ആലപ്പുഴ: പിക്ക് അപ്പ് വാനിന്റെ ടയർ മാറ്റുന്നതിനിടെ ലോറി പാഞ്ഞുകയറി ഡ്രൈവർക്കും സഹായിക്കാനെത്തിയ നാട്ടുകാരനും ദാരുണാന്ത്യം. ആലപ്പുഴ പൊന്നാംവെളിയിൽ ദേശീയപാതയിലാണ് അപകടമുണ്ടായത്.ഞായറാഴ്ച പുലർച്ചെ ടയർ പഞ്ചറായതിനെ തുടർന്ന് ദേശീയപാതയിലെ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു പിക്ക്അപ്പ് വാൻ.വാനിന്റെ ഡ്രൈവർ ടയർ മാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കെ നാട്ടുകാരനായ ഒരാളും സഹായിക്കാനെത്തി. ഇരുവരുടെയും ദേഹത്തേക്കാണ് ലോറി പാഞ്ഞുകയറിയത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു.വാസുദേവൻ എന്ന നാട്ടുകാരനാണ് സഹായിക്കാനെത്തിയതിന് പിന്നാലെ അപകടത്തിൽപ്പെട്ടത്. ദേശീയപാതയിലൂടെ പോകുന്ന വഴി വാനിന്റെ ഡ്രൈവർ ടയർ മാറ്റാൻ ശ്രമിക്കുന്നത് കണ്ട് വാസുദേവൻ സൈക്കിളിൽ നിന്നിറങ്ങി സഹായിക്കുകയായിരുന്നു. എറണാകുളം ചൊവ്വര സ്വദേശിയായ ബിജുവാണ് കൊല്ലപ്പെട്ട ഡ്രൈവർ.ടയർ മാറ്റുന്നതിനിടെ എതിർദിശയിൽ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ലോറി ഡ്രൈവറെ ചോദ്യം ചെയ്ത് വരികയാണ്. പുലർച്ചെ ഇരുട്ടായിരുന്നതിനാൽ ഇരുവരും ടയർ മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ലോറി ഡ്രൈവർ മൊഴി നൽകിയതെന്ന് പോലീസ് അറിയിച്ചു.
സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ സ്കൂളുകൾ തുറക്കും; ക്ലാസ് ഉച്ചവരെ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ സ്കൂളുകൾ തുറക്കും.മുൻ മാർഗരേഖ പ്രകാരമാവും സ്‌കൂൾ തുറക്കുകയെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ 14-ാം തീയതി മുതലാണ് തുടങ്ങുക. ഉച്ചവരെയാകും ക്ലാസുകൾ നടക്കുക. വൈകുന്നേരം വരെ നീട്ടുന്നത് കൂടുതൽ ആലോചനകൾക്ക് ശേഷം മാത്രമാവും. ഇതിനായി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നാളെയും അധ്യാപക സംഘടനകളുമായി ചൊവ്വാഴ്ചയും യോഗം ചേരും.തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമാകും മുഴുവൻ കുട്ടികളെയും സ്‌കൂളിൽ എത്തിക്കുകയെന്നും ഓൺലൈൻ ക്ലാസുകൾ ശക്തിപ്പെടുത്താനും കൂടുതൽ പേരിലേക്ക് എത്തിക്കാനുമാണ് ആലോചനയെന്നും മന്ത്രി ശിവൻകുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 15,184 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;23 മരണം;38,819 പേർക്ക് രോഗമുക്തി
തിരുവനന്തരപുരം: സംസ്ഥാനത്ത് ഇന്ന് 15,184 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂർ 1061, ആലപ്പുഴ 1006, മലപ്പുറം 838, പത്തനംതിട്ട 739, ഇടുക്കി 620, പാലക്കാട് 606, കണ്ണൂർ 597, വയനാട് 427, കാസർഗോഡ് 205 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,965 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 23 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 122 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 282 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 62,053 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 70 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,838 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.1152 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 124 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 38,819 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 7104, കൊല്ലം 2146, പത്തനംതിട്ട 1981, ആലപ്പുഴ 2672, കോട്ടയം 3342, ഇടുക്കി 1884, എറണാകുളം 6015, തൃശൂർ 3699, പാലക്കാട് 1762, മലപ്പുറം 2489, കോഴിക്കോട് 2368, വയനാട് 1160, കണ്ണൂർ 1807, കാസർഗോഡ് 390 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ; ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇടിയോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം:തലസ്ഥാനത്ത് ശക്തമായ. ഇന്ന് ഉച്ചയോടെയാണ് ജില്ലയിൽ അപ്രതീക്ഷിത മഴ ആരംഭിച്ചത്. ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ ഇടിയോടു കൂടിയാണ് മഴ പെയ്യുന്നത്. നഗരപ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്.തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ 45 മിനിറ്റില്‍ 39 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി.ഇന്ന് മദ്ധ്യ-തെക്കൻ മേഖലകളിൽ മഴയ്‌ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ രാത്രി വരെ ഇടവിട്ട് മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയത്. നിലമ്പൂർ, പാലക്കാട് തൃശ്ശൂർ മേഖലകളിലും മഴ ലഭിച്ചേക്കും.ഇടുക്കി വരെയുള്ള ജില്ലകളിൽ ഇടിയോട് കൂടിയ മഴ പെയ്യും.2 കിലോമീറ്റര്‍ വരെ ഉയരത്തില്‍ കിഴക്കന്‍ കാറ്റ് കേരളത്തിന് നേരെ ശക്തിപ്രാപിക്കുകയും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും ഈര്‍പ്പം കൂടുതല്‍ കലര്‍ന്ന മേഘം കേരളത്തിന് മേലെ എത്തിച്ചേര്‍ന്നതുമാണ് ഇപ്പോഴത്തെ ഈ അപ്രതീക്ഷിത മഴയ്‌ക്ക് കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. കിഴക്കൻ കാറ്റ് സജീവമായതിന്റെ പശ്ചാത്തലത്തിലാണ് ബംഗാൾ ഉൾകടലിൽ നിന്ന് കൂടുതൽ ഈർപ്പം കലർന്ന മേഘങ്ങൾ കേരളത്തിലേക്ക് സഞ്ചരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇരിട്ടി അയ്യങ്കുന്നിൽ ക്രഷര്‍ അപകടം; കരിങ്കല്‍ പാളി വീണ് തൊഴിലാളി മരിച്ചു
കണ്ണൂർ: ഇരിട്ടി അയ്യങ്കുന്നിൽ ക്രഷര്‍ അപകടം.പാറ പൊട്ടിക്കുന്നതിനിടെ കരിങ്കല്‍ പാളി വീണ് തൊഴിലാളി മരിച്ചു. ഇരിട്ടി അയ്യന്‍ കുന്ന് പഞ്ചായത്തിലെ വാണിയപാറത്തട്ട് ബ്‌ളാക്ക് റോക്ക് ക്രഷറിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്.ക്രഷര്‍ തൊഴിലാളിയായ രണ്ടാം കടവ് സ്വദേശി കിഴക്കേക്കര രതീഷാ (37) ണ് മരിച്ചത്.കല്ല് രതീഷിന്റെ ദേഹത്തേക്ക് അതിശക്തമായി പതിക്കുകയായിരുന്നു. പരുക്കേറ്റ അതിഥി തൊഴിലാളിയായ മിന്‍ഡു ഗോയലിനെ (32) ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
കെ- റെയിൽ സിൽവർ ലൈൻ കല്ലിടൽ;കണ്ണൂരിൽ പ്രതിഷേധം തുടരുന്നു
കണ്ണൂർ: കെ- റെയിൽ സിൽവർ ലൈൻ കല്ലിടലിനെതിരെ ജില്ലയിൽ പ്രതിഷേധം തുടരുന്നു.വെള്ളിയാഴ്ച കണ്ണൂർ കോർപറേഷൻ പരിധിയിൽ തളാപ്പ്, പഴയ ബസ്സ്റ്റാൻഡ് പരിസരം,പ്രസ് ക്ലബ് പരിസരം എന്നിവിടങ്ങളിൽ കല്ലിട്ടു. ടെമ്പിൾ വാർഡിൽ തളാപ്പ് വയൽ ഭാഗത്ത് സ്വകാര്യ ഭൂമിയിൽ ന്നറിയിപ്പില്ലാതെയാണ് കല്ലിട്ടത്. കല്ല് സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ഉയർത്തിയ കോർപറേഷൻ ടെമ്പിൾ വാർഡ് കൗൺസിലറും ആരോഗ്യ സ്ഥിരം സമിതി ചെയർമാനുമായ എം.പി. രാജേഷ്, എം. ജയരാജൻ എന്നിവരെ ടൗൺ പൊലീസ് അറസ്റ്റു ചെയ്തു.ഇവരെ ടൗൺ സ്റ്റേഷനിൽ എത്തിച്ചശേഷം കല്ലിടൽ പ്രവൃത്തി തുടർന്നു.മുൻകരുതൽ എന്ന നിലയിലാണ് ഇവരെ അറസ്റ്റുചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.ഉച്ചയ്ക്ക് 2.30ഓടെ ഇരുവരെയും വിട്ടയച്ചു. ഇരുവരെയും അറസ്റ്റുചെയ്ത് ടൗൺ സ്റ്റേഷനിലേക്ക് കൊണ്ടുവന്നതോടെ പ്രതിഷേധവുമായി നാട്ടുകാരും പൊലീസ് സ്റ്റേഷൻ പരിസരത്തെത്തിയിരുന്നു. വിവരമറിഞ്ഞ് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ എന്നിവരും സ്റ്റേഷനിലെത്തി പോലീസുമായി സംസാരിച്ചു.അതേസമയം ദിവസം കഴിയുംതോറും കെ-റെയിലിനെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാവുകയാണ്.കഴിഞ്ഞ ചൊവ്വാഴ്ച ചിറക്കൽ വില്ലേജിൽ കല്ലിടാനുള്ള നീക്കം സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.സമിതി ജില്ല നേതാക്കളെ ഇതിന്റെ ഭാഗമായി അറസ്റ്റുചെയ്തു.ഏതാനും ദിവസം മുമ്പ് മാടായിപ്പാറയിൽ കല്ലുകൾ പിഴുതെടുത്ത് കൂട്ടിയിട്ടശേഷം റീത്തുവെച്ച സംഭവവും ഉണ്ടായിരുന്നു.
കണ്ണൂരില്‍ നിന്ന് വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍ ടി സി നടത്തുന്ന ഉല്ലാസയാത്ര പദ്ധതിക്ക് തുടക്കമായി
കണ്ണൂർ: കണ്ണൂരില്‍ നിന്ന് വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍ ടി സി നടത്തുന്ന ഉല്ലാസയാത്ര പദ്ധതിക്ക് തുടക്കമായി.രാവിലെ ആറ് മണിക്ക് 49 യാത്രക്കാരുമായി ബസ് പുറപ്പെട്ടു.ബാണാസുരസാഗര്‍ അണക്കെട്ട്, തേയില മ്യൂസിയം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ് എന്നിവയാണ് സന്ദര്‍ശിക്കുക. ഭക്ഷണവും പ്രവേശനഫീസും ഉള്‍പ്പെടെ 1000 രൂപയാണ് ഈടാക്കുന്നത്. രാത്രി 10.30-ഓടെ സംഘം തിരിച്ച് കണ്ണൂരിലെത്തും.
മലപ്പുറത്ത് ലഹരി നിര്‍മാണ ഫാക്ടറി; ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു;മുഖ്യ പ്രതി മുഹമ്മദിന് വേണ്ടി തെരച്ചിൽ ശക്തം
മലപ്പുറം: കുറ്റിപ്പുറം എടച്ചലം കുന്നുംപുറത്ത് ലഹരി നിർമ്മാണ ഫാക്ടറി കണ്ടെത്തി.യൂണിറ്റിൽ നിന്ന് ലഹരി വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. പട്ടാമ്പി കുന്നത്ത് കുഴിയിൽ മുഹമ്മദ് എന്നയാൾക്ക് വാടകയ്‌ക്ക് കൊടുത്തതാണ് കെട്ടിടം. ശ്രീകുമാർ, ഷറഫുദ്ദീൻ എന്നിവരാണ് കെട്ടിട ഉടമകൾ.ലഹരിവസ്തുക്കൾ പൊടിച്ച് പാക്ക് ചെയ്യുന്ന ഫാക്ടറിയാണ് പോലീസ് കണ്ടെത്തിയത്. നിരോധിത പുകയിലെ ഉത്പ്പന്നങ്ങൾ നിർമ്മിച്ചാണ് ഇവിടെ പാക്ക് ചെയ്യുന്നത്. ഇത് നിരവധി ജില്ലകളിലേക്കും എത്തിക്കാറുണ്ട്. പുകയില ലോഡ് വന്നപ്പോഴാണ് നാട്ടുകാർ തടഞ്ഞത്. ഇതോടെ ഫാക്ടറി ഉടമകൾ കടന്നു കളഞ്ഞു. തുടർന്ന് നാട്ടുകാർ ചേർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.പുകയില പൊടിക്കാനും പാക്ക് ചെയ്യാനും ഫാക്ടറിയിൽ സംവിധാനം ഉണ്ടായിരുന്നു. വിവിധ ഭാഷാ തൊഴിലാളികൾക്കിടയിൽ ലഹരിവസ്തുക്കൾ പാക്ക് ചെയ്ത് എത്തിക്കുന്നതും ഇവരാണെന്ന് പോലീസ് കണ്ടെത്തി. പ്രതികളുടെ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അവർക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചു.
യാത്രക്കാരന്‍ ബസില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ 23.9 ലക്ഷം നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്
വയനാട്: ബസില്‍ കുഴഞ്ഞുവീണ് ബോധരഹിതനായ യാത്രക്കാരനെ തക്കസമയത്ത് ആശുപത്രിയിലെത്തിക്കാതെ മരണം സംഭവിച്ച കേസില്‍ 23.9 ലക്ഷം രൂപയും പലിശയും നഷ്‌ടപരിഹാരം നല്‍കാന്‍ വിധി.കല്‍പറ്റ മോട്ടര്‍ ആക്‌സിഡന്റ് ക്ളെയിംസ് ട്രിബ്യൂണലാണ് വിധി പ്രഖ്യാപിച്ചത്.ബത്തേരി തൊടുവട്ടി ടികെ ലക്ഷ്‌മണന്റെ മരണത്തിലാണ് നഷ്‌ടപരിഹാരം നല്‍കാന്‍ വിധിച്ചിരിക്കുന്നത്.2018 മാർച്ച് 31നായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു ലക്ഷ്മണൻ. മഹാരാജാസ് ഗ്രൗണ്ട് സ്റ്റോപ്പിൽ നിന്നും പാലാരിവട്ടത്തേക്ക് പോകാനാണ് ഇദ്ദേഹം ബസിൽ കയറിയത്. ഷേണായീസ് ജംഗ്ഷൻ എത്തിയപ്പോൾ ഇദ്ദേഹം കുഴഞ്ഞു വീണു. ബസ് നിർത്താൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ വിസമ്മതിക്കുകയായിരുന്നു. യാത്രയ്‌ക്കിടെ ആറ് ആശുപത്രികൾ കടന്നു പോയിട്ടും ബസ് നിർത്താൻ ഇവർ തയ്യാറായില്ല.ഒടുവിൽ ഒരു യാത്രക്കാരൻ ബഹളം വച്ചതിനെ തുടർന്ന് ഇടപ്പള്ളി ജംഗ്ഷനിൽ ബസ് നിർത്തി. ലക്ഷ്മണിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തുടർന്നാണ് ലക്ഷ്മണിന്റെ ബന്ധുക്കൾ കോടതിയെ സമീപിച്ചത്.
വൈദ്യുതി വാഹനങ്ങൾക്കായി വയനാട് ജില്ലയിൽ ഒരുങ്ങുന്നത് 15 ഇ-ചാര്‍ജിങ് പോയിന്റുകൾ
മാനന്തവാടി:വൈദ്യുതി വാഹനങ്ങൾനിരത്ത് കീഴടക്കാനെത്തുമ്പോൾ അവയ്ക്കായി വയനാട് ജില്ലയിൽ ഇ-ചാര്‍ജിങ് പോയിന്റുകൾ ഒരുക്കി കെഎസ്ഇബി.ചാര്‍ജിങ് സ്റ്റേഷനുകളില്ലെന്ന ഉടമകളുടെ ആശങ്കക്ക് പരിഹാരമായി 15 ചാർജിങ് പോയന്റുകളാണ് ജില്ലയില്‍ വരുന്നത്.വൈദ്യുതിത്തൂണുകളിൽ സ്ഥാപിക്കുന്ന പ്ലഗ് പോയന്റുകളില്‍ നിന്ന് ചാര്‍ജ് ചെയ്യുന്ന സംവിധാനമായ പോള്‍ മൗണ്ടഡ് ചാര്‍ജിങ് പോയന്റുകളാണ് കെ.എസ്.ഇ.ബി ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി, കൽപറ്റ, മാനന്തവാടി നിയോജക മണ്ഡലങ്ങളിലായി അഞ്ചുവീതം സ്ഥലങ്ങളില്‍ ചാർജ് ചെയ്യാനുള്ള കേന്ദ്രങ്ങള്‍ ഉണ്ടാകും.മാനന്തവാടിയിൽ നന്തവാടി ടൗണ്‍, പനമരം, തലപ്പുഴ, നാലാം മൈല്‍, വെള്ളമുണ്ട എന്നിവിടങ്ങളിലാണ് ചാർജിങ് പോയന്റുകൾ സ്ഥാപിക്കുക.ബത്തേരിയില്‍ ബത്തേരി ടൗണ്‍, പുൽപള്ളി, മീനങ്ങാടി, കേണിച്ചിറ, അമ്പലവയല്‍ എന്നിവിടങ്ങളിലും കല്‍പറ്റയില്‍ കല്‍പറ്റ ടൗണ്‍, എസ്.കെ.എം.ജെ സ്‌കൂള്‍, മേപ്പാടി, മുട്ടില്‍, കമ്പളക്കാട് എന്നിവിടങ്ങളിലും ചാര്‍ജിങ് പോയന്റുകൾ ഉണ്ടാകും.കേന്ദ്രങ്ങളില്‍ പണം അടച്ച് ചാര്‍ജ് ചെയ്യുന്ന സംവിധാനത്തോടൊപ്പം ഓണ്‍ലൈനായും പണമടക്കാം.ചാര്‍ജിങ് പോയന്റുകള്‍ക്ക് പുറമേ ചാര്‍ജിങ് സ്റ്റേഷനുകളും തുടങ്ങാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ഇ.ബി.നിലവില്‍ വൈത്തിരിയില്‍ സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയായി. രണ്ടു മാസത്തിനുള്ളില്‍ കമീഷന്‍ ചെയ്യും.പടിഞ്ഞാറത്തറ ബാണാസുര ഡാം പരിസരത്തും സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.