ഡ​ല്‍​ഹി നി​യ​മ​സ​ഭ തിരഞ്ഞെടുപ്പ്;വോ​ട്ടെടുപ്പ്​ തുടങ്ങി

keralanews polling started in delhi assembly election

ന്യൂഡൽഹി:രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഫെബ്രുവരി 11നാണു വോട്ടെണ്ണല്‍.മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മത്സരിക്കുന്ന ന്യൂഡല്‍ഹി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്,28 പേര്‍. തെരഞ്ഞെടുപ്പ് പ്രമാണിച്ച്‌ ശനിയാഴ്ച ഡല്‍ഹി മെട്രോ പുലര്‍ച്ച നാലു മുതല്‍ സര്‍വിസ് തുടങ്ങിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവര്‍ക്ക് ബൂത്തുകളില്‍ എത്തുന്നതിനടക്കമുള്ള സൗകര്യത്തിനാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. അതേസമയം, തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ജാമിഅ മില്ലിയ സര്‍വകലാശാല ക്യാമ്പസിന്റെ ഏഴാം നമ്പർ ഗേറ്റിനു മുമ്പിൽ  നടക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം താല്‍ക്കാലികമായി നാലാം നമ്പർ ഗേറ്റിലേക്ക് മാറ്റി. വാഹനതടസ്സങ്ങേളാ മറ്റു അസൗകര്യങ്ങളോ ഉണ്ടാവില്ലെന്നും തെരഞ്ഞെടുപ്പുമായി സഹകരിക്കുമെന്നും ജാമിഅ ഏകോപന സമിതി വ്യക്തമാക്കി. വോെട്ടടുപ്പ് പൂര്‍ത്തിയായാല്‍ ഏഴാം നമ്പർ ഗേറ്റിനു മുൻപിൽ തന്നെ സമരം പുനഃസ്ഥാപിക്കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. 2015ലെ തെരഞ്ഞെടുപ്പില്‍ 67 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി പിടിച്ചെടുത്തത്. ബി.ജെ.പിക്ക് മൂന്നു സീറ്റ് ലഭിച്ചു. കോണ്‍ഗ്രസിന് ആരെയും വിജയിപ്പിക്കാനായില്ല.വിവിധ സര്‍വേ ഫലങ്ങള്‍ എഎപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന വ്യക്തമായ സൂചനയാണു നല്‍കുന്നത്.

കൊറോണ വൈറസ് ബാധയെന്ന സംശയം; കാസര്‍കോട് ജില്ലയില്‍ ഒരാളെ കൂടെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

keralanews doubt of corona virus one more admitted in isolation ward in kasarkode

കാസര്‍കോട്: കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ ഒരാളെ കൂടെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.കൊറോണക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ജില്ലയില്‍ നിന്നും ഇതുവരെ 22 പേരുടെ സ്രവം ആണ് പരിശോധനക്കയച്ചത്. ഇതില്‍ പതിനെട്ട് പേരുടെ ഫലം നെഗറ്റീവാണ്. നേരത്തെ ചികിത്സയിലുള്ള ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്. ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ഇന്ന് റവന്യുമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരും. വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് രൂപീകരിച്ച 15 ടീം അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.

ചൈനയിലെ കുമിങ് വിമാനത്താവളത്തില്‍ കുടുങ്ങിയ 15 വിദ്യാര്‍ഥികളെ കൊച്ചിയില്‍ എത്തിച്ചു;14 ദിവസം നിരീക്ഷണം തുടരാന്‍ നിർദേശം

keralanews fifteen students trapped in cumming airport in china were brought to kochi

കൊച്ചി:ചൈനയിലെ കുമിങ് വിമാനത്താവളത്തില്‍ കുടുങ്ങിയ 15 വിദ്യാര്‍ഥികളെ കൊച്ചിയില്‍ എത്തിച്ചു. ബാങ്കോക്ക് വഴിയുള്ള വിമാനത്തിലാണ് ഇവര്‍  നെടുമ്പാശ്ശേരിയിൽ എത്തിയത്. മെഡിക്കല്‍ പരിശോധനകള്‍ക്കായി വിദ്യാര്‍ഥികളെയെല്ലാം വിമാനത്താവളത്തില്‍നിന്ന് നേരെ കളമശേരി മെഡിക്കല്‍ കോളേജിലേക്കാണ് എത്തിച്ചത്. ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം എല്ലാ വിദ്യാര്‍ഥികളെയും വീടുകളിലേക്ക് വിട്ടയക്കുകയും ചെയ്തു. അതേസമയം 14 ദിവസം വീടിനുള്ളില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ചൈനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം സഹായം അഭ്യര്‍ഥിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ സന്ദേശമിട്ടതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് ഇവര്‍ക്കുള്ള യാത്രാ സൗകര്യം ഏര്‍പ്പെടുത്തുകയും പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുകയും ചെയ്തത്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ഡാലി യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികളാണിവര്‍.ഇനിയും ചൈനയിലെ വുഹാനില്‍ 80 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടിയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഇവരെയും തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുകയാണ്.

ആഢംബര കാറുകള്‍ക്കും ബൈക്കുകള്‍ക്കും അധിക നികുതി;ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് ഇളവ്

keralanews extra tax for luxury cars and bikes and discount for electric auto

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന നികുതി വര്‍ധിപ്പിക്കാന്‍ ബജറ്റിൽ നിർദേശം. കാറുകളുടെ നികുതി രണ്ടു ശതമാനവും ബൈക്കുകളുടേത് ഒരു ശതമാനവുമാണ് വര്‍ധിപ്പിക്കുക.പതിനഞ്ചു ലക്ഷത്തിനു മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് രണ്ടു ശതമാനം അധിക നികുതി ഈടാക്കും.രണ്ടു ലക്ഷത്തിനു മുകളില്‍ വിലയുള്ള ബൈക്കുകള്‍ക്ക് ഒരു ശതമാനം അധിക നികുതി നല്‍കണം.ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ആദ്യ അഞ്ചു വര്‍ഷം നികുതി ഒഴിവാക്കും.ക്ലീന്‍ എനര്‍ജി പദ്ധതിയുടെ ഭാഗമായി ഇലക്‌ട്രിക് വാഹനങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് ലേലം ചെയ്തു നല്‍കുന്ന ഫാന്‍സി നമ്പറുകളുടെ എണ്ണം കൂട്ടുമെന്ന് ധനമന്ത്രി അറിയിച്ചു.ജിഎസ്ടി നടപ്പാക്കിയപ്പോള്‍ ചെക് പോസ്റ്റുകള്‍ അടച്ചതോടെ അധികം വന്ന ജീവനക്കാരെ തദ്ദേശ സ്ഥാപനങ്ങളിലേക്കു പുനര്‍ വിന്യസിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.വീടുകള്‍ക്ക് അടുത്തുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അവര്‍ക്കു നിയമനം നല്‍കും.കൊച്ചി മെട്രോ വിപുലീകരണത്തിനും ബജറ്റില്‍ നിര്‍ദേശമുണ്ട്. പേട്ട തൃപ്പൂണിത്തുറ, ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ഇന്‍ഫോപാര്‍ക്ക് എന്നി മെട്രോ വിപുലീകരണ പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും.കോവളത്തെ ബേക്കലുമായി ബന്ധിപ്പിച്ചു കൊണ്ടുളള ജലപാത ഈ വര്‍ഷം യാഥാര്‍ത്ഥ്യമാക്കും. ഇതിനായി 682 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി; കെട്ടിടനികുതിയും കുത്തനെ വര്‍ധിപ്പിച്ചു

keralanews fair value of land increased by 10 percentage and building tax also incresed

തിരുവനന്തപുരം:കെട്ടിട നികുതി കൂട്ടിയും ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചും സംസ്ഥാന ബജറ്റ്.ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിക്കുമെന്ന് ബജറ്റ് നിര്‍ദേശിക്കുന്നു. വന്‍കിട പ്രോജക്ടുകള്‍ നടപ്പിലാക്കുമ്ബോള്‍ ചുറ്റുപാടുള്ള ഭൂമിയില്‍ ഗണ്യമായ വിലവര്‍ധനയുണ്ടാകും. അതുകൊണ്ട് വന്‍കിട പ്രോജക്ടുകള്‍ക്ക് സമീപം നോട്ടിഫൈ ചെയ്യന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയേക്കാള്‍ മുപ്പതുശതമാനം വരെ വില പുതുക്കി നിശ്ചയിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.3000-5000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടങ്ങള്‍ക്ക് 5000 രൂപയായാണ് കെട്ടിട നികുതി വര്‍ധിപ്പിച്ചത്. 5000-7500 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടങ്ങളുടെ നികുതി 7500 രൂപയാണ്. 7500-10000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടങ്ങള്‍ക്ക് 10000 രൂപയുടെ കെട്ടിടനികുതിയായി ഈടാക്കും. 10000 അടിക്ക് മേലുളള കെട്ടിടങ്ങളുടെ കെട്ടിട നികുതി 12500 രൂപയായിരിക്കുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു. അഞ്ചുവര്‍ഷത്തേക്കോ കൂടുതലോ കാലത്തേയ്ക്ക് കെട്ടിടനികുതി ഒരുമിച്ചടച്ചാല്‍ ആദായനികുതി ഇളവ് അനുവദിക്കുമെന്നും ബജറ്റില്‍ പറയുന്നു. പോക്കുവരവിലും വര്‍ധന വരുത്തിയിട്ടുണ്ട്. ലോക്കേഷന്‍ മാപ്പിന് 200 രൂപയായി ഫീസ് വര്‍ധിപ്പിച്ചു. പോക്കുവരവിന് ഫീസ് സ്ലാബ് പുതുക്കി പ്രഖ്യാപിച്ചു. തണ്ടപ്പേര് പകര്‍പ്പെടുക്കുന്നതിന് 100 രൂപ ഫീസായി ഈടാക്കുമെന്നും ബജറ്റില്‍ പറയുന്നു. വയല്‍ഭൂമി കരഭൂമിയാക്കുന്നതിന് കൂടുതല്‍ ഫീസ് ഈടാക്കുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു.

നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്

Computer generated 3D illustration with a train

തിരുവനന്തപുരം:നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്.ആകാശ സര്‍വെ പൂര്‍ത്തിയായെന്നും സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു. വെറുമൊരു റെയില്‍ പാത എന്നതിലുപരി സമാന്തരപാതയും അഞ്ച് ടൗണ്‍ഷിപ്പുകളും അടങ്ങിയ ബൃഹത് പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാല്‍ മൂന്നു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിവേഗ റെയില്‍പദ്ധതി കേരളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്ക് വരുന്ന പദ്ധതിയാകുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു.നാല് മണിക്കൂര്‍ കൊണ്ട് 1457 രൂപകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താന്‍ സാധിക്കും. 2024-25 വര്‍ഷത്തോടെ 67775 യാത്രക്കാരും 2051 ല്‍ ഒരുലക്ഷത്തിലധികം പ്രതിദിനയാത്രക്കാരും ഉണ്ടാവുമെന്നാണ് കണക്ക് കൂട്ടല്‍ എന്നും ധനമന്ത്രി പറഞ്ഞു.പത്ത് പ്രധാനസ്റ്റേഷനുകള്‍ കൂടാതെ 28 ഫീഡര്‍ സ്റ്റേഷനുകളിലേക്കും ഹ്രസ്വദൂരയാത്രകള്‍ ഉണ്ടാവും. രാത്രികാലങ്ങളില്‍ ചരക്ക് കടത്തിനും വണ്ടികള്‍ കൊണ്ടുപോകുന്നതിനുള്ള റോറോ സര്‍വീസും ഈ റെയിലിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് ചാര്‍ജിന്റെ മൂന്നിലൊന്ന് ടിക്കറ്റിതര വരുമാനം കൂടി പദ്ധതി വഴി പ്രതീക്ഷിക്കുന്നുണ്ടെന്നും നിര്‍മാണവേളയില്‍ 50,000 പേര്‍ക്കും സ്ഥിരമായി 10,000 പേര്‍ക്കും തൊഴില്‍ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിശപ്പ് രഹിത കേരളം; 25 രൂപയ്‌ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണശാലകള്‍ ബജറ്റിൽ പ്രഖ്യാപിച്ച്‌ ധനമന്ത്രി

keralanews hunger free kerala project finance minister announces 1000 hotels which gives meals for 25rupees

തിരുവനന്തപുരം: 25 രൂപയ്‌ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണശാലകള്‍ കേരളത്തില്‍ ആരംഭിക്കുമെന്ന് സംസ്ഥാന ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ച്‌ ധനമന്ത്രി തോമസ് ഐസക്.വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.അഗതികളും അശരണരുമായ എല്ലാവര്‍ക്കും ഒരു നേരത്തെയെങ്കിലും ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് വിശപ്പു രഹിത കേരളം.ഭക്ഷ്യവകുപ്പ് പദ്ധതികള്‍ തയ്യാറാക്കി സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മുഖാന്തിരം ഇവ നടപ്പിലാക്കും. കിടപ്പുരോഗികള്‍ക്കും മറ്റും സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച്‌ നല്‍കും. 10 ശതമാനം ഊണുകള്‍ സൗജന്യമായി സ്പോണ്‍സര്‍മാരെ ഉപയോഗിച്ച്‌ നല്‍കണം. ഇതിനായി സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും തിരഞ്ഞെടുത്താല്‍ റേഷന്‍ വിലയ്ക്ക് സാധനങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നല്‍കും.അമ്പലപ്പുഴ- ചേര്‍ത്തല താലൂക്കുകളെ വിശപ്പ് രഹിത മേഖലകളായി ഏപ്രില്‍ മാസം മുതല്‍ പ്രഖ്യാപിക്കും.2020-21 വര്‍ഷം ഈ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി പ്രത്യേക ധനസഹായമായി 20 കോടി വകയിരുത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.200 കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍, അന്‍പത് ഹോട്ടലുകള്‍,20000 ഏക്കര്‍ ജൈവകൃഷി, ആയിരം കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ എന്നിവയും ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് നവംബര്‍ മുതല്‍ സിഎഫ്‌എല്‍, ഫിലമെന്റ് ബള്‍ബുകള്‍ക്ക് നിരോധനം

keralanews cfl and filament bulbs will ban in kerala from november

തിരുവനന്തപുരം: 2020 നവംബര്‍ മുതല്‍ സി.എഫ്.എല്‍,ഫിലമെന്റ് ബള്‍ബുകളുടെ വില്‍പന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.രണ്ടരക്കോടി എല്‍ഇഡി ബള്‍ബുകള്‍ കഴിഞ്ഞ രണ്ടവര്‍ഷം കൊണ്ട് സ്ഥാപിക്കപ്പെട്ടു. തെരുവ് വിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൂര്‍ണമായി എല്‍ഇഡിയിലേക്ക് മാറും.തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി വിതരണ പ്രശ്‌നം പരിഹരിക്കാന്‍ 11 കെവി ലൈനില്‍ നിന്ന് ട്രാന്‍സ്‌ഫോര്‍മറിലേക്ക് രണ്ടു ലൈനെങ്കിലും ഉറപ്പുവരുത്തി തടസ്സം ഒഴിവാക്കാന്‍ ദ്യുതി 20-20 പദ്ധതി നടപ്പാക്കും. വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇ സെയ്ഫ് പദ്ധതി ആരംഭിക്കും.ഊര്‍ജ മിതവ്യയത്തിന് വേണ്ടി സീറോ ഫിലമെന്റ് പദ്ധതികള്‍ക്ക് സഹായം നല്‍കും.ഊര്‍ജ മേഖലിലെ അടങ്കല്‍ 1765കോടി രൂപയാണെന്നും മന്ത്രി വ്യക്തമാക്കി.കൊച്ചി ഇടമണ്‍ ലൈന്‍ വഴി കേരളത്തിലേക്ക് എത്തിക്കാവുന്ന വൈദ്യുതി 200 മെഗാവാട്ടിന് തുല്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.2040 വരെയുളള വൈദ്യുതി ആവശ്യം പുറത്ത് നിന്ന് കൂടി വാങ്ങി പരിഹരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.ഊര്‍ജ മിഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതിന് ഇ സേഫ് പദ്ധതി നടപ്പിലാക്കും.2020-21 വര്‍ഷത്തില്‍ സൗരോര്‍ജ്ജം ഉപയോഗിച്ച്‌ 500 മെഗാവാട്ട് ശേഷിയുളള വൈദ്യുത പദ്ധതികള്‍ തുടങ്ങും. പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി ഊര്‍ജ്ജിതമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ബജറ്റ് അവതരണം തുടങ്ങി;ക്ഷേമപെൻഷനുകൾ 100 രൂപ വർധിപ്പിച്ചു

keralanews budget presentation begins welfare pensions increased by rs100

തിരുവനന്തപുരം:സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി.കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടാണ് ധനമന്ത്രി ടി.എം തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. ഇന്ത്യയെക്കുറിച്ചുള്ള കവിതാശകലങ്ങള്‍ ഉദ്ധരിച്ചാണ് അവതരണത്തിന് തുടക്കം കുറിച്ചത്. സിഎഎയും എന്‍ആര്‍സിയും രാജ്യത്തിന് ഭീഷണിയെന്നും ധനമന്ത്രി ബജറ്റവതരണത്തില്‍ പറഞ്ഞു.കേന്ദ്രത്തിേന്‍റത് വെറുപ്പിെന്‍റ രാഷ്ട്രീയമാണ്. പൗരത്വ നിയമത്തിനെതിരെ തെരുവില്‍ സമരത്തിനായി ഇറങ്ങിയ യുവാക്കളിലാണ് രാജ്യത്തിെന്‍റ ഭാവി. കീഴടങ്ങില്ല എന്ന് ക്യാംപസുകള്‍ മുഷ്ടി ചുരുട്ടി പറയുന്നു. പൗരത്വ റജിസ്റ്ററും പൗരത്വ നിയമവും സൃഷ്ടിക്കുന്ന ആശങ്ക വാക്കുകള്‍ക്കതീതമാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരേ സമരവേദിയില്‍ കേരളത്തിെന്‍റ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അണിനിരന്നു. കേരളത്തിെന്‍റ ഒരുമ മറ്റു സംസ്ഥാനങ്ങള്‍ വിസ്മയത്തോടെയാണ് നോക്കികണ്ടതെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം, ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.ഇതോടെ ക്ഷേമ പെന്‍ഷനുകള്‍ 1,300 രൂപയായി. എല്ലാ ക്ഷേമ പെന്‍ഷനുകളിലും 100 രൂപയുടെ വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. 13 ലക്ഷം വയോധികര്‍ക്കു കൂടി ക്ഷേമപെന്‍ഷന്‍ നല്‍കിയതായും ബജറ്റില്‍ തോമസ് ഐസക് പറഞ്ഞു.

കൊറോണ വൈറസ് ബാധയെ കുറിച്ച്‌ ആദ്യം മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ കൊറോണ ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി

keralanews chinese doctor who first warned about corona virus outbreak died of corona virus infection

ബെയ്ജിങ്: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയെക്കുറിച്ച്‌ ലോകത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടര്‍ മരിച്ചു.ഡോക്ടര്‍ ലീ വെന്‍ലിയാ(34)ങ്ങാണ് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു ലീ. ചൈനയിലെ വൂഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് ലീ ആയിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ചൈനയിലെ വൂഹാന്‍ പ്രവിശ്യയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഇക്കാര്യം, ചൈനീസ് മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റിലൂടെയാണ് ലീ പുറം ലോകത്തെ അറിയിച്ചത്. വീ ചാറ്റിലെ ഒരു ഗ്രൂപ്പില്‍ ലീ പങ്കുവെച്ച മെസേജാണ് ഈ രോഗത്തെ കുറിച്ച്‌ പുറം ലോകത്തിന് ആദ്യം മനസ്സിലാക്കി കൊടുത്തത്.അതേസമയം ചാറ്റ് ഗ്രൂപ്പില്‍ ലീ നല്‍കിയ ഈ മുന്നറിയിപ്പ് വ്യാജമാണെന്ന് അറിയിച്ച്‌ അധികൃതര്‍ ഇത് അവഗണിക്കുകയായിരുന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നിയമനടപടിയുണ്ടാകും എന്നുവരെ അധികൃതര്‍ ലീയെ അറിയിച്ചു. ആവര്‍ത്തിച്ചാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നു രേഖാമൂലം മുന്നറിയിപ്പും നല്‍കി. അഭ്യൂഹപ്രചാരണത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരേ വൈകാതെ പോലീസ്‌ അന്വേഷണവും ആരംഭിച്ചു. വൈറസ്‌ബാധിതരായി മരണത്തിനു കീഴടങ്ങിയവരുടെ എണ്ണം ചൈനയില്‍ അനുദിനം പെരുകിയതോടെയാണു ലീയുടെ ആശങ്ക അസ്‌ഥാനത്തായിരുന്നില്ലെന്ന്‌ അധികൃതര്‍ക്കു ബോധ്യമായത്‌. ഇതേത്തുടര്‍ന്നു വുഹാന്‍ ഭരണകൂടം അദ്ദേഹത്തോട്‌ മാപ്പുചോദിച്ചിരുന്നു. ഇതിനിടെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ലീ കഴിഞ്ഞമാസം 12 ന്‌ ആശുപത്രിയിലായി. കഴിഞ്ഞ ഒന്നിനു രോഗം സ്‌ഥിരീകരിച്ചതിനുപിന്നാലെ ഇക്കാര്യം വ്യക്‌തമാക്കി ആശുപത്രിക്കിടക്കയില്‍നിന്ന്‌ ലീ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്‌തിരുന്നു. തന്റെ വാക്കുകള്‍ക്ക്‌ വിലകൊടുത്തിരുന്നെങ്കില്‍ രോഗം ഇത്ര വ്യാപകമാകുകയില്ലെന്നായിരുന്നു അവസാന അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്‌.