കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിന്റെ രഹസ്യവിചാരണവേളയില്‍ കോടതി പരിസരത്ത് വെച്ച് അക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങളും കോടതിനടപടികളും മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമം.ഇത് ചെയ്തത് കേസിലെ അഞ്ചാം പ്രതിയുടെ സുഹൃത്തുക്കളാണെന്ന് പൊലീസ് കണ്ടെത്തി.സംഭവത്തെ തുടർന്ന് കേസിലെ അഞ്ചാം പ്രതിയായ സലീമിനേയും കൂട്ടുകാരേയും പൊലീസ് അറസ്റ്റു ചെയ്തു.ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത പരിഗണിച്ച് അടച്ചിട്ട മുറിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്. കോടതി മുറിയില്‍ മൊബൈല്‍ അടക്കമുള്ള സാധനങ്ങള്‍ക്ക് കോടതി വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോടതി നടപടികളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ എടുക്കുന്നതിനും വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതി സലീമും സുഹൃത്തായ ആഷിക്കും കോടതി ഉത്തരവ് ലംഘിച്ചതായി പൊലീസ് കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായ ആഷിക് വിചാരണവേളയില്‍ സലീമിനൊപ്പം കോടതിയിലെത്തിയതാണ്. ആക്രമിക്കപ്പെട്ട നടിയുടെ കാര്‍, മുഖ്യപ്രതി പള്‍സര്‍ സുനി കോടതിയില്‍ ഇരിക്കുന്ന ചിത്രങ്ങള്‍, കോടതി കെട്ടിടങ്ങള്‍, നടി ആക്രമിക്കപ്പെട്ട എസ് യു വി കാറിന് മുന്നില്‍ സലിം നില്‍ക്കുന്ന ചിത്രം തുടങ്ങിയവ ഇരുവരുടെയും മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ചതായി പൊലീസ് അറിയിച്ചു. വൈകീട്ട് കോടതി നടപടികള്‍ അവസാനിച്ചിട്ടും ഇരുവരും കോടതി പരിസരത്ത് കറങ്ങിനടക്കുന്നത് കണ്ട് സംശയം തോന്നിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയായിരുന്നു പ്രതിയായ വടിവാള്‍ സലീം.കസ്റ്റഡിയില്‍ എടുത്ത സലീമിനെയും ആഷിക്കിനെയും ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.ചിത്രങ്ങള്‍ എടുത്തതിന് പിന്നിലെ ഉദ്ദേശം അറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ്.കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമുള്ള ആളാണ് സലിം.പള്‍സര്‍ സുനി നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സമയത്ത് വാഹനത്തില്‍ സലീമും ഉണ്ടായിരുന്നു.സുനിയുടെ അടുത്ത ആളായ സലിം മറ്റാരുടെയെങ്കിലും നിര്‍ദ്ദേശപ്രകാരമാണോ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നടിയുടെ കാറിന്റെ ചിത്രം അടക്കം പകര്‍ത്തിയത് മറ്റെന്തെങ്കിലും ലക്ഷ്യമിട്ടാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഇരുവരുടെയും ഫോണിലേക്ക് വന്ന കോളുകള്‍ അടക്കം പരിശോധിച്ചുവരികയാണ്.കോടതി ഉത്തരവ് ലംഘിച്ച ഇരുവരുടെയും അറസ്റ്റ് എറണാകുളം നോര്‍ത്ത് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി സലിം കോടതി ഉത്തരവ് ലംഘിച്ചതായും അതിനാല്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് സൂചന.
കൊറോണ വൈറസ്;ചൈനയിൽ മരണസംഖ്യ 425 ആയി;യുഎസ് സഹായം സ്വീകരിക്കാന്‍ തയ്യാറായി ചൈന
ബെയ്‌ജിങ്:കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 425 ആയി. തിങ്കളാഴ്ച മാത്രം 64പേരാണ് ചൈനയില്‍ മരണമടഞ്ഞിട്ടുള്ളതെന്നാണ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബെയില്‍ നിന്നാണ് ഇവ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.20,400 പേര്‍ക്കു രോഗബാധ സ്ഥിരീകരിച്ചു.24 രാജ്യങ്ങളിലേക്ക് വൈറസ് പടര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വൈറസ് പടരുന്നതു സംബന്ധിച്ച് ബെയ്ജിംഗ് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ കഠിന ശിക്ഷ നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ഷി ചിന്‍പിംഗ് മുന്നറിയിപ്പ് നല്‍കി.ചൈനയ്ക്ക് പുറത്ത് 150 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യുഎസ് സഹായം സ്വീകരിക്കാന്‍ ചൈന തയ്യാറായി.വാഷിംഗ്ടണ്‍ ലോകത്തെ ഭയപ്പെടുത്തുകയാണെന്ന് ആരോപിച്ച് ഒരു ദിവസം പിന്നിട്ടപ്പോഴാണ് ചൈനയുടെ നിലപാട് മാറ്റം.അമേരിക്ക ഭയപ്പെടുത്തല്‍ നടത്തിയത് മൂലമാണ് തങ്ങളുടെ വിപണി 8% തകര്‍ന്നതെന്നാണ് ചൈന നേരത്തെ പരാതിപ്പെട്ടത്. ചൈനയില്‍ നിന്നും യാത്ര ചെയ്യുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ട്രംപ് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയതാണ് ചൈനയെ ചൊടിപ്പിച്ചത്. എന്നാല്‍ വൈറസ് ബാധ പടര്‍ന്നതോടെ സഹായം സ്വീകരിക്കാന്‍ തയ്യാറാണെന്ന നിലപാടിലേക്ക് അവര്‍ മാറി. ‘സഹായം നല്‍കാന്‍ തയ്യാറാണെന്ന യുഎസിന്റെ നിലപാട് അനുസരിച്ച് അത് ഉടന്‍ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ’, വിദേശമന്ത്രാലയ വക്താവ് ഹവാ ചുന്‍യിംഗ് അറിയിച്ചു.
കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച മൂന്നുപേരും ചൈനയിൽ നിന്നും ഒരേ വിമാനത്തിൽ തിരിച്ചെത്തിയവർ
തിരുവനന്തപുരം:കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച മൂന്നുപേരും ചൈനയിൽ നിന്നും ഒരേ വിമാനത്തിൽ തിരിച്ചെത്തിയവരാണെന്ന് റിപ്പോർട്ട്.തൃശ്ശൂര്‍, ആലപ്പുഴ, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നുപേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചിരിക്കുന്നത്.മൂവരും വിമാനത്തില്‍ അടുത്തടുത്ത സീറ്റിലിരുന്ന് യാത്ര ചെയ്തവരാണ്.മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ക്കൊപ്പംവന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും ആരോഗ്യവകുപ്പ് കര്‍ശന നിരീക്ഷണത്തിലാക്കി. ആലപ്പുഴയിലെ വിദ്യാര്‍ഥിയില്‍നിന്നാണ് ഇവരുടെയെല്ലാം മേല്‍വിലാസം ആരോഗ്യവകുപ്പ് ശേഖരിച്ചത്. ആലപ്പുഴയിലെ വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. ആലപ്പുഴയിലെയും തൃശ്ശൂരിലെയും കൊറോണബാധിതരായ വിദ്യാര്‍ഥികള്‍ തമ്മില്‍ വീഡിയോ കോളിലൂടെ ആരോഗ്യവിവരം പങ്കുവെച്ചതായി രക്ഷിതാവ് പറഞ്ഞു.വുഹാനില്‍നിന്നെത്തിയ വിദ്യാര്‍ഥികള്‍ ഇടപഴകിയ ആളുകളെയെല്ലാം 28 ദിവസം നിരീക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശംനല്‍കിയിട്ടുണ്ട്. ഇതിന്റെഭാഗമായി മെഡിക്കല്‍ കോളേജിനുപുറമേ ജില്ലാ താലൂക്ക് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചു. ഭൂരിഭാഗംപേരെയും വീടുകളില്‍ത്തന്നെ ഒറ്റയ്ക്കാക്കിയാണ് നിരീക്ഷണം.രാജ്യത്ത് ആദ്യം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച തൃശ്ശൂരിലെ വിദ്യാര്‍ഥിനിയുടെ രണ്ടാം സ്രവപരിശോധനാ ഫലവും പോസിറ്റീവ്. മൂന്നുദിവസം മുൻപ് പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളിന്റെ ഫലത്തിലാണ് ഇക്കാര്യമുള്ളത്. തിങ്കളാഴ്ച വീണ്ടും സ്രവമെടുത്ത് ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഈ കുട്ടി ഇപ്പോഴുള്ളത്.
ഉംറ കഴിഞ്ഞ് റിയാദിലേക്ക് മടങ്ങിയ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് രണ്ട് മരണം
ജിദ്ദ:ഉംറ കഴിഞ്ഞ് റിയാദിലേക്ക് മടങ്ങിയ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് രണ്ട് മരണം.മാഹി സ്വദേശി ഷമീം മുസ്തഫ (40), ഷമീമിന്റെ സുഹൃത്ത് അമീനിന്റെ മകന്‍ അര്‍ഹാം (നാല്) എന്നിവരാണ് മരിച്ചത്. ഷമീമിന്റെ ഭാര്യ അഷ്മില, അമീനിന്റെ ഭാര്യ ഷാനിബ എന്നിവര്‍ക്ക് പരിക്കേറ്റു. ഷമീമിന്റെ മക്കളായ അയാന്‍, സാറ എന്നിവരും വാഹനത്തിലുണ്ടായിരുന്നു.ഇവർക്കും നിസാര പരിക്കുണ്ട്.റിയാദില്‍ ജോലി ചെയ്യുന്ന ഷമീം മുസ്തഫയും അമീനും കുടുംബവുമൊത്ത് മക്കയില്‍ ഉംറയ്ക്ക് പോയി മടങ്ങുകയായിരുന്നു. റിയാദ് – ജിദ്ദ ഹൈവേയില്‍ റിയാദില്‍ നിന്ന് 300 കിലോമീറ്ററകലെ ഹുമയാത്ത് പൊലീസ് പരിധിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനാണ് ഇവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടമുണ്ടായത്.അഷ്മില, ഷാനിബ എന്നിവരെ അല്‍ഖുവയ്യ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ റിയാദിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നു. പരിക്കേറ്റ അയാന്‍, സാറ എന്നീ കുട്ടികള്‍ അല്‍ഖസ്‌റ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ ഹുമയാത്തിന് സമീപം അല്‍ഖസ്‌റ ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്.
കാസർകോഡ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി
കാസർകോഡ്:കാസർകോഡ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി.കര്‍ണാടക നെലോഗി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ജനുവരി 31ന് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ കീഴൂര്‍ ചെമ്പിരിക്ക സ്വദേശി തസ്ലീം എന്ന മൂത്തസ്ലീമിനെ (38) ഞായറാഴ്ച വൈകിട്ടോടെയാണ് ഗുണ്ടാ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കര്‍ണാടകയില്‍ ജ്വല്ലറി കവര്‍ച്ചാ കേസില്‍ പ്രതിയായ അഫ്ഗാന്‍ സ്വദേശിയായ യുവാവിനൊപ്പം കഴിഞ്ഞ സെപ്തംബര്‍ 16 ന് തസ്ലീമിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയില്‍ മോചിതനായി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ നാട്ടിലേക്ക് വരുമ്പോഴാണ് തസ്ലീമിനെ മറ്റൊരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.തുടര്‍ന്ന് സുഹൃത്തുക്കളുടെ പരാതിയില്‍ കര്‍ണാടക പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇതിനിടയില്‍ മംഗളൂരിന് സമീപം ബണ്ട്വാളില്‍ തസ്ലീം ബന്ദിയാക്കപ്പെട്ടതായി വിവരം ലഭിച്ചു. തുടര്‍ന്ന് പൊലീസ് ഇവിടം വളഞ്ഞു. ഇതിനിടെ തസ്ലീമുമായി സംഘം വാഹനത്തില്‍ രക്ഷപ്പെട്ടു.പൊലീസ് പിടികൂടുമെന്ന ഘട്ടം വന്നപ്പോള്‍ സംഘം തസ്ലീമിനെ കാറിലിട്ട് കൊലപ്പെടുത്തി മൃതദേഹം ബണ്ട്വാളില്‍ തള്ളുകയായിരുന്നു. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം.സംഭവുമായി ബന്ധപ്പെട്ട് കൊലയാളി സംഘത്തിലെ നാല് പേരെ കര്‍ണ്ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒരാള്‍ മലയാളിയും 3 പേര്‍ കര്‍ണാടക ഉള്ളാള്‍ സ്വദേശിയുമാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഏതാനും കേസുകളില്‍ പ്രതിയായ തസ്ലീമിന് ഏറെ ശത്രുക്കളുണ്ടായിരുന്നു.ദുബൈയില്‍ റോയുടെയും ദുബൈ പൊലീസിന്റെയും ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചുവന്നിരുന്ന തസ്ലീമിനെ നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും ഡെല്‍ഹിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയിരുന്നു.എന്നാല്‍ പിന്നീട് യുവാവിനെ വിട്ടയക്കുകയായിരുന്നു. ഇതിനു ശേഷമാണ് കര്‍ണാടകയിലെ ഒരു ആര്‍ എസ് എസ് നേതാവിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്ന പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ കേസിലും യുവാവിനെ വിട്ടയച്ചിരുന്നു.ഇതിനു പിന്നാലെ അഫ്ഗാന്‍ സ്വദേശിയുള്‍പെട്ട ഒരു ജ്വല്ലറി കവര്‍ച്ചാ കേസില്‍ 2019 സെപ്തംബര്‍ 16നാണ് പൊലീസ് വീണ്ടും തസ്ലീമിനെ അറസ്റ്റു ചെയ്തു കൊണ്ടുപോയത്.ഈ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ് ജാമ്യം ലഭിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കാസര്‍കോട്ടേക്ക് മടങ്ങുന്നതിനിടെയാണ് ക്വട്ടേഷന്‍ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്.അതേസമയം തസ്ലീമിനെ കര്‍ണാടകയില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനു പിന്നില്‍ ഉപ്പളയിലെ ഗുണ്ടാ സംഘത്തിന്റെ കുടിപ്പകയാണോ എന്ന സംശയം ബലപ്പെട്ടു. നേരത്തെ കൊല്ലപ്പെട്ട ഗുണ്ടാനേതാവിന്റെ സംഘത്തിന് തോക്കുള്‍പെടെയുള്ള ആയുധങ്ങള്‍ നല്‍കിയത് തസ്ലീമാണെന്ന സംശയം എതിര്‍ സംഘത്തിനുണ്ടായിരുന്നു.ഇതായിരിക്കാം തസ്ലീമിനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്താനുണ്ടായ കാരണമെന്ന സംശയമാണ് പൊലീസ് ഉന്നയിക്കുന്നത്. ഇതുകേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കൊറോണ വൈറസ് ബാധ;ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപേരെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി അധികൃതര്‍
ഭോപ്പാൽ:കൊറോണ വൈറസ് ബാധ ഉണ്ടെന്ന സംശയത്തെ തുടർന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപേരെ കാണാതായി.മധ്യപ്രദേശിലാണ് സംഭവം.വുഹാനില്‍ നിന്ന് ഛതര്‍പൂരിലേക്ക് എത്തിയ 20കാരനെയും ചൈനയില്‍ നിന്ന് മൂന്നു ദിവസം മുൻപ് ജബല്‍പൂരിലെത്തിയ മറ്റൊരു യുവാവിനെയുമാണ് കാണാതായത്.ചുമയും ജലദോഷവും തൊണ്ടവേദനയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുമായാണ് വുഹാനിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയായ യുവാവ് ഛതര്‍പൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്.കൊറോണയാണെന്ന സംശയത്തെ തുടർന്ന് ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ വൈദ്യപരിശോധനയ്ക്കായി സാമ്പിളുകൾ എടുക്കാന്‍ ഞായറാഴ്ച രാവിലെ എത്തിയപ്പോഴാണ് ഇയാളെ വാര്‍ഡില്‍ നിന്നും കാണാതായത്. ചൈനയില്‍ നിന്ന് മൂന്നു ദിവസം മുൻപ് ജബല്‍പൂരിലെത്തിയ യുവാവിനൊപ്പം വിമാനത്തിൽ സഞ്ചരിച്ചിരുന്ന ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും നിരീക്ഷണവിധേയമാക്കിയത്. തുടര്‍ന്ന് ഇയാളും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നു. ഇരുവരെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
കോഴിക്കോട്:സംസ്ഥാനത്ത് നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു.ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി ബസ് ജീവനക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതിന്‍റെ അടിസ്ഥാനത്തിലും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി 21 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസുടമകള്‍ ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമാക്കിയിട്ടുണ്ട്.മിനിമം ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, സമഗ്രമായ ഗതാഗതനയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നില്‍ വച്ചാണ് ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. സ്വാശ്രയ കോളജ് വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാന്‍ കഴിയില്ല. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡം പുതുക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.
കേരളത്തിൽ വീണ്ടും കൊറോണ; മൂന്നാമത്തെയാൾക്കും വൈറസ് ബാധ സ്ഥിതീകരിച്ചു;കൂടുതൽ പേർക്ക് സാധ്യതയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത് ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്.ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയിലാണ് കാഞ്ഞങ്ങാട് സ്വദേശിക്ക് കൂടി കൊറോണ സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു.ചൈനയിലെ വുഹാനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.കാഞ്ഞങ്ങാട് ജില്ല ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്റ്റർമാർ അറിയിച്ചു.അതേസമയം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് കേസുകളും കേരളത്തിലാണ്.തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് നേരത്തേ രോഗബാധ സ്ഥിരീകരിച്ചത്.ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യവകുപ്പ് ഒരുക്കമാണെന്നും എല്ലാ സജ്ജീകരണങ്ങളും ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രതിരോധ നടപടികള്‍ ഊര്‍ജിതമായി നടക്കുന്നത്. രോഗം വ്യാപിക്കാതിരിക്കാന്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു വരികയാണെന്നും പ്രതിപക്ഷ നേതാവിന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.
ആശുപത്രിയിൽ രണ്ടാഴ്ച മുൻപ് ഉൽഘാടനം ചെയ്ത കുട്ടികളുടെ വാർഡിന്റെ റൂഫ് പൊളിഞ്ഞു വീണു;അപകടം ഒഴിവായത് തലനാരിഴയ്ക്ക്
വയനാട്:രണ്ടാഴ്ച മുൻപ് ഉദ്ഘാടനം ചെയ്ത ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിന്‍റെ റൂഫ് പൊളിഞ്ഞു വീണു. വയനാട് കല്‍പറ്റ ജനറല്‍ ആശുപത്രിയിലാണ് സംഭവം.ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.തലനാരിഴയ്ക്കാണ് അപകടം ഒഴിവായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
കൂടത്തായി കൊലപാതക പരമ്പര;മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ കേസായ മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.2016 പേജുകളുള്ള കുറ്റപത്രം തിങ്കളാഴ്ച രാവിലെയാണ് താമരശ്ശേരി മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ആകെ 178 സാക്ഷികളുമുണ്ട്.മറ്റു മൂന്നു കേസുകളിലെ പോലെ ജോളി തന്നെയാണ് മാത്യു മഞ്ചാടിയില്‍ കേസിലും ഒന്നാംപ്രതി.2014 ഫെബ്രുവരി 24-നാണ് ടോം തോമസിന്റെ ഭാര്യാ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ മരിച്ചത്.ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും മാത്യു ആവശ്യപ്പെട്ടിരുന്നു. ഇതാണ് മാത്യുവിനെ കൊലപ്പെടുത്താനുള്ള പ്രധാന കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൂടാതെ, റോയിയുടെ സ്വത്ത് ഇനി ജോളിക്ക് നല്‍കരുതെന്നും മാത്യു ആവശ്യപ്പെട്ടിരുന്നു. മാത്യുവിനെ ജോളി മദ്യത്തിലും കുടിവെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു.മാത്യുവിന്റെ വീട്ടില്‍ ആളില്ലാത്ത തക്കംനോക്കി ജോളി എത്തുകയും ആദ്യം മദ്യത്തില്‍ സയനൈഡ് കലര്‍ത്തി കുടിക്കാന്‍ നല്‍കിയ ശേഷം വീട്ടിലേക്ക് തിരിച്ച് പോവുകയും ചെയ്തു.ശേഷം, കുറച്ച് കഴിഞ്ഞ് വീണ്ടും മാത്യുവിന്റെ വീട്ടിലെത്തി അവശനായായി കിടന്ന മാത്യുവിന് വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നു.മാത്യു മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.