോലീസില്‍ നിന്ന് വിരമിച്ച ഡോണ്‍ ബോസ്കോ (55), ഭാര്യ ഷൈലമ്മ (47), മകന്‍ ഷിബിന്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. കോട്ടയത്തുനിന്നും മംഗലാപുരത്തേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. ഇവർ സഞ്ചരിച്ച കാർ ചെറുകുന്ന് പള്ളിച്ചാലില്‍ വച്ച് കാസര്‍ഗോഡ് നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് സിസ്റ്റര്‍ സുഭാഷി മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. നാട്ടില്‍ നിന്ന് ബന്ധുക്കളെത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടത്തും.
ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേർ മരിച്ചു
പാലാ: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ലോറിയിലും സ്‌കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു.തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് പാലാ-തൊടുപുഴ ഹൈവേയില്‍ പ്രവിത്താനം അല്ലപ്പാറ കുരിശുപള്ളിക്ക് സമീപത്തുവെച്ചായിരുന്നു അപകടം.ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയിലെ റായ്ദുര്‍ഗ് സ്വദേശികളായ തീര്‍ഥാടകര്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ലോട്ടറി വില്‍പ്പനക്കാരനായ കടനാട് കല്ലറയ്ക്കല്‍താഴെ ചന്ദ്രന്‍ (ജോസ്-50), ജീപ്പില്‍ സഞ്ചരിച്ചിരുന്ന ശബരിമല തിര്‍ഥാടകന്‍ ജിന്‍ഡേ രാജു (40) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനുള്ള കാരണം.തൊടുപുഴ ഭാഗത്തുനിന്ന് എത്തിയ ജീപ്പ് നിയന്ത്രണം വിട്ട് വഴിയരികില്‍ ജിപ്‌സം ഗോഡൗണില്‍ ലോഡ് ഇറക്കുകയായിരുന്ന ലോറിയില്‍ ഇടിച്ചശേഷം സമീപത്തുണ്ടായിരുന്ന ഭിന്നശേഷിക്കാരനായ ചന്ദ്രന്റെ മുച്ചക്ര സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറും ജീപ്പും പൂര്‍ണമായി തകര്‍ന്നു.ജീപ്പിന്റെ ഡ്രൈവര്‍ ചിത്രദുര്‍ഗ സ്വദേശിയായ അരുണിനെ സംഭവശേഷം സ്ഥലത്തുനിന്ന് കാണാതായി. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു . ജീപ്പ് വെട്ടിപ്പൊളിച്ചാണ് തീര്‍ഥാടകരെ പുറത്തെടുത്തത്.
ദേശീയപണിമുടക്ക്;നാളെ നടത്താനിരുന്ന സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വെച്ചു
തിരുവനന്തപുരം: ദേശീയ പണിമുടക്കിനെ തുടര്‍ന്ന് ബുധനാഴ്ച്ച നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വെച്ചു. എംജി, കണ്ണൂര്‍ സര്‍വ്വകലാശാലകളാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഏഴാം സെമസ്റ്റര്‍ ബിടെക് പരീക്ഷകള്‍ ഈ മാസം 13 നും രണ്ടാം സെമസ്റ്റര്‍ എം എസ് സി ബയോളജി/ ബയോകെമിസ്ട്രി (പാര്‍ട്ട് 2) പരീക്ഷകള്‍ 15 നും എട്ടാം സെമസ്റ്റര്‍ ബിഎ എല്‍എല്‍ബി പരീക്ഷകള്‍ 16 നും നടത്തും.പരീക്ഷാ കേന്ദ്രത്തിനും സമയ ക്രമത്തിനും മാറ്റമില്ലെന്നും സര്‍വ്വകലാശാല അറിയിച്ചു.തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 21,000 രൂപയാക്കുക, പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ട്രേഡ് യൂണിയന്‍ സംയുക്ത സമര സമിതി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധ രാത്രി 12 മണിക്ക് ആരംഭിക്കും.ബുധനാഴ്ച്ച രാത്രി 12 മണി വരെയാണ് പണിമുടക്ക്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എച്ച്‌എംഎസ്, യുടിയുസി, എഐസിടിയു, എഐയുടിയുസി, സേവ, ടിയുസിഐ, ടിയുസിസി, കെടിയുസി, കെടിയുസി -ജെ, കെടിയുസി -എം, ഐഎന്‍എല്‍സി, എന്‍എല്‍സി, എന്‍എല്‍ഒ, എച്ച്‌എംകെപി, ജെടിയു എന്നീ ട്രേഡ് യൂണിയനുകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.
പുകവലിക്കാൻ സമ്മതിച്ചില്ല;മോഷണ കേസ് പ്രതി കോടതിക്കുള്ളില്‍ വെച്ച് പൊലീസുകാരന്‍റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു
തൃശൂർ:പുകവലിക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് മോഷണ കേസ് പ്രതി കോടതിക്കുള്ളില്‍ വെച്ച് പൊലീസുകാരന്‍റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. കോടതിയിലാണ് സംഭവം. നെടുപുഴ കവര്‍ച്ചാ കേസിലെ പ്രതിയെ വിചാരണയ്‌ക്കായി തൃശ്ശൂര്‍ ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം.പരിക്കേറ്റ എ ആര്‍ ക്യാമ്ബ് എഎസ്‌ഐ ജോമി കെ ജോസിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ എറണാകുളം വടുതല സ്വദേശി ഏണസ്റ്റാണ് പൊലീസുകാരെ ആക്രമിച്ചത്. മജിസ്ട്രേട്ട് ഭക്ഷണം കഴിക്കാനായി കോടതിയില്‍ നിന്നു പുറത്തേക്കു പോയതിനു പിന്നാലെയാണ് അഭിഭാഷകരുടെയും ജീവനക്കാരുടെയും മുന്നില്‍ ആക്രമണമുണ്ടായത്. ജോമിയുടെ നേതൃത്വത്തിലുള്ള കാവല്‍ സംഘത്തോട് ബീഡി വാങ്ങി നല്‍കണമെന്ന് ഏണസ്റ്റ് പലവട്ടം ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞതോടെ ഇയാള്‍ ആക്രമിക്കുകയായിരുന്നു.
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവസംവിധായകന്‍ മരിച്ചു
കൊച്ചി:ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവ സംവിധായകന്‍ മരിച്ചു.തൃശ്ശൂര്‍ നെല്ലായി ആനന്ദപുരം പഴയത്തുമനയില്‍ ആര്യന്‍ നമ്പൂതിരിയുടെ മകന്‍ വിവേക് ആര്യനാണ് (30) മരിച്ചത്.ഇക്കഴിഞ്ഞ ഡിസംബര്‍ 22-ന് ഭാര്യ അമൃതയുമായി ഇരുചക്രവാഹനത്തില്‍ പോകുന്നതിനിടെയാണ് കൊടുങ്ങല്ലൂരില്‍ വെച്ചാണ് അപകടമുണ്ടായത്.നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു.തലയ്ക്ക് ഗുരുതര പരിക്കേറ്റ് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. അമൃതയുടെ കൈക്ക് പരിക്കേറ്റിരുന്നു.കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഓര്‍മയില്‍ ഒരു ശിശിരം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിവേക്. സംവിധായകന്‍ ജീത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.നാലു വര്‍ഷമായി തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന വിവേക് ആര്യന്‍ പരസ്യ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് തമിഴ് ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.ഭാര്യ അമൃത ‘ഓര്‍മയില്‍ ഒരു ശിശിരം’ എന്ന ചിത്രത്തില്‍ വിവേകിന്റെ സഹ സംവിധായികയായിരുന്നു. മാതാവ്: ഭാവന.സഹോദരന്‍: ശ്യാം.
പ്രണയനൈരാശ്യം;യുവതിയെ കഴുത്തറുത്തു കൊന്ന് യുവാവ് ജീവനൊടുക്കി
തിരുവനന്തപുരം:പ്രണയനൈരാശ്യത്തെ തുടർന്ന് യുവതിയെ കഴുത്തറുത്തു കൊന്ന് യുവാവ് ജീവനൊടുക്കി.കാരക്കോണം പുല്ലന്‍തേരി അപ്പു നിവാസില്‍ അജിത് കുമാറിന്റെയും സീമയുടെയും മകള്‍ അക്ഷിക(19), കാരക്കോണം രാമവര്‍മ്മന്‍ചിറ ചെറുപുരയിന്‍കാലയില്‍ മണിയന്റെയും രമണിയുടെയും മകന്‍ അനു (22) എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: ബ്യൂട്ടീഷന്‍ വിദ്യാര്‍ഥിയായ അക്ഷികയും അനുവും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു.പിന്നീട് ഇവർ തമ്മിൽ അകന്നെങ്കിലും അനു അക്ഷികയെ ശല്യം ചെയ്‌തിരുന്നതായി പരാതിയുണ്ട്. ആറുമാസം മുൻപ് അക്ഷികയുടെ ബന്ധുക്കള്‍ അനുനെതിരേ വെള്ളറട സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.ഇന്നലെ രാവിലെ സുഹൃത്തിന്റെ ബൈക്കില്‍ അക്ഷികയുടെ വീട്ടിലെത്തിയ അനു വാതില്‍ തള്ളിത്തുറന്ന് വീട്ടിനുള്ളില്‍ പ്രവേശിച്ചു.സോഡാക്കുപ്പി പൊട്ടിച്ച് കൈയില്‍ കരുതിയാണ് ഇയാളെത്തിയത്. മുറിക്കുള്ളിലേക്ക് ഓടിയ അക്ഷികയെ പിന്തുടര്‍ന്ന അനു മുറിയുടെ വാതിലടയ്ക്കുകയായിരുന്നു. സോഡാക്കുപ്പി ഉപയോഗിച്ച് അക്ഷികയുടെ കഴുത്തറുത്ത ശേഷം അനു സ്വയം കഴുത്തിലേക്ക് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ വാതില്‍ തള്ളി തുറന്നപ്പോള്‍ ഇരുവരും രക്‌തത്തില്‍ കുളിച്ചു കിടക്കുന്നതാണു കണ്ടത്. രണ്ടുപേരെയും കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അക്ഷിക മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ചാണ് അനു മരിച്ചത്.ഫോറന്‍സിക് സംഘം, വിരലടയാള വിദഗ്‌ധര്‍, തുടങ്ങിയവര്‍ വീട്ടില്‍ പരിശോധന നടത്തി. അക്ഷികയുടെ വീട്ടില്‍നിന്നു കൊലപാതകത്തിന് ഉപയോഗിച്ച കറിക്കത്തി പോലീസ് കണ്ടെത്തി. വഴുതക്കാടിലെ ഒരു കോളേജില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് വിദ്യാര്‍ഥിയായിരുന്നു അക്ഷിക. വിദ്യാര്‍ഥിയായ അഭിഷേക് സഹോദരനാണ്. മനുവാണ് അനുവിന്റെ സഹോദരന്‍.
വൈക്കത്ത് ബസ് കാറിനു മുകളിലേക്ക് പാഞ്ഞുകയറി;ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
കോട്ടയം:വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.കാര്‍ യാത്രികരാായ ഉദയംപേരൂര്‍ മനയ്ക്കപ്പറമ്പിൽ സൂരജ്, പിതാവ് വിശ്വനാഥന്‍, അമ്മ ഗിരിജ, അജിത എന്നിവരാണ് മരിച്ചത്.പത്തുപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു ബസ് യാത്രക്കാരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.വൈക്കം എറണാകുളം റോഡില്‍ ചേരുംചുവട് ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം.വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കാറിലിടിക്കുകയായിരുന്നു. പാലം ഇറങ്ങിവരുന്ന കാറിന് മുകളിലൂടെ അമിത വേഗതയിലായിരുന്ന ബസ് കയറിയിറങ്ങുകയായിരുന്നു.സമീപത്തെ മതിലില്‍ ഇടിച്ചാണ് ബസ് നിന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. കാര്‍ പൂര്‍ണമായി തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിയവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പുറത്തെടുത്തത്. പൂര്‍ണ്ണമായും തകര്‍ന്നുപോയ കാറില്‍ മരണമടഞ്ഞവര്‍ കുടുങ്ങിപ്പോയിരുന്നു. വെട്ടിപ്പൊളിച്ചാണ് ഇവരെ എടുത്തത്. മൃതദേഹങ്ങള്‍ ചതഞ്ഞരഞ്ഞ നിലയില്‍ ആയിരുന്നതിനാല്‍ ലക്ഷണങ്ങള്‍ വെച്ചാണ് തിരിച്ചറിഞ്ഞത്. ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അപകടത്തെ തുടര്‍ന്ന് വൈക്കം- എറണാകുളം പാതയില്‍ വാഹന ഗതാഗതം രണ്ട് മണിക്കൂറോളം സ്തംഭിച്ചു.
പാനൂരില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തിന് സമീപത്തു നിന്നും കഞ്ചാവ് ചെടികള്‍ പിടികൂടി
കണ്ണൂർ പാനൂരില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തിന് സമീപത്തു നിന്നും കഞ്ചാവ് ചെടികള്‍ പിടികൂടി.പൊയിലൂര്‍ ഭാഷാപോഷിണി എയ്ഡഡ് എല്‍ പി സ്‌കൂളിന്റെ മുന്‍വശത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന് സമീപം പൊതുസ്ഥലത്തു നിന്നും മൂന്ന് ആഴ്ച വളര്‍ച്ചയെത്തിയ രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.കഞ്ചാവ് ചെടി കണ്ടെത്തിയ സാഹചര്യത്തില്‍ സെന്‍ട്രല്‍ പൊയിലൂര്‍ ഭാഗങ്ങളില്‍ എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.പ്രിവന്റീവ് ഓഫീസര്‍മാരായ പി പ്രമോദന്‍, കെ പി ഹംസക്കുട്ടി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനീഷ്‌കുമാര്‍ പി, അജേഷ്, ഷാജി അളോക്കന്‍ സുനിഷ്, പ്രജീഷ് കോട്ടായി ജലീഷ്, സുബിന്‍, എക്സൈസ് ഡ്രൈവര്‍ ലതീഷ് ചന്ദ്രന്‍ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.