ന്യൂഡൽഹി:ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ആം ആദ്മി പാർട്ടി മുന്നേറ്റം തുടരുകയാണ്.ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 62.59 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്.ഉച്ചയോടെ എല്ലാ മണ്ഡലങ്ങളിലെയും ചിത്രം ലഭിക്കും.വിവിപാറ്റ് റസീപ്‌റ്റും എണ്ണുന്നതിനാല്‍ അന്തിമ ഫലം വൈകാനിടയുണ്ട്. 2015ല്‍ 70ല്‍ 67 സീറ്റിന്റെ മഹാ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടി അധികാരം നിലനിറുത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന.1998 മുതല്‍ തുടര്‍ച്ചയായി 3 തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല.ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി സീറ്റ് ബി.ജെ.പി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോൾ 66-4 എന്നതായിരുന്നു കക്ഷിനില.വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ 52 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. 17 സീറ്റുകളില്‍ ബി.ജെ.പി ലും മുന്നിലാണ്.കോണ്‍ഗ്രസിന് ഒരു സീറ്റില്‍ മാത്രം ലീഡെന്നാണ് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്.
ജപ്പാനില്‍ പിടിച്ചിട്ട ആഡംബര കപ്പലിലെ 66 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു; കപ്പലില്‍ ഇന്ത്യന്‍ ജീവനക്കാരും
ടോക്കിയോ:ജപ്പാനിലെ യോകോഹോമ തീരത്ത് പിടിച്ചിട്ട ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസിലെ 66 യാത്രക്കാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതൊടെ കപ്പലില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം 136 ആയി. ഇന്നലെ 70 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 3711 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതേ കപ്പലില്‍ യാത്ര ചെയ്ത ഒരാള്‍ക്ക് ഹോങ്കോങ്ങില്‍ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കപ്പല്‍ യോകോഹാമ തീരത്ത് തടഞ്ഞിട്ടത്.അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കപ്പലിലെ മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും പരിശോധിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ജപ്പാന്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി.പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ യാത്രക്കാരെ പുറത്തുവിടു.അതിനിടെ കപ്പലില്‍ 160ഓളം ഇന്ത്യന്‍ ജീവനക്കാര്‍ ഉണ്ടെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ഇവരിലൊരാള്‍ സഹായം അഭ്യര്‍ഥിക്കുന്ന വീഡിയോ ഫേസ്‌ബുക്ക് വഴി പുറത്തെത്തിയിരുന്നു.യാത്രക്കാരിലും ഇന്ത്യക്കാരുണ്ടെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും വ്യക്തമാക്കി. ഇവരില്‍ ആര്‍ക്കും വൈറസ് ബാധയേറ്റിട്ടില്ലെന്നും കാര്യങ്ങള്‍ സസൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ജയ്‌ശങ്കര്‍ ട്വീറ്റ് ചെയ്‌തു.
ശബരിമല കേസ്; നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ടത് ശരിയായ തീരുമാനമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ടത് ശരിയായ തീരുമാനമെന്ന് സുപ്രീംകോടതി.ഇത് സംബന്ധിച്ച എതിര്‍പ്പുകളെല്ലാം ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ദെ തള്ളി.ഏഴ് പരിഗണനാ വിഷയങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക. വിഷയത്തില്‍ വിശാല ബെഞ്ച് 17 മുതൽ വാദം കേൾക്കും. മതധാര്‍മ്മികതയില്‍ ഭരണഘടനാ ധാര്‍മ്മികത ഉള്‍പ്പെടുമോ എന്നതടക്കമുള്ള ഏഴ് വിഷയങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക. രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് ശബരിമല പുനഃപ്പരിശോധനാ ഹര്‍ജി വിശാല ബെഞ്ചിന് വിട്ടത്. ഈ മാസം പതിനേഴ് മുതല്‍ വിശാല ബെഞ്ച് വാദം കേള്‍ക്കും.ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ട നടപടി നിയമപരമാണോയെന്ന കാര്യത്തിലാണ് ഇന്ന് സുപ്രീംകോടതി വിധിയുണ്ടായിരിക്കുന്നത്. ബുധനാഴ്ച മുതല്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ നേരത്തെ വ്യക്തമാക്കിയിരുന്നു.കോടതി പുറപ്പെടുവിച്ച ഒരു വിധി പുനഃപരിശോധിക്കുണ്ടെന്ന് തീരുമാനിക്കാതെ വിശാല ബഞ്ചിന് വിടാന്‍ ഹരജി പരിഗണിക്കുന്ന ബഞ്ചിന് അധികാരമുണ്ടോയെന്ന കാര്യത്തിലാണ് സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.
62.59 ശതമാനം; ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂ ഡല്‍ഹി:കഴിഞ്ഞ ദിവസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 62.59 ശതമാനം പോളിങ് രേഖപ്പെടുത്തി. ഒന്നിലധികം തവണ ബാലറ്റുകളുടെ സൂക്ഷ്മ പരിശോധന നടത്തിയത് കൊണ്ടാണ് പോളിങ് ശതമാനം പുറത്തുവിടാന്‍ കാലതാമസം വന്നതെന്നും ഡല്‍ഹി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.അന്തിമ പോളിങ് ശതമാനം പുറത്തിടാന്‍ വൈകുന്നതില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നു എന്ന ആരോപണവും ഇതിനൊപ്പം ഉയര്‍ന്നു. ഇതെല്ലാം നിഷേധിച്ചാണ് കമ്മിഷന്‍ അന്തിമ കണക്ക് പുറത്തുവിട്ടത്.ശനിയാഴ്ച രാത്രി പോളിങ് ശതമാനം 57 എന്നായിരുന്നു അറിയിച്ചിരുന്നത്. 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അന്തിമ ശതമാനം 62.5 ആണെന്ന് കമ്മീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കണക്കെടുപ്പ് പൂര്‍ത്തിയാകാത്തതു കൊണ്ടാണ് വൈകിയത് എന്നായിരുന്നു കമ്മീഷന്റെ വാദം.അന്തിമ കണക്ക് തയ്യാറായ ഉടനെ പുറത്തുവിടുകയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രണ്‍ബീര്‍ സിങ് അറിയിച്ചു. രാത്രിമഴുവന്‍ ഡാറ്റകള്‍ ശേഖരിക്കുകയായിരുന്നുവെന്നും റിട്ടേണിങ് ഓഫീസര്‍മാര്‍ തിരക്കായതിനലാണ് കണക്ക് വരാന്‍ വൈകിയതെന്നുമാണ് കമ്മിഷന്റെ വിശദീകരണം. ഒന്നിലധികം തവണ കണക്കുകള്‍ ഒത്തുനോക്കിയെന്നും കമ്മിഷന്‍ അവകാശപ്പെട്ടു.
മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നടന്‍ വിജയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
ചെന്നൈ:മൂന്ന് ദിവസത്തിനകം നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നടന്‍ വിജയ്ക്ക് ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചു.സ്വത്ത് വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിജയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.’ബിഗില്‍’ എന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടന്‍ വിജയിയെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് നടന്റെ സ്വത്ത് വിവരങ്ങള്‍ പരിശോധിച്ചു. പരിശോധന മുപ്പത് മണിക്കൂറോളം നീണ്ടു നിന്നു.എന്നാല്‍ നടന്‍ വിജയ്‌യുടെ വീട്ടില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അതിന് ശേഷം ആദായനികുതി വകുപ്പ് ഇറക്കിയ വാര്‍ത്താക്കുറിപ്പ്.അതേസമയം, ‘ബിഗില്‍’ എന്ന സിനിമയുടെ നിര്‍മാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്റെ ഉടമ അന്‍പുച്ചെഴിയന്റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടില്‍ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്നും ആദായനികുതി വകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 38 ഇടങ്ങളിലാണ് റെയ്ഡ് നടന്നതെന്നും ആദായനികുതി വകുപ്പിന്റെ വിശദീകരണം വന്നിരുന്നു.
ഓസ്‌കര്‍ 2020:വാക്കിന്‍ ഫീനിക്‌സ് മികച്ച നടന്‍;നടി റെനി സെല്‍വഗര്‍; സഹനടന്‍ ബ്രാഡ്പിറ്റ്
ലോസ് ഏഞ്ചൽസ്:92 ആമത് ഓസ്‌കര്‍ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഇത്തവണയും അവതാരകനില്ലാതെയാണ് ചടങ്ങ് നടക്കുന്നത്. കെവിന്‍ ഹാര്‍ട്ടായിരുന്നു കഴിഞ്ഞ തവണ അവതാരകനായി എത്തേണ്ടിയിരുന്നത്.എന്നാല്‍ സ്വവര്‍ഗരതിയെക്കുറിച്ച് മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വിവാദമായതോടെ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടതായി വരികയായിരുന്നു.മികച്ച നടനുള്ള അവാര്‍ഡ് നേടിയത് വാക്വീന്‍ ഫീനിക്സാണ്. ജോക്കറിലെ പ്രകടനത്തിലൂടെയാണ് അദ്ദേഹം ഓസ്‌കര്‍അവാര്‍ഡ് നേടിയത്.റെനി സെല്‍വഗറാണ് മികച്ച നടി. ജൂഡിലെ അഭിനയത്തിലൂടെയാണ് റെനിക്ക് പുരസ്കാരം ലഭിച്ചത്. പാരസൈറ്റിലൂടെ ബോങ് ജൂ ഹോയാണ് മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ബ്രാഡ്പിറ്റാണ് മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലെ അഭിനയത്തിലൂടെയാണ് ബ്രാഡ്പിറ്റിന് ഓസ്‌കര്‍ ലഭിച്ചത്. മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം ഹെയര്‍ ലവിനാണ്. മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള അവാര്‍ഡ് ബുന്‍ ജൂന്‍ ഹോയ്ക്കാണ് ലഭിച്ചത്. പാരസൈറ്റിലൂടെയാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കര്‍ സ്വന്തമാക്കുന്ന ആദ്യ കൊറിയന്‍ സിനിമ കൂടിയാണ് പാരസൈറ്റ്.ദ നെയ്‍ബേഴ്‍സ് വിന്‍ഡോയാണ് മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിമായി തിരഞ്ഞെടുത്തത്.മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നേടിയത് ലിറ്റില്‍ വിമനാണ്.മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ പുരസ്കാരം വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡിനാണ് ലഭിച്ചത്. മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം ഫോര്‍ഡ് V ഫെറാറിക്കാണ് ലഭിച്ചത്. ഒന്നാം ലോകമഹായുദ്ധം പശ്ചാത്തലമാക്കി നിര്‍മിച്ച 1917നാണ് മികച്ച ശബ്ദമിശ്രണത്തിനുള്ള അവാര്‍ഡ്. ഈ സിനിമയിലൂടെ റോജര്‍ ഡീകിന്‍സിന് മികച്ച ഛായാഗ്രഹണണത്തിനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1917 നാണ് മികച്ച വിഷ്വല്‍ എഫക്ടിനുള്ള പുര്സകാരം ലഭിച്ചത്. ഈ ചിത്രത്തിന് 10 നോമിനേഷന്‍ ലഭിച്ചിരുന്നു. മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയത് റോക്കറ്റ്മാനായിരുന്നു.
കൊറോണ വൈറസ് ബാധ;തൃശൂരിലെ വിദ്യാര്‍ഥിയുടെ പുതിയ പരിശോധന ഫലം നെഗറ്റീവ്
തൃശൂർ:കൊറോണ വൈറസ് ബാധയെ തുടർന്ന് ആശുപത്രിൽ പ്രവേശിപ്പിച്ചിരുന്ന തൃശ്ശൂരിലെ വിദ്യാർത്ഥിയുടെ പുതിയ പരിശോധനാഫലം നെഗറ്റിവ് ആണെന്ന് റിപ്പോട്ട്.തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഉള്ള പെണ്‍കുട്ടിയുടെ ഒടുവിലത്തെ പരിശോധന ഫലം നെഗറ്റീവാണെന്ന് മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.എന്നാല്‍ കൊറോണ വൈറസ് ബാധ തടയാന്‍ സംസ്ഥാനത്ത് ജാഗ്രത തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കുട്ടിയുടെ നാല് സാമ്പിളുകളുടെ ഫലം പുറത്ത് വന്നതില്‍ ഒടുവിലത്തെ പരിശോധനാ ഫലം നെഗറ്റീവാണ്. എന്നാല്‍ ഒരു സാമ്പിളിന്റെ ഫലം കൂടി നെഗറ്റീവ് ആയാല്‍ മാത്രമാകും രോഗം ഇല്ലെന്ന് സ്ഥിരീകരിക്കുക.നിലവില്‍ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനുളളില്‍ രോഗം നിയന്ത്രിക്കാനായത് വലിയ നേട്ടമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. 28 ദിവസത്തെ നിരീക്ഷണകാലം കൂടി പൂര്‍ത്തിയായാലേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാവു എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
കണ്ണൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഗായകന്‍ റോഷന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ഡ്രൈവര്‍ക്കെതിരേ കേസ്
കണ്ണൂർ:കഴിഞ്ഞ ദിവസം കണ്ണൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഗായകന്‍ റോഷന്റെ നില അതീവ ഗുരുതരമായി തുടരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോഷനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളത്ത് സ്‌റ്റേജ് പ്രോഗ്രാമിനായി പോകുന്നവഴി ശനിയാഴ്ച്ച പുലർച്ചെ കണ്ണൂര്‍ എകെജി ഹോസ്പിറ്റല്‍ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു റോഷനും സഹോദരന്‍ അശ്വിനും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽപ്പെട്ടത്. അമിത വേഗത്തില്‍ എത്തിയ ലോറി നിയന്ത്രണംവിട്ട് ഡിവൈഡറിനു മുകളിലൂടെ ഇവരുടെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഷന്റെ കാര്‍ മലക്കം മറിഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയവരാണ് തകര്‍ന്ന കാറില്‍ നിന്ന് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. അപകടത്തില്‍ പരുക്കേറ്റ ലോറി ഡ്രൈവര്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. സഹോദരന്‍ അശ്വിന്‍ അപകടനില തരണം ചെയ്തു. ഏഷ്യാനെറ്റ് സ്റ്റ്റ്റാര്‍ സിങ്ങറിലൂടെയാണ് റോഷന്‍ ശ്രദ്ധേയനാകുന്നത്. ചെട്ടിപ്പീടിക സുശീലയില്‍ എൻ.സി ശശീന്ദ്രന്റേയും ഇന്ദിരയുടേയും മകനാണ്.
എടിഎം വഴി പാല്‍;മില്‍മയുടെ പുതിയ പദ്ധതി അടുത്തമാസം മുതല്‍
തിരുവനന്തപുരം: ഇനിമുതല്‍ സംസ്ഥാനത്ത് എടിഎം വഴിയും പാല്‍ ലഭിക്കും. സംസ്ഥാന സര്‍ക്കാരും ഗ്രീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് ഒരുക്കുന്ന പദ്ധതി ആദ്യഘട്ടത്തില്‍ തലസ്ഥാനത്ത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.ശേഷം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. മില്‍മ പാല്‍ വിതരണത്തിനായി തിരുവനന്തപുരം മേഖലയില്‍ എടിഎം സെന്ററുകള്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ തുടങ്ങാനാണ് തീരുമാനം. ക്ഷീര വിപണന മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.തിരുവനന്തപുരം നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പാല്‍ വിതരണ എടിഎം സെന്ററുകള്‍ സ്ഥാപിക്കും. ഓരോ ദിവസവും സെന്ററുകളില്‍ പാല്‍ നിറയ്ക്കുന്ന തരത്തിലായിരിക്കും ക്രമികരണം. നിലവിലെ പദ്ധതിയിലൂടെ പാക്കിങ്ങ് ചാര്‍ജില്‍ അടക്കം വരുന്ന അധിക ചാര്‍ജ് ഇല്ലാതാകുമെന്നും എന്നാണ് മില്‍മ അവകാശപ്പെടുന്നത്. പദ്ധതി വിജയകരമാകുമെന്നാണ് മില്‍മയുടെ പ്രതീക്ഷ.
കൊറോണ വൈറസ് ;ചൈനയില്‍ മരിച്ചവരുടെ എണ്ണം 717 ആയി
ബെയ്‌ജിങ്:ചൈനയിൽ ഭീതി വിതച്ച് കൊറോണ വൈറസ് പടർന്നുപിടിക്കുന്നു.കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 717 ആയി. 3143 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കവിഞ്ഞു. അതേസമയം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് പുതിയ കേസുകള്‍ കുറഞ്ഞതായും രോഗം നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചനയാണിതെന്നും അധികൃതര്‍ അറിയിച്ചു.നിലവില്‍ ചൈനയെ കൂടാതെ 27 രാജ്യങ്ങളിലായി 320 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.കൊറോണയെ നേരിടാന്‍ ജനകീയയുദ്ധത്തിന് ബെയ്ജിംഗ് നിര്‍ദേശം നല്‍കി. ഒരു പ്രത്യേക കാര്യത്തിനായി ജനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ദീര്‍ഘകാല പോരാട്ടത്തെയാണ് ജനകീയ യുദ്ധം എന്നു വിശേഷിപ്പിക്കുന്നത്.അമേരിക്കയില്‍ 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.ജപ്പാനില്‍ പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ നടത്തിയ പരിശോധനയില്‍ 61 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.അതേസമയം കേരളത്തില്‍ മൂന്നു പേര്‍ക്ക് നോവല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സമയത്ത് ഏര്‍പ്പെടുത്തിയിരുന്ന സംസ്ഥാന ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചു.വുഹാനില്‍നിന്ന് കേരളത്തിലെത്തിയ 72 പേരില്‍ 67 പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. മാത്രമല്ല രോഗം സ്ഥിരീകരിച്ച മൂന്നു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഈ സാഹചര്യത്തിലാണ് ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചത്.