കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയെ ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് താമരശേരി മുന്‍സിഫ് കോടതി നോട്ടിസ് അയച്ചു. കൂടത്തായ് കേസിലെ മുഖ്യപ്രതിയായ ജോളി തോമസിന്റെ മക്കളായ റെമോ റോയ്, റെനോള്‍ഡ് റോയ് എന്നിവര്‍ അഡ്വക്കേറ്റ് മുഹമ്മദ് ഫിര്‍ദൗസ് മുഖേന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.ഇതനുസരിച്ച് ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്ബാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്ളവേഴ്‌സ് ടിവി തുടങ്ങിയ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.ജനുവരി 13ന് ആന്‍റണി പെരുമ്പാവൂർ അടക്കമുള്ള നിര്‍മാതാക്കള്‍ കോടതിയില്‍ ഹാജരാകണം. ഇതിനകം തന്നെ മുഖ്യ പ്രതി ജോളിയുടെ മക്കളും വിദ്യാര്‍ത്ഥികളുമായ റെമോ റോയ്, റെനോള്‍ഡ് റോയ് എന്നിവര്‍ വലിയ മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോവുകയാണെന്നും, ഇതേ സംഭവത്തെ ഇതിവൃത്തമാക്കി എരിവും പുളിയും ചേര്‍ത്ത തിരക്കഥകളുമായി സിനിമകളും, സീരിയല്‍ പരമ്പരകളും വരുമ്പോൾ അത് ഇവരെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതും മാനസികഭാവി തന്നെ തകര്‍ക്കുന്നതുമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമർപ്പിച്ചതെന്ന് റോയ് തോമസിന്റെ സഹോദരി രെന്‍ജി വില്‍സണ്‍ പറഞ്ഞു.മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി ആശീര്‍വാദ് സിനിമാസിന്റെ ഉടമ ആന്റണി പെരുമ്പാവൂർ കൂടത്തായി എന്ന പേരില്‍ സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേല്‍ ജോളി എന്ന പേരില്‍ ഇതേ ഇതിവൃത്തത്തില്‍ സിനിമയുടെ പ്രൊഡക്ഷന്‍ ആരംഭിച്ചിരുന്നു.ഒപ്പം മലാളത്തിലെ സ്വകാര്യ ചാനല്‍ കൂടത്തായി എന്ന ചലച്ചിത്ര പരമ്പര അടുത്ത തിങ്കളാഴ്ച ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യാനിരിക്കുകയാണ്.
മരടിലെ ഫ്ലാറ്റുകൾ നിലംപൊത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി;പ്രദേശത്ത് നിരോധനാജ്ഞ
കൊച്ചി:മരടിൽ രണ്ട് ഫ്ലാറ്റുകൾ ഇന്ന് നിലംപൊത്തും.തീരപരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ആല്‍ഫ സെറീന്‍ എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളാണ് ഇന്ന് മണ്ണിലേക്കു മടങ്ങുക.അതീവ സുരക്ഷയിലാണ് ഇന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ ഇവ നിലംപതിപ്പിക്കുക. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശവാസികളെയെല്ലാം ഒഴിപ്പിച്ചിട്ടുമുണ്ട്.പൊളിക്കും മുൻപ് നാലു തവണ സൈറണ്‍ മുഴങ്ങും.പത്തരക്കാണ് ആദ്യ സൈറണ്‍ മുഴങ്ങുക.രാവിലെ 11ന് ഹോളിഫെയ്ത്തിലും 11.05ന് ആല്‍ഫ സെറിന്‍ ഇരട്ടസമുച്ചയത്തിലും സ്ഫോടനം നടക്കും. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലായിരിക്കും കെട്ടിട സമുച്ചയങ്ങള്‍ നിലംപൊത്തുക. 19 നിലകളുള്ള ഹോളിഫെയ്ത്ത് ഒന്‍പതു സെക്കന്‍ഡിനുള്ളിലും 16 നിലകള്‍ വീതമുള്ള ആല്‍ഫ സെറീന്‍ എട്ട് സെക്കന്‍ഡിനുള്ളിലും നിലംപൊത്തും.കെട്ടിടങ്ങളുടെ 100 മീറ്റര്‍ ദൂരരെ സജ്ജമാക്കിയ ബ്ലാസ്റ്റിങ് ഷെഡ്ഡില്‍ നിന്ന് എക്സ്പ്ലോഡര്‍ പ്രവര്‍ത്തിക്കുന്നതോടെയാണ് സ്ഫോടനം നടക്കുക. കെട്ടിടത്തിന്റെ വിവിധ നിലകളിലെ ദ്വാരങ്ങളില്‍ അമോണിയം സള്‍ഫേറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള ഇമല്‍ഷന്‍ സ്ഫോടകവസ്തുക്കളാണ് സ്ഫോടനത്തിനായി നിറച്ചിരിക്കുന്നത്. രാവിലെ ഒന്‍പതു മണിക്കു മുൻപ് 200 മീറ്റര്‍ ചുറ്റളവില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചെന്ന് ഉറപ്പുവരുത്തും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ ജില്ലാകലക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.സ്ഫോടക വിദഗ്ധന്‍ എസ്.ബി സാര്‍വത്തെ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. സ്ഫോടനത്തിനു മുന്നോടിയായി ഇന്നലെ മോക്ഡ്രില്‍ നടത്തിയിരുന്നു.ഐ.സി.യു സൗകര്യം ഉള്‍പ്പെടെയുള്ള ആംബുലന്‍സ്, ഫയര്‍ എഞ്ചിനുകള്‍ തുടങ്ങി എല്ലാ സുരക്ഷാക്രമീകരണങ്ങളും വിവിധ പോയിന്റുകളില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടാംഘട്ട സ്ഫോടനം നാളെ നടക്കും. ജെയിന്‍ കോറല്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റുകളായിരിക്കും നാളെ നിലംപതിപ്പിക്കുക.
കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം;രണ്ട് പേര്‍ കസ്റ്റഡിയില്‍
പാലക്കാട്: കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സണെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. തമിഴ്നാട് സ്വദേശികളായ സെയ്ദ് ഇബ്രാഹിം, അബ്ബാസ് എന്നിവരാണ് പിടിയിലായത്. പാലക്കാട് നിന്നാണ് ഇവരെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തത്. എഎസ്‌ഐ വില്‍സണെ വധിച്ചവരുമായി കസ്റ്റഡിയിലായവര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെ തമിഴ്നാട് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്.കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടിയിലായ തീവ്രവാദികളുമായി വില്‍സണെ വധിച്ചവര്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ സമദ്, സയിദ് നവാസ്, ഖ്വാസ മൊയ്നുദീന്‍ എന്നിവരെയാണ് തീവ്രവാദബന്ധം ആരോപിച്ച് ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പമുള്ള നാലുപേരാണ് എഎസ്‌ഐയെ കൊലപ്പെടുത്തിയത് എന്നാണ് തമിഴ്നാട് പോലീസ് പറയുന്നത്. സംഘത്തിലുള്ള രണ്ടുപേരെ തിരിച്ചറിഞ്ഞിരുന്നു. മൂന്നാമന്‍ കന്യാകുമാരി സ്വദേശി സെയ്തലിയാണെന്നും വ്യക്തമായി. സംഘത്തിലെ നാലാമനെക്കുറിച്ച് വിവരമില്ല.അതേസമയം പ്രതികള്‍ക്ക് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
മരടിലെ ഫ്‌ളാറ്റുകള്‍ നാളെ പൊളിക്കും; സ്‌ഫോടന സമയത്ത് പ്രദേശത്ത് നിരോധനാജ്ഞ;ഇന്ന് മോക്ഡ്രിൽ നടത്തും
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ നാളെ പൊളിക്കും. ഹോളിഫെയ്ത്തും എച്ച്‌ടുഒവും, ആല്‍ഫയുടെ ഇരട്ട ടവറുകളുമാണ് നാളെ പൊളിക്കുന്നത്.നാളെ രാവിലെ 10.30 ന് എച്ച്‌ടുഒ ഹോളിഫെയ്ത്ത് ഫ്‌ളാറ്റല്‍ നിന്നാണ് ആദ്യ സൈറണ്‍ മുഴങ്ങുന്നത്. കൃത്യം 11 മണിക്ക് തന്നെ ആദ്യ സ്‌ഫോടനം നടക്കും. തൊട്ടുപിന്നാലെ ആല്‍ഫാ ഇരട്ട ഫ്‌ളാറ്റുകളിലും സ്‌ഫോടനം നടക്കും.മിനിറ്റുകളുടെ ഇടവേളയില്‍ രണ്ട് ഫ്‌ളാറ്റുകളും നിലംപൊത്തും.സ്‌ഫോടനം നടക്കുന്ന സമയത്ത് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും.അതേസമയം ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ ഒൻപത് മണിക്ക് ഫ്‌ളാറ്റുകളുടെ പരിസരത്ത് പോലീസും അഗ്‌നിശമനസേനയും മോക്ക് ഡ്രില്‍ നടത്തും.മോക്ക് ഡ്രില്ലിനിടെ ആളുകളെ ഒഴിപ്പിക്കില്ല. നാളെ രാവിലെ ഒൻപത് മണിക്കു മുൻപ് ഒഴിഞ്ഞാല്‍ മതിയെന്നാണ് പരിസരവാസികള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. ഹോളിഫെയ്ത്തും ആല്‍ഫ സെറീനും പൊളിക്കുന്ന പതിനൊന്നിന് 200 മീറ്റര്‍ ചുറ്റളവിലുള്ള താമസക്കാരും വാണിജ്യ സ്ഥാപനങ്ങളിലുള്ളവരും രാവിലെ ഒന്‍പത് മണിക്ക് മുൻപേ സ്വയം ഒഴിഞ്ഞു പോകണം. രണ്ടാം ദിവസം ജെയിന്‍ കോറല്‍ കോവിന് ചുറ്റുമുള്ളവര്‍ രാവിലെ ഒന്‍പത് മണിക്ക് മുൻപും ഗോള്‍ഡന്‍ കായലോരത്തിനു സമീപത്തുള്ളവര്‍ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മുൻപും ഒഴിഞ്ഞു പോകണം. ഒഴിഞ്ഞ് പോകുന്നതിനു മുൻപ് കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും അടക്കണം.എയര്‍ കണ്ടീഷണറുകള്‍ സ്വിച്ച് ഓഫ് ചെയ്യണം. എല്ലാ വൈദ്യുത ഉപകരണങ്ങളുടെയും ബന്ധം വിച്ഛേദിക്കുകയും മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുകയും വേണം. ഉപകരണങ്ങളിലേക്ക് വൈദ്യുതി പോകുന്ന ബോര്‍ഡിലെ പവര്‍ പോയിന്റ് ഓഫാക്കണം. വളര്‍ത്ത് മൃഗങ്ങളെ കെട്ടിടങ്ങള്‍ക്കുള്ളിലാക്കുകയോ കൂടുകള്‍ പൊതിഞ്ഞ് സൂക്ഷിക്കുകയോ വേണം.കിടപ്പുരോഗികളെയും വയോജനങ്ങളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും വേണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. തേവര എസ് എച്ച് കോളേജ്, പനങ്ങാട് ഫഷറീസ് കോളേജ് എന്നിവിടങ്ങളില്‍ താല്‍ക്കാലിക സുരക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കണ്ണൂർ വളപട്ടണത്ത് വൻ കുഴൽപ്പണവേട്ട;1.45 കോടി രൂപയുമായി രണ്ടുപേർ പിടിയിൽ
കണ്ണൂർ:കണ്ണൂർ വളപട്ടണത്ത് വൻ കുഴൽപ്പണവേട്ട.കാറിൽ കടത്തുകയായിരുന്ന 1.45 കോടി രൂപയുമായി രണ്ടുപേർ പിടിയിലായി.നീലേശ്വരത്ത് വച്ച് കാല്‍ നടയാത്രക്കാരനെ ഇടിച്ചിട്ട ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനത്തില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്.വ്യാഴാഴ്ച പുലര്‍ച്ചെ കാസര്‍കോട് ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാര്‍ നീലേശ്വരത്ത് വെച്ച് കാല്‍നടയാത്രക്കാരനെ ഇടിച്ചിടുകയും കാര്‍ നിര്‍ത്താതെ പോവുകയും ചെയ്യുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കാല്‍ നടയാത്രക്കാരന്‍ നീലേശ്വരം സ്വദേശി തമ്ബാന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.പിന്നീട് വളപട്ടണത്ത് വെച്ച് പോലീസ് കാര്‍ പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തു.ഇതിനിടെയാണ് കാറില്‍ കുഴല്‍പ്പണമുണ്ടെന്ന രഹസ്യവിവരം ലഭിച്ച കസ്റ്റംസ് വളപട്ടണം പോലീസ് സ്റ്റേഷനിലെത്തി വാഹനം പരിശോധിച്ചുത്.ജാര്‍ഖണ്ഡ് രജിസ്ട്രേഷനിലുള്ള കാറില്‍ പിറകിലെ സീറ്റിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് ഒന്നരക്കോടിയോളം രൂപ ഒളിപ്പിച്ചിരുന്നത്. രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റെയും നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. മഹാരാഷ്ട്ര സ്വദേശികളായ കിഷോര്‍, സാഗര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഷവര്‍മ്മയുണ്ടാക്കാനായി കൊണ്ടുവന്ന 650 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി
കോഴിക്കോട്:ട്രെയിനിൽ പാർസലായി കൊണ്ടുവന്ന 650 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. നിസാമുദ്ദീനില്‍ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടു വന്ന കോഴിയിറച്ചിയാണ് കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്.ഷവര്‍മയുള്‍പ്പെടെയുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനായി കൊണ്ടുവന്ന ഇറച്ചിയാണ് ഇതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു.65 കിലോയുടെ പത്ത് ബോക്സുകളായാണ് കോഴിയിറച്ചി എത്തിയത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോഴിയിറച്ചി കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ കോഴിയിറച്ചിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു.ഈ ഇറച്ചിയുപയോഗിച്ചുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. കോഴിക്കോട് നഗരത്തില്‍ വിതരണത്തിനായി എത്തിച്ചതാണ് ഇറച്ചിയാണ് ഇതെന്നാണ് വിവരം.പാഴ്സല്‍ ആര്‍ക്കാണ് വന്നതെന്ന കാര്യത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പൊലീസിനോട് ആവശ്യപ്പെടും. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം,ഭക്ഷ്യ സുരക്ഷാ വകുപ്പ്,റെയില്‍വേ ആരോഗ്യ വിഭാഗം എന്നിവയിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.
എഎസ്ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം;ആയുധധാരികള്‍ ചെക്ക്‌പോസ്റ്റ് വഴി കേരളത്തിലേക്കു കടന്നത് കറുത്ത കാറിൽ; സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേയ്ക്കും അതീവജാഗ്രതാ നിര്‍ദേശം നൽകി
തിരുവനന്തപുരം:കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സണിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആയുധധാരികളായ അക്രമികൾ കേരളത്തിലേക്ക് കടന്നത് കറുത്ത നിറത്തിലുള്ള കാറിൽ. TN 57 AW 1559 എന്ന നമ്പറിലുള്ള കാറാണ് കേരളത്തിലേക്ക് കടന്നത്. ഈ കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ ബന്ധപ്പെടണമെന്ന് കാണിച്ച് കേരളത്തിലെ എല്ലാ പൊലീസ് കേന്ദ്രങ്ങളിലേക്കും സന്ദേശമയച്ചു.എഎസ്‌ഐയെ വെടിവച്ചു കൊന്നശേഷമാണ് കേരളത്തിലേക്ക് ഇവര്‍ കടന്നത് എന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശവും പൊലീസ് നല്‍കി.തമിഴ്‌നാട് സ്വദേശികളായ തൗഫിക്, അബ്ദുല്‍ ഷമീം എന്നിവരുള്‍പ്പെടുന്ന സംഘമാണ് കടന്നതെന്നാണ് സംശയിക്കുന്നത്. ഇവര്‍ രണ്ട് പേരേയും പൊലീസ് അറ്‌സറ്റ് ചെയ്തിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.ഇവര്‍ക്കു തീവ്രവാദ ബന്ധമുണ്ടെന്നു തമിഴ്‌നാട് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.കൂടുതല്‍ വിശദാംശങ്ങള്‍ക്കായി പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.കാറിനെ സംബന്ധിച്ചു ചിത്രങ്ങളോ വിഡിയോയോ ഉണ്ടെങ്കില്‍ പൊലീസിന്റെ 9497980953 വാട്സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കണമെന്നും നിര്‍ദേശിച്ചു. എഎസ്‌ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരള ഡിജിപിയുമായി കൂടിക്കാഴ്ച നടത്താന്‍ തമിഴ്‌നാട് ഡിജിപി തിരുവനന്തപുരത്തെത്തി.അതേ സമയം സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും നിരീക്ഷിക്കുകയാണെന്നും,ഓപ്പറേഷണല്‍ കാര്യങ്ങളായതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ലന്നും ബെഹറ പറഞ്ഞു. കേരള- തമിഴ്‌നാട് പൊലീസ് സംയുക്തമായാണ് അന്വേഷണവുമായി നീങ്ങുന്നത്.തമിഴ്‌നാട് പൊലീസ് മേധാവിയുമായി കൂടികാഴ്ച്ച നടത്തിയ ശേഷമാണ് ബെഹറ തിരുവനന്തപുരത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാർത്ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസ്
കാസർകോഡ്:വിദ്യാർത്ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരേ പോലീസ് കേസെടുത്തു.നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.എല്‍.പി. സ്കൂളിലെ ആറാംക്ലാസ്സ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് അധ്യാപകന്‍ അഷറഫിനെതിരേയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.കുട്ടി കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടി.ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയ കുട്ടിയുടെ കൈയില്‍ പാട് കണ്ട് അമ്മ അന്വേഷിച്ചപ്പോഴാണ് അധ്യാപകന്റെ മര്‍ദനത്തെക്കുറിച്ച് അറിയുന്നത്.തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
ജില്ലയിൽ ചിക്കൻപോക്സ് വ്യാപകമാകുന്നതായി റിപ്പോർട്ട്;ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
കണ്ണൂർ:ജില്ലയിൽ ചിക്കൻപോക്സ് വ്യാപകമാകുന്നതായി റിപ്പോർട്ട്.ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.നാരായണ നായിക് അറിയിച്ചു. വായുവിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കൻപോക്സ്.പനി,ശരീരവേദന, കഠിനമായ ക്ഷീണം,നടുവേദന തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ.പിന്നീട് ശരീരത്തിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുന്നു.ആരംഭഘട്ടത്തിൽ തന്നെ ആന്റി വൈറൽ മരുന്നുകൾ ഉപയോഗിക്കുന്നത് രോഗം പെട്ടെന്ന് ഭേദമാക്കാൻ സഹായിക്കും.ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന കുമിളകൾ പൊട്ടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.സ്വരീരം വൃത്തിയായി സൂക്ഷിക്കുന്നതും നഖം വെട്ടി വൃത്തിയാക്കുന്നതും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുന്നതും രോഗം ഭേദമാക്കാൻ സഹായിക്കും.രോഗിക്ക് ഏതാഹാരവും കഴിക്കാം. ധാരാളം വെള്ളം കുടിക്കുന്നതും വായുസഞ്ചാരമുള്ള മുറിയിൽ കിടക്കുന്നതും ഗുണകരമാണ്. രോഗി മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം.രോഗാരംഭത്തിനു മുൻപുള്ള ദിവസങ്ങളിലും രോഗത്തിന്റെ ആരംഭ ഘട്ടങ്ങളിലുമാണ് രോഗം പകരാൻ കൂടുതൽ സാധ്യതയുള്ളത്.കുട്ടികളിൽ നിസ്സാരമായി മാറിപ്പോകുന്ന ഈ രോഗം മുതിർന്നവരിൽ ഗൗരവതരമാകാനും മരണപ്പെടാനും ഉള്ള സാധ്യതയുള്ളതിനാൽ സ്വയം ചികിത്സ നടത്താതെ ഡോക്റ്ററുടെ സേവനം തേടണം.ചിക്കൻപോക്‌സിനെതിരെയുള്ള മരുന്നുകൾ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കുമെന്നും ഡിഎംഒ അറിയിച്ചു.
ജില്ലയിൽ പണിമുടക്ക് പൂർണ്ണം;പലയിടത്തും വാഹനങ്ങൾ തടഞ്ഞു
കണ്ണൂർ:ഇന്നലെ നടന്ന ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണ്ണം.കടകൾ അടഞ്ഞു കിടന്നു. വാഹനങ്ങൾ സർവീസ് നടത്തിയില്ല.സർക്കാർ ജീവനക്കാരുടെ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ഓഫീസുകളിലും ഹാജർ നില കുറവായിരുന്നു.കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ 700 ജീവനക്കാരിൽ 20 പേർ മാത്രമാണ് ജോലിക്ക് ഹാജരായത്. കെഎസ്ആർടിസിയും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങിയില്ല. ആശുപത്രിയിലും മറ്റ് സർക്കാർ ആശുപത്രികളിലും ഡോക്റ്റർമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവായിരുന്നു. പരിശോധനയ്‌ക്കെത്തിയ രോഗികളുടെ എണ്ണത്തിലും കുറവുണ്ടായി.ചരക്ക് ലോറികളും ഗ്യാസ് ലോറികളും രാവിലെ സർവീസ് നടത്തിയെങ്കിലും പണിമുടക്ക് അനുകൂലികൾ വിവിധ സ്ഥലങ്ങളിൽ തടഞ്ഞതോടെ അവയും ഓട്ടം നിർത്തി.നഗരത്തിൽ സർവീസ് നടത്തിയ വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു.റെയിൽവേ സ്റ്റേഷൻ പരിസരത്ത് യാത്രക്കാരുമായി പോയ ഓട്ടോ സമരാനുകൂലികൾ തടയുകയും ടയറിന്റെ കാറ്റഴിച്ചുവിടുകയും ചെയ്തു.തുടർന്ന് പോലീസെത്തിയാണ് സമരക്കാരെ പിന്തിരിപ്പിച്ചത്. കോടതി,റെയിൽവേ സ്റ്റേഷൻ,മിൽമ, ജയിൽ,ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ ക്യാന്റീനുകൾ തുറന്നു പ്രവർത്തിച്ചത് നഗരത്തിൽ കുടുങ്ങിയവർക്ക് ആശ്വാസമായി. പണിമുടക്കിയ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി.തെക്കി ബസാറിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ്സ്റ്റാൻഡിൽ സമാപിച്ചു.എൽഡിഎഫ് ജില്ലാ കൺവീനർ കെ.പി സഹദേവൻ,സിപിഎം ജില്ലാ സെക്രെട്ടറി എം.വി ജയരാജൻ,അരക്കൻ ബാലൻ,ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ശശീന്ദ്രൻ, എഐടിയുസി സംസ്ഥാന സെക്രെട്ടറി താവം ബാലകൃഷ്ണൻ;ജില്ലാ സെക്രെട്ടറി സി.പി സന്തോഷ് കുമാർ,എസ്ടിയു അഖിലേന്ത്യ സെക്രെട്ടറി എം.എ കരീം എന്നിവർ നേതൃത്വം നൽകി.