കുറ്റിപ്പുറം:കുറ്റിപ്പുറത്ത് കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ദേശീയപാതയിൽ പാണ്ടികശാലയില്‍ ഉണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. മരിച്ചവര്‍ കര്‍ണാടക സ്വദേശികളാണ്. കര്‍ണാടക ഇരിയൂര്‍ സ്വദേശിയും നഗരസഭാ കൗണ്‍സിലറുമായ പാണ്ഡുരംഗ (34), പ്രഭാകര്‍ (50) എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി പന്ത്രണ്ടോടെ കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കുമിടയിലെ പാണ്ടികശാല ഇറക്കത്തിലായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കാറിനെ ഇടിച്ചശേഷം ഏറെദൂരം നിരക്കിക്കൊണ്ടുപോയാണ് നിന്നത്.കര്‍ണാടകയില്‍ നിന്ന് എറണാകുളത്തേക്ക് വിനോദ സഞ്ചാരത്തിനായി പോകുകയായിരുന്നവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. കാറിലുണ്ടായിരുന്ന ആറ് പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അയല്‍ രാജ്യങ്ങളില്‍ നിന്ന് പോളിയോ ഭീഷണി; നിർത്തിവെച്ച തുള്ളിമരുന്ന് വിതരണം വീണ്ടും തുടങ്ങും
തിരുവനന്തപുരം:അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള പോളിയോ ഭീഷണിമൂലം സംസ്ഥാനത്ത് നിർത്തിവെച്ച തുള്ളിമരുന്ന് വിതരണം വീണ്ടും തുടങ്ങാൻ തീരുമാനം.പാക്കിസ്ഥാനില്‍ നിന്നു ഗള്‍ഫ് രാജ്യങ്ങള്‍ വഴി കേരളത്തിലേക്കു പോളിയോ വ്യാപനം സംഭവിക്കാതിരിക്കാനാണ് നടപടി.കഴിഞ്ഞ വര്‍ഷം മുതല്‍ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു മാത്രമാണു പോളിയോ പ്രതിരോധ മരുന്നു നിര്‍ബന്ധമാക്കിയിരുന്നത്.ഇത്തവണ 5 വയസ്സില്‍ താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്നു വിതരണം നടത്തും.പാക്കിസ്ഥാനില്‍ പോളിയോ ബാധിതരുടെ എണ്ണം ഒന്‍പതിരട്ടിയിലേറെ ആയതോടെയാണ് ഈ നടപടി. 2019ല്‍ പാക്കിസ്ഥാനില്‍ 111 പേര്‍ക്കു പോളിയോ ബാധിച്ചു. പാക്കിസ്ഥാനില്‍ നിന്ന് ഒട്ടേറെപ്പേര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. ഗള്‍ഫ് മേഖലയില്‍ പതിനായിരക്കണക്കിനു കേരളീയരുമുണ്ട്. ഇതിനാല്‍ രോഗം കേരളക്കരയിലെത്തുമെന്ന ആശങ്ക ഇല്ലാതാക്കാനാണു പോളിയോ തുള്ളിമരുന്നു യജ്ഞം വീണ്ടും കര്‍ശനമാക്കുന്നത്.1985ല്‍ പള്‍സ് പോളിയോ യജ്ഞം ആരംഭിക്കുമ്പോൾ ലോകത്ത് 125 രാഷ്ട്രങ്ങളില്‍ പോളിയോ ഉണ്ടായിരുന്നു. 2016ല്‍ രോഗബാധ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നൈജീരിയ എന്നീ രാജ്യങ്ങളില്‍ മാത്രമായി ചുരുങ്ങി. ഇത്തവണ ഇന്ത്യയില്‍ രാജ്യമൊട്ടാകെ ഈ മാസം 19നാണു പോളിയോ തുള്ളിമരുന്നു യജ്ഞം നടത്തുന്നത്.അംഗന്‍വാടികള്‍,സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ബസ്സ്റ്റാന്റുകള്‍,റെയില്‍വേ സ്റ്റേഷനുകള്‍, ഉത്സവങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ തുടങ്ങി കുട്ടികള്‍ വരാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ചാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം നടത്തുന്നത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് തുള്ളിമരുന്ന് വിതരണം. 20, 21 തീയതികളില്‍ വൊളന്റിയര്‍മാര്‍ വീടുകളിലെത്തി കുട്ടികള്‍ക്കു പോളിയോ തുള്ളിമരുന്നു നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തും.കേരളത്തില്‍ 2000നു ശേഷവും ഇന്ത്യയില്‍ 2011നു ശേഷവും പോളിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2011ല്‍ ബംഗാളിലാണു പോളിയോബാധ റിപ്പോര്‍ട്ട് ചെയ്തത്. 2014-ന് ശേഷം കേരളം പോളിയോ തുള്ളിമരുന്നുവിതരണം ഒരു ഘട്ടമായികുറച്ചു. 2019ല്‍ ഇതരസംസ്ഥാനക്കാര്‍ക്ക് മാത്രമായി മരുന്നുനല്‍കി.എന്നാല്‍ കഴിഞ്ഞമാസം 28-ന് ചേര്‍ന്ന കേന്ദ്ര ആരോഗ്യവകുപ്പിന്റെ പോളിയോ വിദഗ്ധ സമിതിയാണ് 2020,21 വര്‍ഷങ്ങളില്‍ക്കൂടി തുള്ളിമരുന്ന് നല്‍കാന്‍ തീരുമാനമെടുത്തത്.ലോകമെമ്പാടും ലക്ഷക്കണക്കിന് പേര്‍ക്ക് അംഗവൈകല്യമുണ്ടാക്കിയ വൈറസാണ് പോളിയോ. രോഗിയുടെ വിസര്‍ജ്യത്തിലൂടെയാണ് ഇത് പകരുന്നത്. വയറ്റിലൂടെ ശരീരത്തിലെത്തി നാഡീവ്യൂഹത്തേയും തലച്ചോറിനേയും ബാധിക്കും.ചികിത്സകൊണ്ട് ഭേദമാക്കാനാവില്ല.പ്രതിരോധമാണ് ഫലപ്രദം. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളേയാണ് രോഗം കൂടുതല്‍ ബാധിക്കുന്നത്.
മരടിൽ പൊടിശല്യം രൂക്ഷം;പരിസരവാസികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ;മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചു
കൊച്ചി:ഫ്ലാറ്റുകൾ പൊളിച്ചതോടെ പൊടിശല്യം രൂക്ഷമായ മരടിൽ പലർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നു.ഇതേ തുടർന്ന് മരട് നഗരസഭ പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു.വീട്ടിലുള്ള എല്ലാവര്‍ക്കും പൊടിശല്യത്തെ തുടര്‍ന്ന് അസുഖങ്ങളാണെന്ന് ക്യാമ്പിലെത്തിയവർ പറയുന്നു.അതിനിടെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊടിശല്യം കുറക്കാന്‍ വലിയ മോട്ടോര്‍ ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങളില്‍ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. സമീപത്തെ കായലില്‍ നിന്നും വെള്ളം പമ്പു ചെയ്തു കോണ്‍ക്രീറ്റുകള്‍ കുതിര്‍ത്തിയ ശേഷം ജെ സി ബിയും മറ്റുപകരണങ്ങളും കൊണ്ടു തകര്‍ത്താണ് കമ്പിയും സിമെന്റ് പാളികളും വേര്‍തിരിക്കുന്നത്. പൊടി ശല്യം തീര്‍ത്തും ഒഴിവാക്കി നാട്ടുകാരുടെ ആശങ്ക പരിഹരിച്ച ശേഷമേ അവശിഷ്ടങ്ങള്‍ യാര്‍ഡിലേക്ക് മാറ്റൂ എന്ന് കരാര്‍ കമ്പനി അധികൃതര്‍ പറഞ്ഞു.
കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കിയുള്ള സിനിമയ്ക്കും സീരിയലിനും സ്റ്റേ ഇല്ല
കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കിയുള്ള സിനിമയ്ക്കും സീരിയലിനും സ്റ്റേ ഇല്ല.കൊലപാതക പരമ്പരയെ ആസ്പദമാക്കിയുള്ള സിനിമകളുടെയും സീരിയലുകളുടെയും നിര്‍മാതാക്കള്‍ക്ക് താമരശേരി മുന്‍സിഫ് കോടതി നോട്ടീസയച്ചിരുന്നു. കേസിലെ മുഖ്യപ്രതി ജോളിയുടെ മക്കളായ റെമോ, റെനോള്‍ഡ് എന്നിവരുടെ ഹര്‍ജിയില്‍ ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂർ, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്ളവേഴ്‌സ് ടിവി തുടങ്ങിയ കക്ഷികള്‍ക്കാണ് നോട്ടീസയച്ചത്.തിങ്കളാഴ്ച ഇവരോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി കൂടത്തായി എന്ന പേരില്‍ സിനിമയൊരുക്കുമെന്ന് ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേല്‍ ജോളി എന്ന പേരില്‍ ഇതേ പ്രമേയം ഉപയോഗിച്ച് സിനിമാ നിര്‍മാണം ആരംഭിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഫ്ളവേഴ്‌സ് ടിവിയുടെ കൂടത്തായി എന്ന പരമ്പര സംപ്രേക്ഷണം ആരംഭിച്ചിരുന്നു.
നിര്‍ഭയ കേസ് പ്രതികളുടെ തിരുത്തല്‍ ഹരജികള്‍ സുപ്രീം കോടതി തള്ളി
ന്യൂഡൽഹി:നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികൾ സുപ്രീംകോടതി തള്ളി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവർ സമർപ്പിച്ച ഹർജികളാണ് തള്ളിയത്.ജസ്റ്റിസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍.ബാനുമതി, അശോക് ഭൂഷന്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.വിനയ് ശര്‍മയുടെയും മുകേഷ് സിങിന്‍റെയും മുന്നില്‍ ഇനി ദയാ ഹരജി നല്‍കുക എന്നൊരു വഴിയാണുള്ളത്.ദയാഹരജികള്‍ കൂടി തള്ളിയാല്‍ മാത്രമേ വധശിക്ഷ നടപ്പാക്കാനാകൂ. ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.കേസിലെ മറ്റ് രണ്ട് പ്രതികളായ അക്ഷയ് കുമാര്‍, പവന്‍ ഗുപ്ത എന്നിവര്‍ക്കും വേണമെങ്കില്‍ തിരുത്തല്‍ ഹരജി നല്‍കാന്‍ അവസരമുണ്ട്.2012 ഡിസംബര്‍ 16നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബസ്സിലാണ് 23 വയസ്സുകാരിയായ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്.ചികിത്സയിലിരിക്കവേ ഡിസംബര്‍ 29ന് പെണ്‍കുട്ടി മരിച്ചു. ഒന്നാം പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ നിയമപ്രകാരം മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ബാക്കി നാല് പേര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.
തെയ്യം കെട്ടിയാടുന്നതിനിടെ തിരുമുടിക്ക് തീപിടിച്ചു;കലാകാരൻ ആശുപത്രിയിൽ
കണ്ണൂർ:തെയ്യം കെട്ടിയാടുന്നതിനിടെ തിരുമുടിക്ക് തീപിടിച്ചു.കലാകാരന് പൊള്ളലേറ്റു.കോവൂര്‍ കാപ്പുമ്മല്‍ തണ്ട്യാന്‍ മീപ്പുര ക്ഷേത്രത്തിലാണ് അപകടം നടന്നത്.മണത്തണഭഗവതിയുടെ തെയ്യം കെട്ടിയാടുന്നതിനിടെ ക്ഷേത്രത്തിനു മുന്നിലെ നിലവിളക്കില്‍ നിന്ന് തിരുമുടിയിലേക്ക് തീപടരുകയായിരുന്നു. nപെട്ടെന്നുതന്നെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ നാട്ടുകാര്‍ തീ അണയ്ക്കുകയും തെയ്യംകലാകാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പൊള്ളലേറ്റ കലാകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ടോള്‍ പ്ലാസകളില്‍ നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം;ടാഗില്ലാത്ത വാഹനങ്ങൾക്കായി ഒരു ട്രാക്ക് മാത്രം
കൊച്ചി:രാജ്യത്തെ ടോള്‍ പ്ലാസകളില്‍ നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം.കേന്ദ്ര ഗതാഗത മന്ത്രാലയം ടോള്‍ പ്ലാസകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് വരുന്നതോടെ പണം നല്‍കി കടന്നുപോകാന്‍ കഴിയുന്ന ഒരു ട്രാക്ക് മാത്രമാണ് ഉണ്ടാവുക. മറ്റ് ട്രാക്കുകളിലെല്ലാം ഫാസ്ടാഗുള്ള വാഹനത്തിനായി നീക്കിവെച്ചിരിക്കുകയാണ്. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഈ ഒറ്റവരിയില്‍ കൂടെയാണ് ഇനി പോകേണ്ടി വരിക. അതേസമയം, ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതോടെ പാലിയേക്കര അടക്കമുള്ള ടോള്‍ പ്ലാസകളില്‍ ഗതാഗത കുരുക്കുണ്ടാവുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.നാളെ മുതല്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ആറ് ട്രാക്കുകളില്‍ അഞ്ച് എണ്ണത്തിലും ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഒരു ട്രാക്കില്‍ മാത്രമാണ് നേരിട്ട് പണം സ്വീകരിക്കുക. നേരത്തേ ഡിസംബര്‍ 15 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെതിരെ വ്യാപകമായ പരാതികള്‍ വന്നതിനെ തുടര്‍ന്ന് ഒരു മാസം കൂടി അനുവദിച്ച് നല്‍കുകയായിരുന്നു.
മരട് ഫ്ലാറ്റ് പൊളിക്കൽ റിപ്പോർട്ട് ചെയ്യുന്നതിനായി നിരോധനാജ്ഞ ലംഘിച്ച് സമീപത്തെ കെട്ടിടത്തിന്റെ ശുചിമുറിയിൽ ഒളിച്ചിരുന്നു;മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ക്കും ക്യാമറമാനും എതിരേ കേസെടുത്ത് പോലീസ്
കൊച്ചി:മരട് ഫ്ലാറ്റ് പൊളിക്കൽ റിപ്പോർട്ട് ചെയ്യുന്നതിനായി നിരോധനാജ്ഞ ലംഘിച്ച് സമീപത്തെ കെട്ടിടത്തിന്റെ ശുചിമുറിയിൽ ഒളിച്ചിരുന്ന് വാർത്ത ശേഖരിച്ച മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ബിജു പങ്കജ്, ക്യാമറാമാന്‍ ബിനു തോമസ് എന്നിവര്‍ക്കെതിരെയാണ് പനങ്ങാട് പോലിസ് കേസെടുത്തത്. ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മറികടന്ന് റിപ്പോര്‍ട്ട് ചെയ്തതിനെതിരേ ഉന്നത ഉദ്യോഗസ്ഥന്റെ ഉത്തരവ് ലംഘിച്ചതിനു ഐപിസി സെക്ഷൻ 188 പ്രകാരമാണ് കേസെടുത്തത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണു സംഭവം. മരടിലെ എച്ച്‌ടുഒ ഫ്ലാറ്റ്, ആല്‍ഫാ സെറീന്‍ ഇരട്ട കെട്ടിടങ്ങള്‍ എന്നിവ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കുന്നത് സമീപത്തെ കെട്ടിടത്തിന്റെ കക്കൂസില്‍ ഒളിച്ചിരുന്നാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തത്. കെട്ടിടത്തിലെ മുഴുവന്‍ പേരെയും പോലിസ് ഒഴിപ്പിച്ചെങ്കിലും പോലിസിന്റെ കണ്ണുവെട്ടിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ കക്കൂസിനുള്ളില്‍ കഴിഞ്ഞത്. ഇക്കാര്യം സ്വന്തം ചാനലിലൂടെ മറ്റൊരു വാര്‍ത്തയിലൂടെയാണ് പുറംലോകത്തെ അറിയിച്ചതും.ബഹുനില ഫ്‌ളാറ്റുകള്‍ നിമിഷങ്ങള്‍കൊണ്ട് തകര്‍ന്നടിയുമ്പോൾ കാര്യങ്ങള്‍ നിയന്ത്രണ വിധേയമായിരിക്കണമെന്നില്ല.പോലീസ് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കേണ്ടവര്‍ ആണ് ഇങ്ങനെ നിയമങ്ങള്‍ കാറ്റില്‍ പറത്തി എക്‌സ്‌ക്ലൂസീവ് പകര്‍ത്താന്‍ ശ്രമിച്ചത് എന്നതാണ് ശ്രദ്ധേയം.പൊളിച്ച ഫ്‌ലാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ വൈകിട്ട് 5 മണി വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. ഇത്തരം അപകട സാധ്യതയുള്ള സ്ഥലത്താണ് ഒരിക്കലും ന്യായീകരിക്കാനാകാത്ത ജീവന്‍ പണയംവെച്ചുള്ള ഷൂട്ടിംഗ് സാഹസം മാതൃഭൂമി നടത്തിയിരിക്കുന്നത്.ഇതേത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ നടപടിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ കെട്ടിടാവശിഷ്ടങ്ങള്‍ വേര്‍തിരിച്ചു തുടങ്ങി;45 ദിവസത്തിനകം അവശിഷ്ട്ടങ്ങൾ നീക്കം ചെയ്യും
കൊച്ചി:മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ കെട്ടിടാവശിഷ്ടങ്ങള്‍ വേര്‍തിരിച്ചു തുടങ്ങി. അവശിഷ്ട്ടങ്ങൾ 45 ദിവസത്തിനകം നീക്കം ചെയ്യും.ഇരുമ്പ് വേര്‍തിരിച്ചശേഷമുള്ള കോണ്‍ക്രീറ്റ് അവശിഷ്ടം ആലുവയിലെ പ്രോംപ്റ്റ് എന്റര്‍പ്രൈസസ് കമ്പനിയുടെ കുമ്പളത്തെയും ആലപ്പുഴ ചന്തിരൂരിലെയും ശേഖരണ കേന്ദ്രത്തില്‍ എത്തിക്കും. ആറ് എംഎം, 12 എംഎം വലിപ്പത്തില്‍ അവശിഷ്ടങ്ങള്‍ മാറ്റും.ഇത് തറയില്‍ വിരിക്കാവുന്ന സിമെന്റ് ബ്ലോക്കുകളോ എംസാന്‍ഡോ ആക്കാനാണ് പദ്ധതിയെന്ന് കമ്പനി പാർട്ണർ അച്യുത് ജോസഫ് പറഞ്ഞു. സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെയും ലാന്‍ഡ് ട്രിബ്യൂണലിന്റെയും നിര്‍ദേശമനുസരിച്ചാണ് അവശിഷ്ടം മാറ്റുന്നത്. ആദ്യം ഹോളിഫെയ്ത്ത് എച്ച്‌ടുഒയുടെ അവശിഷ്ടങ്ങളാണ് നീക്കുന്നത്. 35 ലക്ഷം രൂപ നല്‍കിയാണ് പ്രോംപ്റ്റ് കെട്ടിടാവശിഷ്ടം ഏറ്റെടുത്ത് നീക്കുന്നത്. ബുധനാഴ്ച ആദ്യ ലോഡ് കൊണ്ടുപോകും. മൊത്തം 4250 ലോഡുണ്ടാകും. ആല്‍ഫ സെറീന്‍ ഇരട്ട സമുച്ചയങ്ങളില്‍നിന്ന് അവശിഷ്ടം നീക്കുന്നതാണ് ഏറെ ശ്രമകരം.ഈ ഭാഗത്തേക്ക് ഇടുങ്ങിയ റോഡായതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് കടക്കാനാകില്ല. കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്നത് വായു, ശബ്ദ മലിനീകരണം കൂട്ടും. വാഹനങ്ങളുടെ എണ്ണം, കയറ്റാവുന്ന ഭാരം തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ പൊലീസും നഗരസഭാ അധികൃതരും ചേര്‍ന്ന് തീരുമാനിക്കും.
നിര്‍ഭയ കേസ് പ്രതികളുടെ തിരുത്തല്‍ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി:നിര്‍ഭയ കേസ് പ്രതികളുടെ തിരുത്തല്‍ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികളിലെ വിനയ് ശര്‍മ്മ, മുകേഷ് കുമാര്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഉച്ചക്ക് 1.45നായിരിക്കും കോടതി ഹരജി പരിഗണിക്കുക.വിനയ് ശര്‍മ്മയുടെയും മുകേഷ് കുമാറിെന്‍റയും പുനഃപരിശോധന ഹരജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.എന്‍.വി രമണ, അരുണ്‍ മിശ്ര, ആര്‍.എഫ് നരിമാന്‍, ആര്‍.ഭാനുമതി, അശോക് ഭൂഷന്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് ഹരജി തള്ളിയത്.നിര്‍ഭയ കേസ് പ്രതികള്‍ക്കെതിരെ ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടിച്ചിരുന്നു. തിരുത്തല്‍ ഹരജി തള്ളിയാല്‍ ദയാ ഹരജി കൂടി നല്‍കാന്‍ പ്രതികള്‍ക്കാകും.ദയാഹര്‍ജികള്‍ കൂടി തള്ളിയാല്‍ മാത്രമേ വധശിക്ഷ നടപ്പാക്കാനാകൂ. ജനുവരി 22ന് ഇവരെ തൂക്കിലേറ്റാനാണ് കോടതി ഉത്തരവ്.എന്നാല്‍ ദയാഹര്‍ജി നല്‍കുകയും രാഷ്ട്രപതി അവ തള്ളുകയും ചെയ്താല്‍ 14 ദിവസത്തിന് ശേഷം മാത്രമേ വധശിക്ഷ നടപ്പാക്കാന്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ. അങ്ങനെയെങ്കില്‍ 22ന് വധശിക്ഷ നടപ്പാക്കാനായേക്കില്ല.