തമിഴ്നാട്:കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച 15,750 ലിറ്റര്‍ സ്പിരിറ്റ് തമിഴ്നാട്ടില്‍ വെച്ച് പിടികൂടി. ഐബിയും എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്.തമിഴ്‌നാട് തിരുപ്പൂര്‍, ചിന്നകാനുര്‍ ഭാഗത്തു രഹസ്യ ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പിടികൂടിയ സ്പിരിറ്റിന് 50 ലക്ഷം രൂപ വിലവരുമെന്ന് എക്‌സൈസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല.
അടിമാലി ടൗണിന് സമീപം ദേശീയ പാതയിൽ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ തേടി മകനെത്തി
കട്ടപ്പന:അടിമാലി ടൗണിന് സമീപം ദേശീയ പാതയിൽ പൂട്ടിയിട്ട കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മ ലൈലാമണിയെ തേടി മകനെത്തി. അടിമാലി പൊലീസ് സ്റ്റേഷനിലാണ് ലൈലാ മണിയുടെ മകനായ മഞ്ജിത്ത് എത്തിയത്.വാര്‍ത്തകള്‍ കണ്ടാണ് മകന്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞ ദിവസമാണ് രോഗിയായ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവര്‍ കാറില്‍ കഴിയുകയായിരുന്നു. ഓട്ടോ ഡ്രൈവർമാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.വയനാട് സ്വദേശിനിയായ ലൈലാ മണി(55)യെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.പരിശോധനയില്‍ വീട്ടമ്മയുടെ ഒരു വശം തളര്‍ന്നു പോയിരിക്കുകയാണെന്ന് വ്യക്തമായി.കാറിന്റെ താക്കോലും, വസ്ത്രങ്ങളും, ബാങ്ക് ഇടപാട് രേഖകളും കാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വയനാട് സ്വദേശിയായ മാത്യുവാണ് ഇവരുടെ ഭര്‍ത്താവെന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു. താനും ഭര്‍ത്താവുമായി ഇരട്ടയാറിലുള്ള മകന്റെ വീട്ടിലേക്ക് പോവുകയായിരുന്നെന്നും, യാത്രയ്ക്കിടയില്‍ കാറില്‍ നിന്ന് ഇറങ്ങി പോയ ഭര്‍ത്താവ് പിന്നെ തിരിച്ച് വന്നില്ലെന്നുമാണ് വീട്ടമ്മ പറയുന്നത്.വാഹനത്തില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറിൽ പൊലീസ് വിളിച്ചെങ്കിലും പൊലീസാണ് വിളിക്കുന്നതെന്ന് പറഞ്ഞതോടെ ഫോണ്‍ കട്ടാക്കുകയായിരുന്നു. മാത്യുവിന്റെ നമ്പറാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. മനഃപൂര്‍വം ഇയാള്‍ വീട്ടമ്മയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അമ്മയെ പൊലീസ് മകനൊപ്പം വിട്ടയച്ചു. ഭര്‍ത്താവിനായുള്ള തിരച്ചില്‍ തുടരുകയാണ്.
കേരളത്തിൽ വിൽപ്പനയ്‌ക്കെത്തിച്ച ഗുണനിലവാരമില്ലാത്ത 2484 ലിറ്റര്‍ പാല്‍ പിടികൂടി
പാലക്കാട്:കേരളത്തിലേക്ക് വില്‍പ്പനക്കെത്തിച്ച ഗുണനിലവാരമില്ലാത്ത 2484 ലിറ്റര്‍ പാല്‍ പാലക്കാട് പിടികൂടി.ക്ഷീര വികസന വകുപ്പിന്റെ മീനാക്ഷിപുരം ചെക്പോസ്റ്റില്‍ വെച്ചാണ് പാല്‍ പിടികൂടിയത്. പരിശോധനയില്‍ ഗുണനിലവാരമില്ലാത്ത പാലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിന് കൈമാറി.
നിര്‍ഭയ കേസ്;മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി തള്ളി
ന്യൂഡൽഹി:നിർഭയ കേസ് പ്രതി മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി തള്ളി.ഡൽഹി സർക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദയാഹർജി തള്ളണമെന്ന് ശുപാർശ ചെയ്തിരുന്നു. രാഷ്ട്രപതിക്ക് ദയാഹർജി നൽകിയതിനാൽ വധശിക്ഷ നടപ്പിലാക്കുന്നത് വൈകിക്കണമെന്ന് കാട്ടി ഇന്നലെ മുകേഷ് വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജയിൽ അധികൃതരോട് ഇന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.ദയാഹർജി തള്ളിയ പശ്ചാത്തലത്തിൽ പുതിയ മരണ വാറന്റ് വിചാരണ കോടതി പുറപ്പെടുവിക്കും. സ്വാഭാവികമായും 14 ദിവസത്തെ സാവകാശത്തിന് ശേഷമേ ശിക്ഷ നടപ്പിലാക്കാനാവൂ. മുകേഷ് സിംഗിന്റെ ദയാഹർജി തള്ളിയെങ്കിലും അക്ഷയ് കുമാർ, പവൻ ഗുപ്ത, വിനയ് ശർമ എന്നിവർക്ക് കൂടി ദയാഹർജി നൽകാനുള്ള അവസരം നിലനിൽക്കുന്നുണ്ട്. അതിനാൽ നിർഭയ കേസിലെ വധശിക്ഷ ഇനിയും നീളാൻ ഇടയുണ്ട്.
‘നിയമപരമായ കാര്യങ്ങള്‍ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്’;പൗരത്വ ഭേദഗതി ബിൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെതിരെ ഗവര്‍ണര്‍
തിരുവനന്തപുരം:പൗരത്വ നിയമഭേദഗതി ബിൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെതിരെ വീണ്ടും ഗവര്‍ണര്‍.ഭരണഘടന തലവനായ തന്നെ അറിയിക്കാതെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് ശരിയായില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.വിഷയത്തിൽ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ആഴ്ചകളായി തുടരുന്ന അഭിപ്രായവ്യത്യാസത്തില്‍ ഇനിയും സമവായമായിട്ടില്ല. ഇപ്പോഴും ഒരു വിട്ടുവീഴ്ചയ്ക്കും ഗവര്‍ണര്‍ തയ്യാറാകുന്നില്ല. ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവന്‍ ഗവര്‍ണര്‍ തന്നെയാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ചു. അതുകൊണ്ടു തന്നെ നയപരവും നിയമപരവുമായ കാര്യങ്ങള്‍ ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ വിശീകരിക്കുന്നത്.ഏതെങ്കിലും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനും സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്യാനുമുള്ള അധികാരമുണ്ട്. താന്‍ ഒരിക്കലും ആ അധികാരത്തെ ചോദ്യം ചെയ്തിട്ടില്ല എന്നും ഗവര്‍ണര്‍ പറഞ്ഞു. പക്ഷെ ഭരണഘടനാ തലവനെന്ന നിലയില്‍ അറിയിക്കേണ്ട ബാധ്യതയും സംസ്ഥാന സര്‍ക്കാരിന് ഉണ്ട്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ഗവര്‍ണര്‍ അറിയേണ്ടത് മാധ്യമങ്ങളിലൂടെ അല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു.തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിലടക്കം വലിയ അഭിപ്രായ ഭിന്നതയാണ് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ളത്.പൗരത്വ നിയമത്തിനെതിരെ 14നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുന്നത്. നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ തര്‍ക്കത്തിലിടപെടാന്‍ സുപ്രീംകോടതിക്ക് അനുമതി നല്‍കുന്ന ഭരണഘടന അനുഛേദം 131 പ്രകാരമാണ് ഹരജി ഫയൽ ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സി.എ.എക്കെതിരെ കോടതിയെ സമീപിക്കുന്നത്.
കളിയിക്കാവിള കൊലപാതകം;മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി
തിരുവനന്തപുരം:കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതികൾക്കെതിരെ യുഎപിഎ ചുമത്തി.മുഖ്യപ്രതികളായ അബ്ദുള്‍ ഷെമീം, തൗഫിക്ക് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. തീവ്രവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ് യുഎപിഎ ചുമത്തുന്നത്.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനവും അക്രമവും നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ തമിഴ്നാട് പോലീസിലെ ക്യു ബ്രാഞ്ച്സംഘത്തോട് പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു.റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലും തമിഴ്നാട്ടിലും കര്‍ണാടകത്തിലും സ്ഫോടനങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതി തയാറാക്കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഘത്തിലെ മൂന്ന് പേര്‍ ചാവേര്‍ ആകാന്‍ പ്രത്യേക പരിശീലനം നേടിയിരുന്നുവെന്നാണ് ചോദ്യംചെയ്യല്‍ വേളയില്‍ വ്യക്തമായി.കഴിഞ്ഞ ദിവസം കര്‍ണാടകത്തിലെ ഉഡുപ്പിയില്‍നിന്നു തമിഴ്നാട് ക്യു ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്നലെ മുതല്‍ കര്‍ണാടക പോലീസും തമിഴ്നാട് പോലീസും ചോദ്യം ചെയ്തുവരികയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കര്‍ണാടക പോലീസ് പ്രതികളെ തമിഴ്നാട് പോലീസിന് കൈമാറി. ഇന്ന് തമിഴ്നാട് പോലീസ് സംഘം പ്രതികളെ തമിഴ്നാട്ടിലെ കോടതിയില്‍ ഹാജരാക്കും. തമിഴ്നാട്ടിലെ നിരോധിത തീവ്രവാദി സംഘടനയായ അല്‍ ഉമ്മയുടെ പുതിയ പതിപ്പായ ഇന്ത്യന്‍ നാഷണല്‍ ലീഗ് (തമിഴ്നാട്) എന്ന സംഘടനയിലെ അംഗങ്ങ ളാണ് തൗഫിക്കും സംഘവുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന സിനഡ് നിലപാടിനെ വിമർശിച്ച് എറണാകുളം അങ്കമാലി അതിരൂപ മുഖപത്രം
കൊച്ചി: കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യമിട്ട് ആസൂത്രിത ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന സിനഡ് സര്‍ക്കുലറിനെതിരെ എറണാകുളം -അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. ലൗ ജിഹാദ് സര്‍ക്കുലര്‍ അനവസരത്തില്‍ ഉള്ളതാണെന്നും ഭേദഗതിയെ പിന്തുണച്ച് പിഒസി ഡയറക്ടറുടെ ലേഖനം ഒരു മാധ്യമത്തില്‍ വന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും മുഖപത്രത്തില്‍ പറയുന്നു.ഫാദര്‍ കുര്യാക്കോസ് മുണ്ടാളിന്റെ ലേഖനത്തിലാണ് ലൗജിഹാദിനെപ്പറ്റി പരാമര്‍ശിക്കുന്നത്.ഒരു മതത്തെ ചെറുതാക്കുന്നതാണ് സിനഡ് സര്‍ക്കുലര്‍. പൗരത്വ നിയമത്തില്‍ രാജ്യം നിന്ന് കത്തുമ്പോൾ എരിതീയില്‍ എണ്ണ ഒഴിക്കുന്ന നിലപാടാണ് സിനഡ് സ്വീകരിച്ചത്. ലൗ ജിഹാദിന് തെളിവില്ലെന്ന് സര്‍ക്കാരും ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. പൗരത്വ നിയമ ഭേദഗതിയില്‍ സഭയുടെ നിലപാട് എന്താണ് വ്യക്തമാക്കിയിട്ടില്ല. കെസിബിസി കേന്ദ്ര സര്‍ക്കാരിനെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും മുഖപത്രത്തില്‍ പറയുന്നു.കഴിഞ്ഞ ദിവസം അവസാനിച്ച സിനഡാണ് കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നുവെന്നാണ് സിറോ മലബാര്‍ സഭ സിനഡ് കഴിഞ്ഞ ദിവസം വിലയിരുത്തിയത്. പ്രണയം നടിച്ച് പീഡിപ്പിച്ചശേഷം അതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്ന കേസുകള്‍ വര്‍ധിക്കുകയാണ്. കേരളത്തില്‍ നിന്ന് ഐസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയും മതംമാറിയ ക്രൈസ്തവരാണ്. ഇതുസംബന്ധിച്ച പരാതികളിലൊന്നും പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ലെന്ന് സഭ കുറ്റപ്പെടുത്തി.
കളിയിക്കാവിള കൊലക്കേസ്:മുഖ്യപ്രതികളുടെ മൊഴി പുറത്ത്
തിരുവനന്തപുരം:കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളുടെ മൊഴി പുറത്ത്.കൊലപാതകം ഭരണകൂട സംവിധാനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമെന്നും തീവ്രവാദ സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും സംഘടനയുടെ ആശയമാണ് നടപ്പിലാക്കിയതെന്നും പ്രതികള്‍ മൊഴി നല്‍കിയെന്നാണ് സൂചന. പ്രതികളെ തമിഴ്‌നാട് പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ തക്കല പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണ്. ഉഡുപ്പിയില്‍ പിടിയിലായ അബ്ദുല്‍ ഷമീമിനെയും തൗഫീഖിനെയും വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് പുലര്‍ച്ച കളിയിക്കാവിളയില്‍ എത്തിച്ചത്. പൊങ്കല്‍ അവധിയായതിനാല്‍ പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങില്ല. കുഴിതുറ ജുഡീഷ്യല്‍ മജിസ്‌ട്രേററ്റിന് മുമ്ബാകെ ഹാജരാക്കിയ ശേഷം ഇരുവരെയും പാളയംകൊട്ട ജയിലിലേക്ക് മാറ്റിയേക്കും. ഇവരെ തിങ്കളാഴ്ചയോടെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം.ഐഎസില്‍ ചേര്‍ന്ന മെഹബൂബ് പാഷയാണ് ഇവര്‍ ഉള്‍പ്പെട്ട 17 അംഗ സംഘത്തിന്റെ തലവന്‍ എന്ന് കര്‍ണാടക പൊലീസ് പറയുന്നത്. നിരോധിത സംഘടനയായ സിമിയുമായും മഹബൂബ് പാഷ ബന്ധപ്പെട്ടിരുന്നതായും എഫ്‌ഐആറിലുണ്ട്.അതേസമയം കേരളത്തില്‍ പ്രതികള്‍ക്ക് സഹായങ്ങള്‍ നല്‍കിയ സയ്ദ് അലി അടക്കമുള്ള പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടിക്കാനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 18 പേരെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. കേസിലെ മുഖ്യപ്രതികളായ തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നിവരുമായി ഇവര്‍ക്ക് ബന്ധമുണ്ട്.
കോഴിക്കോട് ചാലിയം, മുക്കം എന്നിവിടങ്ങളില്‍ നിന്നായി മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ സംഭവം;ഒരാൾ പിടിയിൽ;കൊല്ലപ്പെട്ടത് ഒരു സ്ത്രീയും പുരുഷനും
കോഴിക്കോട്: ചാലിയം, മുക്കം എന്നിവിടങ്ങളില്‍ നിന്നായി മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ.സംഭവത്തില്‍ കൊല്ലപ്പെട്ടത് ഇസ്മായില്‍ എന്ന വ്യക്തി ആണെന്നും ഇയാളെ കൊന്നത് ബ്രിജു എന്നയാളാണെന്നുമാണ് പോലീസ് കണ്ടെത്തിയത്.രണ്ടുവര്‍ഷം മുൻപാണ് കോഴിക്കോടിന്റെ വിവിധഭാഗങ്ങളില്‍നിന്നായി വ്യത്യസ്ത ദിവസങ്ങളില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. 2017 ജൂണ്‍ 28-ന് കൈതവളപ്പ് കടല്‍ത്തീരത്ത് ഒരു കൈയും ദിവസങ്ങള്‍ക്ക് ശേഷം ചാലിയം തീരത്ത് രണ്ടാമത്തെ കൈയും കിട്ടിയിരുന്നു. ജൂലായ് ആറിന് അഗസ്ത്യമുഴി ഭാഗത്ത് ഉടല്‍ഭാഗവും കണ്ടെത്തി. ഓഗസ്റ്റ് 13-നാണ് ചാലിയം തീരത്ത് തലയോട്ടി കണ്ടെടുത്തത്. ഇതിനുപിന്നാലെയാണ് പോലീസ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. തലയോട്ടി കിട്ടിയതോടെ പോലീസ് രേഖാചിത്രം തയ്യാറാക്കി. തുടര്‍ന്ന് നേരത്തെ മോഷണക്കേസുകളിലടക്കം പ്രതിയായിരുന്ന വണ്ടൂര്‍ സ്വദേശി ഇസ്മായിലാണെന്ന സംശയമുണര്‍ന്നു. മൃതദേഹത്തിലെ ഫിംഗര്‍പ്രിന്റും നേരത്തെ ശേഖരിച്ചിരുന്ന ഇസ്മായിലിന്റെ ഫിംഗര്‍പ്രിന്റും ഒത്തുനോക്കി ഇക്കാര്യം ഉറപ്പുവരുത്തി. നാലുഭാര്യമാരാണ് ഇസ്മായിലിനുണ്ടായിരുന്നു. ഇതില്‍ മൂന്നാമത്തെ ഭാര്യയെ കൊണ്ടോട്ടിയില്‍നിന്ന് കണ്ടെത്തി. ഇസ്മായിലിനെ കാണാതായെന്ന് ആരും പരാതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇസ്മായിലിന്റെ മാതാവിനെ കണ്ടെത്തി അവരുടെ രക്തം ശേഖരിച്ച് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു. ഇതിലൂടെ കൊല്ലപ്പെട്ടത് ഇസ്മായില്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചു.
എന്നാല്‍ അപ്പോഴും ഇസ്മായില്‍ എങ്ങനെ കൊല്ലപ്പെട്ടെന്ന കാര്യം കണ്ടെത്താനായിരുന്നില്ല. ഇതിനിടെ ഇസ്മായില്‍ പണം നല്‍കാമെന്ന് ഏറ്റിരുന്ന ഒരാളെ പോലീസ് കണ്ടെത്തി. ഒരു ക്വട്ടേഷന്‍ കൊലപാതകത്തിന്റെ പണം കിട്ടാനുണ്ടെന്നും അത് കിട്ടിയാല്‍ പണം നല്‍കാമെന്നുമായിരുന്നു ഇസ്മായില്‍ ഇയാളോട് പറഞ്ഞിരുന്നത്. മുക്കം ഭാഗത്തുള്ള ഒരു കുഞ്ഞച്ചന്‍ എന്നയാളില്‍നിന്ന് പണം കിട്ടാനുണ്ടെന്നും പറഞ്ഞിരുന്നു. കുഞ്ഞച്ചന്റെ ബന്ധത്തിലുള്ള ഒരു സ്ത്രീയെയാണ് കൊലപ്പെടുത്തിയതെന്നും വിവരം ലഭിച്ചു.തുടര്‍ന്ന് മുക്കം ഭാഗത്തെ അസ്വഭാവിക മരണങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു.ഇതിൽ 70 വയസ്സുണ്ടായിരുന്ന ഒരു സ്ത്രീയുടെ തൂങ്ങിമരണം പോലീസിൽ സംശയമുണര്‍ത്തി. ഈ സ്ത്രീ താമസിച്ചിരുന്ന ഭാഗത്ത് പോലീസ് സംഘം അന്വേഷണം നടത്തിയപ്പോള്‍ അയല്‍ക്കാരും ഇതേ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സ്ത്രീയുടെ മരണശേഷം വീട്ടുകാര്‍ വീടും സ്ഥലവും വിറ്റ് മറ്റൊരിടത്തേക്ക് പോയിരുന്നു. ഈ വീട്ടിലെ താമസക്കാരന്‍ സ്ത്രീയുടെ മകൻ ബ്രിജു എന്നയാളാണെന്ന് തെളിഞ്ഞതോടെ ഇയാളെ കണ്ടെത്താനായി പോലീസ് സംഘത്തിന്റെ ശ്രമം.ബിര്‍ജുവിന്റെ ഭാര്യ ഒരു നഴ്‌സാണെന്നും രണ്ട് പെണ്‍മക്കളുണ്ടെന്നും കണ്ടെത്തിയെങ്കിലും ഇവരുടെ താമസസ്ഥലം എവിടെയാണെന്നറിയാന്‍ ഏറെ സമയമെടുത്തു.തമിഴ്‌നാട് നീലഗിരി ഭാഗത്ത് ബ്രിജുവുണ്ടെന്ന വിവരം ലഭിച്ചതോടെ പോലീസ് അങ്ങോട്ടുതിരിച്ചു. ഒറ്റപ്പെട്ടസ്ഥലത്ത് ഒരു തോട്ടത്തിന് നടുവിലായിരുന്നു ഇയാളുടെ താമസം. എന്നാല്‍ പിടികൂടാനുള്ള ശ്രമത്തിനിടെ ബ്രിജു കടന്നുകളഞ്ഞു. പിന്നീട് മുക്കത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.ബിര്‍ജുവിന്റെ പിതാവ് മുക്കത്തെ ഭൂവുടമയായിരുന്നു. ഇദ്ദേഹത്തിന്റെ മരണശേഷം ബ്രിജുവിനും സഹോദരനും സ്വത്തുക്കള്‍ നല്‍കിയെങ്കിലും ബിര്‍ജു അതെല്ലാം ധൂര്‍ത്തടിച്ചു. ഇതിനിടെ മാതാവില്‍നിന്ന് ബ്രിജു പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് മാതാവിനെ കൊലപ്പെടുത്താന്‍ ഇസ്മായിലിനെ ഏര്‍പ്പാടാക്കുന്നത്. ബ്രിജുവിന്റെ മാതാവില്‍നിന്ന് ഇസ്മായില്‍ പണം പലിശയ്ക്ക് വാങ്ങി ആദ്യം ബന്ധം സ്ഥാപിച്ചിരുന്നു. ഒരുദിവസം കൊലപാതകം നടത്താന്‍ ആസൂത്രണം ചെയ്‌തെങ്കിലും നടപ്പായില്ല. ഇതിനായി ബ്രിജു ഭാര്യയെയും കൊണ്ട് കോയമ്പത്തൂരിലേക്ക് പോയി സൗകര്യം ഒരുക്കിനല്‍കിയെങ്കിലും തിരികെവന്നപ്പോഴാണ് കൃത്യം നടക്കാതിരുന്നത് മനസിലായത്. അന്നേദിവസം തന്നെ ബ്രിജുവും ഇസ്മായിലും ചേര്‍ന്ന് മാതാവിനെ ഉറങ്ങുന്നതിനിടെ ശ്വാസംമുട്ടിച്ചു കൊന്നു. സംഭവം ആത്മഹത്യയാണെന്ന് പോലീസിനോട് പറയുകയും ചെയ്തു.
ഇതിനുശേഷം പണം നല്‍കാതെ ബ്രിജു ഇസ്മായിലിനെ കബളിപ്പിച്ചു. പണം നല്‍കാത്തതിനാല്‍ കൊലപാതക വിവരം ഇസ്മായില്‍ വെളിപ്പെടുത്തുമോ എന്ന ഭയം ബ്രിജുവിനുണ്ടായിരുന്നു. ഒരുദിവസം പണം ആവശ്യപ്പെട്ട് എത്തിയ ഇസ്മായിലിന് ബ്രിജു മദ്യം നല്‍കി സത്കരിച്ചു. തുടര്‍ന്ന് ഇസ്മായില്‍ ഉറങ്ങുന്നതിനിടെ കയര്‍ ഉപയോഗിച്ച് വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പിറ്റേദിവസം ബ്ലേഡ് ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി മുറിച്ചു. വിവിധ ദിവസങ്ങളിലായി ഇതെല്ലാം ചാക്കുകളിലാക്കി ഉപേക്ഷിച്ചു. ഇതിനുശേഷം വീടും സ്ഥലവും വിറ്റ് തമിഴ്‌നാട്ടിലേക്ക് ചേക്കേറുകയായിരുന്നു.ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ. തച്ചങ്കരിയാണ് വാര്‍ത്താസമ്മേളനത്തില്‍ അന്വേഷണവിവരങ്ങള്‍ വിശദീകരിച്ചത്.കേസ് തെളിയിച്ച അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ആശങ്കയുയർത്തി ചൈനയിൽ കൊറോണ വൈറസ് പടരുന്നു;ലോകമെങ്ങും പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്;പ്രധാന വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കാൻ നിര്‍ദേശം
ന്യൂഡൽഹി:ചൈനയിലെ വുഹാന്‍ നഗരത്തില്‍ പടര്‍ന്നു പിടിച്ച ന്യൂമോണിയയ്ക്കു കാരണം പുതിയ ഇനം കൊറോണ വൈറസ് ആണെന്ന് കണ്ടെത്തൽ.ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.വൈറസ് ലോകമെമ്പാടും കത്തിപ്പടരാൻ സാധ്യതയുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടർന്ന് പ്രധാന വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിക്കഴിഞ്ഞു.ഇതിന്റെ ആദ്യപടി എന്നോണം ഹോങ്കോങ്, ചൈന എന്നിവിടങ്ങളില്‍ നിന്നും അയല്‍രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ നിരീക്ഷിക്കാനാണ് ആലോചന. ഇതിനു മുന്നോടിയായി അധികൃതര്‍ ലോകാരോഗ്യ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.വുഹാനിലെ മത്സ്യമാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ക്കാണ് ആദ്യം വൈറസ് ബാധയുണ്ടായത്.പിന്നീട് രോഗബാധിതരായവര്‍ ആ മാര്‍ക്കറ്റിലെ സന്ദര്‍ശകരായിരുന്നുവെന്നാണു കണ്ടെത്തല്‍. അവിടെ വില്‍പനയ്‌ക്കെത്തിച്ച മൃഗങ്ങളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നു കരുതുന്നു.പനിയും ശ്വാസതടസവുമാണു പ്രധാന രോഗലക്ഷണങ്ങള്‍.മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു പടരുന്ന വൈറസ് നിലവില്‍ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു പകരുന്നതായി കണ്ടെത്തിയിട്ടില്ല.മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ പുതിയ വൈറസിനെതിരെ ലോകമെങ്ങുമുള്ള ആശുപത്രികള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നു ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചതായി എമേര്‍ജിങ് ഡിസീസ് വിഭാഗത്തിന്റെ ചുമതലയുള്ള മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.