ഡൽഹിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

keralanews five from a family found dead inside the house in delhi

ന്യൂഡൽഹി:ഡൽഹിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഭജന്‍പുരയിലെ ഒരു വീട്ടിനുള്ളിലാണ് ബുധനാഴ്ച രാവിലെയാണ് അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.മൃതദേഹങ്ങള്‍ക്ക് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ ശംഭു (43), ഭാര്യ സുനിത (38), 16 ഉം 14 ഉം 12 ഉം വയസുള്ള മൂന്ന് മക്കള്‍ എന്നിവരാണ് മരിച്ചതെന്ന് പോലിസ് പറഞ്ഞു.രാവിലെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സമീപവാസികളാണ് പോലിസില്‍ വിവരം അറിയിച്ചത്.തുടർന്ന് 11.30 ഓടെ സ്ഥലത്തെത്തിയ പോലിസ് വാതില്‍ പൊളിച്ച്‌ അകത്തുകയറിയപ്പോഴാണ് അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടത്. ആറുമാസം മുൻപാണ് ഇവര്‍ ഭജന്‍പുര ജില്ലയില്‍ താമസം തുടങ്ങിയത്.സാമ്പത്തിക പ്രശ്‌നങ്ങള്‍മൂലം ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍നിന്ന് വ്യക്തമായത്. കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലിസ് കൂട്ടിച്ചേര്‍ത്തു.

ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് പുതുക്കാം;ഇളവ് മാർച്ച് 31 വരെ

keralanews license renewed without a driving test the concession is only until march 31

തിരുവനന്തപുരം:ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് പുതുക്കാനുള്ള സുവർണ്ണാവസരം നൽകി സർക്കാർ.സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് മാര്‍ച്ച്‌ 31വരെയാണ് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചത്. കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷം പിന്നിടുന്നതിന് മുന്‍പേ പുതുക്കല്‍ അപേക്ഷ നല്‍കുന്നവര്‍ക്കാണ് റോഡ് ടെസ്റ്റ് ഒഴിവാകുക.ലൈസന്‍സ് കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷത്തിനുള്ളിലാണെങ്കില്‍ അപേക്ഷാഫീസും പിഴയും അടച്ചാല്‍ ലൈസന്‍സ് പുതുക്കി നല്‍കും. ഇതു സംബന്ധിച്ച്‌ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ ഗതാഗത സെക്രട്ടറി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് നിര്‍ദേശംനല്‍കി. കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം 2019 ഒക്ടോബര്‍ മുതല്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരുന്നു. പുതുക്കിയ നിയമം അനുസരിച്ച്‌ ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരുവര്‍ഷത്തിനുള്ളില്‍ അപേക്ഷ നല്‍കിയാല്‍ മാത്രമേ പിഴ അടച്ച്‌ കാലാവധി പുതുക്കാന്‍ സാധിക്കുകയുള്ളു.എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞാല്‍ റോഡ് ടെസ്റ്റ് നടത്തണം.അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ലേണേഴ്‌സ്, റോഡ് ടെസ്റ്റ് വീണ്ടും പാസാകണം തുടങ്ങിയവയായിരുന്നു വ്യവസ്ഥകള്‍.പ്രവാസികള്‍ ഏറെയുള്ള സംസ്ഥാനത്ത് നിര്‍ദേശം പെട്ടെന്ന് നടപ്പാക്കുക ബുദ്ധിമുട്ടാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരിക്ക് കത്തെഴുതിയിരുന്നു.ഇതേ തുടര്‍ന്നാണ് മാര്‍ച്ചുവരെ ഇളവ് നല്‍കിയത്.കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കുന്നതിലെ കര്‍ശന നിബന്ധനകള്‍ ആദ്യമേ സംസ്ഥാന ഗതാഗതവകുപ്പ് ഒഴിവാക്കിയിരുന്നു. ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുളളില്‍ പുതുക്കിയാല്‍ ആയിരം രൂപ പിഴയടക്കണമെന്ന പുതിയ വ്യവസ്ഥയാണ് നേരത്തെ തന്നെ സംസ്ഥാന ഗതാഗത വകുപ്പ് ഒഴിവാക്കിയത്. കൂടാതെ അഞ്ചുവര്‍ഷം കഴിയാത്ത ലൈസന്‍സുകള്‍ പുതുക്കാന്‍ ടെസ്റ്റിനൊപ്പം എച്ചോ, എട്ടോ എടുക്കേണ്ടതില്ലെന്നും ഉത്തരവിറക്കിയിരുന്നു.ഒരു വര്‍ഷം കഴിഞ്ഞാല്‍ പിഴയ്ക്ക് പുറമെ ലേണേഴ്‌സ് ലൈസന്‍സ് എടുത്ത് പ്രായോഗിക ക്ഷമത പരീക്ഷയും പാസാകണം. ഇതില്‍ എച്ച്‌ അല്ലെങ്കില്‍ എട്ട് എടുത്ത് കാണിക്കണമെന്നായിരുന്നു കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ പറഞ്ഞിരുന്നത്. ഇതൊഴിവാക്കി പകരം വാഹനം ഓടിച്ച്‌ കാണിച്ചാല്‍ മതിയെന്നാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയത്. ഈ വാഹനം ഓടിക്കുന്നതിലാണ് ഇപ്പോള്‍ മാര്‍ച്ച്‌ വരെ ഇളവ് നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് കുപ്പി വെള്ളത്തിന്റെ വില കുറച്ചു

keralanews the price of bottled water reduced in the state

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ചു. ഒരു ലിറ്ററിന് 13 രൂപ ആക്കിയാണ് കുറച്ചത്. വില കുറച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പ് വച്ചു.വിജ്‍ഞാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവില്‍ വരുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.ഇപ്പോള്‍ നികുതി ഉള്‍പ്പെടെ 8 രൂപയ്ക്കാണു ഒരു ലീറ്റര്‍ കുപ്പിവെള്ളം ചില്ലറ വില്‍പനക്കാര്‍ക്കു ലഭിക്കുന്നത്. വില്‍ക്കുന്നതാകട്ടെ 20 രൂപയ്ക്കും.വില നിര്‍ണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് നിര്‍ദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വില്‍ക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരും. ഈ വ്യവസ്ഥകള്‍ അനുസരിച്ചു സംസ്ഥാനത്ത് 220 പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യ സാധനങ്ങളുടെ വിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തിയാണ് ഇപ്പോള്‍ വില കുറച്ചത്.

അരവിന്ദ് കെജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി ഞായറാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും

keralanews aravind kejriwal will take oath as delhi chief minister on sunday

ന്യൂഡൽഹി:ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാള്‍ ഞായറാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും.രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗം അരവിന്ദ് കെജരിവാളിനെ നേതാവായി തെരഞ്ഞെടുക്കും.ഇത് മൂന്നാം തവണയാണ് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. ആകെയുള്ള എഴുപതില്‍ 62 സീറ്റും നേടിയാണ് കെജരിവാള്‍ ഭരണം നിലനിര്‍ത്തിയത്. അതേസമയം ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആരൊക്കെയായിരിക്കും മന്ത്രിമാര്‍ എന്നതില്‍ കൂടിയാലോചന തുടരുകയാണ്.ഇത്തവണ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് മന്ത്രിസഭയില്‍ ഇടം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തില്‍നിന്നു തിളങ്ങുന്ന ജയം നേടിയ അമാനത്തുല്ല ഖാന്‍, കല്‍ക്കാജിയില്‍നിന്നു ജയിച്ച അതിഷി, രാജേന്ദ്ര നഗറില്‍നിന്നു സഭയില്‍ എത്തിയ രാഘവ് ഛദ്ദ തുടങ്ങിയവര്‍ മന്ത്രിമാരായേക്കുമെന്നാണ് സൂചന. മനീഷ് സിസോദിയ തന്നെയായിരിക്കും സര്‍ക്കാരില്‍ രണ്ടാമന്‍. എന്നാല്‍ സിസോദിയയുടെ വകുപ്പു മാറാന്‍ ഇടയുണ്ട്.

പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി

keralanews the price of cooking gas has increased

ന്യൂഡൽഹി:പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി.ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ജനങ്ങള്‍ക്ക് കനത്ത പ്രഹരം നല്‍കി പൊതുമേഖല എണ്ണ കമ്പനികളുടെ നടപടി.14.2 കിലോയുള്ള സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലണ്ടറിന് 144.5 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധിപ്പിച്ചതോടെ ഗാര്‍ഹികാവശ്യത്തിനുള്ള 14 കിലോഗ്രാം സിലിണ്ടറിന് വില 850 രൂപ നല്‍കേണ്ടി വരും.ജനുവരി ഒന്നിന് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ വര്‍ധന. ഓരോ മാസവും വില ഉയര്‍ന്ന അളവില്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഡല്‍ഹി തിരഞ്ഞെടുപ്പ ഫലം വന്നതിന് തൊട്ടടുത്ത ദിവസമാണ് പുതിയ വില വര്‍ധന എന്നതും ശ്രദ്ധേയമാണ്.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. 1407 രൂപയാണ് ഇപ്പോള്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന് നല്‍കേണ്ടത്. സാധാരണ എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണ കമ്പനികൾ പാചക വാതക വില പുതുക്കുന്നത്.എന്നാല്‍ ഈ മാസം വില പുതുക്കിയിരുന്നില്ല.വില കൂടിയെങ്കിലും സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടിയ വില ബാങ്ക് അക്കൗണ്ടുകളില്‍ തിരികെ എത്തുമെന്നും കമ്പനികൾ അറിയിച്ചു.സബ്സിഡിയില്ലാത്ത സിലിണ്ടറിന് ഇനി മുതല്‍ അധികം തുക നല്‍കേണ്ടിവരും.കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 287 രൂപ 50 പൈസയാണ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറുകളില്‍ കേന്ദ്രം വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറില്‍ നവംബറിലാണ് അവസാനമായി വില വര്‍ധവുണ്ടായത്. 76 രൂപ 50 പൈസയായിരുന്നു അന്ന് വര്‍ധിപ്പിച്ചിരുന്നത്.

നടി ആക്രമിക്കപ്പെട്ട കേസ്;സാക്ഷി വിസ്താരം ഇന്നും തുടരും

keralanews hearing in actress attack case continues today

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി വിസ്താരം ഇന്നും തുടരും.മുഖ്യപ്രതി പൾസർ സുനിയും സംഘവും താമസിച്ച തമ്മനത്തെ ഫ്ലാറ്റുമായി ബന്ധപ്പെട്ടവര്‍, സംഭവ ദിവസം രാത്രിയില്‍ പ്രതികളെ ഒരുമിച്ച് കണ്ടവര്‍ എന്നിവരെയാണ് ഇന്ന് വിസതരിക്കുന്നത്.ചലച്ചിത്ര താരങ്ങളായ ലാല്‍, രമ്യാ നമ്പീശൻ തുടങ്ങി പത്ത് പേരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. നിര്‍മാതാവ് ആന്‍റോ ജോസഫ്, പി.ടി തോമസ് എം.എല്‍.എ എന്നിവരെ കഴിഞ്ഞയാഴ്ച വിസ്തരിക്കാന്‍ നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല.ഇവരെ വിസതരിക്കേണ്ട പുതിയ തീയതി ഇന്ന് നിശ്ചയിക്കും. ഏപ്രില്‍ ഏഴ് വരെ 136 സാക്ഷികളെ വിസ്താരിക്കാനാണ് വിചാരണ കോടതിയുടെ തീരുമാനം.

25.57 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

keralanews kasarkode native arrested in mangalore airport with gold worth 25lakhs

മംഗളൂരു:25.57 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍.തെക്കില്‍ സ്വദേശി സൈഫുദ്ദീന്‍ (23) ആണ് പിടിയിലായത്. 633.83 ഗ്രാം (79.23 പവന്‍) സ്വർണ്ണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ദുബായിൽ നിന്നും മംഗളൂരുവിലെത്തിയതായിരുന്നു സൈഫുദ്ദീന്‍.പേസ്റ്റ് രൂപത്തിലാക്കി ഉറകളില്‍ പൊതിഞ്ഞ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്ന സ്വർണ്ണമാണ് പിടികൂടിയത്.

കൊറോണ വൈറസ്;തൃശ്ശൂരില്‍ നിരീക്ഷണത്തിലായിരുന്ന മൂന്നുപേര്‍ നിരീക്ഷണക്കാലയളവ് തീരും മുന്‍പേ ചൈനയിലേയ്ക്ക് കടന്നു

keralanews three persons under observation in thrissur went to china before the end of the observation period

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയ്ക്കിടെ ചൈനയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ മൂന്നുപേര്‍ നിരീക്ഷണ കാലാവധി തീരും മുന്‍പേ ചൈനയിലേയ്ക്ക് കടന്നു. ആരോഗ്യവകുപ്പിനെ അറിയിക്കാതെയാണ് മൂന്നു പേര്‍ ചൈനയിലേയ്ക്ക് കടന്നത്. ചൈനയില്‍ ബിസിനസ് നടത്തുന്ന തൃശ്ശൂരിലെ അടാട്ടുനിന്നുള്ള ദമ്പതിമാരും കൂര്‍ക്കഞ്ചേരിയില്‍ നിന്നുള്ളയാളുമാണ് ചൈനയിലേയ്ക്ക് തിങ്കളാഴ്ച പോയത്.ദമ്പതിമാർ ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളം വഴിയും മറ്റേയാള്‍ സിങ്കപ്പൂര്‍വഴിയുമാണ് കടന്നതെന്നാണ് വിവരം.വീടുകളില്‍ നിരീക്ഷണത്തിൽ കഴിയുന്നവരെ ആരോഗ്യവകുപ്പ് അധികൃതര്‍ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഫോണില്‍ വിളിക്കുന്നുണ്ട്. ഞായറാഴ്ച വൈകീട്ടുവരെ ഇവര്‍ മൂന്നുപേരും അധികൃതരോടു സംസാരിക്കുകയും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നറിയിക്കുകയും ചെയ്തിരുന്നു.തിങ്കളാഴ്ച രാവിലെ വിളിച്ചപ്പോള്‍ മൊബൈല്‍ നമ്പറുകൾ സ്വിച്ച്‌ഓഫ് ആയിരുന്നു. തുടർന്ന്  ബന്ധുക്കളോട് അന്വേഷിച്ചപ്പോഴാണ് ഇവർ ചൈനയിലേയ്ക്ക് പോയ വിവരം അറിഞ്ഞത്. ആരോഗ്യവകുപ്പ് അധികൃതര്‍ സര്‍ക്കാരിലേക്ക് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരുടെ കാര്യത്തിൽ എന്തുനടപടി വേണമെന്ന കാര്യത്തില്‍ എമിഗ്രേഷന്‍ വിഭാഗവുമായി ആലോചിച്ചശേഷം തീരുമാനമെടുക്കും.തൃശ്ശൂര്‍ ജില്ലയില്‍ വീടുകളില്‍ 233 പേരും ആശുപത്രികളില്‍ എട്ടുപേരുമാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്.

ഡൽഹിയിൽ സർക്കാർ രൂപീകരണത്തിന് ചർച്ചകൾ തുടങ്ങി;ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ

keralanews aam aadmi party begun talks to form govt in delhi

ന്യൂഡൽഹി:മിന്നും വിജയം നേടി അധികാര തുടര്‍ച്ചയിലെത്തിയആം ആദ്മി പാർട്ടി ഡൽഹിയിൽ സർക്കാർ രൂപീകരണത്തിനായുള്ള ചർച്ചകൾ തുടങ്ങി. പാര്‍ട്ടിയുടെ നിയമസഭാ കക്ഷി യോഗം ഇന്ന് രാവിലെ 11.30 ന് ഡല്‍ഹിയില്‍ ചേരും.70 സീറ്റില്‍ 62ഉം നേടിയാണ് പാര്‍ട്ടി ഡല്‍ഹിയില്‍ വീണ്ടും അധികാരത്തിലെത്തുന്നത്.അരവിന്ദ് കേജ്‌രിവാളിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. അതിന് ശേഷം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്നാണ് വിവരം.രാംലീല മൈതാനത്ത് വച്ച്‌ ഈ മാസം 14നോ 16നോ സത്യപ്രതിജ്ഞ നടത്താനാണ് നീക്കം.ഇത്തവണത്തെ ശ്രദ്ധേയരായ സ്ഥാനാര്‍ഥികളായിരുന്ന അതിഷി മര്‍ലേന, രാഘവ് ചന്ദ തുടങ്ങിയവര്‍ക്ക് മന്ത്രി പദം നല്‍കിയേക്കും.ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂ ളുകളുടെ മുഖം മാറ്റാന്‍ സുപ്രധാന പങ്കുവഹിച്ച അതിഷിക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയേക്കും. നിലവില്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മനീഷ് സിസോദിയക്ക് മറ്റ് സുപ്രധാന വകുപ്പ് നല്‍കാനാണ് സാധ്യത.പാര്‍ട്ടി വക്താക്കളും ജയിച്ചതിനാല്‍ പാര്‍ട്ടിയില്‍ പുനഃസംഘടനയും ഉണ്ടായേക്കും.ഹാട്രിക് വിജയവുമായി അരവിന്ദ് കെജ്‍രിവാൾ വീണ്ടും എത്തുമ്പോള്‍ പ്രതീക്ഷയിലാണ് ഡല്‍ഹി ജനത.

സംസ്ഥാനത്ത് ചൂട് കൂടുന്നു;തൊഴിലാളികളുടെ സമയക്രമം പുനഃക്രമീകരിച്ച് തൊഴിൽവകുപ്പ്

keralanews heat increasing in the state rearranged the working time of labourers

തിരുവനന്തപുരം:സംസ്ഥാനത്ത് പകല്‍ ചൂട് ഉയരുന്നതിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. ഇന്നു മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേളയായിരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.ഇവരുടെ ജോലി സമയം രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയ്ക്ക് എട്ടു മണിക്കൂറായി ക്രമീകരിച്ചു.സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാല്‍ ആണ് തൊഴില്‍ സമയം പുനഃക്രമീകരിച്ചത്.സമുദ്രനിരപ്പില്‍നിന്ന് 3000 അടിയിലേറെ ഉയരമുള്ള, സൂര്യാഘാതത്തിനു സാധ്യതയില്ലാത്ത, മേഖലകളെ നിയന്ത്രണത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് തീയതികളില്‍ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കില്‍ റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍, ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് എന്നിവര്‍ ലേബര്‍ കമ്മീഷണര്‍ക്കു റിപോര്‍ട്ട് ചെയ്യണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. 1958-ലെ കേരള മിനിമം വേജസ് ചട്ട പ്രകാരമാണു തൊഴില്‍ സമയം പുനഃക്രമീകരിച്ചിട്ടുള്ളത്.