ബംഗളുരു: ഹിജാബ് വിവാദത്തെ തുടർന്ന് അടച്ചിട്ട കർണാടകയിലെ കോളേജുകൾ ഈ മാസം 16ാം തിയതി വരെ തുറക്കില്ലെന്ന് സംസ്ഥാന സർക്കാർ. കോളേജുകൾക്ക് പുറമെ 11, 12 ക്ലാസുകളും ബുധനാഴ്ച വരെ ഉണ്ടാകില്ല. ഓൺലൈൻ ക്ലാസുകൾ തുടരാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തീരുമാനം. ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ തീര്‍പ്പാകാത്ത സാഹചര്യത്തിലാണ് സർക്കാർ നടപടി.ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍വകലാശാലകളും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊളീജിയറ്റ് ആന്‍ഡ് ടെക്നിക്കല്‍ എജ്യുക്കേഷന്‍ (ഡി.സി.ടി.ഇ) കീഴിലുള്ള കോളജുകളും അടച്ചിടും.അതേസമയം ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ അധ്യയനം തിങ്കളാഴ്ച മുതൽ പുന:രാരംഭിക്കും.ഹിജാബ് വിഷയത്തിൽ ഹൈക്കോടതിയുടെ വിശാല ബെഞ്ചിൽ തിങ്കളാഴ്ചയും വാദം തുടരുന്നത് പരിഗണിച്ചാണ് കോളേജുകൾ തുറക്കുന്നത് 16ാം തിയതി വരെ സർക്കാർ നീട്ടിയത്. ഹിജാബ് വിലക്കിനെ ചോദ്യം ചെയ്തുള്ള ഹർജികളിൽ അന്തിമവിധി പുറപ്പെടുവിക്കും വരെ വിദ്യാലയങ്ങളിൽ മതപരമായ വേഷം പാടില്ലെന്ന് കർണാടക ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. യൂണിഫോം നിർബന്ധമാക്കിയ വിദ്യാലയങ്ങൾക്കാണ് ഇത് ബാധകമാകുന്നത്.
സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ;ഉത്സവങ്ങളിൽ 1500 പേർക്ക് പങ്കെടുക്കാം
തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഉത്സവങ്ങളുടെ നടത്തിപ്പിനാണ് പ്രധാനമായും ഇളവ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് കൊറോണ വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ നൽകിയത്.ഇനി മുതൽ 1500 പേർക്ക് ഉത്സവങ്ങളിൽ പങ്കെടുക്കാം. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി ഉത്സവം എന്നിവയ്ക്കും മതപരമായ മറ്റ് ചടങ്ങുകൾക്കും കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഉത്സവങ്ങളിൽ പൊതുസ്ഥലത്തിന്റെ വിസ്തീർണ്ണം അനുസരിച്ച് 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയ്ക്കാകും ആളുകളുടെ എണ്ണം നിശ്ചയിക്കുക. ആറ്റുകാൽ പൊങ്കാലയ്ക്ക് റോഡിൽ പൊങ്കാലയിടാൻ അനുമതിയില്ല.ഉത്സവങ്ങളിൽ പങ്കെടുക്കുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, മൂന്ന് മാസങ്ങൾക്ക് മുൻപ് കൊറോണ വന്ന് പോയതിന്റെ രേഖകളോ ഹാജരാക്കണം. രോഗലക്ഷണങ്ങൾ ഇല്ലാത്ത 18 വയസ്സിന് താഴെയുള്ളവർക്കും ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും പങ്കെടുക്കാം. പങ്കെടുക്കുന്നവർ മാസ്ക് നിർബന്ധമായും ധരിക്കണം. ഉത്സവ പന്തലുകളിൽ ആഹാര സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വിലക്കുണ്ട്.തിങ്കളാഴ്ച മുതൽ അങ്കണവാടികൾക്ക് തുറന്ന് പ്രവർത്തിക്കാനും അനുമതിയുണ്ട്. അങ്കണവാടികൾ തുടർച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തുറക്കാൻ അനുമതി നൽകിയത്. ക്രഷുകള്‍, കിന്‍ഡര്‍ ഗാര്ഡന് എന്നിവയും തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും.
സംസ്ഥാനത്ത് ഇന്ന് 16,012 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;27 മരണം;43,087 പേർ രോഗമുക്തി നേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 16,012 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂർ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785, മലപ്പുറം 750, പാലക്കാട് 686, കണ്ണൂർ 633, വയനാട് 557, കാസർഗോഡ് 256 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,089 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 27 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 214 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 251 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 61,626 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 57 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,685 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1140 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 130 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 43,087 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 5213, കൊല്ലം 6701, പത്തനംതിട്ട 2533, ആലപ്പുഴ 2959, കോട്ടയം 4135, ഇടുക്കി 1560, എറണാകുളം 6251, തൃശൂർ 3132, പാലക്കാട് 1923, മലപ്പുറം 2207, കോഴിക്കോട് 2447, വയനാട് 1479, കണ്ണൂർ 1814, കാസർഗോഡ് 733 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,05,410 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
തൃശൂർ പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റി;തൃശ്ശൂർ- എറണാകുളം റൂട്ടിൽ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു
തൃശ്ശൂർ : പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റി. എൻജിനും നാല് ബോഗികളുമാണ് അപകടത്തിൽപ്പെട്ടത്. ഇതേ തുടർന്ന് തൃശ്ശൂർ- എറണാകുളം റൂട്ടിൽ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. നാല് തീവണ്ടികൾ റദ്ദാക്കി. ഉച്ചയോടെയായിരുന്നു സംഭവം. പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു തീവണ്ടി പാളം തെറ്റിയത്. തൃശ്ശൂരിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു തീവണ്ടി.തീവണ്ടി പാളം തെറ്റാനുണ്ടായ കാരണം വ്യക്തമല്ല. സംഭവം അറിഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥരും മറ്റ് അധികൃതരും സ്ഥലത്ത് എത്തിയിട്ടുണ്ട്. തീവണ്ടി റെയിൽ പാളത്തിൽ നിന്നും നീക്കി ഗതാഗതം പുന:സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.എറണാകുളം-ഗുരുവായൂർ പാസഞ്ചർ,എറണാകുളം-ഷൊർണൂർ പാസഞ്ചർ, നിലമ്പൂർ-കോട്ടയം പാസഞ്ചർ,വേണാട് എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ തീവണ്ടികൾ.ചുരുങ്ങിയത് പത്ത് മണിക്കൂർ സമയം പാളം തെറ്റിയ ബോഗികൾ മാറ്റാൻ വേണ്ടിവരുമെന്നാണ് നിഗമനം. തുടർന്ന് മാത്രമേ ഇരുവരി ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളൂ. ട്രെയിൻ ഗതാഗതം താറുമാറായതോടെ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ധര്‍മ്മടം തുരുത്തിനടുത്ത് കടലില്‍ നിന്നും കപ്പല്‍ പൊളിക്കല്‍;ടണ്‍ കണക്കിന് രാസമാലിന്യങ്ങള്‍ കടലിലേക്കൊഴുക്കുന്നതായി പരാതി
കണ്ണൂര്‍: പരിസ്ഥിതി പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിനെ മറികടന്ന് ധര്‍മ്മടം തുരുത്തിനടുത്ത് കടലില്‍ നിന്നും കപ്പല്‍ പൊളിക്കല്‍ തുടങ്ങി.കടലിലേക്ക് ടണ്‍ കണക്കിന് രാസമാലിന്യങ്ങള്‍ ഒഴുക്കിയാണ് ഇപ്പോള്‍ കപ്പല്‍ പൊളി നടക്കുന്നതെന്ന് കപ്പല്‍ പൊളി വിരുദ്ധ സമര സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ക്രെയിന്‍ ഉപയോഗിച്ച് കപ്പലിനെ കരയ്ക്കടിപ്പിച്ച് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്നാണ് കടലിൽ നിന്നും കപ്പൽ പൊളിക്കാൻ ആരംഭിച്ചത്. കരയില്‍ നിന്ന് കപ്പല്‍ പൂണ്ടുനില്‍ക്കുന്ന സ്ഥലത്തേക്ക് താല്‍ക്കാലികമായി റോപ് വേ നിര്‍മ്മിച്ചാണ് പൊളിക്കല്‍ പ്രവൃത്തി നടക്കുന്നത്. കരാര്‍ ജോലിക്കാരാണ് പൊളിക്കുന്നത്. കപ്പലിന്റെ ഭാഗങ്ങള്‍ പൊളിച്ച് കരയ്ക്കെത്തിച്ചു തുടങ്ങി. കടലില്‍ നിന്നു തന്നെ പൊളിച്ചു നീക്കുന്ന അവശിഷ്ടങ്ങള്‍ ലോറികളില്‍ കപ്പല്‍ പൊളിശാലയായ അഴീക്കല്‍ സില്‍ക്കിലേക്ക് അതത് സമയം തന്നെ കൊണ്ടുപോകുന്നുണ്ട്. 2019 ഓഗസ്റ്റ് എട്ടിനായിരുന്നു അഴീക്കല്‍ സില്‍ക്കില്‍ പൊളിക്കാന്‍ കൊണ്ടുവന്ന മാലി ദ്വീപില്‍ നിന്നുള്ള ചരക്കു കപ്പല്‍ കനത്ത മഴയില്‍ ബന്ധിച്ച കയറു പൊട്ടി കടലിലൂടെ ഒഴുകി ധര്‍മടത്തെത്തിയത്. പൊളിച്ചാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു.തുടര്‍ന്ന് പൊളിക്കല്‍ പ്രവൃത്തി നീളുകയായിരുന്നു.മണല്‍ത്തിട്ടയില്‍ ഇടിച്ചു നിന്ന കപ്പല്‍ അഴീക്കലിലേക്ക് കൊണ്ടുപോകാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു കടലില്‍ വച്ചുതന്നെ പൊളിക്കാന്‍ തീരുമാനിച്ചത്. ഏകദേശം എണ്പതു ശതമാനം ഭാഗങ്ങള്‍ ഇപ്പോള്‍ പൊളിച്ചു നീക്കിയിട്ടുണ്ട്.ധര്‍മ്മടം തുരുത്തില് കപ്പല്‍ കുടുങ്ങിക്കിടക്കുന്നത് മത്സ്യ തൊഴിലാളികള്‍ ഏറെ തടസം സൃഷ്ടിച്ചിരുന്നു. കടലില്‍ നങ്കുരമിട്ടു കിടക്കുന്ന കപ്പലില്‍ മത്സ്യബന്ധനബോട്ടുകൾ വന്നിടിച്ചു തകരുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.
പാലക്കാട് വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ്സിനും ലോറിക്കും ഇടയിൽപ്പെട്ട് യുവാക്കൾ കൊല്ലപ്പെട്ട സംഭവം; കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ
പാലക്കാട്: വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ്സിനും ലോറിക്കും ഇടയിൽപ്പെട്ട് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ.വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ തൃശൂർ പട്ടിക്കാട് സ്വദേശി സിഎൽ ഔസേപ്പിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇയാളെ ജോലിയിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.അപകടത്തിന്റെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിൽ വന്നതിനെ തുടർന്ന് കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഡ്രൈവർ വലത്തോട്ട് ബസ് വെട്ടിച്ചത് കൊണ്ടാണ് അപകടമുണ്ടായത് എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. അന്വേഷണത്തിൽ ഡ്രൈവറുടെ വീഴ്ചയാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്.ഈ മാസം ഏഴിനായിരുന്നു പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസിനും ലോറിക്കും ഇടയിൽപ്പെട്ട് രണ്ട് യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഡ്രൈവറുടെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.അപകടത്തിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രചരിക്കുകയും കെഎസ്ആർടിസി ഡ്രൈവർക്കെതിരെ രൂക്ഷവിമർശനം ഉയരുകയും ചെയ്തിരുന്നു. ബസിന്റെ പിറകിൽ സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്ബോർഡിൽ ഘടിപ്പിച്ച ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞിരുന്നത്. ഈ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവർക്കെതിരെ നടപടിയെടുത്തത്.
രാത്രി ഭക്ഷണം വാങ്ങി ഹോസ്റ്റലിലേക്കു മടങ്ങുകയായിരുന്ന യുവതികളെ കാര്‍ ഇടിച്ചുവീഴ്ത്തി; ഒരാള്‍ മരിച്ചു
മരട്: രാത്രി ഭക്ഷണം വാങ്ങി ഹോസ്റ്റലിലേക്കു മടങ്ങുകയായിരുന്ന രണ്ട് യുവതികളെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തി.ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തൈക്കൂടം പവര്‍ഹൗസിന് സമീപമായി ബുധനാഴ്ച രാത്രിയാണ് സംഭവം.കാഞ്ഞിരപ്പിള്ളി പാറത്തോട് പൊടിമറ്റം അംബേദ്കര്‍ കോളനി മറ്റത്തില്‍ ബാബുവിന്റെ മകള്‍ സാന്ദ്രയാണ് (23) മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പാലക്കാട് കെന്നംച്ചേരി ആയക്കാട് ചുങ്കത്തോടില്‍ എം. അജിത്ര (24)ന് കൈകാലുകള്‍ക്ക് ഒടിവും തലയ്ക്കു പരിക്കുമുണ്ട്. വൈറ്റിലയിലെ പിസാഹട്ട് ജീവനക്കാരിയാണ് സാന്ദ്ര. തൈക്കൂടം മെജോ മോട്ടോഴ്സിലെ ജീവനക്കാരിയാണ് അജിത്ര. സമീപത്തെ ഹോസ്റ്റലില്‍ ഒരുമിച്ച് താമസിക്കുകയായിരുന്ന ഇവർ രാത്രി ഏഴരയോടെ ഹോസ്റ്റലില്‍ എത്തിയ ശേഷം രാത്രി ഭക്ഷണം വാങ്ങാന്‍ ഇറങ്ങിയതായിരുന്നു. ഭക്ഷണം വാങ്ങിയശേഷം റോഡ് മുറിച്ചു കടക്കവേ കുണ്ടന്നൂര്‍ ഭാഗത്തു നിന്ന് അമിത വേഗത്തില്‍ വന്ന ഇന്നോവ കാർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ് ഏറെനേരം വഴിയില്‍ കിടന്ന ശേഷമാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. രാത്രി പത്തോടെ സാന്ദ്ര മരിച്ചു.
ആരോഗ്യനില തൃപ്തികരം;ബാബു ഇന്ന് ആശുപത്രി വിട്ടേക്കും
പാലക്കാട്: പാലക്കാട് മലമ്പുഴയിലെ കൂർമ്പാച്ചി മലയിൽ കുടുങ്ങിയതിനെ തുടർന്ന് സൈന്യം രക്ഷപെടുത്തിയ ബാബുവിന്റെ ആരോഗ്യനില തൃപ്തികരം.ബാബു ഇന്ന് ആശുപത്രി വിട്ടേക്കും.ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ ബാബുവിന്റെ മാനസിക സംഘർഷം കുറയ്ക്കുന്നതിനായുള്ള കൗൺസിലിങ് തുടരുകയാണ്.രണ്ട് ദിവസം ഭക്ഷണവും വെള്ളവും ലഭിക്കാതെ തുടർന്നതിനാൽ ആരോഗ്യം പൂർണ്ണമായി വീണ്ടെടുത്തെന്ന് ഉറപ്പുവരുത്തിയ ശേഷമാകും ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനം. തന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും ഏറെ ആശ്വാസമുണ്ടെന്നും ബാബു ഇന്നലെ മെഡിക്കൽ സംഘത്തിനോട് പറഞ്ഞിരുന്നു. ശരീരത്തിലെ മുറിവുകൾ ഉണങ്ങി തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.രണ്ട് ദിവസത്തോളം മലയിടുക്കിൽ ഒറ്റയ്ക്ക് കഴിഞ്ഞ ബാബുവിനെ സൈന്യത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെയാണ് രക്ഷപ്പെടുത്തിയത്. പിന്നീട് ഹൈലികോപ്ടറിൽ എയർലിഫ്റ്റ് ചെയ്ത് ബാബുവിനെ കഞ്ചിക്കോട് എത്തിച്ചു. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാൻസിലർ നിയമനത്തിനെതിരായ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാൻസിലർ നിയമനത്തിനെതിരായ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.വൈസ് ചാന്‍സലര്‍ ആയി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ചത് നേരത്തെ സിംഗിള്‍ ബഞ്ച് ശരിവച്ചിരുന്നു.ഈ സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീല്‍ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുക.അപ്പീലില്‍ ഗവര്‍ണ്ണര്‍ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. നേരത്തെ ഗവര്‍ണ്ണറടക്കമുള്ള എതിര് കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി നിയമിച്ചത് സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ചാണെന്നു ചൂണ്ടിക്കാട്ടി സെനറ്റ് അംഗം പ്രേമചന്ദ്രന് കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷന് ബഞ്ചിനെ സമീപിച്ചിട്ടുള്ളത്. വി.സി. പുനര്‍ നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയുള്‍പ്പെടെ ആവശ്യമില്ലെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ കണ്ടെത്തല്‍.
സംസ്ഥാനത്ത് ഇന്ന് 18,420 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടിപിആർ 22 ശതമാനത്തിന് മുകളിൽ;43,286 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് 18,420 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം 1749, കൊല്ലം 1656, തൃശൂർ 1532, കോഴിക്കോട് 1477, മലപ്പുറം 1234, ഇടുക്കി 1091, ആലപ്പുഴ 1025, പത്തനംതിട്ട 972, കണ്ണൂർ 950, പാലക്കാട് 858, വയനാട് 638, കാസർകോട് 227 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 82,575 സാമ്പിളുകളാണ് പരിശോധിച്ചത്.22.30 ശതമാനമാണ് ടിപിആർ.കഴിഞ്ഞ 24 മണിക്കൂറിനിടെ 20 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 168 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 153 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 61,134 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 107 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,048 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1114 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 151 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 43,286 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 3778, കൊല്ലം 2919, പത്തനംതിട്ട 1098, ആലപ്പുഴ 2969, കോട്ടയം 3837, ഇടുക്കി 1458, എറണാകുളം 9691, തൃശൂർ 5283, പാലക്കാട് 2539, മലപ്പുറം 3068, കോഴിക്കോട് 2827, വയനാട് 1579, കണ്ണൂർ 1670, കാസർകോട് 670 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 2,32,980 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.